ഞാൻ ഈദി അമീനെ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്‌

1971 ജനുവരി 25ന്, മിൽട്ടൺ ഒബോട്ടെയുടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച ജനറൽ ഈദി അമീൻ, ഉഗാണ്ടയുടെ പ്രസിഡന്റായി 1971 ഫെബ്രുവരി രണ്ടിന് സ്വയം പ്രഖ്യാപിച്ചു. ഈ ജനുവരി 25 ന് ഈദി അമീൻ ഉഗാണ്ടയുടെ ഏകാധിപതിയായതിന്റെ 50 വർഷം പൂർത്തിയാവുകയാണ്. ഈദി അമീനെ നേരിട്ട് കണ്ട് അഭിമുഖം നടത്തിയതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് ലേഖകൻ.

ബി.ബി.സിയുടെ യുദ്ധകാര്യ ലേഖകനായിരുന്ന ബ്രയാൻ ബാരണാണ് ഈസ്റ്റ് ആഫ്രിക്കൻ ഈറ്റപ്പുലിയായിരുന്ന ഈദി അമീൻദാദ, ജനരോഷത്തെത്തുടർന്ന് നിഷ്‌കാസിതനായ ശേഷം ആദ്യമായി അദ്ദേഹത്തെ അഭിമുഖം നടത്തിയ മാധ്യമപ്രവർത്തകൻ. സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിൽ വെച്ചായിരുന്നു, ഏറെ കടമ്പകൾ താണ്ടിയുള്ള ആ ഇന്റർവ്യൂ എന്ന് ബ്രയാൻ ബാരൺ പറയുന്നുണ്ട്. കർശനമായ സുരക്ഷാക്രമീകരണങ്ങൾക്കിടയിലും പലവിധ പ്രതിസന്ധികളെയും അതിജീവിച്ചാണ് ഈദി അമീന് രാഷ്ട്രീയാഭയം നൽകിയ സൗദിയിലെ രഹസ്യകേന്ദ്രത്തിൽ വെച്ച് അദ്ദേഹവുമായി ബ്രയാൻ സംസാരിക്കുന്നതും ലോകം ഉറ്റുനോക്കിയിരുന്ന ഏകാധിപതി ഇതാ ഇവിടെയുണ്ട് എന്ന് ലോകത്തെ ആദ്യമായി അറിയിച്ചതും. കെനിയയിലെ വിസ്ന്യൂസ് എന്ന മാധ്യമസ്ഥാപനത്തിന്റെ ക്യാമറാമാനുമായാണ് - യാദൃച്ഛികമാവാം, അദ്ദേഹത്തിന്റെ പേരും അമീൻ എന്നായിരുന്നു- ബ്രയാൻ ബാരൺ, ഈദി അമീനുമായി സംസാരിച്ചത്. ഞാനറിയുന്ന ഈദി അമീൻ എന്ന പേരിൽ പിന്നീട് ബ്രയാൻ ബാരൺ ബി.ബി.സിയിൽ പ്രത്യേക പരമ്പര തന്നെ ചെയ്ത് ലോകശ്രദ്ധ പിടിച്ചുപറ്റി.

എൺപതുകളുടെ ആദ്യം ജോലി തേടി ജിദ്ദയിലെത്തിയ എനിക്ക് ഈദി അമീനെക്കുറിച്ച് ശരദ് പട്ടേൽ സംവിധാനം ചെയ്ത സിനിമയുടെ വീഡിയോ കാസറ്റ് കിട്ടി. കെനിയയിലും നൈജീരിയയിലും ബ്രിട്ടനിലും സഹനിർമാണം പൂർത്തിയാക്കിയ "അമീൻ: ദ റൈസ് ആന്റ് ഫാൾ' എന്ന സിനിമയുടെ വീഡിയോ കാസറ്റ് തന്നത് ജിദ്ദ എയർപോർട്ടിൽ ജോലി ചെയ്തിരുന്ന ബന്ധുവാണ്.

