ലോക കേരളസഭയിൽ കുവൈത്ത് ദുരന്തം പ്രധാന ചർച്ചയാകുമോ? ആകണം

നാളെയും മറ്റന്നാളുമായി നടക്കുന്ന ലോക കേരളാ സെഷനുകളിൽ, കുവൈത്തിലുണ്ടായ ദുരന്തം പ്രധാന ചർച്ചാ വിഷയമാകുമോ? ആകണം. ഫോട്ടോ എടുത്തും ചായ കുടിച്ചും പിരിയുന്ന ഒരു സംവിധാനമാകാതിരിക്കട്ടെ ലോക കേരളസഭ.

കുവൈറ്റിലുണ്ടായ അപകടം മാനിച്ച് ഇന്ന് നടക്കേണ്ടിയിരുന്ന ലോക കേരള സഭയുടെ സെഷനും ആഘോഷങ്ങളും മാറ്റിവച്ചു - നല്ലത്. പക്ഷെ, നാളെയും മറ്റന്നാളുമായി നടക്കുന്ന സെഷനുകളിൽ ഇതൊരു പ്രധാന ചർച്ചാ വിഷയം ആകുമോ? ആകണം.

1977- ൽ എൻ.ബി.ടി.സി കമ്പനി ആരംഭിക്കുന്നത് ഗൾഫിലെ ഏതൊരു കമ്പനിയെയും പോലെ വളരെ ചെറിയ സംരംഭമായാണ്. ഇന്ന് ശതകോടികളുടെ ആസ്തിയുണ്ട്, പല കുടുംബങ്ങളും അതുമൂലം സാമ്പത്തികമായി രക്ഷപ്പെട്ടിട്ടുമുണ്ട്. മലയാളിയായ ചെയർമാൻ കെ.ജി. അബ്രഹാം ഒരു മാന്യദേഹമാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ആടുജീവിതത്തിന്റെ നിർമാതാവ് അദ്ദേഹമായിരുന്നു. പക്ഷെ, ഇപ്പോൾ പല വീടുകളിലെയും അത്താണിയാണ് ഇല്ലാതെയായിരിക്കുന്നത്.

ഉചിതമായ നഷ്ടപരിഹാരം കിട്ടണം. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ബിൽഡിംഗ് ഉടമയുടെ തെറ്റാണെന്നാണ് കാണുന്നത്. അത് കമ്പനിയും വീട്ടുടമയും തമ്മിലുള്ള കാര്യം. തൊഴിലാളികൾ ആവശ്യപ്പെട്ടിട്ടല്ലല്ലോ അവിടെ താമസിക്കുന്നത്. സ്വന്തം തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് കമ്പനിയാണ്. കെട്ടിടമുടമ വീഴ്ച വരുത്തിയാൽ അതറിയാൻ കമ്പനിക്ക് സംവിധാനം വേണം.

photo: nbtc, facebook group
photo: nbtc, facebook group

സുരക്ഷിതമായ അക്കോമഡിഷനിലേക്ക് മാറ്റാനും സംവിധാനമുണ്ടാകണം. തൊഴിലാളികളുടെ സുരക്ഷിതത്തിന്റെ ഉത്തരവാദിത്യം പൂർണമായും കമ്പനിക്കുമാത്രമാണ്.

ലോക കേരള സഭ പ്രവാസികളുടെ പ്രശ്നങ്ങളവതരിപ്പിക്കാനും, തിരികെ വരുന്നവരുടെ പുരധിവാസത്തിനും നിക്ഷേപങ്ങൾക്കുമുള്ള സാധ്യതകൾ ചർച്ച ചെയ്യാനുമുള്ള പ്ലാറ്റ്ഫോമാണ് എന്നാണ് മനസിലാക്കുന്നത്. സഭയ്‌ക്കോ, അംഗങ്ങൾക്കോ പ്രത്യേക അധികാരമൊന്നുമില്ല. എങ്കിലും പല വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും ശുപാർശകൾ നൽകാനും സഭയ്ക്ക് കഴിയും.

ഗൾഫിലെ നിർമാണത്തൊഴിലാളികളുടെ ജീവിത സാഹചര്യം പരിതാപകരമാണ്. വ്യക്തിപരമായ അഭിപ്രായത്തിൽ ഇന്ത്യൻ കമ്പനി ഉടമകളും മാനേജ്‌മെന്റുമാണ് തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്നതിൽ മുൻപന്തിയിൽ. കുവൈറ്റിലുണ്ടായ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇൻഷൂറൻസ് പരിരക്ഷയുൾപ്പെടെ കേരളത്തിൽ നിന്നു പോകുന്ന തൊഴിലാളികളുടെയും കുടുംബത്തിന്റെയും ഭാവി ഉറപ്പാക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ നിയമനിർമാണം നടത്താൻ (സാധ്യമെങ്കിൽ) ലേക കേരളസഭ സർക്കാരിന് ശുപാശ ചെയ്യണം. ഞാൻ മുൻപ് ജോലി ചെയ്തിരുന്ന ഒരു കമ്പനിയിൽ എല്ലാ സ്റ്റാഫിനും ഒരു കോടി രൂപയുടെ ഗ്രൂപ്പ് ഇൻഷൂറനസുണ്ടായിരുന്നു. വളരെ ചെറിയ പ്രീമിയം മാത്രമേ വരൂ എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്

ബഹ്റൈൻ കേരളീയ സമാജം ഗ്രൂപ്പ് ഇൻഷൂറൻസ് വഴി എല്ലാ അംഗങ്ങൾക്കും 5000 ദിനാർ ( ഏതാണ്ട് പന്ത്രണ്ട് ലക്ഷം രൂപ) പരിരക്ഷ ഉറപ്പാക്കിയുട്ടുണ്ട്. അത് പല കുടുംബങ്ങൾക്കും പ്രയോജനപ്പെട്ടതായി മനസിലാക്കിയിട്ടുമുണ്ട്. അത് കമ്പനികൾക്കും ചെയ്യാവുന്നതേയുള്ളു എന്നതുകൊണ്ട് പറഞ്ഞതാണ്. അത് നിയമം മൂലം ഉറപ്പാക്കണം.

മറ്റൊരു രാജ്യത്ത് നടക്കുന്ന ഇത്തരം അപകടങ്ങളിൽ സർക്കാരുകൾക്ക് ഇടപെടാൻ പരിമിതിയുണ്ട്. പക്ഷെ, കേരളത്തിൽ നിന്നു പോകുന്ന ഓരോരുത്തർക്കും ഇൻഷൂറൻസ് പരിരക്ഷ ഒരു പ്രീ-കണ്ടീഷനായി നിയമം നിർമിക്കുവാൻ കഴിയും.
ഇത് ഒരു കാര്യം മാത്രം.

തൊഴിലാളികളുടെ പാസ്​പോർട്ട് പിടിച്ചുവയ്ക്കുന്ന കമ്പനികളുണ്ട്, ബഹ്റൈനിൽ അത് നിയമവിരുദ്ധമാണ്. എങ്കിലും അങ്ങനെ ചെയ്‌യുന്നതിൽ പലതും മലയാളി മാനേജിമെന്റുകളുള്ള കമ്പനികളാണ്. ഇത്തരം വിവരങ്ങൾ ശേഖരിക്കാനും, വിവരങ്ങൾ കേരള സർക്കാരിനു കൈമാറാനും ലോക കേരള സഭക്ക് സംവിധാനമുണ്ടാക്കണം. ഫോട്ടോ എടുത്തും ചായ കുടിച്ചും പിരിയുന്ന ഒരു സംവിധാനം ആകാതിരിക്കട്ടെ ലോക കേരള സഭ.

Comments