Photo: Mohammed Zaanou

വയലൻസിനെക്കുറിച്ച് സംസാരിക്കാം,
പലസ്തീനൊപ്പം നിന്നുകൊണ്ടുതന്നെ

മലയാളികൾ, പ്രത്യേകിച്ച്, ഇടതുപക്ഷത്തുള്ളവർ പോലും, ഏറ്റവും അരാഷ്ട്രീയമായി സമീപിക്കുന്ന സാമൂഹികശാസ്ത്രസംജ്ഞ ഒരുപക്ഷെ 'വയലൻസ്' ആയിരിക്കും. എല്ലാ വയലൻസും ഒന്നാണ് അല്ലെങ്കിൽ എല്ലാം ഒരേപോലെ എതിർക്കപ്പെടേണ്ടതാണ് എന്നൊക്കെയുള്ള ലളിതയുക്തി എടുക്കാൻ ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രത്യയശാത്രപരമായി സാധിക്കില്ല. സാഹചര്യം, ഉൾപ്പെട്ടിട്ടുള്ളവർ, അവർക്കിടയിലെ പവർ ഡിസ്പാരിറ്റി അങ്ങനെ പലതരം അടരുകളിലൂടെ പോയിവേണം ഇതിൽ നിലപാട് എടുക്കാൻ.

ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. നിലവിലെ സംഭവവികാസങ്ങൾ ഒട്ടും പുതുമയുള്ളതല്ല. എട്ട് ദശകമായി തുടരുന്ന സാമ്രാജ്യത്വവാഴ്ചയുടെയും സയണിസ്റ്റ് ഭീകരതയുടെയും തുടർച്ച തന്നെ.

ഒരു ഭരണകൂടം മുഴുവനായി യുദ്ധകുറ്റവാളികളായി മാറുന്നു. ഗാസയിലെ മനുഷ്യർക്ക് ഭക്ഷണവും ഇന്ധനവും വൈദ്യുതിയും വെള്ളവും ലഭിക്കില്ല എന്ന് തങ്ങൾ ഉറപ്പാക്കുമെന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അത് അവർ നടപ്പിലാക്കിക്കഴിഞ്ഞു. ആശുപത്രികൾ പോലും വൈദ്യുതിയില്ലാതെ അടച്ചിടുകയാണ്.

ഇത് യുദ്ധത്തിൽ പാലിക്കേണ്ട അന്താരാഷ്ട്ര നിയമങ്ങളുടെ പൂർണമായ ലംഘനമാണ്. ഇസ്രായേലി ഭരണകൂടം പരസ്യമായി എൻഡോർസ് ചെയ്യുന്ന യുദ്ധരീതികളെല്ലാം ജനീവ കൺവെൻഷനെതിരാണ്. പ്രത്യാക്രമണം എന്ന അവരുടെ വാദത്തിനുപോലും, സിവിലിയൻ പോപ്പുലേഷനുനേരെ നടത്തുന്ന ഈ കൂട്ടക്കുരുതിയിൽ നീതീകരണമില്ലാതെ പോകുന്നു.

പലസ്തീൻ- ഇസ്രായേൽ പ്രശ്‌നത്തെ മതവിഷയമായി കാണുന്നതും ചരിത്രാതീത കാലം മുതൽ തുടങ്ങിയ ഏതോ പോരാട്ടമായി കാണുന്നതുമെല്ലാം യാതൊരു യുക്തിയുമില്ലാത്ത അമർചിത്രകഥകളെ അനുസ്മരിപ്പിക്കുന്ന ചരിത്രവായനയാണ്.

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അഭിമാനത്തോടെ ട്വീറ്റ് ചെയ്യുന്ന വിഡിയോകൾ മുഴുവൻ സാധാരണ മനുഷ്യർക്കെതിരായ ഇൻഡിസ്ക്രിമിനേറ്റ് കാർപ്പറ്റ് ബോംബിങ്ങിന്റെ ഭീതിപ്പെടുത്തുന്ന ചിത്രങ്ങളാണ്.

ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് എന്ന സ്പിൽബർഗ് ചിത്രത്തിൽ റാൽഫ് ഫിൻസ് അവതരിപ്പിക്കുന്ന നാസി ഓഫീസർ കോൺസെൻട്രേഷൻ ക്യാംപിലെ തടവുകാരെ സ്നൈപ്പർ ഗണ്ണിലൂടെ ബാൽക്കണിയിൽ നിന്ന് വെടിവെച്ച് രസിക്കുന്ന രംഗമുണ്ട്. ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി അതേ മനഃസ്ഥിതിയിൽ ജീവിക്കുന്നത്, ആ രാജ്യത്തെക്കുറിച്ച് കൃത്യമായ ചിലത് സൂചിപ്പിക്കുന്നുണ്ട്.

ഹമാസിന്റെ ആക്രമണത്തിൽ വലിയ പ്രതിഷേധം ഉയർന്നുവന്നിരുന്നു. എന്നാൽ, ഇപ്പോൾ അതിന്റെ നൂറിരട്ടി പ്രഹരശേഷിയിൽ ഒരു ഭരണകൂടം ജനങ്ങൾക്കുമേൽ ബോംബ് വർഷിക്കുമ്പോൾ, നേരത്തെ മനുഷ്യാവകാശത്തിന്റെ ഉന്നത നിലപാടുയർത്തിപ്പിടിച്ചർ നിശ്ശബ്ദതയിലാണ്. ‘എന്തുവന്നാലും മനുഷ്യർ കൊല്ലപ്പെടരുത്’ എന്ന നിലപാടെടുത്തിരുന്ന നരേന്ദ്ര മോദി, ഒബാമ, ബൈഡൻ, ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവരും യൂറോപ്യൻ യൂണിയനും പാശ്ചാത്യ മാധ്യമങ്ങളുമെല്ലാം പലസ്തീനിലെ ജനങ്ങളെക്കുറിച്ച് പൂർണ മൗനത്തിലാണ്.

