ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും ഒരിടവേളക്ക് ശേഷം പശ്ചിമേഷ്യയെ സംഘർഷ ഭൂപടത്തിലേക്കു തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ്. ഇറാന്റെ ആണവ ശേഷിയും ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി ബന്ധപെട്ട് ഒമാന്റെ മധ്യസ്ഥതയിൽ നടന്ന അമേരിക്ക - ഇറാൻ ചർച്ചകൾ മൂന്നാം ഘട്ടത്തിൽ പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ടെഹ്റാൻ ആക്രമിക്കപ്പെടുന്നത്. ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള ഖമനേയി ഉൾപ്പടെയുള്ള മുൻനിര നേതാക്കൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഇറാനിലെ ഭരണമാറ്റം എന്ന ലക്ഷ്യം ഭാഗികമായി കൈവരിക്കാൻ അമേരിക്കയ്ക്കും ഇസ്രയേലിനും ആയിട്ടുണ്ട്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി - റോറിങ് ലയൺ’ എന്ന ഈ ആക്രമണത്തിന് തൊട്ടുപിന്നാലെ വടക്കൻ ഇസ്രായേലും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പ്രത്യാക്രമണവും സംഘർഷം മറ്റുരാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ആയത്തുള്ള ഖമനേയിയുടെ വധം, ഇറാന്റെ പ്രത്യാക്രമണത്തിന്റെ മൂർച്ച കൂട്ടിയിട്ടുണ്ട്. ഇന്ത്യയുടെ എക്സ്ന്റഡഡ് നെയ്ബർഹൂഡ് ആയ പശ്ചിമേഷ്യയിൽ നടക്കുന്ന ഈ സംഘർഷം ഇന്ത്യൻ നയതന്ത്രത്തിനും വലിയ വെല്ലുവിളിയാണ് സമ്മാനിച്ചിരിക്കുന്നത്.
ഇറാനും ആക്സിസ് ഓഫ് റെസിസ്റ്റൻസും
1979-ൽ, അമേരിക്കയോടും ഇസ്രയേലിനോടും ചേർന്ന് നിന്നിരുന്ന ഷാ ഭരണകൂടത്തെ അട്ടിമറിച്ചുകൊണ്ടുള്ള വിപ്ലവത്തിലൂടെയാണ് ഇറാൻ ഇന്ന് കാണുന്ന പോലുള്ള ഒരു പാശ്ചാത്യ വിരുദ്ധ ഇസ്ലാമിക് റിപ്പബ്ലിക് ആയി മാറുന്നത്. അന്നത്തെ പരമോന്നത നേതാവായ റൂഹുള്ള ഖൊമേനി, 1989-ൽ മരിച്ചതിനെ തുടർന്നുള്ള അനിശ്ചിതത്വത്തിനൊടുവിൽ, ഇറാന്റെ പരമോന്നത നേതാവായി അവരോഹിക്കപ്പെടുന്ന ഖമനേയി, പിന്നീട് തന്റെ കൈപ്പിടിയിലേക്ക് ഭരണത്തെ കേന്ദ്രികരിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഇസ്രായേലിനെ കുട്ടി ചെകുത്താനും, അമേരിക്കയെ വലിയ ചെകുത്താനുമായി കണ്ട ഇറാനിലെ ഈ ഷിയാ ഭരണകൂടം, ഇസ്രയേലിന്റെ സമ്പൂർണ അധപതനത്തിനും, പശ്ചിമേഷ്യയിൽ വളർന്നുവരുന്ന അമേരിക്കൻ സൈനിക സ്വാധീനത്തെ ചെറുക്കാനുമായി, ഖമനേയി പിന്തുടർന്ന പ്രോക്സികൾ വഴിയുള്ള പരോക്ഷ യുദ്ധം, പൂർവാധികം ശക്തി പ്രാപിച്ചു.

