അനുര കുമാര ദിസനായകെ

ശ്രീലങ്കയിൽ ജയിച്ചുകയറിയ ഇടതുരാഷ്ട്രീയം, ഇനി നയിക്കാൻ അനുര കുമാര ദിസനായകെ

സാമ്പത്തിക മാന്ദ്യത്തിൽ നിന്നും പൂർണമായും പുറത്തു കടന്ന് ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി മുന്നോട്ട് പോകുന്നതിന് ശ്രീലങ്കയിലെ പുതിയ ഭരണാധികാരി അനുര കുമാര ദിസനായകെ സുസ്ഥിരമായ സാമ്പത്തിക വികസന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കെതിരെ ജനങ്ങൾ നടത്തിയ ചെറുത്തുനിൽപ്പിൻെറ തുടർച്ചയായി ഇടതുപക്ഷത്തിൻെറ ഈ വിജയത്തെ കാണണം…

News Desk

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറിയിട്ടില്ലാത്ത ശ്രീലങ്കയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണം പിടിച്ചിരിക്കുകയാണ് ഇടതുപക്ഷം. ഇടതു നേതാവ് അനുര കുമാര ദിസനായകെ ലങ്കയുടെ പ്രസിഡൻറാവും. ശ്രീലങ്കയുടെ ചരിത്രത്തിലെ ആദ്യത്തെ ഇടുപക്ഷ പ്രസിഡൻറാവുകയാണ് ദിസനായകെ. 2022ൽ രാജ്യം കണ്ട എറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിലാണ് ലങ്കയിൽ പുതിയ രാഷ്ട്രീയമാറ്റം. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും അതിദാരിദ്ര്യത്തിൽ നിന്നും തങ്ങളെ കരകയറ്റാൻ ഇടതുപക്ഷത്തിന് സാധിക്കുമെന്ന ജനങ്ങളുടെ വിശ്വാസമാണ് ദിസനായകെയുടെ വിജയത്തിലേക്ക് നയിച്ച ഘടകം. ശ്രീലങ്കയുടെ ഒമ്പതാമത് പ്രസിഡന്റായാണ് ദിസനായകെ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം ഘട്ട വോട്ടെടുപ്പിൽ 42.31 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം വിജയം ഉറപ്പാക്കിയത്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളെയാകെ തള്ളിക്കളഞ്ഞാണ് ശ്രീലങ്കൻ ജനത ഇടത് അനുകൂല രാഷ്ട്രീയം തെരഞ്ഞെടുത്തത്.

മാർകിസിസ്റ്റ് ചിന്താഗതി പിന്തുടരുന്ന പാർട്ടിയായ ജനതാ വിമുക്തി പെരുമുന ഉൾപെടുന്ന നാഷണൽ പീപ്പിൾസ് പവർ സഖ്യത്തിന്റെ സ്ഥാനാർഥിയായാണ് ദിസനായകെ മത്സരിച്ചത്. കേവല ഭൂരിപക്ഷത്തോടെ 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടാൻ ആർക്കും കഴിയാതിരുന്നതോടെ രണ്ടാം പ്രിഫറൻസ് വോട്ടുകൾ എണ്ണാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കയുടെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ തെരഞ്ഞെടുപ്പ് ഫലം മാറ്റും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ട് നേടിയാൽ മാത്രമെ പൂർണമായ വിജയം ഉറപ്പിക്കാൻ കഴിയൂ. ആദ്യഘട്ടം മുതൽ ദിസനായകെ മുന്നിട്ടു നിന്നെങ്കിലും 50 ശതമാനം വോട്ട് നേടാൻ കഴിയാതിരുന്നതോടെ വോട്ടെണ്ണൽ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ജനത വിമുക്തി പെരമുനയ്ക്ക് ആദ്യ ഘട്ടത്തിൽ എണ്ണിയ വോട്ടുകളുടെ 39.5 ശതമാനം ലഭിച്ചു. സമാഗി ജന ബലവേഗയയുടെ (എസ്.ജെ.ബി) സജിത് പ്രേമദാസ 34 ശതമാനവും വോട്ട് നേടി.

 അനുര കുമാര ദിസനായകെ
അനുര കുമാര ദിസനായകെ

ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കൂടുതൽ വോട്ട് ലഭിച്ച രണ്ട് സ്ഥാനാർഥികൾക്ക് ലഭിച്ച രണ്ടാം പ്രിഫറൻസ് വോട്ടുകൾ എണ്ണി വിജയിയെ തെരഞ്ഞെടുക്കുന്നതാണ് 1991ലെ ശ്രീലങ്കൻ പ്രസിഡന്റ് നിയമത്തിലെ വ്യവസ്ഥ. ഇത് പ്രകാരം ഇടക്കാല പ്രസിഡന്റായിരുന്ന റനിൽ വിക്രമസിംഗെയടക്കം ബാക്കിയുള്ള സ്ഥാനാർഥികളെല്ലാം ആദ്യ ഘട്ട വോട്ടെടുപ്പിൽ തന്നെ പിന്തള്ളപ്പെട്ടു. സ്വതന്ത്ര സ്ഥാനാർഥിയായാണ് വിക്രമസിംഗെ മത്സരിച്ചത്. 16 ശതമാനം വോട്ടുകൾ മാത്രമാണ് വിക്രമസിംഗെയ്ക്ക് ലഭിച്ചത്. രണ്ടാം ഘട്ട വോട്ടെണ്ണലിൽ കൂടുതൽ വോട്ട് നേടി വിജയിച്ചാണ് ദിസനായകെ പ്രസിഡൻറ് സ്ഥാനം ഉറപ്പിച്ചത്. തീവ്ര ഇടതുആശയത്തിൽ നിന്ന് മാറി സോഷ്യലിസ്റ്റ് പാതയിലെത്തിയ പാർട്ടി കൂടിയാണ് ജനത വിമുക്തി പെരുമുന.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ വലിയ ജനകീയ പ്രക്ഷോഭങ്ങളായിരുന്നു ശ്രീലങ്കയിൽ നടന്നത്. പ്രസിഡന്റ് ഗോതബയെ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി. 2022-ൽ ശ്രീലങ്ക നേരിട്ട വിദേശനാണ്യക്ഷാമം പ്രസിഡന്റ് രാജപക്സെ രാജ്യം വിടുന്നതിനും പിന്നീട് അദ്ദേഹത്തിന്റെ രാജിയിലുമാണ് കലാശിച്ചത്.

സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നടിഞ്ഞതോടെ ശ്രീലങ്കയുടെ ഖജനാവിൽ വിദേശനാണയം ഇല്ലാതാവുകയും അവശ്യ സാധനങ്ങളുടെ ഇറക്കുമതി തടസ്സപ്പെടുകയും ചെയ്തു. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം വർധിച്ചതോടെ ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയിലെ നാണയ കരുതൽ ശേഖരം കുറഞ്ഞു. ഇതിന്റെ പരിഹാരമായി ഇറക്കുമതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ നിർബന്ധിതരായി. ഇതോടെ ശ്രീലങ്കയിൽ അവശ്യ സാധനങ്ങളുടെ വില ക്രമാധീതമായി വർധിക്കുകയും ജനങ്ങൾ ഇതിനെതിരെ തെരുവിലിറങ്ങുകയും ചെയ്തു.

ഗോതബയെ രാജപക്സെ
ഗോതബയെ രാജപക്സെ

അരി കിലോയ്ക്ക് 448 ലങ്കൻ രൂപയും (128 ഇന്ത്യൻ രൂപ), ഒരു ലിറ്റർ പാലിന് 263 ലങ്കൻ രൂപയും (75 ഇന്ത്യൻ രൂപ) പെട്രോളിനും ഡീസലിനും 40 ശതമാനവും വില വർധിച്ചത് ജനങ്ങളെ കുറച്ചൊന്നുമല്ല ബാധിച്ചത്. 2022-ലെ ഗോതബയ രാജപക്സെ സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിൽ പ്രധാന നേതാവായിരുന്നു അനുരാ ദിസനായകെ. സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്ത് നടന്ന ജനകീയ പ്രക്ഷോഭത്തിലെ മുന്നണി പോരാളി എന്ന നിലയിൽ ലങ്കയിൽ ദിസനായകെയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചിട്ടുണ്ട്. അഴിമതി തുടച്ചു നീക്കുക, സ്വകാര്യ വത്കരണം പുനപരിശോധിക്കുക, ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക, ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ മുന്നോട്ടുവെച്ചാണ് ജനത വിമുക്തി പെരുമുന തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ദിസനായകെയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയം ശ്രീലങ്കൻ രാഷ്ട്രീയത്തിലെ രണ്ട് ശൂന്യതകൾ നികത്തുന്നതാണെന്ന് ലങ്കയിലെ വെരിറ്റ് റിസർച്ച് തിങ്ക് ടാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാൻ ഡി മെൻ വിലയിരുത്തുന്നു. “15 വർഷത്തോളം പ്രസിഡന്റ് സ്ഥാനവും, പ്രധാനമന്ത്രി സ്ഥാനവും വഹിച്ച രാജപക്സെ കുടുംബത്തോടുള്ള വിശ്വാസം ജനങ്ങൾക്ക് പൂർണമായും നഷ്ടപ്പെട്ടതിലൂടെയുള്ള രാഷ്ട്രീയ ശൂന്യത ദിസനായകയിലൂടെ അവർ പരിഹരിച്ചു. മധ്യ - ഇടത് രാഷ്ട്രീയത്തിൽ സംഭവിച്ചിരുന്ന രാഷ്ട്രീയ ശൂന്യതയും ദിസനായകെ വിജയിച്ചതിലൂടെ മറികടക്കാനായിരിക്കുകയാണ്.” - നിഷാൻ ഡി മെൻ വ്യക്തമാക്കി. 2022-ലെ ജനകീയ പ്രക്ഷോഭം അവസാനിച്ചില്ലെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കൊളംബോ സർവകലാശാലയിലെ രാഷ്ട്രീയ വിദഗ്ദനായ പ്രദീപ് പീരിസ് പറഞ്ഞു.

പാർലമെന്റിൽ ജനതാ വിമുക്തി പെരുമുനയ്ക്ക് മൂന്ന് സീറ്റുകൾ മാത്രമാണുള്ളതെങ്കിലും പാർട്ടിയുടെ അഴിമതി വിരുദ്ധ നയങ്ങളും ദരിദ്രർക്ക് അനുകൂലമായ നയങ്ങളും പൊതുജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിൽ നിന്നും പൂർണമായും പുറത്തു കടന്ന് ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി മുന്നോട്ട് പോകുന്നതിന് ശ്രീലങ്കയിലെ പുതിയ ഭരണാധികാരിക്ക് സുസ്ഥിരമായ സാമ്പത്തിക വികസന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. സാമ്പത്തികമായി തകർന്നടിഞ്ഞ ലങ്കയെ ദിസനായകെ എങ്ങനെ കരകയറ്റുമെന്നാണ് ഇനി കാണേണ്ടത്.

Comments