ഖബറിടത്തിൽനിന്ന്​ ഹെലൻ തോമസ്​ അലറുന്നു; ഗെറ്റൗട്ട് ഫ്രം ഫലസ്തീൻ...

ജീവശ്വാസത്തിനു കേഴുന്ന കുരുന്നുകളെയടക്കം കൊലയ്ക്കു കൊടുക്കുന്ന ഇസ്രായേലിന്റെ നൃശംസതയ്ക്ക് ഇന്ധനം പകരുന്ന അമേരിക്കക്കെതിരെ വൈറ്റ് ഹൗസിന്റെ പുൽത്തകിടിയിൽ നിന്ന് സിംഹഗർജനം മുഴക്കിയ, പേനയിൽ ചോര നിറച്ചെഴുതിയ പ്രമുഖ അറബ്- അമേരിക്കൻ മാധ്യമപ്രവർത്തക ഹെലൻ തോമസിനെ, ഗാസയ്ക്കു മീതെ ജൂതസേന വീണ്ടും കൂട്ടക്കുരുതിയുടെ തീമഴ വർഷിക്കുന്ന ഈ ഘട്ടത്തിൽ ഓർക്കാതിരിക്കാനാവില്ല.

ഡെട്രോയിറ്റിലെ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ നിതാന്തനിദ്രയിലമർന്ന വിപ്ലവകാരിയായ ഈ പത്രപ്രവർത്തകയുടെ സ്പന്ദിക്കാത്ത നെഞ്ചിലേയ്ക്കും പക്ഷേ അദൃശ്യമായി ആഴ്ന്നിറങ്ങുന്നുണ്ടാവണം, പുലരികളെ വിറപ്പിച്ച് ഗാസാമുനമ്പിൽ
പതിക്കുന്ന മിസൈലുകളേറ്റ് പിടയുന്ന കുട്ടികളുടെ അവസാനത്തെ കരച്ചിലുകൾ. ഇടിമുഴക്കം പോലെ ഇസ്രായേലിന്റെ ബോംബ് വർഷം നിലയ്ക്കാത്തൊരു പ്രഭാതത്തിലാണ് എട്ടുവർഷം മുമ്പ് 93ാമത്തെ വയസ്സിൽ, അറബികളുടെ ദുരന്തത്തിന് കാരണമായ ഇസ്രായേലിന്റേയും അമേരിക്കയുടെയും അനീതിക്കെതിരെ എഴുതിയും പ്രസംഗിച്ചും പോരാടിയും അശാന്തമായ മനസ്സോടെ ഹെലൻ തോമസ് എന്നെന്നേയ്ക്കുമായി മിഴി പൂട്ടിയത്.

ഗാസാ മുനമ്പിന്റെ മുഖപ്പിലാകെ ഇസ്രായേലിന്റെ ബോംബർ വിമാനങ്ങൾ ഇരമ്പിപ്പാറുമ്പോൾ, മിറാഷും മിസൈലും അഗ്നിബാണങ്ങളുടെ ജ്വാലാമുഖത്ത്
രാക്ഷസനൃത്തമാടുമ്പോൾ, കവിത കൊണ്ട് സമരമുഖം തുറന്ന മഹ്‌മൂദ് ദർവീഷിനേയും നിസാർ ഖബ്ബാനിയേയും പോലെ, പരിണതപ്രജ്ഞയായ ഹെലൻ തോമസും അവരുടെ ഖബറിടങ്ങളിൽ നിന്ന്, ഇസ്രായേലി പട്ടാളമുഷ്‌കിനെതിരെ രോഷത്തിന്റെ അമ്പുകളെയ്ത് അലറുന്നുണ്ടാവണം: അക്രമികളേ, ഗെറ്റൗട്ട് ഫ്രം ഫലസ്തീൻ..

