ഡോണൾഡ് ട്രംപിൻെറ വിശ്വസ്തനായി അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി കളം നിറഞ്ഞ ശതകോടീശ്വരൻ ഇലോൺ മസ്കിന് രാഷ്ട്രീയത്തിൽ കൈ പൊള്ളുകയാണ്. ഭരണകൂടത്തിൻെറ ചെലവുകൾ ഓഡിറ്റ് ചെയ്യുന്നതിനും കാര്യക്ഷമമായി സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ട്രംപ് സർക്കാർ തുടങ്ങിയ DOGE-ൻെറ ചുമതല വഹിക്കാൻ തുടങ്ങിയതിന് ശേഷമാണ് മസ്കിന് തിരിച്ചടികൾ കിട്ടിത്തുടങ്ങിയത്. അമേരിക്കൻ പൗരർക്കായുള്ള സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചതോടെയാണ് രാജ്യത്തെങ്ങും പ്രതിഷേധങ്ങൾ ആരംഭിച്ചിരിക്കുന്നത്. ജനങ്ങളുടെ പ്രതിഷേധം മസ്കിൻെറ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ലയ്ക്ക് നേരെയും നടക്കുകയാണ്. ഒരുപടി കൂടി കടന്ന് ആക്രമണമാണ് ടെസ്ലക്കെതിരെ നടക്കുന്നത്. അമേരിക്കയിൽ പലയിടങ്ങളിലായി കമ്പനിയുടെ ഷോറൂമുകളിൽ ആക്രമണങ്ങൾ നടന്നു. ടെസ്ല കാറുകൾക്ക് നേരെയും ഇലക്ട്രിക് ചാർജിങ് സെൻററുകൾക്ക് നേരെയും ആക്രമണങ്ങൾ നടക്കുന്നുണ്ട്.
അമേരിക്കയിൽ നിലവിൽ നടക്കുന്ന ഫെഡറൽ ആനുകൂല്യ പദ്ധതികൾ വലിയ തട്ടിപ്പാണെന്നാണ് മസ്ക് ആരോപിച്ചത്. ഇവയിൽ പലതും നിർത്താനും ചിലത് വെട്ടിച്ചുരുക്കാനും ഇതിനായി പ്രവർത്തിക്കുന്ന ജീവനക്കാരെ പിരിച്ചുവിടാനുമൊക്കെ പ്രസിഡൻറ് ട്രംപിൻെറ സഹായത്തോടെ മസ്ക് ശ്രമിക്കുന്നുണ്ട്. 500 ബില്യൺ മുതൽ 700 ബില്യൺ ഡോളർ വരെ അനാവശ്യമായി ചെലവഴിക്കുന്നുണ്ടെന്നും ഇത് വെട്ടിച്ചുരുക്കാനാണ് തൻെറ ലക്ഷ്യമെന്നും മസ്ക് പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികൾക്കും വിരമിച്ചവർക്കും തൊഴിലാളികൾക്കുമെല്ലാം ഗുണകരമാവുന്ന പദ്ധതികൾ ഇക്കൂട്ടത്തിലുണ്ട്. ഇവയിൽ പലതും അമേരിക്കയിലെ ജനപ്രിയ പദ്ധതികൾ കൂടിയാണ്. മുൻ പ്രസിഡൻറ് ജോ ബൈഡൻെറ കാലത്ത് വലിയ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നാണ് മസ്കിൻെറ ആരോപണം. പദ്ധതികൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനങ്ങളിൽ റിപ്ലബ്ലിക്കൻ പാർട്ടിയിൽ പോലും അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ട്രംപിൻെറ നിരുപാധികമായ പിന്തുണയോടെ താൻ ലക്ഷ്യമിട്ടതെല്ലാം നടപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് മസ്ക്. പ്രതിഷേധങ്ങൾ കനക്കുമ്പോഴും തീരുമാനങ്ങളിൽ നിന്ന് പിന്തിരിയാനൊന്നും മസ്ക് ആലോചിക്കുന്നില്ല.

