ഇന്ത്യയിൽനിന്ന്​ കേരളം മാത്രം; ന്യൂയോർക്ക്​ ടൈംസിന്റെ 52 പ്രിയ ടൂറിസ്​റ്റ്​ സ്​പോട്ടുകൾ

2023ൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമെന്ന്​ വിശേഷിപ്പിച്ച്, യാത്രക്കാർക്കായി ലോകത്തെ 52 സ്​ഥലങ്ങൾ തെരഞ്ഞെടുത്തിരിക്കുകയാണ്​, ന്യൂയോർക്ക് ടൈംസിന്റെ ട്രാവൽ എഡിഷൻ. ഇന്ത്യയിൽനിന്ന്​ കേരളം മാത്രമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

മൂന്നുവർഷം മുമ്പ്​ കോവിഡ്​ അടച്ചുപൂട്ടിയ ലോകസഞ്ചാരത്തിന്റെ വാതിലുകൾ തുറക്കുകയാണ്​. കോവിഡിനുമുമ്പുള്ള ഒരു ലോകമല്ല, സഞ്ചാരികളെ കാത്തിരിക്കുന്നത്​. പല സ്​ഥലങ്ങളിലും ഇപ്പോഴും രോഗതരംഗങ്ങളുടെ ആശങ്കയുണ്ട്​, പലയിടങ്ങളിലും നിയന്ത്രണങ്ങളുണ്ട്​. എന്നാൽ, വിനോദസഞ്ചാരം അസാധ്യമാക്കുന്ന ഒരു സാഹചര്യം ഇന്ന്​ നിലവിലില്ല. അതുകൊണ്ടുതന്നെ, ന്യൂയോർക്ക്​ ടൈംസ്​, 2023ൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമെന്ന്​ വിശേഷിപ്പിച്ച്​, യാത്രക്കാർക്കായി ലോകത്തെ 52 സ്​ഥലങ്ങൾ തെരഞ്ഞെടുത്തിരിക്കുകയാണ്​. ഇന്ത്യയിൽനിന്ന്​ കേരളം മാത്രമാണ് ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

പ്രകൃതിഭംഗിയും സാംസ്‌കാരിക വൈവിധ്യവും കൊണ്ട് സമ്പന്നമായ കേരളത്തെ മികച്ച ട്രാവലിങ്ങ് ഡെസ്റ്റിനേഷനായാണ് ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിക്കുന്നത്. ടൂറിസ്റ്റുകളോടുള്ള സർക്കാരിന്റെ ആതിഥേയത്വത്തെ പ്രകീർത്തിക്കുന്ന പട്ടികയിൽ വൈക്കത്തഷ്ടമി, കുമരകം എന്നിവയെക്കുറിച്ച്​പ്രത്യേകം പരാമർശിക്കുന്നുണ്ട്. ‘വിശ്വപ്രസിദ്ധമായ ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ കേരളത്തെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും കേരള സർക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനം നൽകി വരുന്ന പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നതായും’ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേസ്​ബുക്കിൽ കുറിച്ചു.

ന്യൂയോർക്ക് ടൈംസിന്റെ ട്രാവൽ എഡിഷൻ പ്രധാനമായും ഭക്ഷണം, സംസ്‌കാരം, സാഹസികത, പ്രകൃതിഭംഗി തുടങ്ങി നാല് ഘടകങ്ങളിൽ ഊന്നിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയിലെ മറ്റ് സ്ഥലങ്ങൾ:

1. ലണ്ടൻ (ബ്രിട്ടൻ)

സംസ്‌കാരം, ചരിത്രം, കല, രാത്രിജീവിതം എന്നിവ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടയിടം. പാരമ്പര്യങ്ങളും പുതിയ സാധ്യതകളും ഒരു പോലെ ഉൾച്ചേരുന്ന സ്ഥലം. ഏഴ് പതിറ്റാണ്ടിന് ശേഷം ​മേയിൽ നടക്കുന്ന ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം ഈ വർഷത്തെ പ്രധാന ആഘോഷം.


2. മോറിയോക്ക (ജപ്പാൻ)

ജപ്പാനിലെ ഹോൺഷു ദ്വീപിലെ നഗരം. പർവ്വതങ്ങളാൽ ചുറ്റപ്പെട്ടതും പ്രകൃതി സമ്പന്നവുമായ സ്ഥലം.