നരേന്ദ്ര മോദി, ബറാക്ക് ഒബാമ, ജോ ബെെഡൻ, ജസ്റ്റിൻ ട്രൂഡോ

സാമ്രാജ്യത്വ താൽപര്യങ്ങൾ,
മുതലാളിത്ത സംഘർഷങ്ങൾ

പലസ്തീൻ- ഇസ്രായേൽ പ്രശ്‌നത്തെ പല രീതിയിൽ സമീപിക്കാറുണ്ട്. അതിനെ ഒരു മതവിഷയമായി കാണുന്നവരുണ്ട്. ക്രിസ്തുവിനും മുന്നേ ആരംഭിച്ച സംഘട്ടനങ്ങളുടെ തുടർച്ചയായി കാണുന്നവരുണ്ട്. ഇരുപക്ഷവും പിടിക്കാതെ, സമാധാനമാണ് വേണ്ടതെന്നുള്ള നിലപാടുമുണ്ട്.

ഇതിനെ മതവിഷയമായി കാണുന്നതും ചരിത്രാതീത കാലം മുതൽ തുടങ്ങിയ ഏതോ പോരാട്ടമായി കാണുന്നതുമെല്ലാം യാതൊരു യുക്തിയുമില്ലാത്ത അമർചിത്രകഥകളെ അനുസ്മരിപ്പിക്കുന്ന ചരിത്ര വായനയാണ്. പ്രശ്നത്തിന്റെ അടിസ്ഥാന പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്.

ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഏറ്റവും വലിയ ശേഷിപ്പുകളിൽ ഒന്ന്, അവർ ഭരിച്ച പ്രദേശങ്ങളിൽ അവശേഷിപ്പിച്ചുപോയ അവസാനിക്കാത്ത സംഘർഷങ്ങളാണ്. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടു രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും ഇന്നും അവസാനമില്ലാത്ത സംഘർഷത്തിലാണ്. ശ്രീലങ്കയിലെ തമിഴ് - സിംഹള വിഷയം തുടരുകയാണ്. ഇത്തരത്തിലുള്ള മറ്റൊരു ബ്രിട്ടീഷ് കൊളോണിയൽ ലെഗസിയാണ് പലസ്തീൻ- ഇസ്രായേൽ പ്രശ്‌നം.

Photo : Alarabiya Palestine, FB

ജൂതർക്ക് സ്വന്തമായി രാഷ്ട്രം വേണമെന്ന വാദമുന്നയിച്ചാണ് സയണിസ്റ്റ് മൂവ്മെന്റിന് യൂറോപ്പിൽ തുടക്കമാകുന്നത്. സയണിസം ഉടലെടുക്കുന്നതിനുമുന്നേ ജൂതർക്ക് അന്നത്തെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായ പലസ്തീനിലേക്ക് കുടിയേറാൻ വലിയ പിന്തുണ ബ്രിട്ടീഷ് സാമ്രാജ്യം നൽകിയിരുന്നു. ഈ ബ്രിട്ടീഷ് പോളിസി പിന്നീട് സയണിസം ഒരു മൂവ്മെന്റായി വളരുന്ന കാലഘട്ടത്തിലും (19-ാം നൂറ്റാണ്ടിന്റെ അവസാനം) അതിനുശേഷവും തുടർന്നു.
ഇതിലേക്ക് ബ്രിട്ടീഷ് ഭരണകൂടത്തിനെ നയിച്ച മൂന്ന് പ്രധാന കാര്യങ്ങളുണ്ട്:

ഒന്ന്: ക്രിസ്ത്യൻ തിയോളജിയിലെ ഒരു വിശ്വാസമാണ് ക്രിസ്തുവിന്റെ രണ്ടാം വരവ്. പല ഇംഗ്ലീഷ് ചർച്ചുകളും അതിന്റെ നേതാക്കളും ജൂതരെ പലസ്തീൻ പ്രദേശത്തേക്ക് അയക്കുകയും ഇസ്രായേൽ സ്ഥാപിക്കുകയും ചെയ്തത്, ഈ വിശ്വാസത്തിന്റെ പൂർത്തീകരണത്തിന് സഹായകമാകുമെന്ന വിശ്വാസത്തിലാണ്. അതിനു വേണ്ടി ഭരണകൂടത്തിൽ അവർ ചരടുവലികളും നടത്തിയിരുന്നു. 

ജൂത കുടിയേറ്റത്തിന് ലഭിക്കുന്ന സെന്റിമെന്റ്സ് ഉണ്ടാക്കുന്നതുപോലും മുതലാളിത്വത്തിന്റെ ആന്തരിക വൈരുധ്യങ്ങളും അതുണ്ടാക്കുന്ന യുദ്ധങ്ങളുമാണ്.

രണ്ട്: യൂറോപ്പിലെ ക്രിസ്ത്യൻ സമൂഹങ്ങളിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം വരെയെങ്കിലും ആഴത്തിലുള്ള ആന്റി സെമിറ്റിസം നിലനിന്നിരുന്നു. ജൂതരെ യൂറോപ്പിൽ നിന്ന് കയറ്റി അയച്ചാൽ, അവരെക്കൊണ്ടുള്ള 'ശല്യം' ഒഴിവാക്കാനാകുമെന്ന് അവർ കരുതി. അങ്ങനെ ആന്റി സെമിറ്റിസം സയണിസത്തിന്റെ ഏറ്റവും വലിയ ചങ്ങാതിമാരായി.

