ഡോണൾഡ് ട്രംപ് (Donald Trump) അമേരിക്കയുടെ 47ാമത് പ്രസിഡൻറായി അധികാരമേറ്റെടുക്കാൻ പോവുകയാണ്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ട്രംപ് തൻെറ ക്യാബിനറ്റിലെ (US Cabinet) അംഗങ്ങളെ പ്രഖ്യാപിച്ച് തുടങ്ങിയിരിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ (Republican Party) പുതിയ ക്യാബിനറ്റിനെക്കുറിച്ചുള്ള ഏകദേശ സൂചനകൾ ഇതിനോടകം തന്നെ പുറത്ത് വന്നിരിക്കുകയാണ്. ഇസ്രയേൽ അനുകൂല, മുസ്ലീം വിരുദ്ധ, ബ്ലാക്ക് വിരുദ്ധ, തീവ്ര വലതുപക്ഷ ഭരണമായിരിക്കും ട്രംപിൻെറ നേതൃത്വത്തിൽ അമേരിക്കയിൽ വരാൻ പോവുന്നതെന്ന് വ്യക്തം. തെരഞ്ഞെടുപ്പിൽ ട്രംപിന് ആരാണോ വോട്ട് ചെയ്തത്, അവരിൽ വലിയൊരു വിഭാഗത്തെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികൾ ട്രംപ് ഇപ്പോഴേ ആസൂത്രണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. നിരാശയ്ക്കപ്പുറത്ത് ആഗോളതലത്തിൽ ഇത് വലിയ ആശങ്കയ്ക്കും കാരണമാവുന്നുണ്ട്. തൻെറ ഒന്നാം ടേമിൽ പ്രഖ്യാപിച്ച പലതും നടപ്പിലാക്കാതെയാണ് ട്രംപിന് മടങ്ങേണ്ടി വന്നത്. അവയിൽ പലതും പൊടി തട്ടിയെടുക്കാൻ ഇക്കുറി ആലോചനകൾ നടക്കുന്നുണ്ട്. കോവിഡ് പോലൊരു മഹാമാരി ലോകത്തെ വിറപ്പിച്ചപ്പോൾ, ശാസ്ത്രീയമല്ലാത്ത നടപടികളുമായി ട്രംപ് പരിഹാസപാത്രമായിരുന്നു. ഒന്നാം ട്രംപ് സർക്കാരിന് തുടർച്ചയില്ലാതെ പോയതിനും ഒരു പ്രധാന കാരണം ഇതായിരുന്നു. പുതിയ ക്യാബിനറ്റുമായി ബന്ധപ്പെട്ട് ട്രംപ് ഇതുവരെ നടത്തിയ പ്രഖ്യാപനങ്ങൾ തന്നെ വലിയ വിമർശനത്തിന് ഇടയാക്കുന്നുണ്ട്.
കറുത്ത വർഗക്കാരില്ല, സ്ത്രീകൾ കുറവ്
ഇതിനോടകം തൻെറ ക്യാബിനറ്റിലേക്കുള്ള 18 പേരെയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ ഒരൊറ്റ കറുത്ത വർഗക്കാരുമില്ല. അസോസിയേറ്റ് പ്രസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിലെ കറുത്ത വർഗക്കാരിൽ 20 ശതമാനം പേരുടെ വോട്ട് ഉറപ്പിക്കാൻ ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. 2016ൽ ഇത് എട്ടും 2020-ൽ 13ഉും ശതമാനമായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ 10 ശതമാനം ബ്ലാക്ക് വോട്ടുകൾ ഡെമോക്രാറ്റിക് പാർട്ടിക്ക് കുറഞ്ഞിട്ടുണ്ട്. ജോ ബൈഡൻ ക്യാബിനറ്റിൽ സുപ്രധാന പദവികളിലടക്കം അഞ്ച് കറുത്ത വംശജരാണ് ഉണ്ടായിരുന്നത്. നിലവിലെ വൈസ് പ്രസിഡൻറും, പ്രസിഡൻറ് സ്ഥാനാർഥിയുമായിരുന്ന കമലാ ഹാരിസ് അക്കൂട്ടത്തിൽ പെടുന്നയാളാണ്. രണ്ട് ഹിസ്പാനിക്/ലാറ്റിനോ വംശജരും ക്യാബിനറ്റിലുണ്ടായിരുന്നു. വൈവിധ്യങ്ങൾ കുറഞ്ഞ, വ്യത്യസ്ത വിഭാഗങ്ങളെ വേണ്ടവിധത്തിൽ പരിഗണിക്കാത്ത ഒരു ക്യാബിനറ്റിനാണ് ട്രംപ് രൂപം കൊടുത്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള 18 പേരിൽ ഒരൊറ്റ കറുത്ത വംശജരും ഇല്ലെന്നതിനൊപ്പം ആകെ 3 വനിതകൾ മാത്രമാണുള്ളത്. ബൈഡൻ സർക്കാരിൽ ക്യാബിനറ്റിൻെറ ഭാഗമായി 16 വനിതകളുണ്ടായിരുന്നു. രാജ്യത്തെ ഏകദേശം 42 ശതമാനം ലാറ്റിനോ വോട്ടുകളും ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ലഭിച്ചതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ 35 ശതമാനമായിരുന്നു ലഭിച്ചത്. എന്നാൽ, ഇതുവരെ ഈ വിഭാഗത്തിൽ നിന്ന് ഒരാളെ മാത്രമാണ് ട്രംപ് തൻെറ ക്യാബിനറ്റിൽ പരിഗണിച്ചിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാർകോ റൂബിയോ ആണ് ആ ഒരേയൊരാൾ.
വാക്സിൻ വിരുദ്ധ ആരോഗ്യ സെക്രട്ടറി
അമേരിക്കയിലെ ഏറ്റവും ജനപ്രിയ പ്രസിഡൻറുമാരിൽ ഒരാളാണ് ജോൺ എഫ്. കെന്നഡി. ഡെമോക്രാറ്റ് നേതാവ് കൂടിയായിരുന്ന കെന്നഡിയുടെ കുടുംബത്തിൽ നിന്നുമാണ് ട്രംപ് ഭരണകൂടത്തിലെ ആരോഗ്യ സെക്രട്ടറി വരുന്നത്. മുൻ ഡെമോക്രാറ്റ് കൂടിയായ റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെയാണ് ആരോഗ്യ സെക്രട്ടറിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തീരുമാനം വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഇപ്പോൾ തന്നെ ട്രംപ് വിമർശകരും അമേരിക്കൻ രാഷ്ട്രീയ വിദഗ്ദരും മുന്നറിയിപ്പ് നൽകുന്നുണ്ട്. തികഞ്ഞ വാക്സിൻ വിരുദ്ധനാണ് കെന്നഡി ജൂനിയർ. വാക്സിനുകൾ സുരക്ഷിതമല്ലെന്നും ഓട്ടിസത്തിന് കാരണമാവുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും അപകടകരമായ വാക്സിനെന്നാണ് കോവിഡ് വാക്സിനെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.
അശാസ്ത്രീയ പ്രചാരണങ്ങൾ നടത്തുന്ന ഒരാൾ ആരോഗ്യമേഖലയെ നയിച്ചാൽ അമേരിക്കയുടെ ഭാവി എന്താവുമെന്ന് യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗിലെ ഗ്ലോബൽ ഹെൽത്ത് വിഭാഗം അധ്യക്ഷയായ ദേവി ശ്രീധർ ദി ഗാർഡിയനിൽ എഴുതിയ ലേഖനത്തിൽ ചോദിക്കുന്നു. “അമേരിക്കയിലെ ആരോഗ്യ ഏജൻസികളെ നയിക്കുന്ന വ്യക്തിയെന്ന നിലയിൽ വരും വർഷങ്ങളിൽ കെന്നഡി ജൂനിയർ എന്തെല്ലാം അപകടങ്ങളാണ് ഉണ്ടാക്കാൻ പോവുന്നതെന്നാണ് കാത്തിരുന്ന് കാണേണ്ടത്. വാക്സിനേഷൻ ക്യാമ്പെയിനുകൾക്കുള്ള സാമ്പത്തികം അദ്ദേഹം വെെട്ടിക്കുറയ്ക്കുമോ? പുതിയ വാക്സിനുകളെക്കുറിച്ചുള്ള ഗവേഷണങ്ങളെ നിരുത്സാഹപ്പെടുത്തുമോ? മറ്റൊരു മഹാമാരി വരുമ്പോൾ വാക്സിനുകൾ വേണ്ടെന്ന് വെക്കുമോ? എങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും,” ദേവി ശ്രീധർ പറയുന്നു.
പാസ്ചറൈസ് ചെയ്യാത്ത അസംസ്കൃത പാൽ നേരിട്ട് കുടിക്കുന്നത് ആരോഗ്യത്തിന് വലിയ ഗുണം ചെയ്യുമെന്ന ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രസ്താവനയും കെന്നഡി ജൂനിയർ നടത്തിയിട്ടുണ്ട്. എന്നാൽ, ഇങ്ങനെ നേരിട്ട് പാൽ കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. യുഎസിൽ ക്ഷീര ഉൽപ്പന്നങ്ങൾ വഴി അണുബാധകൾ പകരുന്നതായി നിരവധി റിപ്പോർട്ടുകളുണ്ട്. പാലിലൂടെ പകരുന്ന എച്ച്1എൻ1 വൈറസിനെ ഇല്ലാതാക്കാൻ പാസ്ചുറൈസേഷന് സാധിക്കും. എന്നാൽ അസംസ്കൃത പാൽ കുടിക്കുന്നതിലൂടെ വൈറസ് വ്യാപനത്തിനാണ് സാധ്യതയുള്ളത്. ഇത്തരത്തിൽ അശാസ്ത്രീയത പ്രചരിപ്പിക്കാനാണ് കെന്നഡി ജൂനിയർ ശ്രമിക്കുന്നതെന്ന് ദേവി ശ്രീധർ കൂട്ടിച്ചേർക്കുന്നു. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്തുണ്ടായിരുന്ന കെന്നഡി ജൂനിയർ, പിന്നീട് സ്ഥാനാർഥിത്വം പിൻവലിച്ച് ട്രംപിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനുള്ള പ്രത്യുപകാരം കൂടിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന ആരോഗ്യ സെക്രട്ടറി പദം.
ഇസ്രായേൽ അനുകൂല, മുസ്ലിം വിരുദ്ധ ക്യാബിനറ്റ്
അമേരിക്കയിലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഇത്തവണ മുസ്ലിം വോട്ടുകൾ നിർണായകമായിരുന്നു. പരമ്പരാഗതമായി ഡെമോക്രാറ്റുകളെ പിന്തുണയ്ക്കാറുള്ള ഈ വോട്ട് ബാങ്കിൽ വലിയ വിള്ളൽ വീണിട്ടുണ്ട്. ലെബനനിലും ഗാസയിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കൻ തെരഞ്ഞെടുപ്പ് നടന്നത്. ബൈഡൻ - കമലാ ഭരണകൂടം ഇസ്രായേലിന് നിരുപാധിക പിന്തുണയാണ് നൽകിയത്. ഇതിൽ വലിയ വിയേജിപ്പുണ്ടായിരുന്ന അറബ് അമേരിക്കൻ, മുസ്ലിം വോട്ടർമാരിൽ ഒരു വിഭാഗം ട്രംപിനാണ് വോട്ട് ചെയ്തത്.
റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വലിയ ക്യാമ്പെയിൻ പോലും നടന്നിരുന്നു. എന്നാൽ ട്രംപിന് വോട്ട് ചെയ്തത് തങ്ങൾക്ക് വലിയ തിരിച്ചടിയായി മാറുകയാണെന്ന് ഭരണം തുടങ്ങുന്നതിന് മുൻപ് തന്നെ അവർക്ക് ബോധ്യമായിരിക്കുകയാണ്. ബൈഡനേക്കാൾ ഇസ്രായേൽ സൗഹൃദ നിലപാടായിരിക്കും ട്രംപിൻെറ ഭാഗത്ത് നിന്നുണ്ടാവുകയെന്ന് ഉറപ്പായിക്കഴിഞ്ഞു.
കടുത്ത ഇസ്രായേൽ അനുകൂലിയായ മാർകോ റൂബിയോയാണ് ട്രംപിൻെറ സ്റ്റേറ്റ് സെക്രട്ടറിയാവാൻ പോവുന്നത്. ഗാസയിൽ വെടിനിർത്തലിൻെറ ആവശ്യമില്ലെന്നും ‘പ്രാകൃത മൃഗങ്ങളായ’ ഹമാസിനെ ഇസ്രായേൽ പൂർണമായി ഇല്ലാതാക്കുന്നതിനെ പിന്തുണയ്ക്കുമെന്നുമാണ് ഈ വർഷം ആദ്യം റൂബിയോ നടത്തിയ ഒരു പ്രസ്താവന. എത്രമാത്രം മുസ്ലീം വിരുദ്ധതയിൽ ഊന്നിയാണ് ട്രംപ് ഭരണകൂടം പ്രവർത്തിക്കാൻ പോവുന്നതെന്ന് ഈ ഒരൊറ്റ നിയമനത്തിൽ നിന്ന് തന്നെ വ്യക്തം. ഇസ്രായേൽ അനുകൂലിയായ മൈക്ക് ഹുക്കാബിയാണ് അമേരിക്കയുടെ പുതിയ ഇസ്രായേൽ അംബാസഡർ. ഇതിൽ കാര്യമായി ആശ്ചര്യപ്പെടാനൊന്നുമില്ല. വെസ്റ്റ് ബാങ്കിലേക്കുള്ള ഇസ്രായേൽ അധിനിവേശത്തെ അനുകൂലിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഹുക്കാബി പലസ്തീൻ രാഷ്ട്ര രൂപീകരണം ഒരിക്കലും നടക്കാൻ പോവുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്. യുഎന്നിൻെറ യുഎസ് അംബാസിഡറായി വരാൻ പോവുന്ന എലിസെ സ്റ്റെഫാനിക്കാണ് മറ്റൊരു ഇസ്രായേൽ അനുകൂലി. ലെബനൻ - ഗാസ വിഷയങ്ങളിൽ യുഎൻ ഇപ്പോൾ തന്നെ കാര്യമായ ഒരിടപെടലും നടത്തുന്നില്ലെന്ന് വിമർശനം ഉയരുമ്പോഴാണ് യുഎസ് അംബാസിഡറായി എലിസെ വരുന്നത്.
മിഷിഗനിലും മറ്റ് ചില ചാഞ്ചാട്ട സ്റ്റേറ്റുകളിലും ട്രംപിന് വിജയം നേടിക്കൊടുക്കുന്നതിൽ മുസ്ലിം അറബ് വോട്ടർമാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. “ഞങ്ങളുടെ കൂടി പിന്തുണ കൊണ്ടാണ് ട്രംപ് വിജയിച്ചത്. സ്റ്റേറ്റ് സെക്രട്ടറിയടക്കം അദ്ദേഹത്തിൻെറ ക്യാബിനറ്റിലേക്കുള്ള പല തെരഞ്ഞെടുപ്പുകളിലും ഞങ്ങൾക്ക് അതൃപ്തിയുണ്ട്. ‘ട്രംപ് ഫോർ മുസ്ലിംസ്’ ക്യാമ്പെയിന് നേതൃത്വം നൽകിയ ഫിലാഡൽഫിയയിലെ നിക്ഷേപകൻ റബിയുൾ ചൗധരി വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു. “കടുത്ത ഇസ്രായേൽ അനുകൂലികളാണ് രണ്ടാം ട്രംപ് ക്യാബിനറ്റിലുള്ളത്. ഇവരെല്ലാവരും യുദ്ധ അനുകൂലികളാണ്. ഇത് ഡോണൾഡ് ട്രംപിൻെറ പരാജയമാണ്. സമാധാനത്തിന് വേണ്ടി ശ്രമിക്കുന്ന യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള തിരിച്ചടിയുമാണ്” - അമീൻ എന്ന അമേരിക്കൻ മുസ്ലിം സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ റെക്സിനാൾഡോ നസാർക്കോ പറഞ്ഞു.
