നവാസ് ഷെരീഫ്, ഇമ്രാൻ ഖാൻ

പാകിസ്ഥാനിൽ ആര് ജയിച്ചാലും ആര് വാഴും?

പട്ടാള സംഘത്തിന്റെ പിന്തുണയാണ് ഇത്തവണ നവാസ് ഷെരീഫിന് തുണയാകുന്നത്. കഴിഞ്ഞ തവണ ഇമ്രാന്റെ കൂടെ നിന്ന സൈന്യം ഇമ്രാനെതിരെ തിരിഞ്ഞത് പോലും ഇമ്രാൻ സൈന്യത്തെയും കടന്ന് വളരുന്നു എന്ന് മനസിലാക്കിയിട്ടാണ്. പട്ടാള ഭരണത്തിൽ മനസ് മടുത്ത ജനങ്ങൾ ഇമ്രാനോട് അടുത്തതും പട്ടാളത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു.

ഈ മാസം എട്ടിനാണ് പാകിസ്ഥാനിൽ പൊതു തിരഞ്ഞെടുപ്പ് നടന്നത്. മത്സരത്തിന് മറ്റ് പാർട്ടികളും രംഗത്തുണ്ടായിരുന്നെങ്കിലും ഇത്തവണയും മത്സരത്തിനിറങ്ങിയ കക്ഷികളിൽ പ്രധാനപ്പെട്ടത് പാകിസ്ഥാനിലെ മൂന്ന് മുൻനിര കക്ഷികളായിരുന്നു. അഴിമതി കേസിൽ അകത്തായിരുന്ന നവാസ് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്ലീം ലീഗ്, മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയയുടെ മകൻ ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി എന്നിവയാണ് മത്സര രംഗത്തുണ്ടായിരുന്നതിൽ പ്രമുഖർ. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹരീക് ഇ ഇൻസാഫ് പാർട്ടിയോടും സൈന്യത്തിനുള്ള വിദ്വേഷം കാരണം പാർട്ടിക്ക് തിരഞ്ഞെടുപ്പ് ചിഹ്നം നിഷേധിക്കപ്പെട്ടിരുന്നു. തെഹരീക് ഇ ഇൻസാഫ് പാർട്ടിയുടെ സ്ഥാനാർത്ഥികൾ സ്വതന്ത്രരായാണ് മത്സരിച്ചത്. ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റാബീബിക്കും ജയിലിൽ നിന്ന് തപാലിലാണ് വോട്ട് ചെയ്യേണ്ടി വന്നത്. ദേശീയ അസംബ്ലിയിലെ 336 സീറ്റുകളിൽ 266 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 90000 പോളിംഗ് ബൂത്തുകളിലായി ആറരലക്ഷം സൈനികരും സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നു. 133 സീറ്റുകളിൽ വിജയിച്ചെങ്കിലേ സർക്കാരുണ്ടാക്കാൻ കഴിയൂ.

ഇമ്രാൻ ഖാൻ

തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ഫലത്തിന്റെ കാര്യത്തിലാണ് ഇപ്പോഴും അവ്യക്തത തുടരുന്നത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാകിസ്ഥാൻ മുസ്ലീം ലീഗ് നേതാവ് നവാസ് ഷെരീഫും വിജയാവകാശവുമായി രംഗത്തുണ്ട്. ഇമ്രാൻ ഖാന്റെ വിജയപ്രസംഗം പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) പാർട്ടി പുറത്തുവിട്ടു. തങ്ങളുടെ പാർട്ടിക്കാണ് വിജയമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഇമ്രാൻ ഖാൻ രംഗത്ത് എത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഇമ്രാൻഖാന്റെ പ്രസംഗം തയ്യാറാക്കിയിരിക്കുന്നത്. പോളിംഗ് ദിവസം വോട്ടർമാർ വലിയ തോതിൽതിരഞ്ഞെടുപ്പിൽ പങ്കാളികളായെന്നും നവാസ് ഷെരീഫിന്റെ ലണ്ടൻ പദ്ധതി പരാജയപ്പെട്ടുവെന്നും എഐയിലൂടെ സൃഷ്ടിച്ച് തന്റെ പ്രസംഗത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു.

