പലസ്തീൻ ജനതയ്ക്കു മുകളിൽ ഇസ്രായേൽ നടത്തുന്ന അതിഭീകരമായ അധിനിവേശവും സായുധാക്രമണവും ചരിത്രത്തിൽ സമാനതകൾ കണ്ടത്താനാകാത്തതാണ്. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം ഒരു മറയാക്കി, തങ്ങൾ തുടർന്നുപോരുന്ന അധിനിവേശത്തെ അതിന്റെ ഏറ്റവും ഭീകരമായ തലത്തിലെത്തിച്ചിരിക്കുകയാണ് ഇസ്രായേൽ. ഇപ്പോൾ, 42 ദിവസത്തെ ആദ്യ ഘട്ട വെടിനിർത്തൽ ജനുവരി 19 മുതൽ നിലവിൽ വരികയാണെന്ന പ്രഖ്യാപനം വന്നിട്ടുണ്ട്.
ഒരു ദേശത്തെയും ജനതയെയും അവരുടെ കയ്യിൽ നിന്ന് തട്ടിയെടുക്കുക എന്ന കൊളോണിയൽ പദ്ധതിയുടെ സൃഷ്ടിയാണ് ഇസ്രായേൽ എന്ന രാജ്യം. തങ്ങൾക്ക് യാതൊരു അവകാശവുമില്ലാത്ത ഒരു ഭൂഭാഗത്തെയും അവിടുത്തെ ജനതയെയും കൊളോണിയൽ അധിനിവേശാധികാരമുപയോഗിച്ച് ഇല്ലാതാക്കുകയും അഭ്യാർത്ഥികളാക്കുകയും അവിടെ ഇസ്രായേൽ എന്നൊരു ജൂതരാഷ്ട്രം സൃഷ്ടിക്കുകയുമാണ് ബ്രിട്ടനും അമേരിക്കയും (യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക) അടക്കമുള്ള സാമ്രാജ്യത്വ ശക്തികൾ ചെയ്തത്. രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള ജൂതപ്രശ്നത്തിന്റെ രാഷ്ട്രീയവും ധാർമികവുമായ വലിയ പ്രതിസന്ധികളിൽനിന്നുമുള്ള മറികടക്കലിന് പലസ്തീൻ എന്നൊരു ദേശത്തെയും അവിടത്തെ ജനതയേയും ഇരകളാക്കുകയായിരുന്നു യൂറോപ്പും അമേരിക്കയും. തങ്ങൾക്ക് യാതൊരു ബന്ധവും പങ്കുമില്ലാത്തൊരു ചരിത്രപ്രശ്നത്തിന്റെ വിലകൊടുക്കേണ്ടി വന്നവരാണ് പലസ്തീനികൾ.

ഗാസ ആക്രമണം ലെബനനിലേക്കും വ്യാപിപ്പിച്ചു ഇസ്രായേൽ. ഇസ്രായേൽ വിരുദ്ധ സായുധ സംഘടനയായ ഹിസ്ബുള്ളയെ നിർവ്വീര്യമാക്കുക എന്ന ലക്ഷ്യം മാത്രമല്ല അതിലുണ്ടായിരുന്നത്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയാധികാരത്തിലെ നിർണ്ണായകമായൊരു സന്ധിയാണിതെന്ന് ഇസ്രായേൽ തിരിച്ചറിയുന്നതിന്റെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ അതിഭീകരമായ അധിനിവേശാക്രമണം. ആഭ്യന്തരവും ബാഹ്യവുമായ നിരവധി കാരണങ്ങൾക്കൊണ്ട് മുമ്പുള്ളതിനേക്കാളും ദുർബ്ബലമാണ് പശ്ചിമേഷ്യയിലെ ഇറാന്റെ തന്ത്രപരമായ സമ്മർദ്ദവും സ്വാധീനവും. ഇറാന്റെ ശക്തമായ പിന്തുണയിൽ നിന്നിരുന്ന ഹിസ്ബുള്ളയെ നേരിട്ട് ആക്രമിക്കുന്നതിലൂടെ ഇറാനെ ഇസ്രായേലുമായുള്ള പ്രത്യക്ഷ യുദ്ധത്തിലേക്ക് വലിച്ചിടാമെന്നുള്ള കണക്കുകൂട്ടലും ഇസ്രായേലിനുണ്ടായിരുന്നു. അതോടെ പശ്ചിമേഷ്യയിലെ സംഘർഷം ചേരിതിരിഞ്ഞുള്ളൊരു മഹായുദ്ധത്തിലേക്ക് കടക്കുമെന്നും അതിൽ അമേരിക്കയുടെയും യൂറോപ്പ്യൻ രാജ്യങ്ങളുടെയും ഇടപെടൽ അനിവാര്യമായുമുണ്ടാകുമെന്നും അവർ കരുതിയിട്ടുമുണ്ട്. എന്നാൽ പ്രതീകാത്മകമായ ചില മിസൈൽ ആക്രമണങ്ങളല്ലാതെ മറ്റൊരു തരത്തിലും പലസ്തീൻ, ഗാസ, ലെബനൻ, ഹിസ്ബുള്ള, ഇസ്രായേൽ സംഘർഷ പാരമ്പരയിലേക്ക് പ്രവേശിക്കാൻ ഇറാൻ തയ്യാറായിട്ടില്ല.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട വേദികളിൽ പ്രതിഷേധമുണ്ടാകുന്നുണ്ടെങ്കിലും അതൊന്നും മൂർത്തമായ രൂപത്തിലെത്താൻ പ്രാപ്തമല്ല.
സിറിയയിൽ നടന്ന അട്ടിമറിക്കുശേഷവും പശ്ചിമേഷ്യയിലെ ഈ പുതിയ ഭൗമരാഷ്ട്രീയാധികാരാവസ്ഥയെ തങ്ങളുടെ സൈനികബലം കൊണ്ട് ഊട്ടിയുറപ്പിക്കുകയാണ് ഇസ്രായേൽ ചെയ്യുന്നത്. സിറിയയിലെ ഔദ്യോഗിക സൈനിലെ കേന്ദ്രങ്ങൾ, ആയുധ സംഭരണശാലകൾ എന്നിവയ്ക്ക് നേരെയെല്ലാം കനത്ത വ്യോമാക്രമണം നടത്തിക്കൊണ്ടാണ് മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും തങ്ങളുടെ മേൽക്കൈ ഇസ്രായേൽ ബോധ്യപ്പെടുത്തിക്കൊടുക്കുന്നത്. സിറിയയിൽ അധികാരം പിടിച്ചെടുത്ത ഇസ്‌ലാമിക സായുധ സംഘം ഹയാത് താഹിർ അൽ ഷാം ഇസ്രയേലുമായി ഒരു സംഘർഷത്തിന് ആഗ്രഹിക്കുന്നില്ല. അതിനുള്ള സായുധമായ ബലമോ തന്ത്രപരമായ സന്നദ്ധതയോ അവർക്കില്ല. സിറിയയുടെ പുതിയ മേധാവി അബു മുഹമ്മദ് അൽ ജൊലാനി ഇസ്രയേലുമായി സംഘർഷത്തിനില്ല എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
അറബ് രാജ്യങ്ങൾ ഏതാണ്ടെല്ലാം ഇസ്രയേലിന്റെ ഗാസ വംശഹത്യക്ക് നേരെ കണ്ണടക്കുകയാണ്. പലസ്തീൻ പ്രശ്നത്തെയും പലസ്തീനികളുടെ ദേശീയ വിമോചന പോരാട്ടത്തെയും സമ്പന്ന അറബ് രാജ്യങ്ങൾ ഏതാണ്ട് തള്ളിക്കളഞ്ഞിരിക്കുന്നു. അബ്രഹാം ഉടമ്പടിയോടെ (2020) അമേരിക്കയുടെ വിശാല ഭൗമരാഷ്ട്രീയ താത്പര്യങ്ങൾക്കൊപ്പം ചേർന്ന് ഇസ്രായേലുമായി സാധാരണ നിലയിലുള്ള ബന്ധത്തിന് ഔദ്യോഗികമായിത്തന്നെ അറബ് രാജ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി തയ്യാറായി. ഇറാനെന്ന ശത്രുവിന്റെ പ്രിൽ സൗദി അറേബ്യയും ഇസ്രയേലുമായി തന്ത്രപരമായ സഹകരണമടക്കമുള്ള നിർണ്ണായക ബന്ധങ്ങളിൽ ഏർപ്പെടുന്നു. പലസ്തീൻ എന്നത് ലോകം അവഗണിക്കുന്ന പ്രശ്നമാവുകയാണ്.

അമേരിക്കൻ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ ഇസ്രയേലിനുള്ള സൈനിക സഹായവും അന്താരാഷ്ട്ര വേദികളിലെ പിന്തുണയും ഇരട്ടിയാകുമെന്ന് മാത്രമല്ല, ഇറാനെതിരായ നീക്കമെന്ന പേരിൽ പ്രത്യക്ഷത്തിലുള്ള പല സൈനിക ഇടപെടലുകളുടെ ഭീഷണിയും ഉയരുന്നുണ്ട്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട വേദികളിൽ പ്രതിഷേധമുണ്ടാകുന്നുണ്ടെങ്കിലും അതൊന്നും മൂർത്തമായ രൂപത്തിലെത്താൻ പ്രാപ്തമല്ല. ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങളെയും സെക്രട്ടറി ജനറലിന്റെ വിമർശനങ്ങളെയുമെല്ലാം കവലച്ചട്ടമ്പിയുടെ ഭാഷയിലാണ് ഇസ്രായേൽ തള്ളിക്കളയുന്നത്.
അമേരിക്കയും ഇന്ത്യയും തുർക്കിയും യൂറോപ്പിലെ പ്രബല രാജ്യങ്ങളുമെല്ലാം വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് കൂടുതൽ ചേർന്നുനിൽക്കുമ്പോൾ പലസ്തീൻ ജനതയുടെ വിമോചനപ്പോരാട്ടം ഇല്ലാതാക്കപ്പെടുക മാത്രമല്ല മാത്രമല്ല പലസ്തീൻ ജനതയുടെ വംശഹത്യ പ്രതിരോധങ്ങളില്ലാത്ത ദുരന്തമായി അരങ്ങേറുക കൂടിയാണ്.
മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനലിന്റെ പുതിയ റിപ്പോർട്ട് ഗാസയിലെ ഇസ്രായേൽ വംശഹത്യയുടെ ഭീകരത വെളിപ്പെടുത്തുന്നുണ്ട്. 14000-ത്തോളം കുട്ടികളടക്കം അരലക്ഷത്തോളം നിരായുധരും നിരപരാധികളുമായ പലസ്തീൻകാരെയാണ് ഗാസയിൽ 2023 ഒക്ടോബർ 7-നു ശേഷമുള്ള ആക്രമണത്തിൽ ഇസ്രായേൽ കൊന്നൊടുക്കിയത്. അഭയാർത്ഥി താവളങ്ങൾക്കും ആശുപത്രികൾക്കും നേരെയടക്കമുള്ള ആക്രമണങ്ങളിലൂടെ നിരവധി മനുഷ്യരാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ പരിക്കേറ്റ വേണ്ട ചികിത്സാസകാര്യങ്ങളില്ലാതെ നരകിക്കുന്ന. ലോകത്തിലെത്തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ഗാസയിൽ ദശലക്ഷക്കണക്കിനാളുകളാണ് ബോംബുകൾക്കും മിസൈലുകൾക്കും വെടിയുണ്ടകൾക്കും ഇടയിലൂടെ അക്ഷരാർത്ഥത്തിൽ തലങ്ങും വിലങ്ങും നിലവിളിച്ചുകൊണ്ടോടുന്നത്. ആധുനിക ലോകത്തിന്റെ ചരിത്രത്തിൽ ഇത്രയും ഭീകരമായൊരു വേട്ട ലോകത്തെ മുഴുവൻ കാഴ്ചക്കാരാക്കിനിർത്തി ഇതിനുമുമ്പ് നടന്നിട്ടില്ല.
ഗാസയിലെയും വെസ്റ്റ് ബാങ്കിലേയുമൊക്കെ ഇസ്രായേൽ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അന്താരാഷ്ട്ര നിയമ കോടതി (International Court of Justice -ICJ) ഗാസ ആക്രമണത്തിന് ശേഷം വിധിച്ചു. അന്താരാഷ്ട്ര നിയമങ്ങളൊന്നും അമേരിക്കക്കും ഇസ്രയേലിനും ബാധകമല്ല എന്ന് ആർക്കാണറിയാത്തത്.

ഗാസ ആക്രമണം തുടങ്ങി ഒരു വർഷത്തിലേറെ കഴിയുമ്പോഴും ദശലക്ഷക്കണക്കിനു മനുഷ്യരെ ഭൂമിയിലെ നരകമുണ്ടാക്കി അതിലിട്ട് ആക്രമിക്കുക എന്നതല്ലാതെ ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരിൽ മിക്കവരെയും മോചിപ്പിക്കാനോ ഹമാസിന്റെ ഭൂഗർഭ തുരങ്ക താവളങ്ങളുടെ ശൃംഖല ഇല്ലാതാക്കാനോ ഒന്നും ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. വാസ്തവത്തിൽ അതൊന്നും അവരുടെ ഇപ്പോഴത്തെ ലക്ഷ്യവുമല്ല. പലസ്തീൻ ജനതയുടെ ദേശീയ വിമോചന സമരത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കാനും പലസ്തീൻ പ്രശനത്തിലെ അന്താരാഷ്ട്ര ഇടപെടലുകൾ അപ്രസക്തമാക്കാനും പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക, ഭൗമ രാഷ്ട്രീയാധിപത്യം ഉറപ്പിച്ചെടുക്കാനുമുള്ള ഇസ്രയേലിന്റെയും അവർക്കൊപ്പമുള്ള അമേരിക്കയുടെയും നീക്കത്തിന്റെ ഭാഗമാണ് ഈ ആക്രമണം. അമേരിക്കയും ഇന്ത്യയും തുർക്കിയും യൂറോപ്പിലെ പ്രബല രാജ്യങ്ങളുമെല്ലാം വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് കൂടുതൽ ചേർന്നുനിൽക്കുമ്പോൾ പലസ്തീൻ ജനതയുടെ വിമോചനപ്പോരാട്ടം ഇല്ലാതാക്കപ്പെടുക മാത്രമല്ല മാത്രമല്ല പലസ്തീൻ ജനതയുടെ വംശഹത്യ പ്രതിരോധങ്ങളില്ലാത്ത ദുരന്തമായി അരങ്ങേറുക കൂടിയാണ്.
ഈ പശ്ചാത്തലത്തിൽക്കൂടിയാണ് പലസ്തീൻ വിഷയത്തിൽ ലോകത്തെ ഏറ്റവും ശക്തവും ആധികാരികവുമായ ശബ്ധങ്ങളിലൊന്നായ ചരിത്രകാരനായ ഇലാൻ പാപ്പെയുമായി 2011-ൽ നടത്തിയ അഭിമുഖം (Ilan Pappe/ Pramod Puzhankara) പ്രസക്തമാകുന്നത്. Ten Myths About Israel (2017), The Ethnic Cleansing of Palestine (2006), The Modern Middle East (2005), A History of Modern Palestine: One Land, Two Peoples (2003), Britain and the Arab-Israeli Conflict (1988) എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് പാപ്പെ. ഇസ്രായേൽ എന്ന രാജ്യം എങ്ങനെയാണ് ഒരു കൊളോണിയൽ സൃഷ്ടിയാകുന്നതെന്നും എന്തുകൊണ്ട് പലസ്തീൻ എന്ന ഒരൊറ്റ രാജ്യമുണ്ടാകേണ്ടതുണ്ടെന്നും ചരിത്രപരമായ കൃത്യതയോടെ പാപ്പെ വാദിക്കുന്നു. അതിന്റെ പേരിൽ ഇസ്രായേൽ ഭരണകൂടത്തിന്റ വേട്ട നേരിട്ട അദ്ദേഹത്തിന് നാടുവിടേണ്ടിവന്നു. ഇപ്പോൾ ബ്രിട്ടനിലെ University of Exeter-ൽ അദ്ധ്യാപകനാണ് ഇലാൻ പാപ്പ.

പ്രമോദ് പുഴങ്കര: ഇസ്രായേലിലെ വേറിട്ട ശബ്ദമാണ് താങ്കളുടേത്. പലസ്തീൻ വിഷയത്തിൽ, ഇസ്രായേലിൽ കേൾക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഒന്ന്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദിക്കട്ടെ, ഇസ്രായേലിലെ പൗരസമൂഹത്തിന്റെ ഒരവസ്ഥയെന്താണ്.
ഇലാൻ പാപ്പെ: ഇസ്രായേൽ സമൂഹത്തിന്റെ ഒരു അടിസ്ഥാനഘടനയെ ഓർമ്മിപ്പിച്ചുകൊണ്ട് തുടങ്ങാം. ഇസ്രായേൽ പ്രധാനമായും രണ്ട് സമൂഹങ്ങൾ അടങ്ങിയതാണ്. ഒന്ന്, ഭൂരിപക്ഷം വരുന്ന ജൂതസമൂഹവും മറ്റൊന്ന് ന്യൂനപക്ഷമായ പലസ്തീൻകാരായ മുസ്‍ലിം സമൂഹവും. ഭൂരിപക്ഷ ജൂതസമൂഹത്തിൽ സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം വളരെ വലുതാണ്. മുഴുവൻ ജൂതസമൂഹത്തിലും എന്ന് ഞാൻ പറയില്ല. എന്നാലും മഹാഭൂരിപക്ഷത്തിന്റേയും ഇടയിൽ. ഈ സയണിസത്തിന്റെ കണ്ണുകളിലൂടെയാണ് അവർ കാര്യങ്ങളെ നോക്കിക്കാണുന്നത്. ഇസ്രായേൽ ജൂതർക്ക് അവകാശപ്പെട്ടതാണെന്ന് അവർ കരുതുന്നു. പലസ്തീൻകാർ ജന്മനാട്ടിൽ വിദേശികളാണെന്ന് കണക്കാക്കുന്നു. തീർത്തും ശത്രുതാപരമായി ഒരിടത്ത് നിലനിൽക്കുന്നതിന് സാധ്യമായ എന്തുമാർഗവും ഉപയോഗിക്കാമെന്നും അവർ വിശ്വസിക്കുന്നു.
ഇതിൽ 1948 എന്ന വർഷത്തിന് വലിയ പങ്കും പ്രാധാന്യവുമുണ്ട്. ഇന്ത്യക്ക് 1947 എന്നതുപോലെ ഇസ്രായേലിനേയും പലസ്തീനേയും സംബന്ധിച്ച് 1948 വളരെ പ്രധാനപ്പെട്ട ഒരു വർഷമാണ്. അന്നാണ് ഇസ്രായേൽ സ്ഥാപിക്കപ്പെട്ടത്. സയണിസ്റ്റ് കാഴ്ചപ്പാടനുസരിച്ച് ഇസ്രായേലായി മാറിയ പലസ്തീനിൽ താമസിച്ചിരുന്ന പലസ്തീൻകാരൊക്കെ സ്വന്തം ഇഷ്ടപ്രകാരം അവിടം വിട്ടുപോയതാണ്. അതുകൊണ്ടാണ് പലസ്തീൻ അഭയാർത്ഥി പ്രശ്നത്തെ അവർ പരിഗണിക്കാത്തത്. ശത്രുതാ മനോഭാവം പുലർത്തുന്ന അറബ് ലോകത്ത് തങ്ങൾക്ക് നിലനിൽക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് അവർ പറയുന്നു, ഞാനിത് പരാമർശിച്ചതിനു കാരണം, അപ്പോഴാണ് അവകാശങ്ങൾ വിഷയമാകുന്നത്. ഞാൻ, ഇസ്രായേലിൽ ജനിച്ച ഒരു പ്രൊഫഷണൽ ചരിത്രകാരനാണ്. എന്റെ ചരിത്രപഠനങ്ങളിലൂടെ എനിക്ക് ബോദ്ധ്യപ്പെട്ടത്, ഈ കഥ യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല എന്നാണ്.

