മനില സി. മോഹൻ: ഇരുപത് വർഷങ്ങൾക്കുശേഷം താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചെടുത്തു. അമേരിക്ക എളുപ്പം പിൻമാറി. രാഷ്ട്രീയ നയതന്ത്ര സമവാക്യങ്ങളും ബലാബലങ്ങളും പല തരത്തിൽ റീസൈൻ ചെയ്യപ്പെടുകയും റീഡിഫൈൻ ചെയ്യപ്പെടേണ്ടതുമുണ്ട്. ചൈന, റഷ്യ, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ രാഷ്ട്രീയവും നയതന്ത്രപരവും ജ്യോഗ്രഫിക്കലുമായ താത്പര്യങ്ങൾ എന്താണ്?/ എന്തായിരിക്കും? ഒപ്പം തന്നെ ആഗോള ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകളായ ഐ.എസ് പോലുള്ളവയെ താലിബാന്റെ ഭരണ നേട്ടം എന്ത് തരത്തിലാണ് ബാധിക്കുക?
എ. എം. ഷിനാസ്: താലിബാന്റെ രണ്ടാം വരവ് വാസ്തവത്തിൽ ആഗോള ഇസ്ലാമിസ്റ്റ് തീവ്രവാദത്തിന്, അത്തരം സംഘടനകൾക്ക് വലിയ പ്രചോദനോർജം നൽകും. അമേരിക്കയുടെ 20 വർഷത്തെ അഫ്ഗാൻ അധിനിവേശവും സിറിയയിലെ ഇടപെടലും-റഷ്യയുടെ ഇടപെടലുമുണ്ട്- കാരണം ഐ.എസ് വളരെ പരിക്ഷീണമായ അവസ്ഥയിലാണ്. എന്നാൽ പോലും താലിബാന് ഐ.എസ്സുമായി ബന്ധമുണ്ട്. താലിബാനെ വളരെയധികം ആശ്രയിക്കുന്ന, സ്വാധീനിക്കുന്ന സംഘടനയാണ് ഐ.എസ്. അതുപോലെ, ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ പ്രോത്സാഹനത്തോടെ ഭീകരപ്രവർത്തനം നടത്തുന്ന ലഷ്‌കറെ ത്വയ്യിബെ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകൾക്കും താലിബാനുമായി നാഭീനാള ബന്ധമുണ്ട്. ഈ രണ്ടു സംഘടനകളും താലിബാനിൽ ലയിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ വാർത്ത. അതുപോലെ വെസ്റ്റേൺ ചൈനയിലെ ഷിൻജിയാങ് മേഖലയിലെ ഉയിഗൂർ മുസ്‌ലിംകളുടെ തീവ്രവാദ സംഘടനയായ തുർക്കിസ്ഥാൻ ഇസ്ലാമിക് പാർട്ടി-ആദ്യം അതിന്റെ പേര് ഈസ്റ്റ് തുർക്കിസ്ഥാൻ മൂവ്മെൻറ് എന്നായിരുന്നു. ചൈന അവരെ വളരെ നിഷ്ഠുരമായിത്തന്നെയാണ് കൈകാര്യം ചെയ്യുന്നത്. റീഎജ്യുക്കേഷൻ സെന്റേഴ്സ്, വൊക്കേഷണൽ ട്രെയിനിംഗ് സെന്റേഴ്സ് എന്നു പറഞ്ഞ് വലിയ വലിയ അനേകം ജയിലുകൾ അവിടെയുണ്ട്. ഉയിഗൂർ മുസ്‌ലിംകളുടെ വലിയൊരു വിഭാഗത്തെ ഇപ്പോൾ പുനർവിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞ് ആ ജയിലുകളിൽ അടച്ചിട്ടിരിക്കുകയാണ്. ചൈനയുടെ ഷിൻജിയാങ് മേഖലയും മധ്യേഷ്യ, തുർക്കിസ്ഥാൻ, താജ്ക്കിസ്ഥാൻ, കസാക്കിസ്ഥാൻ ഒക്കെ കൂട്ടിച്ചേർത്ത് ഒരു ഖിലാഫത്ത് സ്ഥാപിക്കുകയാണ് തുർക്കിസ്ഥാൻ ഇസ്ലാമിക് പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. ആ മേഖലയിലെ പ്രധാന സ്വാധീനശക്തികളായ ചൈനയും റഷ്യയും താലിബാനൊപ്പമുണ്ട്. പാക്കിസ്ഥാന്റെ കാര്യം പറയേണ്ടതില്ല. ഇറാനും താലിബാനുമായുള്ള ബന്ധവും ഈ അച്ചുതണ്ടിലേക്ക് വന്നേക്കാം. വാസ്തവത്തിൽ അവിടെ നടന്നു കൊണ്ടിരിക്കുന്നത് വൺ-ടു -വൺ ഡീലുകളാണ്. തങ്ങൾ ഏഴു വർഷമായി താലിബാനുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റഷ്യൻ ഔദ്യോഗിക വക്താക്കൾ ഇപ്പോൾ പറയുന്നത്. സോവിയറ്റ് യൂണിയന്റെ പഴയ യുദ്ധമൊക്കെ അവർ മറന്നു. മാത്രമല്ല, റഷ്യൻ വിദേശകാര്യ മന്ത്രിയെ താലിബാന്റെ ഉന്നതതല സംഘം സന്ദർശിച്ചത് അടുത്ത കാലത്താണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും ആധിപത്യം സ്ഥാപിച്ചപ്പോൾ റഷ്യൻ എംബസിയിൽ നിന്ന് ഒരാൾ പോലും വിട്ടുപോവാത്തത് അതുകൊണ്ടാണ്. അവർ അവിടെ കൂളായി ഇരിക്കുകയാണ്. താലിബാൻ തങ്ങളെ ഒന്നും ചെയ്യില്ലെന്ന് അവർക്കറിയാം. മധ്യേഷ്യയെയോ റഷ്യയെയോ ഉന്നംവെക്കുന്ന ഭീകര സംഘടനകൾക്ക് അഫ്ഗാനിസ്ഥാന്റെ മണ്ണിൽ സുരക്ഷിത താവളമൊരുക്കില്ല എന്ന ഉറപ്പാണ് താലിബാനുമായുണ്ടാക്കിയ വൺ-ടു-വൺ ഡീലിൽ റഷ്യക്ക് ലഭിച്ചിരിക്കുന്നത്.
