Photo : UNICEF Afghanistan, FB

താലിബാൻ: മതതീവ്രവാദം
​പ്രത്യയശാസ്​ത്രമാകുമ്പോൾ

ഇസ്​ലാമിക തീവ്രവാദത്തിന്റെയും അക്രമാസക്തമായ യാഥാസ്ഥിതിക മതാധിപത്യത്തിന്റെയും മകുടോദാഹരണമാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ. അവർ രണ്ടാമത് ആധിപത്യം സ്ഥാപിച്ച്​ ഒരു വർഷം കഴിഞ്ഞു. താലിബാന്റെ ഗോത്രാധിഷ്ഠിതമായ മതആശയങ്ങളുടെ വികാസ പരിണാമത്തെക്കുറിച്ച്, അവിടുത്തെ സങ്കീർണമായ സാമൂഹികഘടനയെ വിശകലനം ചെയ്​ത്​ പരിശോധിക്കുന്നു.

താനും ദശകങ്ങളായി ഇസ്​ലാമിക തീവ്രവാദവും ഇസ്​ലാമോഫോബിയയും ലോകത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണല്ലോ. പാശ്ചാത്യ- പൗരസ്ത്യ വ്യത്യാസമില്ലാതെ, മുതലാളിത്ത - സാമ്രാജ്യത്വ ചേരിയെന്നോ, സോഷ്യലിസ്റ്റ് ചേരിയെന്നോ, വലത് - ഇടത് - ലിബറൽ പക്ഷങ്ങളെന്നോ വ്യത്യാസമില്ലാതെ ലോകത്താകമാനം അക്കാദമിക സമൂഹവും ഈ വിഷയം പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നു, വ്യാഖ്യാനങ്ങൾ ചമക്കുന്നു.

തീവ്രവാദം എന്നത് ദേശീയതയിലായാലും, മതത്തിലായാലും രാഷ്ട്രീയത്തിലായാലും സ്വയമേവ ഉരുത്തിരിയുന്നതല്ല. ആസൂത്രിതമായി സൃഷ്ടിക്കപ്പെടുന്നതാണ്. നാളുകളും ദേശങ്ങളും പ്രവർത്തനമേഖലകളും മാറുന്നതനുസരിച്ച് അതിന് കൂട്ടിച്ചേർക്കലുണ്ടാകുന്നുണ്ട്. ശീതയുദ്ധാനന്തരം മാധ്യമലോകം സജീവമായി വ്യവഹരിക്കുന്ന ഈ വിഷയം പരിപോഷിപ്പിക്കുന്നതിനും പെരുപ്പിച്ചവതരിപ്പിക്കുന്നതിനും ഹണ്ടിങ്ടൺ തീസിസിന്റെ പിൻബലവുമുണ്ട്.

മഹ്‌സി അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ നിന്ന് / Photo : Iran In Photos

അഫ്ഗാനിസ്ഥാനിലെ സോഷ്യലിസ്റ്റ് വിപ്ലവവും ഇറാനിലെ യാഥാസ്ഥിതിക മതവിപ്ലവവും സംഭവിച്ചത് ഒരേകാലത്താണ്; 1978 - 79ൽ. അഫ്ഗാൻ സമൂഹത്തിൽ മാറ്റത്തിന്റെ വെളിച്ചം പ്രസരിപ്പിച്ച സോഷ്യലിസ്റ്റ് ഭരണകൂടത്തെ ശൈശവദശയിൽതന്നെ നശിപ്പിച്ചത് അമേരിക്കൻ സാമ്രാജ്യത്വമാണ്, അവർ പോറ്റിവളർത്തിയ മതഭീകരവാദ പ്രസ്ഥാനങ്ങളാണ്. മുജാഹിദ്ദീൻ ഗറില്ലകളിൽ തുടങ്ങി താലിബാനിലൂടെ തുടരുന്ന യാഥാസ്ഥിതിക തീവ്രവാദ ഭരണകൂടത്തിന്റെ കിരാത നടപടികൾ അഫ്ഗാനിസ്ഥാനിലെ പൗരസമൂഹത്തെ, പ്രത്യേകിച്ചും, സ്ത്രീകളെ അരക്ഷിതാവസ്ഥയിൽ തളച്ചിട്ടിരിക്കുന്നു.

യാഥാസ്ഥിതിക മതാധിപത്യത്തിനോ സ്വേച്ഛാധിപത്യ ഭരണകൂടത്തിനോ പൗരസമൂഹത്തെ അധികകാലം അടിച്ചമർത്തി ഭരിക്കാൻ കഴിയില്ല എന്നതിന്റെ ദൃഷ്​ടാന്തങ്ങളാണ്​ ഇറാനിൽ കാണുന്നത്.

