"ഒരു കാലഘട്ടത്തിന്റെ ധൂളിയിലൊരു തരി അത്ര വലിയ കാര്യമായി തോന്നില്ല; എന്നാൽ അത് നിങ്ങളുടെ തലയിൽ പതിച്ചാൽ ഒരു വലിയ പർവ്വതത്തിന് അടിപ്പെടുന്ന അനുഭവമായിരിക്കും' (വുഹാൻ ഡയറി: ഡെസ്പാച്ചസ് ഫ്രം ക്വാറന്റൈൻഡ് സിറ്റി- ഫാങ് ഫാങ്- ഇംഗ്ലീഷ് വിവർത്തനം- മിഷേൽ ബെറി).
കൊറോണ (കോവിഡ്-19) പൊട്ടിപ്പുറപ്പെട്ടതായി കരുതപ്പെടുന്ന ചൈനയിലെ വുഹാൻ സ്വദേശിയായ എഴുത്തുകാരിയാണ് ഫാങ് ഫാങ്. നോവലിസ്റ്റ് എന്ന നിലയിൽ ചൈനയിൽ പ്രശസ്ത. ലൂഷുൺ സാഹിത്യ സമ്മാനം നേടിയിട്ടുണ്ട്. തന്റെ നഗരത്തിൽ കൊറോണ ആക്രമണമുണ്ടായപ്പോൾ 60 ദിവസം (ജനുവരി 25 മുതൽ മാർച്ച് 24 വരെ) അവർ ഡയറി എഴുതി. ഇന്റർനെറ്റിൽ വൈബോ, വി ചാറ്റ് പ്ലാറ്റ്ഫോമിലാണ് ഈ ഡയറിക്കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടത്. ദിവസവും ചൈനീസ് ഭാഷയിൽ അവർ തന്റെ ഡയറിക്കുറിപ്പുകൾ പോസ്റ്റു ചെയ്യുകയായിരുന്നു. ചൈനയിലെ ഇന്റർനെറ്റ് സെൻസർമാർ പലപ്പോഴും ഫാങ് ഫാങിന്റെ പോസ്റ്റുകൾ നീക്കം ചെയ്തു. അപ്പോൾ അതു മറ്റിടങ്ങളിൽ റീ പോസ്റ്റ് ചെയ്തു. ചൈനയിലെ ഇടതു തീവ്ര ഗ്രൂപ്പുകൾ ഈ എഴുത്തുകാരിക്കു നേരെ വെബ്ബാക്രമണം നടത്തി. വധഭീഷണി ഉയർത്തി. സി.ഐ.എ ചാര വനിതയാക്കി. (2017ൽ പുറത്തു വന്ന അവരുടെ "സോഫ്റ്റ് ബറിയൽ' എന്ന നോവൽ ചൈനയിൽ നിരോധിച്ചു. ചൈനയിലെ ഭൂപരിഷ്‌ക്കരണത്തിലെ അശാസ്ത്രീയതയെ നോവൽ വിമർശിച്ചതാണ് കാരണം). ഹുവാനിലെ മനുഷ്യരുടെ രക്തത്തിൽ മുക്കിയ അപ്പം തിന്നുമ്പോൾ എന്തു രുചി തോന്നി എന്ന് ഹിംസാത്മകമായി ചോദിച്ചു.
പക്ഷെ, ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർഭത്തിൽ തന്റെ നഗരത്തിൽ നടന്ന സംഭവങ്ങൾ രേഖപ്പെടുത്തുക എന്ന ജോലിയിൽ നിന്നും പിന്തിരിയാതെ ഫാങ് ഫാങ് ഡയറി എഴുത്ത് തുടർന്നു. ഏപ്രിൽ 10ന് ഗാർഡിയൻ പത്രത്തിൽ ഡയറിക്കുറിപ്പുകളെക്കുറിച്ചു വന്ന ലേഖനത്തിൽ പറയുന്നു- 380 മില്യൺ വ്യൂസ്. 94,000 ചർച്ചകൾ. 8210 ഒറിജിനൽ പോസ്റ്റുകൾ, 3-10 മില്യൺ ഹിറ്റുകൾ. ഈ ഡയറിക്കുറിപ്പുകൾ ഈ മാസം 15ന് ഇ- ബുക്കായി ഇംഗ്ലീഷിൽ ലഭ്യമായി. രോഗകാലത്തെ നൻമയിലും തിൻമയിലും ലോകമെങ്ങും മനുഷ്യർ ഒരേ പോലെയാണ് പെരുമാറിയതെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. സെൻസറിംഗ്, സത്യം മൂടിവെക്കൽ എന്നിവ വുഹാനിലെ ജനങ്ങളെ കൊലക്കു കൊടുത്തതായും ഫാങ് ഫാങ് ആരോപിക്കുന്നു. കൊറോണക്കൊപ്പം ചൈനയിലുള്ള നിരവധി സാമൂഹിക രോഗങ്ങളെ (ബ്യൂറോക്രസിയും അഴിമതിയും ജന-ജനാധിപത്യ വിരുദ്ധതയും മുതലുള്ള കാര്യങ്ങളെ) അവർ വെളിച്ചത്തേക്ക് നിർത്തുന്നു. ഈ വിമർശനങ്ങൾ ചൈനക്ക് മാത്രമല്ല, ലോകത്തിനു മുഴുവനും ബാധകമാണെന്നോർമ്മിപ്പിച്ചു കൊണ്ട് അവരെഴുതി: ഓർക്കുക, രോഗികളും അല്ലാത്തവരും ഒരേ തോണിയിലെ യാത്രക്കാരാണ്.
ഡയറിക്കുറിപ്പുകളുടെ ആദ്യ ഭാഗത്ത് തന്നെ പറയുന്ന ഒരു സംഭവം ഞെട്ടിപ്പിക്കുന്നതാണ്. വുഹാനിൽ ഒരു അച്ഛനും മകനും അപ്പാർട്ട്‌മെന്റിൽ താമസിക്കുന്നു. കുട്ടി ഭിന്നശേഷിക്കാരനാണ്. അതിനാൽ തന്നെ പ്രത്യേക സഹായങ്ങൾ നിർബന്ധമായും വേണം. അച്ഛന് കോവിഡ്-19 വന്നു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ കാര്യം ആരും ശ്രദ്ധിച്ചില്ല. അഞ്ചു ദിവസം പട്ടിണി കിടന്ന്, ആ കുട്ടി അപ്പാർട്ട്മെന്റിൽ കിടന്നു മരിച്ചു.
പുതുവൽസര സമ്മാനമായി മാസ്‌ക്ക് വേണോ പന്നിയിറച്ചി വേണോ?
തനിക്ക് സത്യം പറയാനും തന്നെ ആക്രമിക്കാനും ഒരേ ടെക്‌നോളജി ഉപയോഗിക്കുന്നതിനെക്കുറിച്ച്, അതായത് ടെക്നോളജി തന്നെ ഒരു വൈറസായി മാറുന്നതിനെക്കുറിച്ച് ഡയറിയിൽ പറയുന്നു. ഫാങ് ഫാങ് ഭർത്താവുമായി പിരിഞ്ഞതാണ്. ഒരു മകളുണ്ട്. മുൻ ഭർത്താവിന് ശ്വാസകോശ രോഗം ഉണ്ടെന്ന സംശയം ജനിക്കുമ്പോൾ എഴുത്തുകാരി ഭയപ്പെടുന്നത് മകളെക്കുറിച്ചാണ്. അച്ഛൻ കുറച്ചു ദിവസം മുമ്പ് മകളെ പുറത്തു കൊണ്ടു പോയി ഭക്ഷണം വാങ്ങിച്ചു കൊടുത്തിരുന്നു. ഭയങ്ങളും സംശയങ്ങളും ഓരോ വുഹാൻകാരനേയും എങ്ങിനെ "രോഗികളാക്കി' എന്നു പറയാനാണ് ഈ ഭാഗത്ത് ഡയറി ശ്രദ്ധിക്കുന്നത്. ചൈനീസ് പ്രാദേശിക പുതുവത്സരം ജനുവരി ഒടുവിലായിരുന്നു. ആ സമയത്ത് ഒരു സുഹൃത്ത് എഴുത്തുകാരിയോട് ചോദിക്കുന്നു: പുതുവത്സര സമ്മാനമായി മാസ്‌ക്ക് വേണോ പന്നിയിറച്ചി വേണോ; ചൈന ന്യൂസ് ഏജൻസിയിലെ ഡെപ്യൂട്ടി ചീഫ് എഡിറ്റർ സിയ ചുൻപിങ് ഇരുപത് എൻ 95 മാസ്‌ക്കുമായി എഴുത്തുകാരിയെ കാണാൻ വന്നു. ഒരു അഭിമുഖത്തിനു വേണ്ടി. കൊടും തണുപ്പുള്ള ദിവസം ഒരു സഞ്ചി കൽക്കരി കിട്ടുന്നതു പോലെയായിരുന്നു ആ അനുഭവമെന്ന് മാസ്ക് കിട്ടിയതിനെക്കുറിച്ച് അവർ എഴുതുന്നു. അഭിമുഖം ഒട്ടേറെ സെൻസറിംഗോടെ പുറത്തു വന്നു. എങ്കിലും താൻ പറഞ്ഞ ചില കാര്യങ്ങൾ അതിൽ ഒഴിവാക്കപ്പെട്ടില്ല. ധൈര്യത്തോടെ അഭിപ്രായം പറഞ്ഞതിനു നിരവധി പേർ തന്നെ അഭിനന്ദിച്ചതായി ഫാങ് രേഖപ്പെടുത്തുന്നു.
വീട്ടിൽ അത്യാവശ്യ ഭക്ഷണമുള്ളവർ പുറത്തിറങ്ങരുതെന്ന ഡോക്ടറുടെ നിർദേശം നഗരത്തിലുള്ളവർക്ക് ലഭിക്കുന്നു. ഫാങ് ഫാങിന്റെ മൂത്ത സഹോദരൻ ഹുവനാൻ സീ ഫുഡ് മാർക്കറ്റിനും വുഹാൻ സെൻട്രൽ ആശുപത്രിക്കു സമീപവുമാണ് താമസിക്കുന്നത്. കോവിഡ്-19ന്റെ പ്രഭവ കേന്ദ്രത്തിനു തൊട്ടടുത്ത്. അതിൽ വ്യക്തിപരമായി അവർ ഭയപ്പെടുന്നുണ്ട്.
മാസ്‌ക്കിനു വന്ന സഹപ്രവർത്തക പച്ചക്കറിക്കെട്ടുമായാണ് എത്തിയത്. -സ്‌നേഹം ഒരു ബാർട്ടർ സിസ്റ്റമായി രൂപാന്തരപ്പെടുന്നതായി ഈ സന്ദർഭത്തിൽ ഡയറിയിലെ വരികൾ വായനക്കാരോട് പറയുന്നു.
