എനിക്കൊരു കുഴിമാടം വേണം,
എന്റെ മൃതദേഹം തെരുവിൽ അഴുകുന്നത്
എനിക്കിഷ്ടമല്ല…
ഗാസയിൽനിന്നുള്ള കവിതകളും കുറിപ്പുകളും

അതിഭീകരമായ വംശഹത്യാക്കാലത്ത് ഗാസയിൽ നിന്നുള്ള മനുഷ്യരെഴുതിയ കവിതകളും ചെറു കുറിപ്പുമടങ്ങിയ Letters from Gaza -By the people, from the year that has been എന്ന പുസ്തകത്തിൽനിന്നുള്ള കവിതകളും കുറിപ്പുകളും. എഴുത്തും പരിഭാഷയും പ്രമോദ് പുഴങ്കര.

വംശഹത്യയുടെ എല്ലാ ഭീകരതകളും ഗാസയിൽ രാപ്പകലില്ലാതെ പ്രയോഗിക്കപ്പെടുകയാണ്. ഇസ്രായേൽ ആധുനിക ലോകചരിത്രത്തിലെ വംശീയഭീകരതയുടെ അടയാളരാഷ്ട്രമായി മാറിയിരിക്കുന്നു. സ്വന്തം ഭൂപ്രദേശത്തുനിന്ന് നിരന്തരം പലായനം ചെയ്യേണ്ടിവരികയും ജന്മഭൂമിയിൽ അന്യരാക്കപ്പെടുകയും അഭയാർത്ഥികളും ദേശരഹിതരാക്കപ്പെടുകയും ചെയ്യുന്ന പലസ്തീൻകാർ രക്ഷപ്പെടാൻ വഴികളില്ലാത്ത ഒരു തടവറയ്ക്കകത്ത് കൂട്ടമായി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകം കപടമായ നിസ്സഹായത അഭിനയിച്ച് അതൊരു സങ്കടക്കാഴ്ച മാത്രമായി ചുരുക്കുന്നു.

പതിറ്റാണ്ടുകളായുള്ള അധിനിവേശത്തിന്റെ സകല ക്രൗര്യവും ഗാസയിലിപ്പോൾ കരയിലും ആകാശത്തുനിന്നുമായി കത്തുകയാണ്. പലസ്തീനികളുടെ അടുത്ത തലമുറയെന്നൊന്നിനെ ഇല്ലാതാക്കുകയാണ് ഇസ്രായേൽ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാത്രമല്ല ഇസ്രായേൽ എന്ന രാഷ്ട്രത്തെ സാധ്യമാക്കിയതെല്ലാം ചരിത്രത്തിലെ മാപ്പില്ലാത്ത കുറ്റമായി മാറുന്നു. അന്താരാഷ്‌ട്ര നിയമങ്ങളും ഐക്യരാഷ്ട്ര സഭ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുമെല്ലാം ഒന്നും ചെയ്യാനാകാതെ നിൽക്കുകയാണ്. കൊന്നുതീരുമ്പോൾ പ്രശ്നം തീരുമെന്ന ന്യായത്തിൽ ലോകം മാറിനിൽക്കുമ്പോൾ ലോകക്രമത്തിലെ അനീതിയുടെ ഘടികാരം മാത്രമാണ് ചലിച്ചുകൊണ്ടിരിക്കുന്നത്.

2023 ഒക്ടോബറിൽ തുടങ്ങിയ ഇസ്രയേലിന്റെ ഗാസ ആക്രമണത്തിനു ശേഷം അതിഭീകരമായ വംശഹത്യയുടെ തുടർകാലങ്ങളിൽ ഗാസയിൽ നിന്നുള്ള മനുഷ്യരെഴുതിയ കവിതകളും ചെറു കുറിപ്പുകളുമാണ് Letters from Gaza -By the people, from the year that has been എന്ന (മുഹമ്മദ് അൽ സകൂക്ക്, മഹമൂദ് അൽസഹർ) പുസ്തകത്തിലുള്ളത്.