മൂന്ന്: 19-ാം നൂറ്റാണ്ട് കഴിയുന്നതോടെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ സുവർണകാലം തീർന്നിരുന്നു. പുനരധിവസിപ്പിക്കുന്ന ജൂതരിലൂടെ തകർന്നു കൊണ്ടിരിക്കുന്ന ഒരു സാമ്രാജ്യം കയ്യടക്കിവെച്ച മേഖലയിൽ തങ്ങൾക്കൊരു സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് ഉണ്ടാക്കാമെന്ന് ബ്രിട്ടീഷ് ഭരണകൂടം കരുതി. പിന്നീട് അവരെ ഉപയോഗപ്പെടുത്തി തങ്ങളുടെ സാമ്രാജ്യത്വ അഭിലാഷങ്ങൾ പൂർത്തിയാക്കാമെന്നും കണക്കുകൂട്ടി.
ഈ പോളിസിയുടെ അടുത്തഘട്ടം, 1917- ലെ ബാൽഫർ ഡിക്ലറേഷനിലൂടെ ജൂതർക്ക് ഒരു മാതൃരാജ്യം പലസ്തീനിൽ ഉണ്ടാക്കാൻ പിന്തുണ നൽകുന്ന ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രഖ്യാപനമാണ്. ഒന്നാം ലോക മഹായുദ്ധത്തോടെ ബ്രിട്ടന്റെ കൈവശമാകുന്ന പ്രദേശം പിന്നീട് ബ്രിട്ടീഷ് മാൻഡേറ്റായി മാറി.

ആർതർ ബാൽഫറും 1917- ലെ ബാൽഫർ ഡിക്ലറേഷനും. ജൂതർക്ക് ഒരു മാതൃരാജ്യം പലസ്തീനിൽ ഉണ്ടാക്കാൻ പിന്തുണ നൽകുന്ന ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രഖ്യാപനമാണിത്.

ഈ ഘട്ടത്തിൽ, എന്താണ് ഇസ്രായേൽ എന്ന രാഷ്ട്രത്തെ നയിക്കുന്ന അടിസ്ഥാന പ്രമാണം എന്ന് പരിശോധിക്കേണ്ടതുണ്ട്. അത് ചില മിത്തുകളുടെ അടിസ്ഥാനത്തിൽ, തങ്ങൾക്ക് മറ്റ് ജനതകൾക്കുമുകളിൽ അവകാശങ്ങളുണ്ടെന്നും അത് നേടിയെടുക്കാൻ ഏതറ്റം വരെ പോകുന്നത് നീതീകരിക്കപ്പെടുമെന്നും കരുതുന്ന അധീശത്വ ബോധമാണ്. അത്തരം ബോധ്യങ്ങളിൽനിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് ചരിത്രബോധമുള്ളവർക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഫലത്തിൽ യൂറോപ്യൻ / വെസ്റ്റേൺ മുതലാളിത്വത്തിന്റെ പ്രതിസന്ധികളുടെയും അതിന്റെ ലാഭക്കൊതിയുടെയും ഇരകളായി മാറുകയായിരുന്നു പലസ്തീൻ ജനത.

ബ്രിട്ടീഷ് മാൻഡേറ്റിന്റെ കാലത്ത്, പലസ്തീനിലേക്ക് വലിയ തോതിൽ ജൂത കുടിയേറ്റം നടന്നു. തദ്ദേശീയരായ പലസ്തീനികൾക്കുമേൽ ജൂത മിലീഷ്യകൾ ആക്രമണം അഴിച്ചുവിട്ടു. മനുഷ്യർക്കുനേരെയും അവരുടെ സ്വത്തിനു നേരെയുമായിരുന്നു ആക്രമണം. അവരുടെ വീടുകൾ തകർക്കുക, ഭൂമി കൈക്കലാക്കുക, അവരെ ആട്ടിപ്പായിക്കുക എന്നിവ ബ്രിട്ടന്റെ മൗനാനുവാദത്തോടെ അരങ്ങേറി. പതിയെ നിരവധി പലസ്തീനികൾ രാജ്യം വിട്ടുപോകാനോ ഇന്റീരിയർ ഭാഗങ്ങളിലേക്ക് ഒതുങ്ങാനോ നിർബന്ധിതരായി. അനുസ്യൂതം തുടർന്ന കുടിയേറ്റം പതിയെ ഡെമോഗ്രഫിയിൽ പലസ്തീനികൾക്കുണ്ടായിരുന്ന ഭൂരിപക്ഷം ഇല്ലാതാക്കി. അങ്ങനെ ഒരു കോളനിഭരണം മറ്റൊരു കോളനിഭരണത്തിന് തറക്കല്ലിട്ടു.

1948- ലാണ് ബ്രിട്ടൻ ഒഴിയുന്നത്. ‘ഇനി നിങ്ങളായി നിങ്ങളുടെ പാടായി’ എന്ന രീതിയിലുള്ള ബ്രിട്ടീഷ് പിന്മാറ്റം ലോകചരിത്രത്തിൽ പുതുമയല്ല. അതോടെ ഇസ്രായേൽ എന്ന രാഷ്ട്രം നിലവിൽവരികയും പലസ്തീനികൾക്ക് എന്നെന്നേക്കുമായി മാതൃരാജ്യം നഷ്ടമാകുകയും ചെയ്തു.

പിന്നീടിങ്ങോട്ട് അവസാനിക്കാത്ത അധിനിവേശത്തിന്റെയും മനുഷ്യാവകാശലംഘനങ്ങളുടെയും കാലമായിരുന്നു. ഇവിടെ ഇസ്രായേൽ അധിനിവേശം നടത്തുന്നവരും പലസ്തീനികൾ അതിന്റെ ഇരകളുമാണ്. ഇതാണ് ഈ വിഷയത്തിന്റെ അടിസ്ഥാന പശ്ചാത്തലം. ബ്രിട്ടന്റെ സാമ്രാജ്യത്വ താല്പര്യങ്ങളും മുതലാളിത്വത്തിൽ അന്തർലീനമായ സംഘർഷങ്ങളും സൃഷ്ടിച്ചതാണ് ഇന്നുകാണുന്ന ഇസ്രായേൽ രാഷ്ട്രം.