3. മോനുമെൻറ്​ വാലി നവാജോ ട്രൈബൽ പാർക്ക്, അരിസോണ

നിരവധി പാശ്ചാത്യ സിനിമകൾ ചിത്രീകരിച്ച അരിസോണ-ഉട്ടാ അതിർത്തിയിലുള്ള ചുവന്ന മരുഭൂമി പ്രദേശം.


4. കിൽമാർട്ടിൻ ഗ്ലെൻ, (സ്‌കോട്ട്‌ലൻഡ് )

സ്‌കോട്ട് ലാന്റിന്റെ വൈൽഡ് വെസ്റ്റ് തീരത്തുള്ള താഴ്‌വാരം. 800 ലധികം പുരാവസ്തു സ്മാരകങ്ങളും ശിലാസ്മാരകങ്ങളും സ്ഥിതി ചെയ്യുന്നു.


5. ഓക്ക്‌ലാൻഡ്, (ന്യൂസിലാൻറ്​)

ന്യൂസിലാൻഡിന്റെ പ്രകൃതി ഭംഗിയും ഫുഡ് കൾച്ചറും ചേർന്ന സ്ഥലം.


6. പാം സ്​പ്രിങ്​സ്​ (കാലിഫോർണിയ)

ആസ്‌ട്രോ ടൂറിസം ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ സ്ഥലം. റാഞ്ചോ മിറേജ് ലൈബ്രറിയും ഒബ്‌സർവേറ്ററിയും പ്രതിമാസ ‘മൂൺ അറ്റ് ദി മൂൺ' ഇവന്റുകളും പ്രധാന ആകർഷണം.


7. കംഗാരു ദ്വീപ് (ആസ്‌ട്രേലിയ)

സൗത്ത് ആസ്‌ട്രേലിയയുടെ തലസ്ഥാനമായ അഡ്‌ലെയ്ഡിനടത്തുള്ള, ഏകദേശം 1700 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ദ്വീപ്​. വനപര്യവേക്ഷണവും പ്രക്യതി ഭംഗിയും ഇഷ്ടപ്പെടുവന്നവർക്ക് അനുയോജ്യം.


8. വ്‌ജോസ നദി, (അൽബേനിയ)

ഗ്രീസിലെ പിൻഡസ് പർവതനിരകൾ മുതൽ അഡ്രിയാറ്റിക് കടൽ വരെ ഒഴുകുന്ന 120 മൈൽ നീളമുള്ള വ്‌ജോസ നദി യുനെസ്‌കോയുടെ പൈതൃകപട്ടികയിൽ ഉൾപ്പെട്ടതാണ്.


9. അക്ര (ഘാന)

നൂതന പശ്ചിമാഫ്രിക്കൻ ഭക്ഷണ വിഭവങ്ങളുടെ കേന്ദ്രം.


10. ട്രോംസോ (നോർവേ)

തെളിഞ്ഞ ആകാശങ്ങളുള്ള അറോറ അന്വേഷകരുടെ ഇഷ്ടസ്ഥലം.


11. ലെൻകോയിസ് മാരൻഹെൻസസ് നാഷണൽ പാർക്ക് (ബ്രസീൽ)

ബ്രസീലിന്റെ വടക്കൻ അറ്റ്‌ലാന്റിക് തീരത്തുള്ള വിശാലമായ മരുഭൂമിപ്രദേശം.


12. ഭൂട്ടാൻ

പാരമ്പര്യത്തിലും സംസ്‌കാരത്തിലും വേരുന്നിയതും പർവ്വതഭംഗിയുമടങ്ങിയ പ്രദേശം.


13. ഗ്രീൻ വില്ലെ (സൗത്ത് കരോലീന)

ബ്ലൂ റിഡ്​ജ്​ പർവതനിരകൾക്ക് സമീപം സ്ഥിതി ചെയ്യുന്നു. ഭക്ഷണത്തിനും റെസ്റ്റോറന്റുകൾക്കും പ്രശസ്​തിയുള്ള സ്​ഥലം.


14. ട്യൂസൺ ( അരിസോണ)

നുറ്റാണ്ടുകൾ പഴക്കമുള്ള സോനോറൻ അഡോബ് ആർകിടെക്ചറുകൾ ഉൾപ്പെടുന്ന സ്ഥലം.


