ബ്രസീലും ഇളംചുവപ്പ് രാശിയിലേക്ക് തന്നെയാണൊണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുത്. ബ്രസീലിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിലെ എല്ലാ ആശങ്കകളും അവസാനിപ്പിച്ചുകൊണ്ട് ലുല ഡാ സിൽവ വിസ്മയകരമായ വിജയം നേടിയിരിക്കുന്നു. ലുലയുടെ വിജയം തീവ്രവലതുപക്ഷത്തിനെതിരായ ലാറ്റിനമേരിക്കയുടെ ഇടതുപക്ഷ പ്രതിരോധത്തെയാണ് കാണിക്കുന്നത്. ലോകത്തെ കോർപ്പറേറ്റ് കൊള്ളയ്ക്കും വംശീയതയ്ക്കും എറിഞ്ഞുകൊടുക്കുന്ന ട്രംപിസ്റ്റുകൾക്കെതിരായ മൂന്നാംലോക ദേശീയതയുടെയും സാർവ്വദേശീയ സമൂഹത്തിന്റെയും പ്രതിരോധങ്ങളുടെ ഭാഗമായിരുന്നു ബ്രസീലിന്റെയും ലുലയുടെയും പോരാട്ടങ്ങൾ.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കും സോഷ്യലിസ്റ്റ് ബ്ലോക്കിൻെറ തിരോധാനത്തിനുംശേഷം ചരിത്രം അവസാനിച്ചുവെന്ന് സമാധാനിച്ചിരുന്ന എല്ലാ വലതുപക്ഷവാദികൾക്കും സാമ്രാജ്യത്വക്യാമ്പുകൾക്കും മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ലാറ്റിനമേരിക്കയിലെ വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിൽ തെരഞ്ഞെടുപ്പുകളിലൂടെ തന്നെ പുതിയ ഇടതുപക്ഷം അധികാരത്തിൽ വരുന്നത്. നിയോലിബറൽ നയങ്ങൾക്കും ദേശീയതാൽപര്യങ്ങൾക്കുമെതിരായ സാമ്രാജ്യത്വ അധിനിവേശ നീക്കങ്ങൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തിൽ വെനിസ്വേലയിൽ ഇടതുപക്ഷ ബദൽനയങ്ങൾ നടപ്പാക്കിത്തുടങ്ങിയത്. ലാറ്റിനമേരിക്കയിലെ ബൊളീവിയ, ചിലി, ഇക്വഡോർ, പരാഗ്വ, നിക്കാരഗ്വ തുടങ്ങി പല രാജ്യങ്ങളിലും മാറിയും ഇടവിട്ടും തെരഞ്ഞെടുപ്പുകളിലൂടെ തന്നെ ഇടതുപക്ഷപാർടികൾ അധികാരത്തിലെത്തുന്നതാണ് 1990-കളുടെ പകുതിക്കുശേഷം നാം കണ്ടത്. ബ്രസീലിലെ വർക്കേഴ്സ് പാർടിയുടെ ഇപ്പോഴുണ്ടായ വിജയം ഇടതുപക്ഷത്തിന്റെ ലാറ്റിനമേരിക്കയിലെ ശക്തമായ പുനരുജ്ജീവനത്തെയാണ് കാണിക്കുന്നത്.

