ആഗോളവത്കരണത്തിന്റെ സ്തുതിപാഠകരും നവലിബറൽ പരിഷ്കാരങ്ങളുടെ പ്രയോക്താക്കളുമായ എല്ലാ മാന്യരോടും ലോകവും യൂറോപ്പും ഇന്ന് വിളിച്ചുപറയുന്നത് ‘നിർത്തൂ നിങ്ങളുടെ ഒതളങ്ങ വർത്തമാനങ്ങൾ ലോകം സമരം ചെയ്യുകയാണ്’ എന്നാണ്. നിയോലിബറലിസം സൃഷ്ടിച്ച ജീവിതദുരിതങ്ങൾ ഫ്രാൻസ് മുതൽ അർജന്റീന വരെയുള്ള സാമ്രാജ്യത്വ മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികളെയും കർഷകരെയും വിദ്യാർത്ഥി യുവജനങ്ങളെയും തെരുവുകളിലേക്കിറക്കിയിരിക്കുന്നു. ഇറ്റലിയിലും ഫ്രാൻസിലും അൽബേനിയയിലും ജനങ്ങൾ പോലീസുമായി ഏറ്റുമുട്ടുകയാണ്.
മന്ത്രാലയങ്ങൾക്കും കോടതി കെട്ടിടങ്ങൾക്കും തീയിട്ടുകൊണ്ട് ജനക്കൂട്ടങ്ങൾ ഭരണകൂടങ്ങളെ വെല്ലുവിളിക്കുകയാണ്. ഇറ്റലിയിൽ വിലക്കയറ്റത്തിനും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനുമെതിരെ ആയിരങ്ങളാണ് ബോളോഗ്നയിലും മിലാനിലും സുരക്ഷാസേനയുമായി ഏറ്റുമുട്ടിയത്. ഫ്രാൻസിലും ബെൽജിയത്തിലും പടരുന്ന വിദ്യാർത്ഥി യുവജനസമരങ്ങളുടെ അനുരണനങ്ങൾ യു.എസിലും യൂറോപ്യൻ രാജ്യങ്ങളിലാകെ ആളിക്കത്തുകയാണ്. അക്ഷരാർത്ഥത്തിൽ ട്രംപിനെയും യൂറോപ്യൻ ഭരണകൂടങ്ങളെയും വിറപ്പിച്ചിരിക്കുകയാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടങ്ങൾ.
മെരിലെപ്പെന്നിനെ പോലുള്ള തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരുമായി ചേർന്ന് മാക്രോൺ നടപ്പാക്കിയ കുടിയേറ്റവിരുദ്ധനിയമം ഉൾപ്പെടെ സൃഷ്ടിച്ച വംശീയ ചേരിതിരിവുകളും തൊഴിലാളി വിരുദ്ധതയും ഫ്രഞ്ച് സമൂഹത്തെ അഭൂതപൂർവ്വമായ പ്രതിസന്ധിയിലേക്കും സംഘർഷങ്ങളിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്.
നവലിബറൽ നയങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിയും അതിനിരയാകുന്ന ജനവിഭാഗങ്ങളുടെ അസംതൃപ്തിയും പ്രതിഷേധവും യൂറോപ്പിലാകെ വൻ ജനകീയ പ്രക്ഷോഭങ്ങളായി പൊട്ടിപ്പുറപ്പെട്ടു വരുന്നതാണ് ലോകം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഫ്രാൻസ് മുതൽ അർജന്റീന വരെയുള്ള ഏറെക്കുറെ എല്ലാ രാജ്യങ്ങളിലും നവലിബറൽ നയങ്ങൾ സൃഷ്ടിച്ച വിദ്യാഭ്യാസപ്രശ്നങ്ങളും വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലില്ലായ്മയും പാർപ്പിടരാഹിത്യവുമെല്ലാമാണ് ഇപ്പോൾ കാണുന്ന പ്രക്ഷോഭങ്ങൾക്ക് കാരണമായിരിക്കുന്നത്. ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ, അമേരിക്ക തുടങ്ങി സാമ്രാജ്യത്വ മുതലാളിത്ത രാജ്യങ്ങളിൽ ആയിരങ്ങളായാണ് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്.

പാരീസിലും മിലാനിലും ലിസ്ബണിലും ഭരണകൂട പ്രതിരോധങ്ങളെയെല്ലാം ഭേദിച്ചുകൊണ്ട് വിദ്യാർത്ഥികളും തൊഴിലാളികളും യുവാക്കളും പ്രതിഷേധ കൊടുങ്കാറ്റ് ഉയർത്തുകയാണ്. ഒരർത്ഥത്തിൽ ലോകം നിയോലിബറൽ ഭരണകൂടങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പൊരുതുകയാണ്. ഇന്ത്യയിൽ ഭരണകൂട സംവിധാനങ്ങളെ കയ്യിലെടുത്ത് രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയെ തന്നെ അട്ടിമറിക്കുന്ന മോദി സർക്കാരിന്റെ ഫാഷിസ്റ്റ് വാഴ്ചക്കെതിരെ ജെൻസി ആൽഫ തലമുറകളുടെ പ്രക്ഷോഭം അലയടിക്കുന്ന സന്ദർഭത്തിൽ തന്നെയാണ് ലോകമാകെ ജനകീയ പ്രതിഷേധങ്ങൾ എല്ലാ ഭരണകൂട മർദ്ദകസംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് നടന്നുകൊണ്ടിരിക്കുന്നത്. ഈ പ്രക്ഷോഭങ്ങളെല്ലാം സമാനസ്വഭാവമുള്ള പ്രശ്നങ്ങളെ മുൻനിർത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഫ്രാൻസിലാണ് ഇപ്പോൾ കാട്ടുതീപോലെ പടരുന്ന പ്രക്ഷോഭങ്ങൾ തുടങ്ങുന്നത്; വിദ്യാഭ്യാസമേഖലയുടെ തകർച്ചയും അതിന് കാരണമായ സേവനക്ഷേമ മേഖലകളിൽ നിന്നുള്ള ഇമ്മാനുവൽ മാക്രോൺ സർക്കാരിന്റെ നയങ്ങൾക്കെതിരായിട്ടാണ് ഫ്രാൻസിൽ വിദ്യാർത്ഥികൾ സമരമാരംഭിക്കുന്നത്. ഇത് ഫ്രാൻസിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സന്ദർഭത്തിലാണെന്നത് ഇമ്മാനുവൽ മാക്രോണിനെ പോലുള്ള മധ്യവലതുപക്ഷ നേതാക്കളെയും മെരിൻ ലെപ്പെന്നിനെ പോലുള്ള തീവ്രവലതുപക്ഷവാദികളായ നേതാക്കളെയും അത്യന്തം പ്രകോപിതരാക്കിയിട്ടുണ്ട്. 8 ലക്ഷത്തിലേറെ പേരാണ് ഫ്രാൻസിൽ തെരുവിലിറങ്ങിയിരിക്കുന്നത്. ഇന്ധനവില വർദ്ധനവിനും അമിതമായ ജീവിതച്ചെലവിനുമെതിരായ ജനങ്ങളുടെ കടിച്ചമർത്തപ്പെട്ട പ്രതിഷേധമാണ് ഇപ്പോൾ തെരുവുകളിലൂടെ പൊട്ടിപ്പുറത്തുവന്നിരിക്കുന്നത്.
ഫ്രാൻസിൽ ആരംഭിച്ച സമരം അതിവേഗം അയൽരാജ്യങ്ങളിലാകെ പടരുകയായിരുന്നു. മാർഗരറ്റ് താച്ചറുടെയും റൊണാൾഡ് റീഗന്റെയും വഴിയെ നവലിബറൽ നയങ്ങൾ നടപ്പാക്കിയ യൂറോപ്യൻ രാജ്യങ്ങളെല്ലാം പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പ്കുത്തിക്കൊണ്ടിരിക്കുകയാണ്.
