അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കുറ്റവാളി എന്ന് വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രതന്ത്രഞ്ജനാണ് ഹെൻറി കിസ്സിൻജർ. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത നിരവധി തീരുമാനങ്ങൾ കിസ്സിൻജറുടെ തലയിൽ നിന്നുണ്ടായിട്ടുണ്ട്. അമേരിക്കയോട് നേരിട്ട് യുദ്ധ രംഗത്ത് ഇല്ലാതിരുന്ന കംമ്പോഡിയ എന്ന രാജ്യത്ത് നടത്തിയ സമാനതകളില്ലാത്ത ബോംബിങ് എണ്ണിയാലൊടുങ്ങാത്ത മനുഷ്യരെയാണ് കൊന്നൊടുക്കിയത്. ചിലിയിൽ പ്രസിഡന്റ് സൽവഡോർ അലൻഡേയെ പുറത്താക്കി ഇല്ലാതാക്കിയതും അർജന്റീനയെ യുദ്ധക്കളമാക്കിയാതുമെല്ലാം കിസ്സിൻജറുടെ ‘സംഭാവന’യായിരുന്നു. അമേരിക്കയെ മാത്രമല്ല ലോകഗതിയെതന്നെ മാറ്റിയ നിരവധി സംഭവങ്ങളാണ് ഹെൻറി കിസ്സിൻജർ എന്ന നയതന്ത്രജ്ഞന്റെ അധികാര കാലത്ത് അരങ്ങേറിയത്.
യു എസ് പ്രസിഡന്റുമാരായിരുന്ന റിച്ചാർഡ് നിക്സൺ, ജെറാൾഡ് ഫോർഡ് എന്നിവർക്കൊപ്പം ദേശീയ സുരക്ഷ ഉപദേഷ്ടാവ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് തുടങ്ങിയ ഏറ്റവും ഉയർന്ന പദവിയിലിരുന്ന് ലോകത്തെ നിയന്ത്രിക്കാൻ കിസ്സിൻജർക്ക് സാധിച്ചു. വിയറ്റ്നാം യുദ്ധം, ശീതസമരം തുടങ്ങി എഴുപതുകളിൽ ലോകത്തെ സ്വാധീനിച്ച ഏറ്റവും നിർണായക സംഭവങ്ങളിൽ അമേരിക്കൻ നിലപാട് തീരുമാനിക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു കിസ്സിഞ്ചറിന്റെ മേശപ്പുറത്തുണ്ടായിരുന്നത്. നാസി ജർമ്മനിയിൽ നിന്ന് കുടിയേറിപാർത്ത കിസ്സിൻജർ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറൽ ബിരുദം നേടിയത് "കോൺഗ്രസ് ഓഫ് വിയന്നക്ക് ശേഷമുള്ള ലോകക്രമത്തെ" സംബന്ധിച്ച ഗവേഷണങ്ങളിലായിരുന്നു. എഴുപതുകളിൽ അമേരിക്കൻ രാഷ്ട്രീയം ഏഷ്യൻ രാജ്യങ്ങളിലെ യുദ്ധഭൂമിയിലായിരുന്നപ്പോൾ കിസ്സിൻജർ പുതിയ ഒരു ലോകക്രമത്തെ ഉണ്ടാക്കുവാനുള്ള ശ്രമം കൂടി നടത്തി, അതിന്റെ ആകെത്തുകയാണ് അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സണെ കമ്യൂണിസ്റ്റ് ചൈനയിൽ എത്തിച്ചത്.
വിയറ്റ്നാം മുതൽ ചിലി വരെ
ലോകം കണ്ട ഏറ്റവും ഐതിഹസികമായ യുദ്ധമായിരുന്നു വിയറ്റ്നാമിലേത്. 1968- ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് വിയറ്റ്നാം യുദ്ധമായിരുന്നു. ലിൻഡൻ ബി. ജോൺസൻ, കെന്നഡി എന്നവിരുടെ കാലത്ത് തുടങ്ങിയ കമ്യൂണിസ്റ്റ് നിഷ്കാസിത ശ്രമങ്ങൾ ഒരു വലിയ യുദ്ധമായി പരിണമിക്കുകയായിരുന്നു. ഓരോ വർഷവും മുപ്പത് ബില്യൻ യു എസ് ഡോളർ വകയിരുത്തിയ, അഞ്ചു ലക്ഷത്തിലധികം അമേരിക്കൻ പട്ടാളക്കാരെ വിന്യസിച്ച, അവരിൽ 200-ലധികം പേർ ഓരോ ആഴ്ചയും മരിച്ചുവീണുകൊണ്ടിരുന്ന വിയറ്റ്നാം യുദ്ധം അമേരിക്കൻ സാമൂഹ്യ ജീവിതത്തെ തന്നെ ബാധിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ശ്രമം നടത്തുമെന്ന് ക്യാമ്പയിൻ ചെയ്താണ് നിക്സൺ വന്നതെങ്കിലും അദ്ദേഹത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയുടെ നിലപാട് കൂടുതൽ കുഴപ്പങ്ങളിലേക്കാണ് വിയറ്റ്നം യുദ്ധത്തെ കൊണ്ടു ചെന്നെത്തിച്ചത്. പിന്നീട് പാരിസ് പീസ് കരാറിൽ ഒപ്പുവെച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോഴേക്കും രണ്ടര മുതൽ മൂന്നര വരെ ദശലക്ഷം വിയറ്റ്നാം പൗരന്മാരും 58,000 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടിരുന്നു.
