ജസീന്ത ആർഡൻ; ഫെമിനിസ്റ്റ് പൊളിറ്റീഷ്യൻ, ഫെമിനിസ്റ്റ് പി.എം

ജനങ്ങളോട് ഫേസ്ബുക്ക് ലൈവിലൂടെ സംസാരിക്കുന്ന, വംശീയവെറിക്കിരയായി മരിച്ചവർ 'നമ്മളാണ്' എന്നു പറയുന്ന, ഇടുങ്ങിയ ദേശീയതയെ തിരുത്തുന്ന, പസഫിക്കിലെ ആണവായുധ പരീക്ഷണങ്ങളോട് പ്രതിഷേധിക്കുന്ന, ട്രംപിന്റെ നയങ്ങളെ വിമർശിക്കുന്ന, സഹാനുഭൂതിയുടെ സ്ത്രീ മാതൃകയിൽനിന്ന് വിമോചിതയായ, ഭരണകൂടങ്ങൾക്ക് നഷ്ടമാകുന്ന ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും രാഷീട്രീയം വീണ്ടെടുക്കുന്ന ഒരു പ്രധാനമന്ത്രി, ലോകനേതാവ്...

ന്യൂസിലാന്റ് പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഒക്‌ടോബർ 17ന് രാത്രി ജസീന്ത ആഡൻ പാർട്ടി പ്രവർത്തകരോടും വോട്ടർമാരോടും ലോകത്തോടും നടത്തിയ പ്രസംഗമുണ്ട്. അത് ഒട്ടും റൊമാന്റിക്ക് ആയിരുന്നില്ല. ഉൾക്കൊള്ളലിന്റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്ന യാഥാർത്ഥ്യബോധമുള്ള സംസാരമായിരുന്നു അത്: ‘അതിവേഗം ധ്രുവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. മറ്റൊരാളുടെ കാഴ്ചപ്പാട് എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന മനുഷ്യരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലത്ത്. നമ്മളാര് എന്നതിന്റെ പ്രദർശനമല്ല, മറിച്ച് ഒരു രാഷ്ട്രം എന്ന നിലയ്ക്ക് നമുക്ക് മറ്റുള്ളവരെ കേൾക്കാനും മറ്റുള്ളവരുമായി സംവദിക്കാനും കഴിയും' .

നമ്മൾ എന്ന ആശയത്തെ ഒരു രാഷ്ട്രത്തിന്റെ ഏറ്റവും ശക്തയായ പ്രതിനിധിയായി വിജയിച്ചുനിന്നുകൊണ്ട് ലോകത്തിലേക്ക് പ്രസരിപ്പിക്കുകയായിരുന്നു അവർ, അതും ലോകം തന്നെ ശ്രദ്ധിച്ചുകേൾക്കുമെന്ന് ഉറപ്പുള്ള സമയത്ത്.

അവർ നമ്മളാണ്; they are us

ലോകമെമ്പാടും പടർന്നുപിടിച്ച ഒരു പകർച്ചവ്യാധിയുടെ കാലത്ത്, ആ വ്യാധിയെ ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ച് ലോകത്തിന് മാതൃകയായ ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരിയായിരുന്നു അവർ. ജനങ്ങളോടവർ ഫേസ്ബുക്ക് ലൈവിലൂടെ സംസാരിച്ചുകൊണ്ടേയിരുന്നു. ഫേസ്ബുക്ക് പ്രധാനമന്ത്രിയെന്ന് ഇരട്ടപ്പേര് വീണു. പക്ഷേ ചീകിയൊതുക്കിവെയ്ക്കാത്ത മുടിയുമായി, ഇൻഫോർമലായ കുപ്പായമിട്ട്, ഭരണത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളെ ഫ്രെയിമിൽ വെയ്ക്കാതെ ന്യൂസിലാന്റുകാരോട് കോവിഡ് പ്രതിരോധത്തെക്കുറിച്ച് ശാസ്ത്രീയമായി സംവദിച്ച ആ പ്രധാനമന്ത്രി, മരണസംഖ്യ 25ൽ ഒതുക്കി നിർത്തി.