ജോസഫ് ഒഗോള ഒലീറ്റ എന്ന കെനിയൻ നടൻ ഈദി അമീനെ അനശ്വരനാക്കിയ ഉജ്വല സിനിമ. 1971 മുതലുള്ള ഈദി അമീന്റെ വാഴ്ചയും 1979 ലെ വീഴ്ചയുമാണ് ഈ സിനിമ. ആയിടെ ഇല്ലസ്ട്രേറ്റഡ് വീക്‌ലി ഓഫ് ഇന്ത്യയിൽ അമീന്റെ സ്വകാര്യ ഡോക്ടറായിരുന്ന കൊൽക്കത്തക്കാരൻ ജി.എസ്. മേത്തയെക്കുറിച്ച് വന്ന ലേഖനം എന്റെ ഫയലിലുണ്ടായിരുന്നു.
കംപാലയിൽ നിന്ന് രണ്ടാം കല്യാണം കഴിച്ച സൗദി പൗരത്വമുള്ള മലയാളിയായ ബക്കുർ മലബാരി എന്ന പരിചയക്കാരനിൽ നിന്നും ആ രാജ്യത്തെക്കുറിച്ചും അമീനെക്കുറിച്ചും ചിലത് മനസ്സിലാക്കി. കേട്ട കഥകളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു ബക്കുർ മലബാരി പറഞ്ഞ കഥകൾ.

ഈദി അമീൻ താമസിക്കുന്ന സ്ഥലം ജിദ്ദയിൽ ഏകദേശം ഞങ്ങളുടെ പാർപ്പിടത്തിനടുത്ത് തന്നെയാണെന്ന് ഈ ബന്ധു പറഞ്ഞിരുന്നു. അമീൻ ചില സമയത്തൊക്കെ പുറത്തിറങ്ങുന്നത് കണ്ട് സംശയം തോന്നിയാണ് ഇങ്ങനെ പറഞ്ഞത്. പക്ഷേ കനത്ത സെക്യൂരിറ്റി മറി കടന്ന് ഈദി അമീനെ കാണാനൊരിക്കലും കഴിയില്ലെന്നറിയാമായിരുന്നിട്ടും, ഒലീറ്റ എന്ന മഹാനടനിലൂടെ ഈദി അമീൻ ദാദയുടെ ക്രൂരതയും നിഷ്ഠൂരഹാസ്യവും സാഡിസവുമൊക്കെ മനസ്സിൽ തറഞ്ഞു നിന്ന അക്കാലത്ത് അദ്ദേഹത്തെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ശരദ് പട്ടേലിന്റെ സിനിമയിൽ, ഈദി അമീന്റെ രോഗശയ്യയിലായ ഭാര്യയെ (ആറു ഭാര്യമാരിലൊരുവൾ) ചികിത്സിച്ച ഏഷ്യൻ ഡോക്ടറെ, ഫ്രിഡ്ജിന്റെ ഫ്രീസറിൽ സൂക്ഷിച്ച മനുഷ്യമാംസവും തലയോട്ടിയും കാണിച്ചു പേടിപ്പിക്കുന്ന അതിഭീകരമായ രംഗവും അത് കണ്ട് നടുങ്ങിപ്പോയ ഡോക്ടറുടെ അലർച്ചയും എന്റെ ഉള്ള് കിടുക്കിയിരുന്നു.