താലിബാന്റെ സഹായവും പ്രോത്സാഹനവും ലഭിച്ച ഭീകരസംഘടനകളൊന്നും തങ്ങളെ ലക്ഷ്യം വെക്കില്ല എന്ന ഉറപ്പ് കിട്ടിയതു കൊണ്ടാണ് റഷ്യൻ എംബസി കാബൂളിൽ സ്വസ്ഥമായി ഇരിക്കുന്നത്.
റഷ്യക്കെതിരായ ചെചൻ വിഘടനവാദത്തെ അംഗീകരിച്ചിരുന്നവരാണ് താലിബാൻ എന്ന് നമ്മൾ ഓർക്കണം. അതു പോലെ താജ്കിസ്ഥാനിലും ഉസ്ബക്കിസ്ഥാനിലും തുർക്ക്മെനിസ്ഥാനിലുമെല്ലാം ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളുണ്ട്. താലിബാന്റെ സഹായവും പ്രോത്സാഹനവും ലഭിച്ച ഭീകരസംഘടനകളൊന്നും തങ്ങളെ ലക്ഷ്യം വെക്കില്ല എന്ന ഉറപ്പ് കിട്ടിയതു കൊണ്ടാണ് റഷ്യൻ എംബസി കാബൂളിൽ സ്വസ്ഥമായി ഇരിക്കുന്നത്. റഷ്യ-താലിബാൻ ഡീലിന് മധ്യേഷ്യൻ റിപ്പബ്ലിക്കുകളിലും സ്വാധീനമുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഭരണാധികാരി അഷറഫ് ഗനിക്ക് താജ്കിസ്ഥാൻ അഭയം നൽകിയില്ലല്ലോ. നേരെ ഒമാനിലേക്കു പോയി. അപ്പോൾ യു.എ.ഇയാണ് മാനുഷിക പരിഗണനയുടെ പേരിൽ അഭയം കൊടുത്തത്. പഴയ താജ്കിസ്ഥാനാണെങ്കിൽ ഗനിക്ക് അഭയം നൽകുമായിരുന്നു. ഇപ്പോൾ താലിബാനെ ചൊടിപ്പിക്കാൻ അവർ താൽപര്യപ്പെടുന്നില്ല.
ചൈനയാകട്ടെ, താലിബാനുമായി നിരവധി ചർച്ചകൾ നടത്തി. താലിബാന്റെ പ്രസിഡണ്ടാകുമെന്നു കരുതുന്ന അബ്ദുൽ ഗനി ബർദാറിന്റെ നേതൃത്വത്തിൽ ഉന്നതസംഘം ചൈനീസ് വിദേശകാര്യമന്ത്രിയെ ബീജിങ്ങിൽ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തിയത് ഇക്കഴിഞ്ഞ ജൂലൈയിലാണ്. താലിബാനും ചൈനയുമായും വൺ-ടു-വൺ ഡീലുണ്ട്. തുർക്കിസ്ഥാൻ ഇസ്ലാമിക് പാർട്ടി എന്ന ഉയിഗൂർ മുസ്‌ലിംകളുടെ വിഘടനവാദ സംഘടനക്ക് താലിബാനിൽ നിന്ന് യാതൊരു വിധ സഹായവും പ്രോത്സാഹനവും ലഭിക്കില്ല എന്നു താലിബാൻ ചൈനക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഈ ഉയിഗൂർ വിഘടനവാദ സംഘടന ഷിൻജിയാങ്ങിൽ മാത്രമല്ല, അതിന്റെ അണികൾ അഫ്ഗാനിസ്ഥാനിലെ ബഡാക് ഷാൻ എന്ന പ്രദേശത്തും സെൻട്രൽ ഏഷ്യയിലും പാക്കിസ്ഥാനിലെ വടക്കൻ വസീറിസ്ഥാനിലുമൊക്കെ ഉണ്ട്. ഉയിഗൂർ മുസ്‌ലിംകളുടെ വിഘടനവാദ സംഘടനക്ക് ഒരുവിധ സഹായവും ഉണ്ടാവില്ല എന്നതാണ് ചൈനക്ക് കിട്ടിയ ഉറപ്പ്. അതുപോലെത്തന്നെ, അഫ്ഗാനിസ്ഥാന്റെ വികസനത്തിനും പുനർനിർമാണത്തിനും വൻതുക ചെലവഴിക്കാമെന്ന് ചൈന ഉറപ്പു നൽകിയിട്ടുമുണ്ട്. കാരണം, അഫ്ഗാനിസ്ഥാൻ എന്നു പറയുന്നത് ചൈനയെ സംബന്ധിച്ച് വളരെ തന്ത്രപ്രധാനമായ മേഖലയാണ്. അമേരിക്ക അവിടെ നിന്ന് ഒഴിഞ്ഞുപോകുമ്പോൾ ആ ഒരു ശൂന്യത അവിടെ നികത്താൻ പോകുന്നത് ചൈനയും റഷ്യയും പാക്കിസ്ഥാനും ഇറാനുമായിരിക്കും. ഇറാനും ഇനി താലിബാനുമായി വൺ-ടു-വൺ ഡീൽ നടത്തും. കാര്യങ്ങൾ താലിബാൻ നിശ്ചയിക്കുന്നതു പോലെ പോകും.
