നിലയ്ക്കാത്ത വെടിയൊച്ചകളിൽ വിറച്ചുനിന്ന ഗാസ സമതലങ്ങൾ, സമാധാനത്തിന്റെ ആദ്യ ഘട്ടത്തിലേക്ക്. എങ്കിലും സമാധാന ചർച്ച, പല അവസരങ്ങളിലുമെന്ന പോലെ കേവലം അസംബന്ധ നാടകങ്ങളാവുമോ എന്ന ആശങ്ക പൊതുവെയുണ്ട്. ഒത്തുതീർപ്പ് കരാറുകളിലെ മഷിയുണങ്ങുംമുമ്പേ പലപ്പോഴും ഇസ്രായേൽ, അവരുടെ ഗോഡ് ഫാദറിനൊപ്പം ചേർന്ന് പലസ്തീന്റെ ആകാശത്തിൽ തീമഴ വർഷിച്ച ചരിത്രമുള്ള സ്ഥിതിയ്ക്ക് ഇന്നത്തെ കരാറിലും സംശയം പുലർത്തുന്നവർ ഏറെയാണ്. താൽക്കാലികമായെങ്കിലും ആക്രമണം അവസാനിക്കുമെന്നാശിക്കുക.
ഖത്തർ, ഈജിപ്ത്, അമേരിക്ക, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഈജിപ്തിലെ ശറമുശ്ശൈഖിൽ ദിവസങ്ങളായി നടന്നുവന്ന ചർച്ചകൾക്കൊടുവിലാണ് ഹമാസും ഇസ്രായേലും സമാധാന കരാർ ഒപ്പുവെച്ചത്. മുഴുവൻ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കണമെന്ന ഉപാധിയിൽ അമേരിക്ക നിർദേശിച്ച ഗാസ സമാധാന കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ചതായി തന്റെ ട്രൂത്ത് സോഷ്യൽ വഴി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകത്തെ അറിയിച്ചു: ‘‘ഇസ്രായേലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഒപ്പവെച്ചതായി പ്രഖ്യാപിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഇതിനർഥം എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കുമെന്നും ശാശ്വതവും സുസ്ഥിരവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഇസ്രായേൽ തങ്ങളുടെ സൈന്യത്തെ അനുരഞ്ജനത്തിന്റെ പാതയിലേക്ക് നയിക്കുമെന്നുമാണ്. അറബ്, മുസ്‌ലിം ലോകങ്ങൾക്കും ഇസ്രായേലിനും മറ്റ് അയൽ രാജ്യങ്ങൾക്കും അമേരിക്കക്കും ഇത് ഒരു സുപ്രധാന ദിവസമാണ്. ഈ ചരിത്രപരവും അഭൂതപൂർവവുമായ സംഘർഷ രഹിത അവസ്ഥ സംജാതമാക്കാൻ കൈവരിക്കാൻ പ്രവർത്തിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥർക്ക് ഞങ്ങൾ നന്ദി പറയുന്നു. സമാധാന വക്താക്കൾക്ക് വളരെയധികം ആദരവ്, നന്ദി’’ - ട്രംപ് 'ട്രൂത്ത് സോഷ്യലി'ൽ കുറിച്ചു.

ഇസ്രായേലും ഹമാസും ഗാസ കരാറിന്റെ ആദ്യ ഘട്ടത്തിൽ ഒപ്പുവെച്ചതായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ‘ദൈവത്തിന്റെ സഹായത്തോടെ, ഞങ്ങൾ അവരെയെല്ലാം സ്വന്തം വീടുകളിലേക്ക് എത്തിക്കുമെന്ന്’ ഗാസയിൽ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളെ പരാമർശിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസ വെടിനിർത്തൽ കരാർ അംഗീകരിക്കാനായി മന്ത്രിസഭ ഇന്ന് യോഗം ചേരുമെന്നും നെതന്യാഹു പറഞ്ഞു. ഇന്ന് ഇസ്രായേലിന് ഒരു മഹത്തായ ദിവസമാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ട്രംപുമായി സംസാരിച്ചതായും എല്ലാ ബന്ദികളുടെയും മോചനം ഉൾപ്പെടുന്ന ഗാസ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതിന്റെ ചരിത്രനേട്ടത്തിന് ഇരുവരും പരസ്പരം അഭിനന്ദനങ്ങൾ കൈമാറിയതായും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇരുപക്ഷവും അടുത്ത സഹകരണം തുടരാൻ സമ്മതിച്ചതായും നെതന്യാഹു ട്രംപിനെ നെസ്സറ്റിൽ (ഇസ്രായിൽ പാർലമെന്റ്) അഭിസംബോധന ചെയ്യാൻക്ഷണിച്ചതായും വ്യക്തമാക്കപ്പെട്ടു.
