പ്രതീക്ഷക്കുള്ള ആയിരം കാരണങ്ങൾ…

'നമ്മുടെ ഹൃദയങ്ങളിൽ പ്രതീക്ഷ നിറയ്ക്കുന്നത് എങ്ങനെയെന്ന് ഞങ്ങളെ പഠിപ്പിക്കാമോ?' എന്ന അഞ്ചാം ക്ലാസുകാരിയായ പലസ്തീൻ ബാലികയുടെ ചോദ്യം നിരവധി ബാലസാഹിത്യ പുസ്തകങ്ങൾ രചിക്കുന്നതിലേക്ക് തന്നെ നയിച്ചതെങ്ങനെയെന്ന് പലസ്തീൻ വംശജയായ അമേരിക്കൻ എഴുത്തുകാരി ഇബ്തിസാം ബർക്കാത്ത് എഴുതുന്നു. പരിഭാഷ: വി. മുസഫർ അഹമ്മദ്.

റാമല്ലയിലെ ഒരു അഭയാർഥി ക്യാമ്പിലെ പ്രാഥമിക വിദ്യാലയത്തിൽ അഞ്ചാം ക്ലാസിലെ കുട്ടികളോട് ഞാനൊരു ചോദ്യം ചോദിച്ചു: കണ്ണുകളടച്ച് സ്വാതന്ത്ര്യത്തെക്കുറിച്ച് സങ്കൽപ്പിക്കുമ്പോൾ നിങ്ങൾ എന്താണ് കാണുന്നത്? അവരുടെ മറുപടികൾ എന്നെ ആഴത്തിൽ സ്പർശിച്ചു. സ്വാതന്ത്ര്യത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ അവരിൽ ആർക്കും കഴിഞ്ഞില്ല. കണ്ണുകളടയ്ക്കുമ്പോൾ തങ്ങൾ കാണുന്നത് പട്ടാളക്കാരെയും ചെക്ക്പോസ്റ്റുകളെയും ടാങ്കുകളെയും അറസ്റ്റുകളെയും പൊലീസ് നായ്ക്കളെയും തങ്ങളെ ചുറ്റിപ്പറ്റിയുള്ള വേർതിരിവിന്റെ മതിലിനെയുമാണെന്ന് കുട്ടികൾ പറഞ്ഞു.

''നിങ്ങൾക്ക് സ്വാതന്ത്ര്യം നേടിത്തരുന്ന ഒരു അത്ഭുതശക്തി ലഭിച്ചാൽ, അത് എന്തായിരിക്കും?'' അവർ ആഗ്രഹിച്ച ഒരേയൊരു മാന്ത്രികശക്തി, പലസ്തീനിലെ ഗ്രാമങ്ങളെയും പട്ടണങ്ങളെയും അഭയാർഥി ക്യാമ്പുകളെയും തടവറകളാക്കി മാറ്റുന്ന വേർതിരിവിന്റെ മതിലിനുമുകളിലൂടെ ചാടിക്കടക്കാനുള്ള കഴിവായിരുന്നു. മേഘങ്ങളെയും ചന്ദ്രനെയും നക്ഷത്രരാശികളെയും തൊടുംവിധം ഉയരത്തിൽ ചാടാൻ അവർ ആഗ്രഹിച്ചു.

''എവിടെയായിരിക്കും നിങ്ങൾ ചെന്നിറങ്ങുക?''

''മെഡിറ്ററേനിയൻ കടലിന്റെ തീരത്ത്.''

''ജറുസലേമിൽ.''

''ബത്ലഹേമിൽ.''

തങ്ങളുടെ മാതാപിതാക്കളും മുത്തച്ഛന്മാരും മുത്തശ്ശിമാരും ഒരിക്കൽ ജീവിച്ചിരുന്ന ഗ്രാമങ്ങളിലേക്ക് ചെന്നിറങ്ങുമെന്ന് പലരും പറഞ്ഞു. പ്രവാസവും പലതട്ടിലുള്ള തടസ്സങ്ങളും അവരെ ആ ഗ്രാമങ്ങളിൽനിന്ന് അകറ്റിയിരുന്നു. എന്നിട്ടും അവർ ആ ഗ്രാമങ്ങളുടെ പേരുകൾ ഉച്ചരിച്ചത് സ്വന്തം പേരുകൾ പറയുന്നതു പോലെയായിരുന്നു.

അപ്പോൾ ഒരു പെൺകുട്ടി എന്നോട് ചോദിച്ചു:

''നമ്മുടെ ഹൃദയങ്ങളിൽ പ്രതീക്ഷ നിറയ്ക്കുന്നത് എങ്ങനെയെന്ന് ഞങ്ങളെ പഠിപ്പിക്കാമോ?''

മറുപടി കേൾക്കാൻ എല്ലാവരും നിശ്ശബ്ദരായി. വർഷങ്ങൾക്കുമുമ്പ് ഞാനും ഈ പെൺകുട്ടിയുടെ സ്ഥാനത്തായിരുന്നു. ചോദ്യങ്ങൾക്ക് മാറ്റമുണ്ടായിട്ടില്ല; സ്വപ്നങ്ങൾക്കും. എന്നാൽ, അകലെനിന്ന് കാര്യങ്ങളെ വിശാലമായി കാണാൻ എനിക്കു കഴിഞ്ഞിരുന്നു. വലിയ പ്രതീക്ഷകൾ പുലർത്തുന്നതിന്റെ പ്രാധാന്യം അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.