താലിബാൻ പ്രതീക്ഷിക്കുന്നത് ചൈനയിൽ നിന്നുള്ള സാമ്പത്തിക സഹായമാണ്. അതു കിട്ടിയാൽ അഫ്ഗാനിസ്ഥാന്റെ വികസനവും പുനർനിർമാണവുമായി മുന്നോട്ടു പോവാം. ബെൽറ്റ് ആൻറ് റോഡ് ഇനീഷ്യേറ്റീവുമായി അവർ സർവാത്മനാ സഹകരിക്കും.
പിന്നെ, ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം അവരുടെ ബെൽറ്റ് ആൻറ് റോഡ് ഇനീഷ്യേറ്റീവ്- വൺ ബെൽറ്റ് വൺ റോഡ്- ആണ്. ബെൽറ്റ് ആൻറ് റോഡ് ഇനീഷ്യേറ്റീവ് എന്ന ആ ബൃഹത്ത് സാമ്പത്തിക പദ്ധതിയിൽ ചേരാത്ത ആ മേഖലയിലെ ഒരേ ഒരു രാജ്യം ഇന്ത്യയാണ്. ഈ ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവിലെ ഏറ്റവും തന്ത്രപ്രധാനമായ ബെൽറ്റാണ് അഫ്ഗാനിസ്ഥാൻ. അതുപോലെ പാക്കിസ്ഥാൻ- ചൈനീസ് ഇക്കണോമിക് കോറിഡോർ തൊട്ടടുത്ത് കിടക്കുന്നുണ്ട്. അവിടെയും ചൈനയ്ക്ക് വലിയ സാമ്പത്തിക-ഒരു പരിധി വരെ സൈനിക- താൽപര്യങ്ങളുണ്ട്. അതൊക്കെ സുദൃഢമാക്കാൻ താലിബാനുമായുള്ള ബന്ധം ചൈനയ്ക്ക് വളരെയെറേ ഉപകരിക്കും. താലിബാൻ ആകെ ചെയ്യേണ്ടത് തുർക്കിസ്ഥാൻ ഇസ്ലാമിക് പാർട്ടിയെ പ്രോത്സാഹിപ്പിക്കരുത് എന്നതാണ്. അവരെ പിന്തുണയ്ക്കുന്ന ആളുകൾക്കോ സംഘടനകൾക്കോ അഫ്ഗാനിസ്ഥാനിൽ സുരക്ഷിത താവളമൊരുക്കരുത്. അതിനു മറുപടിയായി താലിബാൻ പ്രതീക്ഷിക്കുന്നത് ചൈനയിൽ നിന്നുള്ള സാമ്പത്തിക സഹായമാണ്. അമേരിക്കയുടെ ധനസഹായം ഇനി ഉണ്ടാവില്ല. അപ്പോൾ ചൈനയുടെ ധനസഹായം കിട്ടിയാൽ അഫ്ഗാനിസ്ഥാന്റെ വികസനവും പുനർനിർമാണവുമായി മുന്നോട്ടു പോവാം. ബെൽറ്റ് ആൻറ് റോഡ് ഇനീഷ്യേറ്റീവുമായി അവർ സർവാത്മനാ സഹകരിക്കും.
ഇറാനുമായും ചർച്ച നടക്കുന്നുണ്ട്. ഇറാനും അങ്ങനെയൊരു അവരസവാദ അച്ചുതണ്ടിന്റെ ഭാഗമായേക്കാം. അപ്പോൾ ഐ.എസ്സിനും മറ്റു തീവ്രവാദ സംഘടനകൾക്കും താലിബാനിൽ നിന്ന് തൽക്കാലം പരസ്യ പിന്തുണയോ പ്രോത്സാഹനമോ കിട്ടിയെന്നു വരില്ല.
പക്ഷേ, താലിബാന്റെ ഈ രണ്ടാംവരവ് ഐ.എസ്, ജയ്ഷെ, ലഷ്‌കർ, ബൊക്കോ ഹറാം പോലുള്ള തീവ്രവാദ സംഘടനകൾക്കും അതുപോലെ ആഫ്രിക്കയിലും സോമാലിയയിലുമൊക്കെ പടർന്നു ചിതറിക്കിടക്കുന്ന പല ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനൾക്കും വലിയ തോതിൽ പ്രചോദനോർജവും വീര്യവും ആത്മവിശ്വാസവും ഭാവിയെക്കുറിച്ചുള്ള കൂടുതൽ ശുഭപ്രതീക്ഷയും നൽകിയിട്ടുണ്ട്. താലിബാന് അമേരിക്കയെ ഇങ്ങനെ മുട്ടുകുത്തിക്കാൻ പറ്റുമെങ്കിൽ തങ്ങൾക്കും എന്തുകൊണ്ട് ആയിക്കൂടാ എന്നൊരു ചിന്ത, ആ ഒരു ശൗര്യം, വീര്യം, അഫ്ഗാനിസ്ഥാനു പുറത്തുള്ള, സിറിയയിലും ഇറാഖിലും ചൈനയിലുമുള്ള ഭീകരസംഘടനകളിലും, ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളിലും ആഫ്രിക്കയിലെ ബൊക്കോഹറാം, സോമാലിയയിലെ അൽഷബാബ് പോലുള്ള എല്ലാ ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകളിലും ഉണ്ടാകും.
