ക്ഷുഭിതയൗവനം തെരുവിൽ പകർന്നാടുമ്പോൾ

“എല്ലാം പണത്തിന്റെയും വിപണിയുടെയും യുക്തിക്ക് കീഴ്പ്പെടുമ്പോൾ സാധാരണ മനുഷ്യർ, വിശേഷിച്ച് യുവത, അതിനെതിരെ പ്രതികരിക്കാൻ സ്വാഭാവികമായും, നിർബന്ധിതരാവും. ക്ഷുഭിതയൗവ്വനമായി അവർ തെരുവുകളിൽ പകർന്നാടും. ജനങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ട്. മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ഒരു ദിവസം, ഒരു നിമിഷം, അവർ സ്വന്തമായ ചില തീരുമാനങ്ങളിൽ എത്തിയെന്നിരിക്കും.” ലോകമാകെ യുവത്വം തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുമ്പോൾ ജെ. പ്രഭാഷ് എഴുതുന്നു.

ലോകത്തെ പല രാജ്യങ്ങളിലും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിലുള്ള ജനകീയ പ്രക്ഷോഭങ്ങൾ നടക്കുകയാണല്ലോ. സെപ്തംബർ അവസാനത്തോടെ ഫ്രാൻസിൽ തുടങ്ങി, ഇറ്റലി, പോർച്ചുഗൽ, ബെൽജിയം, സ്പെയ്ൻ, അൽബേനിയ, ചിലി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അത് പടർന്നു പിടിച്ചിരിക്കുന്നു. ഇന്ത്യയിലെ യുവതയും സമരപാതയിലാണ്. അറബ് വസന്തത്തിന്റെയും (2010) ഒക്യുപൈ വാൾസ്ട്രീറ്റ് പ്രസ്ഥാനത്തിന്റെയും (2011) പിൻതുടർച്ചയായി വേണം ഈ സമരങ്ങളെ വീക്ഷിക്കാൻ. ഫ്രാൻസിൽ ശനിയാഴ്ച മാത്രം എട്ടുലക്ഷം പേരാണത്രേ തെരുവിൽ ഇറങ്ങിയത്. പലയിടങ്ങളിലും പ്രക്ഷോഭകാരികൾ അക്രമാസക്തരായി. കടകമ്പോളങ്ങൾ കൊള്ളയടിച്ചു, സർക്കാർ ഓഫീസുകൾ അഗ്നിക്കിരയാക്കി, വാഹനഗതാഗതം സ്തംഭിപ്പിച്ചു. ഉയർന്ന ജീവിതച്ചെലവും ഇന്ധനവിലയും വീട്ടുവാടകയും പൊതുവിദ്യാഭ്യാസത്തിന്റെ തകർച്ചയും വേതനകുറവും ക്ഷേമപ്രവർത്തനങ്ങളിൽ നിന്നുള്ള സർക്കാരിന്റെ പിൻവാങ്ങലുമാണ് ഇതിന്റെ സത്വര കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നമ്മുടെ നാട്ടിൽ ഇത് നീറ്റ് പരീക്ഷയിലെ ക്രമക്കേടായി തുടങ്ങി ഇപ്പോൾ വോട്ടർപട്ടികയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ കൈക്രിയയിൽ എത്തിനിൽക്കുന്നു. ഈ സമരങ്ങൾ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. എന്നാൽ അവ ഉയർത്തുന്ന രാഷ്‌ട്രീയം ഒന്നുതന്നെയാണ്, അത് ചർച്ചചെയ്യപ്പെടേണ്ടതുമാണ്, നവലിബറൽ സാമ്പത്തികനയങ്ങളും വലതുപക്ഷരാഷ്ട്രീയവും ജനാധിപത്യത്തിനു നേരെ ഉയർത്തുന്ന വെല്ലുവിളികൾ.

മുൻപെങ്ങും കേട്ടുകേൾവിയില്ലാത്തവിധം രാഷ്ട്രീയവും സമ്പദ്ഘടനയും മൂലധനശക്തികളുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. അവർക്ക് യഥേഷ്ടം തൊഴിലാളികളെ പിരിച്ചുവിടാം, അവരുടെ വേതനം കൃത്രിമമായി കുറയ്ക്കാം.

