പലസ്തീന്റെ ശബ്ദമില്ലാത്ത ട്രംപിന്റെ ഗാസാ സമാധാനപദ്ധതിയിലെ വൈരുദ്ധ്യങ്ങൾ

“ഗാസയിലെ ജനങ്ങൾ സമാധാനം അർഹിക്കുന്നു. എന്നാൽ, സമാധാനം അവരുടെ അവകാശങ്ങളെയും ആത്മാഭിമാനത്തെയും സ്വയം നിർണയ അവകാശങ്ങളെയും പരിഗണിച്ച് കൊണ്ടാവണം. അതൊരിക്കലും താൽക്കാലിക വിലപേശലുകളുടെ അടിസ്ഥാനത്തിൽ അനീതി തുടർന്നുകൊണ്ടാവരുത്,” കെ.എം. സീതി എഴുതുന്നു.

ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമഗ്ര പദ്ധതിയെ നിരവധി രാജ്യങ്ങൾ ചരിത്രപരമായ ഒരു വഴിത്തിരിവായിട്ടാണ് വിലയിരുത്തുന്നത്. പദ്ധതിയോട് യോജിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു, പിന്നാലെ വൈറ്റ് ഹൗസ് 20 പോയിന്റുകളടങ്ങിയ നിർദ്ദേശങ്ങളുടെ പൂർണ്ണരൂപവും പുറത്തിറക്കി. ഒറ്റനോട്ടത്തിൽ, സജീവമായ ആക്രമണം അവസാനിപ്പിക്കാനും, ബന്ദികളെ തിരികെയെത്തിക്കാനും, അടിയന്തര മാനുഷിക സഹായം എത്തിക്കാനും കഴിയുന്ന നടപടികൾ പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് കാണാം. വെടിനിർത്തൽ, ഘട്ടംഘട്ടമായുള്ള ഇസ്രായേലി സൈന്യത്തിൻെറ പിൻവാങ്ങൽ, ബന്ദികളാക്കുകയും തടവുകാരെയും കൈമാറ്റം ചെയ്യൽ എന്നിവയെല്ലാം പദ്ധതിയിലുണ്ട്. പദ്ധതി അംഗീകരിച്ച് എഴുപത്തിരണ്ട് മണിക്കൂറിനുള്ളിൽ, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ എല്ലാ ഇസ്രായേലി ബന്ദികളെയും ഹമാസ് തിരികെ നൽകണം, അതേസമയം ജീവപര്യന്തം തടവ് അനുഭവിക്കുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 250 തടവുകാരെയും 2023 ഒക്ടോബർ മുതൽ അറസ്റ്റിലായ 1,700-ലധികം ഗാസക്കാരെയും ഇസ്രായേലും മോചിപ്പിക്കും. ഭക്ഷണം, മരുന്ന്, വെള്ളം, വൈദ്യുതി, ആശുപത്രി അറ്റകുറ്റപ്പണികൾ, മാലിന്യങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ അടിയന്തര സഹായങ്ങളെല്ലാം നടപ്പിലാക്കും. അന്താരാഷ്ട്ര നിരീക്ഷണത്തിൽ റഫ ക്രോസിംഗ് വീണ്ടും തുറക്കും. ഐക്യരാഷ്ട്രസഭ, റെഡ് ക്രസന്റ്, നിഷ്പക്ഷ ഏജൻസികൾ എന്നിവയിലൂടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യും.

കടലാസിൽ, പദ്ധതി ഗാസയിലെ സംഘർഷങ്ങൾ അവസാനിപ്പിച്ച് മേഖലയെ പുരോഗതിയിലേക്ക് നയിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്. എന്നിരുന്നാലും, പഴയ പദ്ധതികൾ നോക്കുമ്പോൾ പദ്ധതിയുടെ വിശദാംശങ്ങളിലാണ് വലിയ അപകടങ്ങൾ കിടക്കുന്നത്.