പക്ഷേ ഒരു കാര്യമുണ്ട്. റഷ്യ, ചൈന, ഇറാൻ തുടങ്ങിയവരുടെ ആവശ്യങ്ങളെ തലിബാൻ കണക്കിലെടുത്തേക്കാമെങ്കിലും താലിബാന്റെ സൈനിക വിഭാഗത്തെ നിയന്ത്രിക്കുന്നത് ഹക്കാനി നെറ്റ്‌വർക്ക് ആണ്. ഹക്കാനി നെറ്റ്‌വർക്കിനെ നിയന്ത്രിക്കുന്നത് പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐയും. അപ്പോൾ, ഇന്ത്യക്കെതിരെയുള്ള ഭീകരവാദ കൃത്യങ്ങൾക്ക് ഒളിഞ്ഞും തെളിഞ്ഞും പാക്കിസ്ഥാന്റെ പിന്തുണയോടെ താലിബാന്റെ സഹായം ലഭിക്കും എന്നതാണ് ഏറ്റവും പ്രധാന കാര്യം. ഈ അച്ചുതണ്ടിലെ എല്ലാവരും അമേരിക്കൻ വിരുദ്ധരാണ്. റഷ്യ കുറേക്കാലമായി കടുത്ത അരേിക്കൻ വിരുദ്ധ മനോഭാവത്തിലാണ്. ചൈന അതിനേക്കാൾ കടുത്ത അരേിക്കൻ വിരുദ്ധ നിലപാടിലുമാണ്. പ്രത്യേകിച്ച്, ദക്ഷിണ ചൈനാ കടലിലെ പ്രശ്നങ്ങളിൽ അമേരിക്ക ഇടപെടുന്ന രീതിയൊന്നും ചൈനക്ക് ഇഷ്ടമല്ല. ഒരുപക്ഷേ അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്നു പിൻമാറിയതു പോലും ദക്ഷിണ ചൈനാ കടലിൽ ചൈനയെ contain ചെയ്യാനുള്ള ശ്രമത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കാം.
ചൈന ഇനി കൂടുതൽ assertive ആകും. കൂടുതൽ പ്രകോപനങ്ങൾ അവർ ഇന്ത്യയിൽ സൃഷ്ടിക്കും. ഇന്ത്യ നോർത്ത് വെസ്റ്റിൽ നേരിടുന്ന സുരക്ഷാപ്രശ്നങ്ങൾ ഇനി തീക്ഷ്ണമാകും.
ഇന്ത്യക്ക് നേരെ ചൈനയുടെ ഭാഗത്തു നിന്ന് ഒരുപാട് പ്രകോപനങ്ങൾ ഉണ്ടായി. ആദ്യം ഡോക് ലാം, പിന്നെ ഗാൽവൻ, ലഡാക്ക്....അതൊന്നും യാദൃച്ഛികമായിരുന്നില്ല. ഇപ്പോൾ അമേരിക്കൻ പിൻമാറ്റത്തോടെ ചൈനയുടെ ജിയോ പൊളിറ്റിക്കൽ ക്ലൗട്ടും അതുപോലെത്തന്നെ ജിയോ ഇക്കണോമിക് ക്ലൗട്ടും വൻതോതിൽ ആ മേഖലയിൽ വർധിച്ചു. ഇനി ചൈനക്ക് പഴയ ഒരു വിട്ടുവീഴ്ചയുടെ നയം ഇന്ത്യയോട് അനുവർത്തിക്കണമെന്ന് ഇല്ല തന്നെ. ചൈന ഇനി കൂടുതൽ assertive ആകും. കൂടുതൽ പ്രകോപനങ്ങൾ അവർ ഇന്ത്യയിൽ സൃഷ്ടിക്കും. ഇന്ത്യ നോർത്ത് വെസ്റ്റിൽ നേരിടുന്ന സുരക്ഷാപ്രശ്നങ്ങൾ ഇനി തീക്ഷ്ണമാകും.
താലിബാനോടുള്ള ലോകരാഷ്ട്രങ്ങളുടെ സമീപനം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. തീവ്രവാദ സംഘടനാ പട്ടികയിൽ ഉൾപ്പെട്ടിരിക്കുമ്പോഴും മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങൾ അഫ്ഗാനിസ്ഥാനിൽ ചെയ്തു കൊണ്ടിരിക്കുമ്പോഴും താലിബാനുമായുള്ള ഡയലോഗ് ലോക രാഷ്ട്രങ്ങൾ തുടരുന്നുണ്ട്. പക്ഷേ ഇന്ത്യ അതിന് തയ്യാറായില്ല. ഇന്ത്യയുടെ നയതന്ത്രപരമായ പരാജയം എന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഈ സമീപനം ഭാവിയിൽ ദക്ഷിണേഷ്യൻ രാഷ്ട്രീയത്തെ എങ്ങനെയായിരിക്കും സ്വാധീനിക്കുക?
