കട പുഴക്കിയ മണ്ണിൽ കാലുറപ്പിക്കുകയാണ്, വീണ്ടും മൊറോക്കോ

ഒരു ജനതയുടെ നീണ്ടകാല പ്രയത്നവും ആ ഉദ്യമത്തിന് ചോദന നൽകിയ അവരുടെ പൈതൃക ചരിത്രവുമാണ് ഒരു രാത്രിയുടെ സമയ ദൈര്‍ഘ്യത്തിനുള്ളില്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായത്. ഈ ദുരന്തത്തെ മൊറോക്കോ അതിജീവിക്കുന്നത് എങ്ങനെയായിരിക്കും?

മൊറോക്കക്ക് അവരുടെ മക്കയാണ് മാറാക്കിഷ്. ആ നഗരത്തിന് ചുറ്റുമാണ് അവരുടെ ജീവിതവും ജീവിതോപാധികളും ഇത്രയും കാലം മുന്നോട്ട് പോയിരുന്നത്. 2023 സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച്ച രാത്രി 11 മണിക്ക് റിക്റ്റർ സ്‌കെയിലില്‍ 6.8 അടയാളപ്പെടുത്തിയ ഭൂചലനമുണ്ടാകുന്നു. അത് വരെ പൊതു ലോക ക്രമങ്ങളുടെ വലിയ ബാധ്യതകളോ തിരക്കുകളോ ഇല്ലാതെ കുറവുകളുള്ളതെങ്കിലും സന്തോഷത്തോടെയും ജീവിച്ചിരുന്ന ജനത പ്രകൃതിദുരന്തത്തിന്റെ ഒരു വലിയ നാശ നഷ്ടത്തിലേക്ക് എടുത്തെറിയപ്പെടുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ട മൊറോക്കയിലെ ഏറ്റവും വലിയ പൈതൃക പുരാതന നഗരം ഭൂമിക്കടിയിലാവുന്നു. യുനെസ്‌കോയോടെ ലോക പൈതൃക പട്ടികയിലിടം നേടിയ പുരാതന ടിന്‍മല്‍ പള്ളി പൊളിഞ്ഞു വീഴുന്നു. പ്രശസ്തമായ ജമാ അല്‍ഫ്‌ന സ്‌ക്വയറിലേ കൗതൗബിയ മോസ്‌കിന്റെ മിനാരങ്ങള്‍ തകരുന്നു. ചുവന്ന മതിലിന് വിള്ളല്‍ വീഴുന്നു. രണ്ടായിരത്തിലധികം മനുഷ്യര്‍ മരണപ്പെടുന്നു, അത്രയും പേര്‍ അതീവ ഗുരുതര സാഹചര്യത്തിലകപ്പെടുന്നു. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത അനേകം പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ബാക്കിയാവുന്നു. ഇതിന് മുമ്പ് 1960 കളില്‍ മൊറോക്ക വലിയ ഭൂകമ്പത്തിന് ഇരയായതാണ്. പതിനായിരക്കണക്കിന് മനുഷ്യര്‍ മരിച്ച മൊറോക്കയെന്ന മൊത്തം രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ക്രമത്തെ തന്നെ മാറ്റി മറിച്ച ലോകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ആ ഭൂകമ്പം.

സെപ്തംബർ 9 ന് സംഭവിച്ച ഭൂകമ്പത്തിന് മുമ്പും ശേഷമുള്ള മറാക്കിഷിലെ ഒരു പുരാതന കെട്ടിടം.

പക്ഷെ ആ വലിയ ദുരന്തത്തെ മറാക്കിഷ് അതിജീവിച്ചു. അറ്റ്‌ലസ് പര്‍വത താഴ്വരയുടെ സൗന്ദര്യവും പുരാതന നഗര ശേഷിപ്പുകളും വെച്ച് അവര്‍ കാലങ്ങളെയും പ്രതിസന്ധികളെയും മറി കടന്നു. ലോകത്തിലെ ഏറ്റവും വലിയ ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രമായി മറാക്കിഷ് മാറി. ആ സാധ്യതകള്‍ക്കൊപ്പം ചെറു നഗരങ്ങളും ജനങ്ങളും അവരുടെ ഉപജീവന മാര്‍ഗങ്ങളും വളര്‍ന്നു. ആധുനിക ലോകത്തിന്റെ സകല സാധ്യതകളും ആര്‍ജിച്ചെടുക്കാന്‍ മൊറോക്ക ശ്രമം തുടങ്ങുകയും ഏറെ കുറെ വിജയത്തിലെത്തുകയും ചെയ്തു.

എന്നാല്‍ ഒരു ജനതയുടെ ഈ നീണ്ട കാല പ്രയത്‌നവും ആ ഉദ്യമത്തിന് ചോദന നല്കിയ അവരുടെ പൈതൃക ചരിത്രവുമാണ് ഒരു രാത്രിയുടെ സമയ ദൈര്‍ഘ്യത്തിനുള്ളില്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായത്. അല്‍ഹോസില്‍ പ്രവിശ്യയിലെ ഇഗില്‍ പട്ടണത്തിനടുത്ത് 6.8 റിക്റ്റര്‍ സ്കെയ്ല്‍ രേഖപ്പെടുത്തിയ വലിയ ഒരു ചലനം. തുടര്‍ന്ന് സെക്കന്‍ഡുകള്‍ വ്യത്യാസത്തില്‍ 4.5 രേഖപ്പെടുത്തിയ തുടര്‍ ചലനങ്ങള്‍. സര്‍ക്കാറിനോ സംവിധാനങ്ങള്‍ക്കോ കാര്യമായിയൊന്നും ചെയ്യനുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് രാത്രികളിലും, തകര്‍ന്നു പോയ വീടുകളിലേക്ക് പോവാനാവാതെ മതിയായ ഭക്ഷണവും വെള്ളവും കിട്ടാതെ ടൂറിസ്റ്റുകളടക്കമുള്ള നിരവധി പേരാണ് തെരുവില്‍ അഭയം പ്രാപിച്ചത്.

തകർന്ന കെട്ടിടത്തിൽ നിന്നും കുട്ടിയെ രക്ഷിക്കുന്നു..

രക്ഷപ്പെടുത്തലിന്റെയും വീണ്ടെടുക്കലിന്റെയും എല്ലാ സാധ്യതകളുപയോഗിച്ച് മറാക്കിഷിനെ വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. ലോക രാഷ്ട്രങ്ങളും യൂണിയനുകളും റെഡ് ക്രോസ്സും സഹായ സേവനങ്ങളുമായി സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷം വലിയ പ്രകൃതിദുരന്തത്തിന് ഇരയാകേണ്ടി വന്ന തുര്‍ക്കി സേനയും അടിയന്തര വസ്തുകളുമായി ഒരു വലിയ സംഘത്തെ മൊറോക്കയിലേക്കയച്ചിട്ടുണ്ട്. സഹാറ മരുഭൂമി അതിര്‍ത്തി തര്‍ക്കം മൂലം മൊറോക്കയുമായി ശത്രുതയിലായിരുന്ന അള്ജീരിയടക്കമുള്ള അയല്‍ രാജ്യങ്ങള്‍ സഹായഹസ്തങ്ങള്‍ നീട്ടി. മൊറോക്കന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം അഷ്‌റഫ് ഹക്കീമി തന്റെ സഹ താരങ്ങള്‍ക്കൊപ്പം രക്തദാനം നല്കി മൊറോക്കയെ ചേര്‍ത്ത് നിര്‍ത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തോട് അഭ്യാര്‍ത്ഥിച്ചു. മറാക്കിഷിലെ ഭീതി ജനകമായ ദുരന്ത ഭൂമിയില്‍ പാതി പൊളിഞ്ഞു പോയ ചെറിയ കടകള്‍ തുറന്ന് അവിടുത്തെ ജനങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്നു. മനുഷ്യരാശിക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കേണ്ട സമയമെന്ന സന്ദേശം പരക്കെ കൈമാറുന്നു.

സഹ താരങ്ങൾക്കൊപ്പം രക്തം ദാനം നല്കി മൊറോക്കൻ ഫുട്ബോൾ താരം അഷ്റഫ് ഹക്കീമി ട്വിറ്ററിലൂടെ ലോകത്തോട് സഹായമാഭ്യാത്ഥിക്കുന്നു.

മറാക്കിഷിന്റെയും അവിടുത്തെ ജനങ്ങളുടെയും അഭിവൃദ്ദിക്ക് കാരണം അവിടുത്തെ മധ്യ കാല, പുരാതന പള്ളികളും അറ്റ്‌ലസ് പര്‍വത നിരകളും കാണാന്‍ വരുന്ന സഞ്ചാരികളാണ്. ഈ അവസരത്തില്‍ അവരെ കൂടി അധിവസിപ്പിക്കുക തങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്ന മൊറോക്കന്‍ ജനത ഈ ദുരന്തത്തെയും അതിവേഗം അതിജീവിക്കും.പൈതൃകമായില്ലെങ്കില്‍ കൂടി മാറാക്കിഷ് നഗരം അവര്‍ പുതുക്കി പണിയും. 1960 ലെ മഹാ ഭൂകമ്പത്തില്‍ നിന്നും അതിജീവിച്ചെത്തിയ ജനത ഈ ദുരന്തത്തിന് ശേഷവും വീണ്ടും പുതിയ നഗരങ്ങളും ആശുപതികളും പള്ളി മിനാരങ്ങളും പണിയും. പുതിയ ലോക ക്രമങ്ങളിലേക്ക് വികസിക്കും. മൊറോക്കയും ജനതയും തിരിച്ചു വരും.

Comments