തെക്കൻ ലെബനനെ (Lebanon) ചോരയിൽ മുക്കി ഇസ്രയേലിൻെറ (Israel) വ്യോമാക്രമണം. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ 492 പേർ കൊല്ലപ്പെട്ടുവെന്നാണ് ലെബനൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പറയുന്നത്. കൊല്ലപ്പെട്ടവരിൽ നൂറിലധികം പേർ സ്ത്രീകളും കുട്ടികളുമാണ്.
2006-ൽ ഇസ്രയേൽ - ഹിസ്ബുല്ല (Hezbollah) യുദ്ധം തുടങ്ങിയതിന് ശേഷം നടന്ന ഏറ്റവും വലിയ ആക്രമണമാണ് ഇസ്രായേൽ ഇപ്പോൾ നടത്തിയിരിക്കുന്നത്. 1600-ലധികം പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ പറയുന്നു. തെക്കൻ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളാണ് ഇസ്രയേൽ ലക്ഷ്യം വെക്കുന്നത്.
ഈ മേഖലകളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞുപോവാൻ മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് റോക്കറ്റ് ആക്രമണം നടത്തിയത്. പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോവണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിൽ നിന്നും ഏകദേശം 80000-ത്തിലധികം ഫോൺ കോളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ലെബനനിലെ ടെലികോം കമ്പനികൾ വ്യക്തമാക്കിയതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേൽ - ഹിസ്ബുല്ല സംഘർഷം ഇതിനോടകം തന്നെ തുറന്ന യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്. പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് നടന്ന സ്ഫോടന പരമ്പരകളോടെയാണ് യുദ്ധത്തിന്റെ ഗതി മാറിയത്. ഇസ്രയേൽ ചാരസംഘടനയായ മൊസാദായിരുന്നു ഈ ആക്രമണങ്ങൾക്ക് പിന്നിൽ.
മേഖലയിലെ ജനങ്ങളെ മാനസികമായി ഭീതിയിലാഴ്ത്താൻ കൂടിയാണ് ഇസ്രയേലിൻെറ ശ്രമം. ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ച് സ്ഫോടനങ്ങൾ നടന്നതോടെ വീടുകളും കടകളും തെരുവുകളുമെന്നും സുരക്ഷിതമല്ലെന്ന സന്ദേശമാണ് ജനങ്ങൾക്ക് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ലെബനനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോവണമെന്ന് ഇസ്രയേൽ നിരന്തരം ആവശ്യപ്പെടുന്നത്. ജനങ്ങൾ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോവണമെന്ന് പറയുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻെറ സന്ദേശം പുറത്ത് വന്നിട്ടുണ്ട്.
“ഇസ്രയേലിൻെറ യുദ്ധം നിങ്ങൾക്കെതിരെയല്ല. അത് ഹിസ്ബുല്ലക്കെതിരെയാണ്. ഏറെക്കാലമായി നിങ്ങളെ ഹിസ്ബുല്ല മനുഷ്യകവചമായി ഉപയോഗിക്കുകയാണ്. നിങ്ങളുടെയും, നിങ്ങളുടെ പ്രിയപ്പെട്ടവരുടേയും സുരക്ഷയോർത്ത് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോവണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. ഇത് ഗൗരവത്തോടെ കണക്കിലെടുക്കണം. ഹിസ്ബുല്ലയ്ക്ക് നേരെയുള്ള ഓപ്പറേഷൻ അവസാനിച്ചാൽ നിങ്ങൾക്ക് വീടുകളിലേക്ക് തിരികെയെത്താം,” നെതന്യാഹുവിൻെ സന്ദേശം പറയുന്നത് ഇങ്ങനെയാണ്.
യുദ്ധം കടുത്തതോടെ സാധാരണ മനുഷ്യർ ലെബനനിൽ നിന്നും കൂട്ടപലായനം നടത്തുകയാണ്. കാറുകളിലും വാനുകളിലും ട്രക്കുകളിലുമൊക്കെയായി അവശ്യ വസ്തുക്കളെല്ലാം എടുത്താണ് പ്രദേശത്ത് നിന്നും മാറിപ്പോവുന്നത്. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിൻെറ ഭാഗമായി സ്കൂളുകളിലും മറ്റുമായി ഏകദേശം 89 താൽക്കാലിക കേന്ദ്രങ്ങൾ സജ്ജമാക്കിയതായി ലെബനീസ് മന്ത്രി നാസർ യാസിൻ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 26000 പേരെയെങ്കിലും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയിൽ ഹമാസിനെതിരെ കഴിഞ്ഞ ഒരു വർഷത്തോളമായി തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേൽ ലെബനനെ കൂടുതലായി ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുകയാണ്. ലെബനനെ മറ്റൊരു ഗാസയാക്കി മാറ്റാനാണ് ഇസ്രയേലിൻെറ ശ്രമം. ലെബനൻ സംഘർഷഭൂമിയായി മാറിയതോടെ മറ്റ് രാജ്യങ്ങളും യുഎന്നുമെല്ലാം വിഷയത്തിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്.
ആക്രമണത്തിൽ വലിയ ആശങ്ക പ്രകടിപ്പിച്ച സൗദി അറേബ്യ സംയമനം പാലിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെട്ടിരിക്കുകയാണ്. അതിർത്തികൾ കടന്നുള്ള ആക്രമണങ്ങളോട് യോജിക്കുന്നില്ലെന്നും യുദ്ധം വ്യാപിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അമേരിക്ക വ്യക്തമാക്കിയതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ ആക്രമണങ്ങൾക്ക് മറുപടിയായി പ്രത്യാഘാതമുണ്ടാവുമെന്ന് ഇറാൻ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലാകെ സംഘർഷത്തിന് ശ്രമിക്കുന്ന ഇസ്രായേൽ ഇറാനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് പ്രസിഡൻറ് മസൂദ് പെസഷ്കിയൻ പ്രതികരിച്ചു.
“യുദ്ധത്തിൻെറ വ്യാപ്തി വർധിപ്പിക്കാൻ ആഗ്രഹമില്ലെന്നാണ് ഇസ്രായേൽ പറയുന്നതെങ്കിലും അവരുടെ പ്രവൃത്തിയിൽ നിന്ന് അതല്ല മനസ്സിലാക്കാൻ സാധിക്കുന്നത്. ഞങ്ങൾക്ക് ആഗ്രഹമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഞങ്ങളെ അവർ നിർബന്ധിക്കുകയാണ്” പെസഷ്കിയൻ പറഞ്ഞു. ഇലക്ട്രോണിക് ഡിവൈസുകൾ ഉപയോഗിച്ചുള്ള ആക്രമണവും ഹമാസ് രാഷ്ട്രീയകാര്യ നേതാവ് ഇസ്മയിൽ ഹനിയെയുടെ കൊലപാതകവുമെല്ലാം ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുറന്ന യുദ്ധം നടക്കുകയാണെങ്കിൽ ഹിസ്ബുല്ലയ്ക്ക് ഇറാൻെറ പൂർണ പിന്തുണയുണ്ടാവും. പശ്ചിമേഷ്യയിലെ അശാന്തി ഇനിയും വർധിക്കുയാണെന്ന വ്യക്തമായ സൂചനയാണ് ഇപ്പോഴത്തെ ആക്രമണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.