ആപ്പിളിന് സ്റ്റീവ് ജോബ്സ് ആരാണോ എൻവിഡിയക്ക് അതാണ് ജെൻസൻ ഹുവാങ് (Jensen Huang). ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എത്ര പ്രിയപ്പെട്ടതാണോ ഗൗതം അദാനി, അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് അത്രയേറെ പ്രിയപ്പെട്ടയാളാണ് ജെൻസൻ ഹുവാങ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കാലത്ത് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആരെന്ന ചോദ്യത്തിന് ഉത്തരം പറയുക സാങ്കേതികവിദ്യയിലെ ആധിപത്യമാണ്. അവിടെ ഒന്നാമതെത്താൻ ചൈനയും അമേരിക്കയും തമ്മിലുള്ള പോരാട്ടം തുടങ്ങിയിട്ട് കാലം കുറച്ചായി. ആ പോരാട്ടത്തിന് ഇപ്പോഴിതാ അപ്രതീക്ഷിതമായി ഒരു വലിയ വഴിത്തിരിവ് സംഭവിച്ചിരിക്കുന്നു. എൻവിഡിയ സി.ഇ.ഒ. ജെൻസൻ ഹുവാങ് തനിക്ക് മറ്റൊരു സ്ത്രീയുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ ചൈനയും അമേരിക്കയും തമ്മിലുള്ള എഐ യുദ്ധത്തിലെ മാരകശേഷിയുള്ള ബോംബായി മാറുകയാണോ?
1993-ൽ അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി തുടങ്ങിയ എൻവിഡിയ കമ്പ്യൂട്ടർ ഗ്രാഫിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ സെന്ററുകൾ എന്നിവയ്ക്ക് ആവശ്യമായ അത്യാധുനിക പ്രൊസസ്സറുകളും ചിപ്പുകളും നിർമ്മിക്കുന്ന കമ്പനിയാണ്. 30 വർഷങ്ങൾക്ക് മുമ്പ് യുവ എഞ്ചിനീയറായിരുന്ന ഹുവാങ് സഹസ്ഥാപകനായി ആരംഭിച്ച കമ്പനി. എഐ ബൂമിനൊപ്പം എൻവിഡിയ കുതിച്ചു. സാങ്കേതികവിദ്യയുടെ കുതിപ്പിനൊപ്പം അമേരിക്ക ലോകത്തെ നിയന്ത്രിക്കുവാൻ തങ്ങളുടെ പോസ്റ്റർ ബോയ് എന്ന നിലയിൽ ഹുവാങ്ങിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. എൻവിഡിയ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയാണെന്ന് പല കണക്കുകളും പറയുന്നു. ജെൻസൻ ഹുവാങ് ലോകത്തിലെ വളർന്നുവരുന്ന ഏറ്റവും വലിയ ശതകോടീശ്വരരിൽ ഒരാളും.
എന്നാൽ, എല്ലാം ഒരൊറ്റ രാത്രി കൊണ്ട് തകർന്നടിയുന്ന കാഴ്ചയാണിപ്പോൾ ലോകം കണ്ടുകൊണ്ടിരിക്കുന്ന്. ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ വർഷം പുറത്തുവിട്ട ഒരു റിപ്പോർട്ടോടെയാണ് എല്ലാത്തിനും തുടക്കം. എൻവിഡിയയിൽ നിന്നും ചിപ്പുകൾ വാങ്ങുന്ന സിംഗപ്പുർ ആസ്ഥാനമായുള്ള ഒരു കമ്പനിയെക്കുറിച്ച് ചില സംശയങ്ങൾ ഉയരുന്നു. മെഗാസ്പീഡ് എന്നുപേരുള്ള കമ്പനി, അമേരിക്കയുടെ നിയന്ത്രണങ്ങളെ മറികടന്ന് ചൈനയിലേക്ക് എൻവിഡിയയുടെ ചിപ്പുകൾ കടത്തുന്നുവെന്നായിരുന്നു സംശയം. മെഗാസ്പീഡ് കമ്പനിയെ എൻവിഡിയയുമായി ബന്ധിപ്പിച്ചത് ആലീസ് ഹുവാങ് എന്ന സ്ത്രീയാണ്. ഈ സ്ത്രീ എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായി ചെറുതല്ലാത്ത അടുപ്പം സൂക്ഷിക്കുന്നുവെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നത്. തുടക്കത്തിൽ എൻവിഡിയ ഔദ്യോഗികമായി ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ പുതിയ മാധ്യമറിപ്പോർട്ടുകളും അന്വേഷണങ്ങളും കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. അതിൻെറ പരിസമാപ്തിയിലാണ് ഇപ്പോൾ എൻവിഡിയ സി.ഇ.ഒ തനിക്ക് ആലീസ് ഹുവാങ്ങുമായി പ്രണയബന്ധം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇതിനോടകം പുറത്ത് വന്നിരുന്നു.
ശതകോടികൾ വിലവരുന്ന ചിപ്പുകൾ മെഗാസ്പീഡിലൂടെ അമേരിക്കയിൽ നിന്ന് ചൈനയിലേക്ക് കടത്തിയതായാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ എഐ രഹസ്യങ്ങൾ ചോർത്തുന്നതിന് ആലീസ് ഹുവാങ്ങിനെ ചൈന നിയോഗിച്ചതാണെന്ന ആരോപണം പുറത്തുവന്നിട്ടുണ്ട്. എന്നാൽ ചൈന ഇതിനെ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ആലീസിനെക്കുറിച്ചുള്ള പല വിവരങ്ങളും ഇപ്പോഴും ദുരൂഹമാണ്. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് പോലും, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പോലും അവരുടെ വ്യവസായ മേഖലയിലെ ഇടപെടലുകളെക്കുറിച്ചോ പ്രവർത്തനങ്ങളെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.
ലോകത്ത് തന്നെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന എൻവിഡിയ എന്ന സ്ഥാപനമാണ് തങ്ങളുടെ തലപ്പത്തുള്ള വ്യക്തിയുടെ ഇടപെടൽ കൊണ്ട് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ തൻെറ സ്ഥാപനത്തെ ഒരു ഫാമിലി ബിസിനസ്സായി വളർത്തി കൊണ്ട് വരികയായിരുന്നു ഹുവാങ്. അദ്ദേഹത്തിൻെറ മക്കളായ മാഡിസണും സ്പെൻസറും സ്ഥാപനത്തിൻെറ നേതൃനിരയിൽ ഉണ്ട്. ഭാര്യ ലോറി മിൽസിനും സ്ഥാപനത്തിൽ വലിയ റോളുണ്ട്. ജീവനക്കാരോടും കമ്പനിയോടും ഭാര്യയോടും കുടുംബത്തോടും രാജ്യത്തോടുമെല്ലാം നിരുപാധികം മാപ്പ് പറഞ്ഞിരിക്കുകയാണ് ജെൻസൻ ഹുവാങ്. കമ്പനിയെയും സ്വന്തം കുടുംബത്തെയും അമേരിക്കയെയും അദ്ദേഹം ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. സി.ഇ.ഒയുടെ പ്രണയബന്ധത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ എൻവിഡിയ കമ്പനി. എന്തായിരിക്കും ജെൻസൺ ഹുവാങ്ങിൻെറ ഭാവിയെന്ന് ഈ അന്വേഷണ റിപ്പോർട്ട് പറയും. ജീവനക്കാരുടെയും സഹപ്രവർത്തകരുടെയും വിശ്വാസം താൻ വീണ്ടെടുക്കുമെന്നാണ് അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് ഹുവാങ്ങിന് സി.ഇ.ഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടി വരുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.
അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തെക്കുറിച്ച് ഗുരുതരമായ സംശയങ്ങളും ആശങ്കകളുമാണ് ഇപ്പോൾ ഉയർന്നുവന്ന വിവാദം മുന്നോട്ട് വെക്കുന്നത്. Make America Great Again എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിലെത്തിയ ഡൊണാൾഡ് ട്രംപ് രാജ്യത്തെ നയിക്കുന്നത് വലിയ പ്രതിസന്ധികളിലേക്കാണ്. ഇറാനുമായി നിലവിൽ അമേരിക്കയും ഇസ്രായേലും നടത്തിപ്പോരുന്ന യുദ്ധത്തിൽ എഐയുടെ റോൾ വളരെ വലുതാണ്. എൻവിഡിയ തന്നെയായിരുന്നു ഇതിൽ നിർണായകമായിരുന്നത്. ഇടക്കാലെ തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഏറ്റുവാങ്ങിയ ട്രംപിന് ഇടിത്തീ പോലെയാണ് ഇപ്പോൾ ജെൻസൻ ഹുവാങ്ങിൻെറ രൂപത്തിൽ അടുത്ത അടി കിട്ടിയിരിക്കുന്നത്. ഒരു ചൈനീസ് സ്പൈ തീരുമാനിച്ചാൽ തകരാൻ മാത്രമുള്ള വലിപ്പമേ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിനുള്ളോ എന്ന ചോദ്യം അമേരിക്കയിൽ ട്രംപ് വിമർശകർ ഉന്നയിച്ച് തുടങ്ങിയിരിക്കുന്നു. രാജ്യത്ത് ഏറ്റവും വിലപിടിപ്പുള്ളതെന്ന് കരുതുന്ന എഐ രഹസ്യങ്ങൾ ചോർന്നുപോയെങ്കിൽ, അതിൽ ഹുവാങ്ങിന് റോളുണ്ടെന്ന് തെളിവുകൾ പുറത്ത് വന്നാൽ, ഒട്ടും ചെറുതല്ലാത്ത വലിയ വില കൊടുക്കേണ്ടി വരും. അത് ട്രംപും കൊടുക്കേണ്ടി വരും, ജെൻസൻ ഹുവാങ്ങും കൊടുക്കേണ്ടി വരും.