ജനങ്ങളെ മറന്നുള്ള വികസനം

വികസനമിപ്പോൾ രാജ്യ‘സുരക്ഷയേയും’ മൂലധനവളർച്ചയേയും ചുറ്റിപ്പറ്റിയാണ് മുന്നേറുന്നത്. മുന്തിയ ബോംബുകൾ, പ്രഹരശേഷി കൂടിയ ആയുധങ്ങൾ, ഒരു ചെറുപക്ഷത്തിന്റെ സന്തോഷവും സാമ്പത്തിക വളർച്ചയും, ഇതാണ് പുതിയ കാലത്തെ വികസനം. ‘സമ്പന്നനാകുന്നത് മഹത്തരം’, ‘ദൈവത്തെ പോലെ വിപണിയും എല്ലാ തെറ്റുകുറ്റങ്ങൾക്കും അതീതമാണ്’, ഇതാണ് അതിന്റെ മുദ്രാവാക്യങ്ങൾ. അതിന് സംസ്കാരവുമായോ ജനങ്ങളുമായോ ബന്ധം പോലുമില്ല.

‘ക്രോധത്തിന്റെ മുന്തിരിപ്പഴ’ങ്ങളിൽ ജോൺ സ്റ്റെയ്ൻബക്ക് ഇത്തരം വികസനത്തിന്റെ അപകടം, രണ്ടു കഥാപാത്രങ്ങൾ (പാട്ടക്കാരനും അയാളെ കുടിയിറക്കാൻ വന്ന മുതലാളിയുടെ അനുചരനും) തമ്മിലുള്ള സംഭാഷണത്തിലൂടെ, വളരെ ഭംഗിയായി അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക:

പാട്ടക്കാരൻ: “താങ്കൾ എന്തിനാണ് സ്വന്തം വർഗത്തിനെതിരെ ഇമ്മട്ടിൽ പ്രവർത്തിക്കുന്നത്?”

അനുചരൻ: മൂന്നു ഡോളറിനു വേണ്ടി. അത്താഴപ്പട്ടിണി കിടന്ന് ഞാൻ മടുത്തു. എനിക്കൊരു കുടുംബമുണ്ട്, അവരെ തീറ്റിപ്പോറ്റണം. അയാൾ പറയുന്നതനുസരിച്ചാൽ എനിക്ക് മൂന്നു ഡോളർ ലഭിക്കും, അത് എല്ലാദിവസവും ലഭിക്കും”.

പാട്ടക്കാരൻ: അതു ശരി തന്നെ. പക്ഷേ നിങ്ങൾക്ക് ലഭിക്കുന്ന ഈ മൂന്നു ഡോളർ പത്തിരുപത് കുടുംബങ്ങളെ പട്ടിണിയിലാഴ്ത്തുന്നു, നൂറോളം പേരെ വഴിയാധാരമാക്കുന്നു. അത് ശരിയാണോ?” 1939-ലാണ് സ്റ്റെയ്ൻബക്ക് ഇതെഴുതിയത് എന്ന കാര്യം ഓർക്കുക. ഇതിനെക്കാൾ എത്രയോ ഭയാനകമാണ് ഇപ്പോഴത്തെ അവസ്ഥ.

എല്ലാം പണത്തിന്റെയും വിപണിയുടെയും യുക്തിക്ക് കീഴ്പ്പെടുമ്പോൾ സാധാരണ മനുഷ്യർ, വിശേഷിച്ച് യുവത, അതിനെതിരെ പ്രതികരിക്കാൻ സ്വാഭാവികമായും, നിർബന്ധിതരാവും.
എല്ലാം പണത്തിന്റെയും വിപണിയുടെയും യുക്തിക്ക് കീഴ്പ്പെടുമ്പോൾ സാധാരണ മനുഷ്യർ, വിശേഷിച്ച് യുവത, അതിനെതിരെ പ്രതികരിക്കാൻ സ്വാഭാവികമായും, നിർബന്ധിതരാവും.

