ബ്രസീലിൽനടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വർക്കേഴ്‌സ് പാർട്ടി നേതാവ് ലുലാ ഇൻകാസ്യോ ഡസിൽവ വിജയിച്ചിരിക്കുന്നു. തോറ്റത് നിലവിലെ പ്രസിഡണ്ടും ലോകത്തുള്ള തീവ്ര വലതുപക്ഷ രാഷ്ട്രീയനേതാക്കളുടെ മുൻപന്തിയിലുള്ള ജെയർ ബൊൽസൊനാരോ ആണെന്നത് 21 -ാം നൂറ്റാണ്ടിൽ ജനാധിപത്യവും തീവ്ര വലതുപക്ഷവും തമ്മിൽ നടക്കുന്ന പോരാട്ടങ്ങളിലെ നിർണായകമായൊരു അധ്യായമാക്കി ലുലയുടെ വിജയത്തെ മാറ്റുന്നുണ്ട്.
2003-2010 കാലഘട്ടത്തിൽ ബ്രസീൽ പ്രസിഡണ്ടായിരുന്ന ലുലയ്ക്ക്, 2018ൽ അഴിമതിയാരോപണങ്ങളിൽ ശിക്ഷിക്കപ്പെട്ടതിനാൽ കഴിഞ്ഞ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല. ലുലയെ ശിക്ഷിച്ച ന്യായാധിപൻ ബൊൽസൊനാരോയുടെ മന്ത്രിസഭയിൽ നിയമന്ത്രിയായപ്പോൾത്തന്നെ ലുലയ്ക്കെതിരെ നടന്ന ആസൂത്രിത ഗൂഢാലോചന വ്യക്തമായി. പിന്നീട് സുപ്രീം കോടതി ശിക്ഷ റദ്ദാക്കിയതോടെയാണ് ഇത്തവണത്തെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ലുലാ തിരിച്ചെത്തിയത്. ഒന്നാം വട്ട വോട്ടെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്കും 50%-ത്തിൽ കൂടുതൽ വോട്ട് ലഭിക്കാതിരുന്നതിനെതുടർന്നാണ് (ലുല-48.43%, ബൊൽസൊനാരോ -43.20%) മുന്നിലെത്തിയ രണ്ടു സ്ഥാനാർത്ഥികളുടെ രണ്ടാംവട്ടം വോട്ടെടുപ്പ് നടന്നത്. ഒന്നാം വട്ട വോട്ടെടുപ്പിനുമുമ്പ് നടന്ന മിക്ക അഭിപ്രായ കണക്കെടുപ്പുകളിലും ലുലാ ആദ്യവട്ടത്തിൽത്തന്നെ 50% വോട്ടുനേടി വിജയിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും വലതുപക്ഷ ശക്തികൾ ബൊൽസൊനാരോക്കുപിന്നിൽ ഒന്നായി അണിനിരക്കുകയും രണ്ടാം വട്ട വോട്ടെടുപ്പിലേക്ക് എത്തുകയുമായിരുന്നു. അന്തിമ വോട്ടെടുപ്പിൽ ലുല 50.9% വോട്ടു നേടി (ബൊൽസൊനാരോ- 49.10%) പ്രസിഡണ്ടായി വിജയിച്ചു. ബ്രസീലിലെ അതിരൂക്ഷമായ രാഷ്ട്രീയ- സാമൂഹ്യ ഭിന്നതയുടെ നേർച്ചിത്രമാണ് ഈ വോട്ടുകണക്ക്.
