ഗാസയുടെ സങ്കടങ്ങൾക്കൊപ്പമാണ് ക്രൈസ്തവലോകം. ബത്‌ലഹേമിൽ ആഘോഷങ്ങൾക്ക് പകരം കൊല്ലപ്പെട്ടുപോയവർക്കായുള്ള മൗനപ്രാർഥനകളാണ്. മിസൈലുകളും മിറാഷുകളും പക്ഷേ മൗനം പാലിക്കുന്നില്ല. കുരുതിക്കാറ്റിൽ പുൽക്കുടിലുകൾ പറന്നുപോയി. ബത്‌ലഹേമിൽ ഇന്ന് ക്രിസ്മസില്ല.
ക്രിസ്മസ് ഈവിന്റെ ആഘോഷങ്ങൾക്കിടയിൽ അമേരിക്കയുൾപ്പെടെയുള്ള ലോകരാജ്യങ്ങളത്രയും മദിച്ചുല്ലസിക്കവെ, പലസ്തീനിലെ അൽമഗാസി അഭയാർഥി ക്യാമ്പിന്റെ മൺതരികൾക്കൊപ്പം മനുഷ്യശരീരങ്ങൾ കുതിർന്നുകിടന്നത് കണ്ടെടുക്കുകയായിരുന്നു മനുഷ്യാവകാശസംഘനകൾ. പലസ്തീന്റെ മാനത്തെ നക്ഷത്രങ്ങൾ അന്നേരം മിഴി ചിമ്മിയിരിക്കണം. ഇസ്രായേലിന്റെ ഉന്മാദങ്ങൾ തുടലു പൊട്ടിക്കുക തന്നെയാണ്. നരബലിയിൽ നെതന്യാഹു 2023 ലെ 'മാൻ ഓഫ് ദ മാച്ച്' ആയി അറിയപ്പെടുന്നു.
വത്തിക്കാനിലെ സെന്റ്പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയ വിശ്വാസികളോട് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞതും ആഘോഷങ്ങൾക്ക് പകരം യുദ്ധമുഖത്ത് മരിച്ചുവീഴുന്നവർക്കായി പ്രാർഥിക്കാനും സംഘർഷമേഖലയിലേക്ക് ശാന്തിയുടെ സന്ദേശമെത്തിക്കാനുമാണ്. ക്രൈസ്തവസഹോദരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച അറബ് ലോകവും ക്രിസ്മസ് ദിനത്തിൽ സമാധാനത്തിന്റെയും സൗഭ്രാത്രത്തിന്റേയും തിരുമൊഴികളാണുരുവിട്ടത്.
സൗദി അറേബ്യയിൽ ക്രിസ്മസ് ആഘോഷത്തിന് രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ 'അറബ് ന്യൂസ് ' ഈ വർഷവും പ്രത്യേക സ്‌പെഷ്യൽ സപ്ലിമെന്റിറക്കി. കഴിഞ്ഞ വർഷം മുതലാണ് പൂർവമാതൃകകളെ തിരസ്‌കരിച്ച് സൗദിയിലെ ഏക ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസ് പുതുചരിത്രമെഴുതിയത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യയുടെ നവീനമായ സാംസ്‌കാരികമുഖമാണ് കാര്യമായ വിലക്കുകളോ നിയന്ത്രണങ്ങളോ ഇല്ലാതെ ഇത്തവണയും ക്രിസ്മസ് ആഘോഷത്തിന് സൗദി നഗരങ്ങളിലെ സ്വദേശികളും വിദേശികളും സാക്ഷ്യം വഹിക്കുന്നതിലൂടെ ലോകത്തിന് മുമ്പിൽ അനാവൃതമാക്കപ്പെട്ടത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ സമാധാനസന്ദേശമായിരുന്നു അറബ് ന്യൂസ് വായനക്കാരിലെത്തിച്ചത്.
- ഉവ്വ്, ഇതൊരു മാറ്റമാണ്. പുതിയ കാലത്തിലേക്കുള്ള കാൽവയ്പ്. സൗദിയുടെ മുഖം ലോകത്തിനു മുമ്പിൽ അവതരിപ്പിക്കപ്പെടുന്ന അറബ് ന്യൂസ് പത്രത്തിന് ഇത്തരത്തിലൊരു ക്രിസ്മസ് സ്‌പെഷ്യൽ പ്രസിദ്ധീകരിക്കാനായിയെന്നത് ഞങ്ങളെ സംബന്ധിച്ചേടത്തോളം വിപ്ലവകരമായ ഒരു അധ്യായമാണ്.
ക്രിസ്മസ് എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഇത്തരത്തിലുള്ള പതിപ്പ് എല്ലാ വർഷവും പുറത്തിറക്കാനാണ് അറബ് ന്യൂസിന്റെ തീരുമാനം. കാന്റർബറിയിലെ ആർച്ച് ബിഷപ്പിന്റേയും കോപ്റ്റിക് പോപ്പിന്റേയും സുപ്രധാനമായ സൗദി പര്യടനവും എല്ലാ വിശ്വാസികളുടേയും കൂട്ടായ്മയിലൂടെ സഹിഷ്ണുതയുടെ മഹാസന്ദേശമുയർത്തിപ്പിടിക്കുകയെന്ന സൗദി ഭരണാധികാരികളുടെ പ്രതിജ്ഞയുടേയും പ്രതീകം കൂടിയാണ് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ഈ തിരുപ്പിറവി ആഘോഷത്തിൽ ഞങ്ങളുടേയും പങ്കാളിത്തം - അറബ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ഫൈസൽ ജെ. അബ്ബാസ് എഡിറ്റ് പേജിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ ക്രിസ്മസ് സ്‌പെഷ്യൽ ഇറാനിലെ മനുഷ്യാവകാശ സംരക്ഷണത്തിനായി പൊരുതുന്നവർക്കും സമത്വത്തിന്റെ കൊടിയുയർത്തുന്ന അഫ്ഗാനിലെ വനിതകൾക്കുമായി സമർപ്പിക്കുന്നുവെന്നും അവർക്കുള്ള ആശംസ കൂടിയാണിതെന്നും കഴിഞ്ഞ ക്രിസ്മസിന് പത്രാധിപക്കുറിപ്പിൽ വ്യക്തമാക്കിയെങ്കിൽ ഇത്തവണ ഗാസയിലെ സഹോദരങ്ങളുടെ സങ്കടത്തോടൊപ്പമാണ് സൗദി ജനതയെന്ന് പ്രഖ്യാപിക്കപ്പെട്ടു.
സൗദി തലസ്ഥാനമായ റിയാദിലെ റിയാദ് മാളിലുൾപ്പെടെ ക്രിസ്മസ് ട്രീകളും മറ്റും ലഭ്യമായത്, ആഘോഷത്തിന് പൊലിമയേറ്റി. അൽകോബാറിലെ സാന്റാക്ലോസുകളും മറ്റു നഗരങ്ങളിലെ ക്രിസ്മസ് അപ്പൂപ്പൻമാരുമൊക്കെ, ഇന്നോളമുള്ള രാജ്യത്തെ സാമ്പ്രദായിക സങ്കൽപങ്ങളെ നിരാകരിക്കുകയും മാറ്റത്തിലേക്കുള്ള ജനപ്രിയമായ കുതിപ്പിന്റെ അടയാളങ്ങളായി മാറുകയും ചെയ്തു.
ഏഷ്യക്കാർക്കു പുറമെ ലെബനോൻ, സിറിയ, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അറബ്- ക്രൈസ്തവരും പടിഞ്ഞാറ് നിന്നുള്ള ക്രൈസ്തവരുമെല്ലാം ക്രിസ്മസ് ആഘോഷങ്ങളിൽ സജീവമായി. സൗദിയിലെ കോൺസുലേറ്റുകളിലും എംബസികളിലുമെല്ലാം ക്രിസ്മസ് ആഘോഷിച്ചു. സങ്കടങ്ങളുടെ ക്രിസ്മസിലും സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ വരവേൽക്കാൻ അറബ്‌ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.