ഏറെ മുൻപ്, 1980-കളുടെ ആദ്യ കാലത്ത് ഞാനെഴുതിയ ഒരു പുസ്തകത്തിൽ ഞാനീ കഥയെ വെല്ലുവിളിച്ചു. 1948-ൽ വളരെ ആസൂത്രിതവും, വ്യവസ്ഥാപിതവുമായി ഇസ്രായേൽ, പലസ്തീൻകാരെ പുറന്തള്ളുകയായിരുന്നു. പ്രശ്നങ്ങളുടെ വേരുകൾ കിടക്കുന്നതും ഇതിലാണ്. ഈ ഒരു കാഴ്ചപ്പാട് ഇസ്രായേലിൽ ഉണ്ടാകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നതും. ഞാനൊരു പുസ്തകത്തിൽ 1948-ൽ മാത്രമല്ല, സയണിസം എന്ന പ്രതിഭാസത്തെ തന്നെ മുഴുവനായി കണക്കിലെടുക്കുകയോ, അനാവരണം ചെയ്യുകയോ ചെയ്തു. സയണിസത്തിന്റെ ഒരു കടുത്ത വിമർശനമാണ് ഞാനെഴുതിയത്. സമാധാനത്തിനുള്ള പ്രധാന തടസം അതാണെന്ന് ഞാൻ അഭിപ്രായപ്പെട്ടു. തദ്ദേശീയരായ അറബ്, പലസ്തീൻ ജനതയേക്കാളും മുകളിലായി, കൂടുതൽ ഉത്തമരായ ജനവിഭാഗമായി തങ്ങളെ (ജൂതരെ) പ്രതിഷ്‌ഠിക്കുന്ന കാഴ്‌ചപ്പാടാണ് പ്രധാന തടസം. എന്നാൽ, എന്റേത് സ്വാഭാവികമായും ഭൂരിപക്ഷ ജൂതർക്കിടയിലെ ഒരു ഒറ്റപ്പെട്ട അഭിപ്രായമായിരുന്നു. പലസ്തീൻകാർക്കിടയിൽ ഈ അഭിപ്രായം ഉണ്ടാകുമെങ്കിലും, ജൂത സമുദായത്തിനുള്ളിൽ അതല്ലായിരുന്നു അവസ്ഥ. എന്നാൽ, ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. ഇരുപത് കൊല്ലം മുൻപ് ഞാനെഴുതുമ്പോൾ വിരലിലെണ്ണാവുന്നത്ര ജൂത വിമതശബ്ദങ്ങളെ ഉണ്ടായിരുന്നുള്ളൂ. എനിക്കവരുടെ പേരു പറയാവുന്നത് ഇപ്പോഴും ചെറിയൊരു ന്യൂനപക്ഷം മാത്രമാണത്.
ഇസ്രായേലിലെ ജൂതസമൂഹം മാത്രമല്ല, പൊതുവെ പാശ്ചാത്യസമൂഹം, പലസ്തീൻ പ്രശ്നത്തെ, അതിന്റെ ചരിത്രപരതയെ കണ്ടില്ലെന്നു നടിക്കുന്നു എന്നു മാത്രമല്ല, അതിലെ പ്രത്യയശാസ്ത്രത്തെ നിരാകരിക്കുക കൂടി ചെയ്യുന്നു
പലസ്തീൻ പ്രശ്നത്തിന്റെ ആഖ്യാനങ്ങളെ അതിന്റെ ചരിത്രപരതയിൽ നിന്നും, പ്രത്യയശാസ്ത്രത്തിൽനിന്നും വേർപെടുത്തി അവതരിപ്പിക്കാനുള്ള ഒരു പ്രവണത, ഒരു തന്ത്രം ഇസ്രായേൽ അനുകൂല ആഖ്യാതാക്കൾ പ്രകടിപ്പിക്കാറുണ്ട്. എങ്ങനെയാണതിനെ നേരിടുന്നത്?
ശരിയാണ്. ഇസ്രായേലിലെ ജൂതസമൂഹം മാത്രമല്ല, പൊതുവെ പാശ്ചാത്യസമൂഹം, പലസ്തീൻ പ്രശ്നത്തെ, അതിന്റെ ചരിത്രപരതയെ കണ്ടില്ലെന്നു നടിക്കുന്നു എന്നു മാത്രമല്ല, അതിലെ പ്രത്യയശാസ്ത്രത്തെ നിരാകരിക്കുക കൂടി ചെയ്യുന്നു. ഇപ്പോഴത്തെ, സമാധാന ചർച്ചകൾ നോക്കുക. നിങ്ങൾ രോഗലക്ഷണങ്ങളെയാണ് ചികിത്സിക്കുന്നതെങ്കിൽ, നിങ്ങൾക്ക് രോഗം ഭേദമാക്കാൻ കഴിയില്ല. ഇതേപോലെ, സയണിസം എന്ന വിഷയത്തെ, കൊളോണിയൽ പ്രസ്ഥാനത്തെ കൈകാര്യം ചെയ്യാതെ, അഭിമുഖീകരിക്കാതെ, അതും യൂറോപ്പിലൊരിടത്തും കൊളോണിയൽ മുന്നേറ്റങ്ങൾ ഇല്ലാത്ത ഈ കാലത്ത്- പലസ്തീൻ പ്രശ്നത്തെ നേരിടാനാവില്ല. ഈ സയണിസമാണ് സ്വന്തമല്ലാത്ത തങ്ങൾക്കവകാശമില്ലാത്ത, ഒരു പ്രദേശത്ത് കടന്നുചെന്ന് 1948-ൽ അവിടുത്തെ, പാതിയോളം പ്രദേശവാസികളെ പുറത്താക്കിയത്. നിങ്ങളതിനെ കണക്കിലെടുക്കുന്നില്ലെങ്കിൽ, നിങ്ങളതിനെ ന്യായീകരിക്കുകകൂടി ചെയ്താൽ പിന്നെങ്ങനെയാണ് ആ പ്രശ്നം പരിഹരിക്കുക? മാത്രമല്ല, നിങ്ങൾക്ക് സംഘർഷമെന്താണെന്ന് പിടികിട്ടിയിട്ടില്ല എന്നതുകൂടിയാണ് അത് കാണിക്കുന്നത്.

ഈ ചരിത്രത്തിലെ ഒരു കുഴപ്പമെന്താണെന്നുവച്ചാൽ (1948-ലെ കയ്യേറൽ) തിരിച്ചറിയാത്തതായി നടിക്കുമ്പോൾ 1948 മുതൽ ഇങ്ങോട്ട് ഇസ്രായേൽ ഈ കോളനിവത്കരണം തുടരുകയാണ് എന്നതാണ്. ഇതാണ് ഞാൻ ആളുകളോട് വിശദീകരിക്കുന്നത്. 1948-ൽ ചെയ്തതിനെ ഇസ്രായേലുകാർ ഏറ്റുപറയുന്നുണ്ടോ എന്നതുമാത്രമല്ല പ്രശ്നം. അതിനുശേഷവും നിർബാധം തുടരുന്ന, മറ്റുള്ളവരുടെ ഭൂമി കയ്യേറുന്ന നടപടി; കോളനിവത്കരണം, അവർ അവസാനിപ്പിക്കുമോ എന്നതുകൂടിയാണ്.
മുഖ്യധാരാ മാധ്യമങ്ങളഉം പണ്ഡിത ലോകവും, നയതന്ത്രജ്ഞരും നടത്തുന്ന വിശകലനങ്ങളിൽ പ്രത്യയശാസ്ത്രത്തിന്റെ അസാന്നിധ്യവും കാണാം. പ്രത്യയശാസ്ത്രം മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്. കാരണം, രാഷ്ട്രീയത്തിന്റെ പ്രധാന തന്ത്രങ്ങളിലൊന്ന് ഈ പ്രത്യയശാസ്ത്രമാണ്. അപ്പോൾ ആ രാഷ്ട്രീയം മനസ്സിലായില്ലെങ്കിൽ പ്രത്യയശാസ്ത്രത്തേയും മനസ്സിലാക്കാനാവില്ല.
അമേരിക്ക ടെൽ- അവീവിൽ ബോംബിടുന്നതോ, ബ്രിട്ടൻ ഇസ്രായേലിനെ ആക്രമിക്കുന്നതിന്റെയോ ഒന്നും ചോദ്യമേ ഉയരുന്നില്ല. ഇത് ചോദ്യത്തിന് അപ്പുറമാവുന്നത് അവർക്കൊരു ജനാധിപത്യ മുഖംമൂടിയുള്ള തുകൊണ്ടുകൂടിയാണ്.
ലോകത്ത് ഇസ്രായേലിന് മുൻഗണന ലഭിക്കുന്ന തരത്തിൽ ഒരു പരിഗണന കിട്ടുന്നതിന്, അല്ലെങ്കിൽ ഇറാക്കിനേയോ, അഫ്ഗാനിസ്ഥാനേയോ പോലെ ഇസ്രായേൽ കൈകാര്യം ചെയ്യപ്പെടാത്തതിന്- അവർ ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളേയും, അന്താരാഷ്ട്ര നിയമങ്ങളേയും നഗ്നമായി ലംഘിച്ചാലും- ഒരു കാരണം അവരുടെ ജനാധിപത്യ മുഖംമൂടിയാണ്. ജനാധിപത്യ ലോകം പറയുന്നത്, ഇവർ ഞങ്ങളുടെ കൂട്ടത്തിൽപ്പെട്ടവരാണെന്നാണ്. അതുകൊണ്ട്, ഇറാക്കിനെയോ അഫ്ഗാനിസ്ഥാനെയോ നേരിട്ട രീതിയിൽ ഇവരോട് (ഇസ്രായേലിനോട്) ഇടപെടാനാവില്ല. അതുകൊണ്ടുതന്നെ അമേരിക്ക ടെൽ- അവീവിൽ ബോംബിടുന്നതോ, ബ്രിട്ടൻ ഇസ്രായേലിനെ ആക്രമിക്കുന്നതിന്റെയോ ഒന്നും ചോദ്യമേ ഉയരുന്നില്ല. ഇത് ചോദ്യത്തിന് അപ്പുറമാവുന്നത് അവർക്കൊരു ജനാധിപത്യ മുഖംമൂടിയുള്ള തുകൊണ്ടുകൂടിയാണ്.