ജൂത കുടിയേറ്റങ്ങൾക്ക് അല്പമെങ്കിലും നൈതികത ലഭിക്കുന്ന ഒരു ഘടകം, ഹോളോകോസ്റ്റിൽ സംഭവിച്ച കൂട്ടക്കൊലകളാണ്. ജർമനിയിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളാണ് ഹോളോകോസ്റ്റ് സൃഷ്ടിച്ചത്. പ്രഷ്യയുടെ ഏകീകരണം മുതലെങ്കിലും പിന്നോട്ട് പോയാൽ കാര്യങ്ങൾ വീണ്ടും മുതലാളിത്വത്തിലും സാമ്രാജ്യത്വ താല്പര്യങ്ങളിലും എത്തിച്ചേരും. മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ലോകം മുഴുവൻ കട്ടു മുടിക്കുമ്പോൾ ഞങ്ങൾക്ക് കഴിയുന്നില്ല എന്നതായിരുന്നാലോ പ്രഷ്യ ഏകീകരിക്കപ്പെടാനുണ്ടായിരുന്ന പ്രധാന കാരണം. ഏകീകരിച്ച് ശക്തിയായി വന്ന ജർമനി കൂടി കളത്തിൽ എത്തിയതോടെ യൂറോപ്പിലെ സ്റ്റാറ്റസ്കോ തകിടം മറിഞ്ഞു. ഇത് ഒന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുന്നു (പലസ്തീൻ ബ്രിട്ടന്റെ കയ്യിലെത്തിക്കുന്ന യുദ്ധം). യുദ്ധം തോറ്റ ജർമനിക്കുമുകളിൽ ഏർപ്പെടുത്തിയ വേർസായ് ട്രീറ്റിയിലൂടെ ജർമനി എന്ന നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ശക്തി രണ്ടാംകിട രാജ്യമായി നിൽക്കേണ്ട അവസ്ഥയുണ്ടാകുന്നു, യൂറോപ്പിൽ. ഇത് മുതലെടുത്ത് ജർമനിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനും ലോകം കീഴടക്കാനും നാസികൾ ഉദയം ചെയ്യുന്നു. ഹോളോകോസ്റ്റ് സംഭവിക്കുന്നു. ഒരു സർക്കിൾ പൂർത്തിയാകുമ്പോൾ മുതലാളിത്വത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളും സാമ്രാജ്യത്വ താല്പര്യവും ഇസ്രായേൽ എന്ന ആധുനിക രാഷ്ട്രത്തിന്റെ നിലനിൽപ്പിന് വലിയ പങ്ക് വഹിക്കുന്നു എന്നു കാണാം.
ചുരുക്കത്തിൽ, ജൂത കുടിയേറ്റത്തിന് ലഭിക്കുന്ന സെന്റിമെന്റ്സ് ഉണ്ടാക്കുന്നതുപോലും മുതലാളിത്വത്തിന്റെ ആന്തരിക വൈരുധ്യങ്ങളും അതുണ്ടാക്കുന്ന യുദ്ധങ്ങളുമാണ്.

യുദ്ധം തോറ്റ ജർമനിക്കുമുകളിൽ ഏർപ്പെടുത്തിയ വേർസായ് ട്രീറ്റിയിലൂടെ ജർമനി എന്ന നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ശക്തി രണ്ടാം കിട രാജ്യമായി നിൽക്കേണ്ട അവസ്ഥയുണ്ടാകുന്നു, യൂറോപ്പിൽ. ഇത് മുതലെടുത്ത് ജർമനിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനും ലോകം കീഴടക്കാനും നാസികൾ ഉദയം ചെയ്യുന്നു.

എല്ലാ അന്താരാഷ്ട്ര നിയമമവും ലംഘിക്കുന്ന രാജ്യങ്ങളെ അമേരിക്ക നേതൃത്വം നൽകുന്ന ആഗോള സാമ്രാജ്യത്വ ചേരി ‘തെമ്മാടി രാഷ്ട്രം’ (rogue state) എന്നാണ് വിളിക്കാറ്. ഇസ്രായേൽ അത്തരമൊരു രാജ്യമായിട്ടും ഇത്രയും കാലം അതിനെ അവർ പിന്തുണച്ചത്, എണ്ണ സമ്പന്നമായ മേഖലയിലെ സാമ്രാജ്യത്വ താല്പര്യങ്ങളാണ്. ഒരു കാലത്ത് സോവിയറ്റ് / സോഷ്യലിസ്റ്റ് വിരുദ്ധതയും ആന്റി കൊളോണിയൽ സമരവിരുദ്ധതയുമായിരുന്നു എങ്കിൽ പിന്നീടത് ഇറാനെതിരെയും മറ്റും മേഖലയിൽ ഉറപ്പാക്കേണ്ട കൗണ്ടർ പവർ എന്ന പോലെ പ്രവർത്തിക്കുന്നു. ഈ സാമ്രാജ്യത്വ അച്ചുതണ്ടിൽ കേന്ദ്രബിന്ദുബായി മേഖലയിലും ജൂനിയർ പാട്ണറായി ആഗോള തലത്തിലും ഇസ്രായേൽ എന്ന രാജ്യമുണ്ട്.

ഫലത്തിൽ യൂറോപ്യൻ / വെസ്റ്റേൺ മുതലാളിത്വത്തിന്റെ പ്രതിസന്ധികളുടെയും അതിന്റെ ലാഭക്കൊതിയുടെയും ഇരകളായി മാറുകയായിരുന്നു പലസ്തീൻ ജനത.

മലയാളികൾ, പ്രത്യേകിച്ച് ഇടതുപക്ഷത്തുള്ളവർ പോലും ഏറ്റവും അരാഷ്ട്രീയമായി സമീപിക്കുന്ന സാമൂഹികശാസ്ത്രസംജ്ഞ ഒരുപക്ഷെ 'വയലൻസ്' ആയിരിക്കും.