ബ്രയാൻ ബാരൻ

അതിനിടെയായിരുന്നു ജിദ്ദ മെരീഡിയൻ ഹോട്ടലിന്റെ ലോബിയിൽ ഈദി അമീനെ കണ്ട കാര്യം കൂടെ ജോലി ചെയ്തിരുന്ന പാക്കിസ്ഥാനി സുഹൃത്ത് പറഞ്ഞത്. അന്വേഷിച്ചപ്പോൾ സംഗതി ശരിയായിരുന്നു. ജിദ്ദ മക്കറോണാ സ്ട്രീറ്റിലെ ഏതോ അജ്ഞാതകേന്ദ്രത്തിലാണ് അദ്ദേഹത്തിന്റെ താമസമെന്നും പാക്കിസ്ഥാനിയായ ഡ്രൈവർക്ക് പകരം താൽക്കാലികമായി ഒരു മലയാളിയെ ഈദി അമീൻ ഡ്രൈവറായി നിയമിച്ചിട്ടുണ്ടെന്നുമുള്ള വിവരം കിട്ടി. അതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ആ ഡ്രൈവർ എന്റെ അടുത്ത പരിചയക്കാരനായിരുന്ന കൊടുങ്ങല്ലൂർക്കാരൻ സക്കീർ ഹുസൈനായിരുന്നു. സക്കീറുമായുള്ള സൗഹൃദം ഉപയോഗിച്ച് ഈദി അമീനെ കാണാനുള്ള ശ്രമം പലവട്ടം നടത്തിയെങ്കിലും വിജയം കണ്ടില്ല. പിന്നീട് ആ യത്‌നം ഉപേക്ഷിക്കുകയും അക്കൊല്ലം നാട്ടിൽ പോയപ്പോൾ ഈ കഥകളത്രയും മലയാള മനോരമ എഡിറ്റോറിയൽ ഡയരക്ടറായിരുന്ന തോമസ് ജേക്കബ് സാറിനോട് പങ്ക് വെക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ഇത് കേൾക്കുമ്പോൾ ആകെ തുടിച്ചു പോകുന്നു എന്റെ മനസ്സ്. എങ്ങനെയെങ്കിലും ഈദി അമീനെ കാണാൻ ശ്രമിക്കണം. ഒരു ഗംഭീര സ്‌റ്റോറി തയാറാക്കണം. പ്രയാസമാണെന്നറിയാം.

പക്ഷേ ശ്രമത്തിൽ നിന്ന് പിൻമാറരുത്. അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിൽ മലയാളി ഡ്രൈവർ, പാചകക്കാർ, മറ്റു ജോലിക്കാർ തുടങ്ങിയവരിൽ നിന്നെങ്കിലുമുള്ള വിവരങ്ങൾ വെച്ച് ഒരു സ്‌റ്റോറിയുണ്ടാക്കണം.

പക്ഷേ നിരാശയായിരുന്നു ഫലം. ഇതിനിടെ, മാതൃരാജ്യമായ ഉഗാണ്ടയിലെ പുതിയ രാഷ്ട്രീയചലനങ്ങളും ഭരണമാറ്റവുമറിഞ്ഞ് ഈദി അമീൻ ജിദ്ദയിൽ നിന്ന് ലിബിയ വഴി ഉഗാണ്ടൻ തലസ്ഥാനമായ കംപാലയിലേക്ക് മടങ്ങാൻ രഹസ്യ ശ്രമം നടത്തിയതും അത് പരാജയപ്പെട്ടതുമായ വാർത്ത ചില വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദി സെക്യൂരിറ്റി കൂടുതൽ കർശനമാക്കുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയാഭയകേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തുവെന്നാണറിഞ്ഞത്. അങ്ങനെ ഈദി അമീന്റെ ചിത്രം ക്രൂരതയുടെ പ്രതിരൂപമായിത്തന്നെ മനസ്സിൽ അവശേഷിച്ചു. അദ്ദേഹത്തെ കാണുകയെന്ന മോഹം തൽക്കാലം അവസാനിപ്പിക്കേണ്ടിവരികയും ചെയ്തു.