അഫ്ഗാനിസ്ഥാനെ പൊതുവിൽ ഒരു ഗ്രേറ്റ് ഗെയിമിന്റെ മൈതാനം എന്നാണു വിളിച്ചു പോരുന്നത്. ഒരു വലിയ കളിയുടെ, ബൃഹത്തായൊരു ഭൗമരാഷ്ട്രീയക്കളിയുടെ മൈതാനം. പത്തൊൻപതാം നൂറ്റാണ്ടു മുതലേ അത് അങ്ങനെയാണ്. അന്ന് റഷ്യയും ബ്രിട്ടനും തമ്മിലായിരുന്നു ആ പ്രദേശങ്ങളിലെ സ്വാധീനത്തെ ചൊല്ലിയുള്ള തർക്കം. അങ്ങനെ രണ്ടു മൂന്ന് ആംഗ്ലോ - അഫ്ഗാൻ യുദ്ധങ്ങൾ പോലുമുണ്ടായി. 1839-42 കാലത്ത് നടന്ന ആദ്യ യുദ്ധത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെടുകയായിരുന്നു. അവിടത്തെ ഭരണാധികാരി റഷ്യയുമായി അടുക്കുന്നുവെന്നു കണ്ടപ്പോൾ ജനറൽ ഓക് ലാൻഡ്, ആർമി ഓഫ് ഇൻഡസ് എന്ന ഇരുപതിനായിരം അംഗബലമുള്ളൊരു സൈന്യത്തെയുണ്ടാക്കി അഫഗാനിസ്ഥാനിലേക്കു വിട്ടു. അവർ തിരിച്ചുവരുന്ന വഴിക്ക് നാലുപാടും ആക്രമിക്കപ്പെട്ടു. അവസാനം ഏതാനും പേർ മാത്രമാണു തിരിച്ചെത്തിയതെന്നു ചില രേഖകളിൽ കാണുന്നു. പക്ഷേ തോറ്റമ്പിയ, അതിദയനീയമായ ആ പരാജയത്തിനു ശേഷം ഇവിടത്തെ ഗവർണർ ജനറൽ അയച്ച റിപ്പോർട്ടിൽ പറഞ്ഞത് എ പാർഷ്യൽ ഡിഫീറ്റ് എന്നാണ്- ഭാഗിക പരാജയം! പിന്നീടു നടന്ന അഫ്ഗാൻ യുദ്ധങ്ങളിലാണ് അഫ്ഗാനിസ്ഥാനെ വരുതിയിലാക്കുന്നത്.
ഈ അതിബൃഹത്തായ ഭൗമരാഷ്ട്രീയ ചതുരംഗക്കളിയിൽ ഇന്ന് ഇന്ത്യക്ക് ഒരു മരപ്പാവയുടെ വില പോലുമില്ലാതായി. അമേരിക്കയാണ് ചെക്ക് മേറ്റ് ചെയ്യപ്പെട്ടത്. ഒരു വലിയ കരുവിന്റെയല്ല, ഒരു കാലാളിന്റെ സാധ്യത പോലുമില്ലാത്ത തരത്തിൽ ഇന്ത്യ ഔട്ടായി. ഇന്ത്യക്ക് വേറെ ഓപ്ഷൻസ് ഇല്ല. കാരണം, താലിബാനുമായി 2020 ഫെബ്രുവരിയിൽ അമേരിക്ക ചർച്ച നടത്തുന്നതിനു മുമ്പേ, അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ്. സൈന്യത്തെ പിൻവലിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞിരുന്നു. അമേരിക്ക അഫ്ഗാൻ ദൗത്യത്തിൽ പരാജയപ്പെട്ടിരിക്കുന്നു, ഉടനെ പിൻവാങ്ങും എന്ന് 2016ൽ തന്നെ ഗാർഡിയൻ പത്രം എഴുതിയിരുന്നു. ബരാക്ക് ഒബാമ അതു നീട്ടി. ഡൊണാൾഡ് ട്രംപ് സെപ്റ്റംബർ 11 വരെ സമയം പിന്നെയും നീട്ടിക്കൊടുത്തു. ബൈഡൻ വന്നപ്പോൾ സമയപരിധി ആഗസ്റ്റ് 31 ആക്കി വെട്ടിച്ചുരുക്കി. അതിനും മുൻപ് പിന്മാറാൻ നോക്കുകയും ചെയ്തു. ട്രംപാണ് നടപടികൾ തുടങ്ങിവച്ചത്. ഈ ഇടപാടിൽ, 2020 ഫെബ്രുവരിയിൽ നടന്ന ആദ്യത്തെ ചർച്ചയിൽ അഫ്ഗാനിസ്ഥാനിലെ അഷറഫ് ഗനി സർക്കാരിന്റെ പ്രതിനിധികൾ പോലുമുണ്ടായിരുന്നില്ല. താലിബാനും ട്രംപിന്റെ ആളുകളും മാത്രമാണുണ്ടായിരുന്നത്. അപ്പോഴാണ് ശരിക്കുള്ള ഡീൽ നടന്നത്. അമേരിക്ക പിന്മാറും, താലിബാൻ കാബൂൾ കീഴടക്കും, ഭരണം പിടിക്കും എന്ന് അമേരിക്കയ്ക്ക് അറിയാമായിരുന്നു, താലിബാന് അറിയാമായിരുന്നു, പാക്കിസ്ഥാന് അറിയാമായിരുന്നു, ഒരു പരിധി വരെ റഷ്യക്കും ചൈനക്കും അറിയാമായിരുന്നു. ഇന്ത്യൻ ഇന്റിലജൻസ് ഏജൻസികൾക്കും അറിയാമായിരുന്നിരിക്കണം. അഥവാ അറിഞ്ഞിരുന്നില്ലെങ്കിൽ അത് ഏറ്റവും വലിയ ഇന്റലിജൻസ് പരാജയമാണ്.
ഇന്ന് താലിബാൻ അവരുടെ ഡൊമസ്റ്റിക് പോളിസി കുറേക്കൂടി മോഡറേറ്റ് ആക്കിയാൽ, അല്ലെങ്കിൽ പഴയ പോലെ ആ ഒരു നിഷ്ഠുര ഇസ്ലാമിക് ശരീഅത്തല്ല നടപ്പാക്കുന്നത് എന്നു പറഞ്ഞാൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ കിട്ടും.