2023 ഒക്ടോബറിൽ തുടങ്ങിയ ഇസ്രയേലിന്റെ ഗാസ ആക്രമണത്തിനു ശേഷം അതിഭീകരമായ വംശഹത്യയുടെ തുടർകാലങ്ങളിൽ ഗാസയിൽ നിന്നുള്ള മനുഷ്യരെഴുതിയ കവിതകളും ചെറു കുറിപ്പുകളുമാണ് Letters from  Gaza -By  the people, from the year that has been   എന്ന പുസ്തകത്തിലുള്ളത്.
2023 ഒക്ടോബറിൽ തുടങ്ങിയ ഇസ്രയേലിന്റെ ഗാസ ആക്രമണത്തിനു ശേഷം അതിഭീകരമായ വംശഹത്യയുടെ തുടർകാലങ്ങളിൽ ഗാസയിൽ നിന്നുള്ള മനുഷ്യരെഴുതിയ കവിതകളും ചെറു കുറിപ്പുകളുമാണ് Letters from Gaza -By the people, from the year that has been എന്ന പുസ്തകത്തിലുള്ളത്.

യുദ്ധം, അധിനിവേശം, വംശഹത്യ എന്നിവയെല്ലാം അകാലങ്ങളിൽനിന്നുള്ള കാഴ്ചകൾ മാത്രമാണ് നമുക്ക്. ഒരു ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട ജീവിതകാലങ്ങളെല്ലാം പ്രതീക്ഷയുടെ പുലർകാലങ്ങളോ സമാധാനത്തിന്റെ രാത്രിയോ ഇല്ലാതെ കഴിഞ്ഞുപോകുന്നതിന്റെ വിലാപങ്ങളും സങ്കടങ്ങളും ക്ഷോഭവും മടുപ്പും ദൈന്യതയും പോരാട്ടത്തിന്റെ പ്രതീക്ഷയുമെല്ലാം ഈ പുസ്തകത്തിലെ കുറിപ്പുകളിലും കവിതകളിലുമുണ്ട്. അവയിൽ, തകർന്നുവീണ സ്വപനങ്ങൾ നിറഞ്ഞിരുന്ന വീടുകളുടെ ബാക്കിയുണ്ട്, കൊല്ലപ്പെട്ടാൽ തിരിച്ചറിയാൻ വേണ്ടി അമ്മമാർ കാലിൽ പേരെഴുതിവിട്ട ആയിരക്കണക്കിന് കുട്ടികളുടെ പാതിയിൽനിന്ന ചിരിയുണ്ട്, മരണം പാഞ്ഞുതളരുന്ന ഗാസയെന്ന ചെറുതീരമുണ്ട്, മനുഷ്യരെവിടെ മനുഷ്യത്വമെവിടെ, ലോകമേ നീതിയെവിടെ എന്നുചോദിക്കുന്ന പലസ്തീനെന്ന മായ്ചുകളയുന്ന നാടും മാഞ്ഞുപോകുന്ന മനുഷ്യരുമുണ്ട്. അവരുടെ നിഴലുകളുടെ കണ്ണുകളിൽപ്പോലുമുണ്ട് നാം പേറുന്ന അനീതിയോടുള്ള ചോദ്യങ്ങൾ.

‘‘എവിടെയാണ് ഞങ്ങളുടെ രക്തം ചിതറിത്തെറിക്കുക?
ആ നിമിഷത്തിൽ മരണം എങ്ങനെയായിരിക്കും?’’- ഗാസയിൽ നിന്നുള്ള യുവ എഴുത്തുകാരി ബീസാൻ നതീൽ

