ഒരിക്കൽ, ഞാൻ ജോലി ചെയ്തിരുന്ന കുവൈറ്റി കമ്പനിയിലെ നൈജീരിയൻ എഞ്ചിനീയർ ഒരാവശ്യവുമായി എന്നെ സമീപിച്ചു. അയാളുടെ പെങ്ങളും മകളും യു. കെ. യിലുണ്ട്, തന്റെ ബിരുദദാനചടങ്ങിൽ അയാളും പങ്കെടുക്കണമെന്ന് സഹോദരിയുടെ മകൾ ആവശ്യപ്പെടുന്നു. ഞാൻ അവളുടെ അങ്കിളാണ്, എനിക്ക് ആ ചടങ്ങിൽ പങ്കെടുക്കണം എന്നുണ്ട്, അയാൾ എന്നോട് പറഞ്ഞു. അതിന് യു. കെ വിസയ്ക്ക് അപേക്ഷിക്കാൻ കമ്പനിയിൽ നിന്ന് അയാൾക്ക് ഒരു സർട്ടിഫിക്കറ്റ് വേണം. കമ്പനിയാണ് അയാളുടെ സ്‌പോൺസർ എന്നും ഇവിടെ എൻജിനീയറായി അയാൾ ജോലി ചെയ്യുകയാണ് എന്നും സന്ദർശന കാലാവധി കഴിഞ്ഞാൽ കുവൈറ്റിലേക്ക് തന്നെ മടങ്ങിവരുമെന്നും ആ സർട്ടിഫിക്കറ്റിൽ പറയണം.
ശരിക്കും ന്യായമായ ആവശ്യമാണ്. തീർച്ചയായും. ഞാൻ പറഞ്ഞു. എനിക്ക് കൊടുക്കാവുന്നതുമാണ്. അങ്ങനെ ചെയ്യാറുമുണ്ട്. ഞാൻ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഞങ്ങളുടെ പേഴ്സണൽ മാനേജറെ കാണിച്ചു. സർട്ടിഫിക്കറ്റ് കണ്ട് അയാളുടെ ചോദ്യം ഇതായിരുന്നു: ഇയാൾ ഒരു ആഫ്രിക്കൻ ആണ്, ലണ്ടനിലേക്ക് വിസിറ്റിൽ പോവുകയുമാണ്, എന്നാൽ അയാൾ മടങ്ങിവരുമെന്ന് എന്താണ് നിനക്ക് ഉറപ്പ്? അയാൾ അവിടെ 'മിസ്' ആയാൽ കമ്പനിയുടെ പേര് ബ്ലാക്ക് ലിസ്റ്റിൽ പെട്ടാലോ, മനുഷ്യക്കടത്തിന്റെ പേരിൽ? നീ ഉത്തരവാദിത്വം ഏറ്റെടുക്കുമോ, ഞാൻ ഏറ്റെടുക്കുമോ?

വർഷങ്ങൾക്കുമുമ്പ്, ആദ്യമായി, കുവൈറ്റിൽ ജോലി ചെയ്യാനെത്തിയ ഞാൻ വിമാനത്താവളത്തിനു പുറത്തെത്തിയതും അത്യുഷ്ണത്തോടെ ഒരു കാറ്റ് എന്റെ കവിളുകളിൽ തൊട്ടുപോയതുമാകും, ഒരു പക്ഷേ, തൊഴിൽ തേടിയുള്ള എന്റെ സ്വന്തം അഭയാർഥിത്വം എന്ന് ഞാൻ വിചാരിക്കാറുണ്ട് - പിന്നൊരിക്കൽ ഒരു യുദ്ധകാലത്ത് ശരിക്കും അങ്ങനെയായപ്പോഴും.
ഞാൻ ഞങ്ങൾ മൂന്ന് പേരെയും ഓർത്തു: ഒരാൾ ഇന്ത്യക്കാരൻ. ഒരാൾ ആഫ്രിക്കക്കാരൻ. മറ്റൊരാൾ സിറിയൻ. എല്ലാവരും ജോലി ചെയ്യാൻ മറ്റൊരു രാജ്യത്ത് എത്തിയവരുമാണ്. പക്ഷേ, എവിടെയോ ഞങ്ങളുടെ രാഷ്ട്രം, നിറം, ഭാഷ നമ്മളുടെ 'സഞ്ചാര'ത്തിൽ ഇടപെടുന്നു: ഓരോ മനുഷ്യനും ഒന്നിലധികം ഭൂഖണ്ഡങ്ങളിലേക്ക് എല്ലാ കാലത്തും പിളർന്നപ്പോഴും. ഇപ്പോൾ ഇത് ഓർക്കുമ്പോഴും എനിക്ക് ആ നൈജീരിയൻ എൻജീനീയറുടെ മുഖം ഓർമ്മ വരുന്നു: പുഞ്ചിരി കലർന്ന വേദനയോടെ അയാൾ എന്നോട് പറഞ്ഞു: സാരമില്ല, എനിക്ക് മനസ്സിലാവും..