യു.എസ് പാവസർക്കാറുകളുടെ തെക്കേ അമേരിക്ക
ലാറ്റിനമേരിക്കയുടെ/തെക്കേ അമേരിക്കയുടെ ചരിത്രം ചൂഷണത്തിന്റെയും യൂറോപ്യൻ അധിനിവേശത്തിന്റെയും കുടിലതകളുടെ ചരിത്രമാണ്. (എഡ്വാർദൊ ഗാലിയാനോയുടെ പ്രശസ്ത പുസ്തകം Open Veins Of Latin America ലാറ്റിനമേരിക്കയുടെ ഈ ചരിത്രത്തെ അതിന്റെ എല്ലാ വസ്തുതകളോടും കൂടി വിശദമാക്കുന്നുണ്ട്). ഗാലിയാനോ പുസ്തകത്തിന്റെ ആമുഖത്തിൽ, തെക്കേ അമേരിക്ക കടന്നുപോകുന്ന അധിനിവേശ ഭീകരതയുടെ ചരിത്രഭാരത്തിലേക്ക് നോക്കുന്നുണ്ട്: ‘മുറിഞ്ഞ സിരകളുടെ ഭൂപ്രദേശമാണ് ലാറ്റിനമേരിക്ക. നമ്മുടെ കാലത്തെ കണ്ടെത്തലുകൾക്കുശേഷമുള്ള സർവ്വതും ആദ്യം യൂറോപ്യനും പിന്നീട് യുണൈറ്റഡ് സ്റ്റേറ്റ്സ് മൂലധനവുമായി പരിവർത്തിക്കപ്പെട്ടു, വിദൂരമായ അധികാര കേന്ദ്രങ്ങളിൽ അവ കുന്നുകൂട്ടി. സർവ്വതും; മണ്ണും അതിലെ ഫലങ്ങളും ഖനിജ സമ്പന്നമായ ആഴങ്ങളും ജനതയും അവരുടെ തൊഴിൽ- ഉപഭോഗ ശേഷികളും പ്രകൃതി- മനുഷ്യ വിഭവ സ്രോതസുകളുമെല്ലാം. ഓരോ ഭൂഭാഗത്തിനുമുള്ള ഉത്പാദനരീതികളും വർഗ ഘടനയും ഓരോ കാലത്തും മുതലാളിത്തത്തിന്റെ ആഗോള നിയന്ത്രണത്തിൽ നിന്ന് തീരുമാനിക്കപ്പെട്ടു. ഓരോ പ്രദേശത്തിനും അതിന്റെ ചുമതലയുണ്ടായിരുന്നു, ഒരു വിദേശ നാഗരികതക്കായി പ്രവർത്തിക്കുക, ഒപ്പം അനാഥമായി നീളുന്ന ആശ്രിതത്വത്തിന്റെ ചങ്ങലയിൽ കുരുങ്ങിക്കിടക്കുക.'
ലോകത്തെത്തന്നെ ഏറ്റവും രൂക്ഷമായ സാമ്പത്തിക അസമത്വം നിലനിൽക്കുന്ന പ്രദേശമാണ് തെക്കേ അമേരിക്ക. ജനസംഖ്യയുടെ കേവലം 10% വരുന്ന സമ്പന്നർ മൊത്തം സമ്പത്തിന്റെ 71%-വും കയ്യടക്കിവെച്ചിരിക്കുന്നു. (ഇന്ത്യയിലും സ്ഥിതി ഏതാണ്ട് സമാനമാണ്). വൻകിട കോർപ്പറേറ്റുകളും രാഷ്ട്രീയ ഭരണവർഗവും ഉന്നത ഉദ്യോഗസ്ഥവൃന്ദവും ചേർന്ന് ഈ രാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങൾ മുച്ചൂടും കൊള്ളയടിക്കുകയാണ്. യു എസിന്റെ ഭൗമ- രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി തെക്കേ മേരിക്കയിലെ എല്ലാ ജനാധിപത്യ, ഇടതുപക്ഷ മുന്നേറ്റങ്ങളെയും ചോരയിൽ മുക്കിക്കൊല്ലുകയും അടിച്ചമർത്തുകയും ചെയ്തു. ജനാധിപത്യപരമായും ജനകീയ മുന്നേറ്റങ്ങളിലൂടെയും തെരഞ്ഞെടുക്കപ്പെട്ട മിക്ക ഇടതുപക്ഷ സർക്കാരുകളെയും യു.എസ് തങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകളിലൂടെ അട്ടിമറിക്കുകയും പകരം തങ്ങളുടെ പാവസർക്കാരുകളെ പ്രതിഷ്ഠിക്കുകയും ചെയ്തു.
സോവിയറ്റ് യൂണിയൻ നിലനിന്നിരുന്ന ശീതസമരകാലത്ത് തെക്കെ അമേരിക്കൻ രാഷ്ട്രീയത്തിലെ ഇടതുപക്ഷ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ ഏതൊരു ശക്തിപ്പെടലിനെയും അതാതിടങ്ങളിലെ സൈന്യത്തെയും സർക്കാരുകളെയും ഉപയോഗിച്ച് യു.എസ് അടിച്ചമർത്തിക്കൊണ്ടിരുന്നു. തെക്കേ അമേരിക്കയിലെ ഈ സാമ്രാജ്യത്വക്കൊള്ളയുടെ ദല്ലാളുകളും പങ്കാളികളുമായി പാവസർക്കാരുകളും തദ്ദേശീയ ബൂർഷ്വാസിയും ഒരു പുത്തൻ അധികാര- സമ്പന്ന വർഗമായി ശക്തിപ്പെട്ടു.
