Photo: Unsplash

ആണുങ്ങളുടെ മാത്രം യുദ്ധങ്ങൾ

ഒരു യുദ്ധം ഒരു മഹായുദ്ധമായി ഒരു സ്ത്രീക്കും എഴുതാൻ കഴിയില്ല. അതിർത്തി അവളുടെ വിഷയമേ അല്ലാത്തതുകൊണ്ടാണത്. അതിർത്തി ആണുങ്ങളുടെ മാത്രം തലവേദനയാണ്.

യമ

ളരെ അപ്രതീക്ഷിതമായി ഞാൻ ഈയിടെ ഒരാളുമായി വാക്‌യുദ്ധത്തിൽ ഏർപ്പെട്ടു. ഒരിക്കലും ആഗ്രഹിക്കാത്തതാണ് ഫോണിലൂടെയുള്ള ദീർഘനേരസംഭാഷണങ്ങൾ. അത് ആരു തന്നെയായാലും. ഒരാളെ കാണാതെ സംസാരിക്കുക എന്നത് എനിക്ക് നല്ല ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. തീരെ പരിചയമില്ലാത്ത ഒരാളാണെങ്കിൽ പറയുകയും വേണ്ട. മറ്റൊരു ഭാഷയിലേക്ക് എന്റെ കഥകൾ വിവർത്തനം ചെയ്യാനാഗ്രഹമുള്ള മറ്റൊരാളെ പരിചയപ്പെടുത്താൻ വിളിച്ചതാണ്. ദലിത് എഴുത്തുകൾ വിവർത്തനം ചെയ്യുന്ന ഒരാളാണ് അദ്ദേഹം എന്നുപറഞ്ഞു. എന്റെ കഥകൾ അങ്ങനെ ഒരു വിഭാഗത്തിലേക്ക് ഉൾപ്പെടുത്താൻ കഴിയുന്നവയാണോ എന്നെനിക്കറിയില്ല എന്ന് ഞാൻ പറഞ്ഞു. സംസാരത്തിനിടെ ഐഡിയോളജി ആണ് എഴുത്തുകാർക്ക് കൂടുതൽ വേണ്ടത് എന്ന് അഭിപ്രായപ്പെട്ടു. ദലിത് വിഭാഗത്തിലുള്ള ഒരാൾ ആണെന്ന ബോധ്യത്തോടെ ഞാൻ മറുപടി ഒന്നും തന്നെ പറഞ്ഞില്ല. ദലിത് വിഭാഗത്തിലുള്ള ഒരാൾ അങ്ങനെ സംസാരിക്കുന്നതിന് വ്യക്തമായ സാമൂഹിക പശ്ചാത്തലം നമുക്കുണ്ട്. എങ്കിലും അതിനെ ചുറ്റിപ്പറ്റി സംഭാഷണം നീണ്ടപ്പോൾ ഞാൻ പറഞ്ഞു, ഞാൻ എഴുതുമ്പോൾ അങ്ങനെ ഐഡിയോളജി ഒന്നും നോക്കാറില്ല എന്ന്. അങ്ങനെ മാത്രമായി എഴുതാൻ താല്പര്യമില്ലായെന്ന് പറഞ്ഞു. പെട്ടെന്ന്, ഞാൻ അത് പറഞ്ഞത് അദ്ദേഹത്തിന് ബുദ്ധിമുട്ടായി എന്നുതോന്നി. ഹിന്ദുത്വശക്തികൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന ഇക്കാലത്ത് ഹൈന്ദവബാധ്യതകൾ പേറുന്ന ഒരു അടയാളവും നമ്മൾ പിന്തുടരരുത് എന്ന് പെരിയാറിനെ ഉദ്ധരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു.

വൈകുന്നേരംങ്ങളിൽ ഞാൻ കത്തിച്ച ചെറിയ ചെരാതുവിളക്കുകളുടെ വെളിച്ചത്തിൽ മങ്ങിയാടുന്ന കറുത്ത കാട് വെളിപ്പെടുന്നൊരു തെക്കേത് ഉണ്ടായിരുന്നു. അവിടെ പ്രതിഷ്ഠിച്ചിരുന്ന മൂർത്തികളെ എനിക്കറിയില്ല. / Photo: Unsplash