എന്റെ ഓർമക്കുറിപ്പുകളായ ‘Tasting the Sky: A Palestinian Childhood and Balcony on the Moon: Coming of Age in Palestine’ എഴുതാൻ, ഞാൻ ഓടിയൊളിച്ചുപോന്ന എല്ലാ ഓർമകളിലേക്കും തിരിച്ചുചെല്ലേണ്ടിവന്നു.
എന്റെ ഓർമക്കുറിപ്പുകളായ ‘Tasting the Sky: A Palestinian Childhood and Balcony on the Moon: Coming of Age in Palestine’ എഴുതാൻ, ഞാൻ ഓടിയൊളിച്ചുപോന്ന എല്ലാ ഓർമകളിലേക്കും തിരിച്ചുചെല്ലേണ്ടിവന്നു.

''നിങ്ങൾക്ക് എങ്ങനെ പ്രതീക്ഷിക്കണമെന്ന് ഇതിനകം അറിയാം,'' ഞാൻ അവളോടും മറ്റുള്ളവരോടും പറഞ്ഞു. ''നിങ്ങൾ അഞ്ചാം ക്ലാസിലാണെങ്കിൽ അതിനർഥം, സ്‌കൂളിൽ പോകണമെന്ന് നിങ്ങൾ ആഗ്രഹിച്ചിരുന്നു, അതിനായി പ്രതീക്ഷ പുലർത്തിയിരുന്നു, ഒടുവിൽ സ്‌കൂളിലെത്തി. പിന്നെ രണ്ടാം ക്ലാസിലേക്കും മൂന്നാം ക്ലാസിലേക്കും നാലാം ക്ലാസിലേക്കും പോകണമെന്ന് ആഗ്രഹിച്ചു. അതും സാധിച്ചു. ഇപ്പോൾ നിങ്ങൾ അഞ്ചാം ക്ലാസിലാണ്.''

ഒരു പേന കൈയിലെടുക്കാനും ഒരു വാക്ക് എഴുതാനും, ഒരു കപ്പ് കൈയിലെടുത്ത് പാൽ തുളുമ്പിപ്പോകാതെ കുടിക്കാനും, സൈക്കിളിൽ കയറി ബാലൻസ് തെറ്റാതെ ഓടിക്കാനും അവർ എങ്ങനെ പഠിച്ചുവെന്ന് ഞങ്ങൾ സംസാരിച്ചു. പ്രവർത്തനത്തിലൂടെ തങ്ങളുടെ പ്രതീക്ഷകളെ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് അവർക്ക് സ്വയം ബോധ്യപ്പെടാൻ തുടങ്ങി. അവിടെനിന്ന് മടങ്ങുന്നതിനുമുമ്പ്, അവർക്ക് ഇഷ്ടപ്പെടുന്ന കഥകൾ ഇംഗ്ലീഷിൽ മാത്രമല്ല, എന്റെയും അവരുടെയും മാതൃഭാഷയായ അറബിയിലും എഴുതിത്തരാമെന്ന് ഞാൻ വാഗ്ദാനം ചെയ്തു.

അമേരിക്കയിലേക്കു മടങ്ങുന്ന വിമാനത്തിലിരുന്ന് ഒരുനാൾ പലസ്തീന്റെ മുറിവുകൾ ഉണങ്ങുമെന്ന് ഞാൻ പ്രതീക്ഷിച്ചു. ബന്ധുക്കളെ കാണാനോ കടൽത്തീരത്തേക്കു പോകാനോ യുവാക്കൾക്ക് ഇനി അത്ഭുതശക്തികൾ ആവശ്യമുണ്ടാകില്ല. ആരും കുടിയിറക്കപ്പെടുകയോ കുടിയേറ്റക്കാരായി മാറുകയോ ചെയ്യേണ്ടിവരില്ല. വിമാനത്തിന്റെ ചെറിയ ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ, ഓർമകളിലേക്കുള്ള ദൂരദർശിനി പോലെ അതെനിക്കു തോന്നി. വെടിയൊച്ചകളും യുദ്ധത്തിന്റെ ശബ്ദങ്ങളും കേൾക്കാതിരിക്കാനാണ് ഞാൻ അറ്റ്‌ലാന്റിക് സമുദ്രം കടന്നതെന്ന് ഓർമവന്നു. അകലെയെത്തിയപ്പോഴാണ് എന്റെ ഉള്ളിലെ ശബ്ദം വ്യക്തമായി കേൾക്കാൻ കഴിഞ്ഞത്. യുദ്ധം തകർത്ത എന്റെ ബാല്യത്തിന്റെ ചിതറിപ്പോയ കഷണങ്ങൾ ഒന്നിച്ചുചേർക്കാനും അപ്പോഴാണ് എനിക്കു കഴിഞ്ഞത്.

