ഇറാനിൽ നിലവിലെ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം ശക്തി പ്രാപിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ഭരണത്തിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്ന് തുടങ്ങിയത്. 12 ദിവസങ്ങളിലായി തുടരുന്ന പ്രക്ഷോഭത്തിനിടയിൽ ഇതിനോടകം 45 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ എട്ട് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭം അടിച്ചമർത്തുന്നതിനായി രാജ്യത്ത് ഇൻറർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഭരണവിരുദ്ധ ക്യാമ്പെയിനുകൾക്ക് തടയിടാനാണ് നീക്കം. ടെഹ്‌റാൻ ബസാർ, ഇസ്ഫഹാൻ, അബാദാൻ, കെർമാൻഷാ തുടങ്ങിയ ഇറാനിയൻ നഗരങ്ങളിലേക്കെല്ലാം പ്രക്ഷോഭം വ്യാപിച്ചിട്ടുണ്ട്.
കുർദ് രാഷ്ട്രീയ സംഘടനകൾ പ്രതിഷേധത്തിൻെറ മുന്നണിയിലുണ്ട്. 1979-ൽ ഇറാനിൽ നടന്ന വിപ്ലവത്തിൻെറ ഭാഗമായി നാടുകടത്തപ്പെട്ട അന്നത്തെ ഭരണാധികാരി ഷായുടെ മകൻ റേസ പഹ്ലവിയാണ് ഇപ്പോൾ പ്രതിഷേധത്തിന് ആഹ്വാനം നൽകി മുന്നിൽ നിൽക്കുന്ന നേതാവ്. യുവാക്കൾ ഖമനേയി ഭരണകൂടത്തിനെതിരെ രംഗത്തിറങ്ങണമെന്ന് റേസ പഹ്ലവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇറാനിൽ വിലക്കയറ്റം രൂക്ഷമാവുകയും അവശ്യവസ്തുക്കളുടെയും മരുന്നുകളുടെയുമൊക്കെ വില കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്. ഇറാൻ കറൻസിയുടെ മൂല്യം ഇടിഞ്ഞതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇതിനെതിരെയാണ് ജനങ്ങളെ അണിനിരത്തി രാജകുടുംബത്തിൻെറ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുന്നത്. “ഏകാധിപത്യം അവസാനിക്കും… പഹ്ലവി ഭരണം തിരികെവരും,” തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രക്ഷോഭകാരികൾ ഉയർത്തുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോൾ നടക്കുന്നത്. പ്രതിഷേധം അക്രമാസക്തമാവരുതെന്ന് ഇറാനിയൻ പ്രസിഡൻറ് മസൂദ് പെഷ്കിയൻ അഭ്യർത്ഥിച്ചിട്ടുണ്ട്. സമരക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും സമാധാനപരമായ പ്രശ്നപരിഹാരത്തിനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഭരണകൂടത്തിൻെറ നയങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാൻെറ ആണവപരീക്ഷണൾക്കെതിരെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇസ്രായേലും ഇറാനും തമ്മിൽ കഴിഞ്ഞ വർഷം നേരിട്ട് ഏറ്റുമുട്ടലുകളും നടന്നിരുന്നു. ഉപരോധങ്ങളും സൈനികനടപടികൾക്ക് വേണ്ടിവന്ന ചെലവുകളുമൊക്കെയാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് ഭരണകൂടം വിശദീകരിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനായി സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പെഷ്കിയൻ പറഞ്ഞു.
ഇതിനിടെ, ഇറാനിലെ നിലവിലെ പ്രതിസന്ധി ഉപയോഗപ്പെടുത്താൻ അമേരിക്കയും ശ്രമം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയുമായി കടുത്ത ശത്രുത പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. ആണവപരീക്ഷണങ്ങളാണ് അമേരിക്കയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നത്. ഇതിനെതിരെ ഏറെക്കാലമായി വലിയ എതിർപ്പുകളും ഭീഷണികളും അമേരിക്ക ഉയർത്തുന്നുണ്ട്. നിലവിൽ ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെ ട്രംപ് അപലപിച്ചിട്ടുണ്ട്. പ്രക്ഷോഭകാരികൾക്കെതിരെ കടുത്ത നടപടികളുണ്ടായാൽ ഇറാൻ വലിയ പ്രത്യാഘാതങ്ങൾ നൽകേണ്ടി വരുമെന്നാണ് ട്രംപിൻെറ മുന്നറിയിപ്പ്. വെനസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും രാജ്യത്ത് കടന്നുകയറി ട്രംപിൻെറ നിർദ്ദേശപ്രകാരം അമേരിക്കൻ സൈന്യം കടത്തിക്കൊണ്ടു പോയിട്ട് ദിവസങ്ങളേ ആവുന്നുള്ളൂ. അതിനിടയിലാണ് തങ്ങൾക്ക് വലിയ തലവേദനയാവുന്ന മറ്റൊരു രാജ്യത്തെ പ്രതിഷേധം ആളിക്കത്തിക്കാനുള്ള അവസരം ഉപയോഗപ്പെടുത്താൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നത്.