15. മാർട്ടിനിക്

മഴക്കാടുകളും കൊടുമുടികളും പാറക്കെട്ടുകളുമടങ്ങിയ ഇക്കോ ടൂറിസം മേഖല.


16. നമീബ് മരുഭൂമി (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയിലെ പ്രധാന ആകർഷണ കേന്ദ്രമായ തീരദേശ മരുഭൂമിപ്രദേശം.


17. അലാസ്‌ക റെയിൽവേ

470 മൈലുകൾ നീണ്ടു കിടക്കുന്ന പർവ്വതങ്ങളും ഹിമാനികളും ഉൾപ്പെട്ട പ്രദേശം.


18. ഫുകുവോക്ക (ജപ്പാൻ)

ക്യൂഷു ദ്വീപിലെ സ്ട്രീറ്റ് -ഫുഡ് പാരമ്പര്യമടങ്ങിയ പ്രദേശം.


19. ഫ്ലോറസ് (ഇന്തോനേഷ്യ)

കൊമോഡോ ദ്വീപിന് കിഴക്കും ലെംബറ്റ ദ്വീപിന് പടിഞ്ഞാറും സ്ഥിതി ഇടയിൽ സ്ഥിതി ചെയ്യുന്ന ലെസ്സർ സുന്ദ ദ്വീപുകളിലൊന്ന്​.


20. ഗ്വാഡലജാര (മെക്‌സിക്കോ)

ക്വിയർ സംസ്‌കാരവും വൈവിധ്യവും കാണാൻ കഴിയുന്ന ഇവിടുത്തെ വാർഷിക പ്രൊഹിബിഡോ ഫെസ്റ്റിവൽ പ്രശസ്​തം.


21. റ്റസിലി നജേർ (അൾജീരിയ)

റോക്ക് ആർട്ടും മണൽക്കല്ലുകളും തൂണുകളും അടങ്ങിയ സഹാറൻ ചരിത്രം ഉൾപ്പെടുന്ന പ്രദേശം.


22. കഖേതി ( ജോർജിയ)

കുന്നിൻമുകളിലെ പട്ടണങ്ങളും പച്ച താഴ്വരകളും പുരാതന വൈൻ നിർമ്മാണ പാരമ്പര്യങ്ങളുമെല്ലാമുള്ള പ്രദേശം.


23. നിംസ് (ഫ്രാൻസ്)

തെക്കൻ ഫ്രാൻസിലെ ഓക്സിറ്റാനി മേഖലയിലെ റോമൻ സാമ്രാജ്യത്വത്തിന്റെ തിരുശേഷിപ്പുകളടങ്ങിയ പ്രദേശം.


24. ഹാ ജിയാങ് (വിയറ്റ് നാം)

വിയറ്റ്‌നാമിന്റെ വടക്കുകിഴക്കൻ മേഖലയിൽ ലോ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലൂടെയുള്ള യാത്രയിൽ ഹ്‌മോങ്, ടേ സംസ്‌കാരം അടുത്തറിയാം.


25. സലാല (ഒമാൻ)

താഴ്വാരങ്ങൾ, നദീതടങ്ങൾ, മരുഭൂമി, പർവ്വതങ്ങൾ തുടങ്ങിയവയാൽ സമ്പന്നം.


26. ക്യൂബ

യൂത്ത് ഐലൻഡ് എന്ന താരതമ്യേന വലിയ രണ്ടു ദ്വീപുകളും വേറേയും ഒട്ടേറെ ദ്വീപസമൂഹങ്ങളും ഉൾക്കൊള്ളുന്ന രാജ്യം.


27. ഒഡെൻസ് (ഡെന്മാർക്ക്)

ജാപ്പനീസ് വാസ്തുശില്പിയായ കെൻഗോ കുമ & അസോസിയേറ്റ്‌സ് രൂപകൽപ്പന ചെയ്ത, ഫുനെൻ ദ്വീപിലെ ഒഡെൻസിലുള്ള പുതിയ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്‌സൺ മ്യൂസിയം പ്രധാന ആകർഷണം.


28. ഉലുരു- കറ്റ ജുട്ട നാഷണൽ പാർക്ക് (ആസ്‌ട്രേലിയ)

500 ദശലക്ഷത്തിലധികം വർഷം പഴക്കമുള്ള, ഉലുരു-കറ്റ ജുട്ട ദേശീയ ഉദ്യാനത്തിലെ 1,142 അടി മണൽക്കല്ലിന്റെ ഏകശിലാരൂപമാണ് പ്രധാന കാഴ്ച.


29. ബോക്വെറ്റ്, പനാമ

പടിഞ്ഞാറൻ പനാമയിലെ കാൽഡെറ നദിയിലെ ഒരു ചെറിയ പട്ടണം. കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കാടും നിറഞ്ഞ പ്രദേശം.


30. ടാർഗോണ (സ്‌പെയിൻ)

വടക്കുകിഴക്കൻ സ്‌പെയിനിലെ കാറ്റലോണിയ മേഖലയിലെ തുറമുഖ നഗരം. റോമൻ കോളനിയായിരുന്ന ടാർഗോണയിൽ ഇപ്പോഴും അതിന്റെ പുരാതന അവശിഷ്ടങ്ങളുണ്ട്.


31. ചാൾസ്റ്റൺ (സൗത്ത് കരോലിന)

അടിമത്തത്തിന്റെ ക്രൂരചരിത്രം വെളിപ്പെടുത്തുന്ന 100 മില്യൺ ഡോളറിന്റെ ഇന്റർനാഷണൽ ആഫ്രിക്കൻ അമേരിക്കൻ മ്യൂസിയമാണിവിടുത്തെ പ്രധാന ആകർഷണീയത.


32. കായോസ് കൊച്ചിനോസ് (ഹോണ്ടുറാസ്)

ഹോണ്ടുറാസിന്റെ വടക്കൻ തീരത്ത് ലാ സെയ്ബയിൽ നിന്ന് 30 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന രണ്ട് ചെറിയ ദ്വീപുകളും 13 ചെറിയ പവിഴപ്പുറ്റുകളും ഉൾക്കൊള്ളുന്ന സ്ഥലം.


33. ബർഗണ്ടി ബിയർ ട്രയൽ (ഫ്രാൻസ് )

വൈൻ- ബിയർ പ്രേമികളുടെ ഇഷ്ടസ്ഥലം.


34. ഇസ്താംബുൾ (തുർക്കി)

ബോസ്ഫറസ് കടലിടുക്കിന് കുറുകെ യൂറോപ്പിലും ഏഷ്യയിലും വ്യാപിച്ചുകിടക്കുന്ന തുർക്കിയിലെ ഒരു പ്രധാന നഗരം. സാംസ്‌കാരിക- ചരിത്ര ഘടകങ്ങളാൽ സമ്പന്നം.


35. തായ്‌പേയ് (തായ് വാൻ)

നിയോൺ-ലൈറ്റ് നൈറ്റ് മാർക്കറ്റുകൾ മുതൽ ക്വിംഗ് രാജവംശത്തിന്റെ ക്ഷേത്രങ്ങൾ വരെയുള്ള കാഴ്ചാസമ്പന്നമായ പ്രദേശം.


36. എൽ പോബ്ലാഡോ (കൊളംബിയ)

ചിക്ക് കഫേകളും ഫാഷൻ ബോട്ടീക്കുകളും റെസ്‌റ്റോറന്റുമായി നൈറ്റ് ലൈഫ് ആസ്വദിക്കാൻ കഴിയുന്ന ഇടം.


37. ലോസാൻ ( സ്വിറ്റ്‌സർലൻഡ് )

ജനീവ തടാകത്തിന്റെ മനോഹര കാഴ്ചകളും കലയും ആർകിടെക്ചറും ഒത്തിണങ്ങിയ പ്രദേശത്തിന്റെ ഭംഗിയും ആകർഷകം.


38. മെഥാന (ഗ്രീസ്)

ഹൈക്കിങ്ങും പ്രകൃതിഭംഗിയും ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യ സ്ഥലം.


39. ലൂയിസ്വില്ലെ (കെന്റക്കി)

അപ്പലാച്ചിയൻ പർവതനിരകളുടെ പടിഞ്ഞാറുള്ള മനോഹര നഗരം.


40. മനാസ് (ബ്രസീൽ)

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളുടെ മധ്യഭാഗത്തും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആമസോണിയൻ റിസർച്ചിന്റെ ആസ്ഥാനത്തുമാണ് മനാസ്.