ഒഴിഞ്ഞു കിടക്കുന്ന തെരുവുകളിൽ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ട ശുചീകരണത്തൊഴിലാളികൾ നൽകിയ ആശ്വാസത്തെക്കുറിച്ച്, മനുഷ്യ സാന്നിധ്യത്തിനു വേണ്ടി കൊതിച്ചതിനെക്കുറിച്ച് അതേ ഡയറിക്കുറിപ്പിൽ അവർ വിശദീകരിക്കുന്നു. ചൈനയിലെ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും ഒരേ പോലെ മനുഷ്യവിരുദ്ധമായി പ്രവർത്തിക്കുന്നതായി അവർ ആരോപിക്കുന്നു.
താൻ താമസിക്കുന്ന ബിൽഡിംഗ് എട്ടിലെ രണ്ടു രോഗികളെ ആശുപത്രിയിലേക്ക് മാറ്റി. അതിന്റെ ആശ്വാസത്തിലാണ് എല്ലാവരും- സഹപാഠിയും സഹ അപ്പാർട്ട്‌മെന്റുകാരനുമായ ജെങ് പറയുമ്പോഴാണ് രോഗം വളരെ അടുത്തെത്തിക്കഴിഞ്ഞുവെന്ന് ഫാങ് ഫാങ് മനസ്സിലാക്കുന്നത്.
തന്റെ കയ്യിലുള്ള മാസ്‌ക്കിൽ കുറച്ചെണ്ണം ഒരു സഹപ്രവർത്തകയ്ക്ക് നൽകാമെന്ന് ഫാങ് പറയുന്നു. മാസ്‌ക്കിനു വന്ന സഹപ്രവർത്തക പച്ചക്കറിക്കെട്ടുമായാണ് എത്തിയത്. -സ്‌നേഹം ഒരു ബാർട്ടർ സിസ്റ്റമായി രൂപാന്തരപ്പെടുന്നതായി ഈ സന്ദർഭത്തിൽ ഡയറിയിലെ വരികൾ വായനക്കാരോട് പറയുന്നു. സഹപ്രവർത്തകയുടെ വീടിന്റെ മേൽക്കൂരയ്ക്കു താഴെ മൂന്നു തലമുറകൾ ജീവിക്കുന്നു. വളരെ പ്രായം ചെന്നവർ മുതൽ വളരെച്ചെറിയ കുട്ടികൾ വരെ- അവരെയെല്ലാം ഈ കൊറോണ കാലത്ത് നോക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ വുഹാനിലുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാകും. ഈ സഹപ്രവർത്തക 80-തിൽ ജനിച്ചതാണ്. ഇവരെപ്പോലുള്ളവരെക്കാണുമ്പോൾ വുഹാൻ അതിജീവിക്കുമെന്നെനിക്കുറപ്പുണ്ടായിരുന്നുവെന്ന് ഡയറിയിൽ കാണാം.
വുഹാനിലുമുണ്ടായിരുന്നു മണ്ണിട്ടടച്ച റോഡുകൾ
ജനുവരി 21 ന് 40,000 പേർ പങ്കെടുക്കുത്ത ബാൻക്വറ്റ് പാർട്ടി. അതിനെക്കുറിച്ചറിഞ്ഞപ്പോൾ തന്നെ ഞാൻ സുഹൃത്തുക്കൾക്ക് എന്റെ വിമർശനങ്ങൾ അറിയിച്ചു (ബൈബുത്തിങ്ങിൽ ആയിരുന്നു ഈ പാർട്ടി). ചൈനീസ് പുതുവത്സരവുമായി ബന്ധപ്പെട്ടാണ് ഇത്രയും വലിയ പാർട്ടിക്ക് രോഗം പടരുന്ന കാലത്ത് അനുമതി നൽകിയത്. പ്രാദേശിക ഗവൺമെന്റ് തന്നെ പാട്ടും ആട്ടവുമുള്ള പാർട്ടി പ്രഖ്യാപിച്ചു. വൈറസ് തന്നെ കരുതിക്കാണും, ഇവിടെയുള്ളവർ തന്നെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുകയാണല്ലോ എന്ന്. ആ സമയത്ത് തന്റെ ഡോക്ടർ സുഹൃത്ത് ഇങ്ങിനെ പറഞ്ഞു: പുറത്തു പോകരുത്, പുറത്തു പോകരുത്, പുറത്തു പോകരുത്! (ജനുവരി 21 ലെ സംഭവത്തെക്കുറിച്ച് 25ന് എഴുതുന്ന ഡയറിക്കുറിപ്പിലാണ് ഫാങ് ഫാങ് പറയുന്നത്).
ചൈനീസ് പ്രധാനമന്ത്രി വുഹാനിൽ വന്നു പങ്കെടുത്ത ഒരു പരിപാടിയിൽ ഹുവാൻ മേയർ ഹു സിയാൻ വാങ് അദ്ദേഹത്തിന്റെ തൊപ്പി അഴിച്ചുവെക്കുന്നതിനെക്കുറിച്ചും ഈ കുറിപ്പിൽ കാണാം. പ്രധാനമന്ത്രിക്കില്ലാത്ത തൊപ്പി താനണിയുന്നത് ഗർവ്വും അഹങ്കാരവുമായി വ്യാഖ്യാനിക്കപ്പെടുമോ എന്നു ഭയന്നായിരുന്നു തൊപ്പി അഴിച്ചു വെച്ചത്. ഫ്രീലാൻസ് ജേർണലിസ്റ്റുകളാണ് കാര്യങ്ങൾ തുടക്കം മുതൽ ഡോക്കുമെന്റ് ചെയ്തതെന്ന് ഡയറിയിൽ നിന്നും മനസ്സിലാക്കാം. ചികിത്സ കിട്ടാത്ത മനുഷ്യർ, അതിനാൽ തന്നെ കീറിപ്പൊളിഞ്ഞ നിരവധി കുടുംബങ്ങൾ- ഇവരെക്കുറിച്ചുള്ള കഥകൾ ഇത്തരം മാധ്യമ പ്രവർത്തകരാണ് കൂടുതലായും പുറം ലോകത്തെത്തിച്ചത്.
പ്രാദേശിക ഗവൺമെന്റ് തന്നെ പാട്ടും ആട്ടവുമുള്ള പാർട്ടി പ്രഖ്യാപിച്ചു. വൈറസ് തന്നെ കരുതിക്കാണും, ഇവിടെയുള്ളവർ തന്നെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുകയാണല്ലോ എന്ന്.
ഈ രോഗ കാലത്ത് കേരളത്തിലും കർണാടകത്തിലും നടന്നതു പോലുള്ള സംഭവങ്ങൾ ചൈനയിലും നടന്നു. അതിർത്തികളും റോഡുകളും മണ്ണിട്ടടച്ചത് ചൈനയിലുമുണ്ടായതായി ഫാങ് ഫാങ് പറയുന്നു. വുഹാനിൽ വന്നു കുടുങ്ങിയ ഒരു ഗ്രാമീണ കർഷകൻ, അർധ രാത്രി തന്റെ ഗ്രാമത്തിലെത്താൻ രഹസ്യമായി നടക്കാൻ തുടങ്ങുമ്പോൾ മണ്ണിട്ടടച്ച റോഡുകളും പ്രവിശ്യാ-ജില്ലാ അതിർത്തികളുമാണ് കാണുന്നത്. മാതാപിതാക്കളോ, വീട്ടിലുള്ള മറ്റു മുതിർന്നവരോ രോഗികളായി ആശുപത്രിയിലാക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ തെരുവുകളിൽ അലയുന്ന കാഴ്ചയെക്കുറിച്ച് ഡയറിയുടെ ഒരു താളിൽ നാം വായിക്കുന്നു.
രോഗം പകരില്ലെന്നും തടയാനും പ്രതിരോധിക്കാനും സാധിക്കുമെന്നുമാണ് ആദ്യ ആഴ്ച്ചകളിലെല്ലാം ചൈനീസ് ഭരണകൂടവും ആരോഗ്യ സംവിധാനവും ജനങ്ങളെ അറിയിച്ചത്. എന്നാൽ ഈ പ്രഖ്യാപനങ്ങൾക്കു തൊട്ടുപിന്നാലെ ചില സർക്കാർ ഉദ്യോഗസ്ഥരും ഡോക്ടർമാരും നഴ്‌സുമാരും രോഗം വന്നു മരിച്ച വാർത്ത പുറത്തു വന്നപ്പോൾ ജനങ്ങൾക്ക് രോഗം പകരുമെന്നും മരണകാരിയാണെന്നും മനസ്സിലായി.
ഉത്തരവാദിത്തം ഏറ്റെടുക്കാത്ത, മാപ്പു പറയാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറല്ലാത്ത ചൈനീസ് സംവിധാനം അപ്പോഴും ഒരു പ്രശ്‌നവുമില്ലാതെ നില കൊണ്ടു. ബന്ധപ്പെട്ടവർ ലേഖനമെഴുതിയും പ്രസംഗിച്ചും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് മാറ്റി മാറ്റി തങ്ങളുടെ കൈകൾ കഴുകി രക്ഷപ്പെട്ടു. "വിന്നിംഗ് എ റിസൗണ്ടിംഗ് വിക്ടറി എഗൻസ്റ്റ് ദ വൈറസ്'- പൊള്ളയായ ഇത്തരം പ്രയോഗങ്ങൾ പറയുമ്പോൾ വുഹാനിൽ നിരവധി പേർ മരിക്കുകയായിരുന്നു. ഒരു അഭിമുഖത്തിൽ ചൈനീസ് എഴുത്തുകാരനാണ് വൈറസിനെ തോൽപ്പിച്ചു മുന്നേറുന്ന ചൈനീസ് സംവിധാനത്തെക്കുറിച്ച് ആവേശഭരിതനാകുന്നത്.
ഹുബൈ റൈറ്റേഴ്‌സ് അസോസിയേഷൻ അധ്യക്ഷയായിരുന്ന ഫാങ് ഫാങ് എഴുത്തുകാർ സർക്കാരിനെ സ്തുതിച്ച് ഇമ്മട്ടിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ശരിയാണോ എന്നും പേനയെടുക്കുന്നതും കവിതയും കഥയും എഴുതുന്നതും സർക്കാരിനെ പുകഴ്ത്താൻ വേണ്ടി മാത്രമാകുന്നത് നീതിയാണോ എന്നും ഈ സന്ദർഭത്തിൽ ചോദിക്കുന്നു. 2003ലെ സാർസിന്റെ ഓർമ്മകൾ കൊറോണയെ നേരിടാൻ കുറച്ചു പേരെ സ്വയം പ്രാപ്തരാക്കുകയായിരുന്നുവെന്നും അവർ എഴുതുന്നു.