ഉഗാണ്ടയിലെ കംബാലയിൽ നയതന്ത്രജ്ഞർക്കായുള്ള പാർട്ടിയിലേക്ക് ഈദി അമീനെ ആനയിച്ചു കൊണ്ടുപോകുന്ന ബ്രിട്ടീഷ് ബിസ്‌നസുകാർ (1975)

പക്ഷേ പിന്നേയും ഒന്നര വർഷം കഴിഞ്ഞപ്പോൾ, 1984 അവസാനം എനിക്ക് ആ ഭാഗ്യം ലഭിച്ചു. ഒരു പക്ഷേ ഈദി അമീനെ കാണാൻ സാധിച്ച അപൂർവം മലയാളികളിലൊരാൾ എന്ന ഭാഗ്യം. ആ കൂടിക്കാഴ്ചയുടെ ഓർമ നില നിർത്താൻ ഒരു ഫോട്ടോഗ്രാഫ് പോലും കൈയിലില്ലാതെ പോയി. പടമെടുക്കാൻ അദ്ദേഹം സമ്മതിച്ചില്ല. പക്ഷേ ആ മഹാസൗഹൃദം നിലനിർത്താൻ അവസാനകാലം വരെ സാധിച്ചുവെന്നത് മറക്കുന്നില്ല.

ഈദി അമീനുമായി നടന്ന കൂടിക്കാഴ്ച എന്റെ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമാണ്. വർഷങ്ങളേറെക്കഴിഞ്ഞിട്ടും ആ ഓർമ, മനസ്സിനെ ഹോണ്ട് ചെയ്യുന്നു. ജിദ്ദ മകറോണ സ്ട്രീറ്റിൽ കളർലാബ് നടത്തുന്ന മലപ്പുറം കോട്ടപ്പടിയിലെ മജീദ് എന്ന സുഹൃത്ത് ഒരു വൈകുന്നേരം എന്നെ ഓഫീസിലേക്ക് വിളിച്ചു. പെട്ടെന്ന് ഇങ്ങോട്ട് വന്നാൽ ഒരാളെ കാണിച്ചു തരാം.
ഞാൻ അര മണിക്കൂറിനകം ജിദ്ദാ കളർലാബ് എന്ന മജീദിന്റെ സ്റ്റുഡിയോയിലെത്തി. അവിടെയതാ സാക്ഷാൽ ഈദി അമീൻദാദ. ഇടയ്ക്കൊക്കെ ഈദി അമീൻ തന്റെ സ്റ്റുഡിയോയിൽ വരാറുണ്ടെന്ന് മജീദ് പറയുമായിരുന്നു. ചില ഫോട്ടോ നെഗറ്റീവുകളുടെ പ്രിന്റ് സ്വകാര്യമായി എടുത്ത് കൊടുത്തിരുന്നത് മജീദായിരുന്നു. ഉഗാണ്ടയിലെ ആഭ്യന്തരകലാപം സംബന്ധിച്ച ചിത്രങ്ങൾ, ഈദി അമീനു ശേഷം അധികാരത്തിൽ വന്ന യുവേരി മുസവേനിയുടെയും മറ്റും പടങ്ങൾ എന്നിവയാണ് മജീദ്, ഈദി അമീന് പ്രോസസ് ചെയ്ത് കൊടുത്തിരുന്നത്. (മുസവേനിയാണ് ഇപ്പോഴും ഉഗാണ്ടയിലെ പ്രസിഡന്റ്).

ഈദി അമീന് ആറു ഭാര്യമാരിൽ 45 മക്കളെന്ന് അനൗദ്യോഗിക വിവരം. മൂത്ത മകൻ തബാൻ അമീൻ, ഉഗാണ്ട തിരിച്ചു പിടിക്കാനുള്ള റിബൽ ഗ്രൂപ്പിന്റെ പോരാളിയായിരുന്നു. അയാളുടെ ഫോട്ടോയുടെ പ്രിന്റുകളും മജീദ് പ്രൊസസ് ചെയ്ത് കൊടുത്തിരുന്നു. ഏതായാലും മജീദിന്റെ കെയറോഫിൽ അയാളുടെ സുഹൃത്ത് എന്ന് പറഞ്ഞ് ഞാൻ ഈദി അമീൻദാദയെ സലാം ചൊല്ലി ഹസ്തദാനം ചെയ്തു. മജീദ് എന്നെ പരിചയപ്പെടുത്തി. ക്യാമറയെടുക്കാൻ തുനിഞ്ഞ മജീദിനെ അമീൻ തടഞ്ഞു. തിടമ്പേറ്റിയ ആന കണക്കെ ആജാനബാഹുവായി നിന്ന അദ്ദേഹം എന്റെ കൈപിടിച്ചു കുലുക്കി സലാം മടക്കി. (ആ കൈകളുടെ കരുത്തും പരുപരുപ്പും ഇപ്പോഴും എന്റെ ഉള്ളംകൈയിൽ). ഗംഭീരമായ ആ ചിരി ഒരിക്കലും മറക്കാനാവില്ല.

ഉഗാണ്ടയെക്കുറിച്ച ഒരു ചോദ്യത്തിനും പക്ഷേ അദ്ദേഹം ഉത്തരം തന്നില്ല. പകരം ഇന്ത്യയെക്കുറിച്ച് ചോദിച്ചു. കശ്മീരിനെക്കുറിച്ചും ഡൽഹിയെക്കുറിച്ചും ചോദിച്ചു. ദിലീപ് കുമാറിനെപ്പറ്റി പറഞ്ഞു. ആനേ സേ ഉസ്‌കെ.. എന്ന റാഫിയുടെ ഗാനം മൂളി. പത്ത് മിനുട്ടോളം ആഫ്രിക്കൻ ഇംഗ്ലീഷ് ഇടതടവില്ലാതെ ഒഴുകി. ലെയ്സ് കമ്പനിയുടെ എരിവുള്ള പൊട്ടാറ്റോ ചിപ്സുകൾ കൊറിക്കുകയായിരുന്ന അദ്ദേഹം അവ എന്റെ നേരെ നീട്ടി. ഐ ലൈക് ഇന്ത്യ, ഐ ലൗവ് ഇന്ത്യൻസ് എന്ന് കൂടെക്കൂടെ പറഞ്ഞു കൊണ്ടിരുന്നു, അമീൻദാദ. (ഇന്ത്യയെ ഇങ്ങനെയൊക്കെ ഇഷ്ടപ്പെടുന്നുവെന്ന് പറയുന്ന ആളെന്തിനാവാം, ഉഗാണ്ടയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള മുക്കാൽ ലക്ഷം ഏഷ്യക്കാരെ മുഴുവൻ പുറത്താക്കിയത്?) അൽപം മുഷിഞ്ഞ നീളൻ കുപ്പായമായിരുന്നു (തോബ് എന്നറിയപ്പെടുന്ന അറബി വസ്ത്രം) അമീൻദാദയുടെ വേഷം. തോബിന്റെ കീശയിൽ നാലു തടിയൻ പേനകൾ.

അങ്ങോട്ട് കൂടുതലൊന്നും പറയാൻ ഈദി അമീൻ കൂട്ടാക്കിയില്ല. ഫോട്ടോ പ്രിന്റുകൾ റെഡിയായപ്പോൾ അവയുടെ പണം കൊടുത്ത് അദ്ദേഹം എന്നോടും മജീദിനോടും ബൈ പറഞ്ഞു. ഒരു പടത്തിനു പോസ് ചെയ്യാമോ എന്ന എന്റെ ആവശ്യം, പ്രതീക്ഷിച്ചത് പോലെ നിരാകരിക്കപ്പെട്ടു. രാഷ്ട്രീയാഭയമായത് കൊണ്ട് ഫോട്ടോയെടുക്കൽ അനുവദനീയമല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ ചോദിച്ചത് (മൊബൈൽ ക്യാമറകളോ സെൽഫിയോ ഒന്നുമില്ലാത്ത കാലം). അദ്ദേഹം സ്റ്റുഡിയോയിൽ നിന്നു പോകുമ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു: നാളത്തെ ഉഗാണ്ട ഈദി അമീന്റെ ഉഗാണ്ടയാണ്. എന്റെ രാജ്യമാണ് ഉഗാണ്ട. ഞാൻ അങ്ങോട്ടു തന്നെ തിരിച്ചു പോകും...പുറത്ത് റോഡരികിൽ പാർക്ക് ചെയ്ത ക്രീം നിറത്തിലുള്ള നിസാൻ സലൂൺ കാറിന്റെ പിൻസീറ്റിൽ കലപില കൂട്ടുന്ന അഞ്ചോ ആറോ കരുത്തരായ കുട്ടികൾ. എല്ലാവരും അമീന്റെ മക്കൾ. ഡോർ തുറന്നപ്പോൾ അദ്ദേഹം ഞങ്ങളോട് കൈവീശി സ്വയം കാറോടിച്ച് പോയി. അത്യപൂർവമായ ഈ കണ്ടുമുട്ടൽ ഏറെനാളുകൾ എന്നെ ഹോണ്ട് ചെയ്തു. ഇപ്പോഴും ആ ഓർമ മാഞ്ഞിട്ടില്ല.

1971 മുതൽ എട്ടുവർഷം ദയാരഹിതനായ ഏകാധിപതിയായി വാണ ഈദി അമീൻ മനുഷ്യമാംസം ഭക്ഷിച്ചിരുന്നുവെന്നും മനുഷ്യമാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നുവെന്നും തന്റെ ഭരണ കാലത്ത് ലക്ഷക്കണക്കിന് മനുഷ്യരെ കൂട്ടക്കശാപ്പ് നടത്തിയിരുന്നുവെന്നും ആഗോള മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ പരാതിപ്പെട്ടത് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ വീണ്ടും ഞാനോർത്തു.

യൂറോപ്യന്മാരെക്കൊണ്ട് തന്നെ ചുമലിലേറ്റി അമീൻ നൃത്തം ചെയ്യിച്ചിരുന്നുവെന്നതും കെട്ടുകഥയാകാൻ വഴിയില്ല. പട്ടാള അട്ടിമറിയിലൂടെ 1971 ൽ മിൽട്ടൺ ഒബോട്ടെയെ അട്ടിമറിച്ചാണ് ഉഗാണ്ടൻ പട്ടാള കമാന്ററായിരുന്ന ഈദി അമീൻ ഭരണം പിടിച്ചെടുത്തത്. സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി നേതാവും തികഞ്ഞ ജനാധിപത്യവാദിയുമായിരുന്ന ഒബോട്ടെയുടെ സൈന്യത്തിലെ അംഗമായിരുന്നു പിന്നീട് ജനറലായി ഉയർന്ന അമീൻ. പതിനേഴാം വയസ്സിൽ ഉഗാണ്ടൻ സേനയിൽ ചേർന്ന ഈദി അമീൻ മികച്ച ഫുട്‌ബോളറും റഗ്ബി കളിക്കാരനുമായിരുന്നു. അരിവെപ്പുകാരനായാണ് സൈന്യത്തിൽ ചേർന്നതെന്ന് പാശ്ചാത്യമാധ്യമങ്ങൾ. എന്തായാലും പട്ടാള ജനറലായി സ്ഥാനക്കയറ്റം കിട്ടിയ അമീൻ 1971 ൽ വിശ്വസ്തരായ സഹസൈനികരോടൊപ്പം ചേർന്ന് നടത്തിയ പട്ടാള അട്ടിമറിയിൽ മിൽട്ടൺ ഒബോട്ടെ തെറിച്ചു. ഉഗാണ്ടയുടെ ഉൻമാാദിയായ ഏകാധിപതിയുടെ ഉദയവുമായിരുന്നു അത്.

