2023 ഒക്ടോബർ 7നുശേഷം ഇസ്രായേൽ പലസ്തീൻ ജനതയ്ക്കുമേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 കടന്നു. ഡോണൾഡ് ട്രംപ് രണ്ടാം തവണ അമേരിക്കൻ പ്രസിഡൻറായി ചുമതലയേൽക്കുന്നതിന് തൊട്ടുമുമ്പായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയിൽ മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. കരാറിൽ ഹമാസും ഒപ്പിട്ടിരുന്നു. ഇസ്രായേൽ ജയിലിലുള്ള പലസ്തീനികളെയും ഹമാസ് ബന്ദികളാക്കിയിട്ടുള്ളവരെയും പരസ്പരം വിട്ടുകൊടുക്കുകയെന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. എന്നാൽ ഈ കരാറിൽ നിന്ന് ഇസ്രായേൽ പൊടുന്നനെ പിൻമാറുകയും വീണ്ടും മേഖലയിൽ ആക്രമണങ്ങൾ തുടരുകയും ചെയ്തിരിക്കുകയാണ്.
ഇപ്പോഴിതാ വടക്കൻ ഗാസയിൽ ഹമാസിനെതിരെ പലസ്തീൻ ജനത തന്നെ നേരിട്ട് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഹമാസിനെതിരെ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയ ജനം ഇസ്രായേലിനെതിരായ യുദ്ധം അവസാനിപ്പിക്കാനാണ് ആവശ്യപ്പെടുന്നത്. ഒക്ടോബർ 7-ലെ ആക്രമണത്തിനുശേഷം ഹമാസിൻെറ മേഖലയിൽ നിന്ന് അവർക്കെതിരെ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. നൂറുകണക്കിന് മനുഷ്യരാണ് യുദ്ധം അവസാനിപ്പിക്കണമെന്നും തങ്ങൾക്ക് സമാധാനം വേണമെന്നും ആവശ്യപ്പെടുന്നത്. ആക്രമണത്തിൻെറ രൂക്ഷതയിൽ ഗാസയിലെ മനുഷ്യർ പൊറുതിമുട്ടിയിരിക്കുന്നു. വെടിനിർത്തലിന് ശേഷമെങ്കിലും സമാധാനം ഉണ്ടാവുമെന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ കുറച്ച് ആഴ്ചകൾ നീണ്ടുനിന്ന വെടിനിർത്തൽ ഒരു മുന്നറിയിപ്പുമില്ലാതെ അവസാനിച്ചിരിക്കുന്നു.

ഹമാസ് പുറത്തുപോവണമെന്നും ഹമാസ് തീവ്രവാദികളാണ് എന്നും പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കുന്നു. ഗാസ മുനമ്പിൻെറ വടക്കൻ മേഖലയിലുള്ള ഇന്തോനേഷ്യൻ ആശുപത്രിക്ക് മുന്നിലാണ് പ്രധാനമായും പ്രതിഷേധം നടന്നത്. “യുദ്ധം അവസാനിപ്പിക്കൂ… ഞങ്ങൾക്ക് സമാധാനത്തോടെ ജിവിക്കണം’’ എന്നെഴുതിയ ബാനറുകൾ അവർ ഉയർത്തിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലഗ്രാമിലൂടെ പ്രതിഷേധത്തിനൊപ്പം അണിചേരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള കാമ്പയിനും നടന്നിരുന്നു. “ഹമാസ് ഗാസ വിട്ടാൽ മാത്രമേ സമാധാനം ഉണ്ടാവുകയുള്ളൂ എങ്കിൽ ജനങ്ങൾക്ക് വേണ്ടി ഹമാസ് അതിന് തയ്യാറാവണം,” പ്രതിഷേധക്കാരിലൊരാൾ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പ്രതികരിച്ചു. നിരന്തരമായ ആക്രമണങ്ങൾ കാരണം ജനം മടുത്തിരിക്കുന്നുവെന്നും അവർ പ്രതികരിച്ചു.
ജബലിയയിലെ ദുരിതാശ്വാസ ക്യാമ്പിന് മുന്നിലും യുദ്ധം അവസാനിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടന്നു. “ഞങ്ങൾക്ക് സമാധാനം വേണം, ഞങ്ങൾക്ക് ഭക്ഷണം വേണം,” റാലിയിൽ പങ്കെടുത്തവർ മുദ്രാവാക്യം ഉയർത്തി.
ഒന്നരവർഷത്തോളമായി തുടരുന്ന, 50000ത്തിലധികം മനുഷ്യജീവനുകൾ പൊലിഞ്ഞ, ലക്ഷക്കണക്കിന് മനുഷ്യരെ പരിക്കേൽപ്പിച്ച, മാനസികാരോഗ്യം ഇല്ലാതാക്കിയ, കുഞ്ഞുങ്ങളെ ഭയപ്പെടുത്തുന്ന സംഘർഷഭരിതമായ ഈ അന്തരീക്ഷം അവസാനിക്കണമെന്ന് ഗാസയിലെ മനുഷ്യർ ആത്മാർത്ഥമായി തന്നെ ആഗ്രഹിക്കുന്നു. അവർ സമാധാനം കാംക്ഷിക്കുന്നു. തങ്ങളുടെ വരും തലമുറയ്ക്കെങ്കിലും നല്ല ജീവിതം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. പ്രതിഷേധക്കാരെ ഹമാസിൻെറ നേതൃത്വത്തിൽ തന്നെ അടിച്ചമർത്തുകയാണ് ചെയ്തതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹമാസിനെതിരെ നേരത്തെയും ഗാസയിൽ നിന്ന് പ്രതിഷേധസ്വരങ്ങൾ ഉയർന്നിട്ടുണ്ട്. ഗാസയിലെ ഒരുവിഭാഗം മനുഷ്യരെ ഇസ്രായേൽ പ്രതിഷേധത്തിനായി ഇളക്കിവിടുകയാണെന്ന് ഹമാസ് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

അക്ഷരാർത്ഥത്തിൽ ഗാസയിൽ ചോരപ്പുഴ ഒഴുക്കുകയാണ് ഇസ്രായേൽ. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെന്ന് പറഞ്ഞുകൊണ്ട് നടക്കുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത് നിരപരാധികളായ മനുഷ്യരാണ്. വെടിനിർത്തലിന് മുമ്പുള്ള കണക്കുകൾ പ്രകാരം 46,707 പേരാണ് പലസ്തീനിൽ കൊല്ലപ്പെട്ടത്. ഇതിൽ 12000 പേർ കുട്ടികളും 7000 പേർ സ്ത്രീകളുമായിരുന്നു. ഇപ്പോൾ വീണ്ടും ആക്രമണം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 50000 കടന്നിരിക്കുന്നു. ഏകപക്ഷീയമായ ആക്രമണങ്ങളിൽ മനുഷ്യർ മരിച്ചുവീഴുന്നുവെന്നല്ലാതെ സമാധാനത്തിനുള്ള ഒരു ശ്രമവും നടക്കുന്നില്ല. അമേരിക്ക എക്കാലത്തേതിനേക്കാളും ശക്തമായി തന്നെ ഇസ്രായേലിനെ പിന്തുണയ്ക്കുന്നു. ഗാസയിൽ നിന്ന് മുഴുവൻ മനുഷ്യരെയും ഒഴിപ്പിച്ച് അവിടെ മനോഹരമായ വിനോദസഞ്ചാരകേന്ദ്രം തീർക്കുകയെന്നതൊക്കെയാണ് ട്രംപിൻെറ സ്വപ്നം. അതിനാൽ ബെഞ്ചമിൻ നെതന്യാഹുവിൻെറ നേതൃത്വത്തിൽ ഇസ്രായേൽ സൈന്യം നടത്തുന്ന ക്രൂരതകൾക്കെല്ലാം ട്രംപിൻെറയും നിരുപാധികമായ പിന്തുണ തുടർന്നുമുണ്ടാവും. ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾക്ക് വിഷയത്തിൽ ഒരു ചെറുവിരൽ പോലും അനക്കാൻ സാധിക്കുന്നുമില്ല.