ബ്രിട്ടീഷ് ഭരണത്തിന് ശേഷം ഇന്ത്യാ വിഭജന കാലത്ത് പാകിസ്ഥാൻെറ ഭാഗമായിരുന്ന കിഴക്കൻ പാകിസ്ഥാനാണ് പിന്നീട് ബംഗ്ലാദേശായി മാറിയത്. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന് ശേഷവും കൊടിയ വിവേചനം നേരിട്ട കിഴക്കൻ പാകിസ്ഥാനിൽ 1971-ലാണ് വിമോചനമെന്ന ആവശ്യവുമായി കലാപം പൊട്ടിപ്പുറപ്പെടുന്നത്. പിന്നീട് ബംഗ്ലാദേശിൻെറ രാഷ്ട്രപിതാവായ മുജീബുർ റഹ്മാനെ പോലുള്ളവർ നേതൃത്വം നൽകിയ സമരത്തെ രൂക്ഷമായ രീതിയിലാണ് പാകിസ്ഥാൻ അടിച്ചമർത്താൻ ശ്രമിച്ചത്. അക്കാലത്ത് പാക് സൈന്യവും അർധസൈനിക വിഭാഗവുമെല്ലാം ചേർന്ന് നിരവധി പേരെ കൊലപ്പെടുത്തിയിരുന്നു. കിഴക്കൻ പാകിസ്ഥാനിലുണ്ടായ ഈ പോരാട്ടത്തിന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വലിയ പിന്തുണ നൽകി. ഇന്ത്യൻ സൈന്യത്തിൻെറ ഇടപെടലുകളുടെ കൂടി ഫലമായാണ് ബംഗ്ലാദേശെന്നെ രാജ്യം രൂപീകൃതമാവുന്നത്. അക്കാലം മുതൽക്ക് തന്നെ പൊതുവിൽ ഇന്ത്യയുമായി ബംഗ്ലാദേശ് നല്ല ബന്ധമായിരുന്നു സൂക്ഷിച്ചിരുന്നത്.
ഷെയ്ഖ് ഹസീനയുടെ പലായനം
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നതും രാജ്യം വിട്ട് പലായനം ചെയ്യേണ്ടി വന്നതും ബംഗ്ലാദേശിൻെറ രാഷ്ട്രീയ സാമൂഹിക ഭൂമികയെ അപ്പാടെ വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച ആഭ്യന്തര പ്രക്ഷോഭങ്ങളാണ് ഹസീനയുടെ രാജിയിൽ കലാശിച്ചത്. ഏറ്റവും കൂടുതൽ കാലം ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഹസീന, രാഷ്ട്രപിതാവ് മുജീബുർ റഹ്മാൻെറ മകളാണ്. രാജ്യത്തിൻെറ സാമ്പത്തിക മേഖലയിൽ പുത്തനുണർവിന് കാരണക്കാരിയായ നേതാവാണെങ്കിസും ഇക്കഴിഞ്ഞ ഭരണകാലയളവിൽ അവർ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. അഴിമതിയും സ്വന്തം പാർട്ടിയായ അവാമി ലീഗിന് വഴിവിട്ട് സഹായങ്ങൾ അനുവദിക്കലും അവയിൽ ചിലത് മാത്രമായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് രാജ്യത്തിൻെറ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പ്രവർത്തിച്ചവർക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം നൽകണമെന്ന നയം ഹസീന പ്രഖ്യാപിക്കുന്നത്. ഇതിന് ബംഗ്ലാദേശിലെ ഉന്നതകോടതിയുടെ പിന്തുണയും ലഭിച്ചു. അവാമിലീഗുകാർക്ക് സഹായകരമാവുന്ന ഈ തീരുമാനത്തിനെതിരെ യുവാക്കളും വിദ്യാർഥികളുമെല്ലാം തെരുവിലിറങ്ങിയതോടെയാണ് നിയന്ത്രണം വിട്ട ആഭ്യന്തര കലാപത്തിലേക്ക് ബംഗ്ലാദേശ് വഴിമാറിയത്. ഇതിന് പിന്നാലെ ഹസീന രാജ്യം വിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്തു. സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസിൻെറ നേതൃത്വത്തിലുള്ള ഭരണകൂടമാണ് ഇപ്പോൾ ബംഗ്ലാദേശിലുള്ളത്.
വീണ്ടും പ്രതിഷേധങ്ങൾ
ഹസീന മാറി യൂനസ് വന്നെങ്കിലും ബംഗ്ലാദേശിൽ ജനാധിപത്യം പുനസ്ഥാപിച്ചുവെന്ന് പറയാറായിട്ടില്ല. രാജ്യത്ത് ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരെ ആക്രണം നടക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണങ്ങളുയർന്നിരുന്നു. ഇസ്കോൺ ആത്മീയനേതാവ് ചിൻമോയ് കൃഷ്ണദാസ് ബ്രഹ്മചാരിയുടെ അറസ്റ്റിന് പിന്നാലെ ന്യൂനപക്ഷ വേട്ടയെന്ന ആരോപണം കൂടുതൽ ശക്തമായിരിക്കുകയാണ്. ചുരുങ്ങിയ കാലത്തിനിടെയാണ് കൃഷ്ണദാസ് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ നേതാവായി വളർന്നത്.
ആയിരക്കണക്കിന് പേരാണ് അദ്ദേഹത്തിൻെറ റാലികളിൽ എത്താറുള്ളത്. ബംഗ്ലാദേശിൻെറ ദേശീയ പതാകയെ അപമാനിച്ചുവെന്ന കേസിലാണ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതത്. അന്താരാഷ്ട്രതലത്തിൽ തന്നെ പ്രവർത്തിക്കുന്ന സംഘടനയായ ഇസ്കോൺ മതമൗലികവാദ സംഘടനയാണെന്നാണ് നിലവിലെ ബംഗ്ലാദേശ് ഭരണകൂടം കോടതിയെ അറിയിച്ചിരിക്കുന്നത്. സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ ജനജീവിതം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോവുന്നതിനായി ക്രിയാത്മകമായ ഇടപെടലുകളൊന്നും ഇടക്കാല സർക്കാരിനും എടുക്കാൻ സാധിക്കുന്നില്ല. കൃഷ്ണദാസിൻെറ അറസ്റ്റിന് ശേഷം ചിറ്റഗോങ്ങിൽ നടന്ന പ്രതിഷേധം അക്രമാസക്തമായത് ഇതാണ് സൂചിപ്പിക്കുന്നത്. ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് അനുഭാവികളുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായത്. പ്രതിഷേധം അക്രമാസക്തമായതിനിടയിൽ അഭിഭാഷകനായ സെയ്ഫുൾ ഇസ്ലാം കൊല്ലപ്പെട്ടു. മറ്റ് ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സെയ്ഫുൾ ഇസ്ലാമിനെ പ്രതിഷേധക്കാർ തൻെറ ചേംബറിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ചിറ്റഗോങ് ലോയേഴ്സ് അസോസിയേഷൻ ആരോപിക്കുന്നത്. സെയ്ഫുൾ ഇസ്ലാമിൻെറ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഏത് വിധേനയും മതസൗഹാർദ്ദം നിലനിർത്താൻ ഇടക്കാല സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ് മുഹമ്മദ് യൂനസിൻെറ പ്രതികരണം. എന്നാൽ വാക്കുകൾക്കപ്പുറത്ത് കാര്യമായ നടപടികളൊന്നും തന്നെ സർക്കാരിൻെറ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
രാജ്യത്തെ ജനജീവിതം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോവുന്നതിനായി ക്രിയാത്മകമായ ഇടപെടലുകളൊന്നും ഇടക്കാല സർക്കാരിനും എടുക്കാൻ സാധിക്കുന്നില്ല
ബംഗ്ലാദേശിലെ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ലോകരാജ്യങ്ങൾ ആശങ്കയറിയിക്കുന്നുണ്ട്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ആശങ്കയുണ്ടെന്ന് ഇന്ത്യയും പ്രതികരിച്ചിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
പാകിസ്ഥാനുമായി അടുക്കുന്നു
പാകിസ്ഥാനിൽ നിന്നും വിമോചനം നേടിയ ശേഷം ഇന്ത്യയുമായി നല്ല ബന്ധം തുടർന്നിരുന്ന ബംഗ്ലാദേശിൻെറ വിദേശകാര്യനയത്തിൽ ഈയടുത്തായി ചില മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച പ്രതിഷേധങ്ങൾക്കിടയിൽ മുജീബുർ റഹ്മാൻെറ പ്രതിമ നശിപ്പിക്കപ്പെട്ടത് ഒരു പ്രതീകമായി മാറിയിരിക്കുകയാണ്. ഭൂതകാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ബംഗ്ലാദേശിൽ സംഭവിക്കുന്നതെന്ന് വിലയിരുത്തുന്നവരുണ്ട്. മുഹമ്മദ് യൂനസ് ഉപദേശകനായി പ്രവർത്തിക്കുന്ന താൽക്കാലിക ഭരണകൂടം പാകിസ്ഥാനുമായി കൂടുതൽ അടുക്കുകയാണ്. 53 വർഷങ്ങൾക്ക് ശേഷം ആദ്യമായി ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിലേക്ക് ഒരു ചരക്കുകപ്പൽ പോയത് രണ്ടാഴ്ചയ്ക്ക് മുമ്പാണ്. പതിറ്റാണ്ടുകൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ സമുദ്രത്തിലൂടെയുള്ള ചരക്കുഗതാഗതം പുനരാരംഭിച്ചിരിക്കുന്നു. സാമ്പത്തിക - വ്യാവസായിക മേഖലകളിൽ പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം മെച്ചപ്പെടാൻ പോവുന്നതിൻെറ സൂചനയാണിത്. ഇക്കഴിഞ്ഞ സെപ്തംബറിൽ യൂനസും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ന്യൂയോർക്കിൽ വെച്ച് ചർച്ച നടത്തിയിരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘സാർക്ക്’ (SAARC) പുനരുദ്ധരിക്കാൻ ഇരുവരും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയും - പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ മോശമായതോടെയാണ് സാർക്കിൻെറ പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ചത്. ബംഗ്ലാദേശ് പാകിസ്താനുമായി അടുക്കുന്നത് നിശ്ചയമായും ഇന്ത്യക്കാണ് വലിയ വെല്ലുവിളിയാവാൻ പോവുന്നത്.