മിൽട്ടൺ ഒബോട്ടെ

പട്ടാള ജനറലാകും മുമ്പേ കിംഗ്‌സ് ആഫ്രിക്കൻ റൈഫിൾസിലെ പരിചയസമ്പത്താണ് വിജയകരമായ ഒരു അട്ടിമറി നടത്താൻ അമീന് ധൈര്യം പകർന്നത്. സോമാലിയയിലേയും പിന്നീട് കെനിയയിലേയും ബ്രിട്ടീഷ് വിരുദ്ധ പോരാളികളെ അമീന്റെ നേതൃത്വത്തിൽ ഉഗാണ്ടൻ സൈന്യം അടിച്ചമർത്തി. അങ്ങനെയാണ് 1965 ൽ അദ്ദേഹം കരസേനാ മേധാവിയുടെ പദവിയിലെത്തുന്നത്. രാജ്യത്ത് പൊതുവെ സ്വീകാര്യനായിരുന്ന മിൽട്ടൺ ഒബോട്ടെയെ പുറത്താക്കിയതോടെ, ഗോത്രവർഗക്കാരുടെ മുഴുവൻ പിന്തുണയും അമീന് കിട്ടി. ഉഗാണ്ടയുടെ പ്രസിഡന്റായി ജനറൽ ഈദി അമീൻ സ്വയം അവരോധിതനായി. ലിബിയയിലെ ഗദ്ദാഫിയും സയറെയിലെ (അന്ന് കോംഗോ) മൊബൂട്ടുവും അമീനെ പിന്തുണച്ചു. 1975 ൽ ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റിയുടെ (ഒ.എ.യു) ചെയർമാനുമായി ഈദി അമീൻ. ഇതോടെ ബ്രിട്ടൻ, ഉഗാണ്ടയുമായി നയതന്ത്രബന്ധം വിഛേദിച്ചു. ബ്രിട്ടനെ താൻ നിലംപരിശാക്കിയെന്നും താൻ സി.സി.ഇ (കോൺക്വറർ ഓഫ് ബ്രിട്ടീഷ് എംപയർ) ആണെന്നും ഉഗാണ്ടൻ ജനതയോടൊപ്പം ആടിപ്പാടി അമീൻ പ്രഖ്യാപനം നടത്തി.

സ്വേച്ഛാവാഴ്ചയുടെ നാളുകളായിരുന്നു പിന്നീട്. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതിന് അമീൻ നേതൃത്വം നൽകി. ഉഗാണ്ടയിലെ കശാപ്പുകാരൻ എന്നും ആഫിക്കയിലെ ഹിറ്റ്‌ലർ എന്നും അദ്ദേഹം അറിയപ്പെട്ടു. ഇസ്രായേലി തടവുകാരെ മോചിപ്പിക്കാനുള്ള ഓപ്പറേഷൻ എന്റബെ വിജയം കണ്ടതോടെ അമീൻ അടിപതറുന്നതും ലോകം കണ്ടു. മുക്കാൽ ലക്ഷം ഏഷ്യക്കാരോട് ഗുജറാത്തികളായ ഇന്ത്യക്കാരും പാക്കിസ്ഥാനികളുമായിരുന്നു കൂടുതൽ, തൊണ്ണൂറ് ദിവസത്തിനുള്ളിൽ ഉഗാണ്ട വിടാൻ ആജ്ഞാപിച്ചു. പലർക്കും ജീവനും കൊണ്ട് ഉഗാണ്ടയിൽ നിന്ന് ഓടിപ്പോകേണ്ടി വന്നു. വമ്പിച്ച കഷ്ടനഷ്ടങ്ങളാണ് ഇന്ത്യൻ വ്യാപാരികൾക്ക് നേരിട്ടത്.

എട്ടു കൊല്ലത്തെ നരമേധത്തിന് അന്ത്യമായത് അയൽരാജ്യമായ ടാൻസാനിയൻ സൈന്യം ഉഗാണ്ടയിലേക്ക് ഇരച്ചുകയറിയപ്പോൾ മാത്രം. ആ സമയത്ത് ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫി മാത്രമാണ് ഈദി അമീനെ സഹായിക്കാനുണ്ടായിരുന്നത്.

ഈദി അമീന്റെ സഹായി ആയിരുന്ന കൊടുങ്ങല്ലൂർക്കാരൻ സക്കീർ ഹുസൈൻ.