ഇസ്രായേലിന്റെ പ്രത്യയശാസ്ത്രം നോക്കിയാൽ. അതൊരു രഹസ്യ അജണ്ടയൊന്നുമല്ല. പരസ്യമായി പ്രഖ്യാപിച്ച പ്രത്യയശാസ്ത്രമാണ്. മറ്റേതെങ്കിലും രാജ്യമായിരുന്നു ഇത് ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രമായി സ്വീകരിച്ചതെങ്കിൽ ആ ഭരണകൂടത്തെ ഒരു വർണ്ണവെറിയൻ ഭരണകൂടമായി പ്രഖ്യാപിച്ചേനെ. അപ്പാർത്തീഡ് കാലത്തെ ദക്ഷിണാഫ്രിക്കയെപ്പോലെ ജൂതന്മാർക്ക് മാത്രമാണ് എല്ലാ അവകാശങ്ങളും ലഭിക്കുന്നത്. മറ്റുള്ളവർ കുടിയേറ്റക്കാരല്ല. അവിടുത്തെ യഥാർത്ഥ നിവാസികളായാലും രണ്ടാം കിട പൗരന്മാരായാണ് കണക്കാക്കപ്പെടുന്നത്. വളരെ വിജയകരമായിത്തന്നെ ഇത് പ്രചരിപ്പിക്കുന്നതിൽ അവർ സമർത്ഥരാണ്. ഒരു കുട്ടിയായിരുന്നപ്പോഴും, ഏതാണ്ട് മുതിർന്നപ്പോഴും, ഞാനും ഈ ഇസ്രായേൽ പ്രചാരണം തന്നെയാണ് വിശ്വസിച്ചിരുന്നത്; പിന്നീട് ഇതിന്റെ യഥാർത്ഥമുഖം തിരിച്ചറിയുന്നതുവരെ. ഇതൊരു നൂറുകൊല്ലം മുൻപുള്ള കാര്യമല്ല, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. ഇന്ത്യയിലെയൊക്കെ ജനങ്ങൾ ഇത് തിരിച്ചറിയണം, അവിടെ എന്താണ് നടക്കുന്നതെന്ന്. 1948- മുതൽ ഇതാണ് ശക്തമായി നടക്കുന്നത്.
1948-ന്റെ കാര്യമെടുക്കാം. ആ കാലഘട്ടം എന്നു പറയുന്നത്. ലോകമാകെ, ദേശീയ വിമോചന പ്രസ്ഥാനങ്ങൾ ശക്തിയാർജിക്കുകയും, ദേശീയതയുടെയും, വിമോചനത്തിന്റെയും സമരങ്ങൾ അതിരൂക്ഷമാവുകയും ഇന്ത്യയടക്കമുള്ള ഒരുപാട് രാഷ്ട്രങ്ങൾ കൊളോണിയൽ ഭരണത്തിന്റെ നുകങ്ങളിൽനിന്ന് വിമോചിതരായി മാറുകയും ചെയ്ത കാലമാണ്. ദേശീയ വിമോചന സമരനേതാക്കൾ ലോകനേതാക്കന്മാരുടെ തലത്തിലേക്കുയർന്ന ഒരു സമയം. എന്നാൽ, ഇസ്രായേൽ ഇതിനൊരപവാദമായി മാറി. എങ്ങനെയാണത് സംഭവിച്ചത്?
ഞാനതിനെ രണ്ട് വശങ്ങൾ വ്യക്തമാക്കിക്കൊണ്ട് സമീപിക്കാം. പലസ്തീൻ വിമോചനപ്പോരാട്ട സമരത്തിന്റെ ആ കാലത്തുതന്നെയാണ് അൾജീരിയയിലെ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളും ശക്തമാകുന്നത്. അൾജീരിയയിലെ ഫ്രഞ്ച് കുടിയേറ്റക്കാരിൽ മിക്കവരും അൾജീരിയയെ ഫ്രാൻസിന്റെ തന്നെ ഒരു ഭാഗമായിട്ടാണ് കണക്കാക്കിയിരുന്നത്. 1930-40 കളിലായി മിക്ക അറബ് രാജ്യങ്ങളും കൊളോണിയൽ ഭരണത്തിൽനിന്നും മുക്തരായിട്ടും അൾജീരിയ വിമോചിതമാകാത്തതിന്റെ കാരണം ഇതുകൂടിയാണ്. ഫ്രാൻസിലെ ജനങ്ങളും ഇങ്ങനെയാണ് അൾജീരിയയെ കണ്ടിരുന്നത്.
ഇസ്രായേലിന്റെ പ്രത്യയശാസ്ത്രം നോക്കിയാൽ. അതൊരു രഹസ്യ അജണ്ടയൊന്നുമല്ല. പരസ്യമായി പ്രഖ്യാപിച്ച പ്രത്യയശാസ്ത്രമാണ്. മറ്റേതെങ്കിലും രാജ്യമായിരുന്നു ഇത് ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രമായി സ്വീകരിച്ചതെങ്കിൽ ആ ഭരണകൂടത്തെ ഒരു വർണ്ണവെറിയൻ ഭരണകൂടമായി പ്രഖ്യാപിച്ചേനെ
കുടിയേറ്റ കൊളോണിയലിസം എന്ന് താങ്കളതിനെ വിളിക്കുന്നുണ്ട്.
അതെ, കുടിയേറ്റ കൊളോണിയലിസം. അൾജീരിയയുടെ സ്വാതന്ത്ര്യത്തിന്റെ സമയത്ത്, ലോകം അവരോട്, പകുതി അൾജീരിയ അൾജീരിയക്കാർക്കും, മറ്റേ പകുതി ഫ്രഞ്ച് കുടിയേറ്റക്കാർക്കും എന്ന നിർദ്ദേശം വച്ചില്ല. ആരും അങ്ങനെ ചിന്തിച്ചുപോലുമില്ല. അങ്ങനെയാണ് ഫ്രഞ്ചുകാർ പോയത്. ഇവിടെയും പലസ്തീൻ വിമോചന മുന്നേറ്റവും, കുടിയേറ്റക്കാരും ജൂത കുടിയേറ്റക്കാരും ഉണ്ടായിരുന്നു. ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം പലസ്തീൻകാരോട് പറഞ്ഞത്, ‘ഞങ്ങൾ ഈ പ്രശ്നത്തിന് ഒരു പരിഹാരം നിർദ്ദേശിക്കുന്നു. പകുതി പലസ്തീൻ കുടിയേറ്റക്കാർക്കും (അവർ ജനസംഖ്യയുടെ മൂന്നിലൊന്നോളം മാത്രമേ ഉള്ളു എങ്കിൽപ്പോലും) മറുപകുതി പലസ്തീൻകാർക്കും’. സ്വാഭാവികമായും പലസ്തീൻ വിമോചനമുന്നേറ്റം, പലസ്തീൻകാർ ഈ നിർദ്ദേശം തള്ളിക്കളഞ്ഞു. ഉടനെ പലസ്തീൻകാരെ യുദ്ധവെറിയന്മാരായി മുദ്രകുത്തുകയാണ് ചെയ്തത്. ഇന്നും ആവശ്യപ്പെടുന്നത് ഇത്തരം വിഭജനം അംഗീകരിക്കാനാണ്. ഇതാണ് ആദ്യത്തെ വശം. രണ്ടാമത്തേത് എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്നാണ്?
ഇത് മനസ്സിലാക്കണമെങ്കിൽ ജൂതവംശഹത്യയുടെ ആഘാതം (ഇന്ത്യ അതിൽ നിന്ന് വളരെ ദൂരെയാണ്) എന്തായിരുന്നു എന്ന്, അത് യൂറോപ്പിനേയും, അമേരിക്കയേയും എങ്ങനെ ബാധിച്ചുവെന്ന് മനസ്സിലാക്കണം. ഇതെല്ലാം സംഭവിച്ചത് ഹൊളോകോസ്റ്റിന് കേവലം മൂന്ന് വർഷങ്ങൾക്കുശേഷമാണ്. തീർച്ചയായും, അതിലെ പ്രധാന കുറ്റവാളി ജർമ്മൻ ഭരണകൂടമായിരുന്നു, തർക്കമില്ലാത്ത കാര്യം. എന്നിരുന്നാലും ജൂതവിവേചനത്തിൽ ഒരു പങ്കുവഹിച്ച യൂറോപ്യൻ രാജ്യങ്ങളും, ഇതിനെതിരെ സാധ്യമായതൊന്നും ചെയ്യാതിരുന്ന അമേരിക്കയും കാര്യമായി ഒന്നും ചെയ്യാൻ സാധ്യമല്ലാതിരുന്ന മറ്റ് രാഷ്ട്രങ്ങളെപ്പോലെയല്ല.

പലസ്തീൻകാരുടെ ആവശ്യങ്ങളെ നിരാകരിച്ചാൽ, വംശഹത്യയുടെ കറ മായ്ച്ചുകളയാമെന്നും അത് വിസ്മൃതിയിൽ പോകുമെന്നും അവർക്ക് മാപ്പുനൽകുമെന്നും കരുതി. ജർമ്മനിയെ സാധാരണഗതിയിലേക്ക് മടക്കിക്കൊണ്ടുവരാൻ യൂറോപ്യൻ രാജ്യങ്ങൾ എത്രമാത്രം ഉത്സുകരായിരുന്നു എന്നുകൂടി മനസ്സിലാക്കണം. ജൂതന്മാരോട് ക്രൂരതകൾ കാണിച്ച ജർമനി മറ്റൊന്നായിരുന്നു എന്നും. ഇതൊരു പുതിയ ജർമനിയാണെന്നും ഇതിനെ സാധാരണ നിലയിലാക്കാൻ ഒന്നിക്കണമെന്നുമൊക്കെ ലോകത്തെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു യൂറോപ്പ്. യൂറോപ്പിന്റെ ഈ ആഗ്രഹത്തിന്റെ വില കൊടുക്കാൻ നിശ്ചയിക്കപ്പെട്ടത് പലസ്തീൻകാരാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് അവർ (യൂറോപ്പ്) ചെയ്ത കൊടുംക്രൂരതകളുടെ വില നൽകാൻ നിശ്ചയിക്കപ്പെട്ടവർ. അപ്പോൾ അന്താരാഷ്ട്ര സമൂഹത്തിന് ജർമ്മനിയെ സാധാരണനിലയിൽ സ്വീകരിക്കാൻ എളുപ്പമാകും. ഇതല്ലാതെ മറ്റൊരു ന്യായവും ഉണ്ടായിരുന്നില്ല.
‘‘പലസ്തീൻകാർ പറയുന്നത്. 'ശരി ആരൊക്കെയാണോ ഇവിടുള്ളത് അവർ അവിടെ താമസിക്കട്ടെ. എന്നാൽ, തുല്യതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഒരു രാഷ്ട്രത്തിൽ (പലസ്തീൻ) ആയിരിക്കണം അത്. വളരെ സങ്കീർണ്ണമായ ഒരു പ്രശ്നം പരിഹരിക്കുന്നതിനുള്ള മാർഗ്ഗമാണ്’’.