ബ്രസീലിലെ തീവ്രവലതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന മുൻ പ്രസിഡണ്ട് ബോൾസൊനാരോയുടെ പുത്രൻ ഫ്ളാവിയോ ബോൾസൊനാരോയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ലുല ആദ്യഘട്ടത്തിലെ പിറകോട്ടടികളെ മറികടന്ന് തിരിച്ചുവരവ് നടത്തിയത്. മൂന്ന് ശതമാനത്തിലേറെ വോട്ടിൻെറ വ്യത്യാസത്തിലാണ് ബ്രസീലിലെ ട്രംപിസ്റ്റായ ഫ്ളാവിയോ ബോൾസൊനാരോയെ തൊഴിലാളി നേതാവായ ലുല മലർത്തിയടിച്ചത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ലുല പരാജയപ്പെടുന്ന സൂചനകളാണ് പുറത്തുവന്നിരുന്നത്. അത് സാമൂഹ്യമാധ്യമങ്ങൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ കൂടി പ്രതിഫലനമായിരുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ബോൾസൊനാരോയ്ക്ക് അനുകൂലമായി മെറ്റയുടെ പ്ലാറ്റ്ഫോമിലൂടെ വ്യാപകമായ പ്രചാരണം ലഭിച്ചിരുന്നു. ഇത് ബോൾസൊനാരോയ്ക്ക് വലിയ മേൽക്കൈ നേടിക്കൊടുക്കുകയും ചെയ്തു.
ഈ അസന്തുലിതാവസ്ഥയെ ലുല സുപ്രീം കോടതിയിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് മെറ്റയോട് സുപ്രീംകോടതി നീതിയുക്തമായ പ്രചാരണാവസരം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചത്. പൊതുവെ ഇടതുപക്ഷത്തിന്റെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടൽ ദുർബലമായിരുന്ന സാഹചര്യമാണ് ബോൾസൊനാരോയിക്ക് ആദ്യഘട്ടത്തിൽ അനുകൂല സാഹചര്യം സൃഷ്ടിച്ചത്. വലതുപക്ഷം സാമൂഹ്യമാധ്യമങ്ങളെ വൻതോതിൽ തന്നെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ഈ രംഗത്തെ ദുർബലാവസ്ഥയെ സംബന്ധിച്ച തിരിച്ചറിവാണ് ആദ്യഘട്ടത്തിലെ പരാജയത്തിൽ നിന്ന് തങ്ങളുടെ തന്ത്രങ്ങൾക്ക് കാര്യമായ മാറ്റമുണ്ടാക്കാനുള്ള നടപടികളിലേക്ക് അവരെയെത്തിച്ചത്. പുതിയ കാലവും സാഹചര്യവും ആവശ്യപ്പെടുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലും അത്തരം പ്ലാറ്റ്ഫോമുകളെ ഉപയോഗിച്ചുള്ള പ്രചാരണവും വളരെ പ്രധാനവുമാണെന്ന പാഠവുമാണ് ബ്രസീലിലെ അനുഭവങ്ങൾ ഇടതുപക്ഷത്തിന് നൽകുന്നത്.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പിങ്ക്ടൈഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും ട്രംപിസത്തിനെതിരായ ജനാധിപത്യ പ്രതിരോധങ്ങളുടെയും ഉത്ഥാനത്തെയാണ് ബ്രസീലിലെ ലുല ഡ സിൽവയുടെ വിജയം കാണിക്കുന്നത്. 51.75% വോട്ടുകൾ നേടിയാണ് തീവ്രവലതുപക്ഷ നിലപാടുകളെ പിൻപറ്റിക്കഴിയുന്ന ഫ്ളാവിയ ബോൾസൊനാരോയെ ലുല പരാജയപ്പെടുത്തിയത്. ലാറ്റിനമേരിക്കയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലും അമേരിക്കൻ സാമ്രാജ്യത്വവും സയണിസ്റ്റുകളും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന കടാക്രമണങ്ങളുടെയും സി.ഐ.എ അട്ടിമറികളുടെയും പശ്ചാത്തലത്തിലാണ് ലുലയുടെ ചരിത്രവിജയം ചർച്ചചെയ്യപ്പെടുന്നത്. ബ്രസീലിലെ ഈ ഇടതുപക്ഷവിജയം നവലിബറലിസത്തിനും വംശീയതക്കുമെതിരായ ജനവികാരത്തെയാണ് പ്രകടിപ്പിക്കുന്നത്. നിയോഫാഷിസ്റ്റുകൾക്കും സാമ്രാജ്യത്വഅധിനിവേശ നയങ്ങൾക്കുമെതിരായി ലാറ്റിനമേരിക്കൻ പ്രതിരോധത്തിന്റെ വിജയകരമായ പുനരുജ്ജീവനത്തെ കൂടിയാണ് ലുലയുടെ വിജയം രേഖപ്പെടുത്തുന്നത്.