ഇസ്രായേൽ സൈന്യത്തെ പിൻവലിക്കൽ, സഹായ വസ്തുക്കൾ ഗാസയിൽ പ്രവേശിപ്പിക്കൽ, തടവുകാരെയും ബന്ദികളെയും കൈമാറൽ എന്നിവ ഉൾപ്പെടുന്ന, ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്തിയതായി ഹമാസ് പ്രഖ്യാപിച്ചു. കരാർ പൂർണമായും നടപ്പാക്കാൻ ഇസ്രായേലിനെ നിർബന്ധിക്കാൻ പ്രസിഡന്റ് ട്രംപിനോടും കരാറിന്റെ ഉറപ്പ് നൽകുന്ന രാഷ്ട്രങ്ങളോടും അറബ്, ഇസ്‌ലാമിക, അന്താരാഷ്ട്ര കക്ഷികളോടും ഹമാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പലസ്തീൻ ജനതക്കെതിരായ ഉന്മൂലന യുദ്ധം അവസാനിപ്പിക്കുക, ഗാസ മുനമ്പിൽ നിന്ന് അധിനിവേശ സൈന്യത്തെ പിൻവലിക്കുക എന്നീ ലക്ഷ്യങ്ങളോടെ, പ്രസിഡന്റ് ട്രംപിന്റെ നിർദേശവുമായി ബന്ധപ്പെട്ട് ശറമുശ്ശൈഖിൽ ഹമാസും മറ്റു പലസ്തീൻ വിഭാഗങ്ങളും നടത്തിയ ചർച്ചകൾക്കുശേഷം, ഗാസക്കെതിരായ യുദ്ധം അവസാനിപ്പിക്കുക, ഗാസയിൽ നിന്ന് ഇസ്രായേലി സൈന്യത്തെ പിൻവലിക്കുക, സഹായങ്ങൾ എത്തിക്കുക, തടവുകാരെയും ബന്ദികളെയും കൈമാറ്റം ചെയ്യുക എന്നിവ വ്യവസ്ഥ ചെയ്യുന്ന കരാറിലെത്തിയതായി ഹമാസ് ഔദ്യോഗികമായി ലോകത്തെ അറിയിച്ചു: ‘‘നമ്മുടെ ജനങ്ങളുടെ ത്യാഗങ്ങൾ വെറുതെയാകില്ല. ഞങ്ങൾ ഉടമ്പടിയോട് പ്രതിജ്ഞാബദ്ധരായിരിക്കും. സ്വാതന്ത്ര്യം, സ്വയം നിർണയാവകാശം എന്നിവ ലഭിക്കുന്നതുവരെ ഞങ്ങളുടെ ജനങ്ങളുടെ അവകാശങ്ങൾ ഉപേക്ഷിക്കുകയുമില്ല’’ - ഹമാസ് പ്രസ്താവന സൂചിപ്പിച്ചു.

യുദ്ധം അവസാനിപ്പിക്കാനും ഇസ്രായേലി ബന്ദികളെയും പലസ്തീൻ തടവുകാരെയും മോചിപ്പിക്കാനും സഹായങ്ങളെത്തിക്കാനും ഇടയാക്കുന്ന നിലയ്ക്ക് ഗാസയിൽ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം നടപ്പാക്കാനുള്ള എല്ലാ നിബന്ധനകളും സംവിധാനങ്ങളും അംഗീകരിച്ചതായി ഖത്തർ വിദേശ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി അറിയിച്ചു. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം എക്‌സ് വഴി അറിയിച്ചു. ഗാസ മുനമ്പിൽ വെടിനിർത്തൽ ഉറപ്പാക്കാനും അവിടെ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനുമുള്ള കരാറിന്റെ പ്രഖ്യാപനത്തെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സ്വാഗതം ചെയ്തു.
അതിനിടെ, ഈജിപ്തിൽ നടന്ന ചർച്ചകൾക്കിടെ ഇസ്രായേലുമായി ഉണ്ടാക്കിയ കരാറിൽ ഗാസ മുനമ്പിൽ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളെ മോചിപ്പിക്കലും ഇസ്രായേൽ ജയിലുകളിലെ 2,000 ലേറെ പലസ്തീൻ തടവുകാരെ മോചിപ്പിക്കലും ഉൾപ്പെടുന്നതായി ഹമാസ് വൃത്തങ്ങൾ എ.എഫ്.പിയോട് പറഞ്ഞു. ഇസ്രായേൽ മോചിപ്പിക്കുന്ന പലസ്തീൻ തടവുകാരിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 250 പേരും 2023 ഒക്ടോബർ ഏഴിനു ശേഷം അറസ്റ്റിലായ 1,700 പേരും ഉൾപ്പെടുന്നു. ആദ്യ ഘട്ടത്തിൽ പ്രത്യേക സമയക്രമം അനുസരിച്ചുള്ള ഇസ്രായേലി സൈന്യത്തിന്റെ പിന്മാറ്റവും ഉൾപ്പെടുന്നതായി ഹമാസ് വൃത്തങ്ങൾ പറഞ്ഞു.
കരാർ പ്രകാരം ശനിയാഴ്ച മുതൽ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാൻ തുടങ്ങുമെന്ന് ഇസ്രായേൽസർക്കാർ വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. പശ്ചിമേഷ്യയിൽ ശാന്തിയുടെ കാറ്റ് വീശുമോ? ലോകം കാത്തിരിക്കുകയാണ്.