ഞാൻ ഐക്യരാഷ്ട്രസഭ രേഖാശേഖരത്തിൽ പരതിനോക്കി. എല്ലാവരുടേയും അഭിപ്രായം ഇതൊരു കൊളോണിയൽ അവസ്ഥയാണ്, ഇതുമാറി ഒരു പലസ്തീൻ രാഷ്ട്രമുണ്ടാകണം, ഭാഗ്യവശാൽ ജൂതകുടിയേറ്റക്കാരെ പലസ്തീൻ രാഷ്ട്രത്തിലെ പൗരന്മാരായി ഉൾക്കൊള്ളാൻ പലസ്തീൻകാർ തയ്യാറാണ്, ഐക്യരാഷ്ട്രസഭ അതിനെ പിന്തുണയ്ക്കണം എന്നാണ്. പെട്ടെന്നാണ് അമേരിക്കയും, ബ്രിട്ടനും രംഗപ്രവേശം ചെയ്യുന്നത്. അവർ ഇടപെട്ടു. ‘നിൽക്കൂ. ഇതിങ്ങനെയല്ല തീരുമാനിക്കേണ്ടത്. ഇത് യൂറോപ്പിലെ ജൂത പ്രശ്നത്തിനുള്ള ഒരു പരിഹാരം കൂടിയാണ്. പലസ്തീൻകാരുടെ അവകാശങ്ങളെപ്പറ്റിയൊക്കെ മറന്നേക്കൂ’- അവർ (അമേരിക്കയും ബ്രിട്ടനും) വളരെ പരസ്യമായാണ് ഇത് ചെയ്തത്. അവരതിനെ തിരിച്ചുവിട്ടു. അതുകൊണ്ടാണ് ഞാൻ പറയുന്നത് നമുക്ക് കാലത്തെ പിറകോട്ട് കൊണ്ടുപോകാനാവില്ല. പലസ്തീൻകാരും അതുതന്നെയാണ് പറയുന്നത്. അവരൊരിക്കലും ആവശ്യപ്പെടുന്നില്ല. ജൂതന്മാരൊക്കെ, റുമാനിയയിലേക്കോ, ഇന്ത്യയിലേക്കോ, എവിടുന്നാണോ വന്നത് അവിടേക്ക് മടങ്ങിപ്പോകണമെന്ന്. ആരും അങ്ങനെ ആവശ്യപ്പെടുന്നില്ല. വിമോചന മുന്നേറ്റങ്ങൾ അന്നത്തെ കാലത്തുപോലും അങ്ങനെ ആവശ്യപ്പെട്ടിരുന്നില്ല. പലസ്തീൻകാർ പറയുന്നത്. 'ശരി ആരൊക്കെയാണോ ഇവിടുള്ളത് അവർ അവിടെ താമസിക്കട്ടെ. എന്നാൽ, തുല്യതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഒരു രാഷ്ട്രത്തിൽ (പലസ്തീൻ) ആയിരിക്കണം അത്. വളരെ സങ്കീർണ്ണമായ ഒരു പ്രശ്നം പരിഹരിക്കുന്നതിനുള്ള മാർഗ്ഗമാണ്.
എന്തുകൊണ്ടാണ് ഇസ്രായേൽ ഇത്തരം ഒരു പരിഹാരനിർദ്ദേശം സ്വീകരിക്കാത്തത് എന്ന് നമുക്ക് കുറെയൊക്കെ അറിയാമെങ്കിലും, വംശമേന്മയെ കൂടാതെ എന്ത് കാരണങ്ങളാണ് ഇതിന്റെ പിന്നിൽ? ജൂതന്മാർ വംശമേന്മയുടെ പേരിൽ ഇങ്ങനെ പറയുന്നു എന്ന ചരിത്രവൈരുദ്ധ്യം കൂടി കൂട്ടിച്ചേർക്കേണ്ടിയിരിക്കുന്നു.
പീഡിപ്പിക്കപ്പെട്ട കുട്ടി പീഡകനായി മാറുംപോലെ, അല്ലെങ്കിൽ ഇര വേട്ടക്കാരനായി മാറുംപോലെ. മറ്റ് പല കാരണങ്ങളുമുണ്ട്. എന്നാൽ, അടിസ്ഥാനപരമായുള്ള ഒരു കാരണം ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുക എന്നതുതന്നെയാണ്. നീണ്ട അറുപത് വർഷത്തെ ചെറുത്തുനിൽപ്പുകൾ ഒരു ശരാശരി ജൂതനെ വംശവെറിയൻ മാത്രമല്ല ഭയചകിതൻ കൂടി ആക്കിയിരിക്കുന്നു. അറുപത് ശതമാനത്തോളം വരുന്ന അറബ് ജനത തങ്ങളെ വിഴുങ്ങുമെന്നാണ് അവർ ഭയക്കുന്നത്. അവരൊരിക്കലും അറബ് ജനതയുമായി, പലസ്തീൻകാരുമായി ഇടപഴകുന്നതേയില്ല. ഇരുവിഭാഗം കുട്ടികളുമുള്ള ഒരു കിൻ്റർഗാർട്ടനിൽ പോയാലറിയാം- നിർഭാഗ്യവശാൽ അത്തരമൊന്നവിടെയില്ല- ഈ വ്യത്യാസങ്ങൾ എത്ര അസംബന്ധമാണെന്ന്. ഞാനും എന്റെ ഭാര്യയും അത്തരമൊന്ന് തുടങ്ങിയിരുന്നു. ഒരു അറബ് കുട്ടിയും, ജൂതകുട്ടിയും തമ്മിൽ തിരിച്ചറിയാൻ പോലുമാവില്ല.

അവിടേയ്ക്ക് കുട്ടികളെ അയയ്ക്കാൻ ജൂതമാതാപിതാക്കൾ തയ്യാറായോ?
വളരെ വളരെ കുറച്ചുവരുന്ന ഒരു വിഭാഗം തയ്യാറായി. ഞാൻ തുടക്കത്തിൽ പറഞ്ഞതുപോലെ, ഇസ്രായേലിലെ വളരെ ചെറിയൊരു വിഭാഗം ജൂതർ മാറിചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ ഭൂവിഭാഗം ഇസ്രായേലുകാരും, പലസ്തീനികളും പങ്കിടേണ്ടതാണെന്നും, ഒരുമിച്ച് ജീവിക്കണമെന്നും അവർ കരുതുന്നു. നിർഭാഗ്യവശാൽ വളരെ ചെറിയൊരു വിഭാഗമാണത്.
അതിന്റെ ആരംഭം തൊട്ട് ഏതെങ്കിലും ഒരു സമയത്ത് സയണിസ്റ്റ് പ്രസ്ഥാനത്തെ സ്വത്വരാഷ്ട്രീയവുമായി, അത്തരം യഥാർത്ഥമായ സ്വത്വപ്രതിസന്ധികളുമായി ബന്ധപ്പെടുത്താമോ?
കഴിയും. നമ്മൾ സങ്കീർണ്ണമായ മേഖലകളിലേക്ക് കടന്നിരിക്കുന്നു. സയണിസ്റ്റ് പ്രസ്ഥാനം എന്റെ നിഗമനത്തിൽ, വളരെ നല്ല രീതിയിലുള്ള ഒന്നായിരുന്നു. ആളുകൾ പലപ്പോഴും അത് മറക്കുന്നുണ്ട്. സയണിസം ഉണ്ടായത് പലസ്തീനിലല്ല, യൂറോപ്പിലാണ്. അവിടെ ജൂതർ പല രീതിയിലും വേട്ടയാടപ്പെടുകയും വിവേചനങ്ങൾക്ക് വിധേയരാക്കപ്പെടുകയും ചെയ്തിരുന്നു. ഏറെ ഭീതിദമായ പലതിനും. അതു കൊണ്ടുതന്നെ ഇതിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യം നല്ലതായിരുന്നു. ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കുക എന്നത്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ, 1939-ൽ നാസി ജർമനിയെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട്, ആയിരക്കണക്കിന് ജൂതക്കുട്ടികളെ ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ ബ്രിട്ടീഷ് സർക്കാരിന് കഴിഞ്ഞു. ബ്രിട്ടീഷ് സർക്കാർ ചെയ്ത ഒരു നല്ല കാര്യമായിരുന്നു അത്.
ഇതിനെ ഒരു ദേശീയ മുന്നേറ്റം എന്ന് വിളിക്കാനാവില്ലെങ്കിലും, യൂറോപ്പിലാകെയെടുത്ത് ഇതിനെ ഒരു ദേശീയ മുന്നേറ്റം എന്ന് ആരെങ്കിലും വിളിച്ചാലും എനിക്ക് കുഴപ്പമില്ല. പ്രശ്നം തുടങ്ങുന്നത് അവിടെയല്ല. തങ്ങളുടെ ലക്ഷ്യങ്ങൾ നടപ്പാക്കാനും, നിറവേറ്റാനും, ഒരു രാജ്യമെന്ന ലക്ഷ്യം നേടാനും, മറ്റുള്ളവരുടെ ഭൂമി കൈയേറാം എന്ന് തീരുമാനിക്കുന്നിടത്താണ് സയണിസത്തിന്റെ കുഴപ്പം തുടങ്ങുന്നത്. ഹോളോകോസ്റ്റോടുകൂടി ഇതിന്റെ എല്ലാ നല്ല വശങ്ങളും പിന്തള്ളപ്പെട്ടു. ഹോളോകോസ്റ്റിനെക്കുറിച്ച് പറഞ്ഞാൽ ഈ കുഴപ്പം നിങ്ങൾക്ക് പിടികിട്ടും. പലസ്തീനിൽ വേരുറപ്പിച്ചതോടെ, സയണിസത്തിന്റെ ഇത്തരം ഉദ്ദേശ്യങ്ങൾ അവസാനിച്ചു- ജൂതർ, അവരെവിടെയാണോ, അവിടെ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നത്- ജൂതർക്ക് പ്രശ്നങ്ങളുണ്ടായിരുന്നത് മൊറോക്കോയിലും ഇറാക്കിലുമൊന്നുമായിരുന്നില്ല. അതുകൊണ്ടാണ് സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കം ഇവിടെയൊന്നും ആകാതിരുന്നതും.
രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ, 1939-ൽ നാസി ജർമനിയെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട്, ആയിരക്കണക്കിന് ജൂതക്കുട്ടികളെ ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ ബ്രിട്ടീഷ് സർക്കാരിന് കഴിഞ്ഞു. ബ്രിട്ടീഷ് സർക്കാർ ചെയ്ത ഒരു നല്ല കാര്യമായിരുന്നു അത്. ഇവരെ ബ്രിട്ടനിൽ ഉൾക്കൊള്ളാൻ ഞങ്ങൾ തയ്യാറാണ്. പലസ്തീനിലേക്ക് പറഞ്ഞു വിടാനാവില്ല എന്നാണ് ബ്രിട്ടീഷ് സർക്കാർ പറഞ്ഞത്. എന്നാൽ, സയണിസ്റ്റ് നേതാവും പിന്നീട് ഇസ്രായേൽ പ്രധാനമന്ത്രിയുമായ ഡേവിഡ് ബെൻഗുരിയോൺ ഇതിനെപ്പറ്റി ചർച്ചിലിനോട് പറഞ്ഞത് ഇങ്ങനെയാണ്- ‘പകുതി കുട്ടികൾ ജർമനിയിൽ മരിക്കുകയും, പകുതി പലസ്തീനിലേക്ക് വരികയും ചെയ്യുക. അല്ലെങ്കിൽ എല്ലാ കുട്ടികളും സുരക്ഷിതരായി ജർമനിക്ക് പോവുക എന്ന രണ്ട് സാദ്ധ്യതകളുണ്ടെങ്കിൽ ഞാൻ ആദ്യത്തേതാണ് തെരഞ്ഞെടുക്കുക’.
നോക്കൂ, നാസിജർമനിയിൽ ജൂതക്കുട്ടികൾ കൊല്ലപ്പെടുന്നത് നിർത്താനല്ല, മറിച്ച് പലസ്തീനിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ കെട്ടിപ്പൊക്കുന്നതിന് ആളെ കിട്ടാനായിരുന്നു ബെൻഗുരിയോണിന്റെ താല്പര്യം.

ഇതാണ് സയണിസത്തിന് സംഭവിച്ച ദുരന്തം. മദ്ധ്യേഷ്യയിൽ ഈ പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചു എന്ന കുഴപ്പത്തിന് പുറമെ, ജൂതർ, അറബ് അല്ല എന്ന് സ്ഥാപിക്കാനും തുടങ്ങി. ഇത് വളരെ വിചിത്രമായ ഒരവസ്ഥയാണുണ്ടാക്കിയത്. യൂറോപ്പിലിതായിരുന്നില്ല സ്ഥിതി.
ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയിൽ എന്താണ് നടത്തിയതെന്ന് നിങ്ങൾക്കറിയാം. എങ്ങനെയാണ് ഇന്ത്യക്കാരെ കണ്ടിരുന്നതെന്നും. എന്നാൽ, എന്നെങ്കിലും ഒരിക്കൽ ബ്രിട്ടീഷുകാർ ഇവിടം വിട്ടുപോകും, എന്നും, അവരിവിടുത്തുകാരല്ല എന്നും ഇന്ത്യക്കാർക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ, പലസ്തീൻകാരുടെ അവസ്ഥ ഭയാനകമാണ്. ഇവർ പോകാനായല്ല വന്നത്. ഒന്നാലോചിച്ചു നോക്കൂ, കൊളോണിയലിസം അവസാനിപ്പിക്കാൻ നേരം, ബ്രിട്ടീഷ് രാജ് പോകുന്ന സമയത്ത്, ‘ഇന്ത്യയുടെ പകുതി ഞങ്ങളെടുക്കുന്നു, ഇനി അത് ബ്രിട്ടനാണ്, നന്ദി’ എന്ന് പറയുന്ന അവസ്ഥ!
ഇസ്രായേലിൽ ജൂത- പലസ്തീൻ വിവേചനം എത്രമാത്രമാണ്?
അതുണ്ട്. ഇസ്രയേലിലെ പലസ്തീൻകാർ ഈ വിവേചനം അനുഭവിക്കുന്നുണ്ട്.
‘വീണ്ടെടുക്കൽ' എന്ന ഒരു വാക്ക് താങ്കൾ പലപ്പോഴും ഈ വിഷയത്തിൽ ഉപയോഗിക്കുന്നുണ്ട്. തീർച്ചയായും രാഷ്ട്രീയ മാനങ്ങളുണ്ടെങ്കിലും, അതിനെ മാറ്റിനിർത്തി, എങ്ങനെയാണ് ‘വാഗ്ദത്തഭൂമി'യെക്കുറിച്ചുള്ള സങ്കല്പങ്ങൾ, മുൻതലമുറകളുടെ സഹന സഞ്ചാരങ്ങൾ തുടങ്ങിയ ബിബ്ലിക്കൽ പ്രതീകങ്ങളും പ്രതീകവത്കരണവും ഈ ജൂതക്കാഴ്‌ചപ്പാടിനെ സ്വാധീനിച്ചിട്ടുണ്ടോ?
സയണിസം ഒരു മതേതര പ്രസ്ഥാനമായാണ് തുടങ്ങിയത്. എന്നാൽ, പിന്നീട് പലസ്തീൻ കുടിയേറ്റത്തിന് ഒരു സാധുതയും ന്യായീകരണവും കണ്ടെത്തുന്നതിനായി അതിനെ മതവുമായി കൂട്ടിക്കലർത്തുകയായിരുന്നു. അതൊരു സൗകര്യത്തിന് വേണ്ടിയുള്ള മിശ്രണമായിരുന്നു. ആദ്യകാലത്ത് സയണിസത്തിന് ഏറ്റവും ശക്തമായ പിന്തുണ ലഭിച്ചത് പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതത്തിൽ നിന്നാണ്. കാരണം, പലസ്തീനിലേക്കുള്ള ജൂതന്മാരുടെ വരവ്, ക്രിസ്തുവിന്റെ രണ്ടാംവരവിന് കാരണമാകും എന്നായിരുന്നു അവരുടെ വിശ്വാസം. പ്രൊട്ടസ്റ്റന്റുകാരുടെ പിന്തുണയും സഹതാപവും നേടാൻ സയണിസ്റ്റ് പ്രസ്ഥാനത്തിന് ഈ മതപരമായ സങ്കല്പം നല്ല വഴിയായിരുന്നു. ഇപ്പോൾ അമേരിക്കയിലും ഇതുതന്നെ സംഭവിക്കുന്നുണ്ട്. സയണിസത്തിന്റെ അമേരിക്കയിലെ ഏറ്റവും ശക്തരായ സഹായികൾ അവിടുത്തെ ക്രിസ്ത്യൻ സയണിസ്റ്റുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഭാഗമാണ്. അമേരിക്കയിലെ പ്രൊട്ടസ്റ്റന്റുകളാണ് അവർ. ഇത് വളരെ വലിയ തമാശയാണ്. മതേതരമാണെന്ന് പറഞ്ഞ ഒരു പ്രസ്ഥാനം കാര്യസാധ്യത്തിനായി തികച്ചും മതാത്‌മകമായ ബിംബങ്ങളേയും ആശയങ്ങളേയും ഉപയോഗിക്കുന്നത്! ഈ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത്, ശക്തമായ ഒരു ഇസ്രായേൽ, ക്രിസ്തുവിന്റെ വരവിനുള്ള ഒരു ദൈവിക മാർഗമാണെന്നാണ്.
സയണിസ്റ്റ് പ്രസ്ഥാനം എന്റെ നിഗമനത്തിൽ, വളരെ നല്ല രീതിയിലുള്ള ഒന്നായിരുന്നു. ആളുകൾ പലപ്പോഴും അത് മറക്കുന്നുണ്ട്. സയണിസം ഉണ്ടായത് പലസ്തീനിലല്ല, യൂറോപ്പിലാണ്. അവിടെ ജൂതർ പല രീതിയിലും വേട്ടയാടപ്പെടുകയും വിവേചനങ്ങൾക്ക് വിധേയരാക്കപ്പെടുകയും ചെയ്തിരുന്നു.
നമുക്ക് ഈ വിഷയത്തിന്റെ സമകാലിക സങ്കീർണ്ണതകളിലേക്ക് ഒന്നു വരാം. അതും മതവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. 9/11-നുശേഷം കുരിശുയുദ്ധം, ഭീകരതയ്ക്കെതിരായ യുദ്ധം എന്നൊക്കെ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പദങ്ങളും, പ്രാവർത്തിക പ്രയോഗങ്ങളുമാണ്. അഫ്ഗാനിസ്ഥാനിലും, ഇറാക്കിലുമൊക്കെ ഉണ്ടായ സൈനിക അധിനിവേശങ്ങൾ ഇതിന്റെ ഭാഗവുമാണ്. ഈ ഒരു അന്തരീക്ഷത്തിൽ പലസ്തീൻ വിമോചനപ്പോരാട്ടത്തെ, അല്ലെങ്കിൽ പലസ്തീൻ വിമോചനപോരാട്ടത്തിലെ ഒരു ഗണ്യമായ വിഭാഗത്തെ ഇസ്ലാമിക തീവ്രവാദം എന്ന് മുദ്രകുത്തിക്കഴിഞ്ഞിരിക്കുന്നു. പലപ്പോഴും ഭീകരവാദം എന്നുതന്നെ ചാപ്പകുത്തുന്നുണ്ട്. ഈയൊരു പരിതസ്ഥിതി എങ്ങനെ വിശദീകരിക്കുന്നു?
ഒരുപക്ഷേ, ഇസ്രായേലിന്റെ ചരിത്രത്തിൽതന്നെ ആദ്യമായി അമേരിക്കയിലെ പൊതുസമൂഹത്തിൽ ഇസ്രായേലിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവരാൻ തുടങ്ങിയിരുന്നു. ജോർജ് ബുഷ് ഒന്നാമന്റെ കാലത്ത്, അമേരിക്കൻ ഭരണസംവിധാനത്തിൽ നിന്നുപോലും. അപ്പോൾ, പലസ്തീൻ അധിനിവേശത്തിന് സഹായകമായ കൂടുതൽ വലിയ കാരണങ്ങൾ കണ്ടു പിടിക്കാൻ ശ്രമിക്കുകയായിരുന്നു ഇസ്രയേൽ. 9/11-ന് മുൻപ് അവരതിന് സോവിയറ്റ് ഭീഷണിയുടെ ഭാഗമായാണ് വിമോചനപോരാട്ടം എന്ന ന്യായമാണ് പലപ്പോഴും ഉപയോഗിച്ചിരുന്നത്. ഇന്നിപ്പോൾ ഹമാസിനെക്കുറിച്ച് പറയുംപോലെ അന്ന് ‘ഫത്താ'യെക്കുറിച്ചായിരുന്നു. ‘ഫത്താ'ക്ക് കമ്മ്യൂണിസവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. പലസ്തീനിൽ കമ്മ്യൂണിസ്റ്റുകാർ വളരെ ചെറിയൊരു സംഘമാണ്. എന്നാൽ, അമേരിക്കയിലും യൂറോപ്പിലും ഇസ്രായേൽ അഴിച്ചുവിട്ട പ്രചാരണം, ഇത് സോവിയറ്റ് ആധിപത്യത്തിനുള്ള ഒരു വിശാല പദ്ധതിയാ ണെന്നാണ്. ഇന്നിപ്പോൾ അത് പറയാൻ പറ്റില്ല. സോവിയറ്റ് യൂണിയൻ തന്നെ ഇല്ലാതായിരിക്കുന്നു. 9/11 വളരെ സൗകര്യപ്രദമായ ഒരു വഴിയാണ് സമ്മാനിച്ചത്; ഇതിനുവേണ്ടിയുണ്ടാക്കിയ ഒരു ഗൂഢാലോചനയായിരുന്നു അതെന്ന് ഞാൻ പറയില്ലെങ്കിലും. സോവിയറ്റ് യൂണിയന്റെ തിരോധാനത്തിനുശേഷം ഒരു ശത്രുവിനെ തിരയുകയായിരുന്നു അമേരിക്കയിലെ വലതുപക്ഷ യാഥാസ്ഥിതികരും. ഇരുകൂട്ടർക്കും ഇതൊരു വീണുകിട്ടിയ വടിയായി.

