വെടിനിർത്തലിനിടയിലും തുടരുന്നു,
ഇസ്രായേൽ കൂട്ടക്കുരുതി

അമേരിക്കയിലിരുന്ന് പ്രസിഡൻറ് ട്രംപ് പലസ്തീനികളെ ഗാസയുടെ മണ്ണിൽ നിന്ന് ആട്ടിപ്പായിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. ഒത്തുതീർപ്പ് ഫോർമുലകൾക്ക് കടലാസ് വില പോലും കൽപിക്കാതെ ഇസ്രായേലി സൈന്യം നരമേധം തുടരുകയാണ്- മുസാഫിർ എഴുതുന്നു.

പലസ്തീനിലെ രക്തസാക്ഷികൾ
ചെടികളും പൂക്കളും കായ്കളുമായി
ജനിച്ച മണ്ണിൽ പുനർജ്ജനിക്കും…
- മഹ്‌മൂദ് ദർവീഷ്.

താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ച് ഇസ്രായേലി സേനയുടെ മിസൈലുകൾ ഗാസയിൽ രക്തപ്പുഴ തീർത്തിരിക്കുന്നു. റമദാനിൽ വ്രതനിരതരായ മനുഷ്യർക്കു മീതെയാണ് മരണം വിതച്ചിരിക്കുന്നത്.
ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് ഇസ്രായേലി ആക്രമണത്തിൽ 413 പലസ്തീനികൾ കൊല്ലപ്പെട്ടു. ഒത്തുതീർപ്പ് ഫോർമുലകൾക്ക് കടലാസ് വില പോലും കൽപിക്കാതെ ഇസ്രായേലി സൈന്യം നരമേധം തുടരുകയാണ്. ഗാസയിൽ തടവിലായ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കത്തിൽ നെതന്യാഹുവിന് യാതൊരു താൽപര്യവുമില്ലെന്നാണ് ബന്ദികളുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം പരാതിപ്പെട്ടത്. ‘യുദ്ധക്കൊതിയനാണ് നെതന്യാഹു’, അവർ തുറന്നടിച്ചു.

യുദ്ധവിരാമം സംബന്ധിച്ച് ജനുവരിയിൽ ഒപ്പിട്ട എല്ലാ ഉഭയകക്ഷി വ്യവസ്ഥകളുടേയും നഗ്നമായ ലംഘനമാണ് ഗാസയിൽ കാണുന്നതെന്നും ഹമാസിന്റെ പിടിയിലായിരുന്ന 251 തടവുകാരിൽ അവശേഷിക്കുന്ന 58 പേരെ മോചിപ്പിക്കുന്ന കാര്യത്തിൽ ഇസ്രായേലി ഭരണാധികാരികൾ ആത്മാർഥത കാണിക്കുന്നില്ലെന്നുമാണ് തടവിലായവരുടെ കുടുംബങ്ങളുടെ ആരോപണം.

കഴിഞ്ഞ റമദാനിൽ, പലസ്തീനികൾ താമസിക്കുന്ന പൂർവ ലെബനനിലെ ബേക്കാ താഴ് വരയിലും ഗലീലിക്കുന്നുകളിലും ഹിംസയുടെ പ്രചണ്ഡവാതമടിച്ചതിന്റെ ഓർമകൾ മാഞ്ഞിട്ടില്ല. സ്വന്തം ചോരയുടേയും വിയർപ്പിന്റെയും ഉപ്പ് വീണ മണ്ണിൽ നിന്ന്, ജന്മവേരുകൾ ആഴത്തിൽ പതിഞ്ഞ പിതൃഭൂമിയിൽ നിന്ന് പലസ്തീനികളെ ജൂതപ്പട ആട്ടിയോടിച്ചു. നിരവധിയാളുകൾ കല്ലും കവണയുമായി ശത്രുക്കളോടെതിരിട്ട് മരിച്ചുവീണു. രക്തസാക്ഷിത്വം പലസ്തീനികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. മരണം സ്വയംവരിച്ച പെൺപടയുടെ രക്തക്കിനാക്കളിലേക്കാണ് അവിടത്തെ മനുഷ്യാവകാശപ്രവർത്തകർ ലോകത്തിന്റെ കണ്ണ് തുറപ്പിച്ചത്.

നൂറുകണക്കിന് പലസ്തീൻ പോരാളികൾ ഇന്നും രണഭൂമിയിൽ മരിച്ചുവീഴുന്നു. അവശേഷിച്ചവർ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ മാറിലടുക്കിപ്പിടിച്ച് കണ്ണുനീർ വാർക്കുകയാണ്.

1947-ൽ ഐക്യരാഷ്ട്രസഭയുടെ വിഭജന ഒത്തുതീർപ്പിന്റെ ഫലമായാണ് പലസ്തീൻ മണ്ണിന്റെ അതിരിനകത്തൊരു ഇസ്രായേൽ രാഷ്ട്രം അന്യായമായി പിറവിയെടുത്തത് എന്നതുതന്നെ ആ രാജ്യത്തിന്റെ ജന്മാരംഭത്തിലെ കൊടുംപിഴയായിരുന്നു. ഐക്യരാഷ്ട്ര ജനറൽ അസംബ്ലിയുടെ 181-ാം വകുപ്പിന്റെ നിർദ്ദേശപ്രകാരം ജറുസലേം തലസ്ഥാനമായി ഇസ്രായേൽ രാഷ്ട്രം നിലവിൽ വന്നു. അതിനും മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് 1917-ന്റെ തുടക്കം തൊട്ട് ബ്രിട്ടീഷ് നേതൃത്വത്തിൽ അറബ് മേഖലയിൽ സയോണിസ്റ്റ് ആധിപത്യത്തിന് അടിത്തറയിടാനുള്ള വിഫലശ്രമം നടന്നിരുന്നു. ബ്രിട്ടീഷുകാരുടെ വളർത്തു പുത്രന്മാരായി കടന്നുവന്ന അന്നത്തെ ജൂതവംശം പലസ്തീന്റെ ഫലഭൂയിഷ്ട പ്രദേശങ്ങൾക്ക് അതിരുകൾ നിർണയിച്ചു. പതിയെ ആ ഭൂമിയെ ഇസ്രായേലാക്കി മാറ്റി. ജർമ്മനിയിലെ നാസി തടങ്കൽപാളയങ്ങളിൽ നിന്ന് ആയിരക്കണക്കിന് ജൂതന്മാർ പലസ്തീനിലേക്ക് ഒളിച്ചോടിവന്നിരുന്നു. ബ്രിട്ടീഷ് സംരക്ഷണത്തിൽ അവരും പലസ്തീനകത്ത് താവളമടിച്ചു. അങ്ങനെ 'വിരുന്നുവന്നവർ വീട്ടുകാരായി ' മാറി. വിരുന്നുകാർ വീട്ടുകാർക്കെതിരെ നിരന്തരമായ ആക്രമണങ്ങളുടെ തുടല് പൊട്ടിക്കുകയും ചെയ്തു. പലസ്തീന്റെ മണ്ണിൽ ജനിച്ച് ശ്വസിച്ച് ജീവിച്ചു പോന്ന അറബികളുടെ അസ്തിത്വത്തിന് അതൊരു വൻ ഭീഷണിയായി മാറുകയും ചെയ്തു. ജോർദാൻ നദിയുടെ പടിഞ്ഞാറ് വെസ്റ്റ്ബാങ്കിലും ഗാസ സമതലത്തിലും അധിവസിച്ച്, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പലസ്തീൻ രാജ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ അവിടെ നിന്നാരംഭിച്ചു. ഇപ്പോഴും അത് തുടരുന്നു. അമേരിക്കയിലിരുന്ന് പ്രസിഡൻറ് ട്രംപ് പലസ്തീനികളെ ഗാസയുടെ മണ്ണിൽ നിന്ന് ആട്ടിപ്പായിക്കാനുള്ള ശ്രമം ആരംഭിക്കുന്നു. സ്വന്തം മണ്ണിൽ മരിച്ചുവീണാലും ജന്മഭൂമി വിട്ടുകൊടുക്കില്ലെന്ന ദൃഢപ്രതിജ്ഞയെടുത്തിരിക്കുകയാണ് ആത്മബലം ചോരാത്ത പലസ്തീനികൾ.

സ്വന്തം മണ്ണിൽ മരിച്ചുവീണാലും ജന്മഭൂമി വിട്ടുകൊടുക്കില്ലെന്ന ദൃഢപ്രതിജ്ഞയെടുത്തിരിക്കുകയാണ് ആത്മബലം ചോരാത്ത പലസ്തീനികൾ.
സ്വന്തം മണ്ണിൽ മരിച്ചുവീണാലും ജന്മഭൂമി വിട്ടുകൊടുക്കില്ലെന്ന ദൃഢപ്രതിജ്ഞയെടുത്തിരിക്കുകയാണ് ആത്മബലം ചോരാത്ത പലസ്തീനികൾ.

1967 - ൽ ഇസ്രായേൽ അമേരിക്കയുടെ സഹായത്തോടെ വളർത്തിയെടുത്ത ആധുനിക സൈനികശേഷി മുഴുവൻ പലസ്തീനികളുടെ മേൽ പ്രയോഗിക്കാൻ തുടങ്ങി. ആറു ദിവസം മാത്രം നീണ്ടുനിന്ന ഏകപക്ഷീയമായ യുദ്ധത്തിൽ അടിയറവ് പറയേണ്ടിവന്ന പലസ്തീനികൾക്ക് തങ്ങളുടെ രാജ്യം വിട്ടോടേണ്ടിവന്നു. സ്വന്തം പാരമ്പര്യത്തിന്റെ പരിലാളനയിൽ വളർന്ന മാതൃഭൂമിയുടെ നെഞ്ചിൽ ചവിട്ടി ജൂതപ്പട കരാള നൃത്തമാടുന്നത് നോക്കി നിൽക്കാനേ നിരായുധരായ പലസ്തീനികൾക്ക് കഴിഞ്ഞുള്ളൂ. ജോർദാനിലേക്കും ലെബനനിലേക്കും ഈജിപ്തിലേക്കും പലസ്തീൻ കുടുംബങ്ങൾ പരക്കെ ചിതറിപ്പോയി.

ഈജിപ്തിലെ സീനായ് മരുഭൂമിയിലും സിറിയയിലെ ഗോലാൻ കുന്നുകളിലും ഇരച്ചു കയറി ഇസ്രായേൽ വിജയപതാക നാട്ടി. തുടക്കത്തിൽ ബ്രിട്ടീഷുകാരുടെയും ക്രമേണ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും അനുഗ്രഹാശിസ്സുകളോടെയായിരുന്നു ഇസ്രായേൽ സൈനികരുടെ തീർത്തും അന്യായമായ അധിനിവേശം. എഴുപതുകളായപ്പോഴേക്കും ജൂതഭീകരവാദം കൊടികുത്തി വാഴാൻ തുടങ്ങി. പിന്നീട് ഇസ്രായേലിന്റെ ഭരണാധികാരികളായി തീർന്ന മെനാഹം ബെഗിനും യിറ്റ്ഷാക്ക് ഷമീറുമെല്ലാം കൊലച്ചിരി മുഴക്കി കൂട്ടക്കുരുതിക്ക് രഹസ്യമായി നേതൃത്വം നൽകിയതായി ആധുനിക ചരിത്രം സാക്ഷ്യപ്പെടുത്തി. ഇന്നിപ്പോൾ ബെന്യാമിൻ നെതന്യാഹു ചെയ്യുന്നതും അതുതന്നെ.

1987 - ലാണ് ഇസ്ലാമിക് റസിസ്റ്റൻസ് മൂവ്മെൻറ് (ഹമാസ്) എന്ന പേരിൽ ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡ് നേതാക്കളിൽ നിന്ന് ആവേശമുൾക്കൊണ്ട് തീവ്രചിന്താഗതിക്കാരായ പലസ്തീനികളുടെ സംഘടന രൂപം കൊണ്ടത്. യാസർ അറഫാത്തിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പുള്ള, സമരോൽസുകരായ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ സംഘടനയ്ക്ക് ഊർജം പകർന്നത്. ഗാസ പിടിക്കാനുള്ള 2007- ലെ പോരാട്ടത്തിലും പലസ്തീൻ നാഷനൽ അതോറിറ്റിയുടെ നേതൃത്വത്തിലും ഹമാസിന് നിർണായക സ്വാധീനമുണ്ടായിരുന്നു. പല രാജ്യങ്ങളും ഹമാസിനെ ഭീകരസംഘടനകളുടെ പട്ടികയിലുൾപ്പെടുത്തി നിരോധനമേർപ്പെടുത്തി. ഐക്യരാഷ്ട്ര രക്ഷാകൗൺസിലിൽ പക്ഷേ ഹമാസിനെ ഭീകരസംഘടനയാക്കാനുള്ള പ്രമേയം പരാജയപ്പെട്ടു. പി.എൽ.ഒയുമായി അഫിലിയേറ്റ് ചെയ്തിരുന്ന ഫത്താഹ് പാർട്ടിയെ തോൽപിച്ച് ഹമാസ്, പലസ്തീൻ നാഷനൽ അതോറിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം നേടി. ഇസാദുദ്ദീൻ അൽഖസാം എന്ന പേരിലുള്ള സൈനിക ബ്രിഗേഡാണ് ഹമാസിന്റെ കരുത്ത്.

പലസ്തീൻറെ ഭൂഭാഗങ്ങളത്രയും പലപ്പോഴായി ഇസ്രായേലിന്റെ അധീനതയിലമർന്നു. പത്ത് ശതമാനം ഭൂമി മാത്രമാണ് പലസ്തീന് സ്വന്തമായുള്ളത്.
പലസ്തീൻറെ ഭൂഭാഗങ്ങളത്രയും പലപ്പോഴായി ഇസ്രായേലിന്റെ അധീനതയിലമർന്നു. പത്ത് ശതമാനം ഭൂമി മാത്രമാണ് പലസ്തീന് സ്വന്തമായുള്ളത്.

പലസ്തീന്റെ ഭൂഭാഗങ്ങളത്രയും പലപ്പോഴായി ഇസ്രായേലിന്റെ അധീനതയിലമർന്നു. പത്ത് ശതമാനം ഭൂമി മാത്രമാണ് പലസ്തീന് സ്വന്തമായുള്ളത്. ഈ കൊച്ചുപ്രദേശത്താണ് ഏറ്റവുമധികം ജനസാന്ദ്രതയുമായി ഒരു ജനത ശ്വാസം മുട്ടിക്കഴിയുന്നതെന്നോർക്കുക. അവരുടെ ജനിതക പൈതൃകമാണ് ഇസ്രായേൽ കൈക്കലാക്കിയത്.

പലസ്തീനികൾ നിരന്തരം വഞ്ചിക്കപ്പെടുകയായിരുന്നു. ലോകരാജ്യങ്ങൾ പലതും പലസ്തീന്റെ ആവശ്യത്തിനു നേരെ പുറംതിരിഞ്ഞുനിന്നു. പക്ഷേ ലോകത്തിന്റെ പല ഭാഗങ്ങളിലും ചേക്കേറിയ പലസ്തീനി പ്രവാസികൾ സ്വന്തം രാജ്യം തിരിച്ചുപിടിക്കാനുള്ള പോരാട്ടങ്ങളിൽപരോക്ഷമായി പങ്കാളികളായി. എഡ്വേർഡ് സയ്യിദിനെപ്പോലുള്ളവരുടെ മാർഗദർശനം അവർക്ക് ഊർജം പകർന്നു. പി.എൽ.ഒ വക്താവായിരുന്ന ഹനാൻ അഷ്റാവി പലസ്തീനിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണ പലസതീൻ വിമോചനപ്പോരാളികൾക്ക് ഉറപ്പാക്കിക്കൊടുത്തു.

ദോഹയിൽ ആഴ്ചകളോളം നീണ്ടുനിന്ന ശ്രമകരമായ ചർച്ചകളാണ് വെടിനിർത്തൽ കരാറിലേക്ക് നയിച്ചത്. ഹമാസ് ബന്ദികളാക്കിയ ഡസൻ കണക്കിന് ഇസ്രായേലികളെ ഘട്ടംഘട്ടമായി വിട്ടയക്കുമെന്ന് കരാർ വാഗ്ദാനം ചെയ്യുകയും അതനുസരിച്ച് 251 തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.

1987 - ലാണ് ഇസ്ലാമിക് റസിസ്റ്റൻസ് മൂവ്മെൻറ് (ഹമാസ്) എന്ന പേരിൽ ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡ് നേതാക്കളിൽ നിന്ന് ആവേശമുൾക്കൊണ്ട് തീവ്രചിന്താഗതിക്കാരായ പലസ്തീനികളുടെ സംഘടന രൂപം കൊണ്ടത്.
1987 - ലാണ് ഇസ്ലാമിക് റസിസ്റ്റൻസ് മൂവ്മെൻറ് (ഹമാസ്) എന്ന പേരിൽ ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡ് നേതാക്കളിൽ നിന്ന് ആവേശമുൾക്കൊണ്ട് തീവ്രചിന്താഗതിക്കാരായ പലസ്തീനികളുടെ സംഘടന രൂപം കൊണ്ടത്.

ഇസ്രായേലും അമേരിക്കയും മറ്റു ചില പാശ്ചാത്യ രാജ്യങ്ങളും അത്യാധുനികവും പ്രഹരശക്തി കൂടിയതുമായ ആയുധങ്ങൾ പരീക്ഷിക്കാനുള്ള അവസരമായി കണ്ട, 15 മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് വെടിനിർത്തൽ കരാർ ഒപ്പുവെച്ച വാർത്ത പുറത്തുവന്ന കഴിഞ്ഞ ജനുവരി 19 ന് സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ച് തെരുവുകളിലിറങ്ങി. യുദ്ധത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു. പരിക്കേറ്റവർക്കും വീട് നഷ്ടപ്പെട്ടവർക്കും വേണ്ടി അവർ പ്രാർഥിച്ചു.

467 ദിവസമായി കൂട്ടക്കുരുതികളും കൊടും പട്ടിണിയും നേരിട്ടും ദുരിതപൂർണമായ സാഹചര്യത്തിൽ ജീവിക്കാൻ നിർബന്ധിതരായ പലസ്തീനികൾ വെടിനിർത്തൽ കരാർ വാർത്ത പുറത്തുവന്നതോടെ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. വേണ്ടപ്പെട്ടവരെയും കൂടപ്പിറപ്പുകളെയും നഷ്ടപ്പെടുത്തിയ ക്രൂരമായ യുദ്ധം അവസാനിച്ചതിൽ ജനങ്ങൾ ആശ്വസിച്ചു. ഗാസയിലെ എല്ലാ പ്രദേശങ്ങളിലും ജനങ്ങൾ സന്തോഷം പ്രകടിപ്പിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും അന്ന് പുറത്തുവന്നു. പക്ഷേ അമേരിക്കയുടെ പിൻബലത്തോടെ വീണ്ടും നിസ്സഹായരായൊരു ജനതയുടെ മേൽ ഇസ്രായേലി സൈന്യം കൂട്ടക്കുരുതി നടത്തുന്ന ദൃശ്യങ്ങളാണ് ഗാസയിൽ കാണുന്നത്.

പലസ്തീന്റെ പടനായകനായ കവി മഹ് മൂദ് ദർവീഷ് എഴുതി:
അടർക്കളത്തിൽ മരിച്ചുവീണ പലസ്തീനികളുടെ കുഴിമാടത്തിനു മുമ്പിൽ ദൈവം ഓരോ ചെടി നട്ടുവളർത്തും.
കനിവോലുന്ന പച്ചപ്പുകളുമായി മുളപൊട്ടുന്ന ആ ചെടികളുടെ സാഫല്യത്തിലൂടെ വരാനിരിക്കുന്ന തലമുറ സ്വന്തം രക്തം തിരിച്ചറിയും.
പൂക്കളായി, പഴങ്ങളായി പലസ്തീൻ മണ്ണിലെ രക്തസാക്ഷികൾ ജന്മഭൂമിയിൽ തന്നെ പുനർജ്ജനിക്കുമെന്നുറപ്പ്‌…


Summary: Musafir writes about Israel's latest aggression on Gaza and the violation of the truce.


മുസാഫിർ

‘മലയാളം ന്യൂസി’ൽ ന്യൂസ്​ എഡിറ്ററായിരുന്നു

Comments