പാരീസിൽ മാത്രം 1,10,000 പേർ തെരുവിലിറങ്ങിയെന്നും രാജ്യമാകെ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചും സ്കൂളുകൾ പിടിച്ചെടുത്തും ക്രമസമാധാനനില തകർക്കുകയാണെന്നുമാണ് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറൻ നൂനസ് പറഞ്ഞത്. കത്തിപ്പടരുന്ന പ്രക്ഷോഭങ്ങളിൽ ലിമോജസ്സിലെ ചരിത്രപ്രസിദ്ധമായ ടൗൺഹാളിന് പ്രക്ഷോഭകർ തീയിട്ടുവെന്നും അക്രമങ്ങളെ ശക്തമായി അടിച്ചമർത്തുമെന്നുമാണ് ഫ്രഞ്ച് ആഭ്യന്തരമന്ത്രി പറയുന്നത്. ആയിരക്കണക്കിന് പ്രക്ഷോഭകരെ ഫ്രഞ്ച് പോലീസ് അറസ്റ്റുചെയ്ത് തടങ്കലിൽ വെച്ചിരിക്കുകയാണ്. ഫ്രാൻസിൽ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടയിലാണ് പോർച്ചുഗലിലും വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തുവരുന്നത്.
വിദ്യാഭ്യാസഫീസും യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ഫീസും വർദ്ധിപ്പിച്ചതിനെതിരായിട്ടാണ് വിദ്യാർത്ഥികൾ പോർച്ചുഗൽ നഗരങ്ങളിൽ പ്രക്ഷോഭം ആരംഭിക്കുന്നത്. നവലിബറൽ നയങ്ങളുടെ ഭാഗമായി ഗവൺമെന്റ് അടിച്ചേൽപ്പിക്കുന്ന ചെലവുചുരുക്കൽ നയങ്ങളും വിലക്കയറ്റവും ബെൽജിയത്തിലെ ജനങ്ങൾക്ക് ജീവിതം തന്നെ അസാധ്യമാക്കി തീർത്തിരിക്കുന്നുവെന്നാണ് പ്രക്ഷോഭകർ പറയുന്നത്. ബ്രസൽസിലും ലീജിലും പ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടുന്നതിലേക്ക് എത്തുകയും സമരത്തെ രൂക്ഷമായി അടിച്ചമർത്താനായി സർക്കാർ പോലീസിനെയും സേനകളെയും ഇറക്കിവിട്ടിരിക്കുകയാണ്. പോർച്ചുഗലിലും നവലിബറൽ നയങ്ങൾ സൃഷ്ടിച്ച വിലക്കയറ്റത്തിനും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനും എതിരായിട്ടാണ് പ്രതിഷേധമുയരുന്നത്.