41. വിൽനിയസ് (ലിത്വാനിയ)

നാസികളുടെയും സോവിയറ്റുകളുടെയും അധീനതയിലായിരുന്ന വിൽനിയസിൽ ചരിത്രപരമായ നിരവധി കാഴ്ചകളാണ് കാണാനും അറിയാനുമുളളത്.


42. മക്കോൺ (ജോർജിയ)

ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിന്ന ആഫ്രിക്കൻ- അമേരിക്കൻ കല, ചരിത്രം, സംസ്‌കാരം തുടങ്ങിയവയുടെ ഓർമകളുള്ള മ്യൂസിയം പ്രധാന ആകർഷണം.


43. മാഡ്രിഡ് (സ്‌പെയിൻ)

പിക്കാസ്സോയുടെ ഗ്വർണ്ണിക്ക പെയ്ന്റിങ്ങ് തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. 12-ാം നൂറ്റാണ്ട് മുതൽ ആധുനിക യുഗം വരെയുള്ള കലയുടെ ചരിത്രം തൈസെൻ മ്യൂസിയം ഒരുക്കുന്നു.


44. ഗ്രാൻഡ് ജംഗ്ഷൻ (കൊളറാഡോ)

കൊളറാഡോയുടെ പടിഞ്ഞാറൻ ചരിവിൽ, ഗ്രാൻഡ് ജംഗ്ഷനിലെ ശിലാകാഴ്ചകൾ പ്രധാന ആകർഷണം.


45. ലാ ഗുജിറ (കൊളംബിയ)

ഓറഞ്ച്- മണൽ കടൽത്തീരങ്ങളും അരയന്നങ്ങൾ നിറഞ്ഞ ലഗൂണുകളുമുള്ള മനോഹര പ്രദേശം.


46. ബെർഗാമോയും ബ്രെസിയയും (ഇറ്റലി)

ഓപ്പൺ എയർ തിയേറ്ററുകളിൽ സവിശേഷമായ കല- സംഗീത പ്രകടനങ്ങൾ ആസ്വദിക്കാം.


47. അമേരിക്കൻ പ്രേരി (മൊണ്ടാന)

കാൽനടയാത്ര, മൗണ്ടൻ ബൈക്കിംഗ്, വേട്ടയാടൽ, മീൻപിടിത്തം എന്നിവയുൾപ്പെടെ എല്ലാത്തരം ഔട്ട്‌ഡോർ വിനോദങ്ങൾക്കും അഭികാമ്യമായ പ്രദേശം.


48. ഈസ്റ്റേൺ ടൗൺഷിപ്പുകൾ (ക്യൂബെക്ക് )

ശാന്തമായ ക്യൂബെക്ക് ഗ്രാമപ്രദേശത്തിലൂടെ ചീസും വൈനും പൗട്ടീനും ആസ്വദിച്ച്​ യാത്ര ചെയ്യാം.


49. ന്യൂ ഹെവൻ (കണക്റ്റിക്കട്ട്)

കണക്റ്റിക്കട്ടിലെ ലോംഗ് ഐലൻഡ് സൗണ്ടിലെ തീരദേശ നഗരം. 1701ൽ സ്ഥാപിതമായ ഐവി ലീഗ് യേൽ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം.


50. ബ്ലാക്ക് ഹിൽസ് (സൗത്ത് ഡക്കോട്ട)

കൊടുമുടികളും പൈൻ വനങ്ങളും പർവ്വതങ്ങളുമുള്ള ബ്ലാക്ക് ഹിൽ ഏരിയ.


51. സരജേവോ (ബോസ്‌നിയ, ഹെർസഗോവിന)

ബോസ്‌നിയയുടെയും ഹെർസഗോവിനയുടെയും തലസ്ഥാനമായ സരജേവോ, ദിനാറിക് ആൽപ്‌സ് പർവതനിരകളാൽ ചുറ്റപ്പെട്ട മിൽജാക്ക നദിയിക്കടുത്തുള്ള നഗരമാണ്. നിരവധി സാമ്രാജ്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും അവശേഷിപ്പുകളുള്ള ജീവിക്കുന്ന ഒരു മ്യൂസിയം.

Comments