എന്തുകൊണ്ടാണ് ജീവിതം ദുഷ്ക്കരമാക്കുന്ന ഒരാളെ നമ്മൾ വീണ്ടും വീണ്ടും നമ്മെ ഭരിക്കാൻ തെരഞ്ഞെടുക്കുന്നത് എന്ന പ്രശ്നം അവതരിപ്പിച്ചുകൊണ്ട്, ഒരിക്കൽ ഒരു യുവ എഴുത്തുകാരി, അതിനുള്ള ഉത്തരം അന്വേഷിച്ചത് നമ്മുടെതന്നെ ബന്ധങ്ങളിലും സാമൂഹിക യൂണിറ്റുകളിലും നിലനിൽക്കുന്ന പാട്രിയാർക്കിയുടെ രക്ഷകസ്വഭാവത്തിലായിരുന്നു, സമൂഹത്തിൽ അതിന്റെ സൂക്ഷ്മമായ പ്രവർത്തനങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു.
നമ്മൾ, യഥാർത്ഥത്തിൽ, ജനാധിപത്യം ശീലിക്കാൻ വിസമ്മതിക്കുന്ന, അല്ലെങ്കിൽ നിഷേധിക്കപ്പെട്ട ബന്ധങ്ങളിൽനിന്ന് വരുന്നവരാണ്- അവൾ പറഞ്ഞു. നമ്മൾ അധികപേരും, സാമൂഹികചിന്തകർക്കും രാഷ്ട്രീയചിന്തകർക്കും ഒപ്പം, ‘ലോകമെങ്ങും ഇപ്പോൾ കാണുന്ന വലതുപക്ഷ വ്യതിയാനം’ എന്ന ലളിതമായ ഉത്തരത്തിലേയ്ക്ക് ഇത്തരം അധികാര വ്യതിയാനങ്ങളെ ചുരുക്കിയെടുക്കാൻ അവൾ വിസമ്മതിച്ചു. കഴിഞ്ഞ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ഞങ്ങളുടെ ഈ സംഭാഷണം എന്ന് ഓർക്കുന്നു.
ഇപ്പോൾ ഞാനിത് വീണ്ടും ഓർത്തത് അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ രണ്ടാമത്തെ വിജയത്തെ മനസിലാക്കാൻ ശ്രമിക്കുമ്പോഴാണ്.
“ട്രംപ് വിൽ ഫിക്സ് ഇറ്റ്’ എന്നായിരുന്നു റിപ്പബ്ലിക്കൻ പാർട്ടിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. എല്ലാ രാവുകളിലും ആ മുദ്രാവാക്യം കണ്ണു തുളയ്ക്കുന്ന പ്രകാശത്തോടെ തിളങ്ങി. ടെലിവിഷൻ ലോകമെങ്ങും അത് ‘ലൈവ്’ ആയിത്തന്നെ കാണിച്ചുകൊണ്ടുമിരുന്നു. തീർച്ചയായും, ആ മുദ്രാവാക്യവും ആ വിജയത്തിനുവേണ്ടി വോട്ടു പിടിക്കാനിറങ്ങി.
രാഷ്ട്രീയത്തെ ‘ഇടത്’ എന്നും ‘വലത്’ എന്നും ‘മധ്യമ’മെന്നും മനസിലാക്കി അധികാരത്തെ വിലയിരുത്തുന്നതിൽ ഒരു തകരാറുണ്ട്. അതിൽ, നാം അറിയാതെത്തന്നെ പ്രവർത്തിക്കുന്ന ഒരു ‘ജ്ഞാന’മുണ്ട്: രാഷ്ട്രീയത്തെ അധികാരത്തിനൊപ്പമോ അല്ലെങ്കിൽ അതുതന്നെയോ ആയോ മനസിലാക്കുന്ന മായാവൃത്തിയാണത്. അഥവാ, രാഷ്ട്രീയത്തെ ഭരണകൂടത്തിന്റെ ആദ്യാവതാരമായാണ് ഇത് കാണുന്നത്. എന്നാൽ, സംഗതി മറിച്ചാണ്: ‘അധികാരം’, അതിന്റെ സമഗ്രശേഷികൊണ്ട്, രാഷ്ട്രീയത്തെത്തന്നെ നിർവീര്യമാക്കാൻ പോന്ന ഒരു സ്വേച്ഛാധിപത്യഘടനയാണ്. അതിൽ പാട്രിയാർക്കിയുടെ വിത്തും ഗുണവുമുണ്ട്. അതിന്റെ നിലനിൽപ്പ് ഒരിക്കൽ മാർക്സ് വിവേചിച്ചു മനസിലാക്കിയ ‘അന്യവൽക്കരണ’ത്തിൻറെ സങ്കീർണമായ രൂപ പരിണാമത്തിലാണ്. അങ്ങനെയൊരു രൂപപരിണാമം രാഷ്ട്രീയത്തെ കുറിച്ചുള്ള നമ്മുടെ ആലോചനാരൂപങ്ങളിലുമുണ്ട്. അവ നിരന്തരം പ്രവർത്തിക്കുന്നുമുണ്ട്.
രാഷ്ട്രീയം, അതിന്റെ പ്രാഥമികമായ ഉപയോഗത്തിൽ അധികാരാരോഹണമല്ല കാംക്ഷിയ്ക്കുന്നത്; മറിച്ച് അധികാരത്തെ നിർവചിക്കാനാണ്. ഫാഷിസത്തെയും ജനാധിപത്യത്തെയും നമ്മൾ വേർപെടുത്തി മനസിലാക്കുന്നതും അങ്ങനെയാണ്.
മറ്റു പല കോണുകളിൽനിന്നും അധികാരത്തെ മനസിലാക്കാമെങ്കിലും അവയിൽ വിവേകത്തോടെ ഇടപെടാൻ ഇപ്പോഴും പറ്റുന്നു എന്നതുകൊണ്ടാണ് രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളും ഇപ്പോഴും നമ്മുടെ വിഷയങ്ങളാവുന്നത്. രാഷ്ട്രീയം, അതിന്റെ പ്രാഥമികമായ ഉപയോഗത്തിൽ അധികാരാരോഹണമല്ല കാംക്ഷിയ്ക്കുന്നത്; മറിച്ച് അധികാരത്തെ നിർവചിക്കാനാണ്. ഫാഷിസത്തെയും ജനാധിപത്യത്തെയും നമ്മൾ വേർപെടുത്തി മനസിലാക്കുന്നതും അങ്ങനെയാണ്. എങ്കിൽ, അത്തരമൊരു അധികാര നിർവചനത്തിനുള്ള ശേഷി രാഷ്ട്രീയ പാർട്ടികൾക്കല്ല, അധികാരം സൂക്ഷ്മമായിത്തന്നെ ഇടപെടുന്ന സാമൂഹിക ബന്ധങ്ങൾക്കാണുള്ളത്. ഈയൊരു മുഹൂർത്തമാണ്, പക്ഷേ, നമ്മുടെ ചർച്ചകളിൽ പലപ്പോഴും നഷ്ടപ്പെടുന്നതും.
കഴിഞ്ഞ മുപ്പതു വർഷങ്ങൾക്കുള്ളിൽ, വെറുതെ ഒരതിര് വെച്ചു പറഞ്ഞാൽ, ‘ശീതയുദ്ധകാല’ത്തിനു ശേഷം, ലോകമെങ്ങുമുള്ള സിവിൽ സമൂഹങ്ങളിൽ അധികാരത്തെ നിർവചിക്കാനുള്ള ജയിച്ചതും പരാജയപ്പെട്ടതുമായ ഭരണകൂട വിമർശനങ്ങളിലും പ്രതിരോധങ്ങളിലും ഈ നിർവചനങ്ങൾക്കുള്ള ശ്രമങ്ങൾ കാണാം. മനുഷ്യസഞ്ചയങ്ങളുടെ ഇടപെടൽ എന്ന് പല രാഷ്ട്രീയ ചിന്തകരും ഇതിനെ വിലയിരുത്തി പരിശോധിച്ചിരുന്നു. ജനാധിപത്യത്തെ തെരഞ്ഞെടുപ്പുകളിൽനിന്നും ഭരണാധികാരികളിൽ നിന്നും മാറ്റിപ്പിടിച്ചുകൂടി മനസിലാക്കാൻ ഇത് നമ്മെ സഹായിക്കുന്നുമുണ്ട്.
എന്നാൽ, അത്തരം ഇടപെടലുകളെ അതിവേഗം മറവിയിലേക്കെറിഞ്ഞ് ‘പ്രച്ഛന്നമായ ജനാധിപത്യ വിജയങ്ങൾ’ വീണ്ടും വീണ്ടും ചരിത്രത്തെ പിടിച്ചുനിർത്തുന്നു. മോദിയും പുടിനും ട്രംപും തുടങ്ങി ഇപ്പോൾ കാണുന്ന വലതുപക്ഷ ഭരണാധികാരികളെ രാഷ്ട്രീയ സ്വേച്ഛാധിപതികൾ എന്നതിനേക്കാൾ നാം കാണേണ്ടത് സിവിൽസമൂഹത്തിന്റെ ജനാധിപത്യ ഇടപെടലിനെതിരേ നിൽക്കാൻ ആളും അർത്ഥവുംകൊണ്ട് പ്രാപ്തരായ ‘പുരുഷന്മാർ’ എന്ന നിലയ്ക്കുകൂടിയാണ്. ആ അർത്ഥത്തിൽ അവർ അധികാരത്തിന്റെ പാട്രിയാർക്കിക് രക്ഷകരാണ്. (ട്രംപ് മുതൽ, മോദി മുതൽ, പിണറായി വിജയൻവരെ ഈ രാഷ്ട്രീയത്തിന്റെ വലുതും ചെറുതും ഉടമകളാണ്.) ജനാധിപത്യത്തെ, സമൂഹത്തിൽ അതിന്റെ സാന്നിധ്യത്തെ, അവർ നൽകുന്നവരും വാങ്ങേണ്ടവരും എന്ന ഒരു വർത്തമാന സമസ്യയിലേക്ക് മാറ്റിക്കെട്ടുന്നു.
സത്യത്തിൽ, ഇടതും വലതും മധ്യമവും എന്ന് നാം വിലയിരുത്തുന്ന ഭരണകൂടം അധികാരത്തിന്റെ ഏറ്റവും യാഥാസ്ഥിതികമായ പാട്രിയാർക്കിക് ഘടനയിൽനിന്ന് ഏറെയൊന്നും മാറിയിട്ടില്ല.
ഇങ്ങനെ പറയാൻ ഒരു ചരിത്രകാരണമുണ്ട്. അത് അധികാരത്തെ സംബന്ധിച്ച ‘ലെനിനിസ്റ്റ്’ നിർവചനത്തെ വീണ്ടും സന്ദർശിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അധികാരത്തിലേക്കും ഭരണകൂട സ്ഥാപനത്തിലേക്കും നയിക്കാൻ ‘പാർട്ടി’യെ ‘വാൻഗാർഡ്’ ആയി കാണുന്ന രീതിയെ ഈ ദശകങ്ങളിൽനന്നായി ഉപയോഗിച്ചത് പുരുഷന്മാരായ നേതാക്കളാണ്. അവരുടെ ‘രാഷ്ട്രീയേതരമായ’ രാഷ്ട്രീയവും ഇടപെടലുമാണ്. ലോകമെങ്ങുമുള്ള അധികാര സങ്കൽപ്പത്തിൽ, ‘മുതലാളിത്ത’ത്തിലടക്കം ഈ വാൻഗാർഡ് രാഷ്ട്രീയത്തിന് ഇന്ന് മേൽക്കൈയുണ്ട്. ലെനിന്റെ പാർട്ടിസങ്കൽപ്പം തന്നെ, അതിന്റെ ഘടനതന്നെ പാട്രിയാർക്കിക്കലായ ഒന്നാണ്. അത് അധികാര കേന്ദ്രീകരണത്തിന്റെ മാത്രം പ്രശ്നമായിരുന്നില്ല. മറിച്ച്, ഒരു വിചാരരീതിയുടെ സംസ്കാരത്തെ കണിശമായി അടയാളപ്പെടുത്തുന്ന ഒന്നുകൂടിയാണ്. ലെനിന്റെ ഈ അധികാര സങ്കൽപ്പം തന്നെയാണ് നമ്മുടെ നിഷ്പക്ഷ ചർച്ചകളെയും ഇന്നും നയിക്കുന്നത്. അതുകൊണ്ടാണ്, വലിയൊരു പരിധി ചിന്തയുടെ ദുർവ്യയമാകുന്നത്. ചിലപ്പോൾ കാലഹരണപ്പെട്ട വർത്തമാനം പോലുമാകുന്നത്.
സത്യത്തിൽ, ഇടതും വലതും മധ്യമവും എന്ന് നാം വിലയിരുത്തുന്ന ഭരണകൂടം അധികാരത്തിന്റെ ഏറ്റവും യാഥാസ്ഥിതികമായ പാട്രിയാർക്കിക് ഘടനയിൽനിന്ന് ഏറെയൊന്നും മാറിയിട്ടില്ല. മാത്രമല്ല, അതിന്റെ പല വേർഷനുകളാണ് പുരോഗമനപരമെന്നു നാം മനസിലാക്കുന്ന പാര്ലിമെൻറ്റി ജനാധിപത്യത്തിലും പരിശീലിക്കുന്നത്. കാരണം; നമ്മൾ, മനുഷ്യർ, അധികാരത്തെ അതിന്റെ പ്രാഥമികമായ ഓർമ്മയിലും അറിവിലും അനുഭവത്തിലും വെച്ചാണ് ഇന്നും മനസിലാക്കുന്നത്.
മെച്ചപ്പെട്ട ഒരു സാമൂഹ്യവ്യവസ്ഥയായി ജനാധിപത്യത്തെ മനസിലാക്കുമ്പോൾത്തന്നെ അതിന്റെ ആന്തരികമായ ക്ഷീണം മുമ്പു പറഞ്ഞ നമ്മുടെ ഈ ഓർമ്മയിലും അറിവിലും അനുഭവത്തിലും അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് എന്റെ യുവ എഴുത്തുകാരി പറഞ്ഞതുപോലെ, ഇപ്പോഴും നമ്മൾ നമ്മെ വേദനിപ്പിയ്ക്കുന്നവരെ വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്നത്. ബന്ധങ്ങളുടെ തത്വചിന്ത എന്ന രീതിയിൽ ജനാധിപത്യത്തെ പുനസന്ദർശിക്കാൻ അപ്രാപ്തമായ ഒരു രാഷ്ട്രീയ ഘടന ഇന്ന് രാഷ്ട്രീയപാർട്ടികൾക്കുണ്ട്. അത്തരമൊരു രാഷ്ട്രീയചിന്താരീതി നമ്മളിൽ ഏറെ പേർക്കുമുണ്ട്. അതുകൊണ്ടാണ് മോദിയുടെ രണ്ടാം വരവും ട്രംപിന്റെ രണ്ടാം വരവും വലതുവ്യതിയാനം എന്നതിനെക്കാൾ സങ്കീർണ്ണമായ ഒരു രാഷ്ട്രീയ പ്രശ്നമാകുന്നത്, ജനാധിപത്യത്തെ കുറിച്ചും അധികാരത്തെ കുറിച്ചും പഴയ സമവാക്യങ്ങളും ഉത്തരങ്ങളും പോരാതെ വരുന്നത്.