അബൂദാബിയിലെ ക്ഷേത്ര ഉദ്ഘാടന ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ക്ഷേത്ര പുരോഹിതർക്കൊപ്പം.

അബുദാബിയിലെ മഹാക്ഷേത്രവും
സാംസ്കാരിക ദേശീയതയും

‘‘പള്ളി പൊളിച്ച് ചരിത്രത്തോട് പ്രതികാരം ചോദിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനുമുന്നിൽ, ക്ഷേത്രം പണിയാനുള്ള വിശാലത കാണിക്കുന്ന അറബികൾ മനുഷ്യചരിത്രത്തിലെ അവിസ്മരണീയമായ ഒരു മാതൃകയാണ് കാഴ്ചവെച്ചത് എന്ന് നിസ്സംശയം പറയാം’’- മുജീബ് റഹ്മാൻ കിനാലൂർ എഴുതുന്നു.

ശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിർ, അബൂദാബിയിൽപ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ഏറെ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നു. ഈ ക്ഷേത്രത്തിന്റെ ആശയദാതാവ് മാത്രമല്ല, അത് യാഥാർത്ഥ്യമാക്കുന്നതിൽ ആദ്യന്തം പരിശ്രമിച്ചതും പ്രധാനമന്ത്രി തന്നെയായിരുന്നു. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിലും പൂജാകർമങ്ങളിലും വിഗ്രഹ പ്രതിഷ്ഠയിലുമെല്ലാം നേതൃസ്ഥാനത്ത് പ്രധാനമന്ത്രി ഉണ്ടായിരുന്നു.

2015- ൽ പ്രധാനമന്ത്രി യു എ ഇ സന്ദർശിച്ച വേളയിലാണ് അബൂദബിയിൽ ഒരു കൂറ്റൻ ക്ഷേത്രം എന്ന ആശയം ഉയർന്നുവന്നത്‌. അതിനായി അബൂദബി ഭരണകൂടം സൗജന്യമായി 27 ഏക്കർ സ്ഥലം അനുവദിക്കുകയായിരുന്നു. 2018 മുതൽ വളരെ വേഗത്തിൽ പണി പുരോഗമിക്കുകയും ചെയ്തു. ഏറ്റവും മനോഹരവും വിപുലവുമായ ഈ ക്ഷേത്രം ഹിന്ദു മതത്തിലെ വൈഷ്ണവ വിഭാഗമായ സ്വാമി നാരായണ സമ്പ്രദായത്തിലുള്ള ആചാരങ്ങളാണ് പിന്തുടരുന്നതെങ്കിലും പൊതുവിൽ ഹിന്ദു സംസ്കാരത്തിന്റെ പ്രതീകം എന്ന നിലയിലാണത് രൂപകൽപ്പന ചെയ്തിരിക്കുന്നത്‌. ഹിന്ദു മത വിശ്വാസികൾ പുണ്യനദികളായി കരുതുന്ന ഗംഗ, യമുന നദികളെ പ്രതീകവത്കരിക്കുന്ന ജലധാരകൾ, സരസ്വതി നദിയെ പ്രതിനിധീകരിക്കുന്ന പ്രകാശ കിരണം എന്നിവ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. മാത്രമല്ല, ശ്രീരാമൻ, ശിവൻ, ജഗന്നാഥൻ, ശ്രീകൃഷ്ണൻ, സ്വാമി നാരായൺ, തിരുപ്പതി ബാലാജി, അയ്യപ്പൻ എന്നീ ദൈവങ്ങളുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുക വഴി ഒരു പാൻ ഇന്ത്യൻ ഹൈന്ദവ സംസ്കാരിക സ്വരൂപമായി ക്ഷേത്രം മാറുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ പ്രതിനിധികളും അബൂദാബിയിൽ ഉദ്ഘാടനം ചെയ്ത ഹിന്ദു ക്ഷേത്രത്തിന്റെ  ഉദ്ഘാടന ചടങ്ങിനിടെ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ പ്രതിനിധികളും അബൂദാബിയിൽ ഉദ്ഘാടനം ചെയ്ത ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ.