അമേരിക്കൻ പ്രസിഡൻറ് ആയിരുന്ന ജറാൾഡ്​ ഫോർഡിനൊപ്പം ഹെലൻ തോമസ്

അൽജസീറ ടെലിവിഷനിലെ ഏറ്റവും മികച്ച പ്രോഗ്രാമുകളിലൊന്നാണ് പ്രസിദ്ധ അവതാരകൻ റിസ്ഖാന്റെ "വൺ ഓൺ വൺ'. ബി.ബി.സിയിലെ "ഹാർഡ്ടോക്ക്' പോലെ ആർജവമുള്ള ഇന്റർവ്യൂ ആണിത്. റിസ്ഖാന്റെ അഭിമുഖങ്ങളിലൂടെ വീണ്ടും കടന്നുപോകവെ, ഒരു കാലത്ത് വൈറ്റ്ഹൗസിന്റെ ഇടനാഴികളെ വിറപ്പിച്ച ഹെലൻ തോമസിനെ വീണ്ടും കണ്ടു. ഈ സംപ്രേഷണം ധിഷണയുടെ സ്ഫുലിംഗം ചിതറിയ വ്യത്യസ്തമായൊരു ദൃശ്യാനുഭവമായിരുന്നു. അന്ന് തൊണ്ണൂറ് വയസ്സ് തികയാൻ നാലുമാസം മാത്രം ബാക്കിയുള്ള ഹെലൻ തോമസ്, ചുറുചുറുക്കുള്ള യുവതിയെപ്പോലെ ചടുലമായാണ് അൽജസീറ സ്റ്റുഡിയോ ഫ്ളോറിൽ റിസ്ഖാന്റെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
ഈ അഭിമുഖം അൽജസീറ സംപ്രേഷണം ചെയ്ത സന്ധ്യയ്ക്ക് ലിബിയയ്ക്കു മേൽ സഖ്യശക്തികളുടെ അതിശക്തമായ ഭൂതല അവാക്സ് മിസൈലുകൾ തീഗോളങ്ങളായി പൊട്ടിച്ചിതറുകയും രാത്രിയിൽ ആകാശത്ത് പൗർണമിത്തിങ്കളുദിക്കുകയും ചെയ്തു. സൂപ്പർമൂണിനെ സാക്ഷിയാക്കിയാണ് നാനൂറ് കിലോമീറ്റർ ദൂരത്തേക്ക് ഫ്രഞ്ച് മിസൈലുകൾ മൂളിപ്പാഞ്ഞത്. യുദ്ധമുറകളുടെ കിരാതോൽസവത്തിന് ചന്ദ്രികാചർച്ചിത രാത്രിയുടെ ദുരന്തസാക്ഷ്യം കൂടിയായിരുന്നു അത്.

ഹെലൻ തോമസ് രോഷത്തോടെ പറയുന്നത് കേട്ടു: ട്രിപ്പോളി എന്നു കേൾക്കുമ്പോൾ എന്റെ സിരകളിൽ രക്തം പതയും. അത് പക്ഷേ കേണൽ ഗദ്ദാഫിയുടെ ട്രിപ്പോളിയല്ല, എന്റെ പൂർവികർ ജനിച്ച് മണ്ണടിഞ്ഞ ലെബനോനിലെ ട്രിപ്പോളിയാണ്.
ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയും ലെബനോനിലെ ട്രിപ്പോളിയും രണ്ടാണ്. പൂർവ മെഡിറ്ററേനിയൻ തീരത്തെ മൂന്നു നഗരങ്ങളുടെ സംഗമമാണ് ലെബനോനിലെ ട്രിപ്പോളി. അവിടെ നിന്നാണ് ഹെലൻ തോമസിന്റെ കുടുംബം അമേരിക്കയിലെ മിഷിഗണിലേയ്ക്ക് കുടിയേറിയത്. ഗ്രീക്ക് ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട ഹെലൻ ജനിച്ചതും വളർന്നതും പഠിച്ചതുമൊക്കെ മിഷിഗണിലെ ഡെട്രോയിറ്റിൽ.