ഇസ്‍ലാം പടിഞ്ഞാറിന്റെ ശത്രുവായും, പടിഞ്ഞാറൻ രാജ്യങ്ങൾ ഇസ്‍ലാമിനെതിരായും എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ടു. പലസ്തീൻ വിമോചനപ്പോരാട്ടത്തെ ഈ ഭീകരതയ്ക്കെതിരെന്ന് പറയുന്ന യുദ്ധത്തിൽ പ്രതിസ്ഥാനത്ത് നിർത്തണമെന്ന് പ്രചരിപ്പിക്കാൻ അവർക്കതിന് ഏറെക്കാലം കഴിയില്ലെങ്കിലും, ഇസ്രായേലിനായി. വസ്തുതാപരമായി പറഞ്ഞാൽ ഒരു രാഷ്ട്രീയ ഇസ്‍ലാമിക പ്രസ്ഥാനം ഇപ്പോഴില്ല. ഹമാസിനെക്കുറിച്ചാണെങ്കിൽ ഇസ്‍ലാമിക ജിഹാദിനെക്കുറിച്ച് പറയുന്ന അതിലെ ഒരു ചെറുതീവ്ര വിഭാഗമൊഴിച്ചാൽ, സാമാന്യവത്കരിക്കാനാവില്ല. പലരും എളുപ്പത്തിൽ മറക്കുന്ന ഒരുകാര്യം ‘ഹമാസ്' ഇസ്രായേലിന്റെ ഒരു സൃഷ്ടിയാണെന്നതാണ്. ഒരു മതേതര ദേശീയ വിമോചന പോരാട്ടത്തെ തകർക്കുന്നതിന് ഇസ്രായേൽ സൃഷ്ടിച്ച ഇസ്‍ലാമിക രാഷ്ട്രീയ സംഘടനയായിരുന്നു ഹമാസ്. ഇതിനായി പണവും മറ്റ് പല മാർഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴാണ് ഹമാസ് അവർക്ക് ഇസ്‍ലാമിക ഭീകരവാദികളായി മാറിയത്.
ഇപ്പോൾ ഹമാസ് ഇസ്രയേലിന്റെ കൈപ്പിടിയിലുമല്ല..
അതെ, ഇപ്പോൾ ഹമാസ് ഇസ്രയേലിന്റെ കൈയിലല്ല, ഇപ്പോളതിനൊരു യഥാർത്ഥ സാമൂഹ്യമുന്നേറ്റത്തിന്റെ സ്വഭാവമാണ്. വിമോചനത്തിനായുള്ള മതേതര നേതൃത്വം, വിമോചനം യാഥാർത്ഥ്യമാക്കുന്നതിൽ പരാജയപ്പെട്ടു. സ്വാഭാവികമായും ജനങ്ങൾ മറ്റ് പല മാർഗങ്ങളും ആരായും. മറ്റൊന്ന് യഥാർത്ഥ സമാധാനത്തിനുള്ള സാധ്യതകളുള്ള സമയത്ത് ഹമാസ് വളരെ ദുർബലമാണ്. എന്നാൽ, ജനങ്ങൾ തീർത്തും നിരാശയിലാണ്ട സമയത്താകട്ടെ ഹമാസ് വളരെ ശക്തവുമാണ്. സമാധാനത്തിനായുള്ള തീക്ഷ്ണമായ, യഥാർത്ഥമായ ഒരാഗ്രഹം നിലനിൽക്കുന്നുണ്ട്. മതത്തിന്റെ സാന്നിദ്ധ്യമുണ്ട്. അത് ജീവിതത്തിന്റെ ഒരുഭാഗം എന്ന നിലയ്ക്കാണ്; അറബികളുടെയും ജൂതരുടേയും. ഇത് യൂറോപ്പല്ലല്ലോ. മതേതരവാദികളും, മതത്തിലൂന്നി പ്രവർത്തിക്കുന്നവരും പരമ്പരാഗത രീതികളിലുള്ളവരുമെല്ലാം തമ്മിൽ യോജിപ്പുണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അത് സാദ്ധ്യവുമാണ്. മതത്തിൻറെ പേര് പറഞ്ഞ് കൊല നടത്തുന്ന പ്രതിഭാസം, യഥാർത്ഥ ജനകീയ മുന്നേറ്റത്തോടെ ഇല്ലാതാകും.
ഇരുരാഷ്ട്രവാദത്തിന്റെ കുഴപ്പമെന്താണെന്നുവച്ചാൽ, അതൊരിക്കലും രണ്ടു രാഷ്ട്രങ്ങളല്ല, മറിച്ച്, ഇസ്രായേലിന്റെ ഒറ്റ രാഷ്ട്രത്തിന്റെ ഒരു വ്യാഖ്യാനം മാത്രമാകും എന്നതാണ്.
പലസ്തീൻ പ്രശ്നത്തെക്കുറിച്ച് വിശകലനങ്ങൾ നടത്തുന്ന പലരേയും പോലെതന്നെ, താങ്കളും ഇരുരാഷ്ട്ര വാദത്തെ തള്ളിക്കളയുന്നുണ്ട്. എന്താണ് സാദ്ധ്യമായ പരിഹാരം?
സാദ്ധ്യമായ ഒരേയൊരു പരിഹാരം ഒറ്റ രാഷ്ട്രമാണ്, ഒരു ജനാധിപത്യ രാഷ്ട്രം. എന്നാൽ, ഞാൻ യാഥാർത്ഥ്യങ്ങൾ കാണാത്ത ഒരു വിഡ്ഢിയാണെന്നല്ല ഇതിനർത്ഥം.
ഇരുരാഷ്ട്രവാദത്തിന്റെ കുഴപ്പമെന്താണെന്നുവച്ചാൽ, അതൊരിക്കലും രണ്ടു രാഷ്ട്രങ്ങളല്ല, മറിച്ച്, ഇസ്രായേലിന്റെ ഒറ്റ രാഷ്ട്രത്തിന്റെ ഒരു വ്യാഖ്യാനം മാത്രമാകും എന്നതാണ്. അതിനർത്ഥം കൂടുതൽ കോളനിവത്കരണം, കൂടുതൽ വിവേചനം, കൂടുതൽ അടിച്ചമർത്തൽ എന്നൊക്കെയാണ്. ഒറ്റരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് പോകുന്നതിന്, ആരാണ് പലസ്തീനെ പ്രതിനിധീകരിക്കുക എന്ന പ്രശ്നം പരിഹരിക്കണം. ദക്ഷിണാഫ്രിക്കയിലേതുപോലെ ഒരന്തരീക്ഷമായിരുന്നെങ്കിൽ അങ്ങനെ പറയാം. എന്തൊക്കെയായാലും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദക്ഷിണാഫ്രിക്കൻ ജനതയെ പ്രതിനിധീകരിക്കാൻ എ.എൻ.സി (ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്) ഉണ്ടായിരുന്നു. പലസ്തീനിൽ അത്തരമൊരു അവസ്ഥയില്ല. അതുകൊണ്ട് പ്രതിനിധാനപ്രശ്നം പരിഹരിക്കേണ്ടതുണ്ട്.
രണ്ടാമത്തെ പ്രശ്നം അമേരിക്കയാണ്. ഇസ്രായേലിന് അമേരിക്ക നൽകുന്ന ഈ സമ്പൂർണ്ണ പിന്തുണ അവസാനിപ്പിക്കണം. മാറ്റങ്ങൾ വരുന്നുണ്ട്. ഇസ്രായേലിൽ ആളുകൾ യഥാർത്ഥ ജനപ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അമേരിക്കയിൽ പൊതുജനങ്ങൾക്കിടയിൽ മാറ്റങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്, പ്രത്യേകിച്ച് യുവതലമുറക്കിടയിൽ. ഞാൻ ശുഭാപ്തിവിശ്വാസിയാണ്. ഞാൻ നേരത്തെ ദക്ഷിണാഫ്രിക്കയെക്കുറിച്ച് പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ വർണ്ണവെറിയൻ ഭരണകൂടത്തിന്റെ നാളുകൾ എണ്ണപ്പെട്ടന്ന് പറഞ്ഞിരുന്ന കാലം, അത് ഏറ്റവും നൃശംസനീയമായ, ക്രൂരമായ, അടിച്ചമർത്തലും അധികാരവും ഉപയോഗിച്ചിരുന്ന നാളുകളായിരുന്നു. ഇവിടെയും അതുതന്നെയാണ് സംഭവിക്കുന്നത്. ലബനൺ, ഗാസ എല്ലായിടത്തും. ഇസ്രായേലിനറിയാം, ലോകം തങ്ങൾക്കെതിരാവുകയാണെന്ന്. അതുകൊണ്ടാണ്, അവർ ഏറ്റവും ഹീനവും, ഭീകരവുമായ സായുധാക്രമങ്ങളും അടിച്ചമർത്തലും നടത്തുന്നത്.