തെക്കേ അമേരിക്കയിലെ യൂ.എസ് അധിനിവേശം ലജ്ജാശൂന്യമായ സാമ്രാജ്യത്വ ആക്രമണങ്ങളുടെ ചരിത്രമാണ്. ജനാധിപത്യ കയറ്റുമതിയുടെ ആഗോളകുത്തക ഏറ്റെടുത്ത യു.എസ് തങ്ങളുടെ ഭൗമ- രാഷ്ട്രീയ താത്പര്യങ്ങൾക്കായി തെക്കേ അമേരിക്കയിലെ ജനാധിപത്യ മുന്നേറ്റങ്ങളെ മുഴുവൻ നിരന്തരമായി ആക്രമിച്ചില്ലാതാക്കാൻ ശ്രമിച്ചതിന്റെ ചരിത്രം കൂടിയാണത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം തെക്കേ അമേരിക്കയിൽ യു. എസ് നടത്തിയ അട്ടിമറികളും സൈനിക ഇടപെടലുകളും ഇടവേളകളില്ലാത്തതാണ്. ഗ്വാട്ടിമാലയിലെ റസിഡൻറ് ജേക്കബ് ആർബിൻസിനെ 1914-ൽ സി.ഐ.എ പിന്തുണയോടെ അട്ടിമറിച്ചു. 1961-ൽ യു.എസ് പിന്തുണയോടെ നടത്തിയ ‘ബേ ഓഫ് പിഗ്സ്’ അധിനിവേശം ക്യൂബയിലെ ഫിദൽ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കുന്നതിൽ പരാജയപ്പെട്ടു. ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണത്തിനെതിരായ യു. എസ് ഉപരോധവും അട്ടിമറി ശ്രമങ്ങളും തുടരുകയാണ്.
1964-ൽ ബ്രസീലിലെ ഇടതുപക്ഷ പ്രസിഡണ്ട് ജോവോ ഗൗലാർട്ടിനെ യു.എസ് സഹായത്തോടെ നടത്തിയ സൈനിക അട്ടിമറിയിലൂടെ നീക്കം ചെയ്ത് നിലവിൽവന്ന പട്ടാളഭരണം 1980 -കൾ വരെ നീണ്ടു. ആയിരക്കണക്കിന്ഇടതുപക്ഷ പ്രവർത്തകരാണ് ബ്രസീലിലെ പട്ടാളഭരണത്തിൽ കൊല്ലപ്പെട്ടതും തടവിലായതും. 1965-ൽ ഡൊമിനിക്കൻ റിപ്പബ്‌ളിക്കിൽ യു.എസ് സേന അധിനിവേശം നടത്തി. 1973-ൽ ചിലിയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിൽ വന്ന സോഷ്യലിസ്റ്റ് നേതാവ് സാൽവദോർ അലൻഡെയെ യു. എസും ചിലിയിലെ സൈനികനേതൃത്വവും ചേർന്ന് പ്രസിഡന്റിന്റെ വസതി ആക്രമിച്ച് വധിക്കുകയായിരുന്നു. അതിനുശേഷം അധികാരത്തിൽ വന്ന സൈനികമേധാവി അഗസ്റ്റോ പിനോഷെയുടെ നേതൃത്വത്തിലുള്ള സൈനികഭരണം ലോകം കണ്ട ഏറ്റവും ജനാധിപത്യവിരുദ്ധമായ മർദ്ദകസംവിധാനങ്ങളിലൊന്നായിരുന്നു എന്നു മാത്രമല്ല, നവ- ഉദാരീകരണ സാമ്പത്തിനയങ്ങളുടെ ലോകത്തിലെ ഏറ്റവും സജീവമായ പരീക്ഷണശാല കൂടിയായി ചിലിയെ മാറ്റുക കൂടി ചെയ്തു. തീവ്ര വലതുപക്ഷവും മുതലാളിത്തവും നിയോ ലിബറലുകളുമെല്ലാം ആത്യന്തികമായി മൂലധനക്കൊള്ളയുടെ ഒറ്റമുന്നണിയായി രൂപാന്തരം പ്രാപിക്കുന്നതിന്റെ തെളിവുകൂടിയായിരുന്നു ചിലി.
യു.എസ് പാവസർക്കാരുകളുടെയും സൈനിക ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ 1970-കളിൽ അർജൻറീനയിലും ചിലിയിലും തെക്കേ അമേരിക്കയിലെ മറ്റു പല രാജ്യങ്ങളിലും ഇടതുപക്ഷ മുന്നേറ്റങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ഭരണകൂടഭീകരത (Operation Condor ) യാതൊരു മറയുമില്ലാതെ അരങ്ങേറി. 1980-കളിൽ നിക്കരാഗ്വയിലെ സാൻഡിനിസ്റ്റ സർക്കാരിനെതിരെ റീഗൻ സർക്കാർ കോൺട്രാ കലാപകാരികളെ സായുധമായി പിന്തുണച്ചു. 1983-ൽ യു.എസ് സേന ഗ്രെനഡയിൽ അധിനിവേശം നടത്തി. ക്യൂബയുമായി സഹകരിക്കുന്നു എന്നാരോപിച്ചായിരുന്നു ഇത്. കൊളംബിയയിൽ കമ്യൂണിസ്റ്റ് ഗറില്ലകളെ അടിച്ചമർത്താനും ഭൂവുടമകളുടെയും വൻകിട ധനികരുടെയും താത്പര്യങ്ങൾ സംരക്ഷിക്കാനുമായി കൊളംബിയൻ ഭരണംതന്നെ എത്രയോ കാലം തങ്ങളുടെ പാവസർക്കാരിനെപ്പോലും നോക്കുകുത്തിയാക്കി നടത്തിയിരുന്നത് കൊളംബിയയിലെ യു.എസ് സ്ഥാനപതി കാര്യാലയത്തിൽ നിന്നായിരുന്നു. 2002-ൽ വെനിസ്വലയിൽ ഹ്യൂഗോ ഷാവെസിനെതിരെ പരാജയപ്പെട്ട അട്ടിമറിശ്രമം നടത്തി. ഷാവേസിന്റെ മരണശേഷം ഇതേ പരിപാടി വീണ്ടും പല രൂപത്തിൽ നടക്കുന്നുണ്ട്. ബൊളീവിയയിൽ ഇവോ മൊറാലസിനെതിരെ നടന്ന അട്ടിമറി ഒരു സർക്കാരിന്റെ രൂപവത്ക്കരണത്തിലെത്തിച്ചെങ്കിലും ബൊളീവിയൻ ജനത തെരഞ്ഞെടുപ്പിലൂടെ അതിനെ വീണ്ടും പരാജയപ്പെടുത്തി.