ന്യൂസിലാന്റിലെ കുറഞ്ഞ ജനസംഖ്യയും ഭൂപ്രകൃതിയും സമ്പന്നമായ സാമ്പത്തികാവസ്ഥയും കോവിഡ് പ്രതിരോധം ഫലപ്രദമാക്കാൻ സഹായിച്ചു എന്നത് മുഖ്യഘടകമാണ്, പക്ഷേ മാധ്യമങ്ങൾ എഴുതിയപോലെ, കളിക്കുമ്പോൾ തൊട്ടടുത്ത വീട്ടിലേക്ക് തെറിച്ചുപോയ ഒരു പന്തെടുക്കുന്നതിന് പോലും ലോക്ക്ഡൗൺ കാലത്ത് ജസീന്തയുടെ രാജ്യത്ത് നിരോധനമുണ്ടായിരുന്നു.

2019 ൽ വംശീയവെറി കൊണ്ട് ഒരു ആസ്‌ട്രേലിയക്കാരൻ 51 മുസ്‌ലിംകളെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ കയറി ആരാധനാസമയത്ത് വെടിവെച്ച് കൊന്നപ്പോൾ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാൻ ജസീന്ത ആഡൻ എത്തിയത് കൊല്ലപ്പെട്ടവരുടെ മതചിഹ്നമായ ഹിജാബ് ധരിച്ചാണ്. എന്നിട്ടവർ പറഞ്ഞതും ലോകം ശ്രദ്ധയോടെ കേട്ടു, അവർ നമ്മളാണ്; they are us.

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ​ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ഹിജാബ്​ ധരിച്ചെത്തിയ ജസീന്ത

2020 ഫെബ്രുവരിയിലെ ടൈം മാഗസിൻ കവർ ജസീന്ത ആർഡനായിരുന്നു. ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ പുറത്തിറങ്ങിയ മാഗസിന്റെ കവർ‌സ്റ്റോറി. അതിലവർ ഭീകരാക്രമണം നടന്ന ആ ദിവസം വിവരിക്കുന്നുണ്ട്. ആക്രമണം നടന്നതറിയിച്ചുവന്ന ഫോൺകോൾ, അവിടന്നങ്ങോട്ട് നടന്ന സംഭവങ്ങൾ, മൃതദേഹങ്ങൾ, ബന്ധുക്കൾ, പ്രതിഷേധങ്ങൾ, മതാചാരങ്ങൾ. ഇതിനിടയിലെപ്പോഴോ അവർ കയ്യിൽ കിട്ടിയ പേപ്പർ കഷണങ്ങളിൽ തന്റെ മാനസികാവസ്ഥ കുറിച്ചിട്ടു.

അതിനെക്കുറിച്ച് അവർ ടൈം മാഗസിനോട് പറഞ്ഞതിനെ ഇങ്ങനെ വിവർത്തനം ചെയ്യാം: ‘തലമുറകളായി ന്യൂസിലാന്റിൽ താമസിക്കുന്നവരോ ഒരു വർഷം മുമ്പുമാത്രം ഇവിടെ വന്നവരോ ആരുമാകട്ടെ, ഇത് അവരുടെ വീടായിരുന്നു. അവർ സുരക്ഷിതരായിരിക്കുകയും അവർക്ക് പ്രാർത്ഥിക്കാൻ കഴിയുകയും ചെയ്യണമായിരുന്നു. അപ്പോഴാണ് ഞാൻ ആ വാക്കുകൾ എഴുതിയത് ', They are Us.

അവർ ഞങ്ങൾ തന്നെയാണ് എന്ന മനസ്സോടെ, ഹിജാബ് ധരിച്ച ജസീന്ത ആഡൻ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ ഒരു രാഷ്ട്രീയ പ്രസ്താവനയായി മുദ്രണം ചെയ്യപ്പെട്ടു. സഹാനുഭൂതിയുടെ സ്ത്രീ മാതൃകയായല്ല, എംപതറ്റിക്കായ ഒരു രാഷ്ട്രീയ നേതാവായി, ലോകനേതാവായി ജസീന്ത ആർഡൻ മാറി. സ്ത്രീകളായ ഭരണാധികാരികൾ ജന്റർ ബൈനറിയുടേയും ജന്റർ ഹൈറാർക്കിയുടേയും മാനദണ്ഡങ്ങളാൽ വിശേഷിപ്പിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്ന പതിവ് ലോകരീതികളിൽ നിന്ന് അവർ സ്വാഭാവികമായി വിമോചിപ്പിക്കപ്പെട്ടു. തീർച്ചയായും അത് ആ ഒരു ഒറ്റ സംഭവം കൊണ്ടല്ല. അതൊരു പുതിയ തരം ജനാധിപത്യത്തിന്റെയും നേതൃത്വത്തിന്റേയും രൂപപ്പെടലിന്റെ ഇടയ്ക്ക് സ്വാഭാവികമായി സംഭവിച്ച പ്രതികരണത്തിന് കിട്ടിയ ലോകശ്രദ്ധയായിരുന്നു.