ആക്രമണം, പ്രത്യാക്രമണം, ഹമാസ്

പലസ്തീൻ വിഷയത്തിൽ ഒരു കാലത്ത് കേരളത്തിലും മറ്റുമുണ്ടായിരുന്ന അഭിപ്രായ ഐക്യം ഇന്നുണ്ടോ എന്നത് സംശയമാണ്. ഹമാസിന്റെ നിലപാടുകളും അവർ നടത്തുന്ന ആക്രമണങ്ങളും പരിശോധിച്ചാകണം പലസ്തീൻ വിഷയത്തിൽ നിലപാടെടുക്കേണ്ടത് എന്ന അഭിപ്രായം ശക്തമാണ്. ഇപ്പോൾ ആക്രമണം 'ആരംഭിച്ചത്' ഹമാസായതുകൊണ്ട് ഇസ്രയേലിനെ പിന്തുണക്കുന്നവരും കുറവല്ല.

മലയാളികൾ, പ്രത്യേകിച്ച് ഇടതുപക്ഷത്തുള്ളവർ പോലും ഏറ്റവും അരാഷ്ട്രീയമായി സമീപിക്കുന്ന സാമൂഹികശാസ്ത്രസംജ്ഞ ഒരുപക്ഷെ 'വയലൻസ്' ആയിരിക്കും. 'എല്ലാതരം അക്രമങ്ങൾക്കും ഞങ്ങൾ എതിരാണ്’ എന്ന വാചകത്തോടെ വയലൻസിനെ കുറിച്ചുള്ള നിലപാട് അവസാനിക്കും. അതിനുമുകളിൽ ചിന്തിക്കുക എന്നതുപോലും ചിലപ്പോൾ വലിയ തെറ്റും എതിർക്കപ്പെടേണ്ടതുമാകും. പശ്ചാത്തലം പരിശോധിക്കാതെയുള്ള ഏതൊരു വിശകലനവും തുടക്കത്തിൽ തന്നെ പാളിപ്പോകും. പ്രത്യേകിച്ച് വയലൻസ് പോലെ നിരവധി അടരുകളുള്ള ഒന്നിൽ, രണ്ടു കൂട്ടരും ആയുധം താഴെ വെച്ചാൽ മാത്രമേ അക്രമം അവസാനിക്കൂ എന്ന് ഒഴുക്കിൽ പറയാമെന്നല്ലാതെ.

ഇറെസ് ക്രോസിങ്ങിന് സമീപം ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് കടക്കുന്ന ഹമാസ് സംഘങ്ങൾ

ജാതിയും ഫാഷിസവും മുതലാളിത്തവുമെല്ലാം പല രീതിയിൽ വയലൻസ് അഴിച്ചുവിടുമ്പോൾ എല്ലാറ്റിനോടും ഒരുപോലെ എതിർക്കുന്നു എന്ന നിലപാട് പ്രതിസന്ധിയിലാകും. കാരണം ഇതിനെല്ലാമെതിരെ മനുഷ്യർക്ക് പ്രതിരോധം തീർക്കേണ്ടിവരികയും അതിൽ സ്വാഭാവികമായും വയലൻസിന്റെ രൂപത്തിൽ തിരിച്ചടികളുണ്ടാകുകയും ചെയ്യും. അങ്ങനെ വരുമ്പോൾ, ഏതെങ്കിലും ഘട്ടത്തിൽ അതിൽ നിലപാടെടുക്കേണ്ടിവരും.

എല്ലാ വയലൻസും ഒന്നാണ്, അല്ലെങ്കിൽ എല്ലാം ഒരേപോലെ എതിർക്കപ്പെടേണ്ടതാണ് എന്നൊക്കെയുള്ള ലളിതയുക്തി എടുക്കാൻ ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രത്യയശാത്രപരമായി തന്നെ സാധിക്കില്ല. സാഹചര്യം, ഉൾപ്പെട്ടിട്ടുള്ളവർ, അവർക്കിടയിലെ പവർ ഡിസ്പാരിറ്റി അങ്ങനെ പലതരം അടരുകളിലൂടെ പോയാലേ ഇതിൽ നിലപാടെടുക്കാനാകൂ.

ഫലസ്തീൻ ജനതയുടെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് 1959 ജൂൺ 18 ന് ചെഗുവേര ഗാസ സന്ദർശിച്ചപ്പോള്‍

ഉദാഹരണത്തിന് കർഷകരെ പീഡിപ്പിക്കുന്ന ജന്മിയുടെ ഗുണ്ടകളെ തക്കം കിട്ടിയപ്പോൾ കർഷകർ കൂട്ടമായി വന്ന് തിരിച്ചടിച്ചു എന്ന് കരുതുക. രണ്ടു വിഷയവും ഒന്നാണ് എന്ന് ചിന്തിക്കാൻ പോലും കഴിയില്ലല്ലോ. രണ്ടിലും മനുഷ്യർക്ക് നൊന്തിട്ടുണ്ട്, ചോര പൊടിഞ്ഞിട്ടുണ്ട്. പക്ഷെ രണ്ടും ഒന്നാകുന്നില്ല. നിലപാടെടുക്കുമ്പോൾ, ജന്മി നടത്തിയത് എതിർത്തുതോൽപിക്കണം എന്നാഗ്രഹിക്കുന്ന, സിസ്റ്റത്തിൽ അന്തർലീനമായ വയലൻസും കുടിയാൻ ചെയ്തത് സഹിക്കവയ്യാതെ നടത്തിയ പ്രതിരോധവുമാണ്.
എന്തു വന്നാലും ഒട്ടും അപ്പോളജിറ്റിക്കൽ അല്ലാതെ പലസ്തീനൊപ്പം, അവർക്കൊപ്പം മാത്രം നിൽക്കുക എന്നതാണ് ഇടതുപക്ഷ നിലപാട്. അത് കേവലം പലസ്തീനുള്ള പിന്തുണയല്ല, മറിച്ച് ഇടത് രാഷ്ട്രീയത്തിന്റെ അടിസ്ഥാന നിലപാടായ, സാമ്രാജ്യത്വത്തിനും അധിനിവേശങ്ങൾക്കും എതിരായ പോരാട്ടങ്ങൾക്കുള്ള പിന്തുണ കൂടിയാണ്.

