ലോകമെമ്പാടുമുള്ള വിപ്ലവ സോഷ്യലിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾ ഒക്ടോബർ വിപ്ലവസ്മരണ പുതുക്കുകയാണ്.
നവരാശിയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തരം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവങ്ങളിലൊന്നായിരുന്നു റഷ്യൻ വിപ്ലവം. ലോക ചരിത്രത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കാൻ അതിനുകഴിഞ്ഞു. സോഷ്യലിസ്റ്റുകളുടെ വാഗ്ദത്ത ഭൂമിയായ സോവിയറ്റ് യൂണിയൻ എന്ന ലോകശക്തി അതിന്റെ വളർച്ചയുടെ പടവുകൾ കയറുന്നതിനിടയിൽ ഉണ്ടായ ഗുരുതരമായ പാകപിഴകളാൽ തകർന്നുപോയെങ്കിലും മുതലാളിത്ത സാമ്രാജ്യത്വ ചൂഷണങ്ങളോടുള്ള അടിസ്ഥാനവർഗ്ഗത്തിന്റെ ചെറുത്തുനിൽപ്പിനെയും ജനകീയ മുന്നേറ്റങ്ങളെയും തടഞ്ഞു നിർത്താനാവില്ലെന്ന് ചൈനയും ലാറ്റിനമേരിക്കയും ക്യൂബ, വിയറ്റ്‌നാം, ലാവോസ് എന്നീ സോഷ്യലിസ്റ്റ് രാജ്യങ്ങളും തെളിയിച്ചതാണ്. മുതലാളിത്ത ചേരി മാത്രം നിലനിൽക്കുന്നതിന്റെ ദുരന്തഫലങ്ങൾ ലോകം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സോവിയറ്റ് യൂണിയനെ പോലൊരു സോഷ്യലിസ്റ്റ് ശക്തി നിലവിൽ ലോകത്തുണ്ടായിരുന്നുവെങ്കിൽ പലസ്തീൻ പ്രശ്‌നം ഇത്രയും നാൾ മുന്നോട്ട് കൊണ്ടുപോകാതെ പരിഹരിക്കാൻ സാധിക്കുമായിരുന്നു.
അതുവരെ നിലനിന്നിരുന്ന ധാരണകളെയെല്ലാം മാറ്റിമറിക്കുന്നതായിരുന്നു റഷ്യൻ വിപ്ലവം. സമൂഹത്തിൽ നിന്ന് ദാരിദ്ര്യവും ചൂഷണവും എന്നെന്നേക്കുമായി തുടച്ചുനീക്കുക എന്ന ചരിത്ര ദൗത്യം ഏറ്റെടുത്തത് റഷ്യൻ വിപ്ലവമായിരുന്നു. ഒരു പുത്തൻ സമൂഹത്തിന്റെ വിധാതാക്കളായി തൊഴിലാളി വർഗ്ഗത്തെ അവരോധിക്കുകയായിരുന്നു ഈ വിപ്ലവം. റഷ്യൻ വിപ്ലവത്തിനുമുമ്പ് അരങ്ങേറിയ വിപ്ലവങ്ങളിൽ ഒന്നും തന്നെ തൊഴിലാളിവർഗ്ഗത്തിന് ഈ സ്ഥാനം നേടിക്കൊടുത്തിട്ടില്ല. അതുപോലെ വിപ്ലവതന്ത്രങ്ങളും അടവുകളും ഉപയോഗിച്ച് അതൊരു ശാസ്ത്രമായി തന്നെ മാറി. വിപ്ലവം ഒരു കലയും ശാസ്ത്രവും എന്ന നിലയിലേക്ക് പരിവർത്ത നപ്പെടുകയായിരുന്നു റഷ്യൻ വിപ്ലവത്തിലൂടെ. മറ്റൊരു വിപ്ലവങ്ങളും ബോധപൂർവ്വമായ തന്ത്രങ്ങളിലൂടെയല്ല കടന്നുപോയത്. ഇതിനൊക്കെ അടിത്തറയിട്ടതും ചാലകശക്തിയും വഴികാട്ടി യുമായതും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം ആയിരുന്നുവെന്നതാണ് റഷ്യൻ വിപ്ലവത്തിന്റെ സവിശേഷത.

സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിവിഗതികളെ ചരിത്രപരമായും വൈരുദ്ധ്യാധിഷ്ഠിതമായും വി ശകലനം ചെയ്തിട്ടുള്ളത് മാർക്‌സിസമാണല്ലോ. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം സാധ്യമാണെന്ന മാർക്‌സിസ്റ്റ് നിഗമനങ്ങളെ പ്രയോഗവൽക്കരിച്ചത് റഷ്യൻ വിപ്ലവത്തിലൂടെയാണ്. മുതലാളിത്ത ചൂഷണവും ദാരിദ്ര്യവും അവസാ നിപ്പിച്ച് റഷ്യ എന്ന സോഷ്യലിസ്റ്റ് രാജ്യം ഉദയം ചെയ്തതും സോഷ്യ ലിസം കെട്ടിപ്പടുത്തതും മാർക്സിസ്റ്റ് ആശയങ്ങളുടെ അടിത്തറയിലാണ്. ജോർജ് പ്ലഖനോവ് ആണ് റഷ്യയിൽ മാർക്സിസ്റ്റ് സിദ്ധാന്തം ആദ്യമായി പ്രചരിപ്പിക്കുന്നത്. പ്ലഖനോവ് ലെനിൻ ഉൾപ്പെടെയുള്ള ഒരു രാഷ്ട്രീയനിരയെ തന്നെ എന്താണ് മാർക്സിസം എന്നതിനെ കുറിച്ചുള്ള ബാലപാഠങ്ങൾ പഠിപ്പിച്ചു. അതുകൊണ്ടാണ് ലെനിൻ, പ്ലഖ്‌നോവിനെ മാർക്സിസത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചത്.
അതുവരെ ലോകത്ത് നിലനിന്ന എല്ലാത്തരം രാഷ്ട്രീയ പാർട്ടികളിൽ നിന്നും വിഭിന്നമായിരുന്നു ലെനിൻ സ്ഥാപിച്ച തൊഴിലാളിവർഗ്ഗ പാർട്ടി. ഈ പാർട്ടിയിൽ അംഗത്വമെടുക്കുന്നവർ പാർട്ടിയുടെ നയത്തെ അംഗീകരിക്കുന്നതിനോടൊപ്പം, എല്ലാ അംഗങ്ങളും അതിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 'എന്തു ചെയ്യണം' എന്ന ഗ്രന്ഥമാണ് ലോകത്താദ്യമായി വിപ്ലവപാർട്ടി യെക്കുറിച്ച് ഒരു രൂപരേഖ വരച്ചുകാട്ടിയതും പിന്നീട് സി പി ഐയെ പോലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ അത് അംഗീകരിച്ച് പ്രവർത്തിക്കാൻ ആരംഭിച്ചതും. സാമ്രാജ്യത്വഘട്ടത്തിൽ വിപ്ലവത്തിന്റെ വസ്തുനിഷ്ഠമായ ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും ബൂർഷ്വാ ജനാധിപത്യ വിപ്ലവം പൂർത്തീകരിക്കാതെ സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് നേരിട്ട് ചാടിക്കടക്കാൻ കഴിയില്ലെന്ന ലെനിന്റെ വാദം സാധൂകരിക്കുന്നതായിരുന്നു റഷ്യൻ വിപ്ലവത്തിന്റെ ഗതിവിഗതികൾ. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് റഷ്യയിലെ സോഷ്യലിസ്റ്റ് വിപ്ലവവും ലെനിനും നൽകിയ ഏറ്റവും വലിയ സംഭാവനയായിരുന്നു വിപ്ലവത്തെ കുറിച്ചുള്ള കാഴ്ചപ്പാടും അതിന്റെ പൂർവ്വഘട്ടങ്ങളെ പൂർത്തീകരിക്കലും. ലെനിന്റെ തിയറി മറ്റു കമ്മ്യൂണിസ്റ്റ് പാർട്ടികൾ സമ്പുഷ്ടീകരിച്ചുകൊണ്ട് വിപുലമായ ജനാധിപത്യ വിപ്ലവങ്ങൾക്കും ബൂർഷ്വാ ജനാധിപത്യ, ജനകീയ ജനാധിപത്യ, വിശാല ജനാധിപത്യ വിപ്ലവം എന്നീ പേരുകളിൽ അതാത് ദേശത്തെ സാഹചര്യത്തിനനുസരിച്ച് ഈ വിപ്ലവ സാധ്യതകളെ ഉപയോഗിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്കുള്ള പാർട്ടിപരിപാടികളും വിപ്ലവകാലത്ത് അംഗീ കരിക്കുകയുണ്ടായി.
മുതലാളിത്ത സാമ്രാജ്യത്വത്തിനെതിരെ നടക്കേണ്ടുന്ന വിപ്ലവത്തെപ്പറ്റി അക്കാലയളവിൽ ഇസ്ക്ര, പ്രവ്ദ, റബോചിയ, മിസ്ല എന്നീ പ്രസിദ്ധീകരണങ്ങളിൽ ലെനിൻ, പ്ലഖനോവ്, ട്രോട്സ്കി, ബുഗാറിന്റെ മാർട്ടോവ, റോസാ ലക്സംബർഗ്, കൗഡ്‌സ്‌കി, ബോൺസ്‌റ്റൈൻ, അക്വസ് പ്രോവ് എന്നിവർ നടത്തിയ ആശയസംവാദങ്ങൾ മാർക്‌സിസ്റ്റ്- ലെനിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതാണ്. പ്രയോഗവും സിദ്ധാന്തവും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിപ്ലവകാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനായി അത്തരം പഠനങ്ങൾ നമ്മെ തീർച്ചയായും സഹായിക്കും.
