സാലെ അൽ ജഫറാവി

ഗാസയിൽ വീണ്ടും വെടിയൊച്ച, മെമ്മറി കാർഡിൽ 467 ദിവസത്തെ ക്രൂരതയുടെ ദൃശ്യങ്ങൾ ബാക്കിയാക്കി ജഫറാവി മടങ്ങി

ഗാസയിൽ സമാധാനക്കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾ കഴിയുമ്പോഴേക്കും വീണ്ടും വെടിയൊച്ച. ഇരുപത്തെട്ടുകാരനായ പലസ്തീനി മാധ്യമ പ്രവർത്തകൻ സാലെ അൽ ജഫറാവി രക്തസാക്ഷിയായ സാഹചര്യം വിശദീകരിക്കുകയാണ് മുസാഫിർ.

സ്രായേൽ - ഹമാസ് വെടി നിർത്തൽ കരാറിന്റെ ഫയലുകൾ ലാപ് ടോപ്പുകളിൽ ഷട്ട്ഡൗൺ ചെയ്യും മുമ്പേ ഗാസയിൽ വീണ്ടും വെടിമുഴക്കങ്ങൾ. ഇരുപത്തെട്ടുകാരനായ പലസ്തീനി മാധ്യമ പ്രവർത്തകൻ സാലെ അൽ ജഫറാവിക്ക് രക്തസാക്ഷ്യം. 2023 ഒക്ടോബറിൽ ഇസ്രായേലിന്റെ നരമേധം ആരംഭിച്ച ശേഷം 270 - ലധികം മാധ്യമ പ്രവർത്തകരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഈയിടെ അൽ ജസീറ ടി.വിക്ക് ജഫറാവി നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു: “ഇക്കഴിഞ്ഞ 467 ദിവസങ്ങളായി നമ്മുടെ ജന്മഭൂമിയിൽ നടന്നു വരുന്ന അക്രമത്തിന്റെയും പീഡനത്തിന്റെയും കൊലപാതകത്തിന്റെയും ക്രൂരചിത്രങ്ങൾ എന്റെ ക്യാമറയിലുണ്ട്. ചിലതൊക്കെ ലോകത്തിന് കാണിച്ചു കൊടുത്തു. മറ്റുള്ളവ മെമ്മറി കാർഡിൽ നിന്നോ എന്റെ മനസ്സിൽ നിന്നോ മായ്ച്ചു കളയാനാവാത്തതാണ്. ഇസ്രായേലി തേർവാഴ്ചകളുടെ ദൃശ്യങ്ങൾ സത്യസന്ധമായി ലോകത്തിന് കാണിച്ചു കൊടുത്തതിന്റെ പേരിൽ ഞാൻ നിരന്തരമായി വധഭീഷണികൾ നേരിടുന്നുണ്ട്.”

ഗാസ നഗരത്തിലെ സ്വബ്രയിൽ ദഗ് മശ് ഗോത്രത്തിലെ ആയുധധാരികളും ഹമാസ് പോലീസ് അംഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെട്ടത്, ലോകം മുഴുവൻ ആശ്വാസത്തിന്റെ നെടുവീർപ്പയച്ച ഇസ്രായേൽ - ഹമാസ് ഒത്തുതീർപ്പ് വ്യവസ്ഥയുടെ മൂന്നാം ദിവസമാണ് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ദഗ്മശ് ഗോത്രകുടുംബാംഗങ്ങൾ ഇസ്രായേലുമായി സഹകരിച്ചതായി ഹമാസ് ആരോപിച്ചിരുന്നു. ഈ കുടുംബാംഗങ്ങൾ ഇസ്രായേലുമായി സഹകരിച്ച് പ്രവർത്തിക്കുകയും ജീവകാരുണ്യ - സഹായ വസ്തുക്കൾ വഹിച്ച ട്രക്കുകൾ കൊള്ളയടിക്കുകയും നിയമവിരുദ്ധമായ കൊലപാതകങ്ങൾ നടത്തുകയും ചെയ്തതായി ഹമാസ് ആരോപിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. രൂക്ഷമായ ഏറ്റുട്ടൽ അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്നു.