ഗാസയിലെ ഭരണമാറ്റത്തെക്കുറിച്ചും ട്രംപിന്റെ പദ്ധതിയിൽ നിർദ്ദേശങ്ങളുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് പകരം, ട്രംപ് നേരിട്ട് അധ്യക്ഷനായ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ പോലുള്ള വ്യക്തികൾ ഉൾപ്പെടുന്ന, 'ബോർഡ് ഓഫ് പീസ്' എന്ന പുതിയ അന്താരാഷ്ട്ര സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ സാങ്കേതിക വിദഗ്ദ്ധരായ ഒരു പലസ്തീൻ കമ്മിറ്റിയായിരിക്കും ഗാസ ഭരിക്കുക. ഹമാസിനെ നിരായുധീകരിക്കുകയും സംഘത്തിലുള്ളവർക്ക് പൊതുമാപ്പ് നൽകുകയും ചെയ്യും. യുഎസ്, അറബ്, പ്രാദേശിക പങ്കാളികൾ അടങ്ങുന്ന ഒരു ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്‌സ് (ISF) പുതുതായി പരിശീലനം ലഭിച്ച പലസ്തീൻ പോലീസിനൊപ്പം ഗാസയുടെ സുരക്ഷാ പ്രവ‍ർത്തനങ്ങൾക്ക് നേതൃത്വം നൽകും. അവസാനമായി, പലസ്തീൻ അതോറിറ്റിയുടെ പരിഷ്കാരങ്ങളും ട്രംപിന്റെ 2020 ലെ 'Peace to Prosperity' പദ്ധതി അടിസ്ഥാനമാക്കിയും പലസ്തീൻ സ്വയം നിർണ്ണയത്തിനും പരമാധികാര രാഷ്ട്രത്തിനും വേണ്ടിയുള്ള ഒരു പാതയിലേക്കും വിരൽ ചൂണ്ടുന്നു.

കടലാസിൽ, പദ്ധതി ഗാസയിലെ സംഘർഷങ്ങൾ അവസാനിപ്പിച്ച് മേഖലയെ പുരോഗതിയിലേക്ക് നയിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്. എന്നിരുന്നാലും, പഴയ പദ്ധതികൾ നോക്കുമ്പോൾ പദ്ധതിയുടെ വിശദാംശങ്ങളിലാണ് വലിയ അപകടങ്ങൾ കിടക്കുന്നത്. 2020-ലെ അനുഭവം അതാണ് നമ്മെ പഠിപ്പിക്കുന്നത്. ട്രംപിന്റെ പുതിയ നിർദ്ദേശങ്ങൾ മുൻ പദ്ധതിയിൽ നിന്ന് വ്യത്യസ്തമായി പുതിയ പ്രദേശങ്ങളുടെ കൂട്ടിച്ചേർക്കൽ ഒഴിവാക്കുന്നുണ്ട്, എന്നാൽ പലസ്തീൻ ജനതയുടെ ശബ്ദങ്ങൾക്ക് ഒരു പ്രാധാന്യവും നൽകുന്നില്ല എന്നിടത്താണ് ഇതിലെ അസമത്വം കുടികൊള്ളുന്നത്. ഓസ്ലോ മുതൽ എല്ലാ സമാധാന പദ്ധതികളും പാളിപ്പോയത് ഇക്കാരണത്താലാണ്. അടിസ്ഥാനപരമായ ചോദ്യം അവശേഷിക്കുകയാണ്: ഇത് യഥാർത്ഥത്തിൽ സമാധാനത്തിലേക്കുള്ള മാർഗ്ഗനിർദ്ദേശമാണോ അതോ ഗാസയെ കേവലം ഒരു മാനുഷിക പദ്ധതിയായി ചുരുക്കി, പലസ്തീന് രാഷ്ട്രപദവിയെന്ന ആവശ്യം പരിഗണിക്കാതെ തയ്യാറാക്കിയ ഒരു വെടിനിർത്തൽ കരാറാണോ?

ഗാസയിലെ ഭരണമാറ്റത്തെക്കുറിച്ചും ട്രംപിന്റെ പദ്ധതിയിൽ നിർദ്ദേശങ്ങളുണ്ട്
ഗാസയിലെ ഭരണമാറ്റത്തെക്കുറിച്ചും ട്രംപിന്റെ പദ്ധതിയിൽ നിർദ്ദേശങ്ങളുണ്ട്

പരമാധികാരമില്ല,
നിബന്ധനകൾ മാത്രം

2020-ലെ Peace to Prosperity പദ്ധതിയെ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കരാറെന്നൊക്കെ വിശേഷിപ്പിച്ചവരുണ്ട്. എന്നാൽ, അത് യാഥാർത്ഥ്യമായി വന്നപ്പോൾ ഇസ്രായേലിൻെറ അധിനിവേശത്തിന് കൂട്ടുനിൽക്കുകയാണ് ചെയ്തത്. ജെറുസലേമിനെ ഇസ്രായേലിൻെറ മാത്രം തലസ്ഥാനമാക്കി, പലസ്തീൻ അഭയാർത്ഥികൾക്ക് തിരിച്ച് വരാനുള്ള അവകാശം നിഷേധിച്ചു, പലസ്തീന് പരമാധികാരം നൽകാതെ ചില മേഖലകളിൽ ജനതയ്ക്ക് ഒതുങ്ങിക്കഴിയാനുള്ള സാഹചര്യം ഉണ്ടാക്കുകയുമാണ് ചെയ്തത്. ഇസ്രായേലിനെ ഒരു ജൂത രാഷ്ട്രമായി അംഗീകരിക്കൽ, നിരായുധീകരണം, വ്യാപകമായ ഭരണ പരിഷ്കാരങ്ങൾ എന്നിങ്ങനെ പലസ്തീനികളുടെ മേൽ എല്ലാ ഭാരവും ചുമത്തി, അതേസമയം ഇസ്രായേലിന് ഭൂമിയുടെ കാര്യത്തിലും അവകാശങ്ങളുടെ കാര്യത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുത്തു. ആ പദ്ധതി പലസ്തീനികൾ പൊതുവെ നിരസിക്കുകയും അന്താരാഷ്ട്ര സമൂഹം വ്യാപകമായി വിമർശിക്കുകയും ചെയ്തിട്ടുള്ളതാണ്.

2025-ലെ ഗാസ പദ്ധതി ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമാണെന്നാണ് അവകാശപ്പെടുന്നത്. പ്രദേശങ്ങൾ കൂട്ടിച്ചേർക്കൽ ഇല്ല, സ്ഥിരതയ്ക്കായി ഒരു അന്താരാഷ്ട്ര സമിതി, ഉടനടി മാനുഷിക സഹായം എന്നിവയൊക്കെയാണ് ഇപ്പോഴത്തെ പ്രത്യേകതകളായി പറയുന്നത്. എന്നാൽ നിയന്ത്രണങ്ങളോടു കൂടി അധികാരം നൽകുന്ന തരത്തിലുള്ള സ്വതന്ത്രമേഖലയെന്ന നിർദ്ദേശം തന്നെയാണ് ഈ പദ്ധതിയുടെയും അടിസ്ഥാനം. പദ്ധതികൾ പൂർത്തിയാക്കിയതിനുശേഷം മാത്രം പലസ്തീൻ അതോറിറ്റിക്ക് ഗാസയുടെ ഭരണത്തിന് അനുമതി നൽകുകയുള്ളൂവെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് 2020-ലെ പദ്ധതിയിലും ഉൾപ്പെട്ടിട്ടുള്ള കാര്യമാണ്. ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെടണം, അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കീഴടങ്ങുകയോ മറ്റ് മാർഗ്ഗങ്ങൾ തേടുകയോ ചെയ്യാം. ഇതിനിടയിൽ, തെരഞ്ഞെടുക്കപ്പെട്ട പലസ്തീനികൾക്കല്ല ഗാസയുടെ ചുമതല, പകരം വിദേശികൾ നേതൃത്വം നൽകുന്ന സമാധാന സമിതിക്കാണ് (Board of Peace). ഇത് പരമാധികാരമല്ല. പലസ്തീനികളോട് ഒരിക്കൽ കൂടി, അനിശ്ചിതകാലത്തേക്ക് കാത്തിരിക്കാൻ പറയലാണ്. അവരുടെ ഭാവി നിശ്ചയിക്കാൻ പോവുന്നത് മറ്റുള്ളവരാണ്.