മുൻപെങ്ങും കേട്ടുകേൾവിയില്ലാത്തവിധം രാഷ്ട്രീയവും സമ്പദ്ഘടനയും മൂലധനശക്തികളുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. അവർക്ക് യഥേഷ്ടം തൊഴിലാളികളെ പിരിച്ചുവിടാം, അവരുടെ വേതനം കൃത്രിമമായി കുറയ്ക്കാം. അതേസമയം, ഉൽപ്പന്നങ്ങളുടെ വില കൃത്രിമമായി കൂട്ടുകയും ചെയ്യാം. ഫലത്തിൽ, ഇതിലൂടെ അവർ സമ്പത്തിനെ തൊഴിലാളികളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും സ്വന്തം കീശയിലേക്ക് ചാലുകീറി വിടുകയാണ് ചെയ്യുന്നത് (Ame Case and Angus Deaton, Deaths of Despair and the Future of Capitalism). അമേരിക്കൻ തൊഴിലാളികൾക്ക് ഇപ്പോൾ ലഭിക്കുന്ന വരുമാനം 1962-ൽ ഉണ്ടായിരുന്നതിനേക്കാൾ കുറവാണെന്ന് ജോസഫ് സ്റ്റിഗ്ലിസിന്റെ നിരീക്ഷണം ഇതിന് ധാരാളിത്തത്തോടെ സാക്ഷ്യം വഹിക്കുന്നു.

ഒക്യുപൈ വാൾസ്ട്രീറ്റ് പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം തന്നെ, “ഞങ്ങൾ 99%” എന്നായിരുന്നല്ലോ. ജനസംഖ്യയിലെ തൊണ്ണൂറ്റിയൊൻപതു ശതമാനവും ശേഷിക്കുന്ന ഒരു ശതമാനവും തമ്മിലുള്ള വരുമാനത്തിലെ അന്തരമായിരുന്നു അത് ഉയർത്തിക്കാട്ടിയത്. ഇന്ത്യയിലേക്ക് വന്നാൽ, 2023-ലെ ദ ഗാലപ്പ് വേൾഡ് പോൾ സർവേ റിപ്പോർട്ട് അനുസരിച്ച്, ഭക്ഷണത്തിന് നിവൃത്തിയില്ലാത്തവരുടെ സംഖ്യ 2018 - ‘21 കാലയളവിൽ വർധിച്ചത് എട്ടു ശതമാനം കണ്ടാണ്, കിടപ്പാടത്തിന്റെ കാര്യത്തിൽ ഇത് 10 ശതമാനവും! മറുവശത്ത്, 72.2 ദശലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ ഓരോ വർഷവും ഇന്ത്യയിലെ സമ്പന്നവർഗം പാഴാക്കുന്നു, അതായത്, പ്രതിവർഷം ആളോഹരി 55 കിലോ! വളർത്തുനായ്ക്കൾക്കായി നിർലോഭം പണം ചെലവാക്കുന്ന ഇവർ വീട്ടുജോലിക്കാരുടെ വേതനം പിടുങ്ങുന്നു, രാജ്യത്തിന്റെ ഭാവിയിൽ യാതൊരുവിധ താല്പര്യമോ ആശങ്കയോ പ്രകടിപ്പിക്കുന്നില്ല, സ്വന്തം കുട്ടികളെ നാട്ടിൽ പഠിപ്പിക്കുകയോ മത്സരപരീക്ഷകൾ എഴുതിപ്പിക്കുകയോ ചെയ്യുന്നില്ല. അവർ മറ്റൊരു ലോകത്ത് ജീവിക്കുന്നു.

ഇതിനേക്കാൾ സങ്കീർണ്ണമാണ് യൂറോപ്യൻ രാജ്യങ്ങളുടെ കാര്യം. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഫ്രാൻസ്. മറ്റേത് പടിഞ്ഞാറൻ രാജ്യങ്ങളെക്കാളും എണ്ണത്തിൽ തീരെ ചെറുതാണ് അവിടത്തെ ഭരണവർഗം, ഏറിവന്നാൽ ഒരു ഇടത്തരം യൂറോപ്യൻ നഗരത്തിന്റെ ജനസംഖ്യയുടെ വലിപ്പം. അതിൽ അംഗമാകണമെങ്കിൽ, രാജ്യത്തെ ഏറ്റവും മുന്തിയ സർവകലാശാലകളിൽ പഠിച്ചിരിക്കണം. ഒരുവേള, വെള്ളക്കാരനും പുരുഷനുമായിരിക്കണം. ഇവരുടെ ആസ്ഥാനം പാരീസാണ്, അവിടെ തമ്പടിച്ചിരുന്ന് ഇവർ ഫ്രാൻസിനെ മുഴുവൻ അടക്കിവാഴുന്നു. വിരോധാഭാസമാകാം, ഇവർക്ക് രാജ്യത്തെ മറ്റു പ്രദേശങ്ങളുമായുള്ളതിനെക്കാൾ ബന്ധം, ‘പെട്ടിക്കടക്കാരുടെ രാഷ്ട്രം’ എന്ന് നെപ്പോളിയൻ ആക്ഷേപിച്ച ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനുമായിട്ടാണ് ഉള്ളത്. നവലിബറൽ നയങ്ങളുടെ വരവും വലതുപക്ഷരാഷ്ട്രീയത്തിന്റെ ആവിർഭാവവും സ്വന്തം നാടുമായുള്ള അവരുടെ അകൽച്ച വീണ്ടും വർധിപ്പിച്ചു. അവർ അവിടെനിന്ന് ‘കുടിയിറങ്ങി’ കഴിഞ്ഞു. ഏറിയും കുറഞ്ഞും ഇതുതന്നെയാണ് മറ്റ് രാജ്യങ്ങളിലെ അവസ്ഥയും.

സമ്പന്നതയുടെ രാഷ്ട്രീയം

‘കറുത്തവർഗക്കാരുടെ പ്രശ്‌നം വെളുത്തവർഗക്കാരാണെന്ന്’പണ്ട് ഗുന്നാർ മിർദൽ (Gunnar Myrdal) പറഞ്ഞത് ഓർമ്മ വരുന്നു. ഇതുതന്നെയാണ് ഇവിടുത്തെ പ്രശ്നവും. ദരിദ്രരുടെ പ്രശ്‌നം സമ്പന്നരാണ്, ദാരിദ്ര്യം അവരുടെ സൃഷ്ടിയാണ്. ഭരണ-വരേണ്യവർഗങ്ങൾ അത് മറ്റുള്ളവരുടെ ചുമലിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കുന്നു എന്നു മാത്രം. ഇന്ത്യയിൽ ഇതിന്റെ ‘കാരണക്കാരായി’ ഇത്തരക്കാർ ചൂണ്ടിക്കാണിക്കുന്ന് ദലിത് ന്യൂനപക്ഷങ്ങളെയാണെങ്കിൽ, യൂറോപ്പിലും അമേരിക്കയിലും അത് മുഖ്യമായും കുടിയേറ്റക്കാരാണ്.

മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ഒരു ദിവസം, ഒരു നിമിഷം, അവർ സ്വന്തമായ ചില തീരുമാനങ്ങളിൽ എത്തിയെന്നിരിക്കും. വിപ്ലവങ്ങൾ ഉണ്ടാകുന്നത് അങ്ങനെയാണ്. അവ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം.
മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ഒരു ദിവസം, ഒരു നിമിഷം, അവർ സ്വന്തമായ ചില തീരുമാനങ്ങളിൽ എത്തിയെന്നിരിക്കും. വിപ്ലവങ്ങൾ ഉണ്ടാകുന്നത് അങ്ങനെയാണ്. അവ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം.

ഫ്രാൻസിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് ഇക്കാര്യം ഇതിനോടകം തന്നെ പറഞ്ഞുകഴിഞ്ഞു: “ഫ്രാൻസ് കത്തുകയാണ്. മനസ്സിൽ വെറുപ്പുകൊണ്ടു നടക്കുന്ന, മറ്റൊരു ലോകത്തുനിന്നുള്ളവരാണ് ആ മഹത്തായ രാജ്യത്തെ തകർത്തുകൊണ്ടിരിക്കുന്നത്. ഏറെ വൈകിപ്പോകുന്നതിനുമുന്നേ, നിങ്ങളുടെ അതിർത്തികൾ അടയ്ക്കൂ, നിയന്ത്രണം ഏറ്റെടുക്കു”. ട്രംപിന്റെ പൂർവികർ ജർമ്മൻ കുടിയേറ്റക്കാരായിരുന്നു എന്ന വസ്തുത അദ്ദേഹം തന്ത്രപൂർവം മറക്കുന്നു, ഒപ്പം കുടിയേറ്റക്കാർ അമേരിക്കൻ സമ്പദ്ഘടനയ്ക്ക് നൽകുന്ന സംഭാവനയും. മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, സബ്- സഹാറയിൽ നിന്നുള്ള കറുത്തവംശജരായ കുടിയേറ്റക്കാർ മാത്രം (1.4 ദശലക്ഷം) പ്രതിവർഷം ഫെഡറൽ നികുതിയായി നൽകുന്നത് 10.1 ബില്യൺ ഡോളറാണ്. ഇതു കൂടാതെയാണ് സംസ്ഥാനങ്ങൾക്കും പ്രാദേശിക സർക്കാരുകൾക്കും ലഭിക്കുന്ന 4.7 ബില്യൺ ഡോളർ. 40.3 ബില്യൺ ഡോളറാണ് അവരുടെ ക്രയവിക്രയശേഷി എന്നുകൂടി അറിയുക ( Rudolf Ogoo Okonkwo, ‘Modern African Literature is taking a journey through the diaspora back to the continent’ ). ഇത് അമേരിക്കയുടെ മാത്രമല്ല എല്ലാ പടിഞ്ഞാറൻ രാജ്യങ്ങളുടെയും കാര്യമാണ്. യഥാർത്ഥ പ്രശ്‌നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഒരു സാങ്കല്പികശത്രുവിനെ, ‘അപരത്വം’, സൃഷ്ടിക്കുന്ന വലതുപക്ഷരാഷ്ട്രീയത്തിന്റെ അജണ്ടയുടെ ഭാഗമായി ഇതിനെ കണ്ടാൽ മതി.