താലിബാനുമായി റഷ്യ ചർച്ച നടത്തുമ്പോളും റഷ്യയുടെ ഭീകര സംഘടനകളുടെ പട്ടികയിലായിരുന്നു താലിബാൻ. ഇപ്പോഴും ആ ലിസ്റ്റിൽ നിന്നു മാറ്റിയിട്ടില്ല. അമേരിക്ക മാത്രമാണ് 2020ൽ താലിബാനെ ഭീകരസംഘടനയുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്, ഈ ചർച്ചയുടെ ഭാഗമായിട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരസംഘടനാപട്ടികയിൽ താലിബാൻ ഉണ്ട്. ചൈനയുടെ പട്ടികയിലുണ്ട്. ഇന്ത്യയുടെ പട്ടികയിലുമുണ്ട്. സകല രാഷ്ട്രങ്ങളുടെയും പട്ടികയിലുണ്ട്. ഇതൊക്കെ നിലനിർത്തിക്കൊണ്ടാണ് ചർച്ചകൾ നടക്കുന്നത്. അപ്പോൾ താലിബാൻ അവിടെ ഭരണത്തിൽ കയറി അമർന്നിരുന്നാൽ, സെക്യൂറിറ്റി കൗൺസിലിൽ റഷ്യയും ചൈനയും അമേരിക്കയും മറ്റു രാജ്യങ്ങളുമെല്ലാം അംഗീകരിക്കും.
1996-2001ലെ താലിബാൻ ഭരണത്തിന് മൂന്നേ മൂന്ന് രാഷ്ട്രങ്ങളുടെ അംഗീകാരം മാത്രമാണുണ്ടായിരുന്നത്: പാക്കിസ്ഥാൻ, സൗദി, യു.എ.ഇ. ഇന്ന് താലിബാൻ അവരുടെ ഡൊമസ്റ്റിക് പോളിസി കുറേക്കൂടി മോഡറേറ്റ് ആക്കിയാൽ, അല്ലെങ്കിൽ പഴയ പോലെ ആ ഒരു നിഷ്ഠൂര ഇസ്ലാമിക് ശരീഅത്തല്ല നടപ്പാക്കുന്നത് എന്നു പറഞ്ഞാൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ കിട്ടും. സൗദി പോലും 2017ൽ മുഹമ്മദ് ബിൻ സൽമാൻ വന്ന ശേഷം പേരിനുള്ള മാറ്റങ്ങളാണെങ്കിൽ പോലും സ്ത്രീകളുടെ പല വിലക്കപ്പെട്ട അവകാശങ്ങളും പുനഃസ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യാം, ഒറ്റയ്ക്ക് പാസ്പോർട്ടിന് അപ്ലൈ ചെയ്യാം, വേണമെങ്കിൽ ഒറ്റയ്ക്ക് വിദേശയാത്ര നടത്താം, ഒറ്റയ്ക്ക് ഹോട്ടലിൽ റൂമെടുക്കാം എന്നുള്ള നിയമങ്ങളൊക്കെ വന്നുകൊണ്ടിരിക്കുകയാണ്.
സൗദിയിൽ നിന്നാണല്ലോ ഈ ബ്രാൻഡ് ഓഫ് ജിഹാദി ഇസ്ലാമിസം ഇറക്കുമതി ചെയ്യപ്പെട്ടത്. അത് പഷ്തൂൺവാലിയിലെ ഗോത്ര നിയമങ്ങൾ കൂട്ടിക്കലർത്തിയ അതിവിചിത്രവും ലോകത്ത് മറ്റെവിടെയും കാണാൻ കഴിയാത്തതുമായൊരു ഇസ്ലാമിക ശരീഅത്താണ്. കാരണം, ഇസ്ലാമിനെ ഉയർത്തിപ്പിടിക്കുന്ന മിക്കവരും അംഗീകരിക്കാത്തൊരു ശരീഅത്താണ് അത്.
ഇപ്പോൾ താലിബാൻ വിദേശനയത്തിൽ ഇതിനകം വലിയ കാതങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. പല രാഷ്ട്രങ്ങളുമായി ചർച്ചകൾ നടത്തി, അവരുടെ പിന്തുണ നേടി. ഇന്ത്യ മാത്രമാണ് ഔദ്യോഗികമായി താലിബാനുമായി ചർച്ചകൾ നടത്താത്തത്. ബാക്ക് ചാനൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. പക്ഷേ, അതൊന്നും ഔദ്യോഗിക ചർച്ചകളല്ല. അപ്പോൾ താലിബാനുമായുള്ള ഡിപ്ലോമസി എന്നു പറയുന്നത്, ഇങ്ങനെ മോണിറ്റർ ചെയ്യുകയല്ല. ഇങ്ങനെ സൂക്ഷ്മ വിഹഗവീക്ഷണം നടത്തി എന്തൊക്ക സംഭവിക്കുന്നു എന്നു നിരീക്ഷിക്കുന്നതൊക്കെ ഡിപ്ലോമസിയുടെ ഭാഗം തന്നെ. പക്ഷേ, ഡിപ്ലോമസിയുടെ മർമം കാര്യങ്ങളെ മുൻകൂട്ടികാണുക എന്നതാണ്. കാര്യങ്ങൾ മുൻകൂട്ടിക്കണ്ട്, താലിബാനെ ഔദ്യോഗിക ഭീകര ലിസ്റ്റിൽ നിന്ന് ഒഴിവാക്കാതെ തന്നെ, റഷ്യയുമൊക്കെ ചെയ്തതു പോലെ, ഇന്ത്യയുടെ താൽപര്യങ്ങൾ ഏതാണ്ട് സംരക്ഷിക്കുന്ന തരത്തിൽ താലിബാനുമായി ചർച്ച നടത്താമായിരുന്നു. ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കാതിരിക്കാൻ താലിബാന് മേൽ അതിന്റെ പത്ത് മടങ്ങ് സമ്മർദം പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ചെെനയുടെ ഭാഗത്ത് നിന്നും ഉണ്ടാകും, അതുറപ്പാണ്. എന്നാലും ആ delicate situation-ൽ സുരക്ഷാ പ്രശ്നങ്ങളിൽ അധികം വർധനയില്ലാത്ത തരത്തിൽ ഒരു സ്റ്റാറ്റസ്‌കോ നിലനിർത്താനുളള ശ്രമം പോലും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായില്ല.