രണ്ടു വർഷത്തിനിടയിലെ അധിനിവേശ വംശഹത്യയിൽ ഇതുവരെയായി 20,000-ത്തിലേറെ കുട്ടികൾ കൊല്ലപ്പെട്ടു. അരലക്ഷത്തോളം കുട്ടികൾക്ക് പരിക്കേറ്റു. മുക്കാൽ ലക്ഷത്തോളം മനുഷ്യരെയാണ് ഇസ്രായേൽ ഈ നാളുകളിൽ കൊന്നൊടുക്കിയത്. അതിലേറെയും സ്ത്രീകളും കുട്ടികളും. ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ജനവാസകേന്ദ്രങ്ങളിലൊന്നായ കേവലം 41 കിലോമീറ്റർ നീളവും 6-12 കിലോമീറ്റർ വീതിയുമുള്ളൊരു ഒരു ചെറു കടൽത്തീരഭൂമിയിൽ, രണ്ടര ദശലക്ഷത്തിൽ പകുതിയിലേറെപ്പേരും അഭയാർത്ഥിത്താവളങ്ങളിൽ കഴിയുന്ന ഒരിടത്ത്, മനുഷ്യർ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് ഓരോ ദിവസവും പായുകയാണ്. അവർക്കു മേലെയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. ഭക്ഷണത്തിനായി കാത്തുനിൽക്കുന്ന നൂറുകണക്കിന് മനുഷ്യർക്കിടയിലേക്ക് വെടിവെച്ച് ആളുകളെക്കൊല്ലുന്ന നൃശംസത എങ്ങനെയാണ് ലോകമേ, നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്? നിരായുധരായ സാധാരണ മനുഷ്യർക്കുനേരെ ആധുനിക ചരിത്രത്തിൽ നടക്കുന്ന ഏറ്റവും ഭീകരമായ ആക്രമണമാണിത്. അമേരിക്കയുടെ സജീവപിന്തുണയിൽ നടക്കുന്ന ഈ സാമ്രാജ്യത്വ, വംശീയ, അധിനിവേശ ഭീകരതയുടെ നാളുകളിൽ മനുഷ്യസമൂഹം അതിന്റെ ഏറ്റവും വിലകെട്ട നാളുകളിലൊന്നാണ് ജീവിക്കുന്നത്.

നോബൽ സമ്മാനജേതാവായ, നാസി തടങ്കൽപ്പാളയത്തിലെ തടവുകാരനായിരുന്ന Elie Wiesel-ന്റെ Night എന്ന പുസ്തകത്തിൽ നാസി തടങ്കൽപ്പാളയത്തിലെ ഒരനുഭവം പറയുന്നുണ്ട്. ഒരു ദിവസം നൂറുകണക്കിന് തടവുകാർക്ക് മുന്നിൽവെച്ച് പതിവുപോലെ തൂക്കിക്കൊലക്ക് മൂന്നുപേരെ കൊണ്ടുവന്നു. പക്ഷെ അന്നത്തെ പ്രത്യേകത, അതിലൊന്ന് ഒരു ആൺകുട്ടിയായിരുന്നു. മൂന്നു കുരുക്കുകൾ തയ്യാറായി. കമാന്ററുടെ ആജ്ഞയിൽ കസേരകൾ തട്ടിമാറ്റി. മൂന്നു മനുഷ്യർ തൂങ്ങിയാടി. തടവുകാരുടെ നിര അവരെക്കടന്നുപോവുകയാണ്. മുതിർന്ന രണ്ടുപേരും മരിച്ചിരുന്നു. അവരുടെ നീലച്ച് തടിച്ച നാക്കുകൾ പുറത്തേക്ക് തള്ളിനിന്നു. മൂന്നാമത്തെ കയർ മാത്രം അപ്പോഴും ഇളകിക്കൊണ്ടിരുന്നു. ഒരു കുരുക്കിനുപോലും ആ കുട്ടി അപ്പോഴും ശ്വാസമെടുത്തുകൊണ്ടിരുന്നു. അരമണിക്കൂറോളം, ജീവിതത്തിനും മരണത്തിനുമിടയിൽ തടവുകാരുടെ കണ്മുന്നിൽ ആ കുട്ടി തൂങ്ങിയായാടിപ്പിടഞ്ഞു. തൊട്ടടുത്തുനിന്ന് അവരത് കാണാൻ വിധിക്കപ്പെട്ടു. അവന്റെ നാവിനപ്പോഴും ചുവപ്പുനിറമായിരുന്നു. അവന്റെ കണ്ണുകൾ കെട്ടുപോയിരുന്നില്ല.