അപായഭരിതമായ രാഷ്ട്രീയത്തിനിടയിലെ ഇടതുജയം
ഇത്രയേറെ അപായഭരിതമായ രാഷ്ട്രീയമാണ് തെക്കേ അമേരിക്കൻ ഭൂമിയിൽ നടക്കുന്നത്. അതായത്, യു.എസ് സാമ്രാജ്യത്വത്തിന്റെയും യൂറോപ്യൻ താത്പര്യങ്ങളുടെയും ഭീഷണി സദാ അസ്ഥിരമാക്കിക്കൊണ്ടിരിക്കുന്ന തെക്കേ അമേരിക്കയിൽ ആ ഭൂഖണ്ഡത്തിലെ ഏറ്റവും ശക്തമായ രാജ്യമായ ബ്രസീലിൽ ഇടതുപക്ഷ രാഷ്ട്രീയം പറയുന്നൊരു പാർട്ടിയും പ്രസിഡണ്ടും വീണ്ടും അധികാരത്തിലെത്തുക എന്നത് ഒട്ടും ചെറിയ കാര്യമല്ല. തെക്കേ അമേരിക്കയിൽ തുടർച്ചയായി വിവിധ രാജ്യങ്ങളിൽ ഇടതുപക്ഷ കക്ഷികൾ നേടിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പശ്ചാത്തലത്തിൽ ബ്രസീലിൽ ലുല നേടിയ വിജയം ആഗോളതലത്തിൽ തീവ്രവലതുപക്ഷവും അതിന്റെ പ്രായോജകരായ മുതലാളിത്ത മൂലധനശക്തികളും നേടിയ മേൽക്കൈക്കെതിരായ ജനങ്ങളുടെ ചെറുത്തുനിൽപ്പ് ഒന്നുകൂടി ശക്തമാക്കുന്നു.
ലോകത്തെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ ലക്ഷണമൊത്ത ഭരണാധികാരിയായിരുന്നു ബൊൽസൊനാരോ. ഇന്ത്യയിലെ നരേന്ദ്ര മോദിയും യു എസിൽ അധികാരത്തിലിരുന്ന ഡൊണാൾഡ് ട്രംപും റഷ്യയിലെ വ്ലാദിമിർ പുട്ടിനും തുർക്കിയിലെ എർദോഗാനുമൊക്കെ അടങ്ങുന്ന 21- നൂറ്റാണ്ടിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തീവ്രമുഖങ്ങളിൽ ബൊൽസൊനാരോ മുൻപന്തിയിൽനിന്ന് ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ സകല ലക്ഷണവും പ്രകടിപ്പിച്ചുകൊണ്ടിരുന്നു.