ഇസ്രായേൽ അഭിമുഖീകരിക്കുന്ന ചില ആഗോള, മേഖലാപ്രതിസന്ധികൾ പരിശോധിക്കാം. 2006-ലെ ലബനൻ ആക്രമണം. ഹിസ്ബുല്ല നൽകിയ വൻ തിരിച്ചടികൊണ്ടാണ് ശ്രദ്ധേയമായത്. തുർക്കിയിൽ പാശ്ചാത്യ സ്വധീനത്തിന്റെ പിടികളയയുന്നു എന്ന ദുർബല സൂചനകളുയർത്തുന്ന തരത്തിലാണ് സൈനിക നിയന്ത്രണത്തിൽ നിന്നും വേറിടുന്ന പുതിയ ഭരണം. ഇറാക്കിലെ ഷിയാ അനുകൂല സർക്കാരിൽനിന്നും ഇസ്രായേലിന് ഏറെ പ്രതീക്ഷിക്കാനില്ല. നിതാന്തവൈരികളായി ഇറാൻ നിൽക്കുന്നു. റഷ്യയും, സിറിയയും തമ്മിലുള്ള ആയുധകരാറിൽ പ്രതിഷേധിച്ച്, ജോർജിയയ്ക്കുള്ള ആയുധക്കച്ചവടം പുനഃരാരംഭിക്കുമെന്ന ഭീഷണി മുഴക്കേണ്ടിവന്നിരിക്കുന്നു ഇസ്രായേലിന്. അതായത്, സോവിയറ്റ് യൂണിയന്റെ തിരോധാനത്തിനുശേഷം വീണ്ടും, പലസ്തീൻ പ്രശ്നം സജീവമായി ആഗോള രാഷ്ട്രീയ ഭൂപടത്തിൽ ഇടം പിടിക്കുകയും, ഇസ്രായേൽ കൂടുതൽ ഒറ്റപ്പെടുകയും ചെയ്യുന്നു എന്ന് തോന്നുന്നുണ്ടോ?
ഇസ്രായേൽ പ്രധാനമായും രണ്ട് ഘടകങ്ങളെയാണ് ആശ്രയിക്കുന്നത്. ഒന്ന് സൈനികശക്തി. ലോകത്തിലെ തന്നെ വലിയ സൈനികശക്തികളിലൊന്നാണ് ഇസ്രായേൽ. മറ്റൊന്ന് അമേരിക്കയുടെ പിന്തുണയുണ്ടെങ്കിൽ എക്കാലവും തങ്ങൾക്ക് ഇങ്ങനെതന്നെ മുന്നോട്ടുപോകാം, അമേരിക്ക പിന്തുണയക്കുന്നിടത്തോളം ബാക്കി ലോകം എന്തുതന്നെ കരുതിയാലും തങ്ങൾക്ക് കുഴപ്പമില്ല എന്ന നിലപാടിലാണവർ. എന്നാൽ, ഇസ്രായേൽ ജനതയിൽ ഈ ധാരണ പതുക്കെ മാറുകയാണ്. ലോകത്തെ മറ്റ് ഭാഗത്തൊരിടത്തും തങ്ങൾ സ്വീകാര്യരാകാതിരിക്കുന്ന അവസ്ഥ അത്ര ആശാസ്യമായല്ല അവർ കാണുന്നത്. അവരത് ഇഷ്ടപ്പെടുന്നില്ല. ഇന്ത്യയിൽ തന്നെ, ആയുധ ഇടപാടുകളും മറ്റും ഉണ്ടായാലും പൊതുസമൂഹത്തിന് ഇസ്രായേൽ ഇപ്പോഴും സ്വീകാര്യമല്ല. ചൈന, ബ്രസീൽ തുടങ്ങിയ ഉയർന്നു വരുന്ന സാമ്പത്തിക, രാഷ്ട്രീയ ശക്തികളുടെ കാര്യത്തിലും അങ്ങനെതന്നെയാണ് അവസ്ഥ. അമേരിക്ക മാത്രമല്ല ലോകമെന്ന്, അല്ലെങ്കിൽ അമേരിക്ക പഴയപോലൊരു വൻശക്തിയല്ലെന്ന് ഇസ്രയേലുകാർ തിരിച്ചറിയുന്നുണ്ട്.
ഇസ്രായേലിനെ അസ്വസ്ഥമാക്കുന്ന മറ്റൊന്ന്, അവർക്കെതിരായ ബി.ഡി.എസ്. കാമ്പയിൻ (ബഹിഷ്‌കരണം, നിർനിക്ഷേപം, ഉപരോധം) ആണ്. അമേരിക്കയിലാണ് ഇത് ഏറ്റവും ശക്തമായിട്ടുള്ളത്. അവിടെ ഇതിന് നേതൃത്വം നൽകുന്നത് ജൂത യുവാക്കളാണ്. കാരണം, ഇസ്രായേലിന്റെ ചെയ്തികളുടെ വിപരീതഫലം ഭാവിയിൽ അനുഭവിക്കേണ്ടിവരിക അവർക്കാണ്.
‘‘ലോകാഭിപ്രായം ഇസ്രായേലിനെതിരെ ധ്രുവീകരിക്കപ്പെടുക തന്നെയാണ്. വർണ്ണവെറിയൻ ഭരണത്തിന്റെ കാലത്ത്, ദക്ഷിണാഫ്രിക്കക്കെതിരെ എന്നപോലെ തന്നെ. ഇസ്രായേലിനിതറിയാം’’.
ലോകാഭിപ്രായം ഇസ്രായേലിനെതിരെ ധ്രുവീകരിക്കപ്പെടുക തന്നെയാണ്. വർണ്ണവെറിയൻ ഭരണത്തിന്റെ കാലത്ത്, ദക്ഷിണാഫ്രിക്കക്കെതിരെ എന്നപോലെ തന്നെ. ഇസ്രായേലിനിതറിയാം. അഞ്ഞൂറ് ആണവ ബോംബുണ്ടാക്കിയാലും, അത്തരമൊരു രീതിയിൽ, ഒരു ജൂതരാഷ്ട്രമായി ഇസ്രായേൽ നിലനിൽക്കില്ല. എന്നാൽ, സുരക്ഷയുടെയും ആക്രമണസാദ്ധ്യത യുടെയും പേരിലാണ് ഇസ്രായേൽ ജനതതന്നെ ഈ പ്രചാരണത്തിൽ വിശ്വസിക്കുന്നത്. ഈ ഭയത്തെയാണ് ഉപയോഗപ്പെടുത്തുന്നത്.
വീണ്ടും ആ ‘അലഞ്ഞുതിരിയുന്ന ജൂതന്റെ’ ചരിത്രഛായകൾ വേട്ടയാടുന്നതാകാം?
അതെ, അതെ. ഇസ്രായേൽ പറയുന്നത് അറബ് ലോകത്തെ പ്രതിരോധിക്കാനാണ് ഈ ആണവായുധങ്ങൾ എന്നാണ്. എന്നാൽ, ഏതുതരം സാമ്പ്രദായിക യുദ്ധരീതികൊണ്ടും അറബ് രാജ്യങ്ങളെ ഇസ്രായേലിന് പരാജയപ്പെടുത്താം എന്നതാണ വാസ്തവം. ഇത് യഥാർത്ഥത്തിൽ അമേരിക്കയ്ക്കുള്ള മുന്നറിയിപ്പും താക്കീതുമാണ്. നിങ്ങൾ ഞങ്ങളെ പിന്തുണച്ചില്ലെ ങ്കിൽ 250-ലേറെ ആണവായുധങ്ങൾ കൈവശമുള്ള ഒരു ഭ്രാന്തൻരാഷ്ട്രമായി ഞങ്ങൾ മാറും എന്ന മുന്നറിയിപ്പ്. 250 ആണവായുധങ്ങളുമായി ഒരു തർക്കത്തിന് തയ്യാറാകാതിരിക്കുക എന്ന്!
ഇസ്രായേൽ, സമാധാനവും നീതിയും ആഗ്രഹിക്കുന്ന ഒരു ന്യൂനപക്ഷവും മത്രഭാന്തുപിടിച്ച, തെറ്റിദ്ധരിപ്പിക്കപ്പെട്ട യാഥാസ്ഥിതിക ഭൂരിപക്ഷവുമായി വിഭജിതമാണ്. നീതിപൂർവമായ സമീപനം മേൽക്കൈ നേടും എന്നുതന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

ഇസ്രായേലിലെ പൊതുസമീപനത്തിൽനിന്ന് വേറിട്ട നിലപാട് സ്വീകരിച്ചതിന് താങ്കളെ ഇസ്രായേൽ ഭരണകൂടം വ്യക്തിപരമായി തന്നെ വേട്ടയാടിയിട്ടുണ്ട്. അതുകൂടി പറഞ്ഞ് നമുക്ക് നിർത്താം.
എന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ ഭരണകൂടത്തിന്റെ ഏറെ പീഡനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നെ സർവകലാശാലയിൽനിന്നും, അദ്ധ്യാപകവൃത്തിയിൽ നിന്നും പുറത്താക്കി. ഈ വേറിട്ട അഭിപ്രായങ്ങളുടെപേരിൽ എനിക്ക് നാടു വിടേണ്ടിവന്നു. ഇപ്പോൾ ഇംഗ്ലണ്ടിൽ പഠിപ്പിക്കുന്നു. സ്വതന്ത്രമായ അഭിപ്രായങ്ങൾക്ക് നൽകേണ്ടിവന്ന വിലയാണത്. അതെന്നെ തളർത്തുന്നില്ല. എനിക്ക് ഇസ്രായേലിൽ സ്വതന്ത്രമായി പോകാനാകില്ല. കുടുംബം ഇസ്രായേലിലാണ്. അതൊക്കെയുണ്ടെങ്കിലും, അതെന്നെ തളർത്തുന്നില്ല. ഇതൊരു ചെറിയ വില മാത്രമാണ്. എന്നെപ്പോലുള്ളവരോട്, ഇപ്പോൾ ഇസ്രായേൽ ഭരണകൂടം കൂടുതൽ അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. എന്റെ അഭിപ്രായ ങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്ന, ഇസ്രായേലിലെ അക്കാദമിക് സമൂഹത്തിലെ ആളുകൾക്ക്, 30000-ഷെക്ക്ൽ (ഇസ്രായേൽ നാണയം) വരെ പിഴയും, ഒരുവർഷം വരെ തടവും കിട്ടാം. അതുകൊണ്ട് എന്റെ ഇസ്രായേൽ പ്രവേശത്തെകുറിച്ച് ആലോചിക്കാവുന്നതല്ലേയുള്ളൂ! പക്ഷേ, നിലനിൽക്കുന്ന അവസ്ഥകളിൽ മാറ്റം വരുത്താൻ, നാം നൽകേണ്ട വളരെ ചെറിയ കാര്യങ്ങൾ മാത്രമാണവ.