“എന്റെ പിറകിൽനിന്നും ഒരാൾ ചോദിക്കുന്നത് ഞാൻ കേട്ടു:
“എന്റെ ദൈവമേ, എവിടെയാണ് ദൈവം?”
അപ്പോൾ എന്റെയുള്ളിൽനിന്നും ഒരു ശബ്ദം ഉത്തരം നൽകുന്നത് ഞാൻ കേട്ടു:
“എവിടെയാണവൻ? ഇവിടെത്തന്നെയാണ്- ഈ കഴുമരങ്ങളിൽ തൂങ്ങിനിൽക്കുന്നു’’.

ഗാസയിലെ കടൽത്തീരങ്ങളിൽ കുഞ്ഞിക്കാലുകളിലും കൈകളിലും പേരെഴുതിയ ദൈവം മരിച്ചുകിടക്കുന്നു.

രണ്ടു വർഷത്തിനിടയിലെ അധിനിവേശ വംശഹത്യയിൽ ഇതുവരെയായി 20,000-ത്തിലേറെ കുട്ടികൾ കൊല്ലപ്പെട്ടു. അരലക്ഷത്തോളം കുട്ടികൾക്ക് പരിക്കേറ്റു. മുക്കാൽ ലക്ഷത്തോളം മനുഷ്യരെയാണ് ഇസ്രായേൽ ഈ നാളുകളിൽ കൊന്നൊടുക്കിയത്.
രണ്ടു വർഷത്തിനിടയിലെ അധിനിവേശ വംശഹത്യയിൽ ഇതുവരെയായി 20,000-ത്തിലേറെ കുട്ടികൾ കൊല്ലപ്പെട്ടു. അരലക്ഷത്തോളം കുട്ടികൾക്ക് പരിക്കേറ്റു. മുക്കാൽ ലക്ഷത്തോളം മനുഷ്യരെയാണ് ഇസ്രായേൽ ഈ നാളുകളിൽ കൊന്നൊടുക്കിയത്.

Letters from Gaza -By the people, from the year that has been എന്ന പുസ്തകത്തിൽനിന്നുള്ള കവിതകളും കുറിപ്പുകളും
(പരിഭാഷ: പ്രമോദ് പുഴങ്കര)

ഗാസയിൽ നിന്നുള്ള യുവ എഴുത്തുകാരി
ബീസാൻ നതീൽ എഴുതിയ കവിത
(ഫെബ്രുവരി 15, 2024)

എങ്ങനെയാണ് നിങ്ങൾ നിങ്ങളുടെ ദിവസം
ചെലവഴിക്കുന്നത്?
ഉറങ്ങുന്നു

പലായനവുമായി ഞാൻ പൊരുത്തപ്പെടുമോയെന്ന്
എനിക്ക് ആശങ്കയുണ്ട്…. ഉറക്കത്തിലാണ് ഞാൻ
യാഥാർത്ഥ്യങ്ങളെ കയ്യൊഴിച്ചുകളയുന്നത്.

പേടിയോടെ

യുദ്ധത്തിൽ, ഞങ്ങളുടെ ജീവിതങ്ങളുടെ- ജീവിതത്തിന്റെ- അർത്ഥം തിരയുകയാണ് ഞാൻ.
ബോംബുകൾ വീഴുമ്പോൾ ഞങ്ങൾക്കും ഞങ്ങളുടെ ശരീരങ്ങൾക്കും എന്തു സംഭവിക്കും എന്ന് സങ്കല്പിക്കുകയല്ലാതെ
ഒന്നിനും ഒരർത്ഥവുമില്ല.
ഞങ്ങളെങ്ങനെയാണ് മരിക്കുക?
ഒരു കഷ്ണമായി, രണ്ടു കഷ്ണങ്ങളായി…മൂന്ന്?
ഞങ്ങൾ വെറും ശരീരഭാഗങ്ങൾ മാത്രമാകുമോ?

എവിടെയാണ് ഞങ്ങളുടെ രക്തം ചിതറിത്തെറിക്കുക?
ആ നിമിഷത്തിൽ മരണം എങ്ങനെയായിരിക്കും?