വർത്തമാനകാല ലോകത്ത് വികസനവും, അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയവും വെളിച്ചത്ത് നിൽക്കുന്നവരെ മാത്രമേ കാണുന്നുള്ളു, ഇരുളിൽ കഴിയുന്നവരെ കാണുന്നില്ല. അതുകൊണ്ടു തന്നെ, ദാരിദ്ര്യത്തിന്റെ തീരത്ത് കഴിയുന്നവരുടെ അവസ്ഥ സ്റ്റെയ്ൻബക്കിന്റെ പാട്ടകുടിയാന്മാരുടേതിന് സമാനമാണ്. കഷ്ടപ്പാടിന്റെ ഒരു വാതിൽ കൊട്ടിയടയ്ക്കുമ്പോൾ അത് മറ്റൊരു വാതിലിലുടെ അവരെ തേടിയെത്തുന്നു. നമ്മുടേത് ഒരേസമയം അധാർമ്മികവും അസമത്വവുമുള്ളാരു സമൂഹമായി മാറിയിരിക്കുന്നു. ലോകം വിപണിസൗഹൃദ സമ്പദ്ഘടനയിൽനിന്ന് വിപണിസൗഹൃദ സമൂഹത്തിലേക്ക് - എല്ലാറ്റിനെയും ലാഭനഷ്ടങ്ങളുടെ സ്ഫടികത്തിലൂടെ മാത്രം നോക്കികാണുന്ന ഒന്നിലേക്ക് - പ്രവേശിച്ചിരിക്കുന്നു. ഒരുകാലത്ത് വിപണിയുടെ അങ്കഗണിതത്തിനപ്പുറം കരുതിയ പല ഉല്പന്നങ്ങളും സേവനങ്ങളും ഇന്നിപ്പോൾ അതിന്റെ നിയമാവലിക്കും പദാവലിക്കും കീഴ്പ്പെട്ടിരിക്കുന്നു. പൗരത്വം തന്നെ പണംമുടക്കി വാങ്ങാവുന്ന കമ്പോളചരക്കായിരിക്കുന്നു. സൈപ്രസിലും മാൾട്ടയിലും ബൾഗേറിയയിലും ഇതാണ് നടക്കുന്നത്. അമേരിക്കയിൽ ജയിലുകൾ പോലും ശ്രേണീകൃതമാണ്, ഓരോന്നിലും ഉയർന്ന/ താഴ്‌ന്ന ക്ലാസുകൾ. ഒരു രാത്രിക്ക് 90 ഡോളർ നൽകിയാൽ ഏതു കൊടുംകുറ്റവാളിക്കും എല്ലാ ആഡംബരസൗകര്യങ്ങളോടും കൂടി ഉയർന്ന ക്ലാസ് ‘തടവറയിൽ’ കഴിയാം!

വർത്തമാനകാല ലോകത്ത് വികസനവും, അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയവും വെളിച്ചത്ത് നിൽക്കുന്നവരെ മാത്രമേ കാണുന്നുള്ളു, ഇരുളിൽ കഴിയുന്നവരെ കാണുന്നില്ല.
വർത്തമാനകാല ലോകത്ത് വികസനവും, അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയവും വെളിച്ചത്ത് നിൽക്കുന്നവരെ മാത്രമേ കാണുന്നുള്ളു, ഇരുളിൽ കഴിയുന്നവരെ കാണുന്നില്ല.

