ലൈംഗിക വേഴ്ചക്കിടയിലെ
‘അനധികൃത സ്ഖലന’ത്തിന് 10,000 ഡോളർ പിഴ; അമേരിക്കയിൽനിന്ന് പ്രതിഷേധ (അസംബന്ധ) ബിൽ

ഗർഭഛിദ്ര നിരോധന നയങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി അമേരിക്കൻ സ്റ്റേറ്റുകളിൽ വിചിത്ര ബില്ലുകൾ അവതരിപ്പിക്കപ്പെടുകയാണ്. ഗർഭധാരണം ഉദ്ധാരണത്തിലാരംഭിക്കുന്നു എന്ന പേരിൽ മിസിസിപ്പി സ്റ്റേറ്റിൽ ബിൽ അവതരിപ്പിക്കപ്പെട്ടു. ലൈംഗിക വേഴ്ചക്കിടയിലെ ‘അനധികൃത സ്ഖലനം’ കുറ്റകരമാക്കുന്നു മറ്റൊരു ബിൽ- എ.കെ. രമേശ് എഴുതുന്നു.

പെണ്ണുങ്ങൾക്ക് പെറാം. അതിനു തടസ്സമില്ല.
പക്ഷേ ഗർഭം ധരിച്ചാൽ പിന്നെ പേറ് വേണ്ടെന്ന് വെക്കാനാവില്ലെങ്കിലോ? ഈ പ്രാകൃതാചാരമാണ് ഒക്കച്ചങ്ങാതി ഡോണൾഡ് ട്രംപ് അമേരിക്കയിൽ പ്രാവർത്തികമാക്കുന്നത്.

അമേരിക്കയിലെ സതി

തള്ള ചത്തു പോവുമെന്നുറപ്പാണെങ്കിലും ഭ്രൂണഹത്യ അരുതെന്ന് പറയുക! അതിലും വലിയൊരു സ്ത്രീവിരുദ്ധതയുണ്ടോ? സതി അനുഷ്ഠിക്കാൻ നിർബന്ധിക്കുന്ന പ്രാകൃത നിയമത്തിലും ക്രൂരമല്ലേ ഈ അത്യാചാരം? സ്ത്രീക്ക് സ്വന്തം ശരീരത്തിന്മേൽ അവകാശമേ ഇല്ലെന്ന് ശഠിക്കുന്ന ഈ പ്രാകൃതത്വത്തിന് നേരെ ശക്തമായ പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്.

പെണ്ണുങ്ങൾക്ക് പെറാം. അതിനു തടസ്സമില്ല. പക്ഷേ ഗർഭം ധരിച്ചാൽ പിന്നെ പേറ് വേണ്ടെന്ന് വെക്കാനാവില്ലെങ്കിലോ? ഈ പ്രാകൃതാചാരമാണ് ഒക്കച്ചങ്ങാതി ഡോണൾഡ് ട്രംപ് അമേരിക്കയിൽ പ്രാവർത്തികമാക്കുന്നത്.
പെണ്ണുങ്ങൾക്ക് പെറാം. അതിനു തടസ്സമില്ല. പക്ഷേ ഗർഭം ധരിച്ചാൽ പിന്നെ പേറ് വേണ്ടെന്ന് വെക്കാനാവില്ലെങ്കിലോ? ഈ പ്രാകൃതാചാരമാണ് ഒക്കച്ചങ്ങാതി ഡോണൾഡ് ട്രംപ് അമേരിക്കയിൽ പ്രാവർത്തികമാക്കുന്നത്.

എവിടെത്തുടങ്ങുന്നു ഗർഭം?

ഗർഭധാരണം ഉദ്ധാരണത്തിലാരംഭിക്കുന്നു (Contraception Begins at Erection Act) എന്ന പേരിൽ ഒരു നിയമം തന്നെ കൊണ്ടു വന്നിരിക്കയാണ് അമേരിക്കയിലെ മിസിസിപ്പി സ്റ്റേറ്റിൽ. ഭ്രൂണത്തിനും മനുഷ്യനുള്ള എല്ലാ അവകാശവുമുണ്ടെന്ന പടുന്യായം പറഞ്ഞ് ആരോഗ്യ കാരണങ്ങളാൽ പോലും ഗർഭം അലസിപ്പിക്കാൻ പാടില്ല എന്ന നിലപാടെടുക്കുന്ന കോടതികളോടും നിയമനിർമാതാക്കളോടുമാണ് ഈ പ്രഖ്യാപനം. ബീജസംയോജന വേളയിലല്ല, അതിന് മുമ്പ് ലിംഗോദ്ധാരണ സമയത്താണ് ഗർഭധാരണം ആരംഭിക്കുന്നത് എന്നാണ് നിയമം വഴി പ്രഖ്യാപിക്കാൻ ശ്രമിക്കുന്നത്.

ബ്രാഡ്ഫോഡ് ബ്ലാക്ക് മോൻ എന്ന സെനറ്ററാണ് ഇങ്ങനെയൊരു വിചിത്രമായ ബില്ല് അവതരിപ്പിച്ചത്. "ബ്ലാക്ക് മോൻ, നിങ്ങൾക്കൊരു ബാക്ക് ബോൺ ഉണ്ടെന്ന് തെളിഞ്ഞു" എന്നാണ് ഒരു പത്രപ്രവർത്തകൻ ഇതിനെ വിശേഷിപ്പിച്ചത്. ട്രംപിന്റെ വരവുറപ്പായതോടെ അതിതീവ്ര വലതുപക്ഷത്തെ യാഥാസ്ഥിതികരാകെ അത്യാവേശപൂർവം ആർപ്പുവിളിച്ചവതരിപ്പിച്ച ശർഭഛിദ്ര നിയമത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായ ഒരസംബന്ധ പ്രകടനം എന്നു വിളിച്ചോളൂ, പക്ഷേ തികച്ചും സ്ത്രീവിരുദ്ധമായ ആ നിയമത്തിന്റെ അധാർമ്മികത വിളിച്ചറിയിക്കാനാവണം അദ്ദേഹം കേട്ടാൽ കോമാളിത്തം എന്നു തോന്നുന്ന ഇത്തരമൊരു ബില്ലവതരിപ്പിച്ചത്.

അമേരിക്കയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന്
അമേരിക്കയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന്

ആണിനുമുണ്ട് ഉത്തരവാദിത്തം

2022-ൽ തിരിച്ചിട്ട ഒരു നിയമത്തിലെ സ്ത്രീവിരുദ്ധത തിരിച്ചറിഞ്ഞുകൊണ്ടാണ്, ഗർഭധാരണത്തിനല്ലാതെ സംഭോഗത്തിനിടെ സ്ഖലനം നടത്തുന്ന പുരുഷന് പിഴയിടാൻ വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ല് അവതരിപ്പിക്കാൻ ഇങ്ങനെയൊരാൾ മുന്നിട്ടിറങ്ങിയത്. “രാജ്യത്തെങ്ങും, വിശേഷിച്ചും മിസിസിപ്പിയിൽ ഗർഭനിരോധനം/അല്ലെങ്കിൽ ഗർഭഛിദ്രം സംബന്ധിച്ചുള്ള നിയമങ്ങളിൽ മഹാഭൂരിപക്ഷവും സ്ത്രീകളുടെ പങ്കിൽ ഊന്നുന്നതാണ്. എന്നാൽ ഈ സമവാക്യത്തിൽ പാതി ഉത്തരവാദിത്തം ആണുങ്ങൾക്കാണ്,” എന്നാണ് ബ്ലാക്ക്മോൻ പറയുന്നത്. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെ: "ഈ ബില്ല് വസ്തുതകൾ ഊന്നിപ്പറയാനും ആണുങ്ങളുടെ പങ്ക് ചർച്ചയിൽ കൊണ്ടുവരാനുമായാണ് അവതരിപ്പിക്കുന്നത്. ആളുകൾക്ക് വേണമെങ്കിൽ ഇതിനെ അസംബന്ധമെന്ന് വിളിക്കാം."

മറ്റ് സംസ്ഥാനങ്ങളിലും ശബ്ദമുയരുന്നു

ഓഹിയോവിൽ ഡോ. അനിതാ സൊമാനിയും ട്രിസ്റ്റാൻ റാഡറും ഇതേ പേരിൽ അവതരിപ്പിച്ച ബില്ലിൽ ലൈംഗിക വേഴ്ചക്കിടയിലെ ‘അനധികൃത സ്ഖലന’മെന്ന കുറ്റത്തിന് പ്രതികൾക്ക് 10,000 ഡോളർ വരെ പിഴയിടാൻ വ്യവസ്ഥയുണ്ട്. “വേണ്ടാത്ത ഒരു ഗർഭത്തിന്റെ പേരിൽ നിങ്ങൾക്കൊരു സ്ത്രീയെ ശിക്ഷിക്കാമെങ്കിൽ, ആ ഗർഭത്തിനുത്തരവാദിയായവനെ ശിക്ഷിക്കുന്നതിൽ എന്ത് തെറ്റ്?” എന്ന ചോദ്യമാണ് അവർ ഉന്നയിക്കുന്നത്. “തനിയെ ഒരു സ്ത്രീ ഗർഭിണിയാവില്ല,” എന്നും അവർ കൂട്ടിച്ചേർക്കുന്നു.

സ്ത്രീക്ക് സ്വന്തം ശരീരത്തിന്മേൽ  അവകാശമേ ഇല്ലെന്ന് ശഠിക്കുന്ന ഈ പ്രാകൃതത്വത്തിന് നേരെ ശക്തമായ പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്.
സ്ത്രീക്ക് സ്വന്തം ശരീരത്തിന്മേൽ അവകാശമേ ഇല്ലെന്ന് ശഠിക്കുന്ന ഈ പ്രാകൃതത്വത്തിന് നേരെ ശക്തമായ പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്.

ഈ നിയമനിർമ്മാണ ശ്രമങ്ങളൊന്നും കോമാളിത്തമല്ല, അസംബന്ധവുമല്ല. പെണ്ണുങ്ങൾ പേറ്റു യന്ത്രങ്ങളാണ് എന്നു പറഞ്ഞ മുസോളിനിയുടെ രക്തമാണ് ഒക്കച്ചങ്ങാതിമാരുടെ ഞരമ്പുകളിൽ പാഞ്ഞു കൊണ്ടേയിരിക്കുന്നത്. അതിനെതിരെയുള്ള കലാപങ്ങൾ ഇങ്ങനെ പുതിയ രൂപങ്ങൾ ആർജിക്കുന്നുവെന്ന് മാത്രം.


Summary: Senators introduces strange Protest bill against US President Donald Trump's anti-abortion policies, AK Ramesh writes about the issue.


എ.കെ. രമേശ്

എഴുത്തുകാരൻ, ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ്. ആഗോളവല്ക്കരണവും മൂന്നാം ലോക ജീവിതവും, ദോഹാ പ്രഖ്യാപനത്തിന്റെ കാണാപ്പുറങ്ങൾ എന്നിവ കൃതികൾ

Comments