യു എ ഇ യിൽ തന്നെ ദുബായിൽ മൂന്ന് ക്ഷേത്രങ്ങൾ നേരത്തെ നിലവിലുണ്ട്‌. വലുപ്പത്തിലും നിർമാണത്തിലും അബുദാബിയിലെ ക്ഷേത്രം ബൃഹത്താണെങ്കിലും ഈ മഹാക്ഷേത്രം മോദി സർക്കാറിന്റെ നയതന്ത്രനേട്ടമായാണ് പ്രചരിപ്പിക്കപ്പെടുന്നത്‌. ക്ഷേത്രോദ്ഘാടന പ്രസംഗത്തിലുടനീളം താനും യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള ആത്മബന്ധത്തെയും അടുപ്പത്തെയും, ബി ജെ പി സർക്കാറിന് ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്രം ഊഷ്മളമാക്കുന്നതിലുള്ള പ്രതിബദ്ധതയെയും ആവർത്തിക്കാൻ മോദി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഗൾഫിൽ മതപോലീസിനെ പിരിച്ചുവിടുന്നു, ഇന്ത്യയിൽ പ്രധാനമന്ത്രി സ്വയം പൂജാരിയായി അവതരിക്കുന്നു. ഗൾഫിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ വാതിൽ തുറക്കുന്നു, ഇന്ത്യയിൽ മതേതര സർവകലാശാലകൾക്ക് താഴിടുന്നു.

സഹിഷ്ണുതയുടെ പാരമ്പര്യം

ഒരു അറബ്‌- ഇസ്‍ലാമിക രാജ്യത്ത് ഹൈന്ദവ ക്ഷേത്രം നിർമിക്കപ്പെടുന്നത് എന്തുകൊണ്ടും സന്തോഷകരവും സ്വാഗതാർഹവുമായ കാര്യമാണ്. ഇന്ത്യയുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള അറബികളുടെ സൗഹാർദ്ദപൂർണ്ണമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ആ നടപടി. കോഴിക്കോട് തുറമുഖത്ത് കച്ചവടത്തിനെത്തിയ അറബികൾക്ക് പള്ളി പണിയാനും ഒരു സമൂഹം കെട്ടിപ്പടുക്കാനും സൗകര്യമൊരുക്കിയ സാമൂതിരിയുടെ ചരിത്രം മത മൈത്രിയുടെ പാരമ്പര്യത്തിന്റെ മഹനീയ മാതൃകയായി ഇന്നും നിലനിൽക്കുന്നുണ്ട്‌. ഇന്ന് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന്ന് ഹിന്ദുക്കളായ ഇന്ത്യക്കാർക്ക് ആരാധനാകർമം നിർവ്വഹിക്കാൻ ഒരു മഹാക്ഷേത്രം പണിയാനുള്ള സൗകര്യം ചെയ്യുന്ന അറബികൾ തിരിച്ചും മതമൈത്രിയുടെയും മാനവിക സാഹോദര്യത്തിന്റെയും മഹിത പാരമ്പര്യം ആവർത്തിക്കുകയാണ്. ആഗോളതലത്തിൽ ഇസ്‍ലാമോഫോബിയ നിലനിൽക്കുന്ന ഒരു കാലത്ത്‌, മുസ്‍ലിംകൾ മറ്റ് മതവിശ്വാസങ്ങളോടും അവിശ്വാസികളോടും അസഹിഷ്ണുത പുലർത്തുന്നവരാണെന്ന പ്രചാരം വ്യാപകമായ ഒരു കാലത്ത്‌, പൂർണ്ണമായും മുസ്‍ലിം ജനസംഖ്യയുള്ള ഒരു ഗൾഫ് രാജ്യം ഹിന്ദു ക്ഷേത്രം നിർമിക്കാൻ ഭൂമി നൽകുകയും ഉദാരമായി മറ്റ് സൗകര്യങ്ങൾ അനുവദിക്കുകയും ചെയ്യുന്നതിലൂടെ വ്യത്യസ്തമായ ഒരു സന്ദേശമാണ് ലോകത്തിന് നൽകുന്നത്‌. ഹിന്ദുക്കൾ യു എ ഇ യിൽ പൗരന്മാരായി ഇല്ലാതിരിന്നിട്ടുകൂടി, ആ രാജ്യത്തിന്റെ നിർമാണ പ്രക്രിയയിൽ പങ്കുചേരുന്ന മനുഷ്യർ എന്ന നിലയിൽ, അവരുടെ വിശ്വാസസ്വാതന്ത്ര്യത്തെ ആദരിക്കുന്ന ഒരു നിലപാട് സ്വീകരിക്കുമ്പോൾ പ്രചുരിതമായ അറബ് മുസ്‍ലിം വിരുദ്ധ നരേറ്റീവുകൾ തകർന്നുവീഴുന്നു.

