ജപ്പാൻ ചൈനയിൽ ചെയ്ത അധിനിവേശക്രൂരതകൾ, വിജയദിന പരേഡ് ഓർമ്മിപ്പിക്കുന്ന ചരിത്രം

ലോകനേതാക്കളുടെ സംഗമവേദിയായി ചൈനയുടെ വിജയദിന സൈനിക പരേഡ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ നേതാവ് കിം ജോങ് ഉന്നും ഷീ ജിൻപിങ്ങിനൊപ്പം ചേർന്നതോടെ ഇത് ശക്തിപ്രകടനമായി മാറി. വിജയദിന പരേഡിൻെറ പശ്ചാത്തലത്തിൽ ജപ്പാൻെറ ചൈനീസ് അധിനിവേശത്തിൻെറ ചരിത്രവും അക്കാലത്ത് നടന്ന ക്രൂരതകളും വിശദീകരിക്കുകയാണ് മിറാഷ്​ ചെറിയാൻ കുര്യൻ.

ലോകമാധ്യമങ്ങളും പാശ്ചാത്യ രാജ്യങ്ങളും ഒന്നടങ്കം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ഒരു ചടങ്ങാണ് കഴിഞ്ഞ ദിവസം ചൈനയിലെ ടിയാൻജിനിൽ നടന്നത്. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുവാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു. ഇവരെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നതും ഈ ലോക നേതാക്കൾ തമ്മിൽ ചർച്ചകൾ നടന്നതും നമ്മൾ കണ്ടു. അമേരിക്ക ഇന്ത്യയ്ക്ക് മേൽ ഏൽപ്പിക്കുന്ന അധിക താരിഫിന്റെ പ്രഹരം അളക്കുവാൻ വെമ്പി നിന്നവർക്ക് മുന്നിലാണ് കഴിഞ്ഞ 6 വർഷത്തിൽ അധികമായി, കൃത്യമായിട്ട് പറഞ്ഞാൽ ഗാൽവാൻ താഴ്-വരയിലെ സംഘർഷത്തിനും രക്തച്ചൊരിച്ചിലിനും ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. SCO ഉച്ചകോടിയെ ചൈനയുമായി അടുക്കാനും റഷ്യയുമായുള്ള വർഷങ്ങൾ പഴക്കമുള്ള സൗഹൃദം പുതുക്കുവാനും അതുവഴി അമേരിക്കയെയും അമേരിക്കൻ ഹെജിമണിയെയും പ്രതിരോധിക്കുവാനും ഉള്ള അവസരമായിട്ടാണ് ഇന്ത്യ ഉപയോഗിച്ചത്. അതേസമയം, ചൈന ലോകത്തെ വീണ്ടും ഒരു അന്താരാഷ്ട്ര പ്രാധാന്യമുള്ള ചടങ്ങിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ജാപ്പനീസ് ഇമ്പീരിയൽ ആർമി രണ്ടാംലോക യുദ്ധത്തിന് മുന്നോടിയായും യുദ്ധ സമയത്തും ചൈനയിൽ നടത്തിയിട്ടുള്ള ഫാസിറ്റ് ക്രൂരതകളോടും മനുഷ്യത്വ വിരുദ്ധമായ നയങ്ങളോടുമുള്ള ചൈനീസ് ജനതയുടെ മഹത്തായ പ്രതിരോധത്തിന്റെ എൺപതാം വാർഷികമാണ് സെപ്റ്റംബർ 3-ന് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ നടന്നത്.