നമുക്ക് മനസ്സിലാവുന്നത് കുടിയേറ്റങ്ങൾ രാഷ്ട്രങ്ങളെയും അധികാര നിർവഹണത്തെയും എങ്ങനെ മാറ്റി എന്നാണ്; നമുക്ക് മനസ്സിലാകാത്തത്, സ്വാതന്ത്ര്യത്തെ നമ്മൾ എങ്ങനെ നിർവചിക്കും എന്നാണ്. ഒരു പക്ഷേ, ആധുനിക ലോകം വന്നുപെട്ട മനുഷ്യവേദനയും അതാണ്.
കോളനി എന്ന രാഷ്ട്രീയാവസ്ഥയെ, അതിന്റെ ആദ്യകാല സങ്കൽപ്പങ്ങളിൽനിന്നും മാറ്റി, കുടിയേറ്റങ്ങൾ എങ്ങനെ നിർവചിക്കുന്നു എന്ന് മനസിലാക്കാൻ ഇന്ന് ലോകത്തെ പല തീവ്ര വലതുപക്ഷ ഭരണകൂടങ്ങളും അവസരം തരുന്നു
ആധുനിക സമൂഹങ്ങളിൽ സമ്പത്ത്, 'കറൻസി'യിലൂടെ അതിന്റെ പ്രത്യക്ഷമായ ജീവിതം തുടങ്ങിയതോടൊപ്പം, മനുഷ്യ സമൂഹം ഒന്നിച്ച് 'ഒഴുകുന്ന സമൂഹമായി' മാറുകയായിരുന്നു. സ്വാഭാവികമായും, മെച്ചപ്പെട്ട ജീവിതത്തിനും സമ്പത്തിനും വേണ്ടി മനുഷ്യർ അവരുടെ ദാരിദ്ര്യങ്ങളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും ആഭ്യന്തര കലഹങ്ങളിൽനിന്നും സ്വന്തം രാജ്യങ്ങൾ വിടുമ്പോൾ, അവരെ 'വർഗ്ഗപരമായി' അടയാളപ്പെടുത്തിയ നാമം 'തൊഴിലാളി' എന്നാണ്. ഏതുതരം തൊഴിലിനെയും ആ കൽപ്പന സമാഹരിക്കുന്നു. എന്നാൽ, ആ വർഗ്ഗകൽപ്പനയിലേക്ക് ജീവവായുപോലെ കടന്നുവന്ന മറ്റൊരു കൽപ്പന, 'അഭയാർത്ഥികൾ' എന്ന ജീവത്തായ കൽപ്പന, ഈ സഞ്ചാരങ്ങളെ എല്ലാം അട്ടിമറിച്ചു: രാഷ്ട്രം എന്ന രാഷ്ട്രീയ സ്വത്വത്തെ അത് സങ്കീർണ്ണമായ മനുഷ്യാനുഭവമാക്കി. അതോടെ തൊഴിലാളി അതുമാത്രമല്ലാതായി.

നമ്മെ, മനുഷ്യർ എന്ന നിലയിൽ നമ്മൾതന്നെ മുഖവിലയ്ക്ക് എടുക്കുന്ന എന്തോ ഒന്ന്, നമുടെ 'തൊഴിൽ' നിശ്ചയിക്കുന്നു. അതിന്റെ എല്ലാ ശ്രേണീബന്ധങ്ങളിലൂടെയും. എങ്കിൽ, അങ്ങനെയൊരു 'സംസ്‌കാരവും' 'ബന്ധങ്ങളും' അതിലൂടെ നിർമ്മിക്കപ്പെടുന്നു എന്നായിരുന്നു മാർക്‌സ് അടക്കമുള്ള കഴിഞ്ഞ നൂറ്റാണ്ടുകളിലെ സാമൂഹ്യ ചിന്തകർ വിശ്വസിച്ചതും എഴുതിയതും. ഏറെക്കുറെ, രണ്ട് മഹായുദ്ധങ്ങൾക്കുശേഷം, മനുഷ്യർ തങ്ങളുടെ 'അഭിമാന'ത്തെ കണ്ടെത്തിയിരുന്നതും അത്തരം വിശ്വാസങ്ങളിലുമായിരുന്നു. എന്നാൽ, ഭാഷയും സംസ്‌കാരവും രാഷ്ട്രീയാധികാരവും രാഷ്ട്രങ്ങളെ നിർവചിച്ച ആ കാലത്തിൽനിന്നും 'ഒഴുകുന്ന മനുഷ്യ സമൂഹ'ത്തിലേക്ക് എത്തുമ്പോൾ അതേ രാഷ്ട്ര സങ്കൽപ്പം നമ്മെ, തിരിച്ച്, അവിശ്വസിക്കാനും തുടങ്ങി. ഇന്ന്, തീവ്ര വലതുപക്ഷ രാഷ്ട്രീയാധികാരികൾ തങ്ങളുടെ രാജ്യങ്ങളുടെ തലവന്മാരായി എത്തുമ്പോൾ ഈ അവിശ്വാസത്തെയാണ് അരക്കിട്ട് ഉറപ്പിക്കുന്നത്: നിങ്ങൾ എന്തിന് ഞങ്ങളുടെ രാജ്യത്ത് വന്നു? എന്തിനിവിടെ നിൽക്കുന്നു?
അനിയന്ത്രിതമായ കുടിയേറ്റം എന്നത് അസതുലിതമായ സമ്പത്ത് വിതരണത്തിന്റെയും നിർദ്ദയമായ അധികാര കേന്ദ്രീകരണത്തിന്റെയും രാഷ്ട്രീയ- ഉത്പ്പന്നമാണ് എന്ന കാര്യം അത് മറച്ചുവെയ്ക്കപ്പെടുകയാണ്.
വാസ്തവത്തിൽ, കോളനി എന്ന രാഷ്ട്രീയാവസ്ഥയെ, അതിന്റെ ആദ്യകാല സങ്കൽപ്പങ്ങളിൽനിന്നും മാറ്റി, കുടിയേറ്റങ്ങൾ എങ്ങനെ നിർവചിക്കുന്നു എന്ന് മനസിലാക്കാൻ ഇന്ന് ലോകത്തെ പല തീവ്ര വലതുപക്ഷ ഭരണകൂടങ്ങളും അവസരം തരുന്നു. അമേരിക്ക അതിന്റെ വിചിത്രമായ ഉദാഹരണമാണ്. ഏറെയും ഒരു കുടിയേറ്റ സ്വത്വത്തെ സ്വന്തം ദേശസ്വത്വമായി പരിണമിപ്പിച്ച ആ രാജ്യം, ട്രംപിന്റെ കാലത്ത്, ഏറ്റവും 'കുടിയേറ്റ വിരുദ്ധ'രാഷ്ട്രമായി സ്വയം കണ്ടെത്തുന്നത് ഒന്നിലധികം കാരണങ്ങൾ കൊണ്ടാണ്. അതിൽ പ്രധാനപ്പെട്ട ഒന്നായി അമേരിക്കൻ ഭരണകൂടം കാണുന്നത്, അനിയന്ത്രിതമായ കുടിയേറ്റമാണ്. അത് രാഷ്ട്രത്തെ കളങ്കപ്പെടുത്തുന്നു എന്ന് ട്രംപ് പറയുന്നു.
എന്നാൽ, അനിയന്ത്രിതമായ കുടിയേറ്റം എന്നത് അസതുലിതമായ സമ്പത്ത് വിതരണത്തിന്റെയും നിർദ്ദയമായ അധികാര കേന്ദ്രീകരണത്തിന്റെയും രാഷ്ട്രീയ- ഉത്പ്പന്നമാണ് എന്ന കാര്യം അത് മറച്ചുവെയ്ക്കുന്നു. എന്തെന്നാൽ, ആ മറച്ചുവെയ്ക്കൽ തന്നെയാണ് തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കാതൽ എന്നതിനാൽ: സമ്പത്തിന്റെ നീതിപൂർണ്ണമായ വിതരണം എന്ന ആശയം ഒരു സാമൂഹ്യനീതിയുടെ പ്രശ്‌നമായി മാറാതിരിക്കാൻ ഇത് ശ്രദ്ധിക്കുന്നു. ട്രംപിന്റെ വാണിജ്യയുദ്ധം കലങ്ങിമറിയുന്നത് അതുകൊണ്ടാണ്. അത്, അയാളെ, അയാളുടെ വ്യാജ ദേശസ്‌നേഹത്തെ ഒറ്റുകൊടുക്കുന്നു. യുദ്ധങ്ങൾ ഉണ്ടാക്കുന്നത് മനുഷ്യരല്ല, ഭരണാധികാരികളും ഭരണകൂടങ്ങളുമാണ്. അതുകൊണ്ടുതന്നെ, മനുഷ്യർ പുറത്താക്കപ്പെടുകയും മറ്റു സ്ഥലങ്ങൾ അന്വേഷിക്കുകയും അവിടെയെല്ലാം എത്തുകയും തൊഴിൽ ചെയ്യുകയും മെച്ചപ്പെട്ട ജീവിതം ആഗ്രഹിയ്ക്കുകയും ചെയ്യുന്നു. അങ്ങനെ വളരെ സ്വാഭാവികമായ ഒന്ന്, കുടിയേറ്റം, കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികം കാലംകൊണ്ട് മറ്റൊരു രാഷ്ട്രീയാസ്തിത്വത്തെയും സ്വീകരിച്ചിരിക്കുന്നു. 'അഭയാർത്ഥികൾ' - അതാകട്ടെ, നമ്മുടെ ഇതിഹാസങ്ങളിലെ കഥകളിൽനിന്നും വേരു പറിച്ച് എന്നേ പോന്നതുമാണ്.

ബെർണാർദിൻ എവാരിസ്‌തോ, ഇംഗ്ലീഷ് എഴുത്തുകാരി, അവരുടെ ആഫ്രോ-ഇംഗ്ലീഷ് സ്വത്വത്തെ സന്ദർശിക്കുന്ന ഒരു സന്ദർഭം, അവരുടെ ആത്മകഥയിൽ, (Manifesto: On Never Giving UP) ഇങ്ങനെ ഓർക്കുന്നു: അവരുടെ അമ്മ ബ്രിട്ടീഷുകാരിയും അച്ഛൻ ആഫ്രിക്കനുമാണ്. എവാരിസ്‌തോയ്ക്ക് അച്ഛന്റെ രൂപമാണ്. കറുത്തവൾ. അവരുടെ സഹോദരന് അമ്മയുടെ രൂപവും. അതിനാലാവും, അമ്മമ്മ സ്വന്തം വീട്ടിലെ ചുമരിൽ വെച്ച ഫോട്ടോയിൽ മകൾ അവളുടെ വെളുത്ത കുട്ടിയുടെ കൂടെയുള്ള ഫോട്ടോയെ വെച്ചിട്ടുള്ളൂ. മറ്റേ കുട്ടിയോട് അനിഷ്ടമൊന്നും ഉണ്ടായിട്ടല്ല. പക്ഷെ തന്റെ രാജ്യത്തെ, ഭാഷയെ, സ്വത്വത്തെ അവൾ പ്രതിനിധീകരിക്കുന്നില്ല.
അനിയന്ത്രിതമായ കുടിയേറ്റം രാഷ്ട്രത്തെ കളങ്കപ്പെടുത്തുന്നു എന്നാണ് ട്രംപ് പറയുന്നത്.
ഇങ്ങനെയൊരു ആത്മകഥ അവരുടെ സാഹിത്യത്തിന്റെ അടിയൊഴുക്കുമാണ്. ആ രാജ്യത്തിന്റെയും. അല്ലെങ്കിൽ, കലയിലും സാഹിത്യത്തിലും, നേരത്തേ പറഞ്ഞ കുടിയേറ്റവും അഭയാർഥിത്വവും ഇടപെടുന്നത് മറ്റൊരു തലത്തിലാണ്. അവിടെ നിങ്ങളുടെ കഥയും കവിതയും ചലച്ചിത്രവും നിങ്ങളുടെ തന്നെ പിളർപ്പുകളുടെ 'സഹ്യമായ ഇടം' അതേ രാഷ്ട്രീയ കാലാവസ്ഥയിൽ തേടുന്നു. അനുഭവങ്ങളിലെ തപം അടയാളപ്പെടുത്തുമ്പോഴും. അപ്പോഴും, 'തൊഴിലാളി' എന്ന് ഒരിക്കൽ തങ്ങൾ കണ്ടെത്തിയ സ്വത്വത്തിൽനിന്നും ഈ മനുഷ്യരും, അവരുടെ സർഗ്ഗാത്മക സൃഷ്ടികളും പിൻവാങ്ങുന്നേ ഇല്ല.

അഥവാ, ലോകം, അല്ലെങ്കിൽ വേദനാജനകമായ ഈ യാഥാർഥ്യങ്ങളിൽനിന്നും പിന്തിരിയുന്നേ ഇല്ല. എന്തെന്നാൽ, കുടിയേറ്റങ്ങൾ ഇന്ന് ഏതൊരു രാജ്യത്തിന്റെയും രാഷ്ട്രസ്വത്വത്തെ പുതിയതായി നിർവചിക്കാൻ കെൽപ്പുള്ള ഒരു രാഷ്ട്രീയ പെരുമാറ്റത്തെക്കൂടി അടയാളപ്പെടുത്തുന്നു. നിങ്ങൾ 'പുറന്തള്ളുന്ന മനുഷ്യർ' നിങ്ങളുടെ ആത്മാവിനെ അതിനുംമുമ്പേ ബാധിച്ചതാണ് എന്നതിനാൽ ഇതെല്ലാം കൂടുതൽ കൂടുതൽ സങ്കീർണ്ണമായ അവസ്ഥകൾ സൃഷ്ടിച്ചുകൊണ്ടുമിരിക്കുന്നു.