എന്റെ ഓർമക്കുറിപ്പുകളായ ‘Tasting the Sky: A Palestinian Childhood and Balcony on the Moon: Coming of Age in Palestine’ എഴുതാൻ, ഞാൻ ഓടിയൊളിച്ചുപോന്ന എല്ലാ ഓർമകളിലേക്കും തിരിച്ചുചെല്ലേണ്ടിവന്നു. യുദ്ധമെന്ന രാക്ഷസന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കേണ്ടിവന്നു. അതിന്റെ വായിൽനിന്ന് എന്റെ ബാല്യത്തിന്റെ ഓരോ കഷണവും ഞാൻ വീണ്ടും വീണ്ടും വീണ്ടെടുത്തു. ഓരോ കഷണവും കൈയിലെടുക്കുമ്പോൾ കനലുകൾ പിടിക്കുന്നതുപോലെയായിരുന്നു അനുഭവം. അക്കാലത്ത്, എന്റെ പീഡാനുഭവങ്ങൾ നിറഞ്ഞ ജീവിതം എന്താണെന്ന് അധികമാർക്കും അറിയില്ലായിരുന്നു. എന്റെ എഡിറ്റർമാർക്കോ സുഹൃത്തുക്കൾക്കോ, എന്തിന്, എന്റെ മനഃശാസ്ത്രചികിത്സകനു പോലുമോ, സൈനിക അധിനിവേശത്തിൻ കീഴിൽ ജീവിക്കുന്ന ഒരു പലസ്തീനിയുടെ ജീവിതം എന്താണെന്ന് പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.

ഇബ്തിസാം ബർക്കാത്ത്. ബന്ധുക്കളെ കാണാനോ കടൽത്തീരത്തേക്കു പോകാനോ യുവാക്കൾക്ക് ഇനി അത്ഭുതശക്തികൾ ആവശ്യമുണ്ടാകില്ല.
ഇബ്തിസാം ബർക്കാത്ത്. ബന്ധുക്കളെ കാണാനോ കടൽത്തീരത്തേക്കു പോകാനോ യുവാക്കൾക്ക് ഇനി അത്ഭുതശക്തികൾ ആവശ്യമുണ്ടാകില്ല.

ഫറാർ, സ്‌ട്രോസ് ആൻഡ് ജിറൂവിലെ എന്റെ എഡിറ്ററായ മെലാനി ക്രൂപ എഴുതാൻ കരാറും മുൻകൂർ പ്രതിഫലവും നൽകിയപ്പോൾ, ഒരു മുന്നറിയിപ്പോടെയായിരുന്നു എന്റെ പ്രതികരണം. ഒരു പലസ്തീനിയുടെ ഓർമക്കുറിപ്പുകൾ വായിക്കാൻ ആരും താൽപ്പര്യപ്പെടില്ലെന്നാണ് എനിക്കു തോന്നുന്നതെന്ന് ഞാൻ അവരോടു പറഞ്ഞു. ലോകത്തിന് ഞങ്ങളെക്കുറിച്ച് ഒരു താൽപ്പര്യവുമില്ലെന്നും സ്വന്തം ജീവിതത്തെക്കുറിച്ച് ഞങ്ങൾ പറയുമ്പോൾ ആരും വിശ്വസിക്കില്ലെന്നും കരുതിക്കൊണ്ടാണ് ഞാൻ വളർന്നത്. എന്നാൽ, സൈനിക തടവറയ്ക്കു പുറത്തുള്ള ലോകം വൈവിധ്യപൂർണവും വ്യത്യസ്തവുമാണെന്ന് ക്രമേണ ഞാൻ മനസ്സിലാക്കി.

Tasting The Sky എന്ന പുസ്തകത്തിന് ലഭിച്ച നിരൂപണങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. പുതുവഴി തുറക്കുന്നത്, ആകർഷകമായത്, ശക്തമായത്, അപൂർവമായത് എന്നിങ്ങനെയായിരുന്നു പുസ്തക നിരൂപണങ്ങൾ വിശേഷിപ്പിച്ചത്. മധ്യപൗരസ്ത്യദേശത്തെക്കുറിച്ച് എഴുതുമ്പോൾ ഒരു കഥാകൃത്ത് നേരിടുന്ന പല ചതിക്കുഴികളും ഒഴിവാക്കാൻ കുട്ടിയുടെ കാഴ്ചപ്പാടിലൂടെ കഥ പറയുന്നതിൽ ഈ പുസ്തകം അസാധാരണമായ മികവ് പുലർത്തിയെന്ന് Bookpage വിലയിരുത്തി. നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും പുസ്തകത്തെ തേടിയെത്തി. അമേരിക്കൻ ലൈബ്രറി അസോസിയേഷൻ തിരഞ്ഞെടുത്ത ശ്രദ്ധേയമായ ഇരുപത്തഞ്ചു പുസ്തകങ്ങളുടെ പട്ടികയിലും പുസ്തകം ഇടംനേടി. ഹാരി പോട്ടർ ഉൾപ്പെട്ട അതേ പട്ടികയിൽ. മഡലീൻ ഫെന്നെന്ന ജൂത വായനക്കാരി തന്റെ കൈയിൽ എന്റെ പുസ്തകത്തിലെ ഒരു വാക്യം പച്ചകുത്തിയശേഷം അതിന്റെ ചിത്രം എനിക്കയച്ചുതന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും വായനക്കാരുടെ കത്തുകൾ വന്നുകൊണ്ടിരുന്നു. ഇനി എനിക്ക് മരിക്കാം - എന്റെ അന്തരംഗം മന്ത്രിച്ചു. മറ്റൊരു ശബ്ദം മറുപടി നൽകി - ഇനി എനിക്ക് ജീവിക്കാം.