മറ്റൊരു അപ്പാർട്ട്‌മെന്റിൽ കഴിയുന്ന മകൾക്ക് ഭക്ഷണവുമായി പോകുന്നതിനെക്കുറിച്ച്, ചുകപ്പൻ സൈന്യത്തിനുള്ള റേഷനുമായി പോകും പോലെ ഞാനെന്റെ മകൾക്കുള്ള ഭക്ഷണവുമായി പുറപ്പെട്ടു എന്നവർ എഴുതുന്നു. ആ വഴിക്ക് കണ്ട സൂപ്പർ മാർക്കറ്റിൽ കയറി തുറന്നിരിക്കാൻ പേടിയില്ലേ എന്ന ചോദ്യത്തിന് ജീവിക്കണം, അതിനു ഇതല്ലാതെ മറ്റെന്തു വഴി എന്ന ചോദ്യമാണ് അവരേയും നമ്മേയും ഒരേ പോലെ നേരിടുന്നത്.
ബോഡി ബാഗുകൾ, വിധിയുടെ ചിരികൾ
ഡോ. വാങ് ഗുവാങ്ഫ (വുഹാനിൽ വന്ന രണ്ടാമത്തെ വൈദ്യ സംഘത്തിലെ അംഗം) പറഞ്ഞത് നിയന്ത്രിക്കാവുന്നതും തടയാൻ കഴിയുന്നതുമായ രോഗമെന്ന സർക്കാർ ലൈനാണ്. പക്ഷെ അദ്ദേഹത്തിനും കോവിഡ്-19 ബാധിച്ചു. മനുഷ്യരിൽ നിന്നും പകരില്ലെന്നു പറഞ്ഞ ഡോ. വാങ് എന്നിട്ടും തന്റെ വീഴ്ചയിൽ മാപ്പു പറയാൻ പോലും തയ്യാറായില്ല. .ചൈനക്കാർ പൊതുവിൽ തങ്ങളുടെ തെറ്റുകളും വീഴ്ചകളും സമ്മതിച്ചു തരാത്തവരാണ്. പശ്ചാത്താപം കുറഞ്ഞവരാണ്. വാങ് രോഗികളേയും മുറിവേറ്റവരേയും ചികിത്സിച്ച് രക്ഷപ്പെടുത്തുകയാണെങ്കിൽ സ്വയം രക്ഷപ്പെടുത്തുകയാണ് എന്ന് കൂടി പറയാം : ഡയറിയുടെ ഒരു താളിൽ ഇങ്ങിനെ വായിക്കാം.
അമ്മയുടെ ഫ്യൂണറൽ കാറിനു പിറകെ കരഞ്ഞു കൊണ്ടോടുന്ന കുട്ടിയുടെ വീഡിയോ തന്നേയും അതുകണ്ട ഓരോ മനുഷ്യരേയും വേട്ടയാടുകയാണെന്ന് ഫാങ് ഫാങ് പറയുമ്പോൾ വുഹാനിലെ ജീവിതത്തിന്റെ രക്തവും കണ്ണീരും നമ്മുടെ മുഖത്തേക്കും തെറിച്ചു വീഴുകയാണ്. ബോഡി ബാഗുകളുടെ (മൃതദേഹ ബാഗുകൾ) ദൃശ്യങ്ങളെക്കുറിച്ച് ഡയറിയിൽ വായിക്കുമ്പോഴും രക്തം മരവിക്കുന്ന അവസ്ഥയിൽ വായനക്കാർ എത്തിച്ചേരുന്നു.
വഴിക്ക് കണ്ട സൂപ്പർ മാർക്കറ്റിൽ കയറി തുറന്നിരിക്കാൻ പേടിയില്ലേ എന്ന ചോദ്യത്തിന് ജീവിക്കണം, അതിനു ഇതല്ലാതെ മറ്റെന്തു വഴി എന്ന ചോദ്യമാണ് അവരേയും നമ്മേയും ഒരേ പോലെ നേരിടുന്നത്.
വിവാഹിതരായ നവ ദമ്പതികൾ ഭാര്യയുടെ വീട്ടിലേക്ക് പോകുന്നു. ഭാര്യക്ക് അവരുടെ പ്രവിശ്യയിലേക്ക് പ്രവേശിക്കാം. ഭർത്താവിന് പറ്റില്ല, അനുമതിയില്ല, പാസില്ല. അപ്പോൾ ഭർത്താവ് ചോദിക്കുന്നു, നമ്മൾ അതിർത്തിയിലെ ഈ പാലത്തിൽ കഴിയണമെന്നാണോ?
തന്റെ പഴയ നോവലിൽ സിറ്റി ഓഫ് വുചാങ്ങിൽ, 100 വർഷം മുമ്പ് അന്നത്തെ യുദ്ധപ്രഭുക്കൾ വളഞ്ഞ വീട്ടിലിരിക്കാൻ നിർബന്ധിക്കപ്പെടുന്ന മനുഷ്യരെക്കുറിച്ച് പറയുന്നുണ്ട്,
അതുപോലെയാണിതെന്നും ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിൽ മനുഷ്യാവസ്ഥകളുടെ പല തലങ്ങളാണ് ഡയറിയിലൂടെ അനാവൃതമാകുന്നത്.
അണുനശീകരണം/അണുമുക്തി പൂർത്തിയാക്കിയിരിക്കുന്നു എന്ന പോസ്റ്റർ തന്റെ അപ്പാർട്ട്‌മെന്റ് വാതിലിൽ പതിച്ചിരിക്കുന്നത് ഒരു ദിവസം ഫാങ് ഫാങ് കാണുന്നു. ഹുവാനിലെ രോഗികളുടെ എണ്ണം/ രോഗബാധിത ഭയമുള്ളവരുടെ എണ്ണം ആശുപത്രികളിൽ കിടക്കകളില്ലാതാക്കി. ഗുരുതരമായ രോഗവുമായി പിന്നീട് വന്നവർക്ക് ആശുപത്രികളിൽ പ്രവേശനം കിട്ടിയില്ല. പലരും ആശുപത്രിക്കു പുറത്തു കടന്നു മരിച്ചു. ഏറ്റവും നിസ്സഹായമായ, ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥായിരുന്നു ഇത്. ഈ സമയത്താണ് വുഹാനിൽ താൽക്കാലിക ആശുപത്രികൾ ഉയർന്നത് ( ഇത് മികച്ച തീരുമാനമായിരുന്നുവെന്ന് ഫാങ് ഫാങ് എഴുതുന്നു).
താൽക്കാലിക ആശുപത്രികളെക്കുറിച്ച് ഡയറിയിൽ നിന്നും: താൽക്കാലിക ആശുപത്രികളെ, യുദ്ധകാലത്തെ താൽക്കാലിക ആശുപത്രികളെപ്പോലെ കാണണം. അത് രോഗം കൂടുതൽ പരത്തുമെന്ന പ്രചാരണത്തിൽ കഴമ്പില്ല: . ഹുഷെൻഷാൻ ആശുപത്രിയിൽ നിന്നുള്ള വീഡിയോ ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നു. ആത്മവിശ്വാസം നൽകിയ വീഡിയോ ആയിരുന്നു ഇതെന്ന് ഫാങ് ഫാങ് പറയുന്നു.
ഹുവാനിലെ രോഗികളുടെ എണ്ണം/ രോഗ ബാധിത ഭയമുള്ളവരുടെ എണ്ണം ആശുപത്രികളിൽ കിടക്കകളില്ലാതാക്കി. ഗുരുതരമായ രോഗവുമായി പിന്നീട് വന്നവർക്ക് ആശുപത്രികളിൽ പ്രവേശനം കിട്ടിയില്ല. പലരും ആശുപത്രിക്കു പുറത്തു കടന്നു മരിച്ചു.
2003ൽ സാർസ് വന്നപ്പോഴും ചൈനീസ് സർക്കാർ അത് മൂടിവെക്കാൻ ശ്രമിച്ചു. ഗുവാൻഗ്‌സോ ആശുപത്രിയിലാണ് സാർസ് രോഗികളെ ചികിത്സിച്ചിരുന്നത്. എന്റെ അടുത്ത ഒരു സുഹൃത്തിന് അവിടെ അതേ സമയത്ത് ഒരു ഓപ്പറേഷനുണ്ടായിരുന്നു. ഞാനും നിരവധി സുഹൃത്തുക്കളും സാർസിനെക്കുറിച്ചറിയാതെ അവിടെ എത്തി. മാസ്‌ക്കുകൾ പോലും ഞങ്ങളാരും ധരിച്ചിരുന്നില്ല. അന്ന് വിധി എന്നോട് ചിരിച്ചു. അതുകൊണ്ട് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. കൊറോണക്കാലത്ത് മൂന്നു തവണ സർജറി കഴിഞ്ഞ സുഹൃത്തുക്കളെ, സഹപ്രവർത്തകരെ കാണാൻ ഞാൻ ആശുപത്രിയിൽ പോയിരുന്നു. ഇക്കുറിയും വിധി എന്നോട് ചിരിച്ച് കരുണ കാണിച്ചു ഡയറിത്താളിലൊന്ന് പറയുന്നു.
മരിച്ചവരും പുറത്താക്കപ്പെട്ടവരും ജനിച്ചവരും
വുഹാനിൽ രോഗം ബാധിച്ച് സർഗപ്രതിഭകൾ മരിച്ചത് ഡയറിയിൽ പ്രധാനമായി കടന്നു വരുന്നുണ്ട്. അത്തരത്തിലുള്ള ഒരു പരാമർശം ഇതാണ്: ഒരു പ്രമുഖ ചിത്രകാരൻ രോഗക്കിടക്കയിലാണ് (ഫെബ്രുവരി അഞ്ചിന്റെ ഡയറി). സിനിമാ ചിത്രീകരണത്തിനിടെ രോഗം ബാധിച്ച മൂന്നു ക്യാമറാമാൻമാർ മരിച്ചതായി എന്റെ കൂട്ടുകാരി എന്നോട് പറഞ്ഞു:
സെൻസറിംഗ് ചൈനക്കാരെ ചൈനക്കാരുടെ തന്നെ ശത്രുവാക്കി മാറ്റിയിരിക്കുന്നുവെന്നും വുഹാനിലേക്ക് സൈന്യം പ്രവേശിച്ചതോടെ കാര്യങ്ങൾ കൂടുതൽ ചിട്ടയായി നടന്നു എന്നത് സത്യമാണെന്നും അടുത്ത താളിൽ കാണാം. ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം ദിവസവും കുത്തിവെപ്പിനായി ആശുപത്രിയിൽ പോകേണ്ടി വരുന്ന രോഗികൾക്ക് അതു സാധ്യമാകാതെ വന്നു. കോവിഡ്-19 രോഗികളല്ലാത്തവരെല്ലാം ചികിത്സാക്രമത്തിൽ നിന്നും പുറത്താക്കപ്പെട്ടു എന്ന വിമർശനവും ഇവിടെ കാണാം.