ജപ്പാൻ എന്ന രാജ്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ ഒരുപക്ഷെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ആനിമേഷൻ കഥാപാത്രങ്ങളും വികസന മാതൃകകളും ഒക്കെ ആയിരിക്കാം. എന്നാൽ ചരിത്രം പരിശോധിച്ചാൽ ഇന്ന് കാണുന്ന വർണ്ണശബളമായ ആ നാടിന് ഭീകരത നിറഞ്ഞ ഒരു ഭൂതകാലമുണ്ട്. ഇന്ന് സമാധാനവാദികളായി ലോകം കാണുന്ന ജപ്പാൻ ചൈനയിലെയും കൊറിയയിലെയും ജനങ്ങളോട് ചെയ്ത എണ്ണിയാൽ ഒടുങ്ങാത്ത ക്രൂരതകൾ വിവരണാതീതമാണ്. ഭൂവിസ്തൃതി കുറഞ്ഞ രാജ്യങ്ങൾ, പ്രത്യേകിച്ചും അവ ദ്വീപ് രാഷ്ട്രങ്ങൾ കൂടിയാണെങ്കിൽ നിലം ഉൾപ്പടെയുള്ള വിഭവങ്ങളുടെ അപര്യാപ്തത ഈ രാജ്യങ്ങളുടെ വളർച്ചയ്ക്ക് ഒരു വിലങ്ങുതടിയായി നിൽക്കും. ഈ അവസ്ഥയെ മറികടക്കുവാൻ വിഭവങ്ങൾ തേടിയുള്ള പര്യവേക്ഷണങ്ങൾ നടത്തുവാൻ അവർ നിർബന്ധിതരാകും. ബ്രിട്ടൺ കോളനിവൽക്കരണം ആരംഭിച്ചതിന്റെ മൂലകാരണം ഇതായിരുന്നു. ഇത് തന്നെയാണ് ജപ്പാനെയും കൊറിയൻ ഉപ ഭൂഖണ്ഡത്തിലേക്കും റിപ്പബ്ലിക് ഓഫ് ചൈനയിലേക്കും കടന്നുകയറി ആധിപത്യം സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ഇമ്പീരിയൽ ജപ്പാന്റെ ഫ്യൂഡൽ- മുതലാളിത്ത വിപുലീകരണവാദം കൊണ്ട് ജീവൻ വെടിയേണ്ടി വന്നതും ദുരിതം അനുഭവിക്കേണ്ടി വന്നതും കിഴക്കൻ ഏഷ്യയിലെ ലക്ഷക്കണിക്കിന് മനുഷ്യർക്കാണ്.

ലോകമാധ്യമങ്ങളും പാശ്ചാത്യ രാജ്യങ്ങളും ഒന്നടങ്കം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ഒരു ചടങ്ങാണ് കഴിഞ്ഞ ദിവസം ചൈനയിലെ ടിയാൻജിനിൽ നടന്നത്.
ലോകമാധ്യമങ്ങളും പാശ്ചാത്യ രാജ്യങ്ങളും ഒന്നടങ്കം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ഒരു ചടങ്ങാണ് കഴിഞ്ഞ ദിവസം ചൈനയിലെ ടിയാൻജിനിൽ നടന്നത്.

ഷെൻയാങ്ങിലെ മാന്യന്മാർ

രണ്ടാം ലോകമഹായുദ്ധം യൂറോപ്പിൽ ആരംഭിക്കുന്നതിനും എട്ട് വർഷങ്ങൾക്ക് മുൻപ് തന്നെ ചൈനയിൽ ജപ്പാന്റെ അധിനിവേശം ആരംഭിച്ചിരുന്നു. ആയതിനാൽ തന്നെ ഏകദേശം ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന ചെറുത്ത് നിൽപ്പായിരുന്നു രണ്ടാം ലോക യുദ്ധം അവസാനിക്കുന്ന 1945 വരെ ചൈന നടത്തിയത്. ചരിത്രത്തിലും അന്താരാഷ്ട്ര രാഷ്ട്രീയത്തിലും 'വാട്ട് ഇഫുകൾക്ക്' സ്ഥാനമില്ല. എങ്കിലും ജപ്പാൻ എന്ന അച്ചുതണ്ട് ശക്തിയെ യുദ്ധത്തിന്റെ കിഴക്കൻ പോർമുഖത്ത് പരാജയപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ നാം ഇന്ന് ഉപയോഗിക്കുന്ന ലോക ഭൂപടവും ഇതുവരെ നാം പഠിച്ചുകൊണ്ടിരുന്ന ചരിത്രവും മറ്റൊന്നായേനേ. ഇതിനെല്ലാം വഴിതെളിയിച്ചത് ഒരു സ്ഫോടനമായിരുന്നു.

അന്ന് മഞ്ചുറിയ എന്ന അറിയപ്പെട്ടിരുന്ന ഇന്നത്തെ ചൈനയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലാണ് ജപ്പാൻ സൈന്യം ആദ്യം കടന്നുചെല്ലുന്നത്. അവിടത്തെ റെയിൽവേ ട്രാക്കിൽ ബോംബിടുകയും അതിന്റെ പഴി ചൈനീസ് പട്ടാളത്തിന്റെ മേൽ ചുമത്തുകയും അതുവഴി തങ്ങൾ നടത്തിയ സൈനിക ഇടപെടലിന് ന്യായീകരണം ഒരുക്കുകയുമായിരുന്നു അന്ന് ജപ്പാൻ ചെയ്തത്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ ഐക്യരാഷ്ട്രസഭയുടെ പൂർവ്വരൂപമായ ലീഗ് ഓഫ് നേഷൻസിനെ കബളിപ്പിക്കാൻ ജപ്പാന്റെ ഭാഗത്തു നിന്നും ചില ശ്രമങ്ങൾ നടന്നെങ്കിലും ചില ചൈനീസ് പൗരർ ഈ സംഭവത്തിൽ ജപ്പാന്റെ പങ്ക് തെളിയിക്കുന്ന തെളിവുകൾ ശേഖരിക്കുകയും അത് ഹാജരാക്കുകയും ചെയ്തു. ഇതിന് നേതൃത്വം നൽകിയ ചൈനീസ് പൗരർ ജാപ്പനീസ് പിടിയിലാവുകയും പിന്നീട് പീഡിപ്പിക്കപ്പെടുകയും ചെയ്‌തെങ്കിലും ഇവരുടെ ധീരമായ ചെയ്തിയെ പ്രകീർത്തിപ്പിച്ചുകൊണ്ട് ഇവർ ഷെൻയാങ്ങിലെ ഒൻപത് മാന്യന്മാർ എന്ന് അറിയപ്പെട്ടു.

നാൻജിംഗ് കൂട്ടക്കൊല

1937 ഡിസംബർ മാസത്തിന്റെ രണ്ടാം വാരത്തോടെയാണ് ജപ്പാൻ സൈന്യം ചൈനയിലെ നാൻജിംഗ് എന്ന പ്രദേശത്ത് പ്രവേശിക്കുന്നത്. ഇവിടെ എത്തിയ ജാപ്പനീസ് സൈന്യത്തിന് ഒറ്റ ഉത്തരവ് മാത്രമേ ലഭിച്ചിരുന്നുള്ളു, കണ്ണിൽ കാണുന്ന എല്ലാത്തിനെയും വകവരുത്തുക. പ്രിസണേഴ്‌സ് ഓഫ് വാർ ആയി പിടിക്കപ്പെട്ട ചൈനീസ് സൈനികർ, പോരാളികൾ, സ്ത്രീകൾ, കുട്ടികൾ അടങ്ങുന്ന സിവിലിയൻസ് ഉൾപ്പടെ മൂന്ന് ലക്ഷത്തിലധികം മനുഷ്യർ അവിടെ അരുംകൊല ചെയ്യപ്പെട്ടു. ജപ്പാന്റെ സൈന്യം ഇരുപത്തിനായിരത്തിൽ അധികം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അവരിൽ പലരെയും ജീവനോടെ കത്തിക്കുകയും ചെയ്തതായി ദൃക്സാക്ഷികളും ഈ ക്രൂരസംഭവങ്ങൾക്ക് ഇരയാക്കപ്പെട്ട ചൈനീസ് പൗരരും ജപ്പാന്റെ യുദ്ധകാല അതിക്രമങ്ങളെക്കുറിച്ചു പഠിക്കാനും നടപടിയെടുക്കുവാനും നിയോഗിക്കയപെട്ട വിവിധ ട്രൈബ്യൂണലുകളിൽ മൊഴി നൽകി. ജാപ്പനീസ് സൈന്യം ചൈനയിലും കൊറിയൻ ഉപഭൂഖണ്ഡത്തിലും നടത്തിയ കവർച്ച, പൊതു സ്വത്തിന് നാശം വരുത്തൽ എന്നിവയും ട്രൈബ്യൂണലിന്റെ പരിഗണയിൽ ഉണ്ടായിരുന്നു.

യൂണിറ്റ് 731-ന്റെ വൈദ്യപരിശോധനകൾ

ജാപ്പനീസ് സർക്കാരിന്റെ അറിവും സമ്മതത്തോടും സാമ്പത്തിക സഹായത്തോടും കൂടെ പ്രവർത്തിച്ചിരുന്ന ഒരു സൈനിക പരീക്ഷണ- ഗവേഷണ വിഭാഗമായിരുന്നു യൂണിറ്റ് 731. ചൈനയിലെ മനുഷ്യരെ ബലാൽക്കാരമായി വൈദ്യപരീക്ഷണങ്ങൾക്ക് വിധേയരാക്കി പരീക്ഷണം നടത്തുക എന്നതായിരുന്നു ഈ വിഭാഗത്തിൽ അർപ്പിതമായ കർത്തവ്യം. ഒരു മനുഷ്യ ശരീരത്തിന് ഏതൊക്കെ ദുർഘടമായ അവസ്ഥകളെ മറികടക്കുവാൻ സാധിക്കും എന്നത് മുതൽ പുതിയതായി നിർമ്മിക്കപ്പെട്ട ആയുധങ്ങളുടെ പരീക്ഷണങ്ങൾ, വിവിധ തരം വൈറസുകൾ ശരീരത്തിൽ എങ്ങനെ ബാധിക്കുന്നു, ശസ്ത്രക്രിയ നടത്തിപ്പിലെ പരീക്ഷണങ്ങൾ വരെ ചൈനീസ് മനുഷ്യരിൽ ആയിരുന്നു യൂണിറ്റ് 731 ലെ ഡോക്ടർമാർ നടത്തിയിരുന്നത്.

ജാപ്പനീസ് സർക്കാരിന്റെ അറിവും സമ്മതത്തോടും സാമ്പത്തിക സഹായത്തോടും കൂടെ പ്രവർത്തിച്ചിരുന്ന ഒരു സൈനിക പരീക്ഷണ- ഗവേഷണ വിഭാഗമായിരുന്നു യൂണിറ്റ് 731. ചൈനയിലെ മനുഷ്യരെ ബലാൽക്കാരമായി വൈദ്യപരീക്ഷണങ്ങൾക്ക് വിധേയരാക്കി പരീക്ഷണം നടത്തുക എന്നതായിരുന്നു ഈ വിഭാഗത്തിൽ അർപ്പിതമായ കർത്തവ്യം.
ജാപ്പനീസ് സർക്കാരിന്റെ അറിവും സമ്മതത്തോടും സാമ്പത്തിക സഹായത്തോടും കൂടെ പ്രവർത്തിച്ചിരുന്ന ഒരു സൈനിക പരീക്ഷണ- ഗവേഷണ വിഭാഗമായിരുന്നു യൂണിറ്റ് 731. ചൈനയിലെ മനുഷ്യരെ ബലാൽക്കാരമായി വൈദ്യപരീക്ഷണങ്ങൾക്ക് വിധേയരാക്കി പരീക്ഷണം നടത്തുക എന്നതായിരുന്നു ഈ വിഭാഗത്തിൽ അർപ്പിതമായ കർത്തവ്യം.

നാസി ജർമനിയിൽ ജോസഫ് മെംഗലെ എങ്ങനെയായിരുന്നു ജീവനുള്ള മനുഷ്യശരീരത്തിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നത്, അതുപോലെ തന്നെയായിരുന്നു യൂണിറ്റ് 731-ന്റെയും പ്രവർത്തനം. രണ്ടാം ലോകയുദ്ധാനന്തരം ഈ ഘടകത്തിൽ പ്രവർത്തിച്ചിരുന്ന ചിലരെ അമേരിക്ക അവരുടെ ശാസ്ത്ര സാങ്കേതിക രംഗങ്ങളുടെ മുന്നോട്ട് പോക്കിനായി ഉപയോഗിച്ചു. ഇവർ ആരും തന്നെ യാതൊരു യുദ്ധവിചാരണയും നേരിട്ടില്ല എന്നത് ഒരു ചരിത്ര വസ്തുതയായി തുടരുന്നു. ഡോക്ടർമാരും എഞ്ചിനിയർമാരും മാത്രമല്ല ഓട്ടോ സ്കോർസെനിയെപ്പോലെ ജർമ്മൻ സൈന്യത്തെ നേരിട്ട് നയിച്ചിരുന്ന വാഫെൻ-എസ്എസ് സൈനിക തലവൻമാരെയും അമേരിക്ക സൗകര്യപൂർവ്വം യുദ്ധ വിചാരണയിൽ നിന്നും മുക്തരാക്കി. പിന്നീട് സോവിയറ്റ് യൂണിയനുമായി വരാനിരുന്ന ശീതയുദ്ധത്തിനായി അവരുടെ പാളയത്തിൽ എത്തിച്ചിരുന്നു എന്നതായിരുന്നു സത്യം. അന്തരാഷ്ട്ര രാഷ്ട്രീയത്തിലെ ധാർമിക ബാധ്യതകൾ അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളു.

ജാപ്പനീസ് അധിനിവേശത്തിനെതിരായ പോരാട്ടത്തിന്റെ എട്ട് പതിറ്റാണ്ടുകൾ

ചൈനയിൽ എത്തിയ രാഷ്ട്ര നേതാക്കളിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ നേതാവ് കിം ജോങ് ഉന്നും വിജയദിന സൈനിക പരേഡിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു. ഇത് ലോകനേതാക്കളുടെ സംഗമവേദിയായി മാറി. പരേഡിൽ പങ്കെടുക്കുവാൻ രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട സോവിയറ്റ് യൂണിയൻ, ചൈനയിൽ അരങ്ങേറിയതിന് സമാനമായ അതിക്രമങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന കൊറിയൻ ഉപഭൂഖണ്ഡം എന്നിവയെ പ്രതിനിധീകരിച്ചുകൊണ്ടാണ് പുടിനും കിമ്മും ഈ ചടങ്ങിൽ പങ്കെടുത്തത്. ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ ചൈനയിലെ ജനങ്ങളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും മുഖ്യമായ പങ്കാണ് വഹിച്ചതെന്നും ലോകസമാധാനത്തിനും മനുഷ്യ നാഗരികതയുടെ നിലനിൽപ്പിനും ചൈന നടത്തിയ പോരാട്ടങ്ങളും ത്യാഗങ്ങളും ഏറെ നിർണായകമാണെന്നും ചൈനീസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

പരേഡിൽ പങ്കെടുക്കുവാൻ രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട സോവിയറ്റ് യൂണിയൻ, ചൈനയിൽ അരങ്ങേറിയതിന് സമാനമായ അതിക്രമങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന കൊറിയൻ ഉപഭൂഖണ്ഡം എന്നിവയെ പ്രതിനിധീകരിച്ചുകൊണ്ടാണ് പുടിനും കിമ്മും ഈ ചടങ്ങിൽ പങ്കെടുത്തത്.
പരേഡിൽ പങ്കെടുക്കുവാൻ രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട സോവിയറ്റ് യൂണിയൻ, ചൈനയിൽ അരങ്ങേറിയതിന് സമാനമായ അതിക്രമങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന കൊറിയൻ ഉപഭൂഖണ്ഡം എന്നിവയെ പ്രതിനിധീകരിച്ചുകൊണ്ടാണ് പുടിനും കിമ്മും ഈ ചടങ്ങിൽ പങ്കെടുത്തത്.

ചരിത്രത്തിലെ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതെയിരിക്കണമെങ്കിൽ എല്ലാ രാജ്യങ്ങളും പരിഗണിക്കേണ്ട അന്യോന്യം ഉള്ള സഹകരണത്തിന്റെയും ബഹുമാനത്തിന്റെയും ആവശ്യകതയെപ്പറ്റിയും ഷീ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമയോട് ചൈനയുടെ നിലനിൽപ്പും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്ന തലത്തിൽ ഉയർന്നു വരണം എന്നും ഷീ ആഹ്വാനം ചെയ്തു. യുദ്ധവിജയത്തിന്റെ എൺപതാം വർഷത്തിന്റെ സൂചകമായി 80000 പ്രാവുകളെയും ബലൂണുകളും ആകാശത്തേക്ക് പറത്തിക്കൊണ്ടും ചൈന നാളിതുവരെ കൈവരിച്ച സൈനികമായി മുന്നേറ്റം പ്രദർശിപ്പിക്കുന്ന പരേഡോടും കൂടെ ചടങ്ങിന് വിരാമമായി.


Summary: China's victory day military parade becomes a meeting point for world leaders, Mirash Cherian Kurian explains the history of Japan's invasion of China and the atrocities during that time.


മിറാഷ്​ ചെറിയാൻ കുര്യൻ

എം.ജി യൂണിവേഴ്​സിറ്റിയിൽ സ്​കൂൾ ഓഫ്​ ഇൻറർനാഷനൽ റിലേഷൻസ്​ ആൻറ്​ പൊളിറ്റിക്​സിലെ കൊറിയ സെൻററിൽ റിസർച്ച്​ അസോസിയേറ്റ്​.

Comments