കുറഞ്ഞ വേതനത്തിനും ഉയർന്ന വസ്തുവിലയ്ക്കും വാടകയ്ക്കുമെതിരെ തൊഴിലാളികളും സാധാരണജനങ്ങളും ആയിരങ്ങളായി പോർച്ചുഗലിന്റെ തലസ്ഥാന നഗരമായ ലിസ്ബണിൽ മാർച്ച് നടത്തി. 2017 മുതൽ ലിസ്ബണിലും മറ്റ് പോർച്ചുഗൽ നഗരങ്ങളിലും വസ്തുവില ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. വാടകയും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇത് തൊഴിലാളികളെയും യുവാക്കളെയും കുറഞ്ഞ വരുമാനക്കാരെയും കടുത്ത പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഇതിനെതിരായ ജനകീയപ്രതിഷേധമാണ് ലിസ്ബണിൽ ഉയരുന്ന സമരങ്ങളിൽ കാണുന്നത്. ഇറ്റലിയിലെ മിലാൻ നഗരത്തിൽ പ്രതിഷേധിക്കാനിറങ്ങിയ യുവാക്കളും തൊഴിലാളികളും വിലക്കയറ്റത്തിനും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനുമെതിരായിട്ടാണ് മുദ്രാവാക്യങ്ങളുയർത്തുന്നത്. സാധാരണക്കാർക്ക് കൂടിവരുന്ന വിലക്കയറ്റത്തിനനുസരിച്ച് വേതനവർദ്ധനവ് ഇല്ലെന്നുമാത്രമല്ല അനുദിനം വേതനം കുറഞ്ഞുകൊണ്ടിരിക്കുന്നു. വേതനവർദ്ധനവില്ലായ്മയും വിലക്കയറ്റവും ജീവിതം തന്നെ സാധ്യമാക്കാത്ത സാഹചര്യമാണ് ജനങ്ങളെ മിലാനിൽ തെരുവിലിറക്കിയതും പോലീസുമായുള്ള ഏറ്റുമുട്ടലിലേക്കെത്തിച്ചതും. പ്രക്ഷോഭകർക്കും പോലിസിനും പരിക്കേറ്റു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പേടെ നിരവധി ആളുകള പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
ഇന്ന് യൂറോപ്പിലാകെ ആഞ്ഞടിക്കുന്ന ഈ പ്രക്ഷോഭങ്ങൾ നവഫാഷിസത്തിനെതിരായ ഇടതുപക്ഷ രാഷ്ട്രീയ മുന്നേറ്റത്തെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. ട്രംപും മാക്രോണുമെല്ലാം ചേർന്ന് ഇസ്ലാമിസ്റ്റുകളാണ് കുഴപ്പങ്ങളുണ്ടാക്കുന്നത് എന്ന നരേഷൻ സൃഷ്ടിക്കാനാണ് ആസൂത്രിതമായ പ്രൊപ്പഗന്റയും ആരംഭിച്ചിട്ടുണ്ട്.
അൽബേനിയയിലും സർവ്വകലാശാലകളുടെ മോശപ്പെട്ട അവസ്ഥയും കൂടിവരുന്ന വിദ്യാഭ്യാസ ചെലവുമാണ് വിദ്യാർത്ഥികളെ തെരുവിലേക്കിറക്കിയത്. ഉയർന്ന വിദ്യാഭ്യാസ ചെലവും സർക്കാരിന്റെ സാമ്പത്തികസഹായമില്ലായ്മയും ബിരുദാനന്തരമുള്ള തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടിയാണ് അൽബേനിയൻ വിദ്യാർത്ഥികൾ സമരം ചെയ്യുന്നത്. ഒക്ടോബർ 13 ന് ടിറാനെയിലെ വിദ്യാഭ്യാസമന്ത്രാലയത്തിനുമുമ്പിൽ നടന്ന പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം, കൂടിവരുന്ന സമത്വം, തൊഴിലില്ലായ്മ ഇതിനെല്ലാമെതിരായ ജനവികാരമാണ് അൽബേനിയയിൽ ഇപ്പോൾ കത്തിപ്പടരുന്നത്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന്റെ തീവ്രസാമ്പത്തികനയങ്ങൾക്കും വംശീയതക്കുമെതിരായി ശക്തമായ ജനവികാരമാണ് അലയടിക്കുന്നത്. ട്രംപ് വിരുദ്ധരുടെ നോ കിംഗ്സ് നെറ്റ്വർക്ക് അമേരിക്കയിലുടനീളം വൻ റാലികളാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയഭേദമന്യേ ട്രംപിന്റെ ഭരണത്തിൽ അതൃപ്തിയുള്ള എല്ലാവിഭാഗത്തിലുംപെട്ട ജനങ്ങൾ കഴിഞ്ഞ രണ്ടു വർഷക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ അമേരിക്കൻ നഗരങ്ങളിൽ നടക്കുന്ന വൻറാലികൾ. ട്രംപിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നു. അതാണ് വാഷിങ്ടൺ ഡി.സിയിലും അറ്റ്ലാന്റയിലും ഡെൻവർ നഗരത്തിലുമൊക്കെ നടന്ന ബഹുജനറാലികൾ കാണിക്കുന്നത്.