എല്ലാം പണത്തിന്റെയും വിപണിയുടെയും യുക്തിക്ക് കീഴ്പ്പെടുമ്പോൾ സാധാരണ മനുഷ്യർ, വിശേഷിച്ച് യുവത, അതിനെതിരെ പ്രതികരിക്കാൻ സ്വാഭാവികമായും, നിർബന്ധിതരാവും. ക്ഷുഭിതയൗവ്വനമായി അവർ തെരുവുകളിൽ പകർന്നാടും. ജനങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ട്. മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ഒരു ദിവസം, ഒരു നിമിഷം, അവർ സ്വന്തമായ ചില തീരുമാനങ്ങളിൽ എത്തിയെന്നിരിക്കും. വിപ്ലവങ്ങൾ ഉണ്ടാകുന്നത് അങ്ങനെയാണ്. അവ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. എന്നിരുന്നാലും അവ സംഭവിക്കുന്നു, ആവർത്തിച്ചാവർത്തിച്ച്. അല്ക്സാണ്ടർ ക്ലുഗ് (Alexander Kluge) പറഞ്ഞതുപോലെ, “ഒരു മോഹഭംഗത്തിനും പ്രതീക്ഷയുടെ പൊൻതിരിയെ പൂർണ്ണമായി തല്ലിക്കെടുത്താനാവില്ല... മനുഷ്യേച്ഛ അപരാജിതവും പിഴയ്ക്കാത്തതുമാണ്. അത് വീണ്ടും വീണ്ടും ഉയിർത്തെഴുന്നേൽക്കും, ഫീനിക്സ് പക്ഷിയെ പോലെ.” ഹോമറിന്റെ ഒഡീസിയിൽ നിന്ന് ആധുനിക ഭരണകൂടങ്ങൾക്ക്, ട്രംപ്-മോദി പ്രഭൃതികൾക്ക്, ഒരു വലിയ പാഠം ഉൾക്കൊള്ളാനുണ്ട്. കൃതിയുടെ മഹത്വം കുടികൊള്ളുന്നത്, നായകന്റെ ശക്തിയെ വാഴ്ത്തുന്നതിലല്ല, മറിച്ച് അയാളുടെ പരിമിതികൾ അംഗീകരിക്കുന്നതിലാണ്. പുസ്തകം അവസാനിക്കുന്നത് യുദ്ധത്തോടെയല്ല, യുദ്ധം കഴിഞ്ഞ് നായകൻ സ്വന്തം നാട്ടിൽ തിരിച്ചെത്തുന്നതോടെയാണ്. ഇത് ഏറെ പ്രസക്തമാണ്. എത്ര വലിയ മഹാനാണെങ്കിലും സമൂഹത്തോടുള്ള കടപ്പാടിൽനിന്ന് വേറിട്ടൊരു അസ്തിത്വം അയാൾക്കില്ലെന്ന് ഇവിടെ ഹോമർ പറഞ്ഞുവെയ്ക്കുന്നു. എത്ര വലിയ മഹാനാണെങ്കിലും, ശക്തനായ ഭരണാധിപനാണെങ്കിലും, ഈ ലോകതത്ത്വം മനസ്സിലാക്കാതെ പ്രവർത്തിച്ചാൽ അയാൾ ജനങ്ങളാൽ തമസ്‌കരിക്കപ്പെടും, ഇന്നല്ലെങ്കിൽ നാളെ. ജനങ്ങൾ, ഗാന്ധിജിയെ വീണ്ടും വീണ്ടും ഓർക്കാനും ട്രൂജിലോയെ (Rafel Trujillo ) പോലെയുള്ള സമഗ്രാധിപതികളെ വീണ്ടും വീണ്ടും വിസ്മരിക്കാനും ആഗ്രഹിക്കുന്നതിന്റെ പിന്നിലെ ചരിത്രപാഠം ഇതാണ്.


Summary: When everything is subordinated to the logic of money and the market, ordinary people, especially the youth, will naturally be forced to react against it, J Prabhash writes.


ജെ. പ്രഭാഷ്

പൊളിറ്റിക്കല്‍ സയന്റിസ്റ്റ്‌, എഴുത്തുകാരന്‍, അധ്യാപകന്‍,

Comments