അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുവാനായി ഡോണൾഡ് ട്രംപ് ഭരണകൂടം നടത്തുന്ന കർശന നടപടികൾക്കെതിരെ അമേരിക്കയിൽ കടുത്ത പ്രതിഷേധം തുടരുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്നതിനായി ലോസ് ഏഞ്ചൽസിൽ തുടങ്ങിയ റെയ്ഡാണ് കടുത്ത പ്രതിഷേധത്തിന് കാരണമായത്. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള മേഖലയാണ് ലോസ് ഏഞ്ചൽസ്. അതിനാൽ തന്നെ ട്രംപ് സൈന്യത്തെ വിന്യസിച്ചിട്ടും കടുത്ത ചെറുത്തുനിൽപ്പാണ് മൂന്ന് ദിവസമായിട്ടും പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ഡെമോക്രാറ്റുകളായ കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസ്കം, മേയർ കരേൻ ബാസ് എന്നിവർ റെയ്ഡിനെതിരെ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. ഇത് കൂസാക്കാതെയാണ് ട്രംപ് ഇപ്പോൾ സൈനികനടപടികളുമായി മുന്നോട്ട് പോവുന്നത്.
വൻതോതിലുളള സേനയെയാണ് പ്രതിഷേധക്കാരെ നേരിടുന്നതിന് വേണ്ടി ട്രംപ് ലോസ് ഏഞ്ചൽസിലേക്ക് അയച്ചത്. 4000 ദേശീയസുരക്ഷാ സൈനികർ, 700 നാവികസേനാംഗങ്ങൾ എന്നിവരെയാണ് സ്വന്തം ജനതയെ നേരിടുന്നതിന് വേണ്ടി അമേരിക്കൻ നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. സാധാരണഗതിയിൽ അമേരിക്കയിൽ അധികം കേട്ടുകേൾവിയില്ലാത്ത നടപടിയാണിത്. സംഘർഷം നിയന്ത്രിക്കുന്നതിനായി 800 സ്റ്റേറ്റ് പോലീസ് ഉദ്യോഗസ്ഥരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്ന് കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസ്കം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് ലോസ് ഏഞ്ചൽസിൽ കടുത്ത പ്രതിഷേധങ്ങൾ നടന്നത്. മൂന്നാം ദിവസം പ്രതിഷേധങ്ങൾക്ക് അയവുണ്ടായിട്ടുണ്ട്.

ജനങ്ങളുടെ പ്രതിഷേധവും ഒപ്പം സ്റ്റേറ്റ് ഭരിക്കുന്നവരുടെ ചെറുത്തുനിൽപ്പും ട്രംപ് ഭരണകൂടത്തിന് ഒരുപോലെ നേരിടേണ്ടിവന്നു. ഇതോടെയാണ് വൻതോതിൽ സൈന്യത്തെ വിന്യസിച്ചത്. നേരത്തെ ആദ്യഘട്ടത്തിൽ അധികാരത്തിലേറിയപ്പോൾ തന്നെ ട്രംപ് തൻെറ കുടിയേറ്റവിരുദ്ധ കാർഡ് പുറത്തെടുത്തിരുന്നു. രണ്ടാം ടേമിൽ അത് കൂടുതൽ ശക്തമായി നടപ്പാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാൽ ലക്ഷ്യമിട്ട അത്ര എളുപ്പത്തിൽ ഒന്നും തന്നെ പ്രാവർത്തികമാക്കാൻ പറ്റാത്ത അവസ്ഥയിലാണ് ട്രംപ്. പല കടുത്ത നിലപാടുകളിൽ നിന്നും ഇതിനോടകം തന്നെ ട്രംപിന് പിന്നോട് പോവേണ്ടിവന്നു. അമേരിക്കൻ ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നതിനും മറ്റുമായി ട്രംപ് ഭരണകൂടം കൊട്ടിഘോഷിച്ച് കൊണ്ടുവന്നതായിരുന്നു DOGE. അതിൻെറ തലപ്പത്ത് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും Tesla ഉടമയുമായ ഇലോൺ മസ്കിനെ നിയമിക്കുകയും ചെയ്തു. രണ്ടും തകർന്ന് തരിപ്പണമായത് ദിവസങ്ങൾക്ക് മുമ്പാണ്. DOGE-ൻെറ തലപ്പത്ത് നിന്ന് മസ്ക് രാജിവെച്ചൊഴിഞ്ഞതോടെ തന്നെ അതിൻെറ പ്രവർത്തനം നിലച്ചു. ട്രംപിനെതിരെ മസ്കും തിരിച്ചും ആരോപണപ്രത്യാരോപണങ്ങൾ കൂടി നടത്തിയതോടെ ഇരുവരും തമ്മിലുള്ള വ്യക്തിപരമായ ബന്ധവും അവസാനിച്ചു.
ലോകരാജ്യങ്ങൾക്കെതിരെ ട്രംപ് നടത്തിയ താരിഫ് യുദ്ധമാണ് എങ്ങുമെത്താതെ പരാജയപ്പെട്ടുപോയ മറ്റൊന്ന്. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കുമെതിരെ അധികതീരുവ ചുമത്താനായിരുന്നു ട്രംപിൻെറ നീക്കം. തീരുവയുദ്ധം ലോകത്തെ ഒരു സാമ്പത്തികമാന്ദ്യത്തിലേക്ക് പോലും നയിച്ചേക്കാമെന്ന ആശങ്കകൾ വരികയും സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പോലും എതിർപ്പുയരുകയും ചെയ്തതോടെ ട്രംപ് അതിൽ നിന്നും പിൻവാങ്ങി. തുടക്കം മുതൽ ഇതുവരെ ഒരുപോലെ കൊണ്ടുപോവുന്നത് കുടിയേറ്റവിരുദ്ധ നിലപാടാണ്. അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിച്ചും മറ്റും വിമാനങ്ങളിൽ കയറ്റി അയച്ച ട്രംപ് ഭരണകൂടത്തിൻെറ നടപടികൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അമേരിക്കയിലെ പ്രധാന സർവകലാശാലകളിൽ വിദേശ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിനെതിരെ ട്രംപ് സർക്കാർ തിരിഞ്ഞിരുന്നു. സർവകലാശാലകൾക്ക് കർശനമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. വിദ്യാർത്ഥികളുടെ ഭഗത്ത് നിന്നും ഈ നിലപാടിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.