ഇത് പരമാധികാരമല്ല. പലസ്തീനികളോട് ഒരിക്കൽ കൂടി, അനിശ്ചിതകാലത്തേക്ക് കാത്തിരിക്കാൻ പറയലാണ്. അവരുടെ ഭാവി നിശ്ചയിക്കാൻ പോവുന്നത് മറ്റുള്ളവരാണ്.

ഇതിൻെറ അപകടം ചെന്നുനിൽക്കുന്നത്, 1948-ലെ വിഭജനത്തിന് ശേഷം ആഗോളസമൂഹം ഉറപ്പ് നൽകിയിരുന്ന പലസ്തീൻ പരമാധികാര രാഷ്ട്രത്തിനായി ആ ജനതയെ അനിശ്ചിതകാലത്തേക്ക് വീണ്ടും കാത്ത് നിർത്തുക എന്നത് തന്നെയാണ്. പദ്ധതി ഒരു വിശ്വസനീയമായ പാതയെക്കുറിച്ച് വ്യക്തത നൽകാതെ പറയുന്നുണ്ട്, എന്നാൽ പലസ്തീനികൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത മാനദണ്ഡങ്ങളാണ് അതിൻെറ കാതൽ. ഇത് സുപ്രധാനമായ ആശങ്ക ഉയർത്തുന്ന കാര്യമാണ്. ഇപ്പോഴത്തെ ഗാസ പദ്ധതി എന്നുപറയുന്നത് ആയുധം താഴെവെച്ച് വെടിനിർത്തലിന് വേണ്ടിയുള്ള ഒരു രൂപരേഖ തയ്യാറാക്കി സാമ്പത്തിക സംഭാവനകൾ ലക്ഷ്യമിടുകയാണോ? അതേസമയം തന്നെ പലസ്തീൻ പരമാധികാരരാഷ്ട്രം എന്നത് ചർച്ചയാക്കാതെ വിടുകയാണ്. അങ്ങനെയെങ്കിൽ, ഓസ്ലോ കരാറിൽ സംഭവിച്ച ഗുരുതരമായ പാളിച്ചകൾ ഇവിടെയും ആവർത്തിക്കപ്പെടും. അധിനിവേശം, പ്രദേശം കയ്യേറൽ, ജനങ്ങളുടെ ജിവിതത്തിൻെറ അനിശ്ചിതാവസ്ഥ തുടങ്ങിയ കഠിനമായ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും ഇല്ലാതെയാവും.

പലസ്തീന് പ്രതിനിധാനമില്ല

നിലവിലെ നിർദ്ദേശങ്ങളുടെ ഏറ്റവും വലിയ ദൗർബല്യം, പദ്ധതിയുടെ കരട് തയ്യാറാക്കുന്നതിൽ പലസ്തീൻ ജനതയുടെ പങ്കാളിത്തത്തിലുള്ള പൂർണ്ണമായ അഭാവമാണ്. ഒരിക്കൽ കൂടി, സമാധാന പദ്ധതിക്കുള്ള രൂപരേഖ തയ്യാറാക്കിയിരിക്കുന്നത് വാഷിങ്ടണും ടെൽ അവീവുമാണ്. പിന്നീട് അറബ് സർക്കാരുകളുടെ പിന്തുണയും നേടിയെടുത്തു. ചർച്ചയിലൊന്നും തന്നെ പലസ്തീൻ അതോറിറ്റിയെയും ഭാഗഭാക്കാക്കിയില്ല. പലസ്തീൻ ജനതയുടെ ശബ്ദം പരിഗണിച്ചേയില്ല. ഈ ഒഴിവാക്കൽ തുടക്കം മുതൽ തന്നെ പദ്ധതിയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടവരെ ഒഴിവാക്കിക്കൊണ്ടുള്ള സമാധാനപദ്ധതികളൊന്നും തന്നെ വിജയം കാണില്ലെന്ന് ഉറപ്പാണ്.