അർജന്റീനയിൽ ഉന്നതവിദ്യാഭ്യാസ ഫണ്ടുകൾ വെട്ടിക്കുറച്ച പ്രസിഡണ്ട് ഹാവിയർമിലയുടെ നടപടിക്കെതിരായിട്ടാണ് ജനങ്ങളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. നഗരങ്ങളിൽ ചെലവുചുരുക്കൽ നയങ്ങൾക്കെതിരെ വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. കഴിഞ്ഞദിവസം ബ്യൂണേഴ്സ് അയേഴ്സിൽ പ്രതിഷേധക്കാരും പൊലീസുമായി ശക്തമായ ഏറ്റുമുട്ടൽ തന്നെയുണ്ടായി. ആയിരക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും പ്രതിപക്ഷ രാഷ്ട്രീയപ്രവർത്തകരും പാർലമെന്റിന് പുറത്തുനടന്ന പ്രതിഷേധ കൂട്ടായ്മയിൽ പങ്കാളികളായി. സർവ്വകലാശാലകൾക്ക് കൂടുതൽ പണം അനുവദിക്കണമെന്ന 2025-ലെ നിയമം പാലിക്കണമെന്ന കോടതി നിർദ്ദേശത്തെപോലും വകവെക്കാതെയാണ് പ്രസിഡണ്ട് ഹാവിയർമിലയുടെ സർക്കാർ വിദ്യാഭ്യാസചെലവ് വെട്ടിക്കുറയ്ക്കുന്നത്.

ബ്രസീലിലും ശക്തമായ വിദ്യാർത്ഥി യുവജന പ്രക്ഷോഭമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രസിഡണ്ട് സ്ഥാനാർത്ഥി തീവ്രവലതുപക്ഷക്കാരനായ ഫ്ളാവിയോ ബോൾസോനാരോക്കെതിരെ രാജ്യത്തിന്റെ നഗരങ്ങളിലെല്ലാം വിദ്യാർത്ഥികൾ പ്രതിഷേധമാർച്ചുകൾ നടത്തുന്നു. ഉന്നതവിദ്യാഭ്യാസമേഖലയിലെ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരായിട്ടാണ് പ്രതിഷേധങ്ങളുയരുന്നത്. ഇന്ന് യൂറോപ്പിലും ലോകത്തിലാകെയും നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് കാരണമായിരിക്കുന്നത് നിയോലിബറൽ നയങ്ങൾ സൃഷ്ടിച്ച ജീവിതപ്രതിസന്ധിയാണ്. ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും മൂലം ദുരിതമനുഭവിക്കുന്ന ലക്ഷങ്ങളാണ് തെരുവുകളിലേക്കിറങ്ങിയത്. വിദ്യാർത്ഥികൾ മാത്രമല്ല അദ്ധ്യാപകർ, കർഷകർ, പെൻഷൻകാർ, തൊഴിലാളി യൂണിയനുകൾ എല്ലാം ചേർന്നാണ് ജനകീയമുന്നേറ്റങ്ങൾ സൃഷ്ടിക്കുന്നത്.
1960-കളുടെ അവസാനം വസന്തകലാപത്തിന്റെ ഇടിമുഴക്കങ്ങൾ സൃഷ്ടിച്ച പാരീസിൽ നിന്നും ജെൻസി ആൽഫ തലമുറകളുടെ സമരോത്സുകമായ മുന്നേറ്റങ്ങളുടെ ഗാഥകളാണ് ലോകം കേട്ടുകൊണ്ടിരിക്കുന്നത് എന്നാണ് ഫ്രാൻസിലെ സംഭവഗതികൾ റിപ്പോർട്ട് ചെയ്യുന്ന പല മാധ്യമപ്രവർത്തകർ സൂചിപ്പിക്കുന്നത്. ഫ്രാൻസിൽ നിന്നും കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാർത്ഥി പ്രക്ഷോഭം ആളിപ്പടരുന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരുന്നത്. വിദ്യാർത്ഥികൾക്കൊപ്പം സ്കൂൾ ടീച്ചർമാരും പൊതുമേഖല ട്രേഡ്യൂണിയനുകളും സമരരംഗത്ത് ഇറങ്ങിയിരിക്കുന്നു. സർവ്വകലാശാല വിദ്യാർത്ഥി സംഘടനകളും സമരരംഗത്തേക്ക് വരികയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്തംഭിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ഫ്രാൻസിൽ വിദ്യാർത്ഥികളും യുവജനങ്ങളും പുതിയൊരു വസന്തകലാപത്തിന്റെ മുദ്രാവാക്യങ്ങളാണ് തെരുവുകളിൽ മുഴക്കിക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷ കമ്യൂണിസ്റ്റ് പിൻബലമുള്ള ട്രേഡ്യൂണിയനുകളും വിദ്യാർത്ഥി സംഘടനകളുമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. എൽ.എഫ്.ഐ (La France Insoumise) പോലുള്ള റാഡിക്കൽ ലെഫ്റ്റ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട യൂണിവേഴ്സിറ്റി, ഹൈസ്കൂൾ വിദ്യാർത്ഥി സംഘടനകളാണ് ഈ പുതിയ പ്രക്ഷോഭത്തിന്റെ മുന്നിലുള്ളത്.

ഫ്രാൻസിൽ ആരംഭിച്ച സമരം അതിവേഗം അയൽരാജ്യങ്ങളിലാകെ പടരുകയായിരുന്നു. മാർഗരറ്റ് താച്ചറുടെയും റൊണാൾഡ് റീഗന്റെയും വഴിയെ നവലിബറൽ നയങ്ങൾ നടപ്പാക്കിയ യൂറോപ്യൻ രാജ്യങ്ങളെല്ലാം പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പ്കുത്തിക്കൊണ്ടിരിക്കുകയാണ്. സർവ്വസേവനക്ഷേമമേഖലകളിൽ നിന്നും ഗവൺമെന്റ് പിൻമാറുകയും കടുത്ത സ്വകാര്യവൽക്കരണ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ നടപ്പാക്കുകയും ചെയ്തതാണ് ഫ്രാൻസിൽ ഇന്നത്തെ പ്രതിസന്ധിക്ക് കാരണമായത്. മധ്യവലതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന ഇമ്മാനുവൽ മാക്രോണിനെ പോലുള്ള ഭരണാധികാരികളാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.
മെരിലെപ്പെന്നിനെ പോലുള്ള തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരുമായി ചേർന്ന് മാക്രോൺ നടപ്പാക്കിയ കുടിയേറ്റവിരുദ്ധനിയമം ഉൾപ്പെടെ സൃഷ്ടിച്ച വംശീയ ചേരിതിരിവുകളും തൊഴിലാളി വിരുദ്ധതയും ഫ്രഞ്ച് സമൂഹത്തെ അഭൂതപൂർവ്വമായ പ്രതിസന്ധിയിലേക്കും സംഘർഷങ്ങളിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. ഇന്ന് യൂറോപ്പിലാകെ ആഞ്ഞടിക്കുന്ന ഈ പ്രക്ഷോഭങ്ങൾ നവഫാഷിസത്തിനെതിരായ ഇടതുപക്ഷ രാഷ്ട്രീയ മുന്നേറ്റത്തെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. ട്രംപും മാക്രോണുമെല്ലാം ചേർന്ന് ഇസ്ലാമിസ്റ്റുകളാണ് കുഴപ്പങ്ങളുണ്ടാക്കുന്നത് എന്ന നരേഷൻ സൃഷ്ടിക്കാനാണ് ആസൂത്രിതമായ പ്രൊപ്പഗന്റയും ആരംഭിച്ചിട്ടുണ്ട്.

