മ്യാൻമർ പ്രതിസന്ധി; ഇന്ത്യയുടെ ജനാധിപത്യ അവകാശവാദങ്ങളുടെ ലിറ്റ്മസ്‌ ടെസ്റ്റ്‌

യു.എൻ അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ മ്യാൻമറിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും, എന്നാൽ പ്രയോഗത്തിൽ വരുമ്പോൾ അഭയാർഥികൾക്കു മുന്നിൽ അതിർത്തികൾ അടക്കുകയും, 114 പൗരന്മാരെ മ്യാൻമർ സൈന്യം വെടിവെച്ചു കൊന്ന അതേ ദിവസം അവരുടെ സായുധ സേനാ ദിന പരേഡിൽ പങ്കെടുക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളുടെ ശോഷണം കൂടുതൽ തുറന്നു കാട്ടപ്പെടുന്നു.

ട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത, ജനാധിപത്യവാദികളെ അടിച്ചമർത്തുന്ന മ്യാൻമർ സൈന്യം സംഘടിപ്പിച്ച സായുധ സേനാ ദിന പരേഡിൽ പങ്കെടുത്തതിലൂടെ തങ്ങളുടെ മ്യാൻമർ നയം വ്യക്തമാക്കുകയാണ് ഇന്ത്യ. മ്യാൻമറിൽ ജനങ്ങൾക്കു നേരെ നടന്ന സൈന്യത്തിന്റെ വെടിവെപ്പിൽ കുട്ടികളടക്കം 114 പേർ കൊല്ലപ്പെട്ട ദിവസം നടന്ന പരേഡിലാണ് ഇന്ത്യയുടെ മിലിറ്ററി അറ്റാഷെ പങ്കെടുത്തത്.

മാർച്ച് 27ന് നയ്പിഡോയിൽ നടന്ന പരേഡിൽ റഷ്യ, ചൈന, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, വിയറ്റ്‌നാം, ലാവോസ്, തായ്‌ലാൻഡ് തുടങ്ങി എട്ടു രാജ്യങ്ങൾ മാത്രമാണ് പങ്കെടുത്തത്. മ്യാൻമറിലെ ജനായത്തവാദികൾക്കെതിരെ ഇതു വരെ നടന്ന സെെനികാക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

രണ്ടാം ലോകമഹായുദ്ധ സമയത്ത് ജപ്പാന്റെ അധിനിവേശ ശ്രമങ്ങളെ ചെറുത്ത ബർമീസ് നാഷണൽ ആർമിയുടെ 76-ാമത് വാർഷികാഘോഷമാണ് നയ്പിഡോയിൽ നടന്നത്. ഇന്ത്യ നിലവിൽ മ്യാൻമറുമായി നയതന്ത്ര ബന്ധം കാത്തു സൂക്ഷിക്കുന്നണ്ടെന്നും, ചട്ടപ്രകാരം എംബസിയിലെ ഡിഫൻസ് അറ്റാഷെ പരേഡിൽ പങ്കെടുക്കുകയുമായിരുന്നെന്ന് രണ്ട് ഔദ്യോഗിക സ്രോതസ്സുകളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ടു ചെയ്യുന്നു.

മ്യാൻമറിലെ Myitkyina-യിൽ പ്രതിഷേധക്കാർക്കെതിരെ വെടിയുതിർക്കരുതെന്ന് സൈന്യത്തോട് അപേക്ഷിക്കുന്ന സിസ്റ്റർ ആൻ റോസ് നു തൗങ് / Photo: Myitkyina News Journal

പട്ടാള അട്ടിമറിക്കു ശേഷം ജനജീവിതം ദുസ്സഹമായ മ്യാൻമറിൽ നിന്നും അഭയാർഥികൾ ഇന്ത്യയിലേക്ക് കടക്കുന്നതു തടയാൻ മ്യാൻമർ അതിർത്തി ഇന്ത്യ നേരത്തെ അടച്ചിരുന്നു.

എന്നാൽ രാജ്യവുമായി അതിർത്തി പങ്കിടുന്ന, മ്യാൻമറുമായി അടുത്ത ബന്ധം പുലർത്തുന്ന മിസോറാമിൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. മിസോറാം മുഖ്യമന്ത്രി സൊറംതംഗ, മ്യാൻമറിലെ ജനങ്ങൾക്ക് ഇന്ത്യ അഭയം നൽകണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

അതിർത്തി അടച്ചിടുന്നതുമായി ബന്ധപ്പെട്ട് മാർച്ച് 10ന് മ്യാൻമറുമായി അതിർത്തി പങ്കിടുന്ന 4 സംസ്ഥാനങ്ങളിലെ മുഖ്യന്ത്രിമാർക്ക് കേന്ദ്ര സർക്കാർ അയച്ച കത്തിൽ കത്തിൽ, വിദേശ പൗരന്മാരെ അഭയാർഥികളായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കില്ലെന്നും, 1951 യു.എൻ റഫ്യൂജി കൺവെൻഷനിൽ ഇന്ത്യ അംഗമല്ലെന്നും പറയുന്നുണ്ട്.

നേരത്തെ ഇന്ത്യയും മ്യാൻമറും തമ്മിൽ ഫ്രീ മൂവ്‌മെന്റ് റെജിം (FMR) എന്ന പേരിൽ ഒരു ധാരണ നിലവിലുണ്ടായിരുന്നു. ധാരണപ്രകാരം ഇരു രാജ്യങ്ങളിലെ ജനങ്ങൾക്കും പരസ്പരം 16 കിലോമീറ്റർ പരിതിയിൽ സഞ്ചരിക്കാനും, 14 ദിവസം വരെ താമസിക്കാനും അനുമതിയുണ്ടായിരുന്നു. എന്നാൽ കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഇത് നിർത്തലാക്കിയിരുന്നു.

അഭയാർഥികളെ സ്വാഗതം ചെയ്യുന്നത് മനുഷ്യത്വ പ്രകടനമാണെന്നും, മറിച്ച് അത് ഇന്ത്യയുടെ നയതന്ത്ര പദ്ധതിയുടെ പ്രതിഫലനമല്ലെന്നും മ്യാൻമർ പ്രതിസന്ധിയെക്കുറിച്ച് സ്‌ക്രോളിൽ എഴുതിയ ലേഖനത്തിൽ നന്ദിത ഹക്‌സർ പറയുന്നുണ്ട്. അതിനാൽ ഔദ്യോഗികമായി മ്യാൻമർ സൈന്യത്തെ പിന്തുണക്കാൻ ഇന്ത്യ തീരുമാനിച്ചാൽ പോലും അഭയാർഥികളെ സ്വീകരിക്കുന്നതിന് അത് തടസ്സമാവരുതെന്ന് അവർ വാദിക്കുന്നു.

ഇന്ത്യ താൽകാലിക അംഗമായ യു.എൻ സുരക്ഷാ കൗൺസിൽ മാർച്ച് 11ന് മ്യാൻമറിലെ സൈനിക അട്ടിമറിയെയും, ജനങ്ങൾക്കു നേരെയുള്ള സൈന്യത്തിന്റെ നടപടികളെയും അപലപിച്ചിരുന്നു. എന്നാൽ മ്യാൻമർ സൈന്യവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ചൈന, റഷ്യ അടക്കമുള്ള രാജ്യങ്ങളും ഇതിന്റെ ഭാഗമായിരുന്നു എന്ന വസ്തുത പ്രമേയത്തിന്റെ ആത്മാർഥതയെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നുണ്ട്. മാത്രമല്ല മാർച്ച് പത്തിന് ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടൽ മൂലം യു.എൻ.എസ്.എസി മ്യാൻമർ സൈന്യത്തിനെതിരെ പുറത്തിറക്കാനിരുന്ന പ്രമേയം വൈകുന്നു എന്ന ആരോപണം ഉയരുകയും, മ്യാൻമറിൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടാവുകയും ചെയ്തിരുന്നു. ഇന്ത്യ അന്നത് നിഷേധിച്ചിരുന്നു.

മ്യാൻമറിൽ നിരായുധരായ ജനങ്ങൾക്കെതിരെ മാരകായുധങ്ങൾ പ്രയോഗിക്കുന്ന പട്ടാളനടപടിയെ അപലപിച്ച് ആസ്‌ട്രേലിയ, യു.കെ, യു.എസ് തുടങ്ങി പന്ത്രണ്ടു രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. മ്യാൻമറിൽ തുടർന്നു കൊണ്ടിരിക്കുന്ന പട്ടാള അടിച്ചമർത്തൽ അസ്വീകാര്യമാണെന്നും, ഇതിനെതിരെ ശക്തവും ഏകീകൃതവുമായ അന്താരാഷ്ട്ര പ്രതികരണം ഉണ്ടാവണമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടിരുന്നു.

ഹ്യുമാനിറ്റേറിയൻ റിലീഫ് ഏജൻസിയായ ഫ്രീ ബർമ്മ റേഞ്ചഴ്സിന്റെ റിപ്പോർട്ട് പ്രകാരം, ഞായറാഴ്ച അർദ്ധരാത്രിയും തിങ്കളാഴ്ച പുലർച്ചെയും മ്യാൻമറിലെ കാരനിൽ സെെന്യം നടത്തിയ മൂന്ന് വ്യോമാക്രമണങ്ങളെ തുടർന്ന് പ്രദേശവാസികൾ തായ്‌ലൻഡിലേക്ക് പാലായനം ചെയ്യേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.

മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂ ചി, പ്രസിഡന്റ് വിൻ മിന്റ് തുടങ്ങി സർക്കാറിലെ പ്രധാനികൾ ഇപ്പോഴും വീട്ടുതടങ്കലിൽ തുടരുകയാണ്

തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ഫെബ്രുവരി ഒന്നിനാണ് മിൻ ഓങ് ഹ്ളെയിങ്ങിന്റെ നേതൃത്വത്തിൽ മ്യാൻമറിൽ പട്ടാള അട്ടിമറി നടന്നത്. മ്യാൻമർ നേതാവ് ആങ് സാൻ സൂചിയേയും ഭരണകക്ഷിയിലെ മുതിർന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു.

""ജനാധിപത്യ പ്രക്രിയയിലേക്കുള്ള മ്യാൻമറിന്റെ പരിവർത്തനത്തിന് ഇന്ത്യ എന്നും പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. നിയമവാഴ്ചയും, ജനാധിപത്യ പ്രക്രിയയും ഉയർത്തിപ്പിടിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്'' എന്നായിരുന്നു അട്ടിമറിക്കു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യ പറഞ്ഞത്. ഒരേസമയം സെെന്യത്തേയും, രാജ്യത്തെ ജനങ്ങളെയും അന്തരാഷ്ട്ര സമൂഹത്തേയും ഭയന്ന് മ്യാൻമറിലെ ജനാധിപത്യവാദികളേയും തൃപ്ത്തിപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.


Comments