സർവ്വശക്തനായ, സർവ്വാധികാരിയായ ഒരൊറ്റ നേതാവ്, ജനാധിപത്യത്തോടും പ്രതിപക്ഷത്തോടുമുള്ള അവജ്ഞയും അടിച്ചമർത്തലുകളും, ഭരണഘടനാസ്ഥാപനങ്ങളെ നിഷ്‌ക്രിയമാക്കുകയും ഏറാന്മൂളികളാക്കുകയും ചെയ്യുക, അക്രമാസക്തരായ അണികളെക്കൊണ്ട് രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുക, അസത്യങ്ങളും അർദ്ധസത്യങ്ങളും അധിക്ഷേപങ്ങളും ശാസ്ത്രവിരുദ്ധതയും നിറഞ്ഞ പ്രചണ്ഡപ്രചാരണം നിരന്തരം അഴിച്ചുവിടുക, മുതലാളിത്തത്തോടും നവ-ഉദാരീകരണ നയങ്ങളോടും സമ്പൂർണ ഐക്യദാർഢ്യം, സങ്കുചിത ദേശീയത രാഷ്ട്രീയായുധമാക്കുക, തൊഴിലാളി സംഘടനകളേയും വർഗ്ഗരാഷ്ട്രീയത്തെയും അടിച്ചമർത്തുക, പരിസ്ഥിതി സംരക്ഷണത്തെ തള്ളിപ്പറയുകയും പാരിസ്ഥിതിക ചൂഷണത്തിന്റെ മുതലാളിത്ത വഴികളെ നിയന്ത്രണങ്ങളില്ലാതെ തുറന്നുവിടുകയും ചെയ്യുക എന്നിങ്ങനെ ലോകത്തെ വലതുപക്ഷ നേതൃത്വവും ഫാഷിസ്റ്റ് രാഷ്ട്രീയവും പ്രകടിപ്പിക്കുന്ന എല്ലാ ലക്ഷണങ്ങളും ഇവരിലെല്ലാം ഒരേപോലെ കാണാം.
ഈ രാഷ്ട്രീയത്തോടുള്ള എതിർപ്പും ചെറുത്തുനിൽപ്പും കൂടിയാണ് ലുലയുടേതടക്കമുള്ള തെക്കേ അമേരിക്കയിലെ ഇടതുപക്ഷ വിജയങ്ങൾ കാണിക്കുന്നത്. സാമ്പത്തിക കുഴപ്പങ്ങളും തൊഴിലില്ലായ്മയും ജനങ്ങളുടെ ജീവിതദുരിതങ്ങളും മൂർഛിപ്പിക്കുന്ന മുതലാളിത്തം, അതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തെ ജനാധിപത്യ, വർഗ രാഷ്ട്രീയമായി രൂപപ്പെടാൻ ഇടകൊടുക്കാതെ, വാചാടോപങ്ങളുടെയും സങ്കുചിത ദേശീയതയുടെയും പ്രചാരണപ്പൊലിമയോടെ വലതുപക്ഷത്തിന്റെ കൊട്ടയിലേക്ക്തള്ളിയിടുന്നതാണ് ലോകത്തെ വലതുപക്ഷ വിജയങ്ങൾക്കു പിന്നിലുള്ള കൗശലം. ഇതാകട്ടെ പലപ്പോഴും ജനാധിപത്യ, ഇടതു രാഷ്ട്രീയത്തിന് ജനങ്ങളുടെ രാഷ്ട്രീയ പ്രതീക്ഷകളെ ഭാവനാപൂർണമായി സമീപിക്കുന്നതിൽ വരുന്ന ചരിത്രപരമായ പിഴവുകളുടെ കൂടി ഫലമാണ്. ഇതെല്ലാമുള്ളപ്പോൾത്തന്നെ വലതുപക്ഷത്തിനെതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തിനും ജനാധിപത്യ ശക്തികൾക്കും വീണ്ടും വിജയങ്ങളുണ്ടാക്കാൻ സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല.
പുതുകാല ഇടതുപക്ഷം
തെക്കേ അമേരിക്കയിൽ അർജന്റീന, കൊളംബിയ, മെക്‌സിക്കോ, ഹോണ്ടുറാസ്, ചിലി എന്നീ രാജ്യങ്ങളിലെല്ലാം ഈയൊരു തുടർച്ചയിൽ ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ വന്നു. ഇതിൽ പ്രധാനമായും കാണേണ്ടത്, ഇവിടങ്ങളിലെല്ലാം പരിസ്ഥിതി സംരക്ഷണവും വിഭവങ്ങളുടെ മുകളിലുള്ള സാമൂഹ്യാവകാശവും നവ- ഉദാരീകരണ നയങ്ങളോടുള്ള എതിർപ്പും സ്ത്രീപക്ഷ രാഷ്ട്രീയവും വലിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളായി അധികാരത്തിൽ വന്ന ഇടതുപക്ഷ രാഷ്ട്രീയകക്ഷികൾ ഉയർത്തിയിരുന്നു എന്നതാണ്. ചിലിയിൽ ഇത്തരം വിപ്ലവകരമായ മാറ്റങ്ങൾക്കുള്ള പുതിയ ഭരണഘടന ഹിതപരിശോധനയിൽ തള്ളപ്പെട്ടെങ്കിലും ആ രാഷ്ട്രീയമാണ് ചിലി സർക്കാരിനെ അധികാരത്തിലെത്തിച്ചത്. അർജന്റീനയിലും മെക്‌സിക്കോയിലും കൊളംബിയയിലും ഗർഭച്ഛിദ്രം കുറ്റകൃത്യമല്ലാതാക്കുകയും നിയമവിധേയമാക്കുകയും ചെയ്തത് ഈ രാഷ്ട്രീയമുന്നേറ്റങ്ങളും അതിനെത്തുടർന്നുവന്ന സർക്കാരുകളുമാണ്.
അതായത് മൂലധനശക്തികൾക്കൊപ്പംനിന്ന് മുതലാളിത്ത വികസനത്തിന്റെ പല്ലവി പാടുകയല്ല ലോകത്തെ പുതുകാല ഇടതുപക്ഷ രാഷ്ട്രീയം ചെയ്യുന്നത് എന്നത് കേരളമടക്കമുള്ളയിടങ്ങളിൽ കൂടുതൽ ചർച്ചയാകേണ്ടതാണ്. ചിലിയിലും കൊളംബിയയിലും ജനം എന്തുതരം ചൂഷണത്തെയാണ് തള്ളിപ്പറയാൻ ശ്രമിക്കുന്നത്, അതുതന്നെയാണ് പല വഴികളിലായി പുത്തൻ വർഗത്തിനുവേണ്ടി കേരളത്തിലടക്കം നടക്കുന്നതെന്നതും അദാനി വഴി വിഴഞ്ഞത്ത് വരുന്നതെന്നുമൊക്കെ കാണാൻ അത്ര ബുദ്ധിമുട്ടില്ല. പരിസ്ഥിതി എന്ന് കേൾക്കുമ്പോൾ ‘പരിസ്ഥിതിയോളി’ എന്നുവിളിക്കുന്ന പ്രചാരണസംവിധാനത്തെ സൃഷ്ടിച്ചുവെച്ച കേരളത്തിലെയൊക്കെ ഇടതുപക്ഷഭരണം, തെക്കേ അമേരിക്കയിലേക്ക് നോക്കി ആവേശം കൊള്ളുന്നത് നല്ലതിനാകട്ടെ എന്നാഗ്രഹിക്കാം.
2000-മാണ്ടുകളിൽ തെക്കേ അമേരിക്കയിൽ ഉയർന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ രണ്ടാം തരംഗമാണ് ഇപ്പോൾ കാണുന്നത്. അതിന് ഒരേസമയം തുടർച്ചയും വ്യത്യസ്തതയുമുണ്ടെന്നും കാണാം. അന്ന് മുതലാളിത്തത്തിന്റെ നവ ഉദാരീകരണ ആക്രമണത്തോടുള്ള പ്രതിഷേധമായിരുന്നു എങ്കിൽ ഇന്നിപ്പോൾ തീവ്രവലതുപക്ഷത്തിനോടുള്ള പോരാട്ടം കൂടി അതിൽ ചേർന്നിരിക്കുന്നു. യൂറോപ്പിൽ തീവ്രവലതുപക്ഷം പല രൂപത്തിൽ ശക്തിപ്പെടുന്നു എന്നും കാണാം. വലതുപക്ഷ ചേരിയിൽത്തന്നെയുള്ള ഏറ്റുമുട്ടലുകൾ പുട്ടിന്റെ യുക്രെയ്ൻ ആക്രമണം പോലെ കൂടുതലായി സൈനികസ്വഭാവം ആർജ്ജിക്കുന്ന ലോകസാഹചര്യവുമുണ്ട്.
ഇത്തവണ ബ്രസീലിൽ നടന്ന തെരഞ്ഞെടുപ്പിലും ആഗോള വലതുപക്ഷം ബൊൽസൊനാരോയെ പിന്തുണച്ചിരുന്നു. ട്രംപിന്റെ പ്രചാരണവിഭാഗം തലവനായിരുന്ന സ്റ്റീവ് ബാനൻ ആദ്യഘട്ട വോട്ടെടുപ്പിനുശേഷം ആരോപിച്ചത്, തെരഞ്ഞെടുപ്പിൽ കള്ളക്കളി നടന്നതുകൊണ്ടാണ് ബൊൽസൊനാരോ പിന്നിൽപ്പോയത് എന്നാണ്. ലുലയും ബൊൽസൊനാരോയും തമ്മിലുള്ള തെരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല നടന്നത്, ലുല തന്നെ വിശേഷിപ്പിച്ചതുപോലെ ‘ജനാധിപത്യവും മുഠാളത്തവും' (Democracy versus barbarity ) തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു.