ജീവിച്ചിരുന്നകാലത്തെ ഞങ്ങളുടെ വിശ്വാസതീവ്രത അളക്കാൻ ശരിക്കും മാലാഖമാരുണ്ടായിരിക്കുമോ?
ഞങ്ങൾ മരിച്ചാൽ ആർക്കുണ്ട് ചേതം?
ഞങ്ങൾക്കെന്തു സംഭവിച്ചുവെന്ന് മറ്റുള്ളവർ എങ്ങനെയറിയും?
ഞങ്ങൾ മരിച്ചെന്നറിയാൻ അവരെത്ര കാലമെടുക്കും?
ഞങ്ങളുടെ ജീവിതങ്ങളെ ചുരുക്കിയെഴുതുന്നത്
ഏതു ചിത്രവും പാഠവുമായിരിക്കും?
വെറുമൊരു ചിത്രത്തിലും എഴുത്തിലും
ഞങ്ങളുടെ ജീവിതം എങ്ങനെയിരിക്കും?

പിന്നെ,
ഞങ്ങളുടെ സ്വപ്നങ്ങൾ,
ഞങ്ങളുടെ ഹൃദയങ്ങൾ,
ഞങ്ങളുടെ ഓർമ്മകൾ എന്തുചെയ്യുമവയെ?

ഞങ്ങളുടെ ഭൂതം, വർത്തമാനം?

എങ്ങനെയാണ് നിങ്ങൾ നിങ്ങളുടെ ദിവസം ചെലവഴിക്കുന്നത്?

ഉത്തരങ്ങൾ തേടി?

ഈ കഥ മുഴുമിപ്പിക്കാനാകുമെങ്കിൽ എന്നാണെന്റെ ആഗ്രഹം …

ഗാസയിൽ നിന്നുള്ള എഴുത്തുകാരൻ അഹമ്മദ് മൊർട്ടാജ എഴുതിയ കുറിപ്പ്. ഒക്ടോബർ 28-നുണ്ടായ ബോംബാക്രമണത്തിൽ വീട് തകർന്നെങ്കിലും അഹമ്മദ് രക്ഷപ്പെട്ടു, അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു.

“ഹലോ, ഇത് ഗാസയിൽ നിന്ന് അഹമ്മദാണ്”
“ഞാൻ അഹമ്മദ്, എന്റെ കൂട്ടുകാരെന്നെ അസീം / അസൗമി എന്ന് വിളിക്കും. എന്തായാലും, എന്റെ പല കൂട്ടുകാരുടെയും ഒരു വിവരവും എനിക്കറിയില്ല. ഓൺലൈനിൽ നോക്കാൻ പറ്റുമ്പോഴൊക്കെ ഞാനവരെ ചെറിയ ദൃശ്യങ്ങളിലൊക്കെ തിരയും. ഞാനെല്ലാ മുഖങ്ങളും നോക്കും, എന്റെ സുഹൃത്തുക്കളാരും അതിലില്ലെന്ന് ഉറപ്പാക്കാൻ, പക്ഷെ അപ്പോഴുമെനിക്കറിയാം ആ ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാമുള്ളത് എന്റെ കൂട്ടുകാരാണെന്ന്… ഞാനപ്പോൾ കരയും.

ഞാൻ അഹമ്മദ്. കുട്ടിക്കാലം തൊട്ടേ എനിക്ക് അറബി ക്ലാസുകളും അറബി വ്യാകരണവും ഇഷ്ടമല്ലായിരുന്നു. “രണ്ടും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുക”- ചോദ്യങ്ങളെ ഞാൻ വെറുത്തിരുന്നു. എനിക്ക് ഉത്തരങ്ങളെ വെറുപ്പാണ്, ചോദ്യങ്ങളെണെനിക്കിഷ്ടം.

കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഞാനൊരു ചോദ്യമിങ്ങനെ ഉള്ളിലിട്ടു നടക്കുകയായിരുന്നു: “എന്താണ് സംഘർഷവും യുദ്ധവും തമ്മിലുള്ള വ്യത്യാസം?” അതിന്റെ ഫലം ഒന്നുതന്നെയാകുന്നിടത്തോളം ആ ചോദ്യത്തിന്റെ പ്രസക്തിയെന്താണെന്ന് ഞാൻ അത്ഭുതപ്പെട്ടു: ഒരമ്മ കരയുന്നു, ഒരു കുഞ്ഞു നിലവിളിക്കുന്നു. അതും, കരയാനും നിലവിളിക്കാനും അവർക്കൊരു അവസരം കിട്ടിയാൽ മാത്രം.