പദ്ധതി നിറയെ വിരോധാഭാസമാണ്. യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും തുല്യമായ പ്രവൃത്തികൾക്ക് നെതന്യാഹു ഉത്തരവാദിയാണെന്ന് അന്താരാഷ്ട്ര കോടതികളായ ഐസിസിയും ഐസിജെയും നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ട്രംപ് നെതന്യാഹുവിനെ സംരക്ഷിക്കുന്നു. ഇരുവരും ചേർന്ന് ചരിത്രപരമായ ഒരു സമാധാനപദ്ധതി പ്രഖ്യാപിക്കുന്നു! ഇത്തരമൊരു പ്രക്രിയയ്ക്ക് എന്ത് വിശ്വാസ്യതയാണ് അവകാശപ്പെടാൻ കഴിയുക? അതിക്രമങ്ങൾ നടത്തുന്നവർ സമാധാനത്തിന്റെ ശിൽപികളാവുകയും ഇരകൾ ഒഴിവാക്കപ്പെടുകയും ചെയ്യുന്നത് അന്താരാഷ്ട്ര ചർച്ചകൾ എത്രത്തോളം പരിഹാസ്യമാവുന്നുവെന്നാണ് തെളിയിക്കുന്നത്. എന്നിരുന്നാലും, ഹമാസ് ചെയ്യുന്ന കുറ്റകൃത്യങ്ങൾ അവഗണിക്കാൻ കഴിയില്ല - സാധാരണക്കാരെ പരിചയായി ഉപയോഗിക്കുക, ബന്ദികളാക്കുക, അക്രമങ്ങൾ തുടരുക എന്നിവ ന്യായീകരിക്കാനാവാത്ത കാര്യങ്ങളാണ്. എന്നാൽ, അതിന് പകരമായി പലസ്തീൻെറ പ്രാതിനിധ്യം മുഴുവൻ പരിഗണിക്കാതിരിക്കുകയും ആ ജനത എല്ലാം എതിർസ്വരങ്ങളില്ലാതെ അനുസരിക്കുകയും ചെയ്യണമെന്ന് പറയുന്നതിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ട്. നിരവധി പരിമിതികളുണ്ടെങ്കിലും പലസ്തീൻ അതോറിറ്റിയാണ് ജനതയെ പ്രതിനിധീകരിക്കുന്നത്. പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ, പലസ്തീനികളുടെ മൊത്തം രാഷ്ട്രീയ ഏജൻസി പരിഗണിക്കാതിരിക്കുകയും, അവരെ സഹായത്തിന്റെയും ബാഹ്യഭരണത്തിന്റെയും നിഷ്ക്രിയ സ്വീകർത്താക്കളായി ചുരുക്കുകയും ചെയ്യുകയാണ്. വിരോധാഭാസം വ്യക്തമാണ്: പലസ്തീൻ മാറുമെന്നും മാറണമെന്നും ട്രംപ് അവകാശപ്പെടുന്നു. എന്നാൽ, പലസ്തീനികൾക്ക് സ്വയംഭരണം നൽകി അവർ പരിഷ്കരിക്കപ്പെടുന്നതിനുള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നു.

യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും തുല്യമായ പ്രവൃത്തികൾക്ക് നെതന്യാഹു ഉത്തരവാദിയാണെന്ന് അന്താരാഷ്ട്ര കോടതികളായ ഐസിസിയും ഐസിജെയും നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്
യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും തുല്യമായ പ്രവൃത്തികൾക്ക് നെതന്യാഹു ഉത്തരവാദിയാണെന്ന് അന്താരാഷ്ട്ര കോടതികളായ ഐസിസിയും ഐസിജെയും നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്