വിയറ്റ്നാം യുദ്ധത്തിന്റെ ചുവടുപറ്റി കമ്പോഡിയയിൽ നടത്തിയ ബോംബാംക്രമണങ്ങളാണ് രണ്ടാമത്തേത്. വിയറ്റ്നാമിനെ പ്രതിരോധത്തിലാക്കാൻ ലാവോസിലും കമ്പോഡിയയിലും ബോംബിങ് റെയ്ഡ് നടത്താൻ തീരുമാനിച്ചത് ഹെൻറി കിസ്സിൻജറായിരുന്നു. അമേരിക്കൻ കോൺഗ്രസ് അറിയാതെയുള്ള ആ രഹസ്യദൗത്യത്തിനൊടുവിൽ, 5,40,000 ടൺ ബോംബുകളാണ് കമ്പോഡിയൻ മണ്ണിൽ വർഷിക്കപ്പെട്ടത്. അതുവഴി അഞ്ചു ലക്ഷത്തോളം മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു.
1970- ൽ ഈസ്റ്റ് പാകിസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പിൽ - ഇന്നത്തെ ബംഗ്ലാദേശിൽ- മുജിബുർ റഹ്മാന്റെ അവാമി ലീഗിന് വലിയ നേട്ടമുണ്ടാവുകയും, സ്വാതന്ത്ര്യത്തിനയുള്ള മുറവിളി ശക്തമാവുകയും ചെയ്തു. അപകടം മണത്ത പാകിസ്ഥാൻ ഭരണാധികാരി യഹ്യാ ഖാൻ ഈസ്റ്റ് പാകിസ്ഥാനിൽ പട്ടാളഭരണം ഏർപ്പെടുത്തുകയും ബംഗാളികളായ ലക്ഷക്കണക്കിന് മനുഷ്യരെ പീഡിപ്പിക്കയും ചെയ്തു. ഈ വിവരം ദാഖയിലെ യു. എസ് കോൺസിലറ്റ് അറിയിച്ചിട്ടും, അമേരിക്കൻ ഭരണകൂടം യഹ്യാഖാനെ പിന്തുണക്കുകയായിരുന്നു. മാത്രമല്ല, നിയമവിരുദ്ധമായി പാകിസ്ഥാന് ആയുധങ്ങൾ നൽകാനും കിസ്സിൻജർ ശ്രമിച്ചു. ഇത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ഒരു തുറന്ന യുദ്ധത്തിലേക്ക് ഇന്ത്യയെയും പാകിസ്ഥാനെയും കൊണ്ടെത്തിക്കുകയും ചെയ്തു.
ചിലിയിൽ സോഷ്യലിസ്റ്റ് നേതാവായിരുന്ന സൽവഡോർ അലൻഡേയെ പുറത്താക്കിയതായിരുന്നു മറ്റൊരു വലിയ സംഭവം. ചിലിയൻ മിലിറ്ററി കമാൻഡറായിരുന്ന അഗെസ്റ്റോ പിനാച്ചേ എന്ന ഏകാധിപതിയുടെ ഭരണം ചിലിയിലുണ്ടാവാൻ കാരണം കമ്യൂണിസത്തിന്റെ ഉന്മൂലനത്തിനായി കിസ്സിങ്ജർ നടത്തിയ ഇടപെടലായിരുന്നു. ആ രാജ്യം വലിയ ഒരു ഏകധിപത്യത്തിലേക്ക് വഴുതിവീഴുകയും ലക്ഷക്കണക്കിന് മനുഷ്യർ കൊല്ലപ്പെടുകയും ചെയ്തു.
1975- ൽ ഈസ്റ്റ് ടിമൂറിലേക്ക് ഇന്തേനേഷ്യ നടത്തിയ കടന്നുകയറ്റത്തിന് കിസ്സിങ്ജർ "ഗ്രീൻ ലൈറ്റ്"നൽകി. ഇതിനെ തുടർന്ന് രണ്ട് ലക്ഷത്തോളം മനുഷ്യരാണ് അവിടെ കൊല്ലപ്പെട്ടത്. സമാനമായി അർജന്റീനയിലെ ഇടതുപക്ഷക്കാർക്കെതിരെ നടത്തിയ ക്രൂരമായ വേട്ടയാടാലിനും കിസ്സിങ്ജറിന്റെ "ഗ്രീൻ ലൈറ്റ്" ഉണ്ടായിരുന്നു. അർജന്റീനയിൽ കൊല്ലപ്പെട്ടത് 30,000 മനുഷ്യരാണ്. ഇത്തരത്തിൽ ലോകത്തെ സ്വാധീനിച്ച നിരവധി സംഭവങ്ങളുടെ സൃഷ്ടാവാണ് കിസ്സിങ്ജർ.
ചൈന- യു. എസ് ബന്ധം ഹെൻറി കിസ്സിങ്ജറുടെ കാലത്ത് വലിയ മാറ്റത്തിന് വഴിതുറന്നിരുന്നു. സോവിയറ്റ് യൂണിയനെ എതിർക്കാൻ പുതിയ ചേരികൾ സൃഷ്ടിക്കാൻ ശ്രമിച്ചതിന്റെ ഫലമായി കൂടിയാണ്, അമേരിക്കൻ നയതന്ത്രം ചൈനയിൽ എത്തുന്നത്. തങ്ങളുടെ 'കമ്യൂണിസ്റ്റ് ഉന്മൂലന' പരിപാടി ചൈനയിൽ കൊണ്ടുവരാനോ ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനോ താല്പര്യമില്ലെന്ന് അമേരിക്ക അറിയിച്ചു. ഇതിന്റെ പശ്ചാതലത്തിൽ പാകിസ്ഥാൻ വഴിയാണ് ബീജിങ്ങിലേക്കുള്ള വാതിൽ പ്രസിഡന്റ് നിക്സണ് തുറന്നുകിട്ടുന്നത്. 1972- ൽ അമേരിക്കൻ പ്രസിഡന്റ് നിക്സൺ ചൈനയിലെത്തുകയും ചെയർമാൻ മാവോ, പ്രീമിയർ ഷൌ എൻലൈ എന്നിവരെ കാണുകയും ചെയ്തു എന്നത് ചരിത്രം.
ബീജിങ്ങിലേക്കുള്ള യാത്രാമദ്ധ്യേ ദൽഹിയിലിറങ്ങി, ഈസ്റ്റ് പാകിസ്ഥാൻ (ബംഗ്ലാദേശ്) പ്രശ്നത്തിൽ ഇന്ത്യ ഇടപെടരുതെന്ന് കിസ്സിങ്ജർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമേരിക്കൻ നിലപാടിനോടോ കിസ്സിങ്ജറുടെ ഭീഷണിയോടോ അനുകൂലപ്പെടാൻ ഇന്ദിരാഗാന്ധി ഒരുക്കാമായിരുന്നില്ല. അതിന്റെ മറുപടിയായിരുന്നു ആ യുദ്ധത്തിലെ ഇന്ത്യൻ വിജയവും ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ ജനനവും എന്ന് കുൽദീപ് നായ്യർ ആത്മകഥയിൽ കുറിച്ചിട്ടുണ്ട്.
മ്റേത് യുദ്ധ കുറ്റവാളിയെയും പോലെ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന് ഉത്തരവാദിയാണ് കിസ്സിങ്ജർ. എന്നാൽ തന്റെ അവസാന കാലത്ത് ഒരു വാക്കുകൊണ്ടുപോലും ചെയ്തതിനെക്കുറിച്ചോർത്ത് പാശ്ചാത്തപിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. വിയറ്റ്നാം യുദ്ധത്തിന് സമാപനം കുറിച്ച പാരിസ് സമാധാന ഉടമ്പടിയുടെ പേരിൽ കിസ്സിങ്ജർക്ക് നോബൽ സമാധാന സമ്മാനം നാമനിർദേശം ചെയ്യപ്പെട്ടു; അഥവാ, അദ്ദേഹം തുടങ്ങിയ യുദ്ധങ്ങളുടെ പേരിലോ അവസാനിപ്പിച്ച യുദ്ധങ്ങളുടെ പേരിലോ ആയിരുന്നില്ല നോബൽ കിട്ടിയത്, മറിച്ച്, അദ്ദേഹം പരാജയപ്പെട്ട യുദ്ധത്തിന്റെ പേരിലായിരുന്നു.
അങ്ങനെ ഒരു വിചാരണയും നേരിടാതെ, ഒരു കോടതി വരാന്തയും കയറാതെ, ഒരു കുറ്റവാളി കൂടി ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
റഫറൻസ്:
Baru and Sharma (2023), A new cold war, Henry Kissinger and the Rise of China, Harpper and Collins Publishers, India.
Nayar, Kuldip (2012), Beyond the lines, Roli Book, India.