ഞാൻ അഹമ്മദ്. ഞാൻ മരിക്കുമെന്നും അപ്രസക്തമായൊരു എണ്ണം മാത്രമാകുമെന്നും എനിക്ക് പേടിയുണ്ട്. ഇതെഴുതിത്തീരുന്നതിനുമുമ്പ് എല്ലാം അവസാനിക്കുമെന്നും.

ഇതെല്ലാം എന്തുകൊണ്ട്?

ഗാസയിൽ നിന്നുള്ള എഴുത്തുകാരൻ മഹമൂദ് ജൗദ എഴുതിയ കുറിപ്പ്, (2024 ഫെബ്രുവരി 27).

ശാന്തം, അസാധാരണമായ മട്ടിൽ.
പറക്കും യന്ത്രങ്ങളൊഴിഞ്ഞ ആകാശം. റാഫയിലെ കൂടാരങ്ങൾക്കുമേൽ ചന്ദ്രന്റെ ചിതറിയ നിലാവ്. ഒരു കൂടാരത്തിനുള്ളിൽ വെളിച്ചമുണ്ട്, അത് ഭൂമിയിൽവീണൊരു വലിയ നക്ഷത്രത്തെപ്പോലിരുന്നു. പുറത്തുനിന്നും ഒരു റേഡിയോ വെച്ചത് കേൾക്കാം. അതിന്റെ ഉടമസ്ഥൻ വെടിനിർത്തലിനെക്കുറിച്ചു പരന്ന വാർത്തകൾ ശരിയാണോയെന്ന് തിരയുകയാണെന്നു തോന്നുന്നു. ശരിക്കുള്ള വാർത്തകളൊന്നും ഏറെനേരമായും കിട്ടാഞ്ഞപ്പോൾ ഉം ഖുൽത്തുമിന്റെ ‘ഇതെന്റെ രാത്രിയാണ്’ എന്ന പാട്ടുകേൾപ്പിക്കുന്നൊരു സ്റ്റേഷനിൽ തിരച്ചിലിന്റെ സൂചി നിർത്തി. കുറച്ചുകഴിഞ്ഞപ്പോൾ കൂടാരത്തിലെ വെളിച്ചം മങ്ങി. ബാറ്ററി തീർന്ന് ആ മനുഷ്യൻ ഉറങ്ങിയെന്നു തോന്നുന്നു.

ഇവിടെ മനുഷ്യർ പാടും. പാട്ടെന്നാൽ സന്തോഷവുമായി ചേർത്തുവെക്കേണ്ടതില്ല; അവർക്ക് മനഃപാഠമായ വരികൾ ആവർത്തിക്കുന്നത് ആളുകൾ നിർത്തിയിട്ടില്ല.

ഈ ശീതരാത്രികൾക്ക് ചേരാത്ത അസാധാരണമായി വെയിൽച്ചൂടുള്ളൊരു പ്രഭാതത്തിലേക്കാണ് ഒരു ദിവസം അതിരാവിലെ (അഭയാർത്ഥി)താവളത്തിലെ ആളുകൾ ഉറക്കമുണർന്നത്. ഒരു പെൺകുട്ടി ഷാദിയായുടെ പാട്ടുപാടുന്നത് ഞാൻ കേട്ടു: “ഇത്ര തെളിച്ചത്തിൽ എരിയരുതെന്ന് സൂര്യനോട് പറയൂ, എന്റെ പ്രിയപ്പെട്ടവൻ ഇന്ന് രാവിലെ പോവുകയാണ്’’.