ആഗോള സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന യുണൈറ്റഡ് നേഷൻസിനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതും ഒരുപോലെ പ്രതിഷേധാർഹമാണ്. അന്താരാഷ്ട്ര നിയമപ്രകാരം അധികാരമുള്ള യുഎൻ സമാധാന സേനയ്ക്ക് പകരം, യുഎസും സഖ്യകക്ഷികളും നിയന്ത്രിക്കുന്ന ഒരു അന്താരാഷ്ട്ര സ്ഥിരം സമിതി മതിയെന്നതിൽ ട്രംപ് ഉറച്ചുനിൽക്കുന്നു. ഈ സമിതി നിഷ്പക്ഷമായി പ്രവർത്തിക്കില്ല, അതിന് കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. യുഎന്നിനോടുള്ള ട്രംപിന്റെ വൈരാഗ്യം എല്ലാവർക്കും അറിയാവുന്നതാണ്: സുരക്ഷാ കൗൺസിലിൽ ഇസ്രായേലിനെ സംരക്ഷിക്കുന്നതിനുള്ള വീറ്റോകൾ മുതൽ, യു.എൻ ഏജൻസികളിൽ നിന്നുള്ള പിൻവാങ്ങലുകളും പരസ്യമായ വിമർശനങ്ങളും വരെ. അതുകൊണ്ട് തന്നെ ഈ പദ്ധതിയിലും ഐക്യരാഷ്ട്രസഭയെ മാറ്റിനിർത്തുന്നതിൽ അതിശയിക്കാനില്ല, പക്ഷേ കാര്യങ്ങൾ അത്യധികം ആശങ്കാജനകമാണ്.

നീതിയില്ലാത്ത വെടിനിർത്തൽ

ഗാസയ്ക്ക് അടിയന്തരമായി സമാധാനം വേണമെന്നതിൽ സംശയമില്ല. നാശനഷ്ടങ്ങളുടെയും, കുടിയിറക്കലുകളുടെയും, മരണത്തിന്റെയും തോത് ഭയപ്പെടുത്തുന്നതാണ്. വെടിനിർത്തലും സഹായങ്ങളുമാണ് എത്രയും പെട്ടെന്ന് വേണ്ടത്. എന്നാൽ, നീതിയില്ലാത്ത സമാധാനത്തിന് നിലനിൽപ്പുണ്ടാവില്ല. ജറുസലേം, അഭയാർത്ഥികൾ, കുടിയേറ്റ കേന്ദ്രങ്ങൾ, പരമാധികാരം തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ ഒഴിവാക്കുന്നതിലൂടെ 2025-ലെ പദ്ധതി മറ്റൊരു താൽക്കാലിക പരിഹാരമായി മാറാനുള്ള സാധ്യത കൂടുതലാണ്. ഇത് താൽക്കാലികമായി മേഖലയിലെ സംഘർഷം കുറച്ചേക്കാം. എന്നാൽ പ്രതിസന്ധിക്ക് ശാശ്വതപരിഹാരമാവില്ല.

പുറത്ത് നിന്ന് ഇടപെടൽ നടത്താറുള്ള മധ്യസ്ഥരുടെ പങ്കും ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഖത്തർ, ഈജിപ്ത്, ഐക്യരാഷ്ട്രസഭ എന്നിവരെ മാറ്റിനിർത്തിയുള്ള ട്രംപിൻെറ പ്രഖ്യാപനം ഒറ്റയ്ക്ക് ക്രെഡിറ്റ് നേടാനുള്ള ശ്രമത്തിൻെറ ഭാഗമാണോ? ഒരാൾക്ക് ഒറ്റയ്ക്ക് ഇത്തരം വിഷയങ്ങളിൽ സമാധാനം ഉണ്ടാക്കാൻ സാധിക്കില്ല. അത് കൂട്ടായ ഇടപെടലുകളിലൂടെ മാത്രമേ സംഭവിക്കൂ. മാത്രമല്ല, പരസ്പര വിശ്വാസമില്ലാതെ അടിച്ചേൽപ്പിക്കപ്പെട്ട പരിഹാരങ്ങൾ വേഗത്തിൽ തന്നെ തകർന്ന് വീഴുമെന്ന് ചരിത്രം നമ്മോട് പറയുന്നുണ്ട്. ഏറ്റവും കഠിനമായ വിഷയങ്ങൾ പരിഗണിക്കാതിരുന്നതിനാലാണ് ഓസ്ലോ കരാർ പരാജയപ്പെട്ടുപോയത്. ഏറെ അസമത്വങ്ങൾ നിറഞ്ഞതിനാലാണ് 2003-ലെ രൂപരേഖ പരാജയപ്പെട്ടത്. അധിനിവേശത്തെ ശക്തിപ്പെടുത്തിയതിനാലാണ് 2020 ലെ പദ്ധതി പരാജയപ്പെട്ടത്. പലസ്തീനികളെ മാറ്റിനിർത്തിയും രാഷ്ട്രപദവിയെ അനന്തമായി വ്യവസ്ഥകളുമായി ബന്ധിപ്പിച്ചും 2025-ലെ പദ്ധതിയും പരാജയപ്പെട്ട പദ്ധതികളുടെ അതേ വഴി തന്നെയാണ് നീങ്ങുന്നത്.

