ജപ്പാൻ ഒറ്റക്കെട്ട്, വൈറസിന് മുന്നിലും

ആണവ ദുരന്തങ്ങളും പ്രകൃതിദുരന്തങ്ങളും നിരന്തരം നേരിട്ടിട്ടുള്ളവരാണ് ജപ്പാൻ ജനത. ഓരോ ദുരന്തത്തിനു ശേഷവും അസാമാന്യ കരുത്തോടെ ജപ്പാൻ എഴുന്നേറ്റ് നിന്നിട്ടുമുണ്ട്. ഇപ്പോൾ കൊറോണ വൈറസിന്റെ കാലമാണ്. ചൈനയ്ക്ക് പുറത്ത് ആദ്യം കൊറോണ കേസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലൊന്നുകൂടിയാണ് കൂടിയാണ് ജപ്പാൻ . ജനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുള്ള സർക്കാറിന്റെ സിസ്റ്റമാറ്റിക്കായ പ്രവർത്തനങ്ങളിലൂടെ കോവിഡ് വ്യാപനത്തെ നിയന്ത്രിച്ച് നിർത്താൻ ജപ്പാന് സാധിച്ചിട്ടുണ്ട്. പതിമൂന്ന് വർഷമായി ടോക്യോയിൽ താമസിക്കുന്ന, ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന നസീ മേലേതിൽ എഴുതുന്നു.

ലോകത്തിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ ഏരിയയായ ഗ്രെയ്റ്റർ ടോക്യോയിൽ ഒരു ദിവസം നാലു കോടിയിലധികം ആളുകൾ പൊതുഗതാഗത സംവിധാനമായ മെട്രോ ട്രെയിനുകളെ ആശ്രയിക്കുന്നുണ്ട്. ജലദോഷം വന്നാൽ സ്‌കൂൾ കുട്ടികളുൾപ്പെടെ എല്ലാവരും മാസ്‌കിടുന്നതും, ഇടയ്ക്കിടെ കൈകൾ കഴുകുന്നതും, പരസ്പരം തലകുനിച്ച് അഭിവാദ്യം ചെയ്യുന്നതുമെല്ലാം ജാപ്പനീസ് സംസ്‌കാരത്തിന്റെ ഭാഗമാണ്. സ്‌കൂളുകളിൽ ചെറുപ്പം തൊട്ടേ കുട്ടികൾ ക്ലാസ് റൂമും പരിസരവും എല്ലാ ദിവസവും വൃത്തിയാക്കുന്നതും, ഓഫീസുകളിൽ സ്വന്തം ഡെസ്‌കും കസേരയും ജീവനക്കാർവൃത്തിയാക്കുന്നതുമൊക്കെ ജപ്പാനിലെ ജീവിതരീതിയാണ്. പതിമൂന്നോളം കോടി ജനങ്ങളിൽ 30 ശതമാനം പേരും 65 വയസ്സിൽ കൂടുതലുള്ളവരാണ്.

ജപ്പാനിൽ ഒരു കോവിഡ്-19 അഥവാ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് ജനുവരി 16-നായിരുന്നു, വുഹാനിൽ നിന്നും മടങ്ങി വന്ന ഒരു ജാപ്പനീസ് പൗരന്. പൊതുവെ ഫ്ലൂ പോലുള്ള പകർച്ചപ്പനികളുടെ കാലമായിരുന്നത് കൊണ്ടും, ജൂലൈയിൽ 2020 ഒളിംപിക്സ് നടത്താനുള്ള തയാറെടുപ്പുകൾ പുരോഗമിയ്ക്കുന്നതിനാലും ഒട്ടു മിക്ക ഓഫീസുകളിലും സ്‌കൂളുകളിലും കടകളിലുമൊക്കെ മുൻകരുതലുകൾ ഒന്നുകൂടി ശക്തമാക്കിയിരുന്നു. പക്ഷെ 27 ലക്ഷത്തോളം വിദേശ ടൂറിസ്റ്റുകളും ക്രൂയിസ് -വിമാനയാത്രികരും ഒക്കെ പതിവ് പോലെ ഉണ്ടായിരുന്നത് കൊണ്ട് അവിടവിടെ ക്ലസ്റ്ററുകൾ രൂപം കൊള്ളുകയുണ്ടായി. ജനുവരി 26-ഓടെ വുഹാനിൽ നിന്ന് 200-ലധികം പൗരന്മാരെ ജപ്പാൻ ഇവാക്വേറ്റ് ചെയ്തു. ജനുവരി അവസാനത്തോടെ മൊത്തം 17 കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി .

ഫെബ്രുവരി ആദ്യത്തോടെയാണ് വിമാനത്താവളങ്ങളിൽ ചൈനയിലെ വുഹാനിൽ നിന്നോ ഹ്യുബേ സംസ്ഥാനത്തു നിന്നോ വരുന്ന സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. കൂടാതെ യാത്രികരിൽ നിന്നും ചൈന സന്ദർശിച്ചിരുന്നുവോ എന്ന ക്വാറന്റൈൻ ഫോമുകൾ സ്വീകരിക്കാനും തുടങ്ങി. എങ്കിലും കർശനമായ ക്വാറന്റൈൻ നിർദ്ദേശങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഫെബ്രുവരി-നാലിനാണ് 3712 അംഗങ്ങളുണ്ടായിരുന്ന ഡയമണ്ട് പ്രിൻസസ് എന്ന ബ്രിട്ടീഷ് ആഡംബരകപ്പൽ യോക്കോഹാമ പോർട്ടിൽ ക്വാറന്റൈൻ ചെയ്യപ്പെട്ടത്. അതിനു ശേഷം ഫെബ്രുവരി-13 ന് ആദ്യത്തെ കോവിഡ് മരണം ജപ്പാനിൽ റിപ്പോർട്ട് ചെയ്തു. 80-തിലധികം പ്രായമുള്ള ഒരു സ്ത്രീയായിരുന്നു അത്. ഫെബ്രുവരി ഒന്നിന് 20 കേസുകൾ മാത്രമുണ്ടായിരുന്നിടത്ത് ഫെബ്രുവരി അവസാനത്തോടെ 239 കോവിഡ് -19 കേസുകളും 5 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മരിച്ച മിക്കവരും 80 നു മുകളിൽ പ്രായമുള്ളവരായിരുന്നു.

ഫെബ്രുവരി ആദ്യം തൊട്ട് തന്നെ തിരക്കില്ലാത്ത സമയങ്ങളിൽ യാത്ര ചെയ്യാവുന്ന ഷിഫ്റ്റ് വർക്ക്, വർക്ക് ഫ്രം ഹോം തുടങ്ങിയവയൊക്കെ ചില ഓഫീസുകളിലെങ്കിലും പ്രഖ്യാപിച്ചു. ഫെബ്രുവരി പകുതിയോടെ ദിവസേനയുള്ള വാർത്തകളിൽ മെഡിക്കൽ രംഗത്തെ 10 വിദഗ്ധരിൽ ഒരാൾ, ഗവർണർമാർ, പ്രധാനമന്ത്രി മുതലായവർ അതീവ ജാഗ്രതയായി ഇരിക്കേണ്ടതിന്റെ ആവശ്യകതയും രോഗവ്യാപന ആശങ്കയും പങ്കുവെച്ച് കൊണ്ടേയിരുന്നു. ഒരു ലക്ഷണങ്ങളുമില്ലാത്ത ഒരു പാട് ആളുകൾ രോഗവാഹകരായി ചുറ്റുപാടുമുണ്ടാകാമെന്ന് ഓർമിപ്പിച്ചുകൊണ്ടിരുന്നു.
ഓരോരുത്തരും ശ്രദ്ധിക്കേണ്ട 'വായു സഞ്ചാരമില്ലാത്ത അടച്ചിട്ട ഇടങ്ങൾ ഒഴിവാക്കുക, തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കുക, സാമൂഹിക അകലം സൂക്ഷിക്കുക ' എന്നീ മൂന്ന് കാര്യങ്ങളും മാസ്‌കിടുന്നതും കൈ കഴുകുന്നതും ഒരു പരിധി വരെ രോഗ വ്യാപനത്തിൽ നിന്നും രക്ഷിക്കുമെന്നതും നിത്യേന വാർത്തകളിലുൾപ്പടെ ഊന്നിപ്പറഞ്ഞു. 1000 പേർക്ക് 13.4 എന്ന തോതിൽ ഹോസ്പിറ്റൽ ബെഡുകളും ലോകോത്തര മെഡിക്കൽ സംവിധാനങ്ങളും ഉണ്ടെങ്കിലും ഒരു ചെറിയ സമയത്ത് ഒരു പരിധിയിൽ കൂടുതൽ രോഗികൾ വന്നാൽ ഹെൽത്ത് സിസ്റ്റം തകർന്നടിയുമെന്നും അതിനാൽ തന്നെ മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത രോഗികൾക്ക് 4 ദിവസങ്ങൾക്ക് ശേഷവും, മറ്റു രോഗങ്ങളുള്ളവർക്കും മുതിർന്ന പൗരൻമാർക്കും ഗർഭിണികൾക്കും കുട്ടികൾക്കും ലക്ഷണങ്ങൾ തുടങ്ങി രണ്ടു ദിവസത്തിന് ശേഷവും മാത്രം കോവിഡ് സ്പെഷ്യലിറ്റി ആശുപത്രികളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന വിജ്ഞാനപനവും വ്യാപകമായി പൊതു മാധ്യമങ്ങളിൽ വിവിധ ഭാഷകളിൽ പങ്കുവെച്ചു. എന്നാൽ ശ്വാസസംബന്ധമായി എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും എമർജൻസിയിൽ വിളിച്ചു പെട്ടെന്ന് തന്നെ പ്രവേശനം നേടണമെന്നും അറിയിപ്പുണ്ടായി. ഇത്തരത്തിൽ പ്രത്യേക കോവിഡ് സ്പെഷ്യാലിറ്റി ആശുപത്രി എന്ന സമീപനവും, ആശുപത്രികളിൽ പനിയുള്ള എല്ലാ രോഗികൾക്കും നേരിട്ടുള്ള പ്രവേശനത്തിനേർപ്പെടുത്തിയ കർശന നിയന്ത്രണവും, മറ്റു ജി -7 രാജ്യങ്ങളെ അപേക്ഷിച്ച് നാല് മടങ്ങ് CAT സ്‌കാനറുകളുടെ ലഭ്യതയും അതുവഴി ന്യൂമോണിയ ലക്ഷണങ്ങൾ നേരത്തെ കണ്ടുപിടിച്ചു ചികിത്സിച്ചതും മരണനിരക്ക് കുറക്കുന്നതിൽ വലിയ പങ്കു വഹിച്ചതായി ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ സീനിയർ ഡോക്ടറായ എന്റെ ഏറ്റവുമടുത്ത ഒരു ജാപ്പനീസ് സുഹൃത്ത് പറയുകയുണ്ടായി.

ഫെബ്രുവരി 27 ന് പ്രധാനമന്ത്രി ജപ്പാനിലെ എല്ലാ സ്‌കൂളുകൾക്കും ഏപ്രിൽ ആദ്യത്തെയാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അതോടെ കുട്ടികളുള്ള മാതാപിതാക്കളിൽ ഒരാളെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങി, ട്രെയിനുകളിലെ തിരക്ക് 35-40 ശതമാനം വരെ കുറഞ്ഞു. അതിനിടെ വിവിധ രാജ്യങ്ങളിലെ പൗരന്മാരായ ഡയമണ്ട് പ്രിൻസസ് കപ്പലിലെ 3712 പേരിൽ എഴുന്നൂറിലധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

ടോക്യോ ഗവർണർ കൊയ്‌ക്കെ / Photo: NHK

ആകെ രോഗികൾ 350 ആയി സ്ഥിരീകരിക്കപ്പെട്ട മാർച്ച് അഞ്ചിനാണ് ചൈനയിൽ നിന്നും കൊറിയയിൽ നിന്നുമുള്ള എല്ലാ യാത്രക്കാർക്കും ജപ്പാൻ ക്വാറന്റൈൻ നിർബന്ധിതമാക്കിയത്. മാർച്ച് 16 ഓടെ സ്പെയിൻ, ഇറ്റലി, സ്വിറ്റ്സർലൻഡ് മുതലായ രാജ്യങ്ങളുടെ ചില പ്രദേശങ്ങളിൽ നിന്നും ഐസ്‌ലൻഡിൽ നിന്നുമുള്ള യാത്രക്കാർക്കും പ്രവേശന നിയന്ത്രണം നടപ്പിലാക്കി. മാർച്ച് അവസാനത്തെയാഴ്ചയും ഏപ്രിൽ ആദ്യത്തെയാഴ്ചയും കടകളും, ട്രെയിൻ-ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളും തുറന്നിരിക്കുമെങ്കിലും ആളുകളോട് കഴിയുന്നത്ര വീടുകളിൽ ഇരിക്കാൻ ടോക്യോ ഗവർണർ കൊയിക്കെ അഭ്യർത്ഥിച്ചു. ചെറി ബ്ലോസ്സം എന്ന സാകുറ പൂക്കുന്ന കാലമായിട്ടും 80 ശതമാനത്തിലധികം ആളുകൾ വീട്ടിലിരുന്നതായി കണക്കുകൾ തെളിയിച്ചു. മാർച്ച് അവസാനത്തോടെ 2178 കേസുകളും 57 മരണങ്ങളും രേഖപ്പെടുത്തി. ഇനിയും എമർജൻസി പ്രഖ്യാപിച്ചില്ലെങ്കിൽ നേരിടേണ്ടി വരാവുന്ന പരിണതഫലങ്ങളെ കുറിച്ചു വിവിധ മേഖലകളിലെ വിദഗ്ധർ ഊന്നി പറഞ്ഞു.

ഏപ്രില് മൂന്നിന് 73 രാജ്യങ്ങളിലേക്ക് കൂടി പ്രവേശന വിലക്ക് വ്യാപിപ്പിച്ചു. മിക്ക സംസ്ഥാനങ്ങളിലും സ്‌കൂൾ തുറക്കുന്നത് ഒരു മാസം കൂടി നീട്ടി. ഏപ്രിൽ ആറിന് ടോക്യോ, കനഗാവ, സൈതാമ, ചിബ, ഒസാക്ക, ഹ്യോഗോ, ഫുക്കുഓക്ക എന്നീ ഏഴു സംസ്ഥാനങ്ങളിൽ മെയ് ആറു വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒന്നര കോടി ജനങ്ങൾ താമസിക്കുന്ന ടോക്യോ സ്റ്റേറ്റിൽ മാത്രം ഇപ്പോൾ 2500 ഓളം കോവിഡ് കേസുകൾ ഉണ്ട്. തീവ്രതയില്ലാത്ത രോഗലക്ഷങ്ങളുള്ളവരെ ഹോട്ടലുകളിലേക്കും മറ്റു മെഡിക്കൽ ഫെസിലിറ്റികളിലേയ്ക്കും മാറ്റി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു മാത്രമായി വെന്റിലേറ്ററുകളും മറ്റു സൗകര്യങ്ങളും നീക്കി വെച്ചിരിക്കുകയാണ് അധികൃതർ. ആരോഗ്യമേഖല, പൊലീസ്, ഇവരുടെ കുട്ടികളെ നോക്കാനുള്ള ഡേ കെയർ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവയെല്ലാം മുടക്കം കൂടാതെ പ്രവർത്തിക്കുന്നുണ്ട്. ഹോട്ടൽ-ബാറുകൾ തുടങ്ങിയവ രാത്രി 7 മണി വരെയും തുറന്നു പ്രവർത്തിക്കാം. ഇവിടെ ആകെ ഒരു ലക്ഷത്തിലധികം ആളുകളെ ടെസ്റ്റ് ചെയ്തതിൽ 8500 ഓളം കോവിഡ് കേസുകളിൽ 3000 ത്തോളം പേർക്ക് യാതൊരു ലക്ഷണങ്ങളും ഇല്ലത്രെ, ഭേദമായവർ -1000 , വെന്റിലേറ്ററുകളിൽ -193 രോഗികൾ, മരണങ്ങൾ -136 ഇങ്ങനെയാണ് ഇപ്പോഴത്തെ സ്റ്റാറ്റസ്. ഏപ്രിൽ 16-ന് ബാക്കിയുള്ള 42 സംസ്ഥാനങ്ങളിലേക്ക് കൂടി ലോക്ഡൗൺ വ്യാപിപ്പിച്ച് രാജ്യം മുഴുവൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഏപ്രിൽ 16 വരെയുള്ള ടോക്യോ സംസ്ഥാനത്തെ കോവിഡ് കേസുകൾ (Reference: NHK)