ഇറാനിൽ ആയത്തുള്ള ഖൊമൈനിയുടെ കാർമികത്വത്തിൽ നടന്ന മതരാഷ്ട്രീയ അട്ടിമറിയിലൂടെ, 1979ൽ യാഥാസ്ഥിതിക ഷിയാ മതഭരണകൂടം സ്ഥാപിക്കപ്പെട്ടു. മതാധിപത്യത്തിനുകീഴിൽ ഭരണാധികാരികൾ മാറിമാറി വന്നെങ്കിലും കാലത്തിന്റെ മാറ്റവും ശാസ്ത്രസാങ്കേതികവിദ്യയുടെ പുരോഗതിയും ഇറാനിലെ പൗരസമൂഹത്തിന്റെ സാമൂഹിക ജീവിതത്തിൽ കാര്യമായ മാറ്റമുണ്ടാക്കിയില്ല. ആ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ മറ്റു ഇസ്​ലാമിക യാഥാസ്ഥിതിക ഭരണം നിലനിൽക്കുന്ന രാജ്യങ്ങളിലേതുപോലെ പരിതാപകരമായി തുടർന്നു. നാലുപതിറ്റാണ്ടിലേറെയായി അടിച്ചമർത്തപ്പെട്ട ഇറാനിലെ സ്ത്രീസമൂഹം വസ്ത്രധാരണത്തിലെങ്കിലും ലഘുവായ തോതിലുള്ള സ്വാതന്ത്ര്യം അനുവദിച്ചുകിട്ടാൻ കലാലയങ്ങളിലും തെരുവുകളിലും പ്രക്ഷോഭം നടത്തുകയാണ്. ഹിജാബ് ധരിച്ചപ്പോൾ നെറ്റിയുടെ മേൽഭാഗത്തെ മുടിയിഴകളിൽ അൽപം പുറത്തുകാണുന്നവിധത്തിലായിപ്പോയി എന്നതിന്റെ പേരിൽ മതസദാചാര പൊലീസിന്റെ പീഡനത്തിനിരയായി കൊല്ലപ്പെട്ട മെഹ്സ അമിനി എന്ന 22 കാരിയായ ഖുർദിഷ് യുവതി ഇറാനിലെ സമകാലിക മനുഷ്യാവകാശ ധ്വംസനങ്ങളുടെ ആദ്യ രക്തസാക്ഷിയാണ്.

ഇറാനിൽ ആയത്തുള്ള ഖൊമൈനിയുടെ കാർമികത്വത്തിൽ നടന്ന മതരാഷ്ട്രീയ അട്ടിമറിയിലൂടെ, 1979ൽ യാഥാസ്ഥിതിക ഷിയാ മതഭരണകൂടം സ്ഥാപിക്കപ്പെട്ടു. / Photo : Wikimedia Commons

ഇറാനിലെ മതഭരണകൂടത്തിന്റെ അടിച്ചമർത്തലിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ നൂറുകണക്കിന് പ്രതിഷേധക്കാർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിനാളുകൾ അറസ്​റ്റിലാവുകയും ചെയ്​തു. മെഹ്സ അലിയുടെ ചിത്രം പതിച്ച പ്ലക്കാർഡുമേന്തി മാർച്ച് നടത്തിയും മുടി മുറിച്ചെറിഞ്ഞും ശിരോവസ്ത്രങ്ങൾ കത്തിച്ചും ഇറാനിലെ സ്ത്രീകൾ നടത്തുന്ന പ്രക്ഷോഭം ലോകശ്രദ്ധയാകർഷിക്കുന്നു. വിദ്യാർത്ഥികളും യുവാക്കളും അഭ്യസ്തവിദ്യരും മാത്രമല്ല, എണ്ണപ്പാടങ്ങളിലെയും വ്യവസായ മേഖലകളിലെയും തൊഴിലാളികളും സ്ത്രീപ്രശ്‌നങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ മതഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിരിക്കുന്നു. യാഥാസ്ഥിതിക മതാധിപത്യത്തിനോ സ്വേച്ഛാധിപത്യ ഭരണകൂടത്തിനോ പൗരസമൂഹത്തെ അധികകാലം അടിച്ചമർത്തി ഭരിക്കാൻ കഴിയില്ല എന്നതിന്റെ ദൃഷ്​ടാന്തങ്ങളാണ്​ ഇറാനിൽ കാണുന്നത്.

കൃത്യമായ കാര്യപരിപാടിയും അതിന് ഊർജം നൽകുന്ന പ്രത്യയശാസ്ത്രവും പ്രസ്ഥാനത്തിന്റെ അഭിവാജ്യഘടകങ്ങളാണ്. അങ്ങനെ നോക്കുമ്പോൾ താലിബാന് പ്രത്യശാസ്ത്രമുണ്ടോ? ഉണ്ടെങ്കിൽ എന്താണ്, ഏതു തരത്തിലുള്ളതാണ് ആ പ്രത്യയശാസ്ത്രം?

താലിബാൻ ഒരു പ്രത്യയശാസ്​ത്രമാണോ?