വെയിലിൽ തെരുവിലൂടെ ആരും പോകുന്നതായി ഞാൻ കണ്ടില്ല- ഒരുപക്ഷെ പ്രിയപ്പെട്ടവൻ മറ്റെവിടെയെങ്കിലും നടക്കുന്നുണ്ടായിരിക്കും, ധാന്യമോ അരിയോ അന്വേഷിച്ച്, അല്ലെങ്കിൽ ഒരു തടങ്കൽപ്പാളയത്തിലെ വരിയിലായിരിക്കും. നിർണ്ണായകമായ സംഗതി, പ്രിയപ്പെട്ടവൻ ഇപ്പോഴും നിവർന്നുനിൽക്കുന്നുണ്ട് എന്നാണ്, ഇരുകാലുകളിലുമായി നടക്കുന്നു.

മറ്റൊരു ഗാനം എന്നെ നീണ്ടൊരു നടത്തത്തിലേക്ക് കൊണ്ടെത്തിച്ചു. കൂടാരങ്ങൾക്കിടയിലെ ഒരു ചെറുകല്ല്യാണത്തിൽ, സുന്ദരിയായൊരു പെൺകുട്ടി, സാഹചര്യങ്ങൾ മറ്റൊന്നായിരുന്നെങ്കിൽ സർവ്വകലാശാലയിൽ നാലാം വര്ഷമായിരുന്നേനെ അവൾ. നവവരന്റെ കൈകൾ തുറന്ന് ചുംബിച്ചുകൊണ്ടവൾ പാടുകയാണ്: “അവൻ കണ്ണുകളടയ്ക്കുകയും മൈലാഞ്ചിക്കായി കൈകൾ നീട്ടുകയും ചെയ്തു”. അവളവന്റെ കൈകളിൽ മൈലാഞ്ചിയിട്ട് അവന്റെ കൈകൾ മടക്കി.

നിരാശമായ ആഹ്ളാദമെന്ന് ഇതിനെയാകും നമ്മൾ പറയുക.

ചവറു തള്ളുന്ന മറ്റൊരു സ്ഥലത്ത് താടിയിൽ പച്ചകുത്തിയ ഒരു വൃദ്ധ നടപ്പാതയിൽക്കിടക്കുന്ന തുണിയിൽപ്പൊതിഞ്ഞ അവരുടെ ഭർത്താവിന്റെ മുഖം തലോടുകയാണ്, അവരും അതേ പാട്ടാണ് പാടുന്നത്: “അവൻ കണ്ണുകളടച്ചു”.

… ആളുകൾ ഇപ്പോഴും പാടുന്നുണ്ട്, ഞാനിപ്പോഴും തെരുവുകളിൽ നടക്കുന്നുണ്ട്, എന്റെ അമ്മയുടെ ചെരുപ്പുകളിട്ടുകൊണ്ട്, ഒരു പാട്ടിലെന്നപോലെ. കാരണം വിക്ടർ ഹ്യൂഗോ പറഞ്ഞപോലെ, “പ്രതീക്ഷ നഷ്ടപ്പെട്ടാൽ, പാട്ടുകൾ ബാക്കിനിൽക്കുന്നു’’.

ഉപ്പ് പാടങ്ങൾ

ഗാസയിലെ അൽ ബ്രെയ്ജ് അഭയാർത്ഥി താവളത്തിൽ താമസിക്കുന്ന എഴുത്തുകാരി ഹിന്ദ് ജൗദ എഴുതിയ കവിത (2024 ഫെബ്രുവരി 25).

ലോകം ഞങ്ങൾക്ക് തന്ന സമ്മാനമാണ് സങ്കടം,
ഒരിക്കലും വയസ്സാകാത്ത അതിന്റെ
അനശ്വരരായ കുഞ്ഞുങ്ങളാണ് ഞങ്ങൾ.