പലസ്തീൻ രാഷ്ട്രപദവിയെന്നത് സവിശേഷമായ ഒരു കാര്യമായിട്ടല്ല, മറിച്ച് അവകാശമായിട്ടാണ് അന്താരാഷ്ട്ര സമൂഹം ആവർത്തിച്ച് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഇവിടെയും, പലസ്തീനികളെ ഒരു രാഷ്ട്രീയ ജനതയെന്ന നിലയിലല്ല, ഒരു മാനുഷിക പദ്ധതിയുടെ ഭാഗമായിട്ടാണ് പരിഗണിക്കുന്നത്.

പലസ്തീൻ രാഷ്ട്രപദവിയെന്നത് സവിശേഷമായ ഒരു കാര്യമായിട്ടല്ല, മറിച്ച് അവകാശമായിട്ടാണ് അന്താരാഷ്ട്ര സമൂഹം ആവർത്തിച്ച് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഇവിടെയും, പലസ്തീനികളെ ഒരു രാഷ്ട്രീയ ജനതയെന്ന നിലയിലല്ല, ഒരു മാനുഷിക പദ്ധതിയുടെ ഭാഗമായിട്ടാണ് പരിഗണിക്കുന്നത്. പരിഷ്കരിക്കപ്പെടുന്നത് വരെ, നിരായുധരാകുന്നത് വരെ, സ്വയം യോഗ്യരാണെന്ന് തെളിയിക്കുന്നത് വരെ കാത്തിരിക്കാനാണ് അവരോട് ആവശ്യപ്പെടുന്നത്. എന്നാൽ എല്ലാത്തിനും ഉത്തരവാദികളായ ഇസ്രായേലിനോട് എന്തെങ്കിലും ചോദ്യം ഉയരുന്നുണ്ടോ? അവരുടെ ഇടപെടലുകളെ ആരെങ്കിലും എതിർക്കുന്നുണ്ടോ? 1948 മുതൽ പതിറ്റാണ്ടുകളായി തുടരുന്ന കോളനിവൽക്കരണം, ഭൂമി കയ്യേറൽ, ആവർത്തിച്ചുള്ള ആക്രമണങ്ങൾ എന്നിവയാണ് നമ്മെ ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്നത്. പലസ്തീനികൾ തങ്ങളുടെ ദുരിതത്തിന് ഉത്തരവാദികളായ ശക്തികളുടെ സന്മനസ്സിനായി കാത്തിരിക്കണമെന്ന് നിർദ്ദേശിക്കുന്നത് നീതിയെ അപമാനിക്കുന്നതിന് തുല്യമാണ്.

യഥാർത്ഥ സമാധാനം സാധ്യമാവാൻ…

ലോകത്തിന് ഗാസയിൽ സമാധാനം ആവശ്യമാണ്, പക്ഷേ ഒഴിവാക്കലിലും നിഷേധത്തിലും കെട്ടിപ്പടുത്ത സമാധാനമല്ല. ട്രംപ് പദ്ധതി താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും, അത് പലസ്തീൻ ഏജൻസിയെ ദുർബലപ്പെടുത്തുന്നതും, പരമാധികാരം വാഗ്ദാനം ചെയ്യാത്തതും, യുദ്ധക്കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം വാഗ്ദാനം ചെയ്യാതെ, പിന്നീട് അതേക്കുറിച്ച് ചിന്തിക്കാമെന്നാണ് പദ്ധതി പറയുന്നത്. സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൾ തുറക്കുന്നതിന് പകരം വിശ്വാസ്യതയുടെ പുതിയ മാനദണ്ഡങ്ങളാണ് അത് സൃഷ്ടിക്കുന്നത്. ഇത് ട്രംപിനും നെതന്യാഹുവിനും ശക്തി പകരുന്നു, എന്നാൽ സാധാരണക്കാരായ പലസ്തീനികളുടെ ശബ്ദം പരിഗണിക്കാതിരിക്കുന്നു.

യഥാർത്ഥ സമാധാനത്തിന് വെടിനിർത്തൽ വ്യവസ്ഥകൾക്കും സാമ്പത്തിക പ്രോത്സാഹനങ്ങൾക്കും അപ്പുറത്ത് ചിലത് ആവശ്യമാണ്. ഏകപക്ഷീയമായ ഇടപെടലുകളല്ല, നിയമസാധുതയിൽ അധിഷ്ഠിതമായ അന്താരാഷ്ട്ര ഇടപെടലുകളാണ് അതിന് വേണ്ടത്. പോരായ്മകൾ ഉണ്ടെങ്കിലും, അത്തരം ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഐക്യരാഷ്ട്രസഭയാണ് ഉചിതമായ വേദി. പലസ്തീൻ അതോറിറ്റി, പൗര സമൂഹം എന്നിവയിലൂടെയുള്ള പലസ്തീൻ ശബ്ദങ്ങൾ നിർണായകമായിരിക്കണം. അഭയാർത്ഥികളെ ഒരിക്കലും ചരിത്രത്തിൽ നിന്ന് ഒഴിവാക്കരുത്. ജെറുസലേം പരിഗണിക്കാതിരിക്കരുത്. അധിനിവേശത്തിന് സാഹചര്യം ഒരുക്കരുത്.

നിലവിലെ സംഘർഷം അവസാനിപ്പിക്കുക എന്നതിലുമൊക്കെ അപ്പുറത്താണ് ഗാസയിലെ പ്രതിസന്ധി. പതിറ്റാണ്ടുകളായി യാതൊരുവിധ ന്യായവുമില്ലാതെ തുടരുന്ന അക്രമങ്ങൾ കാരണമുള്ള അനീതി അഭിസംബോധന ചെയ്യപ്പെടണം. ട്രംപിൻെറ പദ്ധതി, വാഗ്ദാനങ്ങൾക്ക് അപ്പുറത്ത് മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കുന്നതിലൂടെ പലസ്തീനെ കൂടുതൽ നിശബ്ദരാക്കുകയും അവരെ അടിച്ചമർത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ചരിത്രത്തിലെ പുതിയൊരു അധ്യായമായാണ് വിലയിരുത്തപ്പെടുക. ഗാസയിലെ ജനങ്ങൾ സമാധാനം അർഹിക്കുന്നു, എന്നാൽ സമാധാനം അവരുടെ അവകാശങ്ങളെയും ആത്മാഭിമാനത്തെയും സ്വയം നിർണയബോധത്തെയും പരിഗണിച്ച് കൊണ്ടാവണം. അതൊരിക്കലും താൽക്കാലിക വിലപേശലുകളുടെ അടിസ്ഥാനത്തിൽ നീതി ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറകളിലേക്ക് മാറ്റിവെക്കുന്നതാവരുത്…


Summary: US President Donald Trump's Gaza peace plan 2025 not considers Palestine voice, but supports Israel policies, KM Seethi writes.


കെ.എം. സീതി

രാജ്യാന്തര പഠന വിദഗ്ധൻ, എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടർ.

Comments