'നിങ്ങളുടെ വോട്ടുകൾ കാരണമാണ് ലണ്ടൻ പദ്ധതി പരാജയപ്പെട്ടത്... ഒരു പാകിസ്ഥാനിയും നവാസ് ഷെരീഫിനെ വിശ്വസിക്കുന്നില്ല... ലോകം മുഴുവൻ നിങ്ങളുടെ വോട്ടിന്റെ ശക്തി കണ്ടു. നിങ്ങൾ നൽകിയ വോട്ടുകൾ സംരക്ഷിക്കുവാനുള്ള കഴിവാണ് ഇനി കാട്ടേണ്ടത് എന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. തിരഞ്ഞെടുപ്പ് ദിനത്തിലെ വൻ ജനപങ്കാളിത്തം പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. വൻ പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്.

കൂടുതൽ സീറ്റ് ഇമ്രാൻ ഖാനും പാർട്ടിക്കുമാണെങ്കിലും ചിഹ്നം നിഷേധിക്കപ്പെട്ടതിനാൽ സ്വതന്ത്രരായി മത്സരിച്ച ഇമ്രാന്റെ അനുയായികൾക്ക് സാങ്കേതികമായി വിജയിച്ചു എന്ന് പറയാൻ കഴിയില്ല. സാങ്കേതികമായി കൂടുതൽ സീറ്റ് നേടിയതും വിജയിച്ചതും നവാസ് ഷെരീഫ് അണെന്ന് പറയേണ്ടി വരും.

വിജയിച്ചു എന്ന ഇമ്രാൻ ഖാന്റെ വാദങ്ങൾക്ക് പാക് രാഷ്ട്രീയത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്നത് കണ്ടു തന്നെ അറിയേണ്ടി വരും. ഇപ്പോഴും ജയിലിൽ തന്നെ കഴിയുന്ന ഇമ്രാൻ നയിക്കുന്ന പാകിസ്ഥാൻ തെഹരീക് ഇ ഇൻസാഫ് പാർട്ടിക്ക് സർക്കാർ ഉണ്ടാക്കാൻ കഴിയുമോ എന്നത് ഇമ്രാൻ അനുയായികൾക്ക് പോലും ഇനിയും ഉറപ്പില്ലാത്ത കാര്യമാണ്. കഴിഞ്ഞ തവണ ഇമ്രാന്റെ കൂടെ നിന്ന പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയും ഇത്തവണ നവാസ് ഷെരീഫിനും പാകിസ്ഥാൻ മുസ്ലീം ലീഗിനുമാണ്. അതിനാൽ തന്നെ ഇമ്രാന്റെ വോട്ട് നേട്ടത്തിന് പാക് രാഷ്ട്രീയത്തിൽ ചലനമുണ്ടാക്കാൻ കഴിയുമെങ്കിലും ഭരണത്തിലെത്താൻ കഴിയില്ലെന്ന് ഏതാണ്ട് ഉറപ്പാണ് എന്ന് ചിന്തിക്കാനേ കഴിയൂ. പാകിസ്ഥാൻ തെഹരീക് ഇ ഇൻസാഫ് പാർട്ടി അനുഭാവികൾ സ്വതന്ത്രരായാണ് മത്സരിച്ചതെന്നതും എതിർ കക്ഷികൾക്ക് സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദമുന്നയിക്കാനുള്ള വകയാണ്. ഇമ്രാന്റെ പേരിൽ ഇപ്പോഴും കേസുകൾ നിലനിൽക്കുന്നതും എതിർകക്ഷികൾക്ക് തുണയാകും. ചുരുക്കത്തിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞെങ്കിൽ പോലും പാകിസ്ഥാനിൽ അത് തെഹരീക് ഇ ഇൻസാഫിന് ഗുണം ചെയ്യില്ലെന്നാണ് മനസിലാക്കേണ്ടത്.

പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്

എന്നാൽ വിജയിച്ചാൽ പോലും നവാസ് ഷെരീഫിന് എന്ത് ചെയ്യാൻ കഴിയുമെന്നതാണ് മറ്റൊരു ചോദ്യം. പാക് രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും ചരിത്രമെടുത്താൽ പാക് സൈന്യത്തിന് ഭരണത്തിൽ എത്രമാത്രം സ്വാധീനമുണ്ട് എന്ന് മനസിലാകും. പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ് കഴിഞ്ഞ കുറേ വർഷങ്ങളായി പാകിസ്ഥാന്റെ ഭരണം നടക്കുന്നത്. ജനാധിപത്യം, തിരഞ്ഞെടുപ്പ് എന്നെല്ലാം പറയുമെങ്കിലും പട്ടാളം തന്നെയാണ് പാകിസ്ഥാന്റെ ഭരണം കൈയ്യാളുന്നത്. തിരഞ്ഞെടുപ്പ് എന്ന് നടക്കണമെന്നും ആര് തിരഞ്ഞെടുക്കപ്പെടണമെന്നുമെല്ലാം പട്ടാളം മുൻപേ തിരുമാനിച്ചിട്ടുണ്ട്.

ആ പട്ടാള സംഘത്തിന്റെ പിന്തുണയാണ് ഇത്തവണ നവാസ് ഷെരീഫിന് തുണയാകുന്നത്. കഴിഞ്ഞ തവണ ഇമ്രാന്റെ കൂടെ നിന്ന സൈന്യം ഇമ്രാനെതിരെ തിരിഞ്ഞത് പോലും ഇമ്രാൻ സൈന്യത്തെയും കടന്ന് വളരുന്നു എന്ന് മനസിലാക്കിയിട്ടാണ്. പട്ടാള ഭരണത്തിൽ മനസ് മടുത്ത ജനങ്ങൾ ഇമ്രാനോട് അടുത്തതും പട്ടാളത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു. തോഷാഖാന കേസ് പോലുള്ള സംഭവങ്ങളും ഇമ്രാന് തിരിച്ചടിയായി. കേസ് വലിയ രീതിയിൽ ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കാനും ഇമ്രാന്റെ ജനപ്രീതിക്ക് ഇടിവ് വരുത്താനും സൈന്യത്തിന് കഴിഞ്ഞു എന്നതും ഇമ്രാന്റെ രാഷ്ട്രീയത്തെ ബാധിച്ചിരുന്നു.

ബിലാവൽ ഭൂട്ടോ സർദാരി

നവാസ് ഷെരീഫും സൈന്യവുമായ ഇടഞ്ഞിരുന്നെങ്കിലും നിലവിൽ ഇമ്രാനെതിരെ സൈന്യം പിന്തുണ നൽകുന്നത് ഷെരീഫിനാണെന്നതാണ് ഷെരീഫിന്റെ എറ്റവും വലിയ അനുകൂല ഘടകം. അല്ലെങ്കിലും സൈന്യം കൂടെയുണ്ടെങ്കിൽ പാകിസ്ഥാനിൽ എന്തും നടക്കുമെന്നും ഇല്ലെങ്കിൽ പാക് രാഷ്ട്രീയത്തിൽ ചെറുവിരൽ അനക്കാൻ പോലും കഴിയില്ലെന്നതും നവാസ് ഷെരീഫിനെക്കാൾ നന്നായി അറിയുന്നത് ആർക്കാണ് ? വീണ്ടുമൊരു പ്രധാനമന്ത്രി സ്ഥാനം ഷെരീഫിന്റെ ഏറെക്കാലമായുള്ള ആഗ്രഹമാണെന്നിരിക്കേ ഭരണത്തിലേറാനും ഭരണം നിലനിർത്താനും നവാസ് ഷെരീഫ് സൈന്യവുമായി എന്തു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവുകയും ചെയ്യുമെന്ന് സൈനിക നേതൃത്വവും കണക്കുകൂട്ടുന്നുണ്ടെന്ന് വേണം മനസിലാക്കാൻ.

ചുരുക്കത്തിൽ നവാസ് ഷെരീഫും പാകിസ്ഥാൻ മുസ്ലീം ലീഗും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും വിജയം ആത്യന്തികമായി സൈന്യത്തിനു തന്നെയാണ്. ദ വയർ പാകിസ്ഥാൻ ഇലക്ഷനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത് No Matter Who Wins, the Army Will Rule the Roots എന്നാണ്. പാകിസ്ഥാന്റെ ഭരണ ചരിത്രം അറിയുന്നവർക്ക് ഇതിൽ സത്യമുണ്ടെന്ന് മനസിലാക്കാം. ചുരുക്കത്തിൽ ഇലക്ഷനു ശേഷവും പാകിസ്ഥാനിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടെന്ന് വേണം കരുതാൻ.

Comments