അബൂദാബിയിലെ ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പ്രധാനമ​ന്ത്രി നരേന്ദ്രമോദി പൂജ നടത്തുന്നു.
അബൂദാബിയിലെ ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പ്രധാനമ​ന്ത്രി നരേന്ദ്രമോദി പൂജ നടത്തുന്നു.

ഇന്ത്യയിൽ സംഘപരിവാരം ഏറ്റവും വലിയ ശത്രുക്കളായി കാണുന്നത് മുസ്‍ലിംകളെയാണ്. മുസ്‍ലിം പള്ളികളും ചിഹ്നങ്ങളും നിരന്തരം പ്രശ്നവത്കരിക്കപ്പെടുകയും മുസ്‍ലിംകൾ ആക്രമിക്കപ്പെടുകയും മാനസികമായി അരക്ഷിത ബോധത്തിൽ തളയ്ക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ കാലവസ്ഥയിലൂടെയാണ് ഇന്ന് ഇന്ത്യ കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌. മുസ്‍ലിം ഭരണാധികാരികൾ ക്ഷേത്രധ്വംസകരും ഹിന്ദു വിരുദ്ധരുമായിരുന്നു എന്ന് ഇന്ത്യയിൽ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത് ഇന്ന് രാജ്യം ഭരിക്കുന്ന പാർട്ടിയാണുതാനും. ഇന്ത്യയിലെ ഇസ്‍ലാമോഫോബിയയുടെ മൊത്ത വ്യാപാരികളാണ് മുസ്‍ലിം രാജ്യമായ യു എ യിൽ മഹാക്ഷേത്രം സ്ഥാപിച്ചതിന്റെ പേരിൽ ആഹ്ലാദിക്കുന്നത്‌. പള്ളി പൊളിച്ച് ചരിത്രത്തോട് പ്രതികാരം ചോദിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനുമുന്നിൽ, ക്ഷേത്രം പണിയാനുള്ള വിശാലത കാണിക്കുന്ന അറബികൾ മനുഷ്യ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു മാതൃകയാണ് കാഴ്ചവെച്ചത് എന്ന് നിസ്സംശയം പറയാം. മുസ്‍ലിം ന്യൂനപക്ഷങ്ങൾക്കെതിരെ അസഹിഷ്ണുതയുടെ പാപഭാരം ചാർത്തുമ്പോൾ ഇന്ത്യയിലെ മതേതര സമൂഹം ഓർമിപ്പിച്ചു കൊണ്ടേയിരിക്കേണ്ടതാണ് ഈ മാതൃക.

ഏകാധിപത്യവാഴ്ച നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങൾ, അവരുടെ ആഭ്യന്തര ഘടന നവീകരിക്കുവാനും ഉദാരവത്കരിക്കുവാനും കൊണ്ടുപിടിച്ച ശ്രമങ്ങളാണിപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്‌.

ദൗർഭാഗ്യവശാൽ, അബൂദാബി ക്ഷേത്രനിർമാണത്തിന്റെ ഗുണഭോക്താക്കളും സംഘപരിവാർ തന്നെയാണെന്നതാണ് നിരാശാജനകമായ ഐറണി. ഹിന്ദുസമൂഹത്തിന്റെ സാഹോദര്യ പാരമ്പര്യത്തിന്റെയും ഉദാരമൂല്യങ്ങളുടെയുമെല്ലാം അവകാശികളായി സ്വയം ചമഞ്ഞ്‌, ഗാന്ധി വധം മുതൽ ബാബറി ധ്വംസനം വരെയും ഗുജറാത്ത് വംശഹത്യ വരെയുമുള്ള ആസൂത്രിത ഹിംസകളുടെ രക്തക്കറകളെല്ലാം മായ്ച്ചുകളയാനാണ് നരേന്ദ്ര മോദി അറബ് ഭരണാധികാരികളുമായുള്ള ചങ്ങാത്തത്തിലൂടെയും അലങ്കരിച്ച വാഗ്ധോരണികളിലൂടെയും ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതേതര രാഷ്ട്രീയ നേതാക്കൾ പ്രധാനമന്ത്രി ക്ഷണിക്കുന്ന വിരുന്നിൽ പങ്കു ചേരുന്നതു പോലും ഇന്ത്യയിൽ വിവാദമാകുമ്പോൾ, ഹിന്ദു ആചാര്യ പരിവേഷത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി അറബ് രാഷ്ട്രനേതാക്കൾ വേദി പങ്കിടുന്നു, തിരിച്ച് പ്രധാനമന്ത്രി അവരെ വാനോളം വാഴ്ത്തുന്നു, അവരുടെ മഹത്വം പ്രകീർത്തിക്കുന്നു.

ഹൈന്ദവതയും ഹിന്ദുത്വയും

അബൂദാബി ക്ഷേത്രം നിർമിച്ചത് ബോച്ചസൻവാസി സ്വാമി നാരായൺ സംസ്ഥാൻ ആണെങ്കിലും അത് സംഘപരിവാറിന്റെ സാംസ്കാരിക രാഷ്ട്രീയത്തിന്റെ പദ്ധതിയായി വളരെ തന്ത്രപരമായി മാറ്റുന്നതിൽ അവർ വിജയിച്ചു എന്നു വേണം പറയാൻ. ഒരു വിദേശ രാജ്യത്ത്‌, അതും അറബ് മുസ്‍ലിം രാജ്യത്ത് ഒരു മഹാക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന്റെ സമ്പൂർണ ക്രഡിറ്റ് ബി ജെ പി യും കേന്ദ്രസർക്കാറും കൈക്കലാക്കുക വഴി ഹിന്ദുക്കൾക്കിടയിലും ലോകരാജ്യങ്ങൾക്കിടയിലും ഹിന്ദു മതത്തിന്റെയും ഹൈന്ദവ സംസ്കൃതിയുടെയും ഏക ചാമ്പ്യന്മാർ തങ്ങളാണെന്ന് സ്ഥാപിക്കുകയാണ് സംഘപരിവാർ ചെയ്തത്‌. മതേതര രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന, ഹിന്ദുത്വ രാഷ്ട്രീയത്തോട് വിയോജിക്കുന്ന ഹിന്ദുക്കൾക്ക് ഇതിൽ യാതൊരു റോളുമുണ്ടായിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ  അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽതാനിയും
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽതാനിയും

ഒരു വിദേശ രാജ്യത്ത് നിർമിച്ച ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനചടങ്ങിൽ ഇന്ത്യയുടെ പ്രധാനമന്ത്രി ക്ഷണിക്കപ്പെട്ടാൽ അതിൽ പങ്കെടുക്കുന്നത് തെറ്റൊന്നുമല്ല. എന്നാൽ ഇവിടെ അതല്ല സംഭവിച്ചത്. മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി, ഒരു ഹിന്ദു രാജ്യത്തിന്റെ അധിപന്റെ ഭാഷയിലാണ് പെരുമാറിയത്‌. ഉദ്‌ഘാടന ചടങ്ങിൽ ചെയ്ത പ്രസംഗത്തിൽ, ‘ഭാരതമാതാവിന്റെ പുരോഹിതൻ’ ആയതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് മോദി തുറന്നു പറയുകയുണ്ടായി. മഹന്ത് സ്വാമി മഹാരാജിനോടൊപ്പം ക്ഷേത്രത്തിന്റെ മതപരമായ ചടങ്ങുകൾക്ക് അദ്ദേഹം നേതൃത്വം നൽകുകയും ചെയ്തു.

ഇന്ത്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത്‌, അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തിട്ട് ആഴ്ചകൾ മാത്രമായ സന്ദർഭത്തിലാണ് അബൂദാബിയുലെ ക്ഷേത്രോദ്‌ഘാടനം. രാമക്ഷേത്ര നിർമാണം ആസന്നമായ ലോകസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ ഏറ്റവും വലിയ നേട്ടമായി ഉയർത്തിക്കാട്ടും എന്ന കാര്യത്തിൽ സംശയമില്ല. ഉത്തരേന്ത്യയിലെ സാധാരണ ഹിന്ദുമത വിശ്വാസികളുടെ മനസ്സിലെ ശ്രീരാമൻ എന്ന വികാരത്തെ ഒരിക്കൽ കൂടി വോട്ടാക്കാൻ ശ്രീരാമക്ഷേത്ര പ്രാണ പ്രതിഷ്ഠയെ സംഘപരിവാർ ഉപയോഗിച്ചു തുടങ്ങിയിട്ടുമുണ്ട്‌. ഒരു അറബ് രാജ്യത്ത്‌, പ്രധാന മന്ത്രിയുടെ കാർമികത്വത്തിൽ സ്ഥാപിതമായ ക്ഷേത്രത്തെയും ബി ജെ പി രാഷ്ട്രീയമായി മുതലെടുക്കും. അയോധ്യയിലെ രാമക്ഷേത്രത്തെ അബൂദാബി ക്ഷേത്രവുമായി ചേർത്ത് വെക്കാൻ അദ്ദേഹം മടി കാണിച്ചുമില്ല. അയോധ്യയിൽ താൻ അനുഭവിച്ച സന്തോഷം അബൂദാബിയിൽ നിൽക്കുമ്പോൾ വർദ്ധിച്ചുവെന്ന് നരേന്ദ്രമോദി പറയുമ്പോൾ, ഇന്ത്യക്കകത്തും പുറത്തും ഹിന്ദു ക്ഷേത്രങ്ങൾ സ്ഥാപിക്കുക വഴി തനിക്കുണ്ടാകുന്ന അഭിമാനത്തെയും അതിനുള്ളിൽ അടങ്ങിയ സാംസ്കാരിക ദേശീയത എന്ന സംഘപരിവാർ അജണ്ടയുടെ സാഫല്യത്തെയും ആണു മറയില്ലാതെ വെളിപ്പെടുത്തുന്നത്‌. മതേതര, ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നിന്ന്, ലോകത്തിനുമുന്നിൽ ഒരു ഹൈന്ദവ രാജാവിന്റെ തലത്തിലേക്ക് തന്റെ പ്രതിച്ഛായയെ മാറ്റിവരയ്ക്കുക കൂടിയാണ് അദ്ദേഹം ചെയ്യുന്നത്‌. അടുത്ത തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രങ്ങളുടെ ഭാഗമാണിതെന്ന് ആർക്കാണ് സംശയം.

രാഷ്ട്രത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ മേഖലകളിൽ മതത്തിനുണ്ടായിരുന്ന നിർണ്ണായക സ്വാധീനം ഏതാണ്ട് പൂർണമായി എടുത്തുമാറ്റുന്ന നിലപാടാണ് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ നടക്കുന്നത്‌.

വിൻവിൻ നയതന്ത്രം

അറേബ്യൻ ഗൾഫ് രാജ്യങ്ങൾ പാരമ്പര്യ നിലപാടുകളെ അട്ടിമറിക്കുന്ന വ്യതിയാനങ്ങളാണ് വിദേശബന്ധങ്ങളിലും നയതന്ത്രത്തിലും സമീപകാലത്ത് സ്വീകരിച്ചുവരുന്നത്‌. അറബ്‌- ഇസ്‍ലാമിക സംസ്കരത്തിന്റെ ബാഹ്യാവരണങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ, തങ്ങളുടെ ദേശീയ താൽപര്യങ്ങളിൽ ഊന്നൽ നൽകിക്കൊണ്ടുള്ള നയതന്ത്രം രൂപപ്പെടുത്താനാണ് ഗൾഫ് രാജ്യങ്ങൾ ശ്രമിച്ചു വരുന്നത്‌. അറബ്‌- ഇസ്‍ലാമിക രാഷ്ട്രങ്ങളിൽ ഏറ്റവും കടുത്ത മതാത്മക നിലപാട് പുലർത്തിയിരുന്ന സൗദി അറേബ്യയാണ് ഈ നിലപാട് മാറ്റത്തിൽ മുന്നിൽ. രാഷ്ട്രത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ മേഖലകളിൽ മതത്തിനുണ്ടായിരുന്ന നിർണ്ണായക സ്വാധീനം ഏതാണ്ട് പൂർണമായി എടുത്തുമാറ്റുന്ന നിലപാടാണ് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ അവിടെ നടക്കുന്നത്‌. പൗരരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും മുൻതൂക്കം നൽകി, മതപരമായ കാർക്കശ്യങ്ങളെ പൊതുജീവിതത്തിൽനിന്ന് മാറ്റി നിർത്താണാണവിടെ ശ്രമിക്കുന്നത്‌. ഈ ലിബറൽ പോളിസി തന്നെയാണ് അവരുടെ വിദേശനയങ്ങളിലും പ്രതിഫലിക്കുന്നത്‌.

അറബ് ഐക്യം, ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സഹകരണം എന്ന നിലപാടുകൾക്ക് പകരം തങ്ങളുടെ ദേശ സുരക്ഷ, പ്രതിരോധം, വിദേശ വ്യാപാരം, സാമ്പത്തിക ഭദ്രത തുടങ്ങിയ ദേശീയ താൽപര്യങ്ങളിൽ കേന്ദ്രീകരിച്ച് യതന്ത്ര ബന്ധങ്ങളെ പുനർനിർവചിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. പശ്ചിമേഷ്യയിൽ അറബികൾ ഏറ്റവും വലിയ ശത്രുവായി കരുതുന്ന ഇസ്രായേലുമായി പോലും പ്രതിരോധ, വാണിജ്യ, വ്യവസായ രംഗങ്ങളിൽ ഈ ഗൾഫ് രാജ്യങ്ങൾ സഹകരണ കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്‌. പലസ്തീൻ പ്രശ്നത്തിൽ ലോകവേദികളിൽ പലസ്തീനികൾക്കൊപ്പം നിൽക്കുമ്പോൾ പോലും ടെൽ അവീവുമായി ഊഷ്മളമായ നയതന്ത്രം അവ പുലർത്തുന്നുണ്ട്‌.

ഇന്ത്യയുമായി പരമ്പരാഗതമായി വളരെ നല്ല നയതന്ത്രം പുലർത്തിവരുന്ന രാജ്യങ്ങളാണ് അറേബ്യൻ ഗൾഫ്‌. ഗൾഫിന്റെ ലേബർ മാർക്കറ്റിനെ നിയന്ത്രിക്കുന്നത് ഇന്ത്യയാണെന്ന് പറയാം. ഇന്ത്യൻ പ്രവാസി സമൂഹം ഗൾഫിന്റെ സാമ്പദ് വ്യവസ്ഥയെ ഗണ്യമായി സ്വാധീനിക്കുന്നുണ്ട്‌. അതിനുപുറമെ, വിദേശ വ്യാപാര രംഗത്തും ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ ഈടുറ്റ ബന്ധമുണ്ട്‌. ഇതിൽ ഏറ്റവും മികച്ച നയതന്ത്രം ഇന്ത്യയും യു എ ഇ യും തമ്മിലാണ്. ഇന്ത്യയിൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നാൽ അത് ഇ​ന്ത്യ- അറബ് നയതന്ത്രത്തെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് ആശങ്ക ഉയർന്നിരുന്നു. എന്നാൽ പ്രധാനമന്ത്രി മോദി, അറബ് രാജ്യങ്ങളുമായുള്ള നയതന്ത്രം ശക്തിപ്പെടുത്തുകയാണ് ചെയ്തത്‌. അറബ് നേതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും അറബ് രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്ത അദ്ദേഹം, ഗൾഫിന്റെ വിദേശ നിക്ഷേപം വിവിധ രംഗങ്ങളിൽ കൊണ്ടു വരാൻ നിരവധി കരാറുകളിൽ ഏർപ്പെടുകയും ചെയ്തു.

അബൂദാബിയിലെ ക്ഷേ​ത്രത്തിന്റെ വിശദാംശങ്ങൾ ക്ഷേത്ര പുരോഹിതർ നരന്ദ്രേമോദിക്ക് വിശദീകരിച്ചുകൊടുക്കുന്നു.
അബൂദാബിയിലെ ക്ഷേ​ത്രത്തിന്റെ വിശദാംശങ്ങൾ ക്ഷേത്ര പുരോഹിതർ നരന്ദ്രേമോദിക്ക് വിശദീകരിച്ചുകൊടുക്കുന്നു.

ഗൾഫ് രാജ്യങ്ങളും മുമ്പ് സൂചിപ്പിച്ച ഉദാര നിലപാടിന്റെ ഭാഗമായി, ഇന്ത്യയിലെ രാഷ്ട്രീയ അവസ്ഥകൾക്കുനേരെ സൗകര്യപൂർവ്വം കണ്ണടച്ച് അവരുടെ താൽപര്യ മേഖലകളിൽ ശ്രദ്ധിച്ചു. ഇന്ത്യയിൽ മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ നിലനിൽപ് ഭീഷണിയിലാക്കുന്ന നിയമങ്ങളും നടപടികളും ബി ജെ പി സർക്കാർ കൈക്കൊള്ളുമ്പോഴും അതിനോടുള്ള പ്രതികരണങ്ങളിൽ ഉഭയ നയതന്ത്രത്തെ ബാധിക്കാതെ അവർ സംയമനം പാലിച്ചു. പശ്ചിമേഷ്യൻ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ തങ്ങളുടെ നയതന്ത്ര പങ്കാളികളായ അറബികളെ അകറ്റാതിരിക്കാൻ ഇന്ത്യയും ശ്രദ്ധിച്ചു.യു എ ഇ യെ സംബന്ധിച്ച് ഇന്ത്യയുമാള്ള ദീർഘകാല നയതന്ത്രത്തിന്ന് ഒരു അടിപ്പടവ് എന്ന നിലയിലാണു അബൂദാബി ക്ഷേത്രത്തെ കാണുന്നത്‌.

വിചിത്രമായ വൈരുദ്ധ്യങ്ങൾ

ഗൾഫ് രാജ്യങ്ങളുടെയും ഇന്ത്യയുടെയും സമകാലീന രാഷ്ട്രീയപരിണാമങ്ങളിൽ വിചിത്രമായ വൈരുദ്ധ്യങ്ങൾ കാണാം. ഏകാധിപത്യവാഴ്ച നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങൾ, അവരുടെ ആഭ്യന്തര ഘടന നവീകരിക്കുവാനും ഉദാരവത്കരിക്കുവാനും കൊണ്ടുപിടിച്ച ശ്രമങ്ങളാണിപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്‌. സാമൂഹ്യരംഗത്ത് മതത്തിനുണ്ടായിരുന്ന അധികാരങ്ങൾ അവർ എടുത്തുകളയുന്നു. വാണിജ്യം, ടൂറിസം, വിനോദം തുടങ്ങിയ രംഗങ്ങളിൽ ലിബറൽ പോളിസികൾ നടപ്പാക്കുന്നു. സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം ഉറപ്പാക്കുന്നു. പൗരർക്കും കുടിയേറ്റക്കാർക്കും ഇടയിൽ മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ ഇല്ലാതാക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നു. മറ്റ് മതങ്ങളുടെ ആരാധനാലയങ്ങൾ പണിയാൻ പ്രോൽസാഹിപ്പിക്കുന്നു.

ഇന്ത്യയിലാകട്ടെ, ജനാധിപത്യം നിലനിൽക്കേ ഏകാധിപത്യപരമായ മാറ്റങ്ങളാണ് പുരോഗമിക്കുന്നത്‌. ഗൾഫിൽ മതപോലീസിനെ പിരിച്ചുവിടുന്ന ഘട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി സ്വയം പൂജാരിയായി അവതരിക്കുന്നു. മതപുരോഹിതന്മാരെ മുഖ്യമന്ത്രിമാരും ഭരണാധികാരികളുമാക്കുന്നു. ഗൾഫിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ വാതിൽ തുറക്കുമ്പോൾ ഇന്ത്യയിൽ മതേതര സർവകലാശാലകൾക്ക് താഴിടുന്നു, വേദകാലത്തെ പ്രാകൃത വിജ്ഞാനങ്ങളെ ദിവ്യവത്‌കരിച്ച് പുനരാനയിക്കുന്നു. വിവേചനരഹിതവും മനുഷ്യത്വപരവുമായ നിയമവാഴ്ച ഉറപ്പാക്കാൻ ഗൾഫിൽ ശ്രമിക്കുമ്പോൾ നമ്മുടെ നാട്ടിൽ ആളുകളെ മതത്തിന്റെ പേരിൽ തല്ലിക്കൊല്ലുന്നു. ഗൾഫ് രാജ്യങ്ങൾ മറ്റു മതക്കാരുടെ ആരാധനാലയങ്ങൾ പണിയാൻ സൗകര്യങ്ങൾ ഒരുക്കുമ്പോൾ ഇന്ത്യയിൽ മുസ്‍ലിം പള്ളികളും ചർച്ചുകളും തല്ലിത്തകർക്കുന്നു. എന്നിട്ട്‌, അറബികളും മുസ്‍ലിംകളുമാണ് അസഹിഷ്ണുതയുടെ വക്താക്കൾ എന്നും ഭീകരർ എന്നും ഇടതടവില്ലാതെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ആ പ്രചാരണങ്ങളിൽ വിശ്വസിച്ച്‌, ജനാധിപത്യ വ്യവസ്ഥയുടെ പെട്ടിയിൽ വോട്ട് ചെയ്ത് മതരാഷ്ട്രീയത്തെ നാം തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

Comments