ഇസ്​ലാമിക തീവ്രവാദത്തിന്റെയും അക്രമാസക്തമായ യാഥാസ്ഥിതിക മതാധിപത്യത്തിന്റെയും മകുടോദാഹരണമാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ. (‘താലിബ്' എന്ന അറബിക് വാക്കിന് ‘വിദ്യാർത്ഥി' എന്നാണ് അർഥം. അതിന്റെ ബഹുവചന രൂപമാണ് പഷ്തോ ഭാഷയിലെ ‘താലിബാൻ'). അവിടെ താലിബാൻ രണ്ടാമത് ആധിപത്യം സ്ഥാപിച്ച്​ ഒരു വർഷം കഴിഞ്ഞു. അഫ്ഗാനിസ്ഥാനിൽ അധികാരത്തിലിരിക്കുന്ന താലിബാന്റെ ഗോത്രാധിഷ്ഠിതമായ മത ആശയങ്ങളുടെ വികാസപരിണാമത്തെക്കുറിച്ച്, അവിടുത്തെ സങ്കീർണമായ സാമൂഹികഘടനയെ വിശകലനം ചെയ്​ത്​ പരിശോധിക്കുകയെന്നത് മതാത്മക തീവ്രവാദ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര പരിസരത്തെക്കുറിച്ചുള്ള പഠനങ്ങളുടെ ഭാഗമാണ്.

നൂർ മുഹമ്മദ്‌ തരാക്കി, മൊല്ല ഉമർ

സമകാലിക സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ താലിബാനെ എങ്ങനെ വിശേഷിപ്പിക്കാം? അക്രമവും, മതാന്ധതയും, അധികാരാർത്ഥിയും, അരാജകത്വവും, തീവ്ര പുരുഷാധിപത്യവും, പ്രാകൃത ഗോത്രശീലങ്ങളും, ഭീകരതയും, അരക്ഷിതാവസ്ഥയും സംയോജിച്ചുണ്ടാവുന്ന അവസ്ഥ സൃഷ്ടിച്ച്​ആധിപത്യം സ്ഥാപിച്ച പ്രസ്ഥാനം. സാമ്രാജ്യത്വശക്തികൾ കയ്യൊഴിഞ്ഞ അഫ്ഗാനിസ്ഥാനിൽ ആഭ്യന്തരയുദ്ധത്തിലൂടെയാണ്​ താലിബാൻ വീണ്ടും അധികാരം പിടിച്ചത്​. ഈ അധികാരപ്രയോഗത്തിനുകീഴിൽ, അഫ്ഗാനിസ്ഥാനിലെ ജനജീവിതത്തിന്റെ സമസ്തമേഖലകളിലെയും അവസ്ഥയെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചും ഒട്ടേറെ ചോദ്യങ്ങളുയരുക സ്വഭാവികം.

പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന് സംഘടനാസംവിധാനമുണ്ടായിരിക്കുമല്ലോ. കൃത്യമായ കാര്യപരിപാടിയും അതിന് ഊർജം നൽകുന്ന പ്രത്യയശാസ്ത്രവും പ്രസ്ഥാനത്തിന്റെ അഭിവാജ്യഘടകങ്ങളാണ്. അങ്ങനെ നോക്കുമ്പോൾ താലിബാന് പ്രത്യശാസ്ത്രമുണ്ടോ? ഉണ്ടെങ്കിൽ എന്താണ്, ഏതു തരത്തിലുള്ളതാണ് ആ പ്രത്യയശാസ്ത്രം?

1994 സെപ്തംബറിൽ ഖാണ്ഡഹാറിലെ 50 മദ്രസാ വിദ്യാർത്ഥികളുമായി മുല്ല മൊഹമ്മദ് ഒമർ എന്ന മദ്രസാ അധ്യാപകൻ തുടങ്ങിവെച്ച പ്രസ്ഥാനം. തുടർന്ന് കേവലം രണ്ടുവർഷം കൊണ്ട് ആഭ്യന്തരയുദ്ധത്തിലൂടെ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ച താലിബാൻ, സംസ്‌കാരശൂന്യമായ പ്രവർത്തനങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയപ്പോൾ, കേവലം മതാധ്യാപകനായിരുന്ന മുല്ല ഒമർ അഫ്ഗാനിസ്ഥാനിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത പരമോന്നത മത- രാഷ്ട്രീയ നേതാവായിത്തീർന്നു. മുല്ല ഒമറിന്റെ അനുയായികൾ അദ്ദേഹത്തെ 1996 മുതൽ ‘അമീറുൽ മുഇമിനീൻ' അഥവാ വിശ്വാസികളുടെ തലവൻ (commander of the faithful) ആയി കരുതിപ്പോന്നു.

പാകിസ്താനിലെ അഭയാർത്ഥി ക്യാമ്പുകളിലെ ആയുധപരിശീലനങ്ങളും തീവ്രമായ മത പ്രബോധനങ്ങളും അഫ്ഗാൻ അഭയാർത്ഥികളിൽ സൃഷ്ടിച്ചെടുത്തത് പ്രതികാരതൃഷ്ണയും യുദ്ധോൽത്സുകതയുമാണ്.

ചരിത്രത്തിലെ അഫ്​ഗാനിസ്​ഥാൻ

അഫ്ഗാൻ താലിബാന്റെ പ്രത്യയശാസ്ത്രത്തെകുറിച്ച് പഠിക്കാൻ ശ്രമിക്കുമ്പോൾ അഫ്ഗാനിസ്​ഥാന്റെ ചരിത്രപശ്ചാത്തലത്തെകുറിച്ച് ബോധ്യമുണ്ടാവണം. താലിബാന്റെ ആവിർഭാവത്തിനുമുമ്പ് അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന ഭൗതിക ജീവിതപരിസരം പ്രധാന ഘടകമാണ്. അതിൽ അഫ്ഗാനിസ്ഥാനിലെ ഗോത്രാധിഷ്ഠിത ഫ്യൂഡൽ ജീവിതവ്യവസ്ഥ, സോഷ്യലിസ്റ്റ് സർക്കാരിന്റെ കാലത്തുണ്ടായ പരിഷ്‌കരണ പ്രവർത്തനങ്ങൾ, മുജാഹിദീൻ തീവ്രവാദികൾ അമേരിക്കൻ- പാകിസ്ഥാൻ പിന്തുണയോടെ നടത്തിയ ആഭ്യന്തരയുദ്ധം, അരാജകത്വം എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
‘താലിബാൻ' തീവ്രവാദമാണെന്നും, ഭീകരപ്രസ്ഥാനമെന്നും, പരിഷ്‌കൃതവിരുദ്ധരായ മതഭ്രാന്തന്മാരുടെ സംഘടനയാണെന്നും പൊതുസമൂഹത്തിലെ ഭൂരിഭാഗവും കരുതുന്നു. അതേസമയം, ഒരു ചെറിയ വിഭാഗമെങ്കിലും താലിബാനെ ഒരു ‘പ്രതിഭാസം' എന്ന് വിശേഷിപ്പിച്ച്,​ അഫ്ഗാൻ ദേശീയതയുടെ സംരക്ഷണത്തിനും അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനും വേണ്ടി പോരാടുന്ന പ്രസ്ഥാനമായും വിലയിരുത്തുന്നു.

1950-കളിലെ അഫ്ഘാനിസ്ഥാനിലെ ഒരു ഫാമിലി പാർക്ക്. / Photo: picryl.com

താലിബാന്റെ പ്രത്യയശാസ്ത്രത്തെകുറിച്ച് പരിശോധിക്കുന്നതിന് ആ പ്രസ്ഥാനത്തിന്റെ ചരിത്രത്തെ രണ്ട് ഘട്ടമായി തിരിക്കാം. ഒന്നാമത്തേത്, 1994 ൽ താലിബാൻ രൂപം കൊണ്ട് 1996ൽ അഫ്ഗാനിസ്​ഥാനിൽ അധികാരം പിടിച്ച് 2001 ൽ അമേരിക്കൻ സാമ്രാജ്യത്വശക്തിയാൽ അധികാരത്തിൽനിന്ന്​പുറംതള്ളുന്നതുവരെയുള്ള ഘട്ടം. ആ കാലത്തെ താലിബാന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഗ്രാംഷി (Antonio Gramsci) അവതരിപ്പിച്ച രാഷ്ട്രീയ സാംസ്‌കാരിക അധീശത്വം (hegemony) എന്ന പരികല്പനയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നത് അനുയോജ്യമെന്ന് കരുതുന്നു.

പോരാട്ടത്തിൽ നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും നേടാള്ളത് മാതൃരാജ്യമാണെന്നും, പാരമ്പര്യത്തിന്റെ പുനഃസ്ഥാപനമാണെന്നും അവിശ്വാസികളായ അഫ്ഗാനിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തെ തകർക്കേണ്ടത് വിശ്വാസികളുടെ പുണ്യപ്രവർത്തിയാണെന്നുമുള്ള വാചാടോപങ്ങൾ താലിബാൻ പ്രത്യയശാസ്ത്രസങ്കൽപനങ്ങളായി മാറി.