ചൈന ഇനി ഇന്ത്യയുടെ അതിർത്തിയിലുണ്ടാക്കുന്ന പ്രകോപനങ്ങൾ കൂടുതൽ വർധിക്കും. അങ്ങനെ ഈ ചതുരംഗക്കളിയിൽ വാസ്തവത്തിൽ ഇന്ത്യയാണ് പുറത്തായത്.
മാത്രമല്ല, അമേരിക്കയുടെ നേതൃത്വത്തിൽ, അമേരിക്കയും ഇന്ത്യയും ഓസ്ട്രേലിയയും ജപ്പാനുമടങ്ങുന്ന ഈ ചതുർരാഷ്ട്ര സഖ്യമുണ്ടല്ലോ (ക്വാഡ്), അത് ചൈനയെ contain ചെയ്യാൻ വേണ്ടിയാണെന്ന് ചൈനക്കറിയാം, ലോകത്തിനിയാം. അതു കൊണ്ടാണ് ചൈന പറഞ്ഞത് അത് ഏഷ്യൻ നാറ്റോ ആണെന്ന്. ആ ഏഷ്യൻ നാറ്റോയിൽ നമ്മൾ അംഗമാണ്. അല്ലെങ്കിൽ തന്നെ 1991നു ശേഷം ക്രമപ്രവൃദ്ധമായി ഇന്ത്യ അമേരിക്കയോട് ചാഞ്ഞ് ചാഞ്ഞ് അവസാനം ഇപ്പോൾ ഇന്ത്യയുടെ അവസ്ഥയെന്താണ്? നാറ്റോയ്ക്ക് പുറത്തുള്ള ഒരു അനൗദ്യോഗിക അംഗരാഷ്ട്രം. നാറ്റോയുടെ അംഗരാഷ്ട്രങ്ങൾ അമേരിക്കയ്ക്ക് കൊടുക്കുന്ന എല്ലാ തരം സൈനികസേവനങ്ങളും ചെയ്യാൻ ബാധ്യസ്ഥമായ ഒരു രാജ്യമായി ഇന്ത്യ മാറി. മാത്രമല്ല, ക്വാഡിന്റെ സൈനികാഭ്യാസങ്ങൾ അറേബ്യൻ ഉൾക്കടലിലും ബംഗാൾ ഉൾക്കടലിലും കഴിഞ്ഞ വർഷവും അതിന്റെ മുൻപത്തെ വർഷവും നടന്നിരുന്നു-മലബാർ എന്ന പേരിൽ. ഇതൊക്കെ ചൈനയെ കൂടുതൽ പ്രകോപിപ്പിക്കുന്ന കാര്യങ്ങളാണ്. അമേരിക്ക ഉപേക്ഷിച്ചുപോയ ആ മധ്യേഷ്യൻ ഭൂപ്രദേശം കൂടി ചൈനയുടെ വരുതിയിലായതോടെ ചൈന ഇന്ത്യയെ വലയം ചെയ്യുന്നു എന്നത് യാഥാർഥ്യമാണ്. പല സ്ഥലങ്ങളിലും- പാക്കിസ്ഥാൻ, മ്യാൻമർ, ശ്രീലങ്ക, മാൽഡിവ്സ്- തുറമുഖങ്ങളിലേക്ക് പ്രവേശനം കിട്ടിയതോടെ ചൈനയുടെ ഈ വലയം ചെയ്യലിന്റെ ഉഗ്രത കൂടും.
ചൈന ഇനി ഇന്ത്യയുടെ അതിർത്തിയിലുണ്ടാക്കുന്ന പ്രകോപനങ്ങൾ കൂടുതൽ വർധിക്കും. അങ്ങനെ ഈ ചതുരംഗക്കളിയിൽ വാസ്തവത്തിൽ ഇന്ത്യയാണ് പുറത്തായത്. പുറത്തായി എന്നു മാതമല്ല, ഇന്ത്യയാണ് അതിന്റെ worst receiving end-ൽ പെട്ടത്.
ഇപ്പോൾ ഇന്ത്യ ഇതിനെ രണ്ട് തരത്തിലാണ് കാണുന്നത്. നരേന്ദ്ര മോദിയുടെ പ്രസംഗം നോക്കുക. താലിബാന്റെ ഈ രണ്ടാം വരവ് ഇന്ത്യയുടെ സുരക്ഷാതാൽപര്യങ്ങളെ അതിഭീകരമായി ഹനിക്കും എന്ന് അറിയാവുന്ന ഒരു പ്രധാനമന്ത്രി എന്താണ് ചെയ്തത്? ഡൊമസ്റ്റിക് പൊളിറ്റിക്സിനു വേണ്ടി-യു.പിയിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു-പറയുന്നത് എന്താണ് ? ഭീകര സംഘടനകളുടെ വാഴ്ചകൾ താൽക്കാലികമാണ് എന്ന് പറയുന്നു. എന്ത് ചൂണ്ടിക്കാട്ടിയാണ് ഇത് പറയുന്നത്? സോമനാഥക്ഷേത്രത്തിന്റെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട്. അത് തകർക്കപ്പെട്ടു, പുനർനിർമിച്ചു, എന്നിട്ടും സോമനാഥക്ഷേത്രം അചഞ്ചലമായി നിൽക്കുന്നു, അതു പോലെ ഇന്ത്യയും. സോമനാഥക്ഷേത്രത്തെ ഇന്ത്യയുടെ ഒരു പ്രതീകമായി, ഇന്ത്യയുടെ രൂപകമാക്കിക്കൊണ്ടുള്ള പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്. അങ്ങനെ ഒരു ഇന്റേണൽ പൊളിറ്റിക്കൽ ഡിവിഡൻറ് ഉണ്ടാക്കാൻ നോക്കുന്നു. മാത്രമല്ല, താലിബാന്റെ ഈ രണ്ടാം വരവും ശക്തിയാർജിക്കലും ചൂണ്ടിക്കാണിച്ച് ഹിന്ദുത്വ ജിങ്കോയിസത്തെ -ജിങ്കോയിസ്റ്റിക് നാഷനലിസത്തെ പതിന്മടങ്ങ് ജ്വലിപ്പിക്കാൻ, ഹിന്ദു-മുസ്ലിം ധ്രുവീകരണത്തെ അതിഭീകരമായി വർധിപ്പിക്കാൻ, തീക്ഷ്ണമാക്കാൻ ഇവിടെ ബി.ജെ.പി ശ്രമിക്കും.
