കൊറിയൻ ഉപഭൂഖണ്ഡത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ആഗോളതലത്തിൽ തന്നെ വലിയ ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഉത്തര കൊറിയയുടെ പ്രകോപനങ്ങളിലെ ശ്രദ്ധേയമായ മുന്നേറ്റങ്ങളാലും, ദക്ഷിണ കൊറിയയിൽ നിന്നും അതിൻ്റെ സഖ്യകക്ഷികളിൽ നിന്നുമുള്ള തുടർന്നുള്ള പ്രതികരണങ്ങളാലുമാണ് നിലവിലെ സുരക്ഷാ സാഹചര്യം നിർവചിക്കപ്പെടുന്നത്.
ഇതിൻ്റെ പ്രാരംഭഘട്ടം എന്ന നിലയിൽ 2018- ൽ ഒപ്പുവെച്ച ഇന്റർ-കൊറിയൻ സൈനിക കരാറിൽ നിന്ന് പിന്മാറുന്നതായി ഉത്തര കൊറിയ 2023 നവംബർ 23 ന് പ്രഖ്യാപിക്കുകയുണ്ടായി. 2018- ൽ ഇരു കൊറിയകളും ഒപ്പുവെച്ച കരാറിലെ നിരോധന മേഖല വ്യവസ്ഥ (no-fly zone) നടപ്പിലാക്കുന്നത് ദക്ഷിണ കൊറിയ നിർത്തിവച്ചതിനെ തുടർന്നാണ് ഉത്തര കൊറിയ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് എന്നാണ് പരാമർശം.
എന്നാൽ 2023 നവംബർ 21 ന് മല്ലിഗ്യോങ് -1 സൈനിക നിരീക്ഷണ ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള ചൊല്ലിമ -1 ബഹിരാകാശ വിക്ഷേപണവാഹനം ഭ്രമണപഥത്തിലെത്തിച്ചുകൊണ്ട് ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുള്ള നേരിട്ടുള്ള സുരക്ഷാ പ്രകോപനത്തിന് മറുപടിയായാണ് സിയോൾ കരാർ ഭാഗികമായി നിർത്തിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് സൗത്ത് കൊറിയയുടെ വാദം. തൽഫലമായി, ഉത്തര കൊറിയ യുഎൻ പ്രമേയങ്ങൾ ലംഘിച്ചുകൊണ്ടുള്ള ആണവ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുകയും, വൈവിധ്യമാർന്ന സൈനിക പ്രകോപനങ്ങളെ മുനിർത്തിക്കൊണ്ട് പ്രാദേശിക സ്ഥിരതക്ക് വിള്ളലുകൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
2024- ന്റെ തുടക്കം മുതൽ, കൊറിയൻ ഉപഭൂഖണ്ഡത്തിലെ സംഭവവികാസങ്ങളെ ആഴത്തിൽ പരിശോധിക്കുമ്പോൾ ഇരുകൊറിയകളും തമ്മിലുള്ള സുരക്ഷാ സാഹചര്യം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതിൽ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ജനുവരി 10 ന് ദക്ഷിണ കൊറിയയെ തങ്ങളുടെ ‘പ്രധാന ശത്രു’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ശക്തമായ നിലപാട് സ്വീകരിക്കുകയും, തുടർന്ന് ജനുവരി 16 ന് ഉത്തരകൊറിയൻ ഭരണഘടനയിൽ ഭേദഗതി വരുത്തി ദക്ഷിണ കൊറിയയെ രാജ്യത്തിന്റെ ' ഒന്നാം നമ്പർ ശത്രുരാജ്യ'മായി ഔദ്യോഗികമായി എഴുതിച്ചേർക്കുകയും ചെയ്തിരുന്നു.
ഇരു കൊറിയകളും ദീഘകാലമായി ലക്ഷ്യം വെച്ചിരുന്ന കൊറിയൻ പുനരേകീകരണം എന്ന ലക്ഷ്യത്തെ ഒരു പോയിന്റിലും ഇനി മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന ഉത്തരകൊറിയൻ നയമാറ്റം അന്തർ കൊറിയൻ ബന്ധങ്ങളുടെ ഭാവിയെയും, ഉപഭൂഖണ്ഡത്തിലെ സുരക്ഷാ അന്തരീക്ഷത്തെയും കുറിച്ചുള്ള ആശങ്കകൾക്കും, ഭിന്നതകൾക്കും വഴി തെളിയിക്കുന്നുണ്ട്.
എന്താണ് ഇന്റർ - കൊറിയൻ സമഗ്ര സൈനിക കരാർ
മുൻകാല പ്രസിഡന്റ് മൂൺ ജേ-ഇന്റെ സമാധാന ശ്രമങ്ങളുടെ പൈതൃകമായി, കഴിഞ്ഞ പതിറ്റാണ്ടിലെ കൊറിയൻ ഉപഭൂഖണ്ഡത്തിലെ സുരക്ഷാ പരിതഃസ്ഥിതിയിൽ ഗണ്യമായ പരിവർത്തനത്തെ അടയാളപ്പെടുത്തുന്ന കേന്ദ്ര ബിന്ദുവായിരുന്നു ഇന്റർ- കൊറിയൻ സമഗ്ര സൈനിക കരാർ.
2018 സെപ്റ്റംബർ 18 മുതൽ 20 വരെ പ്യോംഗ്യാങ്ങിൽ നടന്ന ചരിത്രപരമായ ഇന്റർ-കൊറിയൻ ഉച്ചകോടിയിൽ നിന്നാണ് ഈ സൈനിക ഉടമ്പടി ഉടലെടുക്കുന്നത്. ചരിത്രപരമായ ഉച്ചകോടിയിൽ ഇരുപക്ഷത്തു നിന്നുമുള്ള നേതാക്കളായ മൂൺ ജേ-ഇന്നും കിം ജോങ്-ഉന്നും ചരിത്രത്തിന്റെ കലുഷിതമായ അധ്യായങ്ങളെ അവഗണിച്ച് ഭാവിയുടെ പ്രതീക്ഷകളെ സമാധാനത്തിന്റെ ചട്ടക്കൂടിൽ നിലനിർത്തുന്നതിന് വേണ്ടിയാണ് സൈനിക കരാറിൽ ഒപ്പുവെക്കപ്പെട്ടത്.
ഈ ഉച്ചകോടിയുടേയും തുടർന്നുള്ള ഇന്റർ-കൊറിയൻ സൈനിക ഉടമ്പടിയുടെയും ഫലമായി, ആണവായുധ ഭീഷണികളിൽ നിന്നും യുദ്ധത്തിന്റെ നിഴലിൽ നിന്നും മുക്തമായ, സമാധാനപൂർണമായ ഒരു കൊറിയൻ ഉപഭൂഖണ്ഡത്തിനുവേണ്ട അടിത്തറ പാകുന്നതിനും, അതിലൂടെ സുരക്ഷാ പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും ഇരുഭാഗത്തുനിന്നും അംഗീകാരം ലഭിക്കുകയായിരുന്നു. അതുവഴി കരയിലും വായുവിലും കടലിലും പരസ്പരം നടത്തുന്ന എല്ലാ തീവ്രവാദ പ്രവർത്തനങ്ങളും പൂർണ്ണമായും അവസാനിപ്പിക്കാൻ കരാറിലൂടെ ഇരുപക്ഷവും സമ്മതിച്ചു.
1953-ലെ കൊറിയൻ യുദ്ധം അവസാനിച്ചതിനുശേഷം ഇരു കൊറിയകളെയും വേർതിരിക്കുന്ന ജോയിൻ്റ് സെക്യൂരിറ്റി ഏരിയയുടെ (JSA) സൈനികവൽക്കരണം ഏറ്റെടുക്കാനും സൈനികവൽക്കരിക്കപ്പെട്ട മേഖലയെ (DMZ) സമാധാന മേഖലയാക്കി മാറ്റാനും സമവായത്തിലെത്തുകയായിരുന്നു.
കൂടാതെ, JSA-യെ സൈനികവൽക്കരിക്കാനുള്ള നടപടികൾ ആലോചിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഐക്യരാഷ്ട്രസഭ എന്നിവയ്ക്കിടയിൽ ഒരു ത്രിരാഷ്ട്ര കൺസൾട്ടേറ്റീവ് ബോഡി അവതരിപ്പിക്കുകയും ചെയ്തു.