ഞാൻ ചിലപ്പോഴെങ്കിലും വിളക്ക് കത്തിക്കാറുണ്ട് എന്ന് ഞാൻ പറഞ്ഞു. ഏതെങ്കിലും ആരാധനാലയത്തിൽ പോകാത്ത ഞാൻ എന്തിനു വിളക്ക് കത്തിക്കുന്നു എന്നദ്ദേഹം ചോദ്യം ചെയ്തു. സംസാരം ചൂടുപിടിക്കുന്നത് ഞാൻ മനസിലാക്കി. ഒരു കാര്യവുമില്ലല്ലോ എന്ന് മനസിൽ വിചാരിക്കുകയും ചെയ്തു. സംസാരത്തിൽ അദ്ദേഹം എനിക്ക് വെളിപ്പെട്ടുവരുന്നതുപോലെ എന്നെയും അദ്ദേഹത്തിന് വെളിപ്പെട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. അദ്ദേഹത്തിനെതിരായി എന്റെ മനസിൽ ഒന്നുമില്ല. അദ്ദേഹം എന്റെ ശത്രു അല്ല. എന്നിട്ടും ഒരു ചെറിയ യുദ്ധം അവിടെ തുടങ്ങി. എന്റെ വീടിന്റെ സ്വകാര്യതയിൽ എനിക്ക് തോന്നുംപോലെ ചെയ്യുന്ന ഒരു പ്രവൃത്തി ഞാൻ നിങ്ങൾക്ക് വെളിപ്പെടുത്തിയതുകൊണ്ടു മാത്രം ഞാൻ ഹിന്ദുവാദികളെ പിൻതുണയ്ക്കുന്നു എന്നെങ്ങനെ പറയാൻ കഴിയുന്നു?

ഞാൻ ഒരു മതഗ്രന്‌ഥവും പിന്തുടരുന്നില്ല. വെറുതെ കത്തിച്ച പ്രകാശത്തെ നോക്കി കുറെ നേരം ഇരുന്നെന്നു വരും. അത്ര തന്നെ. വീട്ടിൽ കറന്റ് ഉണ്ടെങ്കിൽ പിന്നെന്തിനു വിളക്ക് കത്തിക്കുന്നു എന്ന് മറുചോദ്യം. 'സമയം' ആണ് ഞാൻ ആ കത്തിത്തീരലിൽ അനുഭവിക്കുന്നത് എന്നെനിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. എനിക്ക് വെറുതെ ദേഷ്യം വന്നു. ഞാൻ എന്തുചെയ്യണം ചെയ്യണ്ട എന്ന് ആര് തീരുമാനിക്കാൻ വന്നാലും എനിക്ക് കടുത്ത ദുഃഖം വരും.

എല്ലാ യുദ്ധത്തിലും നീതി ജയിക്കും എന്ന് വെറുതെ പറയുന്നു. യുദ്ധങ്ങൾ അവസാനിക്കുമായിരിക്കും. കുറെ മനുഷ്യരും മൃഗങ്ങളും മരിച്ചുവീഴുകയേയുള്ളൂ. നീതി പുലരുകയില്ല. ചിലപ്പോൾ നീതി എന്നത് യുദ്ധം ഇല്ലാത്തൊരു അവസ്ഥയിൽ മാത്രം നമുക്ക് ചിന്തിക്കാൻ കഴിയുന്ന ഒരു പ്രശ്നമാണ്.

വൈകുന്നേരങ്ങളിൽ ഞാൻ കത്തിച്ച ചെറിയ ചെരാതുവിളക്കുകളുടെ വെളിച്ചത്തിൽ മങ്ങിയാടുന്ന കറുത്ത കാട് വെളിപ്പെടുന്നൊരു തെക്കേത് ഉണ്ടായിരുന്നു. അവിടെ പ്രതിഷ്ഠിച്ചിരുന്ന മൂർത്തികളെ എനിക്കറിയില്ല. കാലപ്പഴക്കം കൊണ്ട് വിളക്കെണ്ണയിൽ കറുത്തുപോയ വൃക്ഷച്ചുവടുകൾ. എന്റെ കുട്ടിക്കാലത്ത് തെക്കേതിന്റെ നടുവിൽ നിന്നൊരു യക്ഷിപ്പന പകുതിവച്ച് മുറിച്ചു. ചുറ്റുവട്ടത്തുള്ള വീടുകൾക്കു ഭീഷണിയാകും വിധത്തിൽ അതിന് ഉയരമുണ്ടായിരുന്നു. മഴ കൊള്ളാതിരിക്കാൻ സ്റ്റീൽ ഷീറ്റ് കൊണ്ട് അതിന്റെ മുറിച്ച ഭാഗം മറച്ചു. എന്നിട്ടും അത് ചെത്തുചെത്തു വന്നു. മൈനകൾ അതിനകത്ത് കൂടുവച്ചു. പാമ്പുകൾ അവയുടെ മുട്ട കട്ട് തിന്നു. അതിനു ചുറ്റും മരങ്ങൾ പൂക്കുകയും തളിർക്കുകയും ചെയ്തു. തിരണ്ടുകഴിഞ്ഞശേഷം എനിക്ക് തെക്കേതിനകത്തുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. എന്റെ വിളക്കുകത്തിക്കലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ മുകളിൽ ആളുണ്ട് എന്ന് പിന്നീടാണ് മനസിലായത്. എന്നെ കയറ്റാത്ത അമ്പലങ്ങൾ എന്നെ വിഷമിപ്പിച്ചില്ല. ദൈവമില്ലാത്ത എനിക്ക് അമ്പലങ്ങളുടെ കൂരയുടെ യുക്തി ബാല്യത്തിലെ ഇല്ല. പ്രാർഥിക്കാത്തതുകൊണ്ട് എന്നെ ഇറക്കിവിട്ട പള്ളികളും ഉണ്ട്. ചില പള്ളികൾ എന്നെ കയറ്റിയതുതന്നെ ഇല്ല. ഇവയ്‌ക്കെതിരെ യുദ്ധം ചെയ്യണം എന്നെനിക്കു തോന്നിയില്ല. എനിക്ക് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഈ സമൂഹം അനുവദിച്ചു തന്നതുകൊണ്ട് കൂടിയാവണം. എങ്കിലും കുറേക്കാലംകൂടി പരിചയമില്ലാത്തോരാൾ ഫോണിൽ വിളിച്ച്, എന്തുകൊണ്ട് ഞാൻ സാമൂഹ്യസേവനം ചെയ്യാൻ കച്ചകെട്ടിയിറങ്ങുന്നില്ല എന്നുചോദിച്ചപ്പോൾ സി.പി.എം പാർട്ടിക്കാർ നായനാരുടെ സ്മാരകനിർമിതിക്ക് പണം ചോദിച്ചു വന്നപ്പോൾ പറഞ്ഞതുതന്നെ പറയാം എന്നുവച്ചു; എന്റെ കുഞ്ഞിന് തീരെ സുഖമില്ല, അസുഖം കുറഞ്ഞിട്ട് ഞാൻ അതേക്കുറിച്ച് ആലോചിക്കാം എന്ന്.
ഞാൻ ഫോൺ കട്ട് ചെയ്തു.  

എന്നെ കയറ്റാത്ത അമ്പലങ്ങൾ എന്നെ വിഷമിപ്പിച്ചില്ല. ദൈവമില്ലാത്ത എനിക്ക് അമ്പലങ്ങളുടെ കൂരയുടെ യുക്തി ബാല്യത്തിലെ ഇല്ല. / Photo: Devaprakash

എനിക്ക് കുറേനേരത്തേക്കു ദുഃഖം തോന്നി.
ഒരു പുരുഷനാണ് എന്നെ വിളിച്ചതെന്ന് പിന്നെ ഓർത്തു. പുരുഷന്മാരുണ്ടാക്കുന്ന യുദ്ധങ്ങളെയും പരക്കം പായുന്ന സ്ത്രീകളെയും മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെയും പറ്റി ചിന്തിച്ചു. ഇക്കാലത്ത് സായുധസമരങ്ങൾ എത്രത്തോളം പ്രായോഗികമല്ല എന്ന് ഞാൻ പറയാൻ ശ്രമിച്ചത് അദ്ദേഹം തെറ്റിദ്ധരിച്ചുകാണണം. യുദ്ധം അപരാധികളെയും ഇരകളെയും ഒരുപോലെ ദുഃഖിപ്പിക്കും.

യുക്രെയ്ൻ ഇപ്പോൾ ഒരു വാർത്തയല്ലാത്തതു പോലെ, സിറിയ പരാമർശം പോലും അർഹിക്കാത്തതു പോലെ, ഇസ്രായേൽ- പലസ്തീൻ യുദ്ധവും ആകില്ല എന്ന് കരുതുന്നത് ഒരു മൂന്നാം ലോക യുദ്ധത്തിന്റെ സാധ്യതയെ മുന്നിൽ കാണുന്നതുകൊണ്ടാണ്.