ഒരു പ്രമുഖ ചിത്രകാരൻ രോഗക്കിടക്കയിലാണ് (ഫെബ്രുവരി അഞ്ചിന്റെ ഡയറി). സിനിമാ ചിത്രീകരണത്തിനിടെ രോഗം ബാധിച്ച മൂന്നു ക്യാമറാമാൻമാർ മരിച്ചതായി എന്റെ കൂട്ടുകാരി എന്നോട് പറഞ്ഞു
പുതിയ കുഞ്ഞുങ്ങളുടെ പിറവിയെക്കുറിച്ച്: ആകാംക്ഷകളിലേക്കും അനിശ്ചിതത്വങ്ങളിലേക്കുമാണ് അവരുടെ വരവ്. ഇത് ഗർഭിണികളേയും മാനസികമായി ബാധിച്ചു. അമ്മമാർ കാത്തിരിക്കാൻ തയ്യാറാണ്. പക്ഷെ കുഞ്ഞുങ്ങൾ തയ്യാറല്ല. അവർ വരുക തന്നെയാണ്. ഈ ലോകത്തേക്ക് അവരെ സ്വാഗതം ചെയ്യുക മാത്രമേ തനിക്കിപ്പോൾ ചെയ്യാനുള്ളൂ എന്ന് ഫാങ് പറയുന്നു.
കാൻസർ ബാധിതനായ അച്ഛൻ, അമ്മ, മകൾ. മൂവരും ചേർന്ന് അപ്പാർട്ട്മെന്റിൽ സമയം കൊല്ലാൻ ചീട്ടുകളിക്കുന്നു. ചീട്ടുകളിച്ച് കളിച്ചു മടുത്ത മകൾക്ക് പക്ഷെ സമയം കൊല്ലാൻ മറ്റു വഴികളൊന്നും കണ്ടെത്താനായില്ല എന്നു പറയുമ്പോൾ മനുഷ്യാവസ്ഥ എല്ലാ നിലയിലും പ്രതിസന്ധിയിലും സങ്കീർണ്ണതയിലുമാണെന്ന് ഡയറി ഓർമ്മിപ്പിക്കുന്നു.
വുഹാൻ അന്ന് ലീയെ ഓർത്ത് കരഞ്ഞു
വുഹാൻ ജിൻതിയൻതാൻ ആശുപത്രിയിൽ അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉണ്ടാക്കിയ മരുന്ന് (റെഡെംസിവർ) രോഗികളിൽ പ്രയോഗിക്കാനും പരീക്ഷിക്കാനും തുടങ്ങി. ചൈന ആ മരുന്നിനെ "ജനങ്ങളുടെ പ്രതീക്ഷ' എന്നു പേരിട്ടു വിളിച്ചു. ലോക്ക്ഡൗൺ അല്ലായിരുന്നെങ്കിൽ ജനങ്ങൾ ഈ വാർത്ത കേട്ട് തെരുവിൽ നൃത്തം വെക്കുമായിരുന്നുവെന്നും ഹുവാനിലെ താൽക്കാലിക ആശുപത്രി ഭംഗിയായി നടത്തുന്നതിനെക്കുറിച്ചും ഫാങ് ഫാങ് വളരെ പോസിറ്റീവായി പറയുന്നു. നമ്മളെല്ലാവരും ഒരേ ബോട്ടിലെ യാത്രക്കാരാണ് എന്ന് തിരിച്ചറിയുകയെന്ന് അവരുടെ ഡോക്ടർ സുഹൃത്ത് പറയുന്നത് ഈ സന്ദർഭത്തിലാണ്.
എന്നാലിതിനു തൊട്ടു പിന്നാലെയുള്ള ഡയറിക്കുറിപ്പ് ഡോക്ടർ ലീ വെൻലിയാങിന്റെ മരണത്തെക്കുറിച്ചാണ് (ഫെബ്രുവരി ആറിന്റെ ഡയറിക്കുറിപ്പ്, എഴുതി തീരുമ്പോൾ ഫെബ്രുവരി ഏഴ് പിറന്നു). രോഗത്തെക്കുറിച്ച്, പകരുന്ന രോഗമാണെന്ന് ആദ്യം പറഞ്ഞതിനെത്തുടർന്ന് ശിക്ഷാ നടപടികൾ നേരിടുകയും പിന്നീട് രോഗം ബാധിച്ചു മരിക്കുകയുമായിരുന്നു ലീ. വുഹാൻ അന്ന് ലീയെ ഓർത്ത് കരയുകയായിരുന്നുവെന്ന് ഫാങ് ഫാങ് സാക്ഷ്യപ്പെടുത്തുന്നു. ഫെബ്രുവരി ഏഴിന്റെ ഡയറി തുടങ്ങുന്നത് ഈ ഇരുട്ടിൽ ലീ വെൻലിയാങ് വെളിച്ചമാകും എന്ന വാചകത്തോടെയാണ്.
വുഹാൻ ജനത ലീയുടെ കുടുംബത്തെ സംരക്ഷിക്കും എന്ന് ഇരുട്ടിൽ ആരോ ഉച്ചത്തിൽ പറയുന്നതായി ഫാങിനു തോന്നുന്നു. അദ്ദേഹത്തിന്റെ സംസ്‌ക്കാര സമയത്ത് വീടുകളിലെ ലൈറ്റുകൾ ഓഫാക്കാനും ഫ്‌ളാഷ്‌ലൈറ്റുകളോ മൊബൈൽ ഫോൺ ടോർച്ചുകളോ തെളിയിക്കാനും വുഹാനിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ളവർ തീരുമാനിക്കുന്നു.
മനുഷ്യനിൽ നിന്നും മനുഷ്യരിലേക്കു പകരുന്ന രോഗമെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ, അതിനുള്ള ധൈര്യവും സത്യസന്ധതയും ആർജവവും കാണിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഒരു പക്ഷെ ഇത്രയും ഗുരുതരമാകുമായിരുന്നില്ലെന്നും നിസ്സഹായതോടെ അവർ എഴുതുന്നു.
രോഗം ദുഷ്ടാത്മാവിനെപ്പോലെ വുഹാൻ നഗരത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരു ലക്ഷണവുമില്ലാത്ത രോഗികൾ. അവരെ ചികിത്സിച്ചു ഭേദമാക്കിയ ഡോക്ടർമാരെ രോഗം കടന്നു പിടിച്ചു. ഞങ്ങൾക്ക് പരിചയ സമ്പന്നരും രോഗികളെ ചികിത്സിക്കുന്നതിലും പരിചരിക്കുന്നതിലും അനുഭവ സമ്പന്നതയുള്ള നിരവധി ഡോക്ടർമാരെ ഇതുമൂലം നഷ്ടപ്പെട്ടുവെന്ന് ഡയറിക്കുറിപ്പുകൾ വിലപിക്കുന്നു. മനുഷ്യനിൽ നിന്നും മനുഷ്യരിലേക്കു പകരുന്ന രോഗമെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ, അതിനുള്ള ധൈര്യവും സത്യസന്ധതയും ആർജവവും കാണിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഒരു പക്ഷെ ഇത്രയും ഗുരുതരമാകുമായിരുന്നില്ലെന്നും നിസ്സഹായതോടെ അവർ എഴുതുന്നു. എട്ടു കാറുകൾ ഡോ. ലീ വെൻലിയാങിന് അന്ത്യയാത്രയിൽ പങ്കു ചേരുന്നതിന്റെ വീഡിയോ നഗരത്തിൽ എല്ലാവരും ഇൻർനെറ്റിൽ പങ്കുവെക്കുന്നു.
ഒരു താൽക്കാലിക പ്രണയ കഥ
ഫെബ്രുവരി എട്ട്- ലൂണാർ പുതുവത്സരത്തിന്റെ 15-ാം ദിവസം. ശരിക്കും റാന്തൽ ഉത്സവദിനം. ഫാങ് ഫാങിന്റെ പോസ്റ്റുകൾ സെൻസർമാർ നീക്കം ചെയ്യുന്നു. പക്ഷെ എന്നിട്ടും എഴുത്ത് തുടരുന്നു. കമ്യൂണിസ്റ്റ് അണ്ടർഗ്രൗണ്ടിൽ നിന്നും ഒരു കാലത്തു വന്ന സന്ദേശങ്ങൾക്ക് തടസ്സങ്ങളെ അതിജീവിക്കാൻ കഴിഞ്ഞിരുന്നു. പക്ഷെ ഇന്ന് ഇന്റർനെറ്റിന്റെ യുഗത്തിൽ ചൈനയിൽ ഒരു ഇന്റർനെറ്റ് പോസ്റ്റ് സംരക്ഷിക്കാൻ കഴിയുന്നില്ലെന്ന് ഡയറിയിലെ വാക്കുകളിൽ വിമർശനം. പക്ഷെ അടുത്ത പേജിൽ പ്രതീക്ഷാ നിർഭരമായമൊരു കാര്യം പങ്കുവെക്കുന്നു.
വുഹാനിലെ ആശുപത്രിയിലേക്ക് മറ്റു പ്രവിശ്യകളിൽ നിന്നും വന്ന മരുന്നുകളും മറ്റും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഇറക്കിവെക്കുന്ന ദൃശ്യങ്ങളാണ് ഡയറിയിൽ പങ്കുവെക്കുന്നത്. തൊട്ടടുത്ത വരിയിൽ ദുരന്ത രംഗവും. ആശുപത്രിയുടെ പടികൾ ഇറങ്ങാൻ കഴിയാതെ അവശയായി തളർന്ന രോഗിണിയെ ഒരു പൊലീസുകാരൻ പുറത്തേറ്റി താഴേക്കു വരുന്നു. താഴെ എത്തുമ്പോഴേക്കും രോഗി മരിക്കുന്നു. ഭക്ഷണ വിതരണക്കാർ, പൊലീസുകാർ, ശുചീകരണത്തൊഴിലാളികൾ എന്നിവർ ക്ഷീണം വകവെക്കാതെ ജോലി ചെയ്യുന്നതിനെക്കുറിച്ചും ഇതേ ഭാഗത്ത് പറയുന്നു.
ആശുപത്രിയുടെ പടികൾ ഇറങ്ങാൻ കഴിയാതെ അവശയായി തളർന്ന രോഗിണിയെ ഒരു പൊലീസുകാരൻ പുറത്തേറ്റി താഴേക്കു വരുന്നു. താഴെ എത്തുമ്പോഴേക്കും രോഗി മരിക്കുന്നു.
താൽക്കാലിക ആശുപത്രിയിൽ രോഗികളായ യുവാവും യുവതിയും പ്രണയത്തിലാകുന്നതും അവരുടെ അടുത്ത കിടക്കയിലുള്ള ഹാസ്യ നടൻ ഇതിനെ താൽക്കാലിക പ്രണയ കഥ (താൽക്കാലിക ആശുപത്രിയിലാണല്ലോ സംഭവം) എന്നു വിളിച്ച് ഒരിട ചിരിക്കാനുള്ള വൃഥാശ്രമവും എഴുത്തുകാരി നടത്തുന്നു. ചൈന സെൻട്രൽ ടെലിവിഷൻ (സി.സി.ടി.വി) റാന്തൽ ഉത്സവം വുഹാൻ സങ്കീർണ്ണത കാരണം മാറ്റിവെക്കുന്നതായി പറയുന്നു. തൊട്ടു പിന്നാലെ ഫെബ്രുവരി 9ന് രോഗികൾ കുറയുന്നതായി വാർത്തകൾ. അമേരിക്കൻ മരുന്ന്, ആന്റി വൈറൽ ഡ്രഗ് റെംഡിസിവിർ ഫലപ്രദമാകുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു. ജോലി ഭാരം അസഹനീയമാണെന്ന് പറഞ്ഞ മോർച്ചറി ജീവനക്കാരിയെ ചോദ്യം ചെയ്യുന്ന ജീവനക്കാരന്റെ ടെലഫോൺ സംഭാഷണം പുറത്തു വന്നപ്പോൾ തന്റെ "ടെൻ തൗസന്റ് ആരോസ് പിയേഴ്‌സിംഗ് ദ ഹാർട്ട്' എന്ന നോവല്ലയിലെ ലി ബയോലി എന്ന കഥാപാത്രത്തെ ഓർമ്മിച്ചതായി ഡയറിയിൽ കുറിച്ചിട്ടിരിക്കുന്നു.
കൊറോണ മരണത്തെക്കുറിച്ച്: ആദ്യമൊക്കെ അകലെയുള്ളവരാണ് മരിച്ചത്, പിന്നീട് അയൽവാസികൾ. മരണം അടുത്തേക്കടുത്തേക്ക് വരാൻ തുടങ്ങി: ഇന്റർനെറ്റ് സെൻസേഴ്‌സ് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ജനങ്ങൾക്ക് തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും തിരിച്ചറിവുകളും പങ്കുവെക്കാനായില്ല. എന്നാൽ വളണ്ടിയർമാരുടെ സേവനങ്ങളുടേയും പ്രവർത്തനങ്ങളുടേയും വീഡിയോകൾ വികാരപൂർണ്ണം ജനങ്ങൾ സ്വീകരിച്ചുവെന്ന് ഡയറിയിൽ വായിക്കാം.
സണ്ണി സ്കൈ എന്ന റസ്റ്റോറന്റിലെ ഭക്ഷണം വീട്ടിലേക്കാൾ നല്ലതെന്ന് രോഗികൾ പറഞ്ഞു. വുഹാൻ അമ്മായിമാരുടെ ആശുപത്രിയിലെ ഒഴിഞ്ഞ സ്ഥലത്തെ നൃത്തം- താൽക്കാലിക ആശുപത്രി ഡാൻസ്. അവരെ ആ ആശുപത്രിയിൽ ചികിത്സിക്കാൻ കൊണ്ടു വന്നതായിരുന്നു. അവർ രോഗത്തോട് പൊരുതി. ഒപ്പം തങ്ങളുടെ പ്രിയ നൃത്തവും, ബാൾ റൂം ഡാൻസും അവതരിപ്പിച്ചു. (മനുഷ്യ ജീവിതത്തിന്റെ പല അടരുകളും ഇവ്വിധം അവതരിപ്പിക്കുന്നതിൽ നോവൽ മൂശ ഫാങ് ഫാങിനെ സഹായിച്ചിട്ടുണ്ട്.
ജപ്പാനിൽ നിന്നും വന്ന സംഭാവനകൾ, മരുന്നുകളും ഭക്ഷണവും- അവ വന്ന കണ്ടെയ്നറുകളിൽ ഇങ്ങിനെ എഴുതിവെച്ചിരുന്നു. "ഒരു പർവ്വതം നമ്മെ വേർതിരിക്കുന്നുണ്ടാകാം, എങ്കിലും നമ്മൾ പങ്കിടുന്നത് ഒരേ മേഘങ്ങളേയും ഒരേ മഴയേയുമാണ്.
പ്രൊഫ. ലിൻ സെൻഗ്ബിൻ (അവയവ ട്രാൻസ്പ്ലാന്റേഷൻ വിദഗ്ധൻ) മരിച്ചു- 62 കാരൻ (ഫെബ്രുവരി 10ലെ ഡയറി)- തോങ്ജി ആശുപത്രിയിൽ. വിദഗ്ധ ഡോക്ടർമാരുടെ മരണം വർധിക്കുന്നു. വുഹാൻ സെൻട്രൽ ഹോസ്പിറ്റലിലേക്ക് സംഭാവന നൽകേണ്ട എന്ന് ജനങ്ങൾ തീരുമാനിക്കുന്നു. ഡോ. ലീയെ ഭരണകൂടം കൊല്ലുകയായിരുന്നുവെന്ന ആരോപണമാണ് ഇത്തരമൊരു പ്രതിഷേധത്തിനു കാരണം. പക്ഷെ ജപ്പാനിൽ നിന്നും വന്ന സംഭാവനകൾ, മരുന്നുകളും ഭക്ഷണവും- അവ വന്ന കണ്ടെയ്നറുകളിൽ ഇങ്ങിനെ എഴുതിവെച്ചിരുന്നു. "ഒരു പർവ്വതം നമ്മെ വേർതിരിക്കുന്നുണ്ടാകാം, എങ്കിലും നമ്മൾ പങ്കിടുന്നത് ഒരേ മേഘങ്ങളേയും ഒരേ മഴയേയുമാണ്. പൂർണ്ണ ചന്ദ്രൻ എന്റെയും നിങ്ങളുടേയും ഗ്രാമത്തിന് ഒരേ പോലെ അവകാശപ്പെട്ടതാണ്' -നിശ്ശബ്ദത ഒരു നുണയായിരിക്കുമ്പോൾ മൗനത്തിൽ തുടരുക അത്ര എളുപ്പമല്ലെന്ന വിക്ടർ ഹ്യൂഗോയുടെ വരികൾ ഇവിടെ അടുത്ത വരിയിൽ വായിക്കാം.
ഒരു കൂട്ടം മൊബൈൽ ഫോണുകൾ, മരിച്ചവരുടെ
ഫെബ്രുവരി 12ന്റെ ഡയറി: നാൻജിംഗിൽ നിന്ന് എനിക്കു രണ്ടു വയസ്സുള്ളപ്പോൾ എന്റെ മാതാപിതാക്കൾ വുഹാനിൽ എത്തിയതാണ്. അതിനുശേഷം ഈ നഗരമാണ് എന്റെ വീട്. 60 വർഷമായി ഞാനീ നഗരത്തിൽ ജീവിക്കുന്നു. പോർട്ടർ, റിപ്പോർട്ടർ, എഡിറ്റർ, എഴുത്തുകാരി എന്നിങ്ങനെ വിവിധ ജീവിത വേഷങ്ങളിൽ. ടി.വി ഷോയിൽ (വൺ പേഴ്സൺ വൺ സിറ്റി) വുഹാനെക്കുറിച്ച് സംസാരിച്ചത് ഞാനാണ്. എന്നെ നോക്കി പരിചയത്തോടെ, അടുപ്പത്തോടെ ചിരിക്കുന്നവർ. അതാണെനിക്ക് ഹുവാൻ. ആ നഗരം മൃതനഗരമാകുന്നത് ഞാനെങ്ങിനെ സഹിക്കും. ഉറക്കഗുളിക കഴിച്ചാണ് ഞാൻ ഉറങ്ങുന്നത്. എനിക്ക് എല്ലാം നേരിടാനുള്ള കരുത്തില്ല.
16 വർഷമായി കൂടെയുളള നായക്ക് ഭക്ഷണം കിട്ടിയില്ല. അതിനും ഞാൻ കുറച്ചു ചോറുണ്ടാക്കി. ഞാൻ ഒരോപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയിൽ കിടക്കുകയായിരുന്നു. അപ്പാർട്ട്‌മെന്റിൽ മകൾ മാത്രമാണുണ്ടായിരുന്നത്. 16 വർഷം മുമ്പ് അവളുടെ മുമ്പിലാണ് ഈ നായ പിറന്നു വീണത്. പട്ടി പ്രസവിക്കുന്നത് കണ്ട് മകൾ അന്ന് ഭയന്നിരുന്നു.
ഇന്ന് ലോക്ക്ഡൗണിന് 21 ദിവസം. ഒരു ഭാഗത്ത് രോഗ സങ്കീർണ്ണത. പക്ഷെ മനുഷ്യർ തമാശകൾ പങ്കിടുകയും കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിൽ പോസ്റ്റു ചെയ്യുന്നുമുണ്ട്. ഒരു സുഹൃത്ത് അവന്റെ അടുക്കളക്കും ബെഡ്റൂമിനുമിടയിൽ പ്രതിദിനം മൂന്നു കിലോമീറ്റർ ജോഗ് ചെയ്യുന്നു. ഒരു കൂട്ടുകാരിക്ക് കുഞ്ഞു പിറക്കുന്നു. 60 കഴിഞ്ഞയാളെന്ന നിലയിൽ പുറത്ത് ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ എല്ലാവരും എന്നെ തുറിച്ചു നോക്കുന്നു. എന്നെപ്പോലെ സീനീയർ സിറ്റിസണായ ഒരാൾ ഫെബ്രുവരി അവസാനം എല്ലാം സാധാരണ നിലയിലാകുമെന്ന് പറയുന്നു. യിങ്ജിയാങിൽ നിന്നും ജനങ്ങൾ അരിയും ഉരുളക്കിഴങ്ങും വുഹാനിലേക്ക് അയക്കുന്നു. സാംസ്‌ക്കാരിക വിപ്ലവത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഈ പ്രദേശം. എന്നാൽ ഉദ്യോഗസ്ഥർ ചൈനയുടെ കൊടിയുമായി, പടങ്ങൾ (ഭക്ഷണ വിതരണ സ്ഥലത്തും മറ്റും) എടുക്കുന്നു. പിന്നീട് എല്ലാ പ്രൊട്ടക്ടീവ് ഗിയറുകളും (സുരക്ഷാ വസ്ത്രങ്ങൾ) ദൂരെക്കളയുകയുമാണവർ.
എന്നെ നോക്കി പരിചയത്തോടെ, അടുപ്പത്തോടെ ചിരിക്കുന്നവർ. അതാണെനിക്ക് ഹുവാൻ. ആ നഗരം മൃതനഗരമാകുന്നത് ഞാനെങ്ങിനെ സഹിക്കും. ഉറക്കഗുളിക കഴിച്ചാണ് ഞാൻ ഉറങ്ങുന്നത്. എനിക്ക് എല്ലാം നേരിടാനുള്ള കരുത്തില്ല.
കമ്യൂണിസ്റ്റ് പാർട്ടിയില്ലാതെ പുതു ചൈനയില്ലെന്ന് താൽക്കാലിക ആശുപത്രിയുടെ കവാടത്തിൽ പ്രാദേശിക നേതാവിന്റെ വരവിനോടനുബന്ധിച്ച് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നവരുമുണ്ട്.
ഫെബ്രുവരി-12. ഡോ. ലീ മരിച്ചിട്ട് ഒരാഴ്ച്ചയായി. മരിച്ചവർ ഒരാഴ്ച്ച കഴിഞ്ഞാൽ അവസാനമായി ലോകം കാണാൻ ഒരിക്കൽ കൂടി വരുമെന്നാണ് ചൈനീസ് വിശ്വാസം. അങ്ങിനെയെങ്കിൽ ലീ എന്തൊക്കെയായിരിക്കും വുഹാനിൽ കാണുക, ഞാൻ ആലോചിച്ചു. പാരമ്പര്യ ചൈനീസ് പെയിന്റിംഗ് മാസ്റ്റർ ലിയു ഷൗക്ക്സിയാംഗ് മരിച്ചു. ഒരു കൂട്ടം മൊബൈൽ ഫോണുകൾ- ഒരു ഫ്യൂണറൽ ഹോമിൽ- അവ മരിച്ചവരുടെ ഫോണുകളായിരുന്നു. ആ ചിത്രം എന്നെ കൊടിയ വേദനയിലാഴ്ത്തി. ( ഇതൊരു വ്യാജ ചിത്രമാണെന്ന് പറഞ്ഞ് ഫാങ് ഫാങ് വലിയ തോതിൽ വിമർശിക്കപ്പെട്ടു). സ്റ്റോക്ക് പൈൽഡ് പേഷ്യൻസ്- ആശുപത്രിയിൽ പോലും പ്രവേശനം കിട്ടാത്ത രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരുന്നു. നെറ്റിസൺസ് എന്ന പൗരസമൂഹം നിർവ്വഹിച്ചുകൊണ്ടിരുന്ന സാമൂഹ്യ ഉത്തരവാദിത്തങ്ങൾ, സർക്കാർ ഉദ്യോഗസ്ഥൻമാരെ എങ്ങിനെ ജോലി ചെയ്യിപ്പിക്കാമെന്നറിയാമെന്ന് ജനങ്ങൾ. ഫാങ് ഫാങ് ഹുവാൻ ജീവിതം ഇവ്വിധമെല്ലാം രേഖപ്പെടുത്തുന്നു. ഇതിനിടെ ഡയറിയെ എതിർത്ത് സ്വകാര്യ സന്ദേശങ്ങളും ആക്രമണ ഭീഷണികളും വെറുപ്പിന്റെ പ്രകടനങ്ങളും എഴുത്തുകാരിയെ വേട്ടയാടുന്നു.
ഇതിനിടെ മാസ്‌ക്ക് പോലുമില്ലാതെ ജോലി ചെയ്യേണ്ടി വന്ന നഴ്‌സ് മരിക്കുന്നു (ജനുവരി 26ന്) നഴ്‌സിന്റെ കുടുംബത്തിലെ എല്ലാവരും രോഗികളുമാകുന്നു. എല്ലാവരും മരിക്കുന്നു. ഏറ്റവും അവസാനം നഴ്‌സിന്റെ ഇളയ സഹോദരൻ മരിക്കുന്നു. (ചാങ് കൈ എന്ന സിനിമാ സംവിധായകനാണിയാൾ) ലിയു ഫാൻ എന്നാണ് നഴ്‌സിന്റെ പേര്. ഈ സമയത്ത് ഇതൊരു തെമ്മാടി വൈറസെന്ന് ഡയറി അഭിപ്രായപ്പെടുന്നു. മരണത്തിലേക്ക് ദിവസങ്ങളെടുത്ത് സഞ്ചരിക്കുക എന്നതു പോലും ഒരാഡംബരമായി മാറിയിരിക്കുന്നുവെന്നും നാം വായിക്കുന്നു.
ഒരു ലക്ഷം യുവാൻ വുഹാനിലെ ആശുപത്രികൾക്ക് സംഭാവന ചെയ്ത അമേരിക്കയിലുള്ള ചൈനീസ് ചിത്രകാരൻ സിയാംഗ് ലിഗാങിന്റെ സഹോദരനേയും കൊറോണ കൊണ്ടുപോയി. ഈ സമയത്ത് പീപ്പിൾസ് ലിബറേഷൻ ആർമി വുഹാനിൽ വന്നതിനെക്കുറിച്ച് എഴുതാതെ ചെറിയ ചെറിയ കാര്യങ്ങളെക്കുറിച്ച് എഴുതുന്നത് എന്തു കൊണ്ട് എന്ന് ഫാങിന്റെ വിമർശകർ ചോദിക്കുന്നു. സാംസ്‌ക്കാരിക വിപ്ലവ കാലത്തേക്ക് മടങ്ങിപ്പോകാനാഗ്രഹിക്കുന്ന അതിതീവ്ര ഇടതുപക്ഷക്കാർ, പരിഷ്‌ക്കരണ കാലത്തെ മായ്ക്കാൻ ശ്രമിക്കുന്നു. അവരാണ് തന്നെ ഏറ്റവും കൂടുതലായി വിമർശിച്ചതെന്ന് എഴുത്തുകാരി ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ ഫെബ്രുവരി 20ന് നമുക്കുവേണ്ടി പോരാടുന്നവരെ, അവരുടെ അധ്വാനത്തെ വലിച്ചെറിഞ്ഞു കളയാൻ പറ്റില്ല എന്ന് ഡയറിയിൽ എഴുതി മുന്നോട്ടു പോകാൻ തന്നെ ഫാങ് ഫാങ് തീരുമാനിക്കുന്നു.
"ഞാനെന്റെ ശരീരം രാഷ്ട്രത്തിന് സംഭാവന ചെയ്യുന്നു, എന്റെ ഭാര്യയുടേതോ?'
ഒഴിഞ്ഞ തെരുവുകൾ, ഷോങ്‌സാൻ പാർക്ക്, ലിബറേഷൻ പാർക്ക്, ഈസ്റ്റ് റിവർ ഗാർഡൻ ലൈൻ എല്ലായിടവും ഒഴിഞ്ഞു കിടക്കുന്നു. വുഹാനിൽ വിജനത വ്യാപിക്കുന്നു. രോഗമുള്ളവർ, രോഗം സംശയിക്കുന്നവർ, രോഗിയുടെ ബന്ധുക്കൾ, സഹവാസം പുലർത്തിയവർ, പനിയുള്ളവർ- ഇങ്ങിനെയുള്ള 15 പേരെ ഞങ്ങളുടെ റസിഡന്റ് കമ്യൂണിറ്റിയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. (രോഗികളെ അദൃശ്യരാക്കാനുള്ള ശ്രമം ലോകമെങ്ങും നടന്നതു പോലെ തന്നെയാണ് വുഹാനിലും സംഭവിച്ചത്). പഴയ സഹപാഠികൾ എന്നെ ആശ്വസിപ്പിക്കാൻ വന്നു. ഞങ്ങൾ ഒരു കുടുംബമായി മാറി. പുറത്തു പോകുന്നത് കൊലപാതകത്തിനു തുല്യമെന്ന് അവർ ഫാങ് ഫാങിനോട് പറഞ്ഞു.
ഹുബൈ ഡെയ്‌ലിയിലെ എഡിറ്റോറിയൽ എഴുത്തുകാരൻ മരിച്ചു. (ഫെബ്രുവരി 20). രോഗം വന്ന് രണ്ടാഴ്ച കഴിഞ്ഞാണ് ഇദ്ദേഹത്തിന് ആശുപത്രികിടക്ക കിട്ടിയത്. ആശുപത്രിയിൽ പ്രവേശിച്ചതിന്റെ മൂന്നാം ദിവസം മരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ രോഗബാധിതരാണ്. ഒരു രോഗി മരണം ഉറപ്പിച്ചു, ഭാര്യ ആരോഗ്യവതിയാണ്, അദ്ദേഹം ബന്ധപ്പെട്ടവർക്കെഴുതിയ കത്തിൽ ഇങ്ങിനെയൊരു വാചകമാണുണ്ടായിരുന്നത് "ഞാനെന്റെ ശരീരം രാഷ്ട്രത്തിന് സംഭാവന ചെയ്യുന്നു, എന്റെ ഭാര്യയുടേതോ?' സിയാവോ സിയാൻയു എന്നായിരുന്നു മരിച്ചയാളുടെ പേര്. പത്രങ്ങളിൽ ഈ വാർത്ത വന്നിരുന്നു. സെവൻ ഫൈനൽ വേർഡ്സ് എന്നായിരുന്നു തലക്കെട്ടുകൾ. പക്ഷെ എന്റെ ഭാര്യയുടേതോ എന്ന അയാളുടെ ചോദ്യം തലക്കെട്ടിൽ വന്നില്ല. ശരിക്കും ഇലവൻ ഫൈനൽ വേർഡ് എന്നായിരുന്നു വരേണ്ടിയിരുന്നത്. ഭാര്യയുമായുള്ള സ്‌നേഹം രാഷ്ട്ര സ്നേഹത്തിനു മുന്നിൽ മാധ്യമങ്ങൾക്ക് ഒന്നുമല്ലാതായി.
ഡോ. പെങ് ഹിൻഹുവ മരിച്ചു-29 വയസ്സ്. തൊട്ടുമുമ്പുള്ള ദിവസം വിവാഹിതനാകേണ്ടതായിരുന്നു. രോഗകാലം മൂലം കല്യാണം മാറ്റിവെച്ചതായിരുന്നു.
ഹുബൈ ഡെയ്‌ലിയിലെ എഡിറ്റോറിയൽ എഴുത്തുകാരൻ മരിച്ചു. (ഫെബ്രുവരി 20). രോഗം വന്ന് രണ്ടാഴ്ച കഴിഞ്ഞാണ് ഇദ്ദേഹത്തിന് ആശുപത്രികിടക്ക കിട്ടിയത്. ആശുപത്രിയിൽ പ്രവേശിച്ചതിന്റെ മൂന്നാം ദിവസം മരിച്ചു.
ജയിലാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്നൊരു പറച്ചിൽ ഇവിടെയുണ്ടായിരുന്നു. എന്നാലിപ്പോൾ പല ജയിലുകളിൽ നിന്നും കൊറോണ പോസിറ്റീവ് വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. ജയിൽ ഗാർഡുമാരിൽ നിന്നാണ് തടവുപുള്ളികൾക്ക് വൈറസ് ബാധയുണ്ടായത്.
വലിയൊരു സമുദായത്തിൽ നിങ്ങളൊരിക്കലും വിശന്നിരിക്കേണ്ടി വരില്ല
നദിയിൽ ക്വാറന്റൈൻ: പൊളിക്കാനുള്ള കപ്പലുകൾ താൽക്കാലിക ആശുപത്രികളാക്കുക. കരയിൽ നിന്നും രോഗത്തെ നദിയിലേക്കു തുരത്തുക എന്ന ആശയം പഴയൊരു സഹപാഠി മുന്നോട്ടുവെച്ചു. ദീർഘകാല ലോക്ക്ഡൗൺ ഒന്നിനും പരിഹാരമല്ലെന്നും ഇയാൾ പറയുന്നു. ഈ സമയത്ത് പ്രതിദിനം 100 രോഗികൾ വീതം മരിക്കുന്നു. ഇംഗ്ലീഷ് വൈദ്യവും ചൈനീസ് പരമ്പരാഗത വൈദ്യവും ഒന്നിപ്പിക്കുന്നു. അതിനു മികച്ച ഫലമുണ്ടാകുന്നതായി ഡോക്ടർ സുഹൃത്ത് തന്നോട് പറഞ്ഞു. സർക്കാരും മെഡിക്കൽ ബോർഡും ഇതംഗീകരിച്ചു. ചൈനീസ് വൈദ്യത്തിന് 5000 വർഷത്തെ പഴക്കമുണ്ട്. ഫെബ്രുവരി 23ന് ഒൻപത് ഡോക്ടർമാർ മരിച്ചു. സത്യം പറയരുതെന്ന് മേധാവികൾ, സത്യം പറയൂ എന്ന് വായനക്കാർ- ഇതിനിടയിൽ നട്ടം തിരിയുന്ന മാധ്യമ പ്രവർത്തകർ, ഒടുവിൽ മേലധികാരികളെ അനുസരിക്കുന്നു. ജോലിയിൽ നിന്നും വിരമിച്ചവർ താമസിക്കുന്ന ഒരു വൃദ്ധ സദനത്തിൽ കൂട്ട മരണങ്ങളുണ്ടാകുന്നു.- ഡയറി വെളിപ്പെടുത്തുന്നു.
ആരോ സംഭാവന ചെയ്ത പച്ചക്കറി കിറ്റുകൾ തന്റെ വാതിലിനു മുന്നിൽ നിന്നും കിട്ടുമ്പോൾ വലിയൊരു സമുദായത്തിൽ നിങ്ങളൊരിക്കലും വിശന്നിരിക്കേണ്ടി വരില്ലെന്ന് ഫാങ് ഫാങ് മനസ്സിലാക്കുന്നു. സൈബർ ആക്രമണങ്ങളെ ബയോ സ്യൂട്ട്, എൻ-95 മാസ്‌ക്ക് എന്നിവ ഉപയോഗിച്ച് അത്തരം "അണുബാധയെ' പ്രതിരോധിച്ചു മുന്നോട്ടു പോകാൻ അവർ തീരുമാനിക്കുന്നു. സ്വകാര്യതയോ അതിജീവനമോ പ്രധാനമെന്ന ചോദ്യവും ഈ സമയത്ത് അവർ ഉയർത്തുന്നു. കുട്ടികളിൽ കൊറോണപ്പേടി വ്യാപിച്ചു. പുറത്തുപോകാൻ അവർ പേടിച്ചു. മുതിർന്നവർ അവരെ ഭയപ്പെടുത്തി. മുതിർന്നവർ അത്യാവശ്യ കാര്യത്തിനു പുറത്തു പോകുമ്പോൾ കുട്ടികൾ, പോകേണ്ട, പുറത്ത് രോഗം കാത്തുനിൽക്കുന്നു എന്നു പറഞ്ഞു തടഞ്ഞു.
ഫെബ്രുവരി 25ന്, 26 മെഡിക്കൽ പ്രൊഫഷണലുകൾ കൂടി മരിക്കുന്നു. ഹുവാനിലേക്ക് പ്രതിദിനം രണ്ടു മില്യൺ മാസ്‌ക്കുകൾ വന്നു കൊണ്ടിരുന്നു.
വാഹന സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് ആശുപത്രിയിലേക്ക് നടന്നു പോകേണ്ടി വന്ന രോഗികൾ പറഞ്ഞു: ജീവിച്ചിരിക്കുന്നതിനേക്കാൾ മെച്ചപ്പെട്ടതായി മറ്റൊന്നുമില്ല:
ഡയറിയിലെ പോസ്റ്റുകൾ വിചാറ്റിൽ ഡിലീറ്റ് ചെയ്യുന്നു, വൈബോയിൽ ബ്ലോക്ക് ചെയ്യുന്നു. ചൈനീസ് പ്രീമിയർ ഷു റോങ്ജി പറഞ്ഞു: എന്റെ തത്വചിന്തയെ തിളപ്പിച്ചെടുക്കുന്നത് സ്വതന്ത്ര ചിന്തയാണ്- ഷാങ്ഹായിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. ഒരിക്കൽ വിഖ്യാത ചൈനീസ് എഴുത്തുകാരൻ ജിയാങ് ഹോങ് പറഞ്ഞു. "നമ്മുടെ തലകൾ നമ്മുടെ തോളുകളിൽ തന്നെയാണ് നിൽക്കുന്നതെന്ന് ഉറപ്പിക്കണം, സംഘടിത മൗനമാണ് ഏറ്റവും കൂടുതലായി ഭയപ്പെടുത്തുന്നത്'- പകരുന്ന രോഗമാണ് എന്ന കാര്യത്തിലുള്ള സംഘടിത മൗനം. അവർ തുടർന്നും എഴുതി.
ബ്ലൂ സ്‌ക്കൈ എയിഡ് ടീം പൊലീസുകാരേയും കൊറോണ പിടികൂടി. ഹുബെ പ്രവിശ്യയിൽ മാത്രം 400 പൊലീസുകാർ രോഗബാധിതരായി. അമ്മ മരിച്ച കുഞ്ഞ്"അമ്മേ എന്നെ വിട്ടു പോകരുതേ, ഞാൻ അമ്മയെ അത്രയേറെ സ്നേഹിക്കുന്നു' എന്ന് വിലപിക്കുന്നതിന്റെ ഓഡിയോ- അത് കേൾക്കുമ്പോൾ എന്റെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു പോയി. മാർച്ച് ഒന്നിന് ഫാങ് ഫാങ് എഴുതി: നമ്മിൽ ഇനിയും ഒരു പാട് കരയാനുള്ള കണ്ണുനീരുണ്ട്. ഒരു പതിറ്റാണ്ടു കൊണ്ട് ഒഴുക്കേണ്ട കണ്ണീർ വുഹാൻകാർ ഒരൊറ്റ മാസം കൊണ്ട് പൊഴിച്ചു. ചൈനീസ് ഫിസിഷ്യൻ അവാർഡ് നേടിയ (തൈറോയിഡ്-കാൻസർ സ്പെഷലിസ്റ്റ്) ഡോ. ജിയാങ് എക്‌സിക്യുങ് മരിച്ചു.
ഒരിക്കൽ വിഖ്യാത ചൈനീസ് എഴുത്തുകാരൻ ജിയാങ് ഹോങ് പറഞ്ഞു. നമ്മുടെ തലകൾ നമ്മുടെ തോളുകളിൽ തന്നെയാണ് നിൽക്കുന്നതെന്ന് ഉറപ്പിക്കണം സംഘടിത മൗനമാണ് ഏറ്റവും കൂടുതലായി ഭയപ്പെടുത്തുന്നത്
അക്യുപക്ച്ചർ ചികിത്സകൻ ലീ ഹുവൈയ് തങ്ങളുടെ ചികിത്സാ വിധി കൊണ്ട് രോഗത്തെ പ്രതിരോധിക്കാമെന്ന് പറഞ്ഞ് രംഗത്തു വന്നു. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിക്കണം- ഡെൻ സിയാവോ പിങ് ചികിത്സ പടിഞ്ഞാറനായാലും ചൈനീസ് ആയാലും ഫലം കിട്ടണം- നിസ്സഹായതയുടെ പരകോടിയിൽ നിന്ന് അവരെഴുതി.
കൊറോണക്കാലത്തെക്കുറിച്ച് ഞാൻ നോവൽ എഴുതില്ല
ഹുവാനിലെ 90 ലക്ഷം പേരുടെ ഹൃദയം മുറിഞ്ഞ അനുഭവങ്ങൾ എന്ന തലക്കെട്ടിലുള്ള ഫീച്ചർ ഒരു പത്രത്തിൽ വന്നു. ഇങ്ങിനെ എഴുതുന്നത് പലർക്കും ഒരു തരത്തിൽ ആശ്വാസം പകർന്നു. അതേ കാരണം കൊണ്ടു തന്നെയാണ് ഞാനീ ഡയറിക്കുറിപ്പുകൾ എഴുതുന്നതെന്ന് ഫാങ് ഫാങിനും വാദിക്കാനായി. ഡോ. മെ സോങ്മിങ്ങ് (57) ഹുവാൻ സെൻട്രൽ ആശുപത്രി (മാർച്ച് 3ന്) മരിക്കുന്നു. 20 ദിവസത്തെ വൈകൽ, 20 ദിവസത്തെ നുണകൾ (രോഗം പകരുമെന്നത് മറച്ചുവെച്ചു) രോഗ വ്യാപനം വർധിപ്പിച്ചു.
ഓൺലൈൻ ഷോപ്പിംഗും (അത്യാവശ്യ സാധനങ്ങൾ) വെബ്ബിൽ അമിതമായ തിരയലും കൂടുതൽ നേരം ഉറക്കവും അതാണ് ഞങ്ങളുടെ ജീവിതം. ഷോപ്പിംഗ് അറ്റ് ദ ഏജ് ഓഫ് കൊറോണ വൈറസ് എന്നു പറയാം.
മാർച്ച്-5- ക്വാറന്റൈന്റെ 43-ാം ദിവസം യു ലോക്ക്, എഴുതിയതിന്റെ പേരിൽ കഴുവിലേറ്റപ്പെട്ട 27കാരനായ എഴുത്തുകാരന്റെ ഓർമ്മ ദിവസമാണ്. അന്ന് ജനാലക്കരികിൽ നിന്നും ഉദ്യോഗസ്ഥരെ ചീത്തവിളിക്കുന്ന സ്ത്രീയുടെ വീഡിയോ പുറത്തു വന്നു. വിമർശന സ്വരങ്ങൾ പല വിധത്തിൽ പുറത്തു വരികയാണ്. ഡോ. വാങ്- പകരില്ല, നിയന്ത്രിക്കാനും തടയാനും കഴിയുമെന്ന് സർക്കാരിന് വേണ്ടി കള്ളം പറഞ്ഞ ഡോക്ടർ ഒരു ചടങ്ങിൽ ആദരിക്കപ്പെടുന്നു. ഡോ. ലി വെൻലിയാങും ഇതേ ചടങ്ങിൽ ആദരിക്കപ്പെട്ടു. അല്ലെങ്കിൽ മരിച്ച 3000 പേർ എങ്ങിനെ സമാനാധാനത്തോടെ ഉറങ്ങും? ഡയറിക്കുറിപ്പിൽ എഴുത്തുകാരി ചോദിക്കുന്നു.
അയച്ചയാളുടെ പേരില്ലാത്ത വാച്ച് ഫാങ് ഫാങിന് സമ്മാനമായി കിട്ടുന്നു. ഡയറിയെഴുത്തിന്റെ ധൈര്യത്തിനാണ് സമ്മാനം. പക്ഷെ സമ്മാനമയച്ചയാളുടെ പേരു പുറത്തുവരാൻ പാടില്ല. തന്റെ വിമർശകർ സമ്മാനം തന്നയാളേയും വെറുതെ വിടില്ല. പക്ഷെ ജനങ്ങൾക്ക് എന്റെ ഡയറി ഇഷ്ടമാണെന്നതിനുള്ള തെളിവാണിതെന്ന് ഫാങ് ഫാങിന് ആത്മവിശ്വാസമുണ്ടാകുന്നു.
മരിച്ചവരെ ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമാണ് ദഹിപ്പിക്കുന്നത്. ഹുവാനിലുള്ളവർ ഇനി നേരിടാൻ പോകുന്ന ട്രോമ പ്രിയപ്പെട്ടവരുടെ സംസ്ക്കാരത്തിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ കുറ്റബോധമായിരിക്കുമെന്ന് ഒരു സൈക്കോളജിസ്റ്റ് എഴുത്തുകാരിയോട് പറയുന്നു. ദുരന്ത സമയത്തെ നൻമകൾക്ക് നന്ദി പറയുന്ന രീതി സ്വാഭാവികം. നന്ദി എന്ന വാക്ക് ഒരു സെൻസിറ്റീവ് വാക്കായി ഭാവിയിൽ അധികാരികൾ കണക്കിലെടുത്തേക്കാം. അതു ഭാഷയുടെ മേലുള്ള ദുരന്തമായി മാറും- സഹ എഴുത്തുകാരി ഫാങ് ഫാങിനെഴുതുന്നു.
രോഗ ബാധ കൈകാര്യം ചെയ്തതിലുള്ള വീഴ്ചയിൽ കുറ്റമേറ്റെടുക്കൽ, രാജിവെക്കൽ എന്നിങ്ങനെയുള്ള സംഗതികളുണ്ടെങ്കിൽ സെൻട്രൽ ഹോസ്പിറ്റലിലെ സെക്രട്ടറി, ഡയറക്ടർ എന്നിവരിൽ നിന്നാണ് അതു തുടങ്ങേണ്ടതെന്ന് ഡയറി വാദിക്കുന്നു. ഈ രോഗത്തെ നേരിടുന്നതിൽ വിജയം എന്നൊന്നില്ലെന്നും രോഗ കാലം അവസാനിക്കുക എന്നതേയുള്ളൂവെന്നും ഡയറിയിൽ തുടർന്നു വായിക്കാം.
ദി പോയറ്റ് ആർട്ട് ആന്റ് ലിറ്ററേച്ചർ റിവ്യൂ എഴുത്തുകാരിയെ അഭിമുഖം നടത്തുന്നു. ഡയറിയാണ്, ഔദ്യോഗിക മാധ്യമങ്ങളിൽ വരുന്ന വാർത്തകളല്ല ജനങ്ങൾ വിശ്വസിക്കുന്നതെന്ന് അഭിമുഖകാരൻ പറയുന്നു. അതേ അഭിമുഖത്തിൽ ഒരു ചോദ്യത്തിനുത്തരമായി ഫാങ് ഫാങ് പറയുന്നു: ഇല്ല, കൊറോണക്കാലത്തെക്കുറിച്ച് ഞാൻ നോവൽ എഴുതില്ല:
നാടും എഴുത്തുകാരനും തമ്മിലുള്ള ബന്ധം- വെള്ളവും മീനും എന്ന പോലെ. മണ്ണും മരവുമെന്നപോലെ. അഭിമുഖത്തിൽ അവർ തുടർന്നു. കാര്യങ്ങൾ ഇത്രയുമായിട്ട് ഇനി അത് ഡിലീറ്റ് ചെയ്തു കളയാമെന്ന് കരുതിയാൽ നടക്കുമോ? അവർ ചോദിക്കുന്നു. ഞങ്ങളുടെ വിരസതയിൽ പ്രാണവായു നേടാനുള്ള ഇടമായി ഫാങ് ഫാങിന്റെ ഡയറിക്കുറിപ്പുകൾ മാറിയതായി നിരവധി പേർ സാക്ഷ്യപ്പെടുത്തുന്ന സന്ദർഭം കൂടിയാണിത്. കൂട്ടക്കരച്ചിലിനായി ഒരു സ്ഥലം തുറക്കൂ, ഇന്റർനെറ്റിൽ ഒരു വിലാപ മതിൽ ആവശ്യമാണ്- അവർ ശക്തമായി ആവശ്യപ്പെടുന്നു.
രോഗ ബാധ കൈകാര്യം ചെയ്തതിലുള്ള വീഴ്ചയിൽ കുറ്റമേറ്റെടുക്കൽ, രാജിവെക്കൽ എന്നിങ്ങനെയുള്ള സംഗതികളുണ്ടെങ്കിൽ സെൻട്രൽ ഹോ്‌സ്പിറ്റലിലെ സെക്രട്ടറി, ഡയറക്ടർ എന്നിവരിൽ നിന്നാണ് അതു തുടങ്ങേണ്ടതെന്ന് ഡയറി വാദിക്കുന്നു
ഗാർബേജ് ട്രക്കിൽ ഭക്ഷണ വിതരണം നടത്തുന്നതിന്റെ ദൃശ്യങ്ങളുടെ അപഹാസ്യത ഡയറിയുടെ താളുകളിലേക്ക് കടന്നു വരുന്നു. ജനുവരി 19ന് 40,000 പേർ പങ്കാളികളായ ബാങ്ക്വറ്റ് പാർട്ടിയിൽ പങ്കെടുത്ത സംഗീത ഗ്രൂപ്പിലെ നിരവധി സംഗീതജ്ഞർ രോഗം വന്നു മരിക്കുന്നു. 60 വയസ്സുള്ള മകനെ ഐ.സി.യുവിലേക്ക് മാറ്റുമ്പോൾ അമ്മ എഴുതിയ കത്തിനെക്കുറിച്ച് വായിക്കുമ്പോൾ ഇത്ര മുതിർന്നിട്ടും ആ അമ്മ മകനെ കൊച്ചു കുഞ്ഞായി തന്നെ കാണുന്നുവെന്നതിന്റെ (മക്കൾ ഒരിക്കലും അമ്മമാർക്ക് മുതിർന്നവരാകുന്നില്ല) ഉദാഹരണം കൂടിയാണ്. പക്ഷെ മകൻ മരിക്കുകയാണ്.
തെറിവിളിയും കൊലവിളിയും വെറുപ്പും വിദ്വേഷവും എന്റെ ഡയറിക്കു നേരെ ഉയർന്നുവെന്നതിനാൽ തന്നെ അതിന് അമരത്വം ലഭിച്ചു- ഫാങ് ഫാങ് അവകാശപ്പെടുന്നു. തെറ്റ്,തെറ്റ്, തെറ്റ്- പാട്ടു കവി ലു യുവിന്റെ വരികൾ കടമെടുത്ത് മാർച്ച് 16ന്റെ പോസ്റ്റ് തുടങ്ങുന്നു.
കാട്ടുതീ ആളിപ്പടരുന്നു, പക്ഷെ വസന്തം വരും, കാറ്റ് വീശും
വർഗോസ് യോസ ചൈനയിൽ നിരോധിക്കപ്പെട്ടതിന്റെ കാരണമെന്താകാമെന്ന് ഫാങ് ഫാങ് ചിന്തിക്കുന്നു. കൺസീൽമെന്റ് എന്നത് സെൻസർഷിപ്പിന്റെ ഇരട്ട സഹോദരനാണെന്ന് എഴുത്തുകാരി ഡയറിയിൽ രേഖപ്പെടുത്തുന്നു. മാർച്ച്-16- ലോക്ക്ഡൗൺ 54-ാംദിവസം അവർ ഇങ്ങിനെ കുറിച്ചിട്ടു: ഈ കാത്തിരിപ്പ് എന്നെ "ഗോദോയെ കാത്ത്' എന്ന നാടകം ഓർമ്മിപ്പിക്കുന്നു. യൂണിവേഴ്‌സിറ്റിയിൽ അധ്യാപികയായിരുന്ന 97കാരി. സഹായിയായ വേലക്കാരി ക്വാറന്റൈനിൽ. മക്കൾക്ക് അമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല. കമ്യൂണിറ്റി വർക്കേഴ്‌സ് അവരെ മികച്ച രീതിയിൽ പരിചരിച്ചു. അവർ മക്കളോട് പറഞ്ഞു, ഇക്കാലത്തിനിടയിൽ എന്നെ ഇങ്ങിനെ ആരും നോക്കിയിട്ടില്ല. അവർ പ്രതിദിനം 1000 വാക്കുകൾ എഴുതിക്കൊണ്ടിരിക്കുന്നു. നീ സുരക്ഷിതയായി വീട്ടിലെത്തിയാൽ അടുത്ത ഒരു വർഷത്തേക്കുള്ള വീട്ടു ജോലി ഞാൻ ചെയ്യുമെന്ന് ആരോഗ്യ പ്രവർത്തകയുടെ ഭർത്താവ്- ഇക്കാര്യം സ്ഥിരീകരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്ന കമന്റുകൾ ഇന്റർനെറ്റ് ഫോറങ്ങളിൽ നിറയുന്നു. മാർച്ച് 19- ക്വാറന്റൈൻ 57-ാം ദിവസം. പുതിയ രോഗികൾ പൂജ്യമായി. പുറത്തു നിന്നു വന്ന ആരോഗ്യ പ്രവർത്തകർക്കും സൈനികർക്കും വോളണ്ടിയർമാർക്കും വിട.
എന്റെ വളർത്തു നായ ചെളിപിടിച്ചു. ജടകെട്ടി, അതിനു ത്വക്ക് രോഗം വന്നു. എന്റെ സഹായി വരാതെ വീട് നേരെയാക്കാൻ എനിക്ക് ഒറ്റക്കാവില്ല. ഇതിനിടെ വിദേശത്തു നിന്നു വന്ന ചൈനക്കാരെ ശപിക്കുന്നവരുടെ എണ്ണവും ഇന്റർനെറ്റിൽ കൂടി. അവർ രോഗവാഹകർ എന്ന് പറഞ്ഞ്. ലോകത്തെല്ലായിടത്തും ഈ പ്രശ്നവുമുണ്ടായി. ഇതിനിടെ അർബുദ രോഗികൾ ചികിത്സ കിട്ടാതെ മരിക്കുന്ന വാർത്തകൾ വർധിച്ചു. അതു പലരേയും വിഷാദത്തിലാഴ്ത്തി. പക്ഷെ ഫാങ് ഫാങ് ശുഭ പ്രതീക്ഷ കൈവിട്ടില്ല. അവരെഴുതി: കാട്ടുതീ ആളിപ്പടരുന്നു, പക്ഷെ വസന്തം വരും, കാറ്റ് വീശും. ജീവിതവും തിരിച്ചു വരും (മാർച്ച് 22- ലോക്ക്ഡൗൺ 60-ാം ദിവസം). ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോൾ അവർ വീടിനു പുറത്ത് ഒരു കുട്ടി ചിരിക്കുന്ന ശബ്ദം കേട്ടു. വളരെ നാളായി അങ്ങിനെയൊന്ന് കേട്ടിട്ട്. അതവർക്ക് ജീവിതത്തെ കൂടുതൽ പ്രതീക്ഷയോടെ നോക്കാനുള്ള ആത്മവിശ്വാസം പകർന്നു. മനോഹരമായ ഒരു യുദ്ധം താൻ പോരാടിക്കഴിഞ്ഞതായും അവർ എഴുതി അവസാനിപ്പിച്ചു.