താലിബാൻ വരുന്നതു കൊണ്ട് ഒരു ഭാഗത്ത് ഇന്ത്യ എന്ന രാഷ്ടത്തിന്റെ സുരക്ഷാ താൽപര്യങ്ങൾ കൂടുതൽ അപകടത്തിലാകുന്നു. അതവർക്കറിയാം. അതേ സമയം, ഈ താലിബാന്റെ രണ്ടാം വരവ്, താലിബാന്റെ ഇന്ത്യൻ പതിപ്പെന്ന് നിശ്ചയമായും വിശേഷിപ്പിക്കാവുന്ന സംഘപരിവാറിനെ ഉള്ളിൽ സന്തോഷിപ്പിക്കുന്നു. ഇന്ത്യയിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ വലിയ തോതിലുള്ള ധ്രുവീകരണത്തിന് ഇത് അവരെ സഹായിക്കും. ഈ ധ്രുവീകരണമൊന്നും ബംഗാളിൽ നടന്നില്ല, കേരളത്തിൽ നടന്നില്ല. പക്ഷേ ഈ ധ്രുവീകരണ തന്ത്രമെന്ന ഒറ്റ ട്രംപ് കാർഡ് മാത്രമേ ബി.ജെ.പിയുടെ കൈവശമുള്ളൂ. കാരണം, നരേന്ദ്ര മോദിയുടെ ജനപ്രീതി ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിൽ ഇടിഞ്ഞ അവസരമാണിത്. അപ്പോൾ ഈ ഒരു ഫാക്ടറിന് ജനപ്രീതി ഉയർത്താനും ധ്രുവീകരണം വർധിപ്പിക്കാനും കഴിയും. ഒരു ഹിന്ദുഅതിദേശീയ യുദ്ധോത്സുക ജിങ്കോയിസം സൃഷ്ടിച്ചെടുക്കാനാവും. അതുവഴി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനും കഴിയും. കാരണം, നമുക്കറിയാം പുൽവാമ ആക്രമവും തുടർന്ന് ബാലക്കോട്ട് ആകമണവും നടന്നില്ലായിരുന്നെങ്കിൽ-പൊടുന്നനെയാണ് നോർത്ത് ഇന്ത്യയിൽ ഒരു ജിങ്കോയിസ്റ്റിക് നാഷനലിസം ഉൽപാദിപ്പിച്ചെടുത്തത്-പ്രത്യേകിച്ച് ബാലക്കോട്ട് മിന്നലാക്രമണം. പുൽവാമ കഴിഞ്ഞ് പാക്കിസ്ഥാന്റെ അതിർത്തിയിൽ കയറിക്കടന്ന് ഇന്ത്യ ആക്രമിച്ചു എന്നത് നോർത്ത് ഇന്ത്യയിലെ ബി.ജെ.പി അനുഭാവികളെ-അനുഭാവികളല്ലാത്തവരെപ്പോലും- വിജൃംഭിതരാക്കി എന്ന് നമുക്കറിയാം. അതുണ്ടായിരുന്നില്ലെങ്കിൽ ഇലക്ഷനിൽ ഇത്ര വലിയ വിജയം ഉണ്ടാകുമായിരുന്നില്ല. ഇനി വരുന്ന ഇലക്ഷനിൽ ഈ താലിബാൻ ഭീകരതയെ, ഇന്നലെ മുതൽ ഉപയോഗിച്ചു തുടങ്ങിയതു പോലെ, സോമനാഥക്ഷേത്രത്തിന്റെ കാര്യമൊക്കെ പറഞ്ഞ് ഉപയോഗിക്കും.
അതേസമയം, മേഖലയിൽ ഇന്ത്യ ഒറ്റപ്പെട്ടു കിടക്കുകയാണ് എന്ന യാഥാർഥ്യം, പറഞ്ഞില്ലെങ്കിലും നമ്മൾ അംഗീകരിച്ചേ പറ്റൂ. അങ്ങനെ വളരെ കോംപ്ലക്സ് ആയിട്ടുള്ള ഈ മധ്യേഷ്യൻ ഭൗമരാഷ്ട്രീയ യാഥാർഥ്യത്തിൽ ഇന്ത്യ അരുക്കല്ല, പുറത്തായിരിക്കുന്നു. ഇന്ത്യക്ക് കാര്യമായ ഓപ്ഷൻസ് ഇല്ല. ഇന്ത്യ അത് എങ്ങനെ തരണം ചെയ്യും എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ▮