കറങ്ങിത്തിരിയുന്ന ഇമ്രാന്റെ ഏറും പാകിസ്ഥാൻ രാഷ്ട്രീയവും

ഇനി കുറച്ചുനാൾ പാകിസ്ഥാനെ കാത്തിരിക്കുന്നത് അനിശ്ചിതത്വത്തിന്റെ നാളുകളായിരിക്കും. അവിടെ സ്ഥിരതയില്ലാത്ത ഒരു സർക്കാർ നിലനിൽക്കുന്നത് അമേരിക്കയും ചൈനയും ഉൾപ്പടെയുള്ള വൻശക്തികൾക്ക് തലവേദനയുണ്ടാക്കും. പാകിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നതിൽ ആശങ്കയുള്ളവരാണ് അമേരിക്കയും ചൈനയും ഇന്ത്യയും.

പാകിസ്ഥാൻ രാഷ്ട്രീയം വീണ്ടും അനിശ്ചിതത്വത്തിലേയ്ക്കും അസ്ഥിരതയിലേയ്ക്കും നീങ്ങുന്നു. പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയിൽ വോട്ടിനിടാതെ ഡെപ്യൂട്ടി സ്പീക്കർ തള്ളുകയും അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ ഇമ്രാൻ പ്രസിഡന്റിനോട് ഉപദേശിക്കുകയും ചെയ്തതോടെ പാകിസ്ഥാൻ പുതിയ രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയാകുകയാണ്. ശുപാർശയ്ക്ക് പിന്നാലെ പ്രസിഡന്റ് ആരിഫ് അൽവി പാകിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചു. മന്ത്രിസഭയും പിരിച്ചുവിട്ടുവെന്ന് വാർത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു. ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്രാൻ ഖാൻ തുടരും. 90 ദിവസത്തിനുള്ളിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്നും ഉത്തരവായി.

അസംബ്ലി തുടങ്ങുന്നതിനു തൊട്ടുമുമ്പ്, അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ദേശീയ അസംബ്ലി സ്പീക്കർ അസദ് ഖൈസറിനെ പുറത്താക്കാനുള്ള പ്രമേയം പാകിസ്ഥാൻ പ്രതിപക്ഷ കക്ഷികൾ അവതരിപ്പിച്ചതും ഇമ്രാൻഖാന് തിരിച്ചടിയായിരുന്നു. ഇമ്രാൻഖാന്റെ അപ്രതീക്ഷത നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷ അംഗങ്ങൾ അസംബ്ലി വിട്ടു പോകാൻ തയ്യാറായില്ല. പ്രതിപക്ഷ നേതാക്കൾ ഉടൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഇമ്രാൻ ഖാന്റെ ഭരണഘടനാ വിരുദ്ധ നടപടിയെ ചോദ്യം ചെയ്യുമെന്നും വാർത്തകൾ വന്നു.