നഗരത്തിന്റെ പടിഞ്ഞാറുള്ള സ്വബ്ര ഡിസ്ട്രിക്ടിൽ ദഗ്മശ് ഗോത്ര കുടുംബത്തിലെ ആയുധധാരികളും ഹമാസ് പോലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഈ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് വെടിയേറ്റ് പ്രമുഖ ആക്ടിവിസ്റ്റ് കൂടിയായ സാലെ അൽ ജഫറാവി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്‌. ജഫറാവിയുടെ മൃതദേഹം ഗാസ നഗരത്തിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലെത്തിച്ചു. ഗാസാ മുനമ്പിൽ സിവിലിയർക്കെതിരായ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾ ചിത്രീകരിച്ച സോഷ്യൽ മീഡിയയിലെ പലസ്തീൻ ആക്ടിവിസ്റ്റുകളിലും ഇൻഫ്‌ളുവൻസർമാരിലും ഒരാളാണ് ജഫറാവി.

ഗാസാ മുനമ്പിൽ സിവിലിയർക്കെതിരായ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾ ചിത്രീകരിച്ച സോഷ്യൽ മീഡിയയിലെ പലസ്തീൻ ആക്ടിവിസ്റ്റുകളിലും ഇൻഫ്‌ളുവൻസർമാരിലും ഒരാളാണ് ജഫറാവി.
ഗാസാ മുനമ്പിൽ സിവിലിയർക്കെതിരായ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾ ചിത്രീകരിച്ച സോഷ്യൽ മീഡിയയിലെ പലസ്തീൻ ആക്ടിവിസ്റ്റുകളിലും ഇൻഫ്‌ളുവൻസർമാരിലും ഒരാളാണ് ജഫറാവി.

ക്ഷുഭിതയൗവനത്തിൽ തന്നെ വാർത്തകളുടെ അമര ഭൂമികയിൽ അപൂർവ രക്തസാക്ഷിത്വം വരിച്ച മാധ്യമ പ്രവർത്തകരുടെ ജഡകുടീരങ്ങളിൽ നിന്നാണ് ഗാസയുടെ ഉയിർത്തെഴുന്നേൽപ്പ് സാർത്ഥകമാവുന്നത്. ഇസ്രായേലി നൃശംസത ലോകത്തിനു മുമ്പിൽ തത്സമയം കാണിക്കുന്നതിനിടെ ഗാസയുടെ ആകാശം തുളച്ചെത്തിയ റോക്കറ്റ് ആക്രമണത്തിൽ മാധ്യമപ്രവർത്തകരുടെ കൂടാരത്തിനകത്ത് 28 കാരനായ അനസ് അൽ ഷെരീഫിന്റെയും അൽ ജസീറ ടെലിവിഷനിലെ നാല് സഹപ്രവർത്തകരുടെയും പ്രാണനുകൾ പൊലിഞ്ഞത് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ്. കുരുതിയുടെ ഭീകര ദൃശ്യങ്ങൾ കവർന്ന അവരുടെ ക്യാമറകൾ ചാമ്പലായി. തൊട്ടടുത്ത ഷിഫ ആശുപത്രി കോമ്പൗണ്ടിൽ ഗാസയുടെ മക്കളുടെ ദീനരോദനങ്ങളുണർന്നു. അനസ് അൽ ഷെരീഫ് അയച്ച അവസാന സന്ദേശം: “ഇതെന്റെ അവസാന മെസ്സേജ്. ഈ വാക്കുകൾ നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ… എന്നെ ഇല്ലാതാക്കുന്നതിലും എന്നെ പൂർണമായി നിശ്ശബ്ദനാക്കുന്നതിലും ഇസ്രായേൽ വിജയിച്ചുവെന്ന് പറയാം. നിങ്ങൾക്ക് മേൽ അല്ലാഹുവിന്റെ ശാന്തി ഉണ്ടാകട്ടെ...” ഇളയ മകൾ ശാമിൻ, മകൻ ബയാൻ എന്നിവർക്കും അനസ് അവസാന സന്ദേശം അയച്ചു: “അഭിമാനിക്കുക, പിറന്ന മണ്ണിന്റെ അഭിമാനം കാക്കുന്നവരോടോപ്പം നിൽക്കുക. നിങ്ങൾ മുതിർന്നാൽ പലസ്തീന്റെ ഭൂമി തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിൽ ഏർപ്പെടുക...” ജബലിയ അഭയാർഥി ക്യാമ്പിലാണ് അനസ് ജനിച്ചത്. പലായനം ചെയ്യുന്നവരുടെ വേദന അനുഭവിച്ച് വളർന്ന ജീവിതം. ബാപ്പ മരിച്ചതും ഇസ്രായേലി ആക്രമണത്തിൽ. അൽജസീറയുടെ ഏറ്റവും പ്രശസ്തനായ യുദ്ധ ലേഖകനായി അനസ് മാറിയപ്പോൾ ഇസ്രായേലി സേനാധിപതികൾക്കും ഭരണകൂടത്തിനും അദ്ദേഹം കണ്ണിലെ കരടായി. പല തവണ അവരുടെ ടാർജറ്റ് ആയിരുന്നു അനസ്. ഗാസ സിറ്റിയിൽ നടത്തിയ വ്യോമാക്രമണത്തിലൂടെ അവർ ലക്ഷ്യം കണ്ടു. ഹമാസ് സെല്ലിനെ അനസ് അൽശരീഫ് നയിച്ചതായാണ് കൊലയ്ക്ക് കാരണമായി ഇസ്രായേലി സൈന്യം പറഞ്ഞത്. ഇസ്രായേലി സിവിലിയർക്കും സേനക്കും നേരെ റോക്കറ്റുകൾ വിക്ഷേപിച്ചതിന് അനസ് അൽശരീഫ് ഉത്തരവാദിയായിരുന്നുവെന്നും ഇസ്രായേലി സൈന്യം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ഗാസ നഗരത്തിലെ അൽശിഫ ആശുപത്രിക്ക് മുന്നിലുള്ള മാധ്യമപ്രവർത്തകരുടെ തമ്പിനു നേരെ ഇസ്രായേലി വിമാനം നടത്തിയ വ്യോമാക്രമണത്തിൽ അനസ് ഉൾപ്പെടെ അഞ്ചു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അനസ് അൽശരീഫിനു പുറമെ അൽജസീറയിലെ മുഹമ്മദ് ഖുറൈഖിഅ്, ക്യാമറാമാൻമാരായ ഇബ്രാഹിം ദാഹിർ, മുഅ്മിൻ അലൈവ, മുഹമ്മദ് നൗഫൽ എന്നിവരും കൊല്ലപ്പെട്ടിരുന്നു. ഗാസാ മുനമ്പ് ഒരു മരണമുനമ്പാണെന്ന് അൽ ജസീറാ അഭിമുഖത്തിൽ പറഞ്ഞ മാധ്യമപ്രവർത്തകനായിരുന്നു ഇന്നലെ ഇസ്രായേലി ഭടന്റെ ബുള്ളറ്റ് ഏറ്റുവാങ്ങി ജീവഹാനി സംഭവിച്ച ജഫറാവി.

ഗാസ നഗരത്തിലെ അൽശിഫ ആശുപത്രിക്ക് മുന്നിലുള്ള മാധ്യമപ്രവർത്തകരുടെ തമ്പിനു നേരെ ഇസ്രായേലി വിമാനം നടത്തിയ വ്യോമാക്രമണത്തിൽ അനസ് ഉൾപ്പെടെ അഞ്ചു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഗാസ നഗരത്തിലെ അൽശിഫ ആശുപത്രിക്ക് മുന്നിലുള്ള മാധ്യമപ്രവർത്തകരുടെ തമ്പിനു നേരെ ഇസ്രായേലി വിമാനം നടത്തിയ വ്യോമാക്രമണത്തിൽ അനസ് ഉൾപ്പെടെ അഞ്ചു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Comments