ഇത്തവണ ഓസ്കാർ അവാർഡ് നേടിയ പലസ്തീൻ സംവിധായകൻ ഹംദാൻ ബല്ലാലിനുനേരെ ഇസ്രായേലി സായുധസംഘത്തിന്റെ ആക്രമണം. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഇസ്രായേൽ സൈന്യം അറസ്റ്റു ചെയ്തു.
ഡോക്യുമെന്ററി- ഫീച്ചർ വിഭാഗത്തിൽ ഓസ്‌കർ നേടിയ No Other Land എന്ന ഡോക്യുമെന്ററിയുടെ നാല് സംവിധായകരിൽ ഒരാളാണ് ഹംദാൻ. അധിനിവേശ വെസ്റ്റ് ബാങ്കിൽവെച്ചാണ് 15 പേരടങ്ങുന്ന ഇസ്രായേലി സായുധസംഘം ഹംദാനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഒപ്പമുണ്ടായിരുന്ന പലസ്തീനികൾക്കു നേരെ കല്ലെറിയുകയും ഹംദാന്റെ കാറും വീടിനടുത്തുള്ള വാട്ടർ ടാങ്കും തകർക്കുകയും ചെയ്തു. ആക്രമണത്തിൽ ഹംദാന്റെ തലക്കും വയറ്റിലും സാരമായി പരിക്കേറ്റു. രക്തം വാർന്നുപോകുന്ന നിലയിലായിരുന്ന ഹംദാനെ, അക്രമിസംഘത്തോടൊപ്പമുണ്ടായിരുന്ന സൈനികർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും സൈന്യത്തിന് കൈമാറുകയുമായിരുന്നു. വീട്ടിലെത്തിച്ചശേഷം സൈന്യവും അദ്ദേഹത്തെ മർദ്ദിച്ചതായി റിപ്പോർട്ടുണ്ട്.
ഇസ്രായേലി സംഘം ആക്രമണം തുടങ്ങിയ ഉടൻ ഹംദാൻ തന്റെ കുടുംബത്തെ സുരക്ഷിതരാക്കാൻ ശ്രമിച്ചു. അദ്ദേഹം സഹായത്തിന് അഭ്യർത്ഥിച്ചപ്പോൾ, സൈന്യം ആകാശത്തേക്ക് വെടിവെച്ച്, ഹംദാനെ രക്ഷപ്പെടുത്താൻ എത്തിയവരെ തുരത്തുകയും അദ്ദേഹത്തെ അക്രമികൾക്ക് വിട്ടുകൊടുക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഹംദാൻ വിളിച്ച ആംബുലൻസും സൈന്യം തടഞ്ഞുവച്ചു. ഹംദാനെയും മറ്റു രണ്ടുപേരെയും സുസിയയിലെ ഒരു ഗ്രാമത്തിലാണ് തടവിലാക്കിയിരിക്കുന്നതെന്ന് അഭിഭാഷകർ അറിയിച്ചു. ഇസ്രായേലി പൗരർക്കെതിരെ ഭീകരർ നടത്തിയ ആക്രമണത്തെതുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.

നോ അദർ ലാന്റ് എന്ന ഡോക്യുമെന്ററിയ്ക്ക് ലഭിച്ച ആഗോള അംഗീകാരമാണ് ഇസ്രായേലി അക്രമികളെ പ്രകോപിപ്പിച്ചതെന്ന് ചിത്രത്തിന്റെ മറ്റൊരു സംവിധായകനായ ബാസൽ അദ്ര പറഞ്ഞു. ഓസ്കാർ ലഭിച്ചശേഷം ഹംദാൻ താമസിക്കുന്ന ഗ്രാമത്തിൽ പലസ്തീനികളെ ഇസ്രായേലി താമസക്കാർ ആക്രമിക്കുന്നത് നിത്യസംഭവമാണ്. ഓസ്‌കാറിൽ അംഗീകാരം ലഭിച്ചതിനുള്ള പ്രതികാരമാകാം ഈ സംഭവം- ബാസൽ ഗാർഡിയനോട് പറഞ്ഞു.
നോ അദർ ലാന്റ് എന്ന ഡോക്യുമെന്ററിയുടെ അണിയറപ്രവർത്തകർക്കുനേരെ മുമ്പും ഇസ്രായേലി അക്രമികളുടെ സംഘടിത ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ബാസൽ അദ്രയെ ഇസ്രായേലി മുഖംമൂടി സംഘം വളഞ്ഞുവെച്ച് ആക്രമിച്ചിരുന്നു. ഡോക്യുമെന്ററിയുടെ മറ്റു ക്രൂ അംഗങ്ങളും പല സ്ഥലങ്ങളിൽവെച്ച് ആക്രമണത്തിനിരയായിട്ടുണ്ട്.
ഇസ്രായേൽ ആക്രമണങ്ങളുടെ ഇരകളും സാക്ഷികളുമായ സിനിമാപ്രവർത്തകരുടെ കൂട്ടായ്മയിൽ പിറന്ന ഡോക്യുമെന്ററിയാണ് No Other Land. 2019- 2023 കാലത്ത് വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്തുള്ള മസാഫർ യാട്ടയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളാണ് പ്രധാന പ്രമേയം. ബാസൽ അദ്ര, ഹംദാൻ ബല്ലാൽ, യുവാൽ എബ്രഹാം, റേച്ചൽ സോർ എന്നിവരാണ് സംവിധായകർ.
1980-കളിൽ ഇസ്രായേൽ സൈന്യം സൈനിക മേഖലയായി പ്രഖ്യാപിച്ച മസാഫർ യാട്ടയ്ക്കടുത്തുവെച്ചാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. പലസ്തീനികൾക്കെതിരായ അതിക്രമങ്ങളും പലസ്തീന്റെ ചെറുത്തുനിൽപ്പുമാണ് പ്രമേയം. 1967-നുശേഷം ഇസ്രായേൽ നടത്തിയ ഏറ്റവും ഹിംസാത്മകമായ കുടിയൊഴിക്കലിന്റെ ദൃശ്യങ്ങൾ ഡോക്യുമെന്ററിയെ ഒരു ചരിത്രരേഖ കൂടിയാക്കുന്നു. സംവിധായകരിൽ ഒരാളായ ബാസെൽ അദ്രയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
യു.എസിൽ ചിത്രം തിയേറ്ററിലെത്തിക്കാൻ ഒരു വിതരണക്കാരനെ പോലും ലഭിച്ചില്ല. 'സിനിമയുടെ ചരിത്രത്തിലെ ദുഃഖകരമായ ഒരു നിമിഷം' എന്നാണ് ഓസ്‌കാർ ലഭിച്ചതറിഞ്ഞ് ഇസ്രായേൽ സാംസ്‌കാരികമന്ത്രി മികി സോഹർ പ്രതികരിച്ചത്. 2024-ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച പ്രേക്ഷകപിന്തുണയുള്ള സിനിമയായും മികച്ച ഡോക്യുമെന്ററിയായും നോ അദർ ലാന്റ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബെസ്റ്റ് നോൺ ഫിക്ഷൻ വിഭാഗത്തിൽ ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ പുരസ്‌കാരവും നേടി.