ഇതിനിടയിൽ ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പലരെയും അറസ്റ്റ് ചെയ്തു. സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി ഏപ്രിൽ 25 വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്നും ദേശീയ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും പറഞ്ഞു. ഭരണഘടനയുടെ അഞ്ചാം അനുഛേദം അനുസരിച്ചാണ് പ്രമേയം തള്ളിയതെന്ന വാദം പ്രതിപക്ഷം പരിഹാസത്തോടെ തള്ളി. പാക് പൗരന്മാരുടെ രാഷ്ട്രത്തോടുള്ള കൂറ് ഉറപ്പാക്കുന്നതാണ് അഞ്ചാം അനുഛേദം. ഇവിടെ "സുരക്ഷാ' കാരണങ്ങൾ തന്ത്രപൂർവം ഇമ്രാൻഖാൻ ഇറക്കുകയായിരുന്നു. രാഷ്ട്രീയ കളിക്കളത്തിലെ തന്ത്രശാലിയായ ബൗളർ ആണ് താനെന്നു ബോധ്യപ്പടുത്താനുള്ള ശ്രമമായിരുന്നു ഇമ്രാൻ നടത്തിയത്.
ഇതിനിടയിൽ, രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടെന്നാരോപിച്ച് ഒരു അമേരിക്കൻ നയതന്ത്രപ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധമറിയിച്ചിരുന്നു. ഒരു "വിദേശശക്തി' തന്നെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നും ഭീഷണിക്കത്ത് അയച്ചെന്നും ഇമ്രാൻഖാൻ നേരത്തെ പറഞ്ഞത് ഇന്ന് വീണ്ടും ആവർത്തിച്ചു. പ്രമേയത്തിന്റെ നോട്ടീസ് നൽകുന്നതിന് തൊട്ടുമുമ്പ് അമേരിക്കയിലെ പാകിസ്ഥാൻ അംബാസഡർക്ക് ഇത് സംബന്ധിച്ച സൂചന ലഭിച്ചെന്നും അതിൻമേലുള്ള സന്ദേശമാണ് താൻ ഇതിനു ആധാരമാക്കുന്നതെന്നും ഇമ്രാൻ പറഞ്ഞിരുന്നു (ആ അംബാസഡറെ പിന്നീട് ബ്രസ്സൽസിലേക്കു മാറ്റി നിയമിച്ചു).
പ്രമേയം അസംബ്ലിയിൽ വോട്ടിനിട്ടിരിക്കുന്നെങ്കിൽ അത് പാസ്സാക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു. 342 അംഗ ദേശീയ അസംബ്ലിയിൽ കേവല ഭൂരിപക്ഷത്തിന് 172 സീറ്റാണ് വേണ്ടത്. പ്രതിപക്ഷം അവകാശപ്പെട്ടിരുന്നത് 178 അംഗങ്ങളുടെ പിന്തുണ അവർക്കുണ്ടെന്നാണ്. കൂടാതെ ഇമ്രാന്റെ തെഹ്രിക് ഇ ഇൻസാഫിൽ നിന്നും കുറേപ്പേർ മാറി വോട്ടുചെയ്യുമെന്നും സൂചനകളുണ്ടായിരുന്നു.

പ്രതിപക്ഷം അമേരിക്കയുടെ പിന്തുണയോടെ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നെന്നും രാജ്യത്തെ യുവാക്കൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവരണമെന്നും ഇമ്രാൻഖാൻ ആവശ്യപ്പെട്ടിരുന്നു.
"ഏതെങ്കിലും തസ്‌കരന്മാരുടെ താൽപ്പര്യത്തിന് വേണ്ടിയല്ല താൻ നേതാവായത്, അതിനാൽ തന്നെ താനെന്തിനു രാജിവയ്ക്കണം? എന്നെ വീട്ടിലിരുത്താം എന്നത് അതിമോഹമാണ്': ഇമ്രാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനിടയിൽ സർക്കാറിന്റെ പതനം മറികടക്കാൻ ഇമ്രാൻഖാൻ മറ്റൊന്ന് കൂടി കളിച്ചു. സർക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ സുപ്രീംകോടതിയിൽ ഹർജി നൽകി. പാർട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയിൽ പറയുന്നതിനാൽ ആജീവനാന്ത വിലക്ക് പേടിച്ച് 24 വിമതർ മടങ്ങിയെത്തുമെന്നും ഇമ്രാൻ കരുതി. ഇമ്രാനെ സംബന്ധിച്ചുള്ള പാക് സൈന്യത്തിന്റെ അഭിപ്രായം പോലും ചർച്ചയായി. ഇസ്ലാമബാദിൽ വെച്ച് നടന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ സമ്മേളനത്തിനു ശേഷം സ്ഥാനമൊഴിയണമെന്ന് പാക് കരസേന മേധാവി ലഫ്. ജനറൽ ഖമർ ജാവേദ് ബജ്വ ഇമ്രാനോട് നിർദേശിച്ചതായി വാർത്തകളുണ്ടായിരുന്നു. സൈന്യവും ഇമ്രാനെ കൈയ്യൊഴിഞ്ഞെന്നായിരുന്നു മാധ്യമങ്ങൾ വിലയിരുത്തിയത്. എന്നാൽ ഇതിനെയെല്ലാം മറികടക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ ഇമ്രാൻ നടത്തിയത്.