കൈക്കുഞ്ഞിനൊപ്പം യു.എന്നിൽ

സ്ത്രീകളായ ലോകനേതാക്കൾ, ഉള്ളിൽ പരുക്കരും പുറമേക്ക്​ മൃദുലരും എന്നോ സ്വയം തീരുമാനങ്ങളെടുക്കാൻ പ്രാപ്തരല്ലാത്തവർ എന്നോ, അധികാരം ദുർവിനിയോഗം ചെയ്യുന്നവർ എന്നോ ഉള്ള സ്ഥിരം ‘മാസ്‌കുലിൻ സിദ്ധാന്തങ്ങ'ളിൽ നിന്ന് ജസീന്ത ആർഡനിലെ ഭരണാധികാരിയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട് എന്നുവേണം വിലയിരുത്താൻ. അവരെ ലോകമാധ്യമങ്ങൾ സ്ത്രീയുടേതായ വിശേഷണങ്ങൾ ചേർക്കാതെ (പുരുഷ വിശേഷണങ്ങൾ ഇല്ലാത്തതുപോലെ) സ്റ്റോറികളാക്കുന്നുണ്ട്. ആൺനേതാക്കളുമായി താരതമ്യം ചെയ്യാതെ അവരുടെ ആശയങ്ങളെയും നയങ്ങളെയും നിലപാടുകളേയും വാർത്തകളാക്കുന്നുണ്ട്. "സ്ത്രീയായതുകൊണ്ടുള്ള പരിഗണനകൾ' നൽകാതെ അവരിലെ പൊളിറ്റീഷ്യനെ ബഹുമാനിക്കുന്നുണ്ട്.

ഒപ്പം അമ്മയും കുഞ്ഞും എന്ന ‘വൈകാരിക പവിത്ര' ക്ലീഷേ നന്മ ബന്ധത്തെ ഒരേസമയം ജൈവിക തുടർച്ചയായും അധികാരസ്ഥാനത്തിരിക്കുന്ന ഒരു പ്രൊഫഷണലിന്റെ ജീവിതത്തിലെ തിരഞ്ഞെടുപ്പവകാശമായും സ്ഥാപിച്ചുകൊണ്ടുള്ള മികച്ച മാതൃകയാവാനും ജസീന്ത ആർഡൻ എന്ന ഫെമിനിസ്റ്റ് പൊളിറ്റീഷ്യന് കഴിഞ്ഞു.

ടൈം മാഗസിൻ അഭിമുഖത്തിൽ അവരത് വളരെ വ്യക്തമായി പറയുന്നുണ്ട്. 2017ൽ ആദ്യതവണ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ജസീന്ത പ്രസവിക്കുന്നത്. ഒന്നര മാസം പ്രസവാവധിയെടുത്തു. ന്യൂസ് ലാന്റിലെ സെലിബ്രിറ്റിയായ ഫിഷർമാനും ജസീന്തയുടെ പാർട്ണറുമായ ക്ലാർക്ക് ഗേഫോർഡ് തുടർന്ന് കുഞ്ഞിന്റെ ചുമതല ഏറ്റെടുത്തു (primary childcare provider). മറ്റ് ബന്ധുക്കളുടെ സഹായവും ഉണ്ട്.

വ്യക്തി ജീവിതത്തെ ഒരു പ്രസ്താവനയാക്കി മാറ്റാം എന്ന ഉദ്ദേശ്യത്തോടെയല്ല കുഞ്ഞ് നേവയെ സംരക്ഷിക്കുന്നതിനായി ജസീന്തയും ഗേഫോർഡും ഇത്തരമൊരു ക്രമീകരണം നടത്തിയത്. ഒരു മേശയ്ക്ക് ഇരുപുറവും ഇരുന്ന് ‘നമ്മളിലാരാണ് വീട്ടിലിരുന്ന് കുഞ്ഞിനെ നോക്കുന്നത്, പറയൂ' എന്ന് ചർച്ച നടത്തി തീരുമാനിച്ചതുമല്ല. അതങ്ങ് തീരുമാനിക്കപ്പെട്ടു എന്നാണ് ന്യൂസിലാന്റ് പ്രധാനമന്ത്രി പറഞ്ഞത്. അത് രണ്ട് വ്യക്തികൾക്കിടയിലെ പരസ്പര ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും സ്വാഭാവിക പരിണതിയായിരിക്കണം. ഒരു പുരുഷ പ്രധാനമന്ത്രിയുടെ ചിന്താപരിസരങ്ങളിൽ ഒരിക്കലും വരാനിടയില്ലാത്ത ഒരു സാഹചര്യം. ജസീന്ത ആർഡനും ഗേഫോർഡും മനോഹരമായി പരിഹരിച്ച സാഹചര്യം.