2008- നുശേഷം മാത്രം ഒന്നരലക്ഷം പലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയോ ഗുരുതര പരിക്കു പറ്റുകയോ ചെയ്തിട്ടുണ്ട്. അതിൽ 33,000 പേർ കുട്ടികളാണ്.

പലസ്തീൻ- ഇസ്രായേൽ വിഷയം ആത്യന്തികമായി ഒരു ജനതക്കുമുകളിൽ സാമ്രാജ്യത്വ പിന്തുണയോടെ ഒരു കൂട്ടം മതരാഷ്ട്രവാദികൾ നടത്തുന്ന ആക്രമണവും അധിനിവേശവുമാണ്. 2008- നുശേഷം മാത്രം ഒന്നരലക്ഷം പലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയോ ഗുരുതര പരിക്കു പറ്റുകയോ ചെയ്തിട്ടുണ്ട്. അതിൽ 33,000 പേർ കുട്ടികളാണ്. എട്ട് ദശകമായി നിയമവിരുദ്ധ അധിനിവേശം ഇസ്രായേൽ ഭരണകൂടം തുടരുന്നു. അവശേഷിക്കുന്ന പലസ്തീൻ പ്രദേശങ്ങൾ കൂടി കയ്യടക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വല്ലപ്പോഴും പലസ്തീൻ ജനതയിൽ നിന്നുണ്ടാകുന്ന തിരിച്ചടിയാണ് ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങൾക്ക് കാരണം എന്നു കരുതുന്നവർ കാട് കാണാതെ മരം കാണുന്നവരാണ്.

വിപ്ലവത്തിന്റെ ഭാഗമായോ അതിനുശേഷമോ അമേരിക്കയെ അങ്ങോട്ട് ആക്രമിച്ചിട്ടില്ലാത്ത ക്യൂബയെപ്പോലൊരു രാജ്യം 60 കൊല്ലമായി ഏകപക്ഷീയമായി റിസീവിങ് എൻഡിൽ നിൽക്കുന്നു എന്നതിന്റെ കാരണം സാമ്രാജ്യത്വ താല്പര്യമാണ്.

ഇരുകൂട്ടരും ആയുധം താഴെ വെച്ചാലേ അക്രമം അവസാനിക്കൂ എന്ന് ഒഴുക്കിൽ പറയാമെന്നല്ലാതെ എല്ലാ സന്ദർഭത്തിലും അത് ശരിയാകണമെന്നില്ല. ഒരുപക്ഷെ തുല്യശക്തികളുടെ ഇടയിൽ അത് ശരിയാകാം. ഇത്രയും അസിമിട്രിക്കലായ എതിരാളികളുടെ പശ്ചാത്തലത്തിൽ ഈ വാദത്തിന് യാതൊരു സാംഗത്യവുമില്ല. ‘അടിച്ചമർത്തപ്പെട്ടവർ ചരിത്രത്തിൽ ഒരിക്കലും അക്രമണത്തിനു തുടക്കമിട്ടിട്ടില്ല. അവർ അടിച്ചമർത്തപ്പെട്ടവരായി നിലനിൽക്കുന്നതുതന്നെ അവരെ അടിമകളാക്കാൻ അവർക്കുനേരെ ആക്രമണമുണ്ടായി എന്നതിന്റെ തെളിവാണ്’ എന്നുപറഞ്ഞ പൗലോ ഫ്രയറെ ഓർക്കാവുന്നതാണ്.

എതിരാളികൾ ആക്രമണം നടത്തുന്നതുകൊണ്ടല്ല സാമ്രാജ്യത്വം ഉൾപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര വിഷയങ്ങൾ അവസാനിക്കാത്തത്. കഴിഞ്ഞ ആറ് ദശകമെങ്കിലുമായിക്കാണും ക്യൂബയോടുള്ള അമേരിക്കൻ ഉപരോധം ആരംഭിച്ചിട്ട്. ക്യൂബക്കാർ ഏതെങ്കിലും അമേരിക്കൻ നഗരം അക്രമിച്ചതോ ബോംബിട്ടതോ നമ്മൾക്കറിയില്ല. എന്നാൽ അമേരിക്കൻ പിന്തുണയോടെ ക്യൂബയിൽ നിരവധി തീവ്രവാദി ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും അതിനുള്ള ശ്രമങ്ങളുമെല്ലാം നടന്നിട്ടുണ്ട്. ഉപരോധം എന്നാൽ, ജീവൻരക്ഷാ മരുന്നുകൾ പോലും ഇറക്കുമതി ചെയ്യാൻ സാധിക്കാത്തത്ര ക്രൂരമായ ഉപരോധമാണ്. ഏകപക്ഷീയമായി ആക്രമണം നടത്തുന്ന അമേരിക്ക തന്നെയാണ് ഇന്നും തുടരുന്ന ഉപരോധത്തിന്റെ പിന്നിൽ. ക്യൂബ ആയുധം താഴെ വെച്ചാൽ ഈ ഉപരോധം തീരുമെന്ന് ആർക്കും പറയാൻ പോലും കഴിയില്ലല്ലോ. കാരണം ക്യൂബയല്ല ആക്രമണം നടത്തുന്നത്. എന്നിട്ടും എന്തുകൊണ്ട് ഏകപക്ഷീയമായി അമേരിക്കൻ ആക്രമണങ്ങളും ഉപരോധവും തുടരുന്നു എന്ന ചോദ്യം പ്രസക്തമാണ്.

ഒരു ഓപൺ ജയിലിനെ അനുസ്മരിപ്പിക്കുന്ന ഗാസയിൽ മനുഷ്യജീവനു വേണ്ട യാതൊരു അവകാശവും നൽകാതെ രണ്ടു മില്യൺ ജനങ്ങളെ ഇസ്രായേൽ ഭരണകൂടം തടവിൽ വെച്ചിരിക്കുകയാണ്.

വിപ്ലവത്തിന്റെ ഭാഗമായോ അതിനുശേഷമോ അമേരിക്കയെ അങ്ങോട്ട് ആക്രമിച്ചിട്ടില്ലാത്ത ഒരു രാജ്യം 60 കൊല്ലമായി ഏകപക്ഷീയമായി റിസീവിങ് എൻഡിൽ നിൽക്കുന്നു എന്നതിന്റെ കാരണം സാമ്രാജ്യത്വ താല്പര്യമാണ്. പ്രതിരോധത്തിന്റെ ഭാഗമായി പോരാട്ടം നടത്തുന്നവരുടെ വയലൻസ് കൊണ്ടാണ് വിഷയം അവസാനിക്കാത്തത് എന്ന് പറയുന്നവർ അടിസ്ഥാനപരമായി മനസ്സിലാക്കാത്തതും ഈ രാഷ്ട്രീയമാണ്.

ഹമാസ് ചിത്രത്തിൽ വരിക കൂടി ചെയ്യാത്ത കാലത്താണ് ഇസ്രായേലി മിലീഷ്യകൾ പലസ്തീനിലുടനീളം ലിഞ്ചിംഗുകൾ ചെയ്തു കൂട്ടിയത്. അഡ്മിനിഷ്ട്രേഷൻ കേന്ദ്രം കിംഗ് ഡേവിഡ് ഹോട്ടൽ ബോംബിട്ട് നിലംപരിശാക്കി, അറബികളുടെ സെറ്റിൽമെന്റുകൾ തകർത്തു, സ്ത്രീകൾക്കുനേരെ അതിക്രമം അഴിച്ചുവിട്ടു. വയലൻസിന്റെ ഏത് അളവുകോലിൽ നോക്കിയാലും യാതൊരു താരതമ്യവും സയണിസ്റ്റ് പ്രോജക്ടും അതുനോടുള്ള പ്രതിരോധവും തമ്മിലില്ല.

സയണിസം ഒരു രാഷ്ട്രീയപദ്ധതി മാത്രമല്ല. ഹിന്ദുത്വ പോലെ, ഹിറ്റ്ലറുടെ ഫാഷിസം പോലെ, ചരിത്ര പിന്തുണയില്ലാത്ത മിത്തിൽ നിന്ന് സൃഷ്ടിച്ചെടുത്ത ഇരവാദവും അപരരോടുള്ള അടങ്ങാത്ത വെറുപ്പുമാണ് അതിന്റെ സാംസ്കാരിക മൂലധനം. എന്നും മേഖലയിലെ സാമ്രാജ്യത്വതാല്പര്യങ്ങളോട് ഒത്തുപോകുന്നതാണ് അതിന്റെ പ്രവർത്തനം. അത്തരം ഒരു പ്രസ്ഥാനം ഇങ്ങോട്ട് ആക്രമിച്ചാൽ മാത്രമേ തിരിച്ചടിക്കൂ, അല്ലെങ്കിൽ എതിർപക്ഷം പ്രതിരോധം നിർത്തിയാൽ സമാധാനത്തിന്റെ വഴിയിലേക്കുവരും എന്ന ചിന്ത എത്രമാത്രം ബാലിശമാണ്.

ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ ഇടങ്ങളിൽ ഒന്നാണ് ഗാസ. ആധുനിക സമൂഹത്തിനുവേണ്ട മെച്ചപ്പെട്ട ഒന്നും- വിദ്യാഭ്യസത്തിനോ ആരോഗ്യത്തിനോ- അവർക്കില്ല. എന്തിന്, വെള്ളവും വൈദ്യതിയും പോലുമില്ല.

‘ഒക്കെ കണക്കാണ്, രണ്ടു പേരും നിർത്തണം’ എന്ന് ഇനിയും പറയാൻ തോന്നുന്നു എങ്കിൽ എന്താണ് ഗാസയിലെ ജീവിതം എന്നുകൂടി ഓർക്കണം. ഒരു ഓപൺ ജയിലിനെ അനുസ്മരിപ്പിക്കുന്ന ഗാസയിൽ മനുഷ്യജീവനു വേണ്ട യാതൊരു അവകാശവും നൽകാതെ രണ്ടു മില്യൺ ജനങ്ങളെ ഇസ്രായേൽ ഭരണകൂടം തടവിൽ വെച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ ഇടങ്ങളിൽ ഒന്ന്. ആധുനിക സമൂഹത്തിനുവേണ്ട മെച്ചപ്പെട്ട ഒന്നും- വിദ്യാഭ്യസത്തിനോ ആരോഗ്യത്തിനോ- അവർക്കില്ല. എന്തിന്, വെള്ളവും വൈദ്യതിയും പോലുമില്ല. അപ്പുറത്ത് ഈജിപ്തും ഇപ്പുറത്ത് ഇസ്രയേലും ബ്ലോക്ക് ചെയ്ത് ഉപരോധം തീർത്തിരിക്കുകയാണ്. അവശ്യ മരുന്നുപോലും ലഭിക്കാത്ത ഭൂപ്രദേശം. ചുറ്റും ചെക്ക് പോയറ്റുകൾ കടക്കാതെ എങ്ങോട്ടും പോകാൻ കഴിയില്ല. ഇങ്ങനെ, ശവപ്പെട്ടിയിൽ ജീവനോടെ കുഴിച്ചുമൂടപ്പെടുന്ന മനുഷ്യ ജീവിതമാണ് ഗാസയിലേത്. ഇത്തരമൊരു സാഹചര്യത്തിൽ ‘എല്ലാം ഒരുപോലെയാണ്’ എന്ന് കരുതേണ്ടതുണ്ടോ?.

പലസ്തീൻ എന്ന ആശയം പോലും ലോകത്തുനിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്ന തീവ്ര സയണിസ്റ്റുകൾ നിയന്ത്രിക്കുന്നതാണ് ഇസ്രയേലിന്റെ രാഷ്ട്രീയം. ഒരു കാലത്തും സമാധാന ചർച്ചകളോടോ നീക്കുപോക്കുകളോടോ ആ രാജ്യം ആത്മാർത്ഥത കാട്ടിയിട്ടില്ല.