പാകിസ്ഥാനിലും തുടരുന്ന പ്രതിഷേധങ്ങൾ
ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും പ്രതിഷേധങ്ങളും തുടരുമ്പോൾ പാകിസ്താനിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്തെ പ്രതിപക്ഷ പാർട്ടിയായ തെഹ്രീക് - ഇ - ഇൻസാഫിൻെറ നേതൃത്വത്തിൽ അക്രമോത്സുകമായ പ്രതിഷേധങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം സാക്ഷ്യം വഹിച്ചത്. ഒന്നര വർഷമായി ജയിലിൽ കിടക്കുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻെറ മോചനത്തിന് വേണ്ടിയാണ് പ്രതിഷേധമുണ്ടായത്. രണ്ട് ദിവസം നീണ്ടുനിന്ന പ്രതിഷേധങ്ങളെ ഷെഹബാസ് ഷെരീഫിൻെറ നേതൃത്വത്തിലുള്ള ഭരണകൂടം ശക്തമായി അടിച്ചമർത്തുകയും ചെയ്തു. ഇതിന് പിന്നാലെ എല്ലാ പ്രതിഷേധ പ്രവർത്തനങ്ങളും നിർത്തിവെക്കുകയാണെന്ന് തെഹ്രീക് - ഇ - ഇൻസാഫ് ഔദ്യോഗികമായി
പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധം അടിച്ചമർത്താൻ സർക്കാർ കിരാതനടപടികളാണ് കൈക്കൊള്ളുന്നതെന്ന് പാർട്ടി ആരോപിച്ചു. പാകിസ്ഥാൻെറ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന പ്രതിഷേധങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടതായും 12 പേർക്ക് സാരമായി പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. പോലീസും പ്രതിഷേധക്കാരും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് ഇസ്ലാമാബാദ് സാക്ഷ്യം വഹിച്ചത്. 2022-ലാണ് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താവുന്നത്. ആറ് മാസത്തിനുള്ളിൽ പുതിയ ഭരണകൂടം അദ്ദേഹത്തെ ജയിലിലാക്കുകയും ചെയ്തു. രാഷ്ട്രീയ പകപോക്കലിൻെറ ഭാഗമായാണ് ഇമ്രാനെ ജയിലിൽ ഇട്ടിരിക്കുന്നതെന്നാണ് പ്രതിപക്ഷ പാർട്ടിയുടെ ആരോപണം.
ആഭ്യന്തര സംഘർഷങ്ങളിലൂടെ കടന്നുപോവുന്നുവെങ്കിലും പാകിസ്താനും ബംഗ്ലാദേശും തമ്മിൽ ചരിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിലാണ് ബന്ധം സ്ഥാപിക്കുന്നത്
പാകിസ്താനിലും ബംഗ്ലാദേശിലുമുള്ള രാഷ്ട്രീയ അസ്ഥിരതയും പ്രതിഷേധങ്ങളും ഇന്ത്യയെയും കാര്യമായി ബാധിക്കുന്നുണ്ട്. ബംഗ്ലാദേശിൻെറ വിദേശകാര്യനയത്തിലെ മാറ്റമാണ് പ്രധാന വെല്ലുവിളി. ഷെയ്ഖ് ഹസീനയുമായി നരേന്ദ്ര മോദി സർക്കാരും നല്ല അടുപ്പം വെച്ച് പുലർത്തിയിരുന്നു. എന്നാൽ ഇപ്പോൾ സാഹചര്യം മാറിയിരിക്കുന്നു. തീവ്ര ഇസ്ലാമിക സംഘടനകൾക്ക് ബംഗ്ലാദേശിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ പ്രാമുഖ്യവും ലഭിക്കുന്നുണ്ട്. ആഭ്യന്തര സംഘർഷങ്ങളിലൂടെ കടന്നുപോവുന്നുവെങ്കിലും പാകിസ്താനും ബംഗ്ലാദേശും തമ്മിൽ ചരിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിലാണ് ബന്ധം സ്ഥാപിക്കുന്നത്. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കയുണർത്തുന്ന കാര്യങ്ങളാണ്.