ആനുകൂല്യ പദ്ധതികൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ പ്രതിഷേധങ്ങളുടെ ഭാഗമായി റാലികളും മറ്റും നടക്കുന്നുണ്ട്. പ്രതിപക്ഷമായ ഡെമോക്രാറ്റ് പാർട്ടി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. ട്രംപ് മസ്കിൻെറ കയ്യിലെ വെറും കളിപ്പാവയാണെന്നും അതിനാലാണ് ജനദ്രോഹപരമായ ഈ തീരുമാനങ്ങൾ നടപ്പിലാക്കാൻ പോവുന്നതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. ഏതായാലും DOGE ചുമതല, മസ്കിന് വേലിയിൽ കിടന്ന പാമ്പിനെ തോളത്തിട്ട പോലെ സുഖകരമല്ലാത്ത ഒരു അവസ്ഥയാണ് സമ്മാനിച്ചിരിക്കുന്നത്.
വലിയ ഭൂരിപക്ഷത്തോടെ ഡെമോക്രാറ്റുകളെ തോൽപ്പിച്ചാണ് റിപ്പബ്ലിക്കൻ പാർട്ടി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയം നേടി അമേരിക്കയുടെ അധികാരം പിടിച്ചത്. ട്രംപിൻെറ വിജയത്തിൽ മസ്കിൻെറ റോൾ വലുതായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയും സാമ്പത്തികമായും മസ്ക് പരമാവധി ട്രംപിനെ സഹായിച്ചിരുന്നു. അധികാരത്തിലേറിയപ്പോൾ പുതിയ പദ്ധതിയെന്ന നിലയിലാണ് ട്രംപ് ഭരണകൂടം DOGE പ്രഖ്യാപിച്ചത്. അനാവശ്യ ചെലവുകൾ വെട്ടിച്ചുരുക്കി രാജ്യത്തിൻെറ സാമ്പത്തികരംഗത്തെയും അത് വഴി സർക്കാർ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ക്യാബിനറ്റ് പദവിയോടെ മസ്കിനെ വൈറ്റ് ഹൗസിൽ നിയമിക്കുകയും ചെയ്തു. ഏതായാലും ഇപ്പോൾ ആദ്യത്തെ സുപ്രധാന തീരുമാനത്തോടെ തന്നെ മസ്ക് വലിയ വില കൊടുക്കേണ്ടി വന്നിരിക്കുകയാണ്. ടെസ്ലയും ഡോജും ഒരുമിച്ച് കൊണ്ടുപോവുന്നത് അത്ര എളുപ്പമല്ലെന്ന് മസ്ക് തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അതിന് പിന്നിൽ മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട്.
Tesla വലിയ പ്രതിസന്ധിയിൽ
ശതകോടീശ്വരനായ ഇലോൺ മസ്കിൻെറ ഏറ്റവും പ്രധാനപ്പെട്ട സംരംഭമായ ടെസ്ല ഇന്നുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടികളിലൂടെയാണ് കടന്നുപോവുന്നത്. ഡോജിൻെറ ചുമതല വഹിക്കാൻ തുടങ്ങിയതോടെ മസ്കിനെ ടെസ്ലയുടെ നടത്തിപ്പ് കാര്യങ്ങളിൽ പഴയ പോലെ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല. അതിനിടയിലാണ് ഇപ്പോഴുള്ള പ്രതിഷേധത്തിൻെറ ഭാഗമായി ടെസ്ല ഷോറൂമുകൾക്കും കാറുകൾക്കുമൊക്കെ നേരെ ആക്രമണം ഉണ്ടായത്. ഇതിന് പുറമെയാണ് കമ്പനിയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞത്.

2024 ഡിസംബറിൽ 488 ഡോളറുണ്ടായിരുന്ന ടെസ്ല ഓഹരിയുടെ വില നിലവിൽ 222 ഡോളറായി ഇടിഞ്ഞിരിക്കുകയാണ്. DOGE ചുമതല കാരണം മസ്ക് അങ്ങനെ വലിയ വില കൊടുക്കേണ്ടി വന്നു. കമ്പനിയുടെ മൊത്തം മൂല്യത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സ് കണക്കുകൾ പ്രകാരം 486 ബില്യൺ ഡോളറിൽ നിന്ന് 301 ബില്യൺ ഡോളറായാണ് ടെസ്ലയുടെ മൊത്തം മൂല്യമിടിഞ്ഞത്.
X-നെതിരെ സൈബർ ആക്രമണം
ടെസ്ല മാത്രമല്ല, മസ്കിൻെറ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോം എക്സും പ്രതിഷേധത്തിൻെറ ചൂടറിയുന്നുണ്ട്. മാർച്ച് 10-ന് എക്സിൻെറ സേവനം താൽക്കാലികമായി തടസ്സപ്പെട്ടിരുന്നു. ആയിരക്കണക്കിന് പേരാണ് ഇത് റിപ്പോർട്ട് ചെയ്തത്. എക്സിനെതിരെ നടന്നത് വലിയ സൈബർ അറ്റാക്കാണെന്നും, വൻ സംവിധാനങ്ങൾ ഉപയോഗിച്ച് സംഘടിതമായ ശ്രമമാണ് ഉണ്ടായതെന്നുമാണ് മസ്ക് പ്രതികരിച്ചത്. ഇതിന് പിന്നിൽ വലിയ സംഘമോ അല്ലെങ്കിൽ ഏതെങ്കിലും രാജ്യമോ ഉണ്ടാവുമെന്ന് സംശയമുണ്ടെന്ന് പറഞ്ഞിരുന്ന മസ്ക് പിന്നീട് ഉത്തരവാദിത്വം യുക്രൈയ്നാണെന്ന് ആരോപിച്ചു.

യുക്രൈയ്നിൽ നിന്നുള്ള ഐപി അഡ്രസാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് അദ്ദേഹം പറയുന്നത്. റഷ്യ - യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അമേരിക്കയുടെ ഇടപെടലിനുള്ള മറുപടിയാണ് ഇതെന്നാണ് അദ്ദേഹം വാദിക്കുന്നത്. വിഷയത്തിൽ റഷ്യക്കൊപ്പം നിൽക്കുന്ന ഡോണൾഡ് ട്രംപ് യുക്രെയ്ൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കിയെ വൈറ്റ് ഹൗസിൽ വിളിച്ച് വരുത്തി അപമാനിച്ച് പറഞ്ഞയച്ചിരുന്നു.
ട്രംപ് നൽകുന്ന പിന്തുണ
ടെസ്ലയും മസ്കും വലിയ തിരിച്ചടികൾ നേരിടുമ്പോൾ പിന്തുണയുമായി ഡോണൾഡ് ട്രംപ് മുന്നിലുണ്ട്. 80000 ഡോളർ വിലയുള്ള ടെസ്ല കാർ വാങ്ങിക്കൊണ്ടാണ് ട്രംപ് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. മസ്ക് തന്നെയാണ് ട്രംപിനുള്ള കാർ തിരഞ്ഞെടുത്ത് നൽകിയത്. ടെസ്ല കാർ വാങ്ങിയ കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ ട്രംപും വൈറ്റ് ഹൌസും കാര്യമായി തന്നെ പ്രചരിക്കുന്നുണ്ട്. എന്നാൽ അതുകൊണ്ട് മാത്രം ടെസ്ലയും മസ്കും തിരിച്ചടികളിൽ നിന്ന് കരകയറുമോ എന്നാണ് സംശയം.