മാത്രമല്ല, പെട്ടെന്നുള്ള സൈനിക ഏറ്റുമുട്ടലുകൾ തടയുന്നതിനുള്ള നടപടികൾ നടപ്പിലാക്കാൻ ഇരുപക്ഷവും സമ്മതിക്കുകയും, കരാർ നടപ്പാക്കുന്നത് നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഒരു അന്തർ-കൊറിയൻ സംയുക്ത സൈനിക സമിതി സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
സമഗ്ര സൈനിക ഉടമ്പടിയുടെ പ്രധാന നേട്ടങ്ങളിലൊന്ന് എന്നത് ഡിമിലിട്ടറൈസ്ഡ് സോണിലെ (DMZ) സംഘട്ടന സാഹചര്യം അയവുവരുത്തുക എന്നതായിരുന്നു.
ഇത് ഏത് സമയത്തും യുദ്ധസന്നദ്ധതയിൽ ഏർപ്പെടുന്ന സൈന്യങ്ങളുടെ പ്രകോപന പ്രവർത്തനങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് കാരണമായി. കൂടാതെ ഉത്തര കൊറിയൻ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും, ഗണ്യമായ ഫലം നൽകുന്നതിനും ഈ കരാർ കൊണ്ട് സാധിച്ചിട്ടുണ്ട്.
ഒരു പരിധിവരെ വരെ, സൈനിക ഉടമ്പടി ആണവനിരായുധീകരണ പ്രക്രിയയുടെ സംഭാഷണങ്ങൾക്കും, ഇടപെടലുകൾക്കും വേദി ഒരുക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നിരുന്നാലും, നടപ്പാക്കിയ രീതിയിൽ അത് പ്രതീക്ഷിച്ച ഫലങ്ങൾ കൈവരിക്കാൻ സാധിച്ചില്ല എന്നത് സൈനിക കരാറിന്റെ പരിമിതിയെയും അടയാളപ്പെടുത്തുന്നു.
സാരാംശത്തിൽ, സൈനിക ഉടമ്പടി പ്രധാനമായും ഇരു രാജ്യങ്ങൾ തമ്മിലുള്ള സൈനിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും രണ്ട് കൊറിയകൾക്കിടയിലുള്ള ആത്മവിശ്വാസം വളർത്തുന്നതിനുമുള്ള പ്രക്രിയകൾക്കും ചില വ്യക്തമായ സംഭാവനകൾ മുന്നോട്ട് വച്ചിട്ടുണ്ട്.
തകർച്ചയിലേക്ക് നയിച്ച കാരണങ്ങൾ
2022-ൽ ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കുന്നതിനു മുമ്പുതന്നെ സൈനിക കരാറിന്റെയും സമാധാന ശ്രമങ്ങളുടേയും അവസാനം വ്യക്തമായി കാണാൻ കഴിയും.
ഈ മാന്ദ്യത്തിൻ്റെ ഉത്ഭവം ആയി 2019 ഫെബ്രുവരി 27-28 തീയതികളിൽ വിയറ്റ്നാമിൽ വെച്ചു നടന്ന പരാജയപ്പെട്ട യുഎസ്-ഉത്തര കൊറിയ ഉച്ചകോടിയിൽ നിന്ന് കണ്ടെത്താനാകും. ഉച്ചകോടിക്കിടെ, യോങ്ബിയോണിലെ ആണവ സംവിധാന സമുച്ചയം പൊളിച്ചുമാറ്റുന്നതിനുള്ള നിർദ്ദേശം ഉത്തര കൊറിയ മുന്നോട്ടു വെക്കുകയും, ഒപ്പം ഉത്തരകൊറിയക്കുമേൽ ചുമത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ ലഘൂകരിക്കുന്നതിനുള്ള കരടുരൂപവും അവതരിപ്പിച്ചു.