പിന്നീട്, ലബനനിലെ ഹിസ്ബുള്ള, പലസ്തീനിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ്, യെമെനിലെ ഹൂത്തികൾ, ഇറാഖിലെ കാത ഇബ് ഹിസ്ബുള്ള, ബഹറിനിലെ അൽ-മുഖ്താർ ബ്രിഗേഡും സിറിയയിലെ ആസാദ് ഭരണകൂടവും ചേർന്നൊരു 'ആക്സിസ് ഓഫ് റെസിസ്റ്റൻസ്' തന്നെ, പശ്ചിമേഷ്യയിൽ ഇറാന്റെ നേതൃത്വത്തിൽ രൂപം കൊള്ളുകയുണ്ടായി. ഇത് നേരിട്ടുള്ള അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം കാലങ്ങളോളം ഒഴിവാക്കിയെങ്കിലും, അമേരിക്കയ്ക്കും ഇസ്രയേലിനും നിരന്തരമായ വെല്ലുവിളികൾ സൃഷ്ടിച്ചു കൊണ്ടിരുന്നു.
തകരുന്ന ആക്സിസ്
2023 ഒക്ടോബർ 7-ലെ ഹമാസിന്റെ ആക്രമണത്തിന് മറുപടിയായുള്ള ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾ, ഇറാൻ കാലങ്ങളോളം പടുത്തുയർത്തിയ ആക്സിസിന്റെ തകർച്ചയ്ക്കാണ് വഴിവെച്ചത്. ആക്സിസ് അംഗങ്ങളുടെ മുൻനിര നേതാക്കളെല്ലാം ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഹമാസിന്റെ രാഷ്ട്രീയ തലവനായ ഇസ്മയിൽ ഹാനിയെ ടെഹ്റാനിൽ വെച്ചുതന്നെ കൊല്ലപ്പെട്ടത് ഇതിനുദാഹരണമാണ്. ലെബനനിലെ ഹിസ്ബുള്ളയുമായി ഇറാനെ ബന്ധിപ്പിച്ചിരുന്ന സിറിയയിലെ ആസാദ് ഭരണകൂടം 2024 ഡിസംബറിൽ അട്ടിമറിക്കപ്പെട്ടു. ഇത് ഹിസ്ബുള്ളയുമായി ഇറാനുണ്ടായിരുന്ന കര ബന്ധം പൂർണമായും വിച്ഛേദിക്കാനും ഹിസ്ബുള്ളയെ തന്ത്രപരമായി ഒറ്റപ്പെടുത്താനും ഇസ്രയേലിനെ സഹായിച്ചു. 2025 ജൂൺ 13-ന് ഇസ്രായേൽ തുടങ്ങിയ ഓപ്പറേഷൻ റൈസിംഗ് ലയൺ അവസാനിക്കുമ്പോൾ ഇറാന് മുതിർന്ന ആണവ ശാസ്ത്രജ്ഞരെയും പ്രധാന ആണവ കേന്ദ്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. ജൂൺ 22-ലെ അമേരിക്കൻ ആക്രമണവും ഇറാന് വലിയ പ്രഹരമാണ് ഏൽപ്പിച്ചത്. അവസാനമായി നടന്ന ആയത്തൊള്ള ഖമനേയിയുടെ വധം ആക്സിസ് ഓഫ് റെസിസ്റ്റൻസിനെ വേരോടെ ഇളക്കിയിരിക്കുകയാണ്.
ആയത്തൊള്ള ഖമനേയിക്ക് ശേഷം ഇറാൻ
ഖമനേയിയുടെ മരണശേഷം സ്ഥാപിച്ച മൂന്നംഗ കൗൺസിലിനാണ് പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കും വരെ, ഇറാന്റെ താത്കാലിക ഭരണ ചുമതല നൽകിയിരുന്നത്. എന്നിരുന്നാലും, ഇറാൻ റെവല്യൂഷനറി ഗാർഡ്‌സ് പോലുള്ള സമാന്തര അധികാര കേന്ദ്രങ്ങൾ വഴി തീരുമാനങ്ങൾ വന്നുകൊണ്ടിരുന്നു എന്നതിന് ഗൾഫ് രാജ്യങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നാഭിപ്രായങ്ങൾ വ്യക്തമാണ്. 88 അംഗ പണ്ഡിതരുടെ സഭ തിരഞ്ഞെടുത്ത, ഖമനേയിയുടെ പുത്രൻ മുജ്തബ ഖമനേയി ആയത്തൊള്ളയായി അധികാരം ഏറ്റെടുത്തതോടെ തിരുമാനങ്ങൾ കേന്ദ്രീകൃതമായി തുടങ്ങിയിട്ടുണ്ട്.