ഞങ്ങളുടെ സവിശേഷ ദുഃഖം പലമട്ടിലാണ് വരുന്നത്,
ഞങ്ങൾക്ക് മുഷിയുമോ എന്നതിന് പേടിയുള്ളപോലെ:
ഒരു സ്ഫോടനം മേൽക്കൂര തകർത്തേക്കാം,
അല്ലെങ്കിലത്‌ നിലത്തെ ടാറും, അതിലെ മരങ്ങളും ശ്മശാനങ്ങളും പിളർത്തിയേക്കാം.
അതൊരു പൊടുന്നനെയുള്ള ഷെല്ലായി വന്നുവീഴാം,
അല്ലെങ്കിൽ ഞങ്ങളുടെ വയറുകൾ
ശൂന്യതയിൽ നിന്നുള്ള അതിന്റെ
ആകുലതകളിൽ വിറയ്ക്കുന്ന ശബ്ദങ്ങളുണ്ടാക്കുന്നവരേക്കും
ഞങ്ങൾക്ക് ആഹാരമെത്തുന്നത് തടയാം.

ഏറെക്കാലം, ഞങ്ങൾ കണ്ണീർ പൊഴിച്ചു.
ഈ പാരിതോഷികങ്ങൾ കിട്ടാൻ ഞങ്ങളേറെക്കാലം കരഞ്ഞു,
വീണ്ടുമവ ഒരു കൂടാരത്തിന്റെ രൂപത്തിൽ വന്നു.

പ്രിയപ്പെട്ട ലോകമേ,
ചുരുക്കത്തിൽ, നിങ്ങളുടെ അഗാധവും നിർദ്ദയവുമായ
ദുഃഖത്തിന്റെ അന്ത്യസ്ഥലമാണ് ഞങ്ങൾ.

ഞങ്ങൾ നിങ്ങളുടെ ഉപ്പുപാടങ്ങളാണ്.

ശ്മശാനത്തിലെ വസന്തകാലം

ഗാസയിൽ നിന്നുള്ള കവിയും പരിഭാഷകനുമായ ബത്തൂൽ അബു അക്‌ളീൻ എഴുതിയ കവിത (2024 ഫെബ്രുവരി 26).

വെണ്ണക്കല്ലുകൊണ്ടുള്ള മീസാൻകല്ലുള്ളൊരു
കുഴിമാടം വേണമെനിക്ക്
എന്റെ പ്രിയപ്പെട്ടവർ നനയ്ക്കുന്ന,
അവരെന്നും പൂക്കൾ വെക്കുന്നിടം,
വിരഹം അവരുടെ കണ്ണുകളെ നനയ്ക്കുമ്പോൾ കരയാൻ.

അവരുടെ കണ്ണീർ എന്നിലേക്കെത്തില്ല
അതുകൊണ്ട് ഞാൻ സങ്കടപ്പെടില്ല.

എന്റെ മാത്രമായ, എന്റെ സുഹൃത്തുക്കൾക്ക് എന്നോട് സംസാരിക്കാനുള്ളൊരു കുഴിമാടം വേണമെനിക്ക്.
അവസാനമായി എനിക്കൊറ്റയ്ക്കാകാൻ ഒരിടം.

മറ്റൊരു കുഴിമാടത്തെ
തൊടാത്ത ഒന്നുവേണമെനിക്ക്,
അപ്പോളെന്റെ പ്രിയപ്പട്ടവന്
വേനൽച്ചൂടിൽ നിന്നും
എനിക്ക് തണലൊരുക്കാൻ
ഒരു കടലാസുപൂച്ചെടി നട്ടുപിടിപ്പിക്കാം,

വസന്തത്തിൽ എനിക്കൊരു
മാന്തളിർനിറമുള്ള മേലാടയണിയിക്കാം,
ശൈത്യകാലത്ത് അതിന്റെയിലകൾ പൊഴിയുമ്പോൾ
എനിക്കൊരു ചൂടുള്ള പുതപ്പുതരാം.

ശ്മശാനത്തിൽ എനിക്കൊരു കുഴിമാടം വേണം,
അയൽക്കാർ അവരെ ജീവനിൽപ്പൊതിഞ്ഞിരിടം,
അതിനോട് കൊഞ്ചുന്ന,
അതിന്റെ ഇരുകവിളുകളിലും ചുംബിക്കുകയും,
പിന്നെ മയങ്ങുകയും.

എനിക്കൊരു കുഴിമാടം വേണം,
എന്റെ മൃതദേഹം തെരുവിൽ അഴുകുന്നത്
എനിക്കിഷ്ടമല്ല.

Comments