സമൂഹത്തിന്റെ വലതുവപക്ഷവത്ക്കരണമെന്നാൽ സമൂഹത്തിന്റെ സൈനികവത്ക്കരണം കൂടിയാണ്. 2019-ൽ ബ്രസീലിന്, നാറ്റോയിലില്ലാത്ത ഏറ്റവും അടുത്ത സഖ്യകക്ഷി എന്ന പദവി ട്രംപ് നൽകിയിരുന്നു, ആഗോള വലതുപക്ഷ സൈനിക സഖ്യം രൂപപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 2018-ലെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കൈത്തോക്ക് പോലെ വിരലുകൾ ചേർത്ത് ആംഗ്യം കാട്ടിയായിരുന്നു ബൊൽസൊനാരോ പ്രചാരണം നടത്തിയത്. തോക്ക് കൈവശം വെക്കാനുള്ള കാലാവധി അഞ്ചിൽ നിന്ന് പത്തു വർഷമാക്കി ഉയർത്തി അയാൾ തന്റെ രാഷ്ട്രീയം തെളിയിക്കുകയും ചെയ്തു. 2017-നു ശേഷം ബ്രസീലിൽ അന്നുവരെയുള്ളതിനേക്കാൾ ഇരട്ടിയായി നിയമാനുസൃതം കൈവശം വെച്ച തോക്കുകളുടെ എണ്ണം. അനധികൃതമായവ വേറെയും. നിരായുധീകരണ നിയമം (2003) കൊണ്ടുവരികയും ആയുധങ്ങൾ തിരിച്ചേൽപ്പിക്കാനുള്ള പ്രചാരണത്തിലൂടെ ഏതാണ്ട് അഞ്ചു ലക്ഷം തോക്കുകൾ തിരിച്ചേൽപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ലുല ഭരണവുമായുള്ള വ്യത്യാസം ചെറുതായിരുന്നില്ല.
പരിസ്ഥിതിയുടെയും ദാരിദ്ര്യത്തിന്റെയും രാഷ്ട്രീയം
ബ്രസീൽ തെരഞ്ഞെടുപ്പ് ലോകത്തെ സംബന്ധിച്ച് നിർണായകമാകുന്നത് മറ്റൊരു വിഷയത്തിന്റെ പേരിൽ കൂടിയാണ്: ലോകത്തിലെ ഏറ്റവും വലിയ നിത്യഹരിത വനപ്രദേശമായ ആമസോൺ മഴക്കാടുകൾക്കുമേൽ നടക്കുന്ന അതിദ്രുതവും അതിഭീകരവുമായ വനനശീകരണത്തിന്റെയും ഗോത്രജനതയടക്കമുള്ള ദരിദ്രരെ പുറന്തള്ളിക്കൊണ്ടുള്ള കയ്യേറ്റത്തിന്റെയും കൂടി പശ്ചാത്തലം കൂടി പ്രസക്തമാകുന്നു. കാലാവസ്ഥാമാറ്റത്തിനെക്കുറിച്ചുള്ള ഏതു പഠനവും നുണയാണെന്ന് പറയുന്ന ആഗോള വലതുപക്ഷത്തിന്റെ കൂടെയായിരുന്നു ട്രംപും ബൊൽസൊനാരോയും അടക്കമുള്ളവർ. ആമസോൺ നശീകരണം ബോൽസനാരോയുടെ രാഷ്ട്രീയ ‘വികസന' അജണ്ടയായിരുന്നു. കഴിഞ്ഞ ആറു വർഷങ്ങൾക്കുള്ളിൽ നടന്ന വനശീകരണം സമാനതകളില്ലാത്തയായിരുന്നു. 1985 മുതൽ 2020 വരെയുള്ള കാലത്ത് 450000 ചതുരശ്ര കിലോമീറ്റർ ആമസോൺ മഴക്കാട് നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. ഇതിനെ കൂടുതൽ രൂക്ഷമാക്കി കൂടുതൽ മേഖലകളിലേക്ക് അനധികൃത സ്വർണ ഖനനവും തടിവെട്ടലും കയ്യേറ്റവും വ്യാപിക്കുകയും പലതും നിയമവിധേയമാക്കുകയുമാണ് ബൊൽസൊനാരോയുടെ വലതുപക്ഷ സർക്കാർ ചെയ്തത്. 2021 ഏപ്രിലിൽ മാത്രം 580 ചതുരശ്ര കിലോമീറ്റർ വനം ഇല്ലാതാക്കി. 2020-ൽ 10851 ചതുരശ്ര കിലോമീറ്റർ വനമാണ് നശിപ്പിച്ചത്. യൂറോപ്പിനും യു.എസിനും ധനികർക്കും വേണ്ട കാർഷികവിഭവങ്ങളും സോയ കൃഷിയും തടിയും പശുവിറച്ചിയുമൊക്കെയാണ് വനനശീകരണത്തിന്റെ കാരണങ്ങളിൽ ചിലത്. ആമസോൺ സംരക്ഷിക്കും എന്നത് ലുലയുടെ പ്രധാന മുദ്രാവാക്യമാണ് എന്നത് പ്രതീക്ഷ നൽകുന്നുണ്ട്.
പ്രൊട്ടസ്റ്റൻറ് സഭയുടെ പഴയ ‘പിശാച്’ ഇപ്പോൾ ദൈവ സംരക്ഷകൻ
എക്കാലത്തെയും പോലെ ക്രൈസ്തവസഭകൾ വലതുപക്ഷത്തിനുവേണ്ടിയും ഇടതുപക്ഷത്തിനെതിരായുമാണ് നിലപാടെടുത്തത്. 1998-ലെ തെരഞ്ഞെടുപ്പിൽ ലുലയെ പ്രൊട്ടസ്റ്റൻറ് സഭ ‘പിശാച്' എന്നാണ് വിളിച്ചത്. ഇത്തവണ വലിയ വിഭാഗം ജനങ്ങളിൽ സ്വാധീനമുള്ള ഇവാൻജെലിക്കൽ സുവിശേഷസംഘങ്ങൾ ദൈവത്തിന്റെയും ദൈവവിശ്വാസത്തിന്റെയും സംരക്ഷകനായാണ് ബൊൽസൊനാരോയെ അവതരിപ്പിച്ചത്. ജനം വിശപ്പും തൊഴിലുമാണ് നോക്കിയത്. ഇതുവരെ മതംമാറ്റത്തിനും ക്രൈസ്തവപ്രചാരണത്തിനും അനുമതി നൽകാത്ത ചില വിഭാഗം ഗോത്രജനതകൾക്കിടയിലേക്ക് മതപ്രചാരണത്തിനുള്ള അനുവാദം ലഭിക്കൽ അവരുടെ ആവശ്യമായിരുന്നു. തെക്കേ അമേരിക്കയുടെ നിത്യദുരിതത്തിലും അവിടുത്തെ ജനതയെ സാമ്രാജ്യത്വത്തിന്റെയും ധനികരുടെയും അടിമകളാക്കി നിലനിർത്തുന്നതിലും ക്രിസ്ത്യൻ സഭകളുടെ പങ്ക് ഇടർച്ചയില്ലാത്തവിധം പ്രത്യക്ഷമാണ്.
നിയോ ലിബറൽ നയങ്ങൾ മൂലം കൊടും ദാരിദ്ര്യത്തിലേക്ക് വീണ്ടും കൂപ്പുകുത്തുന്ന ജനം അതിന്റെ ഗതികേടിൽ നിന്നാണ് ഈ തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്. ലുലയുടെ ആദ്യ ഭരണകാലം ദാരിദ്ര്യത്തിനെതിരായ വലിയ നടപടികളുണ്ടായ കാലമായിരുന്നു. ഉദാഹരണത്തിന്, 1992ൽ ഗ്രാമീണ തൊഴിലാളിയുടെ വേതനം നഗരതൊഴിലാളിയുടെ വേതനത്തിന്റെ 29% ആയിരുന്നു എങ്കിൽ 2013-ൽ അത് 39% മായി. ഇതേ രീതിയിൽ കറുത്ത വംശജരുടെ വേതനം വെള്ളക്കാരന്റേതിന്റെ 48% മായിരുന്നത് 57% മായി. സ്ത്രീ-പുരുഷ വേതനം ഇതേ അനുപാതത്തിൽ 53% ത്തിൽ നിന്ന് 71% ആയി. 2013-ൽ സാമൂഹ്യ സുരക്ഷാസഹായത്തിനും ധനസഹായത്തിനുമായി തുടങ്ങിയ പദ്ധതികൾക്ക് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 13.8% ചെലവഴിച്ചു. ഇത്തരത്തിൽ, ദാരിദ്ര്യം മാറ്റൽ ലുലാ സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയായിരുന്നു. എന്നാൽ, ബൊൽസൊനാരോയുടെ ഭരണം ഈ പ്രവണതയെ പിറകോട്ടടിപ്പിച്ചു. അതിനെതിരെക്കൂടിയാണ് ഇപ്പോഴുള്ള വിധിയെഴുത്ത്.
ഗാലിയാനോ തന്റെ പുസ്തകം ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്: ‘ലാറ്റിനമേരിക്കയുടെ ഉയർത്തെഴുന്നേൽക്കലിന് ഭീമമായ ജീർണ്ണതയെ കടലിന്റെ ആഴങ്ങളിലേക്ക് തള്ളേണ്ടതുണ്ട്. നിന്ദിതരും പീഡിതരും നിസ്വരുമായവരുടെ കൈകളിലാണ് ആ കടമ. ഓരോ രാജ്യത്തുനിന്നും അതിന്റെ ചൂഷകരെ പുഴക്കിയെറിഞ്ഞുകൊണ്ടായിരിക്കണം അതിന്റെ പുനർജ്ജനനം തുടങ്ങേണ്ടത്. കലാപങ്ങളുടെയും മാറ്റത്തിന്റെയും കാലങ്ങളിലേക്കാണ് നമ്മൾ കടക്കുന്നത്. ദൈവങ്ങളുടെ കാൽക്കീഴിലാണ് വിധിയെന്ന് കരുതുന്നവരുണ്ട്; എന്നാൽ അത് മനുഷ്യ മനസാക്ഷിയെ എരിയുന്ന വെല്ലുവിളിയായി നേരിടുന്നു എന്നതാണ് സത്യം.'