അമേരിക്ക പ്രതീക്ഷിക്കുന്ന പോലെ മിതവാദിയും പാശ്ചാത്യ വിരുദ്ധനുമല്ലാത്ത ആളല്ല മുജ്തബ എന്നതിനാൽ, ഭരണ മാറ്റത്തിനായുള്ള അമേരിക്ക-ഇസ്രായേൽ ശ്രമങ്ങൾ പുതിയ ആയത്തൊള്ളക്കു ശേഷവും, പ്രത്യക്ഷമായോ പരോക്ഷമായോ, തുടരുക തന്നെ ചെയ്യും. ഇറാൻ ആകട്ടെ, പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു പുറമെ, നഗരങ്ങൾക്കും വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും സാമ്പത്തിക കേന്ദ്രങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങൾ ശക്തിപ്പെടുത്തുന്ന സാഹചര്യത്തിൽ അമേരിക്കൻ സഖ്യകക്ഷികളായ അറബ് രാജ്യങ്ങളുമായി നേരിട്ടുള്ളൊരു യുദ്ധത്തിനും സാധ്യത തള്ളിക്കളയാനാവില്ല. ആക്രമണം തുടർന്നാൽ പശ്ചിമേഷ്യ കൂടുതൽ രോക്ഷാകുലമാകുക തന്നെ ചെയ്യും.
ഇന്ത്യൻ നയതന്ത്രത്തിനുള്ള വെല്ലുവിളി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ഇറാൻ ആക്രമിക്കപെടുന്നതും ഖമനേയി വധിക്കപ്പെടുന്നതും. 'ഡിപ്ലോമാറ്റിക് പോസ്റർ' നിർണയിക്കാൻ പോന്ന ഈ സന്ദർശനം, ഇസ്രായേലിനു ഭീകരവാദത്തിനെതിരെയുള്ള പൂർണ പിന്തുണ നൽകുന്ന കൂട്ടായ പ്രസ്താവനയിലാണ് അവസാനിക്കുന്നത്. എന്നാൽ, ഇത് മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള കടന്നുകയറ്റങ്ങളെ അംഗീകരിക്കുന്നില്ല. അതിനു പുറമേയായി, ഗൾഫ് രാജ്യങ്ങൾക്കെതിരെയുള്ള ഇറാൻ ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭ പ്രമേയം ഇന്ത്യ പിന്താങ്ങിയിട്ടുണ്ടെങ്കിലും ഖമനേയിയുടെ വധത്തിലേക്കു നയിച്ച അമേരിക്ക-ഇസ്രായേൽ സൈനിക നടപടിയെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല. ഈ നയതന്ത്ര മൂകതകളാണ്, ഇറാൻ വിഷയത്തിലുള്ള ഇന്ത്യൻ നയം അനേകം വ്യാഖ്യാനങ്ങൾക്കു വിധേയമാവാൻ കാരണം. അഭിപ്രായം പറയാതിരിക്കുന്നതുമൊരു അഭിപ്രായമാണെന്ന് വിലയിരുത്തുകയാണെങ്കിൽ, ഇന്ത്യ ഇതിനോടകം നയം വ്യക്തമാക്കി കഴിഞ്ഞു എന്നുവേണം കരുതാൻ.

നയം എന്തുതന്നെ ആയാലും ഈ യുദ്ധം ഇന്ത്യൻ താല്പര്യങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് കാണാനാകും. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ പ്രവാസികളിൽ 56.27% ആളുകളും പശ്ചിമേഷ്യയിലാണ് ഉള്ളത്. യു.എ.ഇ, സൗദി അറേബ്യ എന്നീ രണ്ടു രാജ്യങ്ങളിൽ മാത്രമായി ഇന്ത്യക്ക് 60,014,877 പ്രവാസികൾ ഉണ്ട്. ഈ രാജ്യങ്ങളിലേക്ക് യുദ്ധം പടരുമ്പോൾ അത് ലക്ഷങ്ങൾ വരുന്ന ഇന്ത്യക്കാരുടെ സുരക്ഷയെ കൂടിയാണ് ബാധിക്കുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മാർച്ച് 9-ന് പാർലമെന്റിൽ നടത്തിയ പ്രസ്താവന അനുസരിച്ച് ഇതിനോടകം ഏകദേശം 67,000 ആളുകൾ തിരിച്ചെത്തിയിട്ടുണ്ട്. നയതത്ര കാര്യാലയങ്ങൾ വഴിയുള്ള സഹായങ്ങൾ ലഭ്യമാണെങ്കിലും സംഘർഷം കനത്താൽ മുഴുവൻ ആളുകളെയും സുരക്ഷിതമായി തിരികെ കൊണ്ടുവരുക എന്നത് ഇന്ത്യക്കു ഏളുപ്പമാകില്ല. ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്കിൽ ആദ്യ പത്തു രാജ്യങ്ങളിൽ അഞ്ചും പശ്ചിമേഷ്യയിൽ നിന്നാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക പുരോഗതിയിൽ ഈ പണം വലിയ പങ്കുവഹിക്കുന്നുണ്ട്. ഇപ്പോഴത്തെ യുദ്ധം, ഈ പണമൊഴുക്കും ഗണ്യമായി കുറയ്ക്കാനാണ് സാധ്യത.
പാചകവാതകക്ഷാമം ഇല്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ക്ഷാമം യാഥാർത്ഥ്യമായിക്കഴിഞ്ഞു. വ്യാവസായിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ ലഭ്യതക്കുറവ് കാരണം കേരളത്തിലടക്കം ഭക്ഷണശാലകൾ പൂർണമായോ ഭാഗികമായോ അടച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. ഇതിനെ ആശ്രയിച്ചു കഴിയുന്ന വലിയ ജനവിഭാഗം വരുമാനം നിലയ്ക്കുന്നതിന്റെ വക്കിലാണ്. അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുതിച്ചു നിൽക്കുന്നതും ഇന്ത്യക്ക് ഭീഷണിയാണ്. എണ്ണ ഉപയോഗത്തിന്റെ 88.2 % ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ഇതിൽ 68.59 % മിഡിൽ ഈസ്റ്റ് റീജിയനിൽ നിന്നാണ് സമാഹരിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെ നീങ്ങുന്ന ചരക്കുകപ്പലുകൾ ഉന്നം വെക്കുന്ന ഇറാനും, ബാബേൽ കടലിടുക്കിലൂടെ വരുന്ന കപ്പലുകൾക്ക് ഭീഷണിയായി മാറുന്ന യെമനിലെ ഹൂത്തികളും, മിഡിൽ ഈസ്റ്റ് വഴിയുള്ള എണ്ണ ഉൾപ്പടെയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിൽ നിന്നുള്ള എണ്ണ കപ്പൽ, ഹോർമുസ് താണ്ടി ഇന്ത്യയിൽ എത്തിയിരുന്നു. ഇതിനു പുറമെ നാഷണൽ ഷിപ്പിങ് കോർപറേഷന്റെ ശിവാലിക്, നന്ദ ദേവി എന്നീ രണ്ടു കപ്പലുകൾ, ഖത്തറിൽ നിന്ന് പാചകവാതകവുമായി, ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ, ഹോർമുസ് താണ്ടിയതായി കപ്പൽ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഐ.ആർ.ഐ.എസ് ഡെന്ന അമേരിക്കൻ അന്തർവാഹിനി തകർത്തതിന് തൊട്ടുമുമ്പ്, മറ്റൊരു ഇറാൻ പടക്കപ്പലായ ഐ.ആർ.ഐ.എസ് ലാവാൻ, യന്ത്രത്തകരാറുകൾ കാരണം കൊച്ചിയിൽ നങ്കൂരമിടുന്നതിനായി ഇന്ത്യയെ സമീപിച്ചിരുന്നു. മനുഷ്യത്വപരമായി ഇതിനെ കണ്ട ഇന്ത്യ, അനുമതി നൽകുകയും, മാർച്ച് 4 ന് കപ്പൽ കൊച്ചിയിൽ നങ്കൂരമിടുകയും ചെയ്തിരുന്നു. ഇതിനു നന്ദിയറിയിച്ച ഇറാൻ സ്ഥാനപതി മുഹമ്മദ് ഫത്താലി, ഇന്ത്യയുമായുള്ള ചരിത്രപരമായ സൗഹൃദത്തിന്റെയും പരസ്പര താല്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ, ഹോർമുസ് വഴിയുള്ള ഇന്ത്യൻ ചരക്കുനീക്കത്തിന് തടസമുണ്ടാവില്ലെന്നു അറിയിച്ചത് മുൻ വിഷയങ്ങളുമായി ചേർത്തുവായിക്കുമ്പോൾ, ഇന്ത്യക്ക് ചെറിയ ആശ്വാസമാണ്.
അമേരിക്കയും ചൈനയും
റഷ്യൻ എണ്ണക്കെതിരെയുള്ള അമേരിക്കൻ ഉപരോധവും ഇന്ത്യക്കെതിരെയുള്ള പകരച്ചുങ്കവും കണക്കിലെടുത്ത് ഇന്ത്യയുടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഫെബ്രുവരി 2026-ൽ, ജനുവരിയെക്കാൾ 20-% കുറഞ്ഞിരുന്നു. പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ആഗോള എണ്ണവില പിടിച്ചുനിർത്താനായി അമേരിക്ക ഇന്ത്യക്ക് റഷ്യൻ എണ്ണ ഇറക്കുമതിചെയ്യാൻ അനുമതി നൽകിയിരുന്നു. ഇത് ആഗോള എണ്ണവില പിടിച്ചു നിർത്തുന്നതിനൊപ്പം ഇന്ത്യക്ക് വലിയ നഷ്ടങ്ങളില്ലാതെ ഊർജ സുരക്ഷ ഉറപ്പാക്കി തരും. എന്നിരുന്നാലും, ഇന്ത്യൻ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമായിട്ടേ, ഈ അമേരിക്കൻ തീരുമാനത്തെ കാണാൻ കഴിയുകയുള്ളൂ. ആഗോള സാമ്പത്തിക രംഗത്തെ അമേരിക്കൻ കുത്തക നിലനിൽക്കുന്നിടത്തോളം, സ്ട്രാറ്റജിക് ഓട്ടോണോമി അഥവാ തന്ത്രപ്രധാനമായ സ്വയംഭരണം എന്ന ഇന്ത്യൻ നയം, നയതന്ത്ര തിരുമാനങ്ങളുടെ ലാഭ-നഷ്ട കണക്കുകൾ കാണിച്ചു തരുന്ന വഴി മാത്രം നടക്കുന്ന ഒരു പാവയാണ്. നഷ്ടം ലാഭത്തേക്കാൾ വലുതാകുമ്പോൾ, തീരുമാനങ്ങൾ ചുരുക്കപ്പെടും. തന്ത്രപ്രധാനമായ മേഖലകയിൽ സ്വയം പര്യാപ്തത കൈവരിക്കാത്തിടത്തോളം, ഏതൊരു രാജ്യത്തിനും ചില തീരുമാനങ്ങൾ അടിയറവു വെക്കേണ്ടി വരും എന്നത് അന്താരാഷ്ട്ര നയത്തിന്റെ യാഥാർത്ഥ്യമാണ്. ഇത് ഈ യുദ്ധം വീണ്ടും തെളിയിക്കുകയാണെന്ന് മാത്രം.

ഇറാൻ യുദ്ധം ഇന്ത്യയെപ്പോലെ ചൈനയെയും ബാധിച്ചിട്ടുണ്ടെങ്കിലും അതിന്റെ വ്യാപ്തി വ്യത്യസ്തമാണ്. അമേരിക്കക്കെതിരെ ഇറാൻ നടത്തുന്ന ചെറുത്തുനിൽപ്പ് ചൈനയുടെ പരോക്ഷ പിന്തുണയോട് കൂടിയാണെന്നാണ് അമേരിക്കൻ ഗവേഷകനായ ജോൺ മെർഷെയ്മർ അഭിപ്രായപ്പെടുന്നത്. അമേരിക്ക കേന്ദ്രീകൃതമായ ലോകക്രമത്തെ എതിർക്കുന്ന ആക്സിസ് ഓഫ് അപ്പ്ഹീലിൽ, റഷ്യക്കും ഉത്തരകൊറിയയ്ക്കും ഒപ്പം അംഗങ്ങളായ ചൈനയും ഇറാനും ഈ യുദ്ധം കൊണ്ട് അമേരിക്കക്ക് അവർ കാലങ്ങളായി കുത്തിയ തെമ്മാടിക്കുഴിയിലേക്കുള്ള, വഴിയൊരുക്കാൻ പരിശ്രമിക്കും. അമേരിക്കയുടെ അധഃപതനം പശ്ചിമേഷ്യയിൽ വലിയ സുരക്ഷാ ശൂന്യത ഉണ്ടാക്കും. ഇത്, ഈ അവസരത്തിനായി തക്കം പാർത്തു കാത്തിരിക്കുന്ന ചൈനയുടെ, സ്വാധീനം വർധിപ്പിക്കുന്നതിലേക്ക് നയിക്കുക തന്നെ ചെയ്യും. ഇന്റർനാഷണൽ നോർത്ത് സൗത്ത് ഗതാഗത ഇടനാഴി, ഇന്ത്യ - മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി പോലുള്ള, ഇന്ത്യയെ പടിഞ്ഞാറൻ റഷ്യയും, ദക്ഷിണ യൂറോപ്പുമായും ബന്ധിപ്പിക്കുന്ന പദ്ധതികളെ ഈ മേഖലയിലുള്ള ചൈനീസ് സ്വാധീനം കാര്യമായി ബധിക്കും. ഇന്ത്യയെ തന്ത്രപരമായി വളയുന്ന ചൈന, ഇന്ത്യക്കു, അതിർത്തിയിൽ എന്നപോലെ, അന്താരാഷ്ര തലത്തിലും പുതിയ വെല്ലുവിളികൽ സമ്മാനിക്കുമെന്നതിൽ ഒരു സംശയവും വേണ്ട. അമേരിക്കൻ അധഃപതനത്തിനു ശേഷം, സുരക്ഷക്ക് ഇന്ന് അമേരിക്കയെ എന്നപോലെ നാളെ ചൈനയെ ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങൾ പാക്കിസ്ഥാൻ വിഷയത്തിൽ കൈക്കൊള്ളുന്ന നിലപാടും ഇന്ത്യ വളരെ സൂഷ്മതയോടെ നിരീക്ഷിക്കണ്ട കാര്യമാണ്.
ഇന്ത്യക്കു മുന്നിലെ വഴികൾ
ഇറാൻയുദ്ധം നീണ്ടുനിൽക്കുന്നത് ഇന്ത്യക്ക് ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും വലിയ നഷ്ടങ്ങളാണ് സമ്മാനിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ യുദ്ധം ഏതുവിധേനയും അവസാനിപ്പിക്കേണ്ടത് ഇന്ത്യയുടെയും പ്രഥമ പരിഗണനയാവണം. ഊർജ്ജാവശ്യങ്ങൾക്ക് പുറം രാജ്യങ്ങളെ ആശ്രയിക്കുന്നത് ദീർഘവീക്ഷണത്തോടെ കുറയ്ക്കേണ്ടതിന്റെ അനിവാര്യത ഈ യുദ്ധം മനസിലാക്കിത്തരുന്നുണ്ട്.
ഇറാൻ ഉൾപ്പെടെയുള്ള ബ്രിക്സ് കൂട്ടായ്മയുടെ ഈ വർഷത്തെ അധ്യക്ഷത വഹിക്കുന്ന ഇന്ത്യ, അന്താരാഷ്ട്ര നിയമങ്ങളുടെ കാവലാളായി മാറണം. സാധാരണ ജനങ്ങളെ കൊന്നൊടുക്കുന്ന, മനുഷ്യത്വത്തിന് നിരക്കാത്ത പ്രവർത്തികൾ ആരു ചെയ്താലും ശക്തമായ രീതിയിൽ എതിർക്കണം. ഇറാനുമായും അമേരിക്കയുമായും ഇസ്രായേലുമായും ഗൾഫ് രാജ്യങ്ങളുമായും നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന അപൂർവം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നത് ഈ ശ്രമങ്ങൾക്കു ശക്തിപകരും. ഉത്തരവാദിത്തപരമായി പെരുമാറുന്ന ശക്തികൾക്കേ ഇനി ഈ ലോകത്തെ മുന്നോട്ടുനയിക്കാൻ കഴിയുകയുള്ളൂ.

