നേപ്പാൾ സർക്കാരിനെ താഴെയിറക്കി Gen Z പ്രക്ഷോഭം; പ്രധാനമന്ത്രി ശർമ ഒലി രാജിവെച്ചു

യുവാക്കളുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി തുടരുന്ന പ്രതിഷേധം നേപ്പാളിലെ കെ.പി. ശർമ ഒലി സർക്കാരിനെ രാജി വെപ്പിച്ചിരിക്കുകയാണ്. രണ്ടാം ദിവസവും അക്രമാസക്തമായ പ്രക്ഷോഭമാണ് നേപ്പാളിൽ തുടരുന്നത്. ഇതുവരെ 25 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.

News Desk

നേപ്പാളിൽ അലയടിച്ച ജെൻ സി പ്രക്ഷോഭത്തിനൊടുവിൽ രാജി വെച്ചൊഴിഞ്ഞ് പ്രധാനമന്തി കെ.പി. ശർമ ഒലി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ചതിനെ തുടർന്ന് യുവാക്കൾ തെരുവിലിറങ്ങി നടത്തിയ കടുത്ത പ്രതിഷേധമാണ് രാജ്യത്തെ സർക്കാരിനെ തന്നെ താഴെയിറക്കിയിരിക്കുന്നത്. ശർമ, മാത്രല്ല മുഴുവൻ മന്ത്രിമാരും രാജിവെച്ചിട്ടുണ്ട്. പ്രക്ഷോഭകാരികളെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിച്ചത്. കഴിഞ്ഞ ഒരൊറ്റ ദിവസം മാത്രം 19 പേരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച തന്നെ നേപ്പാൾ ആഭ്യന്തരമന്ത്രി രമേഷ് ലേഖക് രാജിവെക്കുകയും സോഷ്യൽ മീഡിയ സൈറ്റുകൾക്കുള്ള നിരോധനം പിൻവലിക്കുകയും ചെയ്തിരുന്നു. ഇതോടെ സൈന്യം നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. ഇതോടെ സ്കൂൾ വിദ്യാർത്ഥികളടക്കമുള്ള യുവാക്കളുടെ നേതൃത്വത്തിൽ ജനം വീണ്ടും തെരുവിലിറങ്ങി.

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ പാർലമെൻറിന് നേർക്കും മന്ത്രിമാരുടെ വസതികൾക്ക് നേർക്കുമൊക്കെ പ്രക്ഷോഭകാരികൾ ആക്രമണം നടത്തി. പട്ടാളത്തെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ശർമ ഒലി രാജിവെച്ചത്. സർക്കാരിൻെറയും മന്ത്രിമാരുടെയും അഴിമതി മറച്ചുവെക്കാനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ചതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു. മന്ത്രിമാരും ഭരണകൂടവും നടത്തിയ അഴിമതികൾ, സ്വജനപക്ഷപാതം, സ്വന്തക്കാർക്കും ബന്ധുക്കൾക്കും വഴിവിട്ട് സഹായം നൽകൽ തുടങ്ങിയ നിരവധി ആരോപണങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു. ഇത് മറച്ചുവെക്കാനാണ് സോഷ്യൽ മീഡിയ നിരോധനമുണ്ടായതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു.

സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചതിന് ശേഷവും പ്രതിഷേധം തുടന്ന യുവാക്കൾ പ്രധാനമായും ആവശ്യപ്പെട്ടത് ശർമ ഒലിയുടെ രാജിയായിരുന്നു. അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. രണ്ട് ദിവസമായി നേപ്പാളിൽ നടക്കുന്ന പ്രക്ഷോഭത്തിനിടെ ആകെ 25 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നൂറുകണക്കിന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നതിനിടെ മന്ത്രിമാരെയും മറ്റും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് സൈന്യം. നേപ്പാൾ പ്രസിഡൻറ് രാമചന്ദ്ര പൗഡേലും വൈകാതെ തന്നെ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതോടെ രാജ്യം വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.

Comments