2020 ഫെബ്രുവരിയിലെ ടൈം മാഗസിൻ കവർ

2018 സെപ്തംബറിൽ ഐക്യരാഷ്ടസഭയുടെ പൊതുസഭയിൽ ജസീന്ത ആർഡൻ പ്രസംഗിക്കാനെത്തിയപ്പോൾ കൂടെ ഗേഫോർഡും കൈക്കുഞ്ഞായ നേവയും ഉണ്ടായിരുന്നു. അങ്ങനെയൊരു ചിത്രം യു.എന്നിൽ ആദ്യം. അവിടെ ജസീന്ത ആർഡൻ സംസാരിച്ചത് ഒരു പുതിയ ലോകക്രമത്തിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു.

ഒഴിഞ്ഞുമാറിനിൽക്കുന്ന രാഷ്ട്രങ്ങളുടെ നയത്തിനെതിരെ, വംശീയതയ്ക്കെതിരെ, തിരസ്‌കരണങ്ങൾക്കെതിരെ ഉൾക്കൊള്ളലിന്റെ രാഷ്ടീയത്തെ മുൻനിർത്തി അവർ സംസാരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മനുഷ്യത്വവും കരുണയുമില്ലാത്ത നയങ്ങളെ നിശിതമായി വിമർശിച്ചു. രാജ്യാതിർത്തികൾ പ്രസക്തമല്ലാത്ത കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും വെർച്വൽ ലോകത്തെക്കുറിച്ചും പുതുതലമുറയുടെ കണക്റ്റിവിറ്റിയെക്കുറിച്ചും സംസാരിച്ചു: ‘ശാസ്ത്രത്തെക്കുറിച്ച് നമുക്ക് ഇഷ്ടമുള്ളതൊക്കെ സംസാരിക്കാം, ശാസ്ത്രസത്യങ്ങൾ എന്താണ് അർത്ഥമാക്കുന്നത് എന്നതും സംസാരിക്കാം. പക്ഷേ ചൂടുകൂടുമ്പോൾ അതിജീവിക്കണമെങ്കിൽ അത് കുറച്ചു കൊണ്ടുവന്നേ പറ്റൂ. ഉയരുന്ന സമുദ്രനിരപ്പിനെക്കുറിച്ച് പസഫിക് ദ്വീപുകളിലുള്ളവർ സംസാരിക്കുന്ന യാഥാർത്ഥ്യങ്ങളുണ്ട്. കുട്ടിയായിരിക്കുമ്പോൾ അവർ താമസിച്ചിരുന്ന ഗ്രാമങ്ങൾ കടലെടുത്ത് പോയതിനെക്കുറിച്ചുള്ള യാഥാർത്ഥ്യം.
ഇത്തരം ആഗോള മാറ്റങ്ങളോട് എങ്ങനെ ആക്റ്റ് ചെയ്യണം എന്നതിന് നമുക്ക് നിർബന്ധങ്ങളില്ലായിരിക്കാം. പക്ഷേ അതിന്റെയൊക്കെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നതിന് മനുഷ്യരാശിയ്ക്ക് പ്രത്യേകിച്ച് ഒരു ഓപ്ഷനും ഇല്ല'.

കാലത്തിന് അത്ര പരിചയമില്ലാത്ത പ്രധാനമന്ത്രി

ഞാൻ എന്ന വ്യക്തിപരതയിൽ നിന്ന്, ഞങ്ങൾ എന്ന ഇടുങ്ങിയ ദേശീയതയിൽ നിന്ന്, നമ്മൾ എന്ന ലോകക്രമത്തിലേക്ക് നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ സാന്നിധ്യമാണ് ജസീന്ത ആർഡൻ എന്ന 40 വയസ്സുകാരി അനുഭവിപ്പിക്കുന്നത്. നമ്മൾ എന്നതിലെ എംപതി. കൊറോണക്കാലത്ത് മയിലിന് തീറ്റ കൊടുക്കുന്ന, മാസ്‌ക് ഊരിക്കളയുന്ന, ശിലാന്യാസ പൂജയിൽ പങ്കെടുക്കുന്ന, അതിർത്തികളിൽ വേലി കെട്ടുന്ന ലോകനേതാക്കളുടെ നരച്ച ചിന്തകൾക്കുമേൽ ലോകം അവരെ ശ്രദ്ധിക്കുന്ന സന്ദർഭങ്ങളിലെല്ലാം ‘നമ്മളെ' പ്രഖ്യാപിക്കുകയാണ് ജസീന്ത ആർഡൻ.

ദേശീയതയുടെ അതിരുകളിൽ മതത്തിന്റെയും വ്യാജപാരമ്പര്യങ്ങളുടെയും തെറ്റായി വ്യാഖാനിക്കപ്പെട്ട ചരിത്രങ്ങളുടേയും ആയുധങ്ങൾ നിരത്തിവെച്ച് എപ്പോഴും യുദ്ധസന്നദ്ധരായി നിൽക്കുന്ന രാഷ്ട്രങ്ങളോട് ന്യൂസിലാന്റ് എന്ന തന്റെ രാജ്യത്തെക്കുറിച്ച് ജസീന്ത ആർഡൻ സുതാര്യമായ കാഴ്ചപ്പാട് പങ്കുവെക്കുന്നുണ്ട്. ആ രാജ്യത്തെ സിറ്റിസൺ എന്ന നിലയിലുള്ള തന്റെ അവകാശങ്ങളെക്കുറിച്ചും ആഗോള പൗരത്വം എന്ന തന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചും അവർക്ക് വ്യക്തതയുണ്ട്.

ദക്ഷിണ പസഫിക്കിന്റെ താഴെ വിദൂരതയിൽ സ്ഥിതി ചെയ്യുന്ന തന്റെ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ ഒരു രാഷ്ട്രമെന്ന നിലയിൽ അതിന്റെ മൂല്യങ്ങളെ രൂപപ്പെടുത്തിയതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് അവർ പറയാറുണ്ട്. ദക്ഷിണാഫ്രിക്കയിലെ വംശീയ വെറിയോടും പസഫിക്കിലെ ആണവായുധ പരീക്ഷണങ്ങളോടും പ്രതിഷേധിച്ചും പ്രതികരിച്ചും കൊണ്ട് അന്താരാഷ്ട്ര രാഷ്ട്രീയ മാറ്റങ്ങളോട് പ്രതിപ്രവർത്തിച്ച രാഷ്ട്രീയവളർച്ചയുടെ കാലത്ത് അവർക്ക് നിലമൊരുക്കിയത് സ്വന്തം രാജ്യത്തിന്റെ നീതിബോധവും എംപതിയുമാണ്. രാഷ്ട്രത്തിന്റെ പ്രയോജനവാദത്തോടാണ് അത് കൂറുപുലർത്തുന്നത് എന്നാണ് ജസീന്ത വിശ്വസിക്കുന്നത്.

ന്യൂസിലന്റിന്റെ ചരിത്രത്തിലെ ഏറ്റവും ആധികാരിക വിജയത്തോടെയാണ് ജസീന്ത ആർഡൻ അടുത്ത മൂന്നു വർഷത്തേയ്ക്ക് വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജസീന്തയുടെ ലേബർ പാർട്ടിയ്ക്ക് 49% വോട്ട്. തെരഞ്ഞെടുപ്പ് വിജയത്തെ ദ ടെലഗ്രാഫ് വിശേഷിപ്പിച്ചത്, മിസ് ആർഡന്റെ നിശ്ചയദാർഢ്യമുള്ള നേതൃത്വത്തിനും പ്രതിസന്ധികളിലെ - അത് കൊറോണ വൈറസ് പകർച്ചാവ്യാധിയാവട്ടെ, വംശീയ ആക്രമണമാവട്ടെ - സ്ഥൈര്യമുള്ള മാനേജ്‌മെന്റിനും ലഭിച്ച അംഗീകാരം എന്നാണ്. ലോകത്തെ വൻ സാമ്പത്തിക സ്വാധീനശേഷിയുള്ള അമേരിക്ക പോലുള്ള രാജ്യങ്ങൾക്ക് പോലും സാധിക്കാത്ത തരത്തിൽ മരണത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിർത്താൻ ജസീന്ത ആർഡന്റെ നേതൃത്വത്തിൽ ന്യൂസിലന്റിനു കഴിഞ്ഞു.

ആഗോള തലത്തിൽ തീവ്രവലതുപക്ഷ സർക്കാരുകൾ കൈക്കൊള്ളുന്ന സാമ്പത്തിക നയങ്ങൾക്കും ന്യൂനപക്ഷ വിരോധത്തിനും ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനുമെതിരായുള്ള സന്ദേശം കൂടിയാണ് ആർഡന്റെ സെന്റർ ലെഫ്റ്റ് രാഷ്ട്രീയത്തിന് ലഭിച്ച വലിയ വിജയമെന്ന് ടെലഗ്രാഫ് എഴുതി. ഇങ്ങനെ വിശേഷിപ്പിക്കുന്നത് ജസീന്ത ആർഡന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ജസീന്ത ലിബറലിസത്തിന്റെ പുതിയ മിശിഹായായേക്കും എന്നും ടെലഗ്രാഫ് എഴുതിവെച്ചു.

2018 സെപ്തംബറിൽ ഐക്യരാഷ്ടസഭ പൊതുസഭയിൽ ജസീന്ത ആർഡൻ കൈക്കുഞ്ഞ്​ നേവയെയും കൊണ്ട്​ പ്രസംഗിക്കാനെത്തിയപ്പോൾ. പാർട്​ണറായ ഗേഫോർഡ്​ സമീപം

ഒട്ടും സാധാരണമല്ലാത്ത ഒരു കാലത്ത് സാധാരണമല്ലാതെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച രാത്രി, രാജ്യത്തിന്റെ വീണ്ടെടുപ്പിന്റെ രാഷ്ടീയമാണ് ജസീന്ത ആർഡൻ സംസാരിച്ചത്. അവിടെയും ഒരിക്കലും അവർ ഞാൻ എന്ന് പറഞ്ഞില്ല. നമ്മൾ എന്ന് പറഞ്ഞു. പാർട്ടി എന്ന് പറഞ്ഞു, രാഷ്ട്രം എന്ന് പറഞ്ഞു. സ്ഥിരതയുള്ള സാമ്പത്തിക നയങ്ങളെക്കുറിച്ച് പറഞ്ഞു, സുരക്ഷിതരായി മനുഷ്യർ ജീവിച്ചിരിക്കേണ്ടതിനായി തുടരേണ്ട ആരോഗ്യ ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമിപ്പിച്ചു, ആസൂത്രണത്തെക്കുറിച്ചും പുനർനിർമാണത്തെക്കുറിച്ചും പറഞ്ഞു.

ജസീന്ത ആർഡൻ എന്ന ഊർജ്ജസ്വലയായ ഫെമിനിസ്റ്റ് പൊളിറ്റീഷ്യനെ ലോകം ഇന്ന് ആദരവോടെ നോക്കുന്നുണ്ട്. ജനങ്ങളോട് അവരിലൊരാളായി നിന്ന് നേരിട്ട് സംവദിക്കുന്ന ഒരു പ്രധാനമന്ത്രിയെ പുതിയ കാലത്തിന് അത്രയേറെ പരിചയമില്ല. വെർച്വൽ ലോകത്തിന് മുൻപ് ജനിച്ച തലമുറയേയും വെർച്വൽ ലോകത്ത് പിറന്ന് വീണ തലമുറയേയും ഒരു പോലെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു നേതാവിന്റെ പ്രായോഗിക പരിജ്ഞാനം അവർക്കുണ്ട്. അതുകൊണ്ടാണ് ഫേസ്ബുക്ക് ലൈവിൽ വന്നിരുന്ന് സാമ്പത്തിക നയങ്ങളെക്കുറിച്ച് സംസാരിച്ച് ബോധ്യപ്പെടുത്താൻ അവർക്ക് കഴിയുന്നത്. ജനങ്ങളോട് സംവദിക്കാൻ ഭയമില്ലാത്ത നേതാക്കളെ ജനങ്ങൾ ഏറ്റെടുക്കുക തന്നെ ചെയ്യും.

ജസീന്തയുടെലേറ്റസ്റ്റ് ഫേസ്ബുക്ക് ലെെവ്

Comments