‘‘എന്റെ ചോരയിൽ അറബ് രക്തം കലർന്നിട്ടുണ്ട്. ലെബനാനിലും ജോർദ്ദാനിലും സിറിയയിലും മാത്രമല്ല, ലോകമെങ്ങുമുള്ള ഫലസ്തീനികളോട് ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഴുതുന്നതും പ്രസംഗിക്കുന്നതുമെല്ലാം എന്റെ ജന്മവേരുകൾ അറബ് മണ്ണിൽ ആഴ്ന്നിറങ്ങിയത് കൊണ്ടു മാത്രമല്ല, രാജ്യം നഷ്ടപ്പെട്ട ഒരു ജനതയുടെ ഹൃദയരക്തത്തിൽ ചാലിച്ചെടുത്ത വികാരമത്രയും പങ്ക് വയ്ക്കുകയെന്ന സദുദ്ദേശ്യത്തോടും കൂടിയാണ്’’.
ഇസ്രായേൽ ഭരണാധികാരികളെ സമാധാനദൂതരായി ചിത്രീകരിച്ച് മഹത്വവൽക്കരിക്കാൻ പാശ്ചാത്യ മാധ്യമങ്ങൾ തത്രപ്പെടുമ്പോൾ, സത്യത്തിന്റെ മുഖം അനാവരണം ചെയ്യുകയായിരുന്നു താനെന്നും അവർ അഭിമുഖത്തിൽ അവകാശപ്പെടുന്നുണ്ട്.

ഫലസ്തീനിലെ അറബികളെ രാജ്യമില്ലാത്തവരാക്കി മാറ്റുകയും ആ രാജ്യത്തെ ലോകഭൂപടത്തിൽ നിന്ന് തുടച്ചു നീക്കുകയും ചെയ്യാൻ നായകത്വം വഹിച്ച "ചീഫ് ഓഫ് സ്റ്റാഫ്' യിത്സാക് റബീൻ, അമേരിക്കയിൽ ഇസ്രായേൽ അംബാസഡറായ കാലത്ത് അറബികളെ നിരന്തരം ചതിച്ചതിന്റെ കഥകൾ ഹെലൻ തോമസ് തന്റെ കോളങ്ങളിലെഴുതി. ഇത് പലരുടേയും നെറ്റി ചുളിയാൻ കാരണമായത് സ്വാഭാവികം.

ഹെലൻ തോമസിന്റേത് കണ്ണീർക്കടൽ മുറിച്ചു നീന്തേണ്ടി വന്ന ക്ലേശങ്ങളുടെ ബാല്യമായിരുന്നു. ദാരിദ്ര്യത്തോടൊപ്പം അറബ് വംശജ എന്ന വിവേചനത്തിന്റെ കയ്പുനീരും കുടിക്കേണ്ടി വന്ന സ്‌കൂൾ കാലം. "വെളുത്തുള്ളി തിന്നുന്ന മ്ലേച്ഛ...' എന്നു പറഞ്ഞാണ് വെള്ളക്കാരായ സഹപാഠികൾ ഹെലനെ പരിഹസിച്ചത്.
പഠനം പൂർത്തിയാകും മുമ്പേ വാഷിംഗ്ടൺ ഡെയ്​ലി ന്യൂസ് പത്രത്തിന്റെ കോപ്പിയെഴുത്തുകാരിയായി ഹെലന് ജോലി കിട്ടിയത് വലിയ ആശ്വാസമായി. കലാലയത്തിലെ അവഗണന സഹിക്കേണ്ടല്ലോ. എഴുത്തിലും വായനയിലുമുള്ള അതീവ താൽപര്യം റിപ്പോർട്ടർ തസ്തികയിൽ നിയമനം കിട്ടാൻ സഹായകമായി. പശ്ചിമേഷ്യൻ വിദഗ്ധ എന്ന നിലയിൽ ആധികാരികമായ റിപ്പോർട്ടുകളും ലേഖനങ്ങളുമായിരുന്നു അവരുടേത്. സ്ത്രീപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അക്കാലത്ത് ഉയർന്നു വന്ന വിവിധ വിഷയങ്ങളെ അധികരിച്ച് ഹെലൻ തോമസ് തയാറാക്കിയ വാർത്തകൾ പടിഞ്ഞാറൻ ലോകത്തിന്റെ പൊതുശ്രദ്ധ പിടിച്ചുപറ്റി. ഇത് പ്രസിദ്ധമായ യുണൈറ്റഡ് പ്രസ് ഇന്റർനാഷനലിലേക്ക് (യു.പി.ഐ) ഹെലൻ തോമസിന് വാതിൽ തുറന്നു കൊടുത്തു. "വാർത്തയിലെ വ്യക്തികൾ' എന്ന കോളത്തിലൂടെ അവർ നൂറുക്കണക്കിന് പ്രമുഖ വനിതകളെ ലോകത്തിന് പരിചയപ്പെടുത്തി.

മുൻ അമേരിക്കൻ പ്രസിഡൻറ് ബരാക്ക് ഒബാമയോടൊപ്പം ഹെലൻ തോമസ്

വിമൻസ് നാഷനൽ പ്രസ് ക്ലബ്ബംഗമായി തെരഞ്ഞെടുക്കപ്പെട്ട ഹെലന്റെ നികിതാ ക്രൂഷ്ച്ചേവുമായുള്ള അഭിമുഖം ഏറെ പ്രസിദ്ധമാണ്. പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുമായി ആത്മാർഥ സൗഹൃദം സ്ഥാപിക്കാൻ സാധിച്ചതും ഈ രംഗത്തെ വളർച്ചയിൽ കെന്നഡി വഹിച്ച പങ്കും ഹെലൻ തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. കെന്നഡിയുടെ ഭാഗത്ത് നിന്ന് മികച്ച പ്രോൽസാഹനമാണ് ലഭിച്ചത്. വനിതകളുടെ പ്രശ്നങ്ങളിൽ നിന്ന് പൊതുവിഷയങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിംഗിലേക്കും കോളമെഴുത്തിലേക്കും മാറാൻ തന്നെ പ്രേരിപ്പിച്ചതിൽ കെന്നഡിയ്ക്കും പങ്കുണ്ടെന്ന് ഹെലൻ പറയുന്നു.

യു.പി.ഐയുടെ വൈറ്റ്ഹൗസ് കറസ്​പോണ്ടന്റായി ഉയർന്ന ഹെലനാണ് കെന്നഡിയുടെ എല്ലാ പ്രസംഗങ്ങളും യു.പി,ഐയ്ക്ക് വേണ്ടി റിപ്പോർട്ട് ചെയ്തത്. ഹെലന്റെ അവതരണശൈലിയിലെ വ്യത്യസ്തതയും ആധികാരികതയും ക്രിസ്ത്യൻ സയൻസ് മോണിറ്റർ പോലും ഏറെ പ്രശംസിച്ചു. അമേരിക്കൻ ഭരണകേന്ദ്രങ്ങളിൽ ഏറ്റവും സ്വാധീനമുള്ള മാധ്യമപ്രവർത്തകയെന്ന പദവി ഹെലൻ തോമസിനു ലഭിച്ചു. 1972 ൽ പ്രസിഡൻറ്​ റിച്ചാർഡ് നിക്സനോടൊപ്പം ചൈനയിലേക്ക് യാത്ര ചെയ്ത ഏക വനിതാ പത്രപ്രവർത്തക ഹെലൻ തോമസായിരുന്നു. നിക്സന്റെ ചരിത്രപ്രസിദ്ധമായ പര്യടനമായിരുന്നു അത്. ഹെലന്റെ വാർത്തകൾ ഇതോടെ ആഗോളശ്രദ്ധ നേടുകയും ചെയ്തു.

നിക്​സനുശേഷമുള്ള എല്ലാ അമേരിക്കൻ പ്രസിഡന്റുമാരുടേയും ഔദ്യോഗിക വിദേശയാത്രാസംഘത്തിൽ അംഗമാകാൻ ഹെലൻ തോമസിനു കഴിഞ്ഞു. 1975 നു ശേഷമുള്ള മുഴുവൻ ആഗോള സാമ്പത്തിക ഉച്ചകോടികളും യു.പി.ഐക്കുവേണ്ടി അവർ തന്നെയാണ് റിപ്പോർട്ട് ചെയ്തത്. യു.പി.ഐയുടെ വൈറ്റ് ഹൗസ് ബ്യൂറോ ചീഫ് എന്ന നിലയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ഹെലന് വൈറ്റ് ഹൗസിലെ പ്രസിഡന്റുമാരുടെ ബ്രീഫിംഗുകളിൽ സ്ഥിരം ഇരിപ്പിടം ലഭിച്ചു. ഇത്തരത്തിൽ പ്രത്യേക ഇരിപ്പിടമുള്ള ഏക മാധ്യമപ്രവർത്തകയും അവർ തന്നെ.

"വൈറ്റ് ഹൗസിന്റെ പിന്നാമ്പുറങ്ങൾ' എന്ന പേരിലുള്ള ഹെലൻ തോമസിന്റെ കോളത്തിൽ അമേരിക്കയിലെ മിക്ക പ്രസിഡന്റുമാരുടേയും അവരുടെ പത്നിമാരുടേയും പരിചാരകരുടേയുമൊക്കെ ജീവിതത്തിലെ കറുപ്പും വെളുപ്പും നിറഞ്ഞ കാണാപ്പുറങ്ങൾ സത്യസന്ധതയോടെയും തന്മമയത്വത്തോടെയും അനാവരണം ചെയ്യപ്പെട്ടു.

ലെബനാന്റെ രക്തപങ്കിലമായ ചരിത്രത്തിലെ അതിദാരുണമായ അധ്യായമാണ് സബാറ- ഷാത്തില കുരുതി. ഈ പേരിലുള്ള പാലം വഴി ഇരച്ചുകയറിയ ക്രിസ്ത്യൻ മാറോനെറ്റ് തീവ്രവാദികളായ ഫലാഞ്ചിസ്റ്റുകൾ രണ്ട് ഫലസ്തീനി അഭയാർഥി ക്യാമ്പുകളിൽ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് ഹെലൻ തോമസ് ഹൃദയസ്​പർശിയായി എഴുതി. നൂറുക്കണക്കിന് ഫലസ്തീനികളെയാണ് അന്ന് കൂട്ടക്കൊല ചെയ്തത്. ഇസ്രായേൽ സേന തീവ്രവാദികൾക്ക് ആളും ആയുധവും നൽകി. അമേരിക്ക, വ്യക്തമായും ഈ സംഹാരത്തിന് ചൂട്ട് പിടിച്ചുവെന്നാണ് ഹെലൻ തോമസ് തെളിവുകൾ സഹിതം കുറ്റപ്പെടുത്തിയത്.

ആ വർഷം റംസാൻ ചന്ദ്രികയുദിച്ചപ്പോൾ, ബേക്കാ താഴ്​വരയിലും ഗലീലിക്കുന്നുകളിലും കുരുതിക്കാറ്റ് വീശി. സ്വന്തം ചോരയുടേയും വിയർപ്പിന്റേയും ഉപ്പുവീണ മണ്ണിൽ നിന്ന്, ജന്മവേരുകൾ ആഴത്തിൽ പതിഞ്ഞ പിതൃഭൂമിയിൽ നിന്ന് ഫലസ്തീനികളെ ജൂതപ്പട ആട്ടിയോടിച്ചു. നിരവധിയാളുകൾ കല്ലും കവണയുമായി ശത്രുക്കളോടെതിരിട്ട് മരിച്ചുവീണു. രക്തസാക്ഷിത്വം ഫലസ്തീനികൾക്ക് പ്രണയം പോലെയാണ്, മധുവിധു പോലെയാണ്. മരണത്തെ സ്വയംവരിച്ച ദക്ഷിണ ലെബനോനിലെ പെൺപടയുടെ രക്തക്കിനാക്കളിലേക്കാണ് ഹെലൻ തോമസിന്റെ "പശ്ചിമേഷ്യൻ കിനാക്കൾ' എന്ന ലേഖനപരമ്പര (ഒപ്പീനിയൻ പത്രം) ലോകത്തിന്റെ കണ്ണ് തുറപ്പിച്ചത്.

നീണ്ട അമ്പത്തേഴു വർഷത്തെ സേവനത്തിനു ശേഷം 2000- ൽ യു.പി.ഐയുടെ പടിയിറങ്ങിയ ഹെലൻ, ഹോഴ്സ്റ്റ് ന്യൂസ് പേപ്പേഴ്സിന്റെ കോളമിസ്റ്റായി. സ്വേച്ഛാവാഴ്ചയിലൂടെ ജനലക്ഷങ്ങളെ ഹിംസിച്ച ജോർജ്ജ് ബുഷിനെതിരെ, ഹെലൻ ആഞ്ഞടിച്ചത് ഇക്കാലത്തായിരുന്നു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റാണ് ബുഷ് എന്ന് ഹെലൻ തോമസ് തുറന്നെഴുതി. അദ്ദേഹത്തിന്റെ പ്രസംഗം റിപ്പോർട്ട് ചെയ്യുകയെന്നത് ഒരു മാധ്യമപ്രവർത്തകനെ / പ്രവർത്തകയെ സംബന്ധിച്ച്​ അങ്ങേയറ്റം നിന്ദ്യമായ ജോലിയാണെന്നു കൂടി ഹെലൻ പറഞ്ഞതോടെ അവർ നോട്ടപ്പുള്ളിയായി.

ഡെയ്​ലി ബ്രീസ് പത്രം ഹെലന്റെ ഈ അഭിപ്രായം വൻപ്രാധാന്യത്തോടെയാണ് അച്ചടിച്ചത്. പേന കൊണ്ടു മാത്രമല്ല, നാക്ക് കൊണ്ടും ഹെലൻ തോമസ്, ബുഷിന്റെ കിരാതനയങ്ങൾക്കെതിരെ പൊരുതി. ഇതോടെ വൈറ്റ്ഹൗസിലേക്കുള്ള അവരുടെ വാതായനം കൊട്ടിയടയ്ക്കപ്പെട്ടു. പിന്നീട് ക്ഷമാപണം നടത്തിയതിന്റെ പേരിൽ തുടർക്ഷണമുണ്ടായെങ്കിലും മുൻവശത്തെ അവരുടെ സ്ഥിരം ഇരിപ്പിടം നീക്കുകയും പിന്നിലേക്കു സീറ്റ് മാറ്റുകയും ചെയ്തു.
ജോർജ്ജ് ബുഷിന്റെ മുഖത്ത് നോക്കി ഹെലൻ തോമസ് പറഞ്ഞു: മിസ്റ്റർ പ്രസിഡൻറ്​, എന്തിനാണ് താങ്കൾ ഇറാഖിനെക്കുറിച്ച് നുണ പറയുന്നത്? എവിടെയാണ് രാസായുധം? നിരപരാധികൾക്കു മീതെയുള്ള താങ്കളുടെ ബോംബിംഗിന് എന്ത് ന്യായീകരണമാണുള്ളത്....? മധ്യപൂർവദേശത്തെ എണ്ണഖനികളോടുള്ള അത്യാഗ്രഹവും ഇസ്രായേലിന്റെ സമ്മർദ്ദവുമാണ് താങ്കളെ ഇറാഖിനു നേരെയുള്ള അന്യായമായ യുദ്ധത്തിനു പ്രേരിപ്പിച്ചത്. അയാം ഷെയിം ഓൺ യൂ, മിസ്റ്റർ ബുഷ്...

പ്രതിരോധ സെക്രട്ടറിയായിരുന്ന ഡിക്ചീനിക്കെതിരേയും ഹെലൻ തോമസ് ശക്തമായ ലേഖനങ്ങളെഴുതി. ലെബനോനിലും ഫലസ്​തീനിലും ബോംബ് വർഷിക്കാൻ കച്ച കെട്ടിയ ഇസ്രായേലികളെ ആയുധമണിയിക്കുന്ന പ്രസിഡന്റിന്റെ കൊട്ടാരം സേവകൻ എന്നാണ് ഡിക്ചീനിയെ ഹെലൻ വിശേഷിപ്പിച്ചത്.

ബരാക് ഒബാമയാണ് തമ്മിൽ ഭേദമെന്ന് ഹെലൻ തോമസ് പറയുന്നു. 2009 ആഗസ്റ്റ് നാലിന്​ 89ാം ജന്മദിനം ആഘോഷിച്ച ഹെലൻ തോമസിന് ഒബാമ പിറന്നാൾ കേക്ക് നൽകിയ ചിത്രം വാഷിംഗ്ടൺ പോസ്റ്റും ന്യൂയോർക്ക് ടൈംസും അച്ചടിച്ചു. വർഷം വ്യത്യസ്തമാണെങ്കിലും - 1961- ഓഗസ്റ്റ് നാലിനു തന്നെയായിരുന്നു ഒബാമയുടേയും പിറന്നാൾ.
അൽജസീറാ അഭിമുഖത്തിൽ ഹെലൻ തോമസ് പ്രസിദ്ധമായ തന്റെ ലേഖനഭാഗം വീണ്ടും ആവേശപൂർവം ഉരുവിട്ടു: ഇസ്രായേൽ, ഗെറ്റൗട്ട് ഫ്രം ഫലസ്തീൻ.

ഇസ്രായേലിനെ വിമർശിച്ച് അമേരിക്കയിൽ സ്വൈര്യമായി ജീവിക്കാൻ പ്രയാസമാണെന്ന്​ തനിക്കറിയാമെന്നു സമ്മതിക്കുന്ന അവർ പറഞ്ഞു: ‘‘പക്ഷേ ഞാൻ പോരാട്ടം അവസാനിപ്പിക്കില്ല, അറബികൾക്കു വേണ്ടി, ഫലസ്തീനികൾക്കു വേണ്ടി അവസാനം വരെ ഞാൻ എഴുതും, പ്രസംഗിക്കും.
ലിസൺ അപ്, മിസ്റ്റർ പ്രസിഡൻറ്​: എവരിതിംഗ് യൂ ഓൾവെയ്സ് വാണ്ടഡ് യുവർ പ്രസിഡൻറ്​ ടു നോ ആൻറ്​ ഡു എന്നിവയാണ് ഹെലൻ തോമസിന്റെ പ്രധാനകൃതികൾ. ഭർത്താവ് ഡഗ്ലസ് കോർണേൽ നേരത്തെ മരിച്ചു. 2010 ഒക്ടോബറിൽ പത്രപ്രവർത്തന ജീവിതത്തോട് വിട വാങ്ങി: ‘‘അമേരിക്കൻ കോൺഗ്രസും വൈറ്റ്ഹൗസും ഹോളിവുഡും വാൾസ്ട്രീറ്റുമെല്ലാം സയണിസ്റ്റുകളുടെ പിടിയിലാണ്. അമേരിക്കയെ നിയന്ത്രിക്കുന്നത് ജൂതലോബിയാണ്. പക്ഷേ, അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തുനിന്ന് ഇല്ലാതാകുന്നതുവരെ അമേരിക്കയോടും ഇസ്രായേലിനോടും ഞാൻ പറഞ്ഞു കൊണ്ടേയിരിക്കും. ഫലസ്തീന്റെ മണ്ണിൽ നിന്ന് ഇസ്രായേലിനെ പുറത്താക്കൂ. അധിനിവേശക്കാർക്ക് ജർമനിയിലേക്കോ പോളണ്ടിലേക്കോ പോകാം. ഫലസ്തീൻ അറബികളുടേതാണ്, ആ മണ്ണ് പവിത്രമാണ്. അത് കളങ്കപ്പെടുത്താതെ പുറത്ത് പോകൂ.’’.

Comments