1979 ഏപ്രിൽ 11. ടാൻസാനിയൻ സൈന്യത്തോട് യുദ്ധത്തിൽ അമീന് അടിയറവ് പറയേണ്ടി വന്നു. ലോകത്തെ വിറപ്പിച്ച ഒരു ഭരണാധികാരി തോറ്റോടുന്നതാണ് ചരിത്രത്തിന് കാണേണ്ടി വന്നത്. കുടംബാംഗങ്ങളുമായി പ്രാണനും കൊണ്ട് പലായനം ചെയ്ത ഈദി അമീൻ ആദ്യം ലിബിയയിലും പിന്നീട് സൗദി അറേബ്യയിലും രാഷ്ട്രീയാഭയം തേടി. കായെ, നൂറ, മദിന, സാറ എന്നീ ഭാര്യമാരോടും മുപ്പതോളം മക്കളുമൊത്താണ് അമീൻ സൗദിയിൽ അഭയം തേടിയത്. മറ്റു മക്കൾ ലണ്ടനിലായിരുന്നു. ആദ്യഭാര്യ മൽയാമുവിനെ അതിനിടെ അമീൻ വിവാഹമോചനം ചെയ്തിരുന്നു. 1989 ൽ ജിദ്ദയിൽ നിന്ന് ഉഗാണ്ടയിലേക്ക് രണ്ടാമതും തിരികെപ്പോകാൻ ഈദി അമീൻ നടത്തിയ ശ്രമം മധ്യ ആഫ്രിക്കൻ രാജ്യമായ സയറെയുടെ പ്രസിഡന്റ് മൊബൂട്ടു, മാർഗമധ്യേ പരാജയപ്പെടുത്തി.

1989 ൽ മാതൃരാജ്യത്തിലേക്കുള്ള മടക്കയാത്ര മുടങ്ങി ജിദ്ദയിലേക്ക് തന്നെ തിരിച്ചുപോരേണ്ടി വന്ന ഈദി അമീൻ 2003 ജൂലൈയിൽ രോഗബാധിതനായി. ജിദ്ദ ഖാലിദിയയിലുള്ള കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിൽസയിലായ ഉഗാണ്ടയുടെ ഉഗ്രപ്രതാപിയും അതേസമയം ഉൻമാദിയുമായ ഈ ഭരണാധികാരി ഏതാണ്ട് മൂന്നാഴ്ച രോഗത്തോട് പൊരുതി 2003 ഓഗസ്റ്റ് 16 ന് മരണപ്പെട്ടു. മരണം സ്ഥിരീകരിച്ചത് ആശുപത്രിയിൽ പരിചരിക്കാൻ നിന്ന അമീന്റെ മൂന്നാം ഭാര്യ മദിനയായിരുന്നു. ജിദ്ദ റുവൈസിലെ ശ്മശാനത്തിലാണ് ഈദി അമീനെ ഖബറടക്കിയത്.

തലസ്ഥാനമായ കംപാലയിൽ നിന്ന് എഴുപത് കിലോമീറ്ററകലെ മിറ്റിയാനയിൽ കൃഷിഫാം നടത്തുന്ന സുഹൃത്ത് മലപ്പുറം കോടൂർ സ്വദേശി മുഹമ്മദ് എന്നെ കഴിഞ്ഞ ദിവസം വിളിച്ചു. ഉഗാണ്ടൻ വിശേഷങ്ങൾ പറഞ്ഞു.
ഈസ്റ്റ് ആഫ്രിക്കയുടെ ഇടനെഞ്ചായ ഉഗാണ്ടയിൽ ഇടമുറിയാതെ മഴ പെയ്യുന്നു. ഇടയ്ക്കിടെ ഇടി വെട്ടുന്നു. ഫാംഹൗസ് മഴയിൽ കുളിച്ചു നിൽക്കുന്നു. മുഹമ്മദിന്റെ മൊബൈൽ ചിത്രങ്ങളിൽ, എട്ടുകൊല്ലം ഈദി അമീൻ ഉഴുതുമറിച്ച രാജ്യം കരിമേഘങ്ങൾക്ക് ചുവടെ, നനഞ്ഞു കിടക്കുന്നത് കണ്ടു.Comments