1905 മുതൽ 1907 വരെ നീണ്ടുനിന്ന ഒന്നാം റഷ്യൻ വിപ്ലവം അറിയപ്പെട്ടത് റഷ്യൻ വിപ്ലവത്തിന്റെ ഡ്രസ്സ് റിഹേഴ്സൽ എന്നാണ്. കുത്തക മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വളർച്ചയുടെ ആദ്യ നാളുകളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. അതുകൊണ്ടുതന്നെ ഏറ്റവും ചലനാത്മകമായ മാറ്റങ്ങൾ ഈ കാലഘട്ടത്തിലായിരുന്നു. തൊഴിലാളികൾ മാത്രമല്ല ഉൽപാദകരും കച്ചവടക്കാരും എല്ലാം ഉൽപാദനത്തിൽ നിന്നും സാമ്പത്തിക രംഗത്തുനിന്നും അന്യവൽക്കരിക്കപ്പെടുകയും കടുത്ത ചൂഷണത്തിന് വിധേയമാവുകയും ചെയ്തു. ഏറ്റവും ലാഭകരമായ വ്യവസായം എന്ന നിലയിൽ ആയുധ ഉത്പാദനവും കച്ചവടവും സാമ്രാജ്യത്വ രാജ്യങ്ങൾ തകൃതിയായി നടത്താൻ ആരംഭിച്ചു. 1914 മുതൽ 1918 വരെ നീണ്ടുനിന്ന ഒന്നാം ലോകമ ഹായുദ്ധത്തിൽ ഒരു കോടി മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. ഈ യുദ്ധകാലഘട്ടത്തിൽ രാജ്യത്തിന് പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു ലെനിൻ. സാമ്രാജ്യത്വത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സൂപ്രസിദ്ധമായ തിയറി അവതരിപ്പിക്കുന്നതാണ് 'സാമ്രാജ്യത്വ' മുതലാളിത്തത്തിൻ്റെ പരമോന്നത ഘട്ടം എന്ന കൃതി. ഇത് സൂറിച്ച് പത്രത്തിലാണ് പ്രസിദ്ധീകരിച്ചത്. 19-ാം നൂറ്റാണ്ടിൽ നിന്ന് 20-ാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ ലോകത്തിന്റെ മാറ്റത്തെ മാർക്‌സിസ്റ്റ് കാഴ്ചപ്പാടിലൂടെ വികസി പ്പിക്കുകയായിരുന്നു ലെനിൻ. എങ്ങനെയാണ് ഉൽപാദനവും ഉൽപാദന ബന്ധങ്ങളും സോഷ്യലിസത്തിന് കീഴിൽ വരേണ്ടതെന്ന് വരച്ചുകാട്ടുകയായിരുന്നു അദ്ദേഹം.

ഉത്പാദനത്തിൻ്റെയും ധനലാഭത്തിന്റെയും സമ്പത്തിനെയും കേന്ദ്രീകരണത്തെ പറ്റി സവിസ്തരം വെളിവാക്കുന്നതായിരുന്നു സാമ്രാജ്യത്വത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങൾ. സാമ്രാജ്യത്വ കാലത്തെ വൈരുദ്ധ്യങ്ങളെക്കുറിച്ച് അദ്ദേഹം ലോക തൊഴിലാളി വർഗ്ഗത്തിനും റഷ്യ യിലെ തൊഴിലാളിവർഗ്ഗത്തിനും മുന്നറിയിപ്പു നൽകി. ഒന്നാം ലോകമഹായുദ്ധത്തിൽ മനുഷ്യനാശവും കൊടിയ ദാരിദ്ര്യവും റഷ്യയെ കാർന്നുതിന്നുക യായിരുന്നു. 1917- ലെ റഷ്യൻ വിപ്ലവം ഒന്നാലോകമഹായുദ്ധത്തിന്റെ ഉത്പന്നമാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി അല്ല. റഷ്യൻ വിപ്ലവം അരങ്ങേറിയത് പഴയ റഷ്യൻ കലണ്ടർ പ്രകാരം ഏപ്രിലും ഒക്ടോബറിലുമാണ്. മാർച്ചിൽ തന്നെ സാറിസ്റ്റ് ഭരണം പിടിച്ചെടുത്തിരുന്നു. ആസ്ഥാനത്ത് ബൂർഷ്വാ ഗവൺമെന്റ് അവരോധിക്കപ്പെട്ടു. അതേസമയം റഷ്യയുടെ ഗ്രാമാന്തരങ്ങളിലും നഗരകേന്ദ്രങ്ങളിലും സോവിയറ്റുകൾ ഭരണമേറ്റെടുത്തു. യഥാർത്ഥത്തിൽ ഇവിടെ ദ്വന്ദ്വഭരണമായിയിരുന്നു നടന്നിരുന്നത്.
ഫലത്തിൽ റഷ്യയിൽ, എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചതും നയപരമായ തീരുമാനങ്ങൾ എടുക്കുക എന്നതും സോവിയറ്റുകൾക്കായിരുന്നു. ഈ കാലയളവിൽ രാജ്യത്തിന് പുറത്ത് ഒളിവിലായിരുന്ന ലെനിൻ ഏപ്രിലിൽ റഷ്യയിൽ തിരിച്ചെത്തി. ഈ കാലയളവിലാണ് ലെനിൻ വിഖ്യാതമായ "ഏപ്രിൽ തിസിസ്" എന്ന പുസ്തകം എഴുതുന്നത്. രക്തച്ചൊരിച്ചിലുകളിലൂടെയല്ലാതെ സമാധാനപരമായി സമ്പൂർണ്ണ അധികാര കൈമാറ്റമായിരിക്കണം നടക്കേണ്ടതെന്ന് അദ്ദേഹം സോവിയറ്റുകളോട് ആഹ്വാനം ചെയ്തു. സമാധാനപരമായ അധികാര കൈമാറ്റം എന്നതിൽ ലെനിനു നിർബന്ധമുണ്ടായിരുന്നു. ഇതിനായി മറ്റു പാർട്ടികളുമായി സന്ധി ചെയ്യാൻ അദ്ദേഹം തയ്യാറായി. മറ്റു പാർട്ടികളെല്ലാം പെറ്റി ബൂർഷ്വാ സ്വഭാവമുള്ളവയായിരുന്നു. ലോകത്താകമാനമുള്ള തൊഴിലാളികളും മർദ്ദിതരും കമ്മ്യൂണിസ്റ്റു ആശയങ്ങളും പേറി മുന്നേറ്റത്തിന് പിൽക്കാലത്ത് തയ്യാറായെങ്കിൽ, സോവിയറ്റ് യൂണിയനും അതിനു രൂപം നൽകിയ റഷ്യൻ തൊഴിലാളി വർഗ്ഗവും അവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയും കൈവരിച്ച നേട്ടങ്ങളിൽ നിന്നു തന്നെയാണെന്നതിൽ തർക്കമില്ല.
ആഗോളതലത്തിൽ ജനാധിപത്യവിരുദ്ധ ശക്തികൾക്കും ഫാഷിസത്തിനുമെതിരെ ഉജ്ജ്വല പോരാട്ടം തന്നെയാണ് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ശക്തികൾ നടത്തിയത്. ജനാധിപത്യമെന്നത് സാമൂഹിക- സാമ്പത്തിക രംഗങ്ങളിൽ ജനങ്ങൾക്ക് നൽകുന്ന തുല്യാവകാശമാണെന്ന മഹത്തായ സന്ദേശമാണ് റഷ്യൻ വിപ്ലവം ലോകത്തിനുമുമ്പിൽ സമർപ്പിച്ചത്. ലോകത്ത് പലയിടങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തിരിച്ചുവരവിന്റെ പാതയിലാണെന്നത് ഈ മുതലാളിത്ത കാലത്തും ആശാവഹമായ കാര്യമാണ്. റഷ്യൻ പാർലമെന്റിന്റെ അധോസഭയായ ഡ്യൂമയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് റഷ്യൻ ഫെഡറേഷൻ വലിയ മുന്നേറ്റമാണ് നടത്തിയത്.

തത്വചിന്തകർ ലോകത്തെ പലവിധത്തിൽ വ്യാഖ്യാനിച്ചിട്ടേയുള്ളൂ. നമുക്കാവശ്യം ഈ ലോകത്തെ മാറ്റുകയാണ്. ലോകത്തെ മാറ്റാൻ കഴിയുമെന്ന് റഷ്യൻ വിപ്ലവം തെളിയിച്ചിരിക്കുന്നു. കാലാനുസൃത മാറ്റങ്ങൾക്കിടയിൽ തിരിച്ചടി നേരിട്ടെ ങ്കിലും ഒക്ടോബർ വിപ്ലവവും അതിന്റെ സംഭാവനകളും ജനകീയ മുന്നേറ്റങ്ങൾക്ക് അടിത്തറ പാകുന്നത് തുടരുക തന്നെ ചെയ്യും.