കോവിഡ് നിയന്ത്രണത്തിനായി ഫെബ്രുവരിയിൽ തന്നെ രാജ്യമെമ്പാടുമുള്ള 10 അംഗ മെഡിക്കൽ-ലീഗൽ വിദഗ്ധരെ കൂട്ടിച്ചേർത്ത് കോവിഡ് അഡ്വൈസറി ബോർഡ് രൂപീകരിക്കുകയും, അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനായി പ്രത്യേക നിയമ നിർമ്മാണം നടത്തുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അവശ്യസൗകര്യങ്ങളായ മെഡിക്കൽ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, ബാങ്കുകൾ മുതലായവ തുറന്നിട്ടിട്ടുണ്ട്. ബസും ട്രെയിനും ഉൾപ്പടെയുള്ള ഗതാഗത സംവിധാനങ്ങളും തുറന്നു പ്രവർത്തിക്കും. കോവിഡ് വ്യാപനം തടയാനായി എല്ലാവരും സഹകരിക്കണം എന്ന് വിവിധ ഭാഷകളിൽ അനൗൺസ് ചെയ്തൊരു വാൻ ദിവസവും മൂന്നു പ്രാവശ്യം പോകുന്നുണ്ട്. കുട്ടികളും മുതിർന്നവരുമുൾപ്പെടെ സ്വദേശി -വിദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു ലക്ഷം ജാപ്പനീസ് യെൻ അഥവാ എഴുപത്തിനായിരത്തോളം രൂപ സാമ്പത്തിക സഹായമായി നൽകും. ചെറുകിട - മീഡിയം വ്യവസായങ്ങൾക്ക്, കച്ചവടക്കാർക്ക്, കുട്ടികളുള്ള കുടുംബങ്ങൾക്ക് എല്ലാം പ്രത്യേക സാമ്പത്തിക സഹായം നൽകുന്നതിനായി 75 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ ഓരോ സംസ്ഥാന ഗവൺമെന്റും പ്രാദേശികമായി സാമ്പത്തിക പാക്കേജുകളും, ബാങ്കുകൾ പ്രത്യേക ലോണുകളും, വിദ്യാർത്ഥി സ്‌കോളർഷിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിസ കാലാവധി, നികുതിയടപ്പ് കാലാവധി മുതലായവ നീട്ടിക്കൊടുക്കൽ, സൗജന്യ താമസ സൗകര്യങ്ങൾ എന്നിവയും ലഭ്യമാണ്. ടൊയോട്ട ഉൾപ്പടെയുള്ള വമ്പൻ കമ്പനികൾ ഫാക്ടറികളിൽ പ്രൊഡക്ഷൻ നിർത്തി വെച്ചു മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്നുണ്ട്.

ആർക്കും ഭക്ഷണമോ അവശ്യ സാധനങ്ങളോ കിട്ടാതിരിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്നും ആറു മാസത്തേക്കെങ്കിലുമുള്ള കരുതൽ ശേഖരം ഉണ്ടെന്നും ഭക്ഷ്യ-കാർഷിക മന്ത്രി ഫെബ്രുവരിയിലേ പറഞ്ഞിരുന്നു. പ്രൊഡക്ഷൻ സ്വരാജ്യത്തേക്ക് തിരിച്ചു കൊണ്ട് വരുന്നതിനായി ഇരുപതിനായിരം കോടി രൂപ വ്യവസായങ്ങൾക്കായി സഹായ ധനം പ്രഖ്യാപിച്ചു. സമ്പർക്കം കുറച്ച് ജനങ്ങൾ സാമൂഹിക അകലം പാലിച്ചാൽ എഴുപതോ എൺപതോ ശതമാനം വൈറസിന്റെ വ്യാപനം തടയാനാവുമെന്നും അല്ലെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ 80,000 തിലധികം കേസുകളിലേക്ക് ഉയരുമെന്നും പ്രധാനമന്ത്രി ജനങ്ങളെ ആഴ്ചയിലൊരിക്കലെങ്കിലും ഓർമ്മിപ്പിക്കുന്നുണ്ട്. ജാപ്പനീസ് ചരിത്രത്തിലെ ആദ്യത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപനം വന്ന് ഒരാഴ്ചക്കുള്ളിൽ മുൻ വർഷത്തേക്കാൾ മെട്രോ ട്രെയിനുകളിൽ 80 % ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തി. ഇപ്പോഴും ദിവസേന ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സ്വന്തം പൗരന്മാരെ തിരിച്ചു കൊണ്ട് വരുന്നുമുണ്ട് ജപ്പാൻ.