ലാറ്റിനമേരിക്കയിലെ മെക്സിക്കോ, കൊളംബിയ, ചിലി തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ മുന്നേറ്റങ്ങളോട് ചേർത്തുവെച്ച് കൊണ്ടുതന്നെയാണ് ബ്രസീലിലെ ഈ വിജയത്തെ കാണേണ്ടത്. വെനിസ്വേലയിൽ അമേരിക്കൻ ഡാറ്റ ഫോഴ്സ് നടത്തിയ കടന്നാക്രമണവും പ്രസിഡണ്ട് മഡൂറയെ ജീവതപങ്കാളിയെയും പിടിച്ചുകെട്ടി വിമാനത്തിൽ കയറ്റി അമേരിക്കയിൽ കൊണ്ടുപോയി തടവറയിലിട്ടതും ഈ മേഖലയിലെ അമേരിക്കൻ അധിനിവേശത്തിന്റെ ഭീകരതയാണ് കാണിക്കുന്നത്. നിയോലിബറൽ നയങ്ങൾക്കെതിരായി ബൊളിവേറിയൻ ബദൽ ഉയർത്തിയ ഷാവെസിനെയും ബൊളീവിയയിലെ ഇവാമൊറെയ്ൽസിനെയും വേട്ടയാടിയ യു.എസ് സാമ്രാജ്യത്വം എല്ലാ അന്താരാഷ്ട്ര നിയമങ്ങൾക്കുമെതിരായിട്ടാണ് വെനിസ്വേലയിൽ കടുകയറിയത്.
അമേരിക്കൻ എണ്ണകമ്പനികൾക്കും അഗ്രിബിസിനസ്സ് കമ്പനികൾക്കുമെതിരായി ശക്തമായ നിലപാട് സ്വീകരിച്ച ബ്രസീലിലെ ദിൽമ റൗസഫിനെതിരെ 2016-ൽ സി.ഐ.എയും വലതുപക്ഷശക്തികളും ചേർന്ന് അട്ടിമറി സംഘടിപ്പിക്കുകയായിരുന്നു. ബ്രസീലിലെ പെട്രോളിയം ഖനനസംസ്കരണ വിതരണ മേഖലകൾ കയ്യടക്കിയ ഷവറോൺ എന്ന അമേരിക്കൻ പെട്രോളിയം കമ്പനിയെ വെല്ലുവിളിച്ചുകൊണ്ടാണ് ദിൽമ റൗസഫിന്റെ ഗവൺമെന്റ് പൊതുമേഖലയിൽ പെട്രോബാസ് എന്ന എണ്ണക്കമ്പനി സ്ഥാപിച്ചത്. ഇതിൽ പ്രകോപിതരായിക്കൊണ്ടാണ് ബ്രസീലിയൻ വലതുപക്ഷത്തെക്കൊണ്ട് ദിൽമക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്. അവിടുത്തെ തീവ്രവലതുപക്ഷനേതാവായ മൈക്കൽടെർമർ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ദിൽമയെ സി.ഐ.എയുടെ സഹായത്തോടെ പുറത്താക്കാനുള്ള നീക്കമാണ് നടത്തിയത്.
