US Elections 2024: കുടിയേറ്റ വിരുദ്ധനിലപാടുമായി ട്രംപ്, ഇനി ഒരാഴ്ച; ഇഞ്ചോടിഞ്ച് പോരാട്ടം

അമേരിക്കയിലെ പ്രസിഡൻഷ്യൽ തെരഞ്ഞടുപ്പിന് ഇനി ഒരാഴ്ച മാത്രം. നിർണായകമാവാൻ പോവുന്നത് ഏഴ് സ്റ്റേറ്റുകളിലെ വോട്ടുകളെന്ന് വിലയിരുത്തൽ. മാറിമറിഞ്ഞ് സർവേഫലങ്ങൾ. കുടിയേറ്റ വിരുദ്ധ നിലപാട് ഒരിക്കൽ കൂടി ഉയർത്തി ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റ് ദുർബലമേഖലകളിൽ പ്രചാരണം ശക്തമാക്കി കമലാ ഹാരിസ്

News Desk

മേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് (US Election 2024) പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസും (Kamala Harris) റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും (Donald Trump) തമ്മിലുള്ള പോരാട്ടം കനക്കുന്നു. നവംബർ 5നാണ് അമേരിക്കയിൽ തെരഞ്ഞെടുപ്പ്. ഇനി ഒരാഴ്ച മാത്രമാണ് പ്രചാരണത്തിന് ബാക്കിയുള്ളത്. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ച് നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ കുടിയേറ്റ വിരുദ്ധ നിലപാട് ഒരിക്കൽ കൂടി ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ട്രംപ്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. രക്തദാഹികളായ ക്രിമിനലുകളാണ് അവരെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഡെമോക്രാറ്റുകൾക്ക് ശക്തി കുറഞ്ഞ പെൻസിൽവാനിയയിലായിരുന്നു കമലാ ഹാരിസിൻെറ പ്രചാരണം. രാജ്യത്ത് ആരെയും അരികുവൽക്കരിക്കില്ലെന്നും അമേരിക്കൻ ജനതയുടെ ഭാവിയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഫിലാഡൽഫിയയിൽ നടത്തിയ പ്രസംഗത്തിൽ കമലാ ഹാരിസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് അരികിലെത്തിയിട്ടും ട്രംപിനാണോ കമലയ്ക്കാണോ മുൻതൂക്കമെന്ന് സർവേകളൊന്നും തന്നെ വ്യക്തമായി പറയുന്നില്ല. സിബിഎസ് ന്യൂസ്, യുഗവ് പോൾ ഞായറാഴ്ച പുറത്തുവിട്ട സർവേയിൽ പറയുന്നത് ദേശീയതലത്തിൽ ട്രംപിനേക്കാൾ കമലയ്ക്ക് ഒരു ശതമാനത്തിൻെറ മുൻതൂക്കമുണ്ടെന്നാണ്. എന്നാൽ പുരുഷ വോട്ടർമാരിൽ 54 ശതമാനം ട്രംപിനെ പിന്തുണയ്ക്കുന്നുവെന്നും സ്ത്രീവോട്ടർമാരിൽ 55 ശതമാനം കമലയെ പിന്തുണയ്ക്കുന്നുവെന്നും സർവേയിൽ പറയുന്നു. രാജ്യത്തെ പുരുഷൻമാരിൽ വലിയൊരു വിഭാഗവും ട്രംപിനെ കരുത്തനായ നേതാവായി കണക്കാക്കുമ്പോൾ സ്ത്രീകൾക്കിടയിൽ വലിയ പിന്തുണ കമലയ്ക്കുണ്ടെന്നും സർവേ പറയുന്നു. ‘ഫൈവ്തേർട്ടി എയ്റ്റ്സ്’ എന്ന ഏജൻസി പുറത്തുവിട്ട പോളിൽ 1.4 ശതമാനം പോയൻറിൻെറ ലീഡ് കമലയ്ക്കുണ്ടെന്നാണ് പറയുന്നത്.

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇത്തവണ വിധി നിർണയിക്കാൻ പോവുന്ന ഏഴ് പ്രധാന സ്റ്റേറ്റുകളാണെന്ന വിലയിരുത്തലുണ്ട്. മിഷിഗൻ, വിസ്കോൺസിൻ, പെൻസിൽവാനിയ, നെവാദ, നോർത്ത് കരോളിന, അരിസോന, ജോർജിയ എന്നിവയാണ് ഈ ഏവ് സ്റ്റേറ്റുകൾ. ഇതിൽ മിഷിഗണിൽ മാത്രമാണ് കമലയ്ക്ക് അൽപം മുൻതൂക്കമുള്ളത്. വിസ്കോൺസിനിൽ ഇരുവരും ബലാബലമാണ്. നെവാദയിലും പെൻസിൽവാനിയയിലും ട്രംപിനാണ് നേരിയ മേൽക്കൈ ഉള്ളത്. നോർത്ത് കരോളിന, അരിസോണ, ജോർജിയ എന്നിവിടങ്ങളിൽ ട്രംപിന് വ്യക്തമായ മേൽക്കൈ ഉണ്ട്. ഈ സ്റ്റേറ്റുകളിലെ ഇലക്ടറൽ വോട്ടുകൾ നിർണായകമാവുമെന്നതിനാൽ, ഇവിടങ്ങൾ കേന്ദ്രീകരിച്ച് ഇരുപാർട്ടികളും പ്രചാരണം ശക്തമാക്കിയിട്ടുമുണ്ട്. പോളുകളിൽ മുന്നിലായിട്ടും നേരത്തെ ഹിലരി ക്ലിൻറൺ തോറ്റിട്ടുണ്ടെന്ന ചരിത്രം ഡെമോക്രാറ്റുകൾക്ക് മുന്നിലുണ്ട്. അത് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും ആത്മവിശ്വാസം പകരുകയും ചെയ്യുന്നുണ്ട്.

Comments