‘സഹിക്കാനാകുന്നില്ല,
എന്റെ കുഞ്ഞുങ്ങളുടെ പട്ടിണിമരണം’, ​
യോഗത്തിനിടെ പൊട്ടിക്കരഞ്ഞ്
യു.എൻ പലസ്തീൻ അംബാസഡർ

ഇസ്രായേൽ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ, ഗാസയിലെ കൊടും ക്രൂരത ലോകസമക്ഷം അവതരിപ്പിച്ചത്.

‘‘ഡസൻ കണക്കിന് കുഞ്ഞുങ്ങളാണ് ഗാസയിൽ പട്ടിണി കിടന്ന് മരിക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരങ്ങൾ കെട്ടിപ്പിടിച്ചും അവരുടെ മുടിയിഴകൾ കോതിയൊതുക്കിയും അവരോട് സംസാരിച്ചും ക്ഷമാപണം നടത്തിയും പൊട്ടിക്കരയുന്ന അമ്മമാരുടെ ചിത്രങ്ങൾ കാണുമ്പോൾ ആർക്കാണ് സഹിക്കാനാകുക?’’- യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ യു.എന്നിലെ പലസ്തീൻ അംബാസഡർ റിയാദ് മൻസൂറിന്റെ ഹൃദയഭേദകമായ ഈ വാക്കുകൾ മുഴുമിക്കുംമുമ്പ് പ്രതിനിധികൾ കേട്ടത്, ഒരു പൊട്ടിക്കരച്ചിലാണ്. അദ്ദേഹം പ്രസംഗം നിർത്തി, മേശമേൽ മുഖമർത്തി കുഞ്ഞുങ്ങളെപ്പോലെ വിതുമ്പിക്കരയുകയായിരുന്നു.

‘‘ക്ഷമിക്കണം, മിസ്റ്റർ പ്രസിഡന്റ്. എനിക്കും പേരക്കുട്ടികളുണ്ട്. അവരുടെ കുടുംബങ്ങളെ സംബന്ധിച്ച് അവർ എന്തുമാത്രം വിലപ്പെട്ടവരാണ് എന്നെനിക്കറിയാം. നമ്മളാകട്ടെ, പലസ്തീനിലെ ഈ സാഹചര്യത്തിന് സാക്ഷികളായി, എന്തെങ്കിലും ചെയ്യാനാകാതെ നിശ്ചലായിരിക്കുന്നു. ഏതൊരു സാധാരണ മനുഷ്യജീവിയെ സംബന്ധിച്ചും ഏറെ അഹസ്യമാണിത്''- തന്റെ മനുഷ്യർ നേരിടുന്ന നിസ്സഹായതയെക്കുറിച്ച്, അവരോളം നിസ്സഹായനായി റിയാദ് മൻസൂർ പറഞ്ഞു.

ഇസ്രായേൽ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് റിയാദ് മൻസൂർ, ഗാസയിലെ കൊടും ക്രൂരത അവതരിപ്പിച്ചത്. തന്റെ പത്തു മക്കളിൽ ഒമ്പതുപേരെയും നഷ്ടപ്പെട്ട പലസ്തീനിയൻ ഡോക്ടർ ആല അൽ നജ്ജാറിനെക്കുറിച്ച് പറയവേ മൻസൂറിന് കരച്ചിലടക്കാനായില്ല. നജ്ജാർ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ വച്ചായിരുന്നു ഒമ്പത് മക്കളുടെയും മരണം.

മാർച്ചിലെ വെടിനിർത്തൽ ഇസ്രായേൽ ലംഘിച്ചശേഷം 1300- ഓളം പലസ്തീൻ കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. 4000 പേർക്ക് പരിക്കേറ്റു. 'ഇവരെല്ലാവരും കുഞ്ഞുങ്ങളാണ്, വെറും കുഞ്ഞുങ്ങളാണ്...'', അദ്ദേഹം വിതുമ്പി. ''തീനാളങ്ങളും പട്ടിണിയും ഗാസയിലെ കുഞ്ഞുങ്ങളെ തിന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ ഞങ്ങളുടെ കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നു. ഞങ്ങളുടെ ജനങ്ങളെ സ്‌നേഹിക്കുന്നു. അവർ ഈയൊരു ക്രൂരമായ ദുരന്തത്തിനിരയാകുന്നത് സഹിക്കാനാകുന്നില്ല. പലസ്തീനികൾ എവിടെയുമുണ്ട്, ഞങ്ങൾ, 1.4 കോടി മനുഷ്യർ, അനിധിവേശ ഭൂമികളിലാണ്, അഭയാർത്ഥി ക്യാമ്പുകളിലാണ്. ഞങ്ങൾ പലസ്തീനിൽ വേരു പിടിച്ചവരാണ്. ഞങ്ങൾക്കിവിടം വിടാനാകില്ല. ഞങ്ങൾക്ക് മാതൃഭൂമിയിൽ തന്നെ കഴിയണം. ഈ വംശഹത്യ, പലസ്തീൻ ജനതയോടുള്ള കൊടും ക്രൂരത അടിയന്തരമായി തടയാൻ എന്തെങ്കിലും ചെയ്യൂ’’, പ്രസംഗത്തിനൊടുവിൽ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം അഭ്യർത്ഥിച്ചു.

Comments