എന്നാൽ ആണവ നിരായുധീകരണത്തിലും അതിന്റെ സ്ഥിരീകരണത്തിലും കൂടുതൽ കാര്യക്ഷമമായ നടപടികൾ ആവശ്യമാണെന്നുള്ള ട്രംപിന്റെ നിർബന്ധം മൂലം ഇത് വലിയ വിജയം നേടുന്നതിൽ പരാജയപ്പെടുകയാണുണ്ടായത്. ഇത് ഉത്തര കൊറിയയെ അതിന്റെ ആണവ, സൈനിക പ്രതിരോധ കഴിവുകൾ വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുകയും തൽഫലമായി കൊറിയൻ ഉപദ്വീപിലെ സുരക്ഷാ അന്തരീക്ഷം വഷളാവുകയും വർദ്ധിച്ച ഏറ്റുമുട്ടലിന്റെയും സംഘർഷത്തിന്റെയും സാഹചര്യത്തിലേക്ക് നയിക്കുകയുമാണുണ്ടായത്.
ഈ സംഘർഷങ്ങൾക്കിടയിൽ തന്നെ, 2022-ൽ ദക്ഷിണ കൊറിയയിലുണ്ടായ അധികാര മാറ്റം കൂടുതൽ സങ്കർഷപരിതമായ സാഹചര്യത്തിലേക്ക് നയിക്കുകയായിരുന്നു. നിലവിലെ പ്രസിഡന്റ് യൂൻ സുക് യോൾ അധികാരത്തിലേക്ക് വന്ന നാൾ മുതൽ തന്നെ സൈനിക കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള നടപടി അദ്ദേഹം ആരംഭിച്ചു തുടങ്ങിയിരുന്നു.
ഇതിന്റെ പ്രധാന കാരണം സൈനിക കരാർ പാലിക്കുന്നത് ദക്ഷിണ കൊറിയയെ ദുർബലപ്പെടുത്തുകയാണെന്നും, ഉത്തര കൊറിയ കരാറിനെ പ്രമാണത്തിൽ മാത്രമാണ് പാലിക്കുന്നത് എന്നുമുള്ള വിമർശക വാദങ്ങളുടെ പിൻബലത്തിൽ ആയിരുന്നു. വാസ്തവത്തിൽ, ഉത്തരകൊറിയ-അമേരിക്ക ആണവനിരായുധീകരണ സംഭാഷണം തകർന്നത് മുതൽ സുരക്ഷാ പോസ്റ്റുകളിലേക്ക് വെടിവെച്ചുകൊണ്ടും, സമുദ്രാതിർത്തിയിലെ ബഫർ സോണിൽ വെടിയുതിർത്തും ഉത്തര കൊറിയ ഒന്നിലധികം തവണ കരാർ ലംഘിച്ചിട്ടുണ്ട്.
അതിനാൽ, അധികാരമേറ്റെടുത്തയുടൻ തന്നെ, യൂൺ ഭരണകൂടം ഉത്തര കൊറിയയുമായി ഇടപഴകാനുള്ള മുൻ ശ്രമങ്ങളുടെ പ്രയോജനം നിഷേധിക്കുകയും, മൂൺ ഭരണകൂടത്തിൻ്റെ നയങ്ങൾ തിരുത്തുകയും കൊറിയൻ ബന്ധങ്ങളിൽ അസ്ഥിരത സൃഷ്ടിച്ചുകൊണ്ട് ഉത്തരകൊറിയയോട് കടുത്ത നിലപാട് സ്വീകരിക്കുകയുമാണ് ഉണ്ടായത്.
യൂൺ ഭരണം ഏറ്റെടുത്തതു മുതൽ, ഉത്തരകൊറിയയിൽ നിന്നുള്ള ഭീഷണികളെ ചെറുക്കുന്നതിനുള്ള നടപടികൾ അദ്ദേഹം നടപ്പിലാക്കിയത്, മുൻ ഭരണകൂട സമയത്ത് നിർത്തിവച്ചതോ വെട്ടിക്കുറച്ചതോ ആയ Republic of Korea-United States സംയുക്ത സൈനികാഭ്യാസങ്ങൾ പുനഃസ്ഥാപിച്ചുകൊണ്ട് അമേരിക്കയുമായി ചേർന്ന് രാജ്യത്തിൻ്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തു.
കൊറിയൻ ജനസംഖ്യയുടെ വീക്ഷണത്തിൽ നോക്കുകയാണെങ്കിൽ , വർഷങ്ങളായി സംഘർഷങ്ങളുടെ അനുഭവങ്ങൾക്ക് വിധേയമായതിനാൽ, പ്രദേശത്തിനുള്ളിൽ കൂടുതൽ സംഘട്ടനങ്ങളിൽ ഏർപ്പെടുന്നതിനോടുള്ള വിമുഖത സ്ഥിരമായി പൊതു മണ്ഡലത്തിൽ പ്രകടമാകുന്നുണ്ട്. ഈ പൊതു വികാരം അവരുടെ സംവാദങ്ങളിൽ അസന്ദിഗ്ധമായി പ്രകടമാവുകയും, ഇത് സംഘട്ടനത്തിൽ ഏർപെടുന്നതിനോടുള്ള അചഞ്ചലമായ എതിർപ്പിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. രണ്ട് വർഷമായി ഉക്രെയ്‌നിലെ സമീപകാല അസ്വസ്ഥജനകമായ യുദ്ധങ്ങൾക്കും, ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയും ഇസ്രായേലും തമ്മിലുള്ള ദുരിതപൂർണമായ സംഘർഷത്തിനും ശേഷം, കൊറിയൻ ഉപദ്വീപിലെ നിലവിലെ സുരക്ഷാ സാഹചര്യം വ്യാപകമായ ഭയത്തിൻ്റെ ഭീതിയാൽ അസ്വസ്ഥമാക്കുകയും, ഇത് കൊറിയൻ ജനതയുടെ സുരക്ഷയെക്കുറിച്ച് കൂടുതൽ ആശങ്കകൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
കൊറിയൻ പെനിൻസുലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രത്യാഘാതങ്ങൾ
മുൻകാല പ്രസിഡൻ്റ് മൂൺ ജെ-ഇന്നിൻ്റെ സമാധാന സംരംഭത്തിൻ്റെയും, പരമാവധി ഇടപഴകൽ നയത്തിന്റെയും നാഴികക്കല്ലായ 2018-ലെ ഇൻ്റർ-കൊറിയൻ സൈനിക കരാർ നിർത്തിവച്ചത്, ഇതിനകം തന്നെ ഗണ്യമായ സുരക്ഷാ പ്രതിസന്ധിയിലേക്ക് വഴിവെച്ചിട്ടുണ്ട്. സമാധാനം വളർത്തുന്നതിനുള്ളതും, അത് നിലനിർത്തുന്നതിനും പ്രശംസനീയമായ ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, ലോകത്തെ സുപ്രധാന ശക്തികളുടെ വ്യത്യസ്ത താൽപ്പര്യങ്ങളും, ഉപദ്വീപിൻ്റെ വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഭൂപ്രകൃതിയും കാരണം ഉടമ്പടി അന്തർലീനമായ പരാജയം നേരിടുകയാണുണ്ടായത്.
ആഗോള ഭൗമരാഷ്ട്രീയ ഭൂപ്രകൃതി വികസിക്കുമ്പോൾ, രാജ്യങ്ങൾ ഈ വെല്ലുവിളികൾ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. അതിനാൽ, ഈ അനിശ്ചിത്വപരമായ അന്തരീക്ഷത്തിൽ ഉയർന്നുവന്ന യഥാർത്ഥ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനൊപ്പം കൊറിയൻ ഉപഭൂഖണ്ഡത്തിൽ ദീർഘകാല സമാധാനം ലക്ഷ്യമിടുന്നത് തുടരേണ്ടതുണ്ട്.
ദീർഘകാല സമാധാനം കൈവരിക്കുക എന്നതിനർത്ഥം മേഖലയിലെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങൾ നയതന്ത്രപരമായി കൈകാര്യം ചെയ്യുക എന്നതാണ്. അവരുടെ വ്യത്യസ്ത താൽപ്പര്യങ്ങൾക്കിടയിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്തുന്നതിന്, ഉയർന്നുവരുന്ന സുരക്ഷാ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ അവർ പ്രതിജ്ഞാബദ്ധരായിരിക്കണം.
ഈ അനിശ്ചിത്വപരവും, ദുഷ്കരവുമായ സാഹചര്യത്തിൽ, ആഗോള രാഷ്ട്രീയ ഭൂപ്രകൃതി മാറുമ്പോഴും എല്ലാ കക്ഷികളും സമാധാനത്തിനായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭയെപ്പോലെയുള്ള അന്താരാഷ്ട്ര സമൂഹവും ജാഗ്രത പാലിക്കേണ്ടതുണ്ട്