നേരത്തെ ദേശീയ സുരക്ഷാ സേനയിൽ പ്രവർത്തിച്ചിരുന്ന, ഫോക്സ് ന്യൂസ് അവതാരകനായ പീറ്റ് ഹെഗ്സെയാണ് ട്രംപിൻെറ പ്രതിരോധ സെക്രട്ടറി. ഇറാഖ്, അഫ്ഗാൻ യുദ്ധങ്ങളിൽ നേരിട്ട് പങ്കെടുക്കുകയും കുപ്രസിദ്ധമായ ഗ്വോണ്ടനാമോ ജയിലിൻെറ ഗാർഡായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് ഹെഗ്സെ. അറ്റോർണി ജനറലായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാറ്റ് ഗെറ്റ്സെ, ലൈംഗികാരോപണമടക്കമുള്ള കേസുകളിൽ അന്വേഷണം നേരിട്ടിട്ടുണ്ട്. കടുത്ത ചൈനീസ് വിരുദ്ധനും യാഥാസ്ഥിതികനുമായ മൈക്ക് വാൾട്ട്സാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്.
2016-നേക്കാൾ കടുത്ത യാഥാസ്ഥിതിക വലതുനിലപാടുകളായിരിക്കും വരുന്ന നാല് വർഷം റിപ്ലബ്ലിക്കൻ പാർട്ടി ട്രംപിൻെറ നേതൃത്വത്തിൽ എടുക്കുക
ഇന്ത്യൻ അമേരിക്കൻ വംശജയായ തുൾസി ഗബാഡാണ് ദേശീയ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ. നേരത്തെ ഡെമോക്രാറ്റ് പാർട്ടിയിലായിരുന്ന തുൾസി 2022-ലാണ് പാർട്ടി വിട്ടത്. യുക്രൈയ്ൻ - റഷ്യ യുദ്ധത്തിൽ, അമേരിക്ക യുക്രൈയ്നെ പിന്തുണയ്ക്കുന്നതിൽ ഇവർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. രഹസ്യാന്വേഷണ മേഖലയിൽ പരിചയക്കുറവുണ്ടെന്ന വിമർശനം ഉയരുന്നുണ്ട്. കോവിഡ് കാലത്ത് രാജ്യവ്യാപകമായി മാസ്ക് ഉപയോഗിക്കണമെന്ന നിർദ്ദേശത്തെ എതിർത്തിരുന്ന ക്രിസ്റ്റി നോയെമാണ് ട്രംപ് ഭരണകൂടത്തിൻെറ ആഭ്യന്തര സുരക്ഷാ സെക്രട്ടറി.
ട്രംപിന് വോട്ട് ചെയ്ത ബ്ലാക്ക്, മുസ്ലിം, ലാറ്റിനോ വിഭാഗങ്ങൾ അധികാരമേൽക്കും മുമ്പ് തന്നെ അതൃപ്തി രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. 2025 ജനുവരി 20-നാണ് അമേരിക്കയിൽ പുതിയ ക്യാബിനറ്റ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കുക. 2016-നേക്കാൾ കടുത്ത യാഥാസ്ഥിതിക വലതുനിലപാടുകളായിരിക്കും വരുന്ന നാല് വർഷം റിപ്ലബ്ലിക്കൻ പാർട്ടി ട്രംപിൻെറ നേതൃത്വത്തിൽ എടുക്കുക. ക്യാബിനറ്റിൻെറ പൂർണമായ പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. ട്രംപ് 2.0 ഭരണകൂടത്തിൻെറ നയങ്ങൾ എന്താവുമെന്നും ഇനി കാണാനിരിക്കുന്നതേ ഉള്ളൂ…