ഹമാസോ മറ്റ് സംഘടനകളോ ഉള്ളതാണ് പ്രശ്നം തീരാത്തതിന്റെ കാരണം എന്നു പറയുന്നത് ഒന്നാന്തരം സയണിസ്റ്റ് പ്രൊപ്പഗാൻഡയാണ്. ഇത്രയും ചരിത്രവിരുദ്ധത പലസ്തീനിലെ ജനതയോട് കാണിച്ചശേഷം നൽകുന്ന പിന്തുണ വെറും വ്യാജമാണ്.

പുരോഗമന രാഷ്ട്രീയവും പലസ്തീനും

ഈ വിഷയത്തിൽ, ഇടതുപക്ഷത്ത് ഉൾപ്പെടെയുള്ള പലരുടെയും നിലപാട് നിരാശാജനകമാണ്. സാമ്രാജ്യത്വ കൊളോണിയൽ പശ്ചാത്തലമുള്ള, പവർ ഡിസ്പാറിറ്റിയിൽ ഒരു താരതമ്യവുമില്ലാത്ത, മതരാഷ്ട്രവാദത്തിനായി എട്ട് ദശകമായി പലസ്തീനികളെ കൂട്ടക്കുരുതി നടത്തുന്ന ഒരു പ്രോജക്ടാണ് ഇസ്രായേൽ രാഷ്ട്രം. ഇസ്രായേൽ അധിനിവേശകരും പലസ്തീനികൾ അതിന്റെ ഇരകളുമാണ്. ഇതാണ് ഈ വിഷയത്തിന്റെ അടിസ്ഥാന പശ്ചാത്തലം. വയലൻസിന്റെ ഏതൊരു അളവിൽ തൂക്കിയാലും ഇസ്രായേൽ നടത്തുന്നതിന്റെ ലക്ഷത്തിലൊന്ന് ഉണ്ടാകില്ല, തിരിച്ചുള്ളത്. അവിടെ നിഷ്പക്ഷ നിലപാടിനോ ഇരുകൂട്ടരെയും വിമർശിക്കുന്ന നിലപാടിനോ യാതൊരു പുരോഗമന സ്വഭാവവും ഇല്ല. ഹമാസോ മറ്റ് സംഘടനകളോ ഉള്ളതാണ് പ്രശ്നം തീരാത്തതിന്റെ കാരണം എന്നു പറയുന്നത് ഒന്നാന്തരം സയണിസ്റ്റ് പ്രൊപ്പഗാൻഡയാണ്. ഇത്രയും ചരിത്രവിരുദ്ധത പലസ്തീനിലെ ജനതയോട് കാണിച്ചശേഷം നൽകുന്ന പിന്തുണ വെറും വ്യാജമാണ്. പൊരുതുന്ന ഒരു ജനതയ്ക്കും ഇതുപോലുള്ള പിന്തുണ ആവശ്യമില്ല.

Photo: Vice News / Youtube

പലരും ഒരു പെർഫെക്റ്റ് വിക്ടിമിനെയാണ് പലസ്തീനികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അതായത്, തങ്ങൾ നേരിടുന്ന അധിനിവേശത്തോട് ഒന്നും ചെയ്യാൻ കഴിയാതെ ഓരോ നിമിഷവും ഇസ്രായേലി ചെക്ക് പോയിന്റുകളിൽ അടിയറവ് പറഞ്ഞ് അനിവാര്യമായതും സാവധാനമുള്ളതുമായ മരണം അവർ പ്രതീക്ഷിച്ചിരിക്കണം. അപ്പോൾ ഞങ്ങളുടെ ധാർമിക പിന്തുണ, അതും ദശബ്ദത്തിൽ ഒന്നോ രണ്ടോ തവണ, നൽകാം എന്ന രീതിയിലാണ് ചിലർ സംസാരിക്കുന്നത്. എന്നാൽ എന്നെങ്കിലും ഈ അധിനിവേശത്തെ അവർ എതിർത്താലോ സായുധമായി കലഹിച്ചാലോ എല്ലാ അവസ്ഥകളും മറന്ന് ഇക്കൂട്ടരുടെ പലസ്തീൻ വിമർശനം ആരംഭിക്കും. ഇത്രയും അസിമെട്രിക്കായ ഒരു കോണ്ടെക്സ്റ്റിൽ പലസ്തീൻ ഭാഗത്തുനിന്ന് എത്ര മോശം തിരിച്ചടിയുണ്ടായാലും അതിന്റെ പ്രാഥമികവും ആത്യന്തികവുമായ ഉത്തരവാദിത്വം ഇസ്രയേലിനും അത് തുടരുന്ന അധിനിവേശ നടപടികൾക്കുമാണ്. സാധാരണക്കാരായ ഇസ്രയേലികൾ കൊല്ലപ്പെടുന്നതിന്റെയും കാരണക്കാർ ഇസ്രായേലി ഭരണകൂടമാണ്.

പലസ്തീനികൾക്കുമുന്നിലുള്ള ചോദ്യം അടിമയായി മരണം വേണോ അന്തസ്സുള്ള ജീവിതത്തിനുവേണ്ടി പോരാടി മരിക്കണോ എന്നതാണ്. അതിന്റെ താഴെയേ മറ്റെല്ലാ ചോദ്യങ്ങളും വരുന്നുള്ളൂ. ലോകത്തിലെ മനുഷ്യാന്തസ്സിനുവേണ്ടിയുള്ള ഏത് പോരാട്ടത്തിന്റെ അടിസ്ഥാന ചോദ്യം ഇതാണ്. ആ പോരാട്ടം നയിക്കുന്നവർക്ക് അറിയാത്തതല്ല വലിയ ശക്തിയിൽ ചൂഷകർ തിരിച്ചടിക്കുമെന്ന്. അതിനെല്ലാം തയ്യാറായാണ് പോരാട്ടങ്ങളെ മനുഷ്യർ ചരിത്രത്തിൽ മുന്നോട്ടു കൊണ്ടുപോയിട്ടുള്ളത്.

Comments