താലിബാന്റെ പ്രവർത്തനങ്ങളിലെ, 2002 മുതൽ 2021 ആഗസ്റ്റിൽ വീണ്ടും അധികാരം പിടിച്ചെടുത്തതുവരെയുള്ള ഘട്ടത്തിലെ പ്രത്യശാസ്ത്ര നിലപാടുകളെകുറിച്ച് ഗ്രാംഷിയൻ പരികല്പനകളോടൊപ്പം മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് സിദ്ധാന്തങ്ങളുടെ ഭാഗമായ ‘ദേശീയ സ്വയംനിർണയാവകാശം' എന്ന പരികല്പനയുടെ അടിസ്ഥാനത്തിൽ കൂടിയും വിശകലനം നടത്തുന്നത് ഉചിതമാകും. പ്രസ്തുത സൈദ്ധാന്തിക പരികല്പനകൾ ഈ പഠനപ്രക്രിയയുടെ പ്രേരണാഘടകമാണ്. (1846 ൽ പോളണ്ടിലുണ്ടായ ക്രാക്കോവ് പ്രക്ഷോഭത്തെ അനുസ്മരിച്ച്​ ഏംഗൽസ്​ 1848 ൽ നടത്തിയ പ്രസംഗത്തിൽ, വൈദേശിക അടിച്ചമർത്തുകൾക്കെതിരെ പോളിഷ് ജനത നടത്തിയ പോരാട്ടത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്, ‘പോളണ്ടിലെ വൈദേശിക അടിച്ചമർത്തലുകൾക്കെതിരെ പോളണ്ടിൽനിന്നുതന്നെയുള്ള നിർണായക പോരാട്ടം ' എന്നാണ്. (On Polish Question; Marx Engels, Complete Works, Vol -6 , p. 549). ദേശീയ പ്രശ്‌നത്തെക്കുറിച്ച് ലെനിൻ എഴുതിയതിൽ ഒരു പ്രധാന പരാമർശം, ‘ദേശീയ സ്വയംഭരണത്തിനുവേണ്ടിയുള്ള ആവശ്യം പിന്തുണക്കുന്ന കാര്യം ഒരുതരത്തിലും തൊഴിലാളിവർഗത്തിന്റെ പരിപാടിയോട് ബന്ധിതമായ ശാശ്വതമായ കാര്യമല്ല, എന്നാൽ ഒറ്റപ്പെട്ടതും അസാധാരണവുമായ സന്ദർഭങ്ങളിൽ ഈ പിന്തുണ ആവശ്യമായി വന്നേക്കാം'... എന്നരീതിയിലാണ്. (‘On the Manifesto of the Armenian Social Democrats', Lenin, Collected Works, 1964, Vol-6; pp 326- 329).

ഇവിടെ താലിബാൻ പ്രത്യയശാസ്ത്രത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച്​ വസ്തുതാ പരിശോധന- അവതരണ രീതിയാണ് അവലംബിക്കുന്നത്. പൊതു വായനക്കാരെ സംബന്ധിച്ച്​ താലിബാന്റെ മാർഗദർശനം, പ്രചോദനം, ആശയസംഹിത എന്നത്​ എങ്ങനെയുള്ളതാണെന്ന്​ മനസിലാക്കേണ്ടത്​ പ്രധാനമാണ്​.

Photo : UNICEF Afghanistan, FB

അഫ്ഗാൻ ജനതയിൽ ഭൂരിഭാഗവും മധ്യകാല ഗോത്രശീലങ്ങൾ പിന്തുടരുന്നു. അവിടുത്തെ ഗോത്രജനസഞ്ചയത്തിൽ പകുതിയോടടുത്ത് അംഗബലമുള്ളത് പഷ്തൂൺ ഗോത്രവിഭാഗങ്ങൾക്കാണ്. അഫ്ഗാനിസ്​ഥാന്റെ തെക്കൻ പ്രദേശങ്ങളിൽ മാത്രമല്ല, പാകിസ്​ഥാന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലും പഷ്തൂൺ ഗോത്രവിഭാഗങ്ങൾ അധിവസിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ കൃഷി ചെയ്ത് ജീവിച്ചിരുന്ന പഷ്തൂൺ ഗോത്രങ്ങൾക്ക് ഇസ്​ലാം മതത്തിന്റെ ആവിർഭാവത്തിന്​ വളരെ മുമ്പേ മുതലുള്ള പരമ്പരാഗത ജീവിതശൈലിയും പെരുമാറ്റ മാതൃകയുമുണ്ട്. പാരമ്പരാഗതമായിത്തന്നെ അഫ്ഘാൻ ഗ്രാമങ്ങൾ സ്വതന്ത്ര സ്ഥാപനങ്ങൾ പോലെയായിരുന്നു.

ശരീഅത്ത്​ നിയമങ്ങൾ പലപ്പോഴും മാനവികതയുടെ മേലുള്ള ധാർമികതയെ പ്രതിനിധാനം ചെയ്തപ്പോൾ പഷ്തൂൺവാലി എന്ന ആശയം ശരീഅത്തിന്റെ പ്രത്യയശാസ്ത്രം മറികടന്ന്​ പഷ്തൂണുകളിൽ അന്തർലീനമായി നിലകൊള്ളുന്നു.