എനിക്കറിയുമാവുന്നവരോടൊക്കെ ഞാൻ പലസ്തീൻ ഇസ്രായേൽ യുദ്ധത്തിനെക്കുറിച്ചു ചോദിക്കും. അവർക്കൊക്കെ ആരാണ് അപരാധി എന്നതിനെക്കുറിച്ച് നല്ല ധാരണയുള്ളതുപോലെ തോന്നി. സമാധാനം എങ്ങനെ പുലരും എന്നതിനെക്കുറിച്ച് ആർക്കും അറിയില്ല താനും. കാരണങ്ങൾ അറിഞ്ഞതുകൊണ്ട് മാത്രം സമാധാനം പുലരുമോ? എല്ലാവരും കാരണങ്ങൾ ചർച്ച ചെയ്യുന്നു. എല്ലാ യുദ്ധത്തിലും നീതി ജയിക്കും എന്ന് വെറുതെ പറയുന്നു. യുദ്ധങ്ങൾ അവസാനിക്കുമായിരിക്കും. കുറെ മനുഷ്യരും മൃഗങ്ങളും മരിച്ചുവീഴുകയേയുള്ളൂ. നീതി പുലരുകയില്ല. ചിലപ്പോൾ നീതി എന്നത് യുദ്ധം ഇല്ലാത്തൊരു അവസ്ഥയിൽ മാത്രം നമുക്ക് ചിന്തിക്കാൻ കഴിയുന്ന ഒരു പ്രശ്നമാണ്. ബോർഹേസിന്റെ On Exactitude in Science- സിലെ മാപ് പോലെയാണ് മതഗ്രന്‌ഥങ്ങളിലെ ഭൂപ്രദേശം എന്ന് എല്ലാ മതക്കാരും ഉറച്ചുവിശ്വസിക്കുന്നു. കൈമോശം വന്നുപോയൊരു ഭൂപടത്തിന്റെ തുണ്ടുകൾ ഭൂമിയിൽ തപ്പുന്ന മനുഷ്യരുടെ വേദന അവരുടെ മതങ്ങളെ വീണ്ടും വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളുടെ നേർസാക്ഷ്യമായ ജൂതകൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ജർമനി ഇസ്രായേൽ നടത്തുന്ന പലസ്തീനിയൻ ജനതയുടെ കൂട്ടക്കൊലയെ എങ്ങനെ അപലപിക്കും എന്ന ധർമസങ്കടത്തിലാണ്. ഒരു രാഷ്ട്രീയനേതാവിന്റെ ധാർഷ്ട്യം കൊണ്ടുമാത്രം വഷളായ ഒരു സ്ഥിതിവിശേഷത്തിൽ ഇസ്രായേൽ ജനതയെ മൊത്തത്തിൽ ലോകത്തിന് എങ്ങനെ പഴിക്കാനാവും?

നരേന്ദ്രമോദിയുടെ പതാകവാഹകരല്ലല്ലോ മുഴുവൻ ഇന്ത്യക്കാരും. പലസ്തീനും ഇസ്രായേലും തമ്മിൽ ഏതെങ്കിലും തരത്തിൽ നടക്കാവുന്ന സമാധാന ശ്രമങ്ങൾക്ക് ഹമാസ് തുരങ്കം വയ്ക്കുന്നത് ആരുടെ നന്മയ്ക്കാണ്. സ്വന്തം ജനതയെ കൂട്ടക്കൊലക്ക് വിട്ടുകൊടുക്കുന്ന അവർ എന്തുരാജ്യമാണ് നേടാൻ പോകുന്നത്? നമ്മൾ ഇന്ത്യക്കാർ ആ സമാധാനപ്രശ്നത്തെ ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റുകളിയുടെ വീറോടെയാണ് എതിരേറ്റിരിക്കുന്നത്. ധർമസങ്കടം എന്നത് അധികാരമില്ലാത്തവരുടെ സമാധാനത്തോടുള്ള അഭിനിവേശം മാത്രമാണ്. ആർക്കും അറിയാത്തൊരു കഥയല്ല അത്. എന്നിട്ടും നമ്മൾ നമ്മുടെ സ്വകാര്യതകളിലിരുന്ന് അവർക്കുവേണ്ടി അവരോടൊപ്പം യുദ്ധം ചെയ്യുന്നു. ശരീരം കേടാകാത്ത നിഴൽയുദ്ധങ്ങളിലാണ് നമ്മൾ അഭിരമിക്കുന്നത്. നാം ശരിക്കും ഒരു യുദ്ധം അനുഭവിച്ചിട്ടില്ല. എന്നാൽ ആഭ്യന്തരകലാപങ്ങൾ സ്ഥിരമായി ഈ നാട്ടിൽ അരങ്ങേറുന്നുണ്ടുതാനും. അടുത്തിടെയുണ്ടായ മണിപ്പുർ കലാപവും ഹരിയാനാ കലാപവും ആഭ്യന്തരപ്രശനങ്ങളായി പോലും നാം പരിഗണിച്ചിട്ടില്ല. യുദ്ധം എന്നാൽ നമുക്ക് ചൈനയുമായോ പാകിസ്ഥാനുമായോ അതിർത്തിയിൽ ഉണ്ടാകുന്ന വെടിവെപ്പുകളാണ്.

യുക്രെയ്ൻ ഇപ്പോൾ ഒരു വാർത്തയല്ലാത്തതു പോലെ, സിറിയ പരാമർശം പോലും അർഹിക്കാത്തതു പോലെ, ഇസ്രായേൽ- പലസ്തീൻ യുദ്ധവും ആകില്ല എന്ന് കരുതുന്നത് ഒരു മൂന്നാം ലോക യുദ്ധത്തിന്റെ സാധ്യതയെ മുന്നിൽ കാണുന്നതുകൊണ്ടാണ്. അപ്പോൾ അതാരുടെയോ ഭയമാണ്. ഭയത്തിൽ നിന്നല്ലാതെ ഒരു യുദ്ധവും ഉണ്ടാകുന്നില്ല. സമാധാനം അതിന്റെ ലക്ഷ്യമല്ല. ഭയനിവാരണം മാത്രമാണ് അത് ഉദ്ദേശിക്കുന്നത്. മരിച്ചുകൊണ്ട്, പലായനം ചെയ്തുകൊണ്ട്, കുഞ്ഞുങ്ങളെ കൊന്നു തള്ളിക്കൊണ്ട്, സ്ത്രീകളെ ബലാൽസംഗം ചെയ്തുകൊണ്ട്, പുതിയൊരു തലമുറയെ ഉന്മൂലനം ചെയ്തുകൊണ്ട്, യുദ്ധം ഭയം നിവാരണം ചെയ്യുന്നു.

ഈയിടെ കണ്ട ഒരു മോക്യുമെന്ററി ആണ് യുദ്ധസംബന്ധമായ ആലോചനകളിൽ ചിന്തോദീപകമായി തോന്നിയത്. വിവേകശൂന്യയായ ഒരു കഥാപാത്രം ലോകമഹായുദ്ധങ്ങളെക്കുറിച്ച് സംസാരിക്കുകയും തന്റെ സംശയനിവാരണങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു എപ്പിസോഡ് അതിലുണ്ട്. Cunk on Earth എന്ന മോക്യുമെന്ററി ആണത്. phelomina cunk എന്ന കഥാപാത്രം പറയുന്നത്; 'ഒന്നാം ലോകമഹായുദ്ധം എന്ന് അതിനെ വിളിക്കുന്നത് അത് മഹത്തായതു കൊണ്ടല്ല. എന്തിനാണ് ഒന്നാം ലോക മഹായുദ്ധത്തെ ഒന്നാം ലോകമഹായുദ്ധം എന്ന് വിളിക്കുന്നത്. ആ നമ്പറിങ് തന്നെ ശുഭാപ്തിവിശ്വാസത്തെ കെടുത്തുന്നതാണ്. ഇനിയും തുടരും എന്ന സൂചന. യുദ്ധങ്ങളെ നമ്പരിട്ടു വിളിച്ചത് യുദ്ധങ്ങളുടെ ഫ്രാഞ്ചൈസി തുടങ്ങുന്നതിനു വേണ്ടിയായിരുന്നോ?...'

സാധാരണഗതിയിൽ നമ്മൾ യുദ്ധം എന്ന വിഷയത്തെ വിശദീകരിക്കുന്ന ഭാഷയല്ല ആ മോക്യുമെന്ററിക്കുള്ളത്. യുദ്ധത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയെക്കാൾ കാര്യങ്ങളെ ഇഴകീറി വിശകലനം ചെയ്യുന്നുണ്ട്, ഫിലോമിന എന്ന കഥാപാത്രത്തിന്റെ നിഷ്‍കളങ്കവും എന്നാൽ മൗഢ്യം നിറഞ്ഞത് എന്ന് തോന്നിക്കുന്ന ചോദ്യങ്ങൾ.

ഇറാൻ ന്യൂക്ലിയർ പവർ ആയാൽ ഈ ലോകം നശിക്കുമെന്ന് പലരും കരുതുന്നു. കയ്യിൽ അണുബോംബുള്ളവർ അത് പ്രയോഗിക്കാതിരിക്കാൻ പരസ്പരം സമ്മർദ്ദം ചെലുത്തുന്നു. എല്ലാം നശിപ്പിക്കുന്ന ബ്രഹ്മാസ്ത്രം കയ്യിൽക്കൊണ്ടു നടക്കുന്നവരുടെ ബുദ്ധിക്ക് സാരമായ തകരാറുണ്ട് എന്ന് ആർക്കും തന്നെ തോന്നുന്നില്ല.

ഒരുപക്ഷെ മനുഷ്യരാശിക്ക്‌ പുറമെ നിന്നുവരുന്ന ഒരാളുടെ ചോദ്യങ്ങൾ നമുക്ക് മൗഢ്യം നിറഞ്ഞതാണെന്നുതോന്നാം. കാരണം, യുദ്ധത്തിന് യുക്തി എന്നൊന്നില്ല. സായുധവിപ്ലവങ്ങൾക്ക് ഒന്നിനും അതില്ല. നമുക്ക് വെട്ടിപ്പിടിക്കാൻ ഭൂമിയിൽ ഇനി സ്ഥലങ്ങൾ ഒന്നും തന്നെയില്ല. അതുകൊണ്ട് ഗോത്രസ്വഭാവത്തിന്റെ സ്ഥലകാലയുക്തി മനുഷ്യരെ പരസ്പരം വെട്ടിച്ചാകാൻ പുതിയ മാർഗങ്ങൾ നിർദ്ദേശിക്കുന്നു. സമാധാനത്തെയും പ്രകൃതിയെയും കുറിച്ച് സംസാരിക്കുന്നത് ഇപ്പോൾ ഒരു അധികപ്രസംഗമാണ്.

ഞാൻ ഈ ലേഖനം എഴുതുന്നതിന്റെ തലേന്ന് ദി ന്യൂയോർക്കറിൽ വന്ന സൽമാൻ റുഷ്ദിയുടെ ലേഖനം എനിക്ക് കരുൺ ഇളംപുലാവിൽ അയച്ചുതന്നിരുന്നു. 'If peace were a prize' എന്ന തലക്കെട്ടോടെ വന്ന ആ ലേഖനത്തിൽ മിത്തുകളുടെയും കഥകളുടെയും പുരാണങ്ങളുടെയും ലോകം സമാധാനത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് എഴുത്തുകാരൻ ചോദിക്കുന്നു. 'ലോകത്തിലെഴുതപ്പെട്ട ഇതിഹാസങ്ങളിലെ കഥാപാത്രങ്ങൾ നാശത്തിന്റെയും, ദുരന്തങ്ങളുടെയും, ചതിയുടെയും ഒടുവിലാണ് സമാധാനം പുലരുന്നത് എന്ന് പറയുന്നു. ഇക്കാലങ്ങളിൽ അണുബോംബുവർഷത്തിന്റെ അവസാനമാണ് അത് സംഭവിക്കുക (ഒപ്പെൻഹെയ്‌മീർ എന്ന സിനിമയെ ഉദ്ധരിച്ച്).'
ഏതോ കെട്ടുകഥയിലെ, കാലുകൾ പുറകിലേക്ക് തിരിഞ്ഞൊരു സത്വം ആ എഴുത്തുകാരന്റെ ഒരു കണ്ണ് വിഴുങ്ങിക്കളഞ്ഞിട്ട് നാൾ അധികമായിട്ടില്ലല്ലോ.  

ഇറാൻ ന്യൂക്ലിയർ പവർ ആയാൽ ഈ ലോകം നശിക്കുമെന്ന് പലരും കരുതുന്നു. കയ്യിൽ അണുബോംബുള്ളവർ അത് പ്രയോഗിക്കാതിരിക്കാൻ പരസ്പരം സമ്മർദ്ദം ചെലുത്തുന്നു. എല്ലാം നശിപ്പിക്കുന്ന ബ്രഹ്മാസ്ത്രം കയ്യിൽക്കൊണ്ടു നടക്കുന്നവരുടെ ബുദ്ധിക്ക് സാരമായ തകരാറുണ്ട് എന്ന് ആർക്കും തന്നെ തോന്നുന്നില്ല. സർവനശീകരണശേഷിയുള്ള അതിനെ പ്രയോഗിക്കാനുള്ള ഒരുത്തന്റെ മിടുക്കാണ് നമ്മുടെ ഹൈന്ദവപുരാണങ്ങളിൽ കൂടി ആഘോഷിച്ചുകാണുന്നത്. എല്ലാം നശിച്ചിട്ട് 'ആര് ആർക്ക് വായ്ക്കരിയിട്ടു?' എന്നതിന്റെ കണക്കെടുപ്പ് നടത്തുന്നതിലെ അസംബന്ധം ഏതു കൊച്ചുകുട്ടിക്കും മനസിലാകും. സഹോദരങ്ങൾ പരസ്പരം വെട്ടിച്ചാകുന്നതിലെ അയുക്തി നമ്മളെ ദുഃഖിപ്പിക്കാതിരിക്കാൻ, അതൊരു കഥയായി മെനഞ്ഞ വ്യാസനെ നമിക്കാതിരിക്കുന്നതെങ്ങനെ? കഥാപാത്രങ്ങളും അവരുടെ മനോവിചാരങ്ങളും വെറും രൂപകങ്ങൾ ആണെന്നും, സ്വന്തം ജീവിതം നശിപ്പിക്കാനും നന്നാക്കാനും മനുഷ്യനുള്ള കഴിവിനെ വിധി അതിന്നുതോന്നുമ്പോലെ എടുത്തുപെരുമാറുന്നതാണെന്നും, ഏതൊരു കഥാപാത്രത്തിന്റെയും മുക്തി മഹായുദ്ധാന്ത്യത്തോടെയാണെന്നും എഴുതി കൈകഴുകിക്കളഞ്ഞു.

എന്തുകൊണ്ട് ഒരു ഇതിഹാസകാവ്യവും ഒരു പെണ്ണെഴുതിയില്ല എന്നൊരു ചോദ്യമുണ്ട്? അല്ലെങ്കിൽ പെണ്ണെഴുതിയ കാവ്യങ്ങളൊന്നും എന്തുകൊണ്ട് ആഘോഷിക്കപ്പെട്ടിട്ടില്ല?

രാമരാവണയുദ്ധവും ഒരു കവിയുടെ സൃഷ്ടിയാണ്. ഒരു കൊച്ചു കിളിയുടെ മരണമാണ് നിരക്ഷരനായ വാല്മീകിയെ കവിയാകുന്നത്. അത്രയും ദുർബലനായ ഒരു കവി ഒരു യുദ്ധം രചിച്ചതെങ്ങനെ? രാമരാവണയുദ്ധശേഷവും സമാധാനം പുലരുന്നുണ്ടോ? ചെറുപ്പകാലത്തെ ദുഃഖം മനുഷ്യരെ വയസുകാലം വരെ പിന്തുടരും. ചിലർ കവിതകളിൽ യുദ്ധം രചിക്കും. മറ്റു ചിലർ യുദ്ധം ചരിത്രമാക്കും. വേദനകളിൽ നിന്ന് ചിലർ പുറത്തുവരുന്നത് അങ്ങനെ കൂടിയാണ്, ഈ ഭൂലോകത്തെ തന്നെ നശിപ്പിച്ചുകൊണ്ട്. മനോഹരമായ കുട്ടിക്കാലമുള്ളവർ ഈ ഭൂലോകത്തെ തന്നെ മനോഹരമാക്കും. മുതിർന്നവർ മലിനമാക്കുന്ന ബാല്യങ്ങളാണ് എല്ലാ യുദ്ധങ്ങൾക്കും കാരണം.

എന്തുകൊണ്ട് ഒരു ഇതിഹാസകാവ്യവും ഒരു പെണ്ണെഴുതിയില്ല എന്നൊരു ചോദ്യമുണ്ട്? അല്ലെങ്കിൽ പെണ്ണെഴുതിയ കാവ്യങ്ങളൊന്നും എന്തുകൊണ്ട് ആഘോഷിക്കപ്പെട്ടിട്ടില്ല? സ്ത്രീകൾക്ക് യുദ്ധത്തെക്കുറിച്ചും ഹിംസയെക്കുറിച്ചും എഴുതാൻ കഴിയാത്തതുകൊണ്ടായിരിക്കുമോ? ഒരിക്കലുമല്ല. ഒരു യുദ്ധം ഒരു മഹായുദ്ധമായി ഒരു സ്ത്രീയ്ക്കും എഴുതാൻ കഴിയില്ല. അതിർത്തി അവളുടെ വിഷയമേ അല്ലാത്തതുകൊണ്ടാണത്. അതിർത്തി ആണുങ്ങളുടെ മാത്രം തലവേദനയാണ്.

ആണുങ്ങളുടെ അധികാരദുരയുടെയും അതിർത്തി കാക്കലിന്റെയും നേർസാക്ഷ്യമാണ് ഓരോ യുദ്ധവും, കലാപവും; അത് കഥയിലായാലും യാഥാർഥ്യത്തിലായാലും

'വേലി ചാടുന്നവൾ' എന്ന മലയാളം പ്രയോഗം തന്നെ ആണുങ്ങളുടെ ഭാഷയാണ്. ആരുടെ വേലി എന്ന് തിരിച്ചു ചോദിച്ചാൽ മനസിലാവും, വീടിന്റെയും നാടിന്റെയും വേലി കെട്ടിയിരിക്കുന്നത് ആരുടെ ആവശ്യത്തിനാണെന്ന്. വംശീയകലർപ്പ് ആണുങ്ങളുടെ ദുഃസ്വപ്നമാണ്‌. സ്വന്തം അധീനതയിലുള്ള പെണ്ണുങ്ങൾ മറ്റു ദേശ-ഗോത്രത്തിൽപെട്ടവരുടെ മക്കളെ പെറ്റിടുന്നത് അവർക്ക് സഹിക്കാൻ കഴിയില്ല. ആണുങ്ങളുടെ അധികാരദുരയുടെയും അതിർത്തി കാക്കലിന്റെയും നേർസാക്ഷ്യമാണ് ഓരോ യുദ്ധവും കലാപവും. അത് കഥയിലായാലും യാഥാർഥ്യത്തിലായാലും. നിന്റെയൊക്കെ പെണ്ണുങ്ങൾ ഞങ്ങളുടെ മക്കളെ പെറും എന്ന് യുദ്ധമുഖത്തെ ഇരുപക്ഷത്തുമുള്ള ആണുങ്ങൾ ആവർത്തിച്ച് ആക്രോശിക്കും. ഒരു ഗ്രാമമോ പ്രദേശമോ പിടിച്ചെടുത്താൽ അവിടത്തെ സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും കുഞ്ഞുങ്ങളെ കൊന്നുകളയുകയുമാണ് ആദ്യം ചെയ്യുന്നത്. ഇന്ത്യക്കകത്ത് തന്നെ നടന്ന സമീപകാലദുരന്തങ്ങൾ എങ്ങനെ മറക്കാനാണ്?

യുദ്ധം എന്നത് ഒരു ആഘോഷവും അനിവാര്യതയുമാണെന്നു ചിന്തിച്ചിരുന്ന രണ്ടാംലോകമഹായുദ്ധകാലത്തെ റഷ്യൻ സ്ത്രീസൈനികരുടെ അനുഭവങ്ങൾ വിവരിക്കുന്ന 'The Unwomanly Face of War: An Oral History of Women in World War II' എന്ന പുസ്തകം യുദ്ധമുഖത്തെ സ്ത്രീ എന്താണെന്നതിന്റെ നേർസാക്ഷ്യമാണ്. സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം സമ്മാനിക്കപ്പെട്ട സ്വൈറ്റ്ലാന അലെക്സിയേവിച്ചിന്റെ അതിപ്രശസ്തമായ പുസ്തകമാണത്. വികാരങ്ങളുടെ, ആത്മാവിന്റെ ചരിത്രം എന്നാണ് ആ പുസ്തകം വിശേഷിപ്പിക്കപ്പെട്ടത്. ഏതൊരു യുദ്ധത്തിലും തീരെ പ്രാധാന്യം കല്പിക്കപ്പെടാത്ത രണ്ട് അരൂപികൾ.


യമ

എഴുത്തുകാരി, നടി. തിയേറ്റർ രംഗത്ത് ശ്രദ്ധേയ. ഒരു വായനശാലാ വിപ്ലവം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്എന്നീ കഥാസമാഹാരങ്ങളും, പിപീലികഎന്ന നോവലും കൃതികളാണ്.

Comments