മൈക്കൽടെർമറും ഇപ്പോൾ ലുലയ്ക്കെതിരായി മത്സരിച്ച ബോൾസൊനാരോവും അങ്ങേയറ്റം പ്രതിലോമകരമായ വർണപുരുഷാധിപത്യ യാഥാസ്ഥിതിക നിലപാടുകൾ പിന്തുടരുന്നവരാണ്. ബ്രസീലിയൻ ഡെമോക്രാറ്റിക് പാർടി വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച് വൻകിട മാധ്യമസഹായത്തോടെ ജനങ്ങളുടെ ക്ഷേമകാര്യങ്ങൾക്ക് പണം ചെലവഴിച്ചതിനെ അഴിമതിയായി ചിത്രീകരിച്ച് കുറ്റവിചാരണ നടത്തുകയായിരുന്നു. ലാറ്റിനമേരിക്കയിലും വിശിഷ്യാ ബ്രസീലിലുമുള്ള ഒട്ടുമിക്ക വലതുപക്ഷപാർടികളും വൻകുംഭകോണങ്ങളിലും റിയൽഎസ്റ്റേറ്റ് ബിസിനസ്സുകളിലും ക്രിമിനൽവൃത്തികളിലും ഏർപ്പെട്ടിരിക്കുന്ന നേതാക്കൾ നയിക്കുന്നവയാണ്. ഇതിനെതിരായി ഉയർുവരുന്ന ജനവികാരങ്ങളാണ് ലാറ്റിനമേരിക്കൻ ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിന് സഹായകരമായത്.

അമേരിക്കൻ ഐക്യനാട് തൊട്ട് തെക്കോട്ട് കിടക്കുന്ന ജനവാസമേഖലകളാണ് മെക്സിക്കൊ, ഗ്വാട്ടിമാല, ബലീസ്, ഹോണ്ടുറാസ്, എൽസാവദോർ, നിക്കരാഗ്വ, കോസ്റ്ററിക്ക, പനാമ തുടങ്ങിയ രാജ്യങ്ങൾ. അമേരിക്കൻ വൻകരയുടെ ഭാഗമായ പനാമയ്ക്ക് ദക്ഷിണഭാഗത്ത് സ്ഥിതിചെയ്യുന്ന 13 രാഷ്ട്രങ്ങളാണ് തെക്കേ അമേരിക്കയിലുള്ളത്. വെനിസ്വേല, കൊളംബിയ, ഗയാന, സൂരിന, ഫ്രഞ്ച് ഗയാന, ബ്രസീൽ, ഇക്വഡോർ, പെറു, ബൊളീവിയ, ഉറുഗ്വേ, പരാഗ്വേ, ചിലി, അർജന്റീന തുടങ്ങിയ രാഷ്ട്രങ്ങൾ. ഒരു ഡസനോളം വരുന്ന സ്വതന്ത്ര പരമാധികാര രാജ്യങ്ങളായ കരീബിയൻ ദ്വീപ് സമൂഹങ്ങളും കൂടിച്ചേർന്നതാണ് ലാറ്റിനമേരിക്കൻ ഭൂഖണ്ഡം.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിൻമുറ്റം എന്ന് വിളിക്കാവുന്ന ഈ മേഖലയെ തങ്ങളുടെ വരുതിയിൽ നിർത്താനാണ് എല്ലാകാലത്തും അമേരിക്കയിലെ യുണൈറ്റഡ് ഫ്രൂട്ട്സ് കമ്പനി, കാർഗിൽ ഇൻ കോർപ്പറേറ്റ് പോലുള്ള അഗ്രി ബിസിനസ്സ് കമ്പനികൾ ശ്രമിച്ചിട്ടുള്ളത്. ഷവറോൺ പോലുള്ള എണ്ണകമ്പനികളും എ.ടി.ടി തുടങ്ങിയ ധാതു ഖനന കമ്പനികളും ലാറ്റിനമേരിക്കയെ എന്നും അമേരിക്കയുടെ കോളനിയായി നിർത്താനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ ലാറ്റിനമേരിക്കൻ ജനതയും സമൂഹങ്ങളും സ്വയംനിർണ്ണയനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അവിരാമമായി പോരാടിയിട്ടുണ്ട്. ആ വിമോചന പോരാട്ടങ്ങളെയെല്ലാം ചോരയിൽ മുക്കിക്കൊന്ന ചരിത്രമാണ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റേത്.