‘പഷ്തൂൺവാലി' (pasthunwali) യെന്ന പരമ്പരാഗത ജീവിതചര്യ പിന്തുടർന്ന പഷ്തൂൺ ജനവിഭാഗം പിന്നീട് ഇസ്​ലാം മതനിയമങ്ങളും ഇസ്​ലാമിക ജീവിതചര്യയുമായി സംയോജിക്കപ്പെട്ടു. ‘പഷ്തൂൺവാലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ‘പസ്തൂണിന്റെ വഴി’ എന്നാണ്. ഇത് അലിഖിത ജീവിത പെരുമാറ്റ സംഹിതയാണ് (code of conduct). അതോടൊപ്പം, ഇസ്​ലാമിക ജീവിതചര്യ കൂടി സംയോജിച്ചപ്പോൾ പഷ്തൂൺ ഗോത്രങ്ങളിൽ ഐക്യത്തോടുകൂടിയ തനതായ ഗോത്ര ജീവിതശൈലി വികസിച്ചുവന്നു. ഇസ്​ലാം മതത്തിനുമുമ്പുതന്നെ ഉരുത്തിരിഞ്ഞ്​ വികസിച്ചുവന്നിരുന്ന പഷ്തൂൺവാലി ശീലങ്ങൾ ഇസ്​ലാം മതത്തിലെ ഹനഫി- ശരീഅത്ത്​ നിയമങ്ങളും ശീലങ്ങളുമായി പൊരുത്തപ്പെട്ടു. ശീലങ്ങളിലെ സമാനതകൾ, പഷ്തൂണുകൾ ഇസ്​ലാം ആശ്ലേഷിക്കുന്നതിനെ എളുപ്പമുള്ളതാക്കി. ശരീഅത്ത്​ നിയമങ്ങൾ പലപ്പോഴും മാനവികതയുടെ മേലുള്ള ധാർമികതയെ പ്രതിനിധാനം ചെയ്തപ്പോൾ പഷ്തൂൺവാലി എന്ന ആശയം ശരീഅത്തിന്റെ പ്രത്യയശാസ്ത്രം മറികടന്ന്​ പഷ്തൂണുകളിൽ അന്തർലീനമായി നിലകൊള്ളുന്നു. പഷ്തൂൺവാലി, പഷ്തൂണുകളിൽ ആത്മാഭിമാനത്തെയും അന്തസ്സിനേയും, ആർജവത്തെയും, സമഗ്രതയെയും പ്രതിനിധീകരിക്കുന്നു. അഫ്ഗാൻ പഷ്തൂണുകളെ സംബന്ധിച്ച്​ ഒരേസമയം പഷ്തൂൺവാലി ആചരിക്കുന്നതും മുസ്​ലിം ആയിരിക്കുന്നതും അവരുടെ സ്വത്വത്തെ പ്രചോദിപ്പിക്കുന്ന സംഗതിയായി നിലകൊണ്ടു.

പഷ്തൂൺവാലിയുടെ ഘടനയിൽ അടിസ്ഥാനപരമായി ഒമ്പത് സങ്കൽപനങ്ങളുണ്ട്. ഈ ഒമ്പത് ആശയങ്ങൾ ഇവയാണ്: വെൽമാസ്തി (ആധിപത്യം), നാനാവതി (അഭയം), ബാദൽ (പ്രതികാരം), തുരേ (ധീരത), സാബത് (വിശ്വാസ്യത), ഇമാന്തരി (നീതി), ഇസ്തെഖാമത്ത് (സ്ഥിരത), ഗായിറാത് (അവരുടെ സ്വത്തും, ബഹുമതിയും, കുടുംബത്തിന്റെ അന്തസ്സും സംരക്ഷിക്കുന്നതിനുള്ള അവകാശം), നമസ് (സ്ത്രീകളുടെ ബഹുമാനം സംരക്ഷിക്കുവാനുള്ള പുരുഷന്റെ ബാധ്യത).

അഫ്ഘാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയായ ബാൽഖിൽ പട്രോളിംഗ് നടത്തുന്ന അമേരിക്കൻ സൈനികൻ. 2011-ലെ ചിത്രം. / Photo: The U.S. Army, Flickr

പഷ്ത്തൂണുകൾക്കിടയിൽ വർഗവിഭജനമുണ്ട്. പരമ്പരാഗതമായി കൃത്യമായ രണ്ട് സാമൂഹ്യ- സാമ്പത്തിക വർഗങ്ങൾ. ഈ രണ്ട് വർഗങ്ങളും തങ്ങളുടേതായ രീതിയിൽ പഷ്തൂൺവാലിയെ നിർവചിക്കുന്നു. നഗരത്തിൽ താമസിക്കുകയും അതേസമയം വലിയ തോതിൽ ഭൂസ്വത്ത് കൈവശം വെച്ച് അനുഭവിക്കുകയും ചെയ്യുന്ന ഭൂവുടമാവർഗം ‘ഖലാങ്' (നികുതിവർഗം) എന്നറിയപ്പെടുന്നു. എന്നാൽ ഗ്രാമീണ പഷ്ത്തൂണുകൾ ‘നാങ്' (ധീരോദാത്തർ - chivalrous) ഗ്രൂപ്പായി കണക്കാക്കപ്പെടുന്നു. പഷ്ത്തൂണുകൾ അവരുടെ അന്തസ് കാത്തുസൂക്ഷിക്കുന്നതിന് പഷ്തൂൺവാലിയുടെ വിശ്വാസസംഹിതകൾ കൃത്യമായി പിന്തുടരണം. അവരുടെ വ്യക്തിത്വം, പദവികൾ, സുരക്ഷ, ബഹുമതി എന്നിവ നിയന്ത്രിക്കപ്പെടുന്നത് ‘ജിർഗ' എന്ന ഗ്രാമതലങ്ങളിലുള്ള പ്രാദേശിക കൗൺസിലിലൂടെയാണ്. ജിർഗയിലെ അംഗങ്ങൾ മുതിർന്ന പുരുഷന്മാരാണ്. പഷ്തൂൺ സംസ്‌കാരത്തിന്റെ സങ്കീർണതകൾ പരിശോധിക്കുന്നതിനേക്കാൾ ഇവിടെ പ്രസക്തം, ഫ്യൂഡൽ വ്യവസ്ഥിതിയെക്കുറിച്ചുള്ള പരാമർശങ്ങളാണ്​ എന്നുകരുതുന്നു.

പരമ്പരാഗതമായിത്തന്നെ സ്വതന്ത്രാസ്തിത്വമുണ്ടായിരുന്ന അഫ്ഗാൻ ഗ്രാമങ്ങളിൽ, പ്രത്യേകിച്ചും പഷ്തൂൺ മേഖലകളിൽ, സുന്നി- ഹനഫി ആശയഗതികൾ അധീശത്വം നേടിയത് താലിബാന് പ്രത്യയശാത്ര- ഭൗതിക ശക്തിസമാഹരണത്തിന്​ അവസരമൊരുക്കി.

മധ്യകാലഘട്ടത്തിൽ ലോകത്ത് വിവിധ പ്രദേശങ്ങളിൽ വ്യാപകമായുണ്ടായിരുന്ന ഫ്യൂഡൽ വ്യവസ്ഥിതി അഫ്ഗാനിസ്ഥാനിൽ എല്ലാ കാലത്തും തുടർന്നുവന്നു. നൂർ മുഹമ്മദ് തരാക്കിയുടെ പി.ഡി.പി.എ സർക്കാർ പരമ്പരാഗത ഫ്യൂഡലിസ്​റ്റ്​ വ്യവസ്ഥിതി മാറ്റിമറിക്കുന്നതിനും, വലിയ ഭൂവുടമാ വർഗ്ഗത്തിന്റെ ചൂഷണം അവസാനിപ്പിക്കുന്നതിനും, ഭൂബന്ധങ്ങളിൽ നീതി ഉറപ്പുവരുത്തുന്നതിനും ഭൂപരിഷ്‌കരണമടക്കമുള്ള നടപടികൾ സ്വീകരിച്ചുവെങ്കിലും അത് ഫലപ്രദമായി നടപ്പിലാക്കപ്പെട്ടില്ല. നിരന്തര യുദ്ധങ്ങൾകൊണ്ട് കലുഷിതമായിരുന്ന നഗരസാഹചര്യങ്ങളിൽനിന്ന്​ വ്യത്യസ്തമായി ഗ്രാമങ്ങളിൽ സ്വതന്ത്രമായതും അതേസമയം, സമാന രീതിയിലുള്ളതുമായ സംവിധാനങ്ങൾ ഉരുത്തിരിഞ്ഞുവന്നിരുന്നു. ഗ്രാമജീവിതത്തിൽ പരസ്പരം ഇടപെടുന്ന മൂന്ന് സ്വാധീനഘടകങ്ങൾ ‘ജിർഗ '(ആലോചനാസമിതി - council) ‘മുല്ല' (മതനേതാവ്) ‘ലഷ്‌കർ' (ഗ്രാമസുരക്ഷ/പൗരസേന) എന്നിവയായിരുന്നു. ഇവ മൂന്നും അഫ്ഗാൻ ഗ്രാമസമൂഹത്തിന്റെ അടിത്തറ സൃഷ്ടിക്കുകയും തുടർജീവിതത്തിന്റെ രാഷ്ട്രീയഘടന രൂപപ്പെടുത്തുകയും ചെയ്തിരുന്നു. പാരമ്പരാഗതമായിത്തന്നെ പ്രവർത്തനങ്ങളിൽ വികേന്ദ്രീകൃതമായിരുന്ന അഫ്ഗാൻ ഗ്രാമങ്ങൾ കേന്ദ്രഭരണാധികാരികളുടെ ഇടപെടലുകളോ പരിഷ്‌കാരങ്ങളോ ഇഷ്ടപ്പെട്ടിരുന്നില്ല. സദുദ്ദേശ്യത്തോടെ ആവിഷ്‌കരിച്ചതായിരുന്നെങ്കിലും സോഷ്യലിസ്റ്റ് സർക്കാരിന്റെ പരിഷ്‌കരണ നടപടികൾ ഫലപ്രാപ്തി കൈവരിച്ചില്ല. സോവിയറ്റ്​ യൂണിയന്റെ ഇടപെടലുകളും മുജാഹിദ്ദീൻ തീവ്രവാദികളുടെ ആക്രമണങ്ങളും ആഭ്യന്തരയുദ്ധങ്ങളുമൊക്കെ അഫ്ഗാൻ ഗ്രാമങ്ങളെ തകർച്ചയിലെത്തിച്ചു. പരമ്പരാഗതമായി സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ സ്വയംപര്യാപ്തമായിരുന്ന അഫ്​ഗാൻ ഗ്രാമങ്ങളുടെ നാശം താലിബാന്റെ ഉയർച്ചക്ക് അനുകൂല സാഹചര്യമൊരുക്കി. പരമ്പരാഗതമായിത്തന്നെ സ്വതന്ത്രാസ്തിത്വമുണ്ടായിരുന്ന അഫ്ഗാൻ ഗ്രാമങ്ങളിൽ, പ്രത്യേകിച്ചും പഷ്തൂൺ മേഖലകളിൽ, സുന്നി- ഹനഫി ആശയഗതികൾ അധീശത്വം നേടിയത് താലിബാന് പ്രത്യയശാത്ര- ഭൗതിക ശക്തിസമാഹരണത്തിന്​ അവസരമൊരുക്കി.

മുജാഹിദ്ദീൻ തീവ്രവാദികൾക്ക് സ്ഥലസൗകര്യവും പരിശീലനവും നൽകിയത് പാകിസ്​ഥാനാണല്ലോ. വിഭവങ്ങളും ആയുധങ്ങളും പടക്കോപ്പുകളും യഥേഷ്ടം നൽകിയത് അമേരിക്കയും. മുജാഹിദ്ദീൻ തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തിനെതിരെ നടത്തിയ ഗറില്ലായുദ്ധങ്ങളും അതിനെതിരെ സോവിയറ്റ് സൈന്യത്തിന്റെ സംരക്ഷണപ്രവർത്തനങ്ങളുമൊക്കെ അഫ്ഗാൻ ജനജീവിതത്തെ താറുമാറാക്കിയിരുന്നു. അങ്ങനെയുണ്ടായ അനിശ്ചിതത്വത്തിനും, അരക്ഷിതാവസ്ഥക്കും അരാജകത്വത്തിനുമിടയിൽ രൂപംകൊണ്ട അക്രമാസക്തമായ മതതീവ്രവാദ പ്രസ്ഥാനമായ താലിബാൻ അക്ഷരാർത്ഥത്തിൽ അരാജകത്വത്തിന്റെ സൃഷ്ടിയാണ്. അരാജകത്വത്തിൽ പൊട്ടിമുളച്ച് അരാജകത്വത്തിൽ വളർന്ന താലിബാന്റെ പ്രവർത്തനങ്ങളിൽ പ്രാഥമികമായി പ്രതിഫലിച്ചിരുന്നത് അരാജകത്വമാണ്. അരാജകത്വം തീവ്രമായ പ്രത്യയശാസ്ത്രങ്ങൾ വളരാനുള്ള പരിസ്ഥിതി സൃഷ്ടിക്കുന്നു. അരാജകത്വം ആക്രമണോൽസുക പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തിന് അരങ്ങൊരുക്കുന്നു. അരക്ഷിതാവസ്ഥയാണ് അഭയാർത്ഥി ക്യാമ്പുകളുടെ മുഖമുദ്ര. പാകിസ്താനിലെ അഭയാർത്ഥി ക്യാമ്പുകളിലെ ആയുധപരിശീലനങ്ങളും തീവ്രമായ മത പ്രബോധനങ്ങളും അഫ്ഗാൻ അഭയാർത്ഥികളിൽ സൃഷ്ടിച്ചെടുത്തത് പ്രതികാരതൃഷ്ണയും യുദ്ധോൽത്സുകതയുമാണ്.

പോരാട്ടത്തിൽ നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും നേടാള്ളത് മാതൃരാജ്യമാണെന്നും, പാരമ്പര്യത്തിന്റെ പുനഃസ്ഥാപനമാണെന്നും അവിശ്വാസികളായ അഫ്ഗാനിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തെ തകർക്കേണ്ടത് വിശ്വാസികളുടെ പുണ്യപ്രവർത്തിയാണെന്നുമുള്ള വാചാടോപങ്ങൾ താലിബാൻ പ്രത്യയശാസ്ത്രസങ്കൽപനങ്ങളായി മാറി. മദ്രസകളിൽ കൗമാരക്കാർ വാർത്തെടുക്കപ്പെട്ടത് ഇതേ ആശയഗതിക്കനുസൃതമായിട്ടായിരുന്നു. തങ്ങളുടെ നാടിന്റെ യഥാർഥ പൈതൃകത്തെക്കുറിച്ചും മാനവ സംസ്‌കൃതിയെക്കുറിച്ചുമൊക്കെ പഠിക്കാനുള്ള അവസരം അവരിൽ നിഷേധിക്കപ്പെട്ടു. പ്രവാചകൻ മുഹമ്മദ് നബി 1400 കൊല്ലം മുമ്പ് അറേബ്യയിൽ സൃഷ്ടിച്ചത് ആദർശപരമായ ഉത്തമ സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥിതിയായിരുന്നുവെന്നും അത് തങ്ങൾക്ക് സ്ഥാപിച്ചെടുക്കണമെന്ന തരത്തിലുമുള്ള തീവ്രചോദനകൾ അവരിൽ സൃഷ്ടിക്കപ്പെട്ടു. ▮

(തുടരും)


ഡോ. പി.എം. സലിം

ഗവേഷകൻ. മഞ്ചേശ്വരം ഗോവിന്ദപൈ സ്​മാരക സർക്കാർ കോളേജിലെ ചരിത്രവിഭാഗം അധ്യാപകൻ. കമ്മ്യൂണിസ്റ്റ്‌ ഭരണവും വിമോചനസമരവും: ഒരു ചരിത്രാന്യോഷണം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments