Operation Rising Lion; ഇറാനെതിരെ ഇസ്രായേൽ ആക്രമണം, പശ്ചിമേഷ്യ ജാഗ്രതയിൽ

ഇസ്രായേൽ ഇറാന് മേൽ ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യ കനത്ത സംഘർഷഭീതിയിൽ. തിരിച്ചടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ആക്രമണവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രതികരിച്ച് അമേരിക്ക.

റെക്കാലമായുള്ള മുന്നറിയിപ്പുകൾക്കൊടുവിൽ ഇറാന് നേരെ സൈനികാക്രമണവുമായി ഇസ്രായേൽ. വ്യാഴാഴ്ച രാത്രിയാണ് ഇറാൻെറ തലസ്ഥാന നഗരിയായ ടെഹ്റാനിൽ സ്ഫോടകശബ്ദം കേട്ടത്. ഇറാൻെറ ഔദ്യോഗിക വാർത്താമാധ്യമങ്ങൾ ഇസ്രായേലിൻെറ ആക്രമണം സ്ഥിരീകരിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ആക്രമണമെന്നാണ് ഇസ്രായേലിൻെറ ആദ്യപ്രതികരണം. ഇറാൻെറ ന്യൂക്ലിയർ - സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് തങ്ങളുടെ ആക്രമണമെന്നും അവർ പറയുന്നു.

“ഇസ്രായേലിൻെറ സമാധാനത്തിന് ഭീഷണിയാവുന്നതിനാൽ ഇറാനെതിരെ കുറച്ച് നിമിഷങ്ങൾക്ക് മുമ്പ് ഞങ്ങൾ Operation Rising Lion സെനിക ഓപ്പറേഷൻ ആരംഭിച്ചിരിക്കുകയാണ്. നിമിഷങ്ങൾക്ക് മുമ്പ് ആണവ പദ്ധതികളുടെ കേന്ദ്രഭാഗത്തിന് നേർക്കാണ് ഞങ്ങളുടെ ആക്രമണം. പ്രധാനപ്പെട്ട ന്യൂക്ലിയർ ശാസ്ത്രജ്ഞർ, ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഞങ്ങളുടെ ലക്ഷ്യമാണ്. ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നത് വരെ എത്രസമയത്തേക്ക് വേണമെങ്കിലും ഈ ഓപ്പറേഷൻ തുടരും. അതിർത്തികളിലെല്ലാം ഞങ്ങൾ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഞങ്ങൾക്ക് നേരെ തിരിച്ച് ആക്രമണത്തിന് മുതിർന്നാൽ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകുകയാണ്,” ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇസ്രായേലിൻെറ ആക്രമണത്തിൽ തങ്ങളുടെ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഹൊസൈൻ സലാമിയും ആംഡ് ഫോഴ്സസ് ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഗീരിയും കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇറാനിലെ തന്നെ പ്രധാന അധികാരകേന്ദ്രങ്ങളിലൊന്നാണ് റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ. ഇവർ കൂടാതെ രണ്ട് പ്രധാന ന്യൂക്ലിയർ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് ഇസ്രായേൽ കനത്ത വില നൽകേണ്ടിവരുമെന്ന് ഇറാൻ ആത്മീയനേതാവ് ആയത്തുള്ള അലി ഖമനേയ് പ്രതികരിച്ചിട്ടുണ്ട്.

ഇറാനും ഇസ്രായേലും തമ്മിൽ കാലങ്ങളായി ശത്രുത നിലനിൽക്കുന്നുണ്ട്. മുൻപും ചെറിയതോതിൽ പരസ്പരം ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ഇസ്രായേൽ ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ആണവായുധങ്ങൾ കൈകാര്യം ചെയ്യുന്നതിൻെറ ഭാഗമായി ഇറാൻ വൻതോതിൽ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നുണ്ടെന്നാണ് അന്താരാഷ്ട്ര വിദഗ്ദർ കരുതുന്നത്. ഇറാൻെറ ന്യൂക്ലിയർ പ്രവർത്തനങ്ങളാണ് അമേരിക്കയെയും ഇസ്രായേലിനെയും ചൊടിപ്പിക്കുന്നത്. ഇറാൻെറ ന്യൂക്ലിയർ പ്രവർത്തനങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം ചർച്ചകൾ നടത്തിവരുന്നതിനിടെയാണ് ഇപ്പോൾ ഇസ്രായേലിൻെറ ആക്രമണം ഉണ്ടായിരിക്കുന്നത്. നിലവിലെ ആക്രമണവുമായി തങ്ങൾക്ക് യാതൊരുവിധ ബന്ധവുമില്ലെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചിട്ടുള്ളത്.

Comments