പുതിയ സംഭവവികാസങ്ങളോടെ പാകിസ്ഥാന്റെ ജനാധിപത്യ സംവിധാനങ്ങളുടെ പരിമിതികൾ കൂടുതൽ വ്യക്തമായി. അഴിമതിക്കെതിരെ ഒരു "പുതിയ പാകിസ്ഥാൻ' (നയ പാകിസ്ഥാൻ) വാഗ്ദാനവുമായി രംഗത്തുവന്ന ഇമ്രാൻ ഒരു നല്ല രാഷ്ട്രീയ "കളിക്കാര'നായിരിക്കുമെന്നു ചിലരെങ്കിലും വിശ്വസിച്ചു. എന്നാൽ പിന്നീട് പുറത്തു വന്ന കഥകൾ ശോചനീയമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും അഴിമതിയുള്ള രാജ്യങ്ങളിൽ മുൻ നിരയിൽ പാകിസ്ഥാൻ എത്തി. ട്രാൻസ്പരൻസി ഇന്റർനാഷനലിന്റെ 2021 ലെ റിപ്പോർട്ടിൽ പാകിസ്ഥാന്റെ സ്ഥാനം ഇടിഞ്ഞു 140 ആയി. പാരീസ് ആസ്ഥാനമായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് ഇപ്പോഴും പാകിസ്ഥാനെ "ഗ്രെ' ലിസ്റ്റിൽ ആണ് പെടുത്തിയിരിക്കുന്നത്. അത് കാരണം അന്താരാഷ്ട്ര സ്ഥാപകങ്ങളിൽ നിന്നും ധനസഹായം സ്വീകരിക്കാൻ പോലും പ്രയാസമാണ്.
രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞു. മഹാമാരിയും അഫ്ഘാനിസ്ഥാൻ-പശ്ചിമേഷ്യ മേഖലകളിലെ അനിശ്ചിതത്വവും, ആഗോള മാന്ദ്യവും പാക് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു. അമേരിക്കയുമായുള്ള ബന്ധങ്ങൾ വഷളായതും, ചൈനയുമായും റഷ്യയുമായും പുതിയ മേച്ചിൽ പുറങ്ങൾ അന്വേഷിച്ചു നടന്നതും ഇസ്ലാമാബാദിലെ സൈനിക-ബ്യുറോക്രാറ്റു കൂട്ടുകെട്ടുകൾക്കു അത്ര രസിച്ചിരുന്നില്ല.

പാകിസ്ഥാന്റെ 75 വർഷത്തെ ചരിത്രത്തിലെ 18 പ്രധാനമന്ത്രിമാരും അവരുടെ കാലാവധി തീരുന്നതിനു മുമ്പ് പുറത്തുപോകേണ്ടിവന്നിട്ടുണ്ട്. ആദ്യത്തെ പത്തുവർഷത്തിനുള്ളിൽൽ മാത്രം ഏഴ് പ്രധാനമന്ത്രിമാർ വന്നുപോയി. മൂന്നു തവണ ഭരണതലപ്പത്ത് എത്തിയ നവാസ് ഷെരീഫും കാലാവധി പൂർത്തിയാക്കാതെയാണ് പുറത്തുപോകേണ്ടി വന്നത്. 1958 മുതൽ 1971 ഡിസംബർ വരെ മാറിവന്ന രണ്ടു പട്ടാള ഭരണകൂടങ്ങളുടെ (ജനറൽ അയൂബ് ഖാനും ജനറൽ യഹ്യാഖാനും) പരീക്ഷണങ്ങൾ പലതും നടത്തി. സൈന്യത്തിനു സാമൂഹിക അടിത്തറ ഉണ്ടാക്കികൊടുത്ത പട്ടാളഭരണകൂട മേധാവികളായിരുന്നു അവർ. ഭൂട്ടോയുടെ ഭരണം സിവിലിയൻ ഭരണ കാലഘട്ടം (1972-78) ജനാധിപത്യത്തിന്റെ ഒരു ചെറിയ ഇടവേള മാത്രമായിരുന്നു. വീണ്ടും പട്ടാള ഭരണത്തിൽ ആയ പാകിസ്ഥാൻ 11 വർഷത്തിന് ശേഷമാണ് പിന്നെയും ഒന്ന് നെടുവീർപ്പിടുന്നത്. എന്നാൽ അസ്ഥിരതയും അനിശ്ചിതത്വവും നീണ്ട രാജ്യത്ത് പട്ടാളത്തിന് വീണ്ടും രംഗപ്രവേശം ചെയ്യാൻ വളരെ താമസം വന്നില്ല. കാർഗിൽ യുദ്ധാനന്തരം 1999 മുതൽ ഏതാണ്ട് ഒരു ദശകത്തോളം ജനാധിപത്യത്തെ ജനറൽ മുഷറഫ് ചവിട്ടിമെതിച്ചു.
ഇക്കാലമത്രയും അഴിമതിയുടെ പേരിൽ സൗദിയിൽ കഴിഞ്ഞ മുസ്ലിംലീഗ് നേതാവ് നവാസ് ഷെരിഫ് വീണ്ടും പാക് രാഷ്ട്രീയത്തിലേക്ക് വന്നു. തന്റെ കൂടി എതിരാളിയായ ബേനസീർ ഭൂട്ടോ പാകിസ്ഥാനിൽ വധിക്കപ്പെട്ടത് മറ്റൊരു വഴിത്തിരിവായി. കൊലപാതകങ്ങളും അട്ടിമറികളും വധശിക്ഷയും സംശയാസ്പദമായ അപകടങ്ങളും ഭീകരാക്രമണങ്ങളും പല മുൻനിര നേതാക്കളുടെയും തിരോധാനത്തിന് വഴിയൊരുക്കിയപ്പോൾ നവാസ് ഷെരീഫ് വീണ്ടും രംഗപ്രവേശം ചെയ്തു. എന്നാൽ അത് സുപ്രീംകോടതി ഇല്ലാതാക്കി. പുറത്താക്കലുകളും കേസുകളും ഷെരീഫിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നതിനാൽ അതിൽ ആരും അതിശയം കണ്ടില്ല. ഷെരീഫിന്റെ മകളും സഹോദരരും മറ്റു കുടുംബാംഗങ്ങളും കൂടി വാരിക്കൂട്ടിയ സ്വത്തുക്കൾ കണക്കുകൾക്കപ്പുറമായിരുന്നു. രാജ്യത്തെ പട്ടിണിപ്പാവങ്ങൾ അലയുമ്പോൾ ഭരണകൂട-കുടുംബ വൃത്തങ്ങൾ സ്വകാര്യസ്വർഗ്ഗലോകങ്ങൾ കെട്ടിപ്പടുക്കുകയായിരുന്നു.

ഇതെല്ലം കാണിച്ചുകൊണ്ടാണ് ഇമ്രാൻ അധികാരത്തിലെത്തിയത്. സൈന്യവും സാമ്പത്തികശക്തികളും കൈകോർക്കുന്ന ഒരു അധികാരവൃന്ദത്തെ വിശ്വാസത്തിൽ എടുത്തു കൊണ്ടാണ് ഇമ്രാൻഖാന്റെ തെഹ്രിക് ഇ ഇൻസാഫിനു ദേശീയ രാഷ്ട്രീയത്തിലെ നിർണായക ഘടകമാകാൻ ശ്രമിച്ചത്. അത് പാടെ പരാജയപ്പെട്ടു. വലിയ അഴിമതി നടക്കുന്ന പോലീസിലും പട്ടാളത്തിലും മറ്റു ഭരണ-നീതിന്യായ സംവിധാനങ്ങളിലും ഇമ്രാന് ഇടപെട്ട് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതിനിടയിൽ മുല്ലമാരെ പിണക്കാതെയും ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങളെ ഇണക്കിയും നടത്തിയ കളികൾ പലരെയും ചൊടിപ്പിച്ചു. രാജ്യത്തു ന്യുനപക്ഷങ്ങൾക്കെതിരെ നടന്ന അക്രമണങ്ങൾക്കു അറുതി വരുത്താൻ ഇമ്രാൻ കാര്യമായൊന്നും ചെയ്തില്ല. ഷിയാക്കളും, അഹമ്മദിയാക്കളും ക്രിസ്ത്യാനികളും നിരന്തരം അക്രമിക്കപ്പടുമ്പോൾ ഇമ്രാൻ കാഴ്ചക്കാരനായിരുന്നു. കഴിഞ്ഞ വർഷം ഒരു ഡസനോളം ഖനിതൊഴിലാളികളായ ഹസാരകൾ കൊല്ലപ്പെടുമ്പോൾ പ്രധാനമന്ത്രി എടുത്ത നിലപാട് പരക്കെ വിമർശിക്കപ്പെട്ടു. എല്ലാ അക്രമണങ്ങളിലും "വിദേശ ശക്തി 'കളെ കണ്ടെത്തുകയായിരുന്നു ഇമ്രാൻ.

ഇനി കുറച്ചുനാൾ പാകിസ്ഥാനെ കാത്തിരിക്കുന്നത് അനിശ്ചിതത്വത്തിന്റെ നാളുകളായിരിക്കും. അവിടെ സ്ഥിരതയില്ലാത്ത ഒരു സർക്കാർ നിലനിൽക്കുന്നത് അമേരിക്കയും ചൈനയും ഉൾപ്പടെയുള്ള വൻശക്തികൾക്ക് തലവേദനയുണ്ടാക്കും. അഫ്ഘാനിസ്ഥാനിലും മധ്യേഷ്യയിലും നിലനിൽക്കുന്ന അസ്ഥിരതയും അനിശ്ചിതത്വവും ഇപ്പോൾ യുക്രൈൻ യുദ്ധത്തോടുകൂടി കൂടുതൽ വഷളായി. പാകിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നതിൽ ആശങ്കയുള്ളവരാണ് അമേരിക്കയും ചൈനയും ഇന്ത്യയും. ഗാൽവൻ സംഘട്ടനത്തിനു ശേഷം ഇന്ത്യ- ചൈന ബന്ധങ്ങൾ ഇപ്പോഴും മെച്ചപ്പെട്ടില്ല. പ്രത്യേക പദവി നഷ്ടപെട്ട കാശ്മീർ, പാകിസ്ഥാൻ-ഇന്ത്യ ബന്ധങ്ങളിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധാ വിഷയമായിരിക്കുന്നു. അഫ്ഘാൻ പിന്മാറ്റത്തിന് ശേഷം അമേരിക്കയും പാകിസ്ഥാനെ തന്ത്രപരമായി മെരുക്കാൻ നോക്കുമ്പോഴാണ് പുതിയ സംഭവ വികാസങ്ങൾ.

ഇനിയുള്ള ദിവസങ്ങൾ പ്രതിപക്ഷം എന്ത് ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും പാകിസ്ഥാൻ രാഷ്ട്രീയത്തിലെ നാടകങ്ങൾ. സുപ്രീം കോടതി പ്രസിഡന്റിന്റെ നടപടിയെ അംഗീകരിച്ചാൽ മറ്റൊന്നും ചെയ്യാനില്ല. തൊണ്ണൂറു ദിവസത്തിനുള്ളിലെ തിരഞ്ഞെടുപ്പല്ലാതെ. അപ്പോൾ ജനകീയ കോടതി തീരുമാനിക്കും ഇമ്രാൻ കളിച്ച കളികൾ ശരിയായിരുന്നോ എന്ന്. ഇതിനിടയിൽ സൈന്യം മറ്റൊന്നും ചെയ്യുന്നില്ലെങ്കിൽ പാകിസ്ഥാനിലെ ജനാധിപത്യം വീണ്ടും മറ്റൊരു പരീക്ഷണത്തിലൂടെ തങ്ങളുടെ ഭാവി തീരുമാനിക്കും.
ചുരുക്കത്തിൽ, രാജ്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക ആഘോഷങ്ങൾ അനിശ്ചിതത്വത്തിന്റെ നടുവിലാണ് നടക്കാൻ പോകുന്നത്. ആഗസ്റ്റ് 14 നു ആരു പാകിസ്ഥാൻ പതാക ഉയർത്തുമെന്നത് ഇന്ത്യയും കൗതുകത്തോടെ നോക്കുകയാണ്.

Comments