ഒളിംപിക്സുമായി ബന്ധപ്പെട്ട് ചെറിയൊരു താമസം വന്നുവെന്ന ആരോപണങ്ങൾക്കിടയിലും, എല്ലാം വിദഗ്ധ സമിതിയുടെ ശുപാർശക്കനുസരിച്ചാണ് ചെയ്തതെന്ന് ഗവൺമെന്റ് ഊന്നിപ്പറയുന്നുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ മറ്റൊരു ന്യൂയോർക്കായി മാറിയേക്കാവുന്ന ടോക്യോയുടെ ചിത്രം പല തവണ കാണിച്ചു തരുന്നുണ്ട് വാർത്തകളിൽ. സാമ്പത്തിക മാന്ദ്യത്തിന്റെ, കോവിഡ് 19 ഭീഷണിയുടെ നിഴലിൽ നിന്ന് മറ്റു രാജ്യങ്ങളെ പോലെ ജപ്പാനും രോഗവ്യാപനം തടയാനുള്ള തീവ്രശ്രമത്തിലാണ്.

ലോക മഹായുദ്ധം, ആണവ ദുരന്തം എന്നിവ കൂടാതെ ഭൂമികുലുക്കങ്ങളും കൊടുങ്കാറ്റുകളുമുൾപ്പടെയുള്ള പ്രകൃതി ദുരന്തങ്ങളും ജപ്പാനിൽ അപൂർവമല്ല. ദുരന്ത നിവാരണത്തിനായി പ്രത്യേകം നിയമങ്ങളും , ക്യാബിനറ്റ് ബ്യൂറോയും നിലവിലുണ്ട്. തയ്യാറെടുപ്പ് (Preparedness), പ്രതികരണം (Response), വീണ്ടെടുക്കൽ (Recovery) പുനർനിർമ്മാണം (Reconstruction) എന്നിവ ഉൾപ്പെടെ ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ നടപടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്തിനകത്തെയും പുറത്തെയും അനുഭവങ്ങളും അറിവും ക്രോഡീകരിക്കുന്നത് തൊട്ട് പുനർനിർമ്മാണം വരെ ജനപങ്കാളിത്തത്തോടെ കൂട്ടുത്തരവാദിത്തമായി നടപ്പിലാക്കുന്നു.
ലോകത്തിലെ ഏറ്റവും തിരക്ക് കൂടിയ, ഒരു സമയം 2500 പേര് ഒരുമിച്ചു മുറിച്ചു കടക്കുന്ന, ഷിബുയയിലെ ഹാച്ചിക്കോ ക്രോസിങ് ആളൊഴിഞ്ഞതു ലൈവ് ക്യാമറയിൽ കണ്ടത് അൽപ്പം മുന്നെയാണ്. ഓരോ ദുരന്തങ്ങളിലും ജനങ്ങളുടെ ഉത്തരവാദിത്തവും സഹകരണവും കണ്ടു അതിശയപ്പെട്ടിട്ടേയുള്ളു. അതും യാതൊരു പൊലീസ് നിയന്ത്രണവുമില്ലാതെ. 80 ശതമാനം സമ്പർക്കം ഓരോരുത്തരും കുറച്ചാൽ കോവിഡിനെ കെട്ടുകെട്ടിക്കാമെന്ന് പറയുന്ന വിദഗ്ധരും സർക്കാരും , പുറത്തിറങ്ങാതെ അത് അനുസരിക്കണമെന്ന് ഊന്നിപ്പറയുന്ന പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന എന്റെ കുട്ടികൾ മുതൽ ഫോണിൽ എല്ലാ രണ്ടു ദിവസത്തിലും ഓർമ്മിപ്പിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട 85 വയസ്സുകാരി അമ്മൂമ്മ സായ്ത ഫുമിക്കോ വരെ. ഏതു ദുരന്തത്തിൽ നിന്നും കര കയറാനുള്ള ചങ്കുറപ്പുള്ള പൊതുവെ ഒരു ദിവസം പോലും ലീവെടുക്കാത്ത, ഒരു മിനിട്ടു പോലും വൈകി വരാത്ത കഠിനാദ്ധ്വാനികളായ ജനങ്ങളായിരിക്കും വരും നാളുകളിൽ ജപ്പാനിലെ കോവിഡ് വ്യാപനത്തിന്റെ ഭാവി രേഖപ്പെടുത്തുക. ലോകം മുഴുവൻ മഹാമാരികളൊഴിഞ്ഞ നല്ല കാലം വരട്ടെ!

Comments