അമേരിക്കയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴും അഭയാർഥി ക്യാമ്പിലെ ആ കുട്ടികൾ എന്റെ ഹൃദയത്തിൽ എന്നോടൊപ്പമുണ്ടായിരുന്നു. അവർക്കു നൽകിയ വാഗ്ദാനം നിറവേറ്റാൻ ഞാൻ തുടക്കമിട്ടു. കുട്ടികളുടെ കഥകൾ കൊണ്ട് പ്രതീക്ഷയുടെ കവാടങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അഭയാർഥി ക്യാമ്പിലെ ആ കുട്ടികൾ എന്റെ ഹൃദയത്തിൽ എന്നോടൊപ്പം വീട്ടിലെത്തി. പക്ഷികൾ സ്വാതന്ത്ര്യത്തിന്റെയും സാധ്യതകളുടെയും സന്ദേശവാഹകരായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പലസ്തീൻ നാടോടിക്കഥകളെല്ലാം തുടങ്ങുന്നത് ഒരു സവിശേഷ വാക്യത്തോടെയാണ്: ''പറയൂ, പക്ഷിയേ!'' ഖൂൽ യാ തൈർ! ഒരു എഴുത്തുകാരിയെന്ന നിലയിൽ കുട്ടികൾക്കുവേണ്ടി പലസ്തീന്റെ കഥകൾ പറയുന്ന ആ പക്ഷിയായി ഞാൻ മാറുന്നു.

ആദ്യം ഞാൻ എഴുതിയത് ‘Ta Marbuta Escapes’ എന്ന പുസ്തകമാണ്. അറബി ഭാഷയിൽ സ്ത്രീലിംഗത്തെ സൂചിപ്പിക്കുന്ന അക്ഷരമായ 'താ മർബൂത'യെക്കുറിച്ചുള്ള കഥയാണത്. വാക്കുകളുടെ അവസാനത്തിൽ പലപ്പോഴും കെട്ടിയിടപ്പെടുന്ന ഈ അക്ഷരം, അത്തരം അന്യായമായ തടവറയോട് 'ഇല്ല' എന്നു പറയാൻ തീരുമാനിക്കുന്നു. അവൾ രക്ഷപ്പെടുന്നതോടെ പുതിയ വാക്കുകൾ രൂപപ്പെടുത്താൻ ഭാഷയ്ക്കുതന്നെ കഴിയാതാകുന്നു. തുടർന്ന് ഒരു സാംസ്‌കാരികമായ പുനർവിചിന്തനം സംഭവിക്കുന്നു. താൻ തിരിച്ചുവരണമെങ്കിൽ കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കണമെന്ന വ്യവസ്ഥ ആ അക്ഷരം മുന്നോട്ടുവയ്ക്കുന്നു. അറബ് ലോകത്തെ വിദ്യാലയങ്ങൾ സന്ദർശിച്ചപ്പോൾ, ബന്ധിക്കപ്പെട്ട താ എന്ന അക്ഷരത്തോട് തങ്ങൾക്ക് അനുകമ്പ തോന്നിയെന്ന് കുട്ടികൾ പറഞ്ഞു. ഭീഷണിപ്പെടുത്തലിനോടും അക്രമത്തോടും ഭയത്തോടും അസമത്വത്തോടും തങ്ങൾക്കും 'ഇല്ല' എന്നു പറയണമെന്ന് അവർ ആഗ്രഹിച്ചു. ലളിതമായ വാക്കുകളിലൂടെ അവർ മനുഷ്യരാശിയുടെ അടിസ്ഥാന സംഘർഷങ്ങളാണ് അടയാളപ്പെടുത്തിയത്.

അമേരിക്കയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴും അഭയാർഥി ക്യാമ്പിലെ ആ കുട്ടികൾ എന്റെ ഹൃദയത്തിൽ എന്നോടൊപ്പമുണ്ടായിരുന്നു. അവർക്കു നൽകിയ വാഗ്ദാനം നിറവേറ്റാൻ ഞാൻ തുടക്കമിട്ടു.
അമേരിക്കയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴും അഭയാർഥി ക്യാമ്പിലെ ആ കുട്ടികൾ എന്റെ ഹൃദയത്തിൽ എന്നോടൊപ്പമുണ്ടായിരുന്നു. അവർക്കു നൽകിയ വാഗ്ദാനം നിറവേറ്റാൻ ഞാൻ തുടക്കമിട്ടു.

Ta Marboutah Escapes എന്ന പുസ്തകത്തിന് അന്ന ലിൻഡ് യൂറോ-മെഡിറ്ററേനിയൻ മികച്ച പുസ്തകത്തിനുള്ള പുരസ്‌കാരം ലഭിച്ചു. അതിനുശേഷം Hadeyyah LelHamzah എന്ന പുസ്തകം വന്നു. അറബി അക്ഷരമാലയിലെ 'ഥാൽ' എന്ന അക്ഷരത്തെ ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. കുനിഞ്ഞുനിൽക്കുന്ന മനുഷ്യന്റെ രൂപമാണ് ആ അക്ഷരത്തിനുള്ളത്. എന്നാൽ, തല ഉയർത്താൻ അത് ധൈര്യപ്പെടുന്നു. അങ്ങനെ നൂറ്റാണ്ടുകൾ നീണ്ട തന്റെ ജീവിതത്തിൽ ആദ്യമായി ചക്രവാളത്തിൽ ഒരു നക്ഷത്രത്തെ കാണുന്നു. സ്വന്തം ശരീരത്തിന്റെയും നിൽപ്പിന്റെയും കാഴ്ചപ്പാടിന്റെയും ഉടമ താൻ തന്നെയാണെന്നും അത് തിരിച്ചറിയുന്നു. തന്റെ നിൽപ്പിൽ മാറ്റം വരുത്തിയതോടെ പുതിയ തീരുമാനങ്ങൾ എടുക്കാനും ആ അക്ഷരത്തിനു കഴിയുന്നു. ‘The Jar That Became a Galaxy’ എന്ന പുസ്തകത്തിലൂടെ പലസ്തീനിലെ എല്ലാ കുട്ടികളെയും ഞാൻ ഭാവനയിലൂടെ മെഡിറ്ററേനിയൻ കടൽത്തീരത്തേക്ക് കൊണ്ടുപോയി. മൺപാത്രകലാകാരിയായ വെറ താമരിയുടെ സൃഷ്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ കഥയിൽ അറബ് ലോകത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിരുന്ന പുരാതന രീതിയിൽ കളിമൺ ഭരണികൾ നിർമിക്കാൻ കുട്ടികൾ പഠിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്വന്തം കൈകളിലൂടെ അവർ ഒരു സത്യം തൊട്ടറിയുന്നു: ഇന്ന് സ്വതന്ത്രരല്ലെങ്കിലും മഹത്തായ ഒരു നാഗരികതയുടെ പാരമ്പര്യമാണ് തങ്ങളുടേത്. ഒരു കളിമൺ ഭരണിക്കുള്ളിൽ അവർ സൂക്ഷിക്കുന്നതെന്തും തങ്ങളുടെ ഐതിഹാസികമായ ചരിത്രത്തെ ഓർമിപ്പിക്കുന്നതിനും ഭാവിയിലെ പ്രകാശമാനമായ നക്ഷത്ര ഗാലക്‌സികളിലേക്ക് വഴിതുറക്കുന്നതിനുമുള്ള അടയാളമായി മാറും. ഈ പുസ്തകത്തിന്റെ പേരാണ് 2019-ലെ പലസ്തീൻ ദേശീയ വായനാ കാമ്പയിന് നൽകിയത്. ആയിരക്കണക്കിന് കുട്ടികൾ മൺഭരണികൾ നിർമിക്കുകയും അവയ്ക്കുള്ളിൽ തങ്ങളുടെ സ്വപ്നങ്ങൾ ഒളിപ്പിച്ചുവയ്ക്കുകയും ചെയ്തു.

‘The Lilac Girl’ പ്രസിദ്ധീകരിക്കപ്പെട്ടതോടെ അറബി ബാലസാഹിത്യത്തിലെ ഒരു പ്രധാന വിടവ് നികത്തപ്പെട്ടു. നക്ബയെയും വീടും നാടും നഷ്ടപ്പെടുന്നതിന്റെയും വേദനയെയുമാണ് ഈ കഥ അഭിസംബോധന ചെയ്യുന്നത്. പലസ്തീൻ ചിത്രകാരിയായ തമാം അൽ-അഖലിന്റെ ജീവിതകഥയിൽനിന്നാണ് പുസ്തകത്തിന് പ്രചോദനം ലഭിച്ചത്. ഇപ്പോൾ തൊണ്ണൂറിലധികം വയസ്സുള്ള അവർക്ക്, നക്ബക്കാലത്ത് ഒമ്പതാം വയസ്സിൽ പലായനം ചെയ്തതുമുതൽ തന്റെ ബാല്യകാലവീട് കാണാൻ കഴിഞ്ഞിരുന്നില്ല. ഒന്നിലധികം തവണ വീട്ടിലേക്കു മടങ്ങിച്ചെന്നെങ്കിലും അവിടം വിട്ടുപോകണമെന്നും ഇനിയൊരിക്കലും തിരിച്ചുവരരുതെന്നും അവരോട് ആവശ്യപ്പെടുകയായിരുന്നു.

The Lilac Girl എന്ന പുസ്തകത്തിൽ, സ്വന്തം വീട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ട് അതിന്റെ വാതിൽക്കൽ നിൽക്കുമ്പോൾ തമാമിന്റെ കലാകാരമനസ്സിലെ വേദന വർണങ്ങൾ നിറഞ്ഞ കണ്ണീരായി ഒഴുകുന്നു. ആ കണ്ണീരിൽ അവൾ തന്റെ ബ്രഷ് മുക്കി വീടും നഗരവും ചിത്രീകരിക്കുന്നു; അവയെ തന്നോടൊപ്പം കൊണ്ടുപോകാനായി. അവളുടെ സ്‌നേഹം ഏറ്റുവാങ്ങിയതോടെ എല്ലാത്തിനും ജീവൻ സ്പന്ദിക്കാൻ തുടങ്ങുന്നു. അവൾക്കും അവയ്ക്കും പരസ്പരം സ്‌നേഹിക്കാനാകുന്നു. അവൾ യാത്രപറയുമ്പോൾ, അസ്തമയത്തിലെ വർണപ്രളയംപോലെ നഗരത്തിന്റെ നിറങ്ങൾ അവളെ പിന്തുടരുന്നു. അവയെ സ്‌നേഹിക്കുന്ന കലാകാരിയോടൊപ്പം ആ നിറങ്ങളും യാത്രയാവുകയാണ്. The Lilac Girl ഒൻപത് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ഷെയ്ഖ് സായിദ് പുസ്തക പുരസ്‌കാരം നേടുകയും ചെയ്തു. ഗാസയിൽ രണ്ടുവർഷമായി തുടരുന്ന വംശഹത്യയും അതിന് അമേരിക്കൻ ഭരണകൂടം നൽകുന്ന സജീവ പിന്തുണയും അതിനെതിരെ പ്രതിഷേധിച്ച അമേരിക്കൻ വിദ്യാർഥികൾക്കുനേരെ പ്രയോഗിച്ച കടുത്ത സമ്മർദങ്ങളും ചേർന്നപ്പോൾ പുരസ്‌ക്കാര ലബ്ധിയിൽ സന്തോഷിക്കാൻപോലും ഞാൻ മറന്നുപോയി.

എന്നാൽ, പ്രതീക്ഷ പകർന്നത് കുട്ടികൾക്കായി ഒരു പുതിയ പുസ്തകം എഴുതുന്നതായിരുന്നു. ജറുസലേം നഗരത്തിന്റെ കവാടങ്ങൾ എല്ലാ കുട്ടികളുടെയും ഭാവനയിൽ എന്നെന്നേക്കുമായി മലർക്കെ തുറന്നിടുന്ന ഒരു പുസ്തകം. ‘The Hidden Gate of Jerusalem’ എന്ന പുസ്തകത്തിൽ മൂന്ന് പലസ്തീൻ കുട്ടികളാണുള്ളത്. ഒരു ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രത്തിനു മുന്നിൽ അവർ നിൽക്കുന്നു. മുതുകിൽ ജറുസലേം നഗരത്തെ ചുമന്നുകൊണ്ടുപോകുന്ന ഒരു വൃദ്ധനായ പലസ്തീനിയുടെ ചിത്രമാണത്. ഒരു കയർകൊണ്ട് അയാൾ നഗരത്തെ തന്റെ മുതുകിൽ ബന്ധിച്ചിരിക്കുന്നു. ചിത്രകാരനായ സുലൈമാൻ മൻസൂറിന്റെ ആ ചിത്രത്തിന് 'ഭാരങ്ങളുടെ ഒട്ടകം' എന്നാണർഥം.

തങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്ന ഈ പുണ്യനഗരം കാണാൻ അതിയായ ആഗ്രഹമുണ്ടെന്ന് കുട്ടികൾ പരസ്പരം പറയുന്നു. ചിത്രത്തിലെ വൃദ്ധൻ അവരുടെ വാക്കുകൾ കേൾക്കുന്നു. അയാൾ കുനിഞ്ഞ് നഗരത്തെ താഴെ വെക്കുകയും അതിനെ ബന്ധിച്ചിരുന്ന കയർ കുട്ടികൾക്കു നൽകുകയും ചെയ്യുന്നു. കുട്ടികൾ ചിത്രത്തിനുള്ളിലേക്ക് ചാടിക്കടന്ന് നഗരത്തിലൂടെ നടക്കുകയും അതിന്റെ സൗന്ദര്യം കാണുകയും അതിനെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. ദിവസാവസാനം അവർ ഗാലറിയിലെ ചിത്രത്തിന്റെ ചട്ടക്കൂടിലൂടെ തങ്ങളുടെ ഗ്രാമത്തിലേക്കു മടങ്ങുന്നു. ആ ചിത്രച്ചട്ടക്കൂടിനെയാണ് അവർ 'ജറുസലേമിലേക്കുള്ള രഹസ്യകവാടം' എന്നു വിളിക്കുന്നത്. നഗരത്തിൽ തങ്ങൾ സ്‌നേഹിച്ചവയെല്ലാം കൂടെക്കൊണ്ടുപോകാൻ അവർ തീരുമാനിക്കുന്നു. ചിത്രത്തിലെ വൃദ്ധനെപ്പോലെ അവരും ആ നഗരത്തിന്റെ ഭാരം ഏറ്റെടുക്കുന്നു. വീണ്ടും നഗരത്തെ മുതുകിലേറ്റുമ്പോൾ തന്റെ ഭാരം കുറഞ്ഞിരിക്കുന്നുവെന്നും ഏകാന്തത കുറഞ്ഞിരിക്കുന്നുവെന്നും വൃദ്ധൻ തിരിച്ചറിയുന്നു.

The Hidden Gate of Jerusalem എന്ന പുസ്തകത്തിന് അന്താരാഷ്ട്ര വൈറ്റ് റേവൻ പുരസ്‌കാരം ലഭിച്ചുവെന്ന ഫോൺവിളി എനിക്കു വന്നു. അടുത്ത ആഴ്ചതന്നെ അറബി ബാലസാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരവും പുസ്തകത്തെ തേടിയെത്തി. ലോക പ്രസാധനരംഗത്തെ പ്രമുഖ വേദികളിലൊന്നായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലായിരുന്നു പുരസ്‌കാരദാനച്ചടങ്ങ്. ഷാർജയിൽ പുരസ്‌കാരച്ചടങ്ങിന് മുമ്പുള്ള രാത്രി, ഹോട്ടൽ മുറിയിൽ ഇരുന്ന് പലസ്തീൻ സഗ്രൂദ പാടാൻ ഞാൻ പരിശീലിച്ചു. അതിരുകളില്ലാത്ത ആഹ്ലാദം പ്രകടിപ്പിക്കുന്ന വാക്കുകളില്ലാതെ ഉയർന്നുപൊങ്ങുന്ന സ്ത്രീശബ്ദത്തിന്റെ വിസ്മയകരമായ ആനന്ദനാദമാണത്. സൂര്യോദയത്തെ ശബ്ദമാക്കി മാറ്റാൻ കഴിയുമെങ്കിൽ, അത് പലസ്തീൻ സഗ്രൂദയായിരിക്കും. സഗ്രൂദ സ്ത്രീകളുടെ മാത്രം കലാരൂപമാണ്. പലസ്തീനിലെ ഒരു ആഘോഷവും അതില്ലാതെ പൂർണമാകില്ല. വിവാഹങ്ങൾ, ബിരുദദാനച്ചടങ്ങുകൾ, ജനനങ്ങൾ, പ്രിയപ്പെട്ടവരുടെ തിരിച്ചുവരവ്, രോഗമുക്തി ആഘോഷങ്ങൾ, തടവുകാരുടെ മോചനം ഇവയെല്ലാം സഗ്രൂദയുടെ ആനന്ദനാദം കൊണ്ടാണ് ആഘോഷിക്കപ്പെടുന്നത്.

ഗാസയിലെ വംശഹത്യക്കാലത്ത്, മോചിപ്പിക്കപ്പെട്ട പലസ്തീൻ തടവുകാർ മടങ്ങിയെത്തുമ്പോൾ സഗ്രൂദ മുഴക്കുന്നതും മറ്റേതെങ്കിലും രീതിയിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നതും ഇസ്രായേൽ സൈനിക അധികാരികൾ നിരോധിച്ചു. മോചിതരെ സ്വീകരിക്കാൻ ഒരുക്കിയിരുന്ന കസേരകൾ സൈനികർ തകർത്തു. അലങ്കാരങ്ങൾ നശിപ്പിക്കുകയും വർണാഭമായ വിളക്കുകൾ അണക്കുകയും ചെയ്തു. സന്തോഷം പ്രകടിപ്പിക്കുന്നവർക്കെതിരെ അതികഠിനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി.

‘The Lilac Girl’ പ്രസിദ്ധീകരിക്കപ്പെട്ടതോടെ അറബി ബാലസാഹിത്യത്തിലെ ഒരു പ്രധാന വിടവ് നികത്തപ്പെട്ടു.
‘The Lilac Girl’ പ്രസിദ്ധീകരിക്കപ്പെട്ടതോടെ അറബി ബാലസാഹിത്യത്തിലെ ഒരു പ്രധാന വിടവ് നികത്തപ്പെട്ടു.

കലാകാരി ഷാർലറ്റ് ചാമക്കും പ്രസാധകയായ സൽവ ഷഖ്ഷീറിനുമൊപ്പം ഞാൻ വേദിയിലേക്കു നടന്നു. IBBYUAE-യുടെ നേതാക്കളായ രാജകുമാരി ബദൂർ അൽഖാസിമിയും മർവ അൽഅക്രൂബിയും ചേർന്നാണ് ഞങ്ങൾക്ക് പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാര ജേതാക്കളെയെല്ലാം നേരിൽ കാണാനായിരുന്നു അവർ അവിടെ എത്തിയത്. പലസ്തീൻ ജനതയുടെ ആത്മവീര്യത്തിനുവേണ്ടിയും സ്വന്തം സന്തോഷം പോലും പ്രകടിപ്പിക്കാൻ അവകാശം നിഷേധിക്കപ്പെട്ട എല്ലാവർക്കു വേണ്ടിയും ഞാൻ എന്റെ സഗ്രൂദ ആലപിച്ചു. ഷാർജയിൽ ഞാൻ പ്രാഥമിക വിദ്യാലയത്തിലെ കുട്ടികളുമായി സംസാരിച്ചു. പല ലോകങ്ങൾക്കും ഭാഷകൾക്കുമിടയിൽ ജീവിക്കുമ്പോൾ അനുഭവിക്കുന്ന സങ്കടങ്ങളെക്കുറിച്ചും സ്വന്തം വീടെന്ന ബോധം നഷ്ടപ്പെടുന്നതിനെക്കുറിച്ചും ചിലർ സംസാരിച്ചു.

ഇന്ത്യൻ വംശജയായ ഒരു പെൺകുട്ടി പറഞ്ഞു: തനിക്ക് സ്വന്തം പൂർവികരുടെ നാടായ ഇന്ത്യയെ ഇഷ്ടമല്ലെന്ന്. പക്ഷേ, ഇന്ത്യക്ക് നിന്നെ എന്നും ഇഷ്ടമാണ് - ഞാൻ അവളോട് പറഞ്ഞു. അത് നിങ്ങൾക്കെങ്ങനെ അറിയാം? - അവൾ തിരിച്ചു ചോദിച്ചു. ഇന്ത്യ എന്നോടു പറഞ്ഞു - ഞാനവളോട് പറഞ്ഞു. കുടിയേറ്റക്കാരിയായ ഒരു കുട്ടിയുടെ സംഘർഷങ്ങളെക്കുറിച്ച് ഞാൻ എഴുതിയ ‘Two Homes in Omar's Heart’ എന്ന പുസ്തകത്തെക്കുറിച്ച് അവളോട് പറഞ്ഞു. പിന്നീട് ഔദ്യോഗിക മാധ്യമങ്ങൾ പലസ്തീനെക്കുറിച്ചുള്ള വാർത്തകൾ ന്യായമായും പൂർണമായും റിപ്പോർട്ട് ചെയ്യാത്തതിനാൽ പുതിയ വിവരങ്ങൾക്കായി ഞാൻ സമൂഹമാധ്യമങ്ങളിലൂടെ തിരഞ്ഞു നോക്കുകയായിരുന്നു. അപ്പോഴാണ് ഗാസയിലെ ഒരു അധ്യാപകന്റെ വീഡിയോ കണ്ടത്.

കൂടാരങ്ങൾ കൊണ്ട് താൽക്കാലികമായി നിർമിച്ച ഒരു വിദ്യാലയത്തിലായിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നത്. അതിന്റെ പേര് ഡെൽഫിൻ സ്‌കൂൾ എന്നായിരുന്നു. ചുറ്റും പഠനോപകരണങ്ങൾ പോലുമില്ലാതെ കുട്ടികൾ മണലിൽ ഇരിക്കുന്നു. അധ്യാപകൻ ഒരു പുസ്തകം ഉറക്കെ വായിക്കുകയും അതിലെ കഥയെക്കുറിച്ച് കുട്ടികളുമായി ചർച്ച ചെയ്യുകയും ചെയ്യുന്നു. അത് എന്റെ പുസ്തകങ്ങളിലൊന്നായിരുന്നു. വീട് നഷ്ടപ്പെടുന്നതിന്റെ വേദന പറയുന്ന The Lilac Girl. ഞാൻ ഉടൻതന്നെ ആ അധ്യാപകന് സന്ദേശമയച്ചു. ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളെയും ആ പുസ്തകം വായിച്ചുകേൾപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം മറുപടി നൽകി. ആ കഥ കുട്ടികൾക്ക് ആശ്വാസം പകരുകയും മുന്നോട്ടു പോകാനുള്ള പ്രചോദനം നൽകുകയും ചെയ്തുവത്രേ. ഗാസയിലെ കുട്ടികൾക്കായി പുതിയൊരു കഥ എഴുതാമെന്ന് ഞാൻ വാഗ്ദാനം ചെയ്തു. അതിജീവിക്കാനും പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനുമുള്ള അവരുടെ കഴിവ് ഏതാണ്ട് ഒരു അത്ഭുതശക്തിതന്നെയാണ്. ഞാനെഴുതാൻ ശ്രമിക്കുന്ന ആ കഥയിൽ ലോകത്തിനു മുഴുവൻ പ്രതീക്ഷിക്കാൻ ആയിരം കാരണങ്ങൾ മുന്നോട്ടു വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.


Summary: Palestinian-American writer Ibtisam Barakat on her writing experiences and children's literature, Translation by V Musafar Ahammed.


ഇബ്തിസാം ബർക്കാത്ത്

പലസ്തീനിയൻ അമേരിക്കൻ എഴുത്തുകാരി. Tasting the Sky: A Palestinian Childhood, Al Ta' Al Marbouta Tateer, Hadeyyah Lel-Hamzah, The Jar that Became a Galaxy, The Lilac Girl തുടങ്ങിയവ പ്രധാന കൃതികൾ.

വി. മുസഫർ അഹമ്മദ്​

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും. മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ, കുടിയേറ്റക്കാരന്റെ വീട്, മരിച്ചവരുടെ നോട്ട് പുസ്തകം, ബങ്കറിനരികിലെ